Koladhari

Abhinand Peruvannan
പയ്യന്നൂർ കവ്വായി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ഒറ്റക്കോലം (തീച്ചാമുണ്ടി) കെട്ടിയാടിയ അഭിനന്ദിന് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പുതുക്കളത്ത് ഇല്ലത്ത് ഉണ്ണി ഗണേശ് നമ്പൂതിരി ഉപചാരപൂർവ്വം പട്ടും, വളയും, പെരുവണ്ണാൻ സ്ഥാനം നൽകി ആദരിച്ചു. പയ്യന്നൂരിലെ പ്രശസ്ത തെയ്യം അനുഷ്ഠാനക്കാരനും, ഫോക് ലോർ അവാർഡ് ജേതാവുമായ രാമ പെരുവണ്ണാൻ്റെ പൗത്രനും, വിനു പെരുവണ്ണാൻ്റെ മകനുമാണ് അഭിനന്ദ് പെരുവണ്ണാൻ. ചെറിയ പ്രായത്തിൽ തന്നെ തെയ്യം അനുഷ്ഠാനമേഖലയിൽ ശ്രദ്ധേയനാണ് അഭിനന്ദ് തൻ്റെ അച്ഛൻ്റെയും, മുത്തച്ഛൻ്റെയും, കുടുംബത്തിൻ്റെയും പാരമ്പര്യം ഉൾകൊണ്ട് തെയ്യം അനുഷ്ഠാനത്തിൽ നിഷ്ഠയോടും, ചിട്ടയോടും സമർപ്പിച്ച ജീവിതമാണ് അഭിനന്ദിന് ചെറിയ പ്രായത്തിൽ ഈ വലിയ അംഗീകാരത്തിന് അർഹനാക്കിയത്.
കടപ്പാട്: പച്ച വെളിച്ചം

Amalchand Panikkar
Performed Ottakkolam at Thayineri Kurinji Kshetratham on last Kaliyattam giving Pattum Valayum and Panikkar Position at Mavicheri Mana on 2024 April 10.

Aneesh Kumar Muyyippoth
വടകര മുയ്യിപ്പോത്ത് സ്വദേശിയായ അനീഷ്, ചന്തുപണിക്കരുടെയും ലീലയുടെയും പുത്രൻ. തിറകളുടെ നാട്ടിൽ നിന്നും തെയ്യ ലോകത്തേക്ക് വന്ന വ്യക്തി. 15)൦ വയസ്സുമുതൽ ഇദ്ദേഹം തെയ്യകോലങ്ങൾ അണിഞ്ഞു തുടങ്ങി. മുയ്യിപ്പോത്ത് കുഞ്ഞികണ്ണ പണിക്കർ ആണ് ഗുരു സ്ഥാനീയൻ.
പതിനഞ്ചാം വയസ്സിൽ തെയ്യം കെട്ടി തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ 100ൽ പരം കാവുകളിലും ക്ഷേത്രങ്ങളിലുമായി തെയ്യം കെട്ടിയാടി. 40ൽ എത്തി നിൽകുന്ന ഇദ്ദേഹം 16ൽ പരം വ്യത്യസ്ത തെയ്യങ്ങൾ അനുഷ്ടാനപൂർവം നെഞ്ചിലെറ്റി തിരുമുറ്റത്ത് കെട്ടികൂട്ടുന്നു.
അള്ളട, കോലോത്ത് നാട്ടിലുള്ളത് പോലെയുള്ള ആചാര സ്ഥാനങ്ങൾ ആ നാട്ടിൽ പതിവ് ഇല്ലാത്തതിനാൽ, ആ ദേശത്ത് ജനിച്ചത് കൊണ്ട് ഇദേഹത്തിനു ആചാര സ്ഥാനങ്ങൾ അന്യം.
മാഹി, മനഗര, കുന്നുംമാടം, വടകര കുനിയിൽ, കോഴിക്കോട് വാഴവളപ്പിൽ, തലശ്ശേരി, പേരാംബ്ര എന്നിങ്ങനെയുള്ള സ്ഥലങ്ങളിൾ പ്രധാനമായും കോലങ്ങൾ അണിയുന്നു.
ഭദ്രകാളി ( ഭഗവതി ) ആണ് ഇദ്ദേഹത്തിൻറ്റെ പ്രധാന കോലം, കൂടാതെ ഗുളികൻ, കുട്ടിശാസ്തൻ, തീചാമുണ്ടി, ഘണ്ടാകർണ്ണൻ, വസൂരിമാല, കാരണവർ, കാളി, നാഗഭഗവതി, മലക്കാരി, വിഷ്ണുമൂർത്തി, മാരപുലി, കാരിയാത്തൻ, വേട്ടക്കൊരുമകൻ തുടങ്ങിയ തെയ്യക്കൊലങ്ങൾക്ക് ജീവൻ കൊടുത്തു തിരുമുറ്റത്തു പകർന്നാടുന്നു.
മേളപ്രമാണിയാണ് ഇദ്ദേഹം. ചെണ്ട, മദ്ദളം തുടങ്ങിയവയിൽ പ്രാഗത്ഭ്യം തെളിയിച്ച ഇദ്ദേഹം തായമ്പകയും മറ്റുമേളങ്ങളും കൃത്യമായും കൊട്ടിതീർക്കും. ഒരു മുൻകാല പത്രപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം.
തിറകളുടെ നാട്ടിൽ നിന്ന് തെയ്യത്തെ അനുഷ്ടാനപൂർവ്വം നെഞ്ചിലെറ്റിയ ഇദ്ദേഹത്തിനു ഇനിയും ഉയർച്ചകൾ ഉണ്ടാകാൻ ഈശ്വരനോട് വടക്കനും പ്രാർതിക്കുന്നു.
കടപ്പാട്: വടക്കന്റെ തെയ്യങ്ങൾ

Aneesh Peruvannan, Vengara
ഇദ്ദേഹത്തെ പറ്റി പറയുമ്പോൾ ആദ്യമേ ഒരു കാര്യം ഇവിടെ ചേർക്കാൻ വടക്കൻ ആഗ്രഹിക്കുന്നു, അതിനു കാരണം ഇദ്ദേഹത്തിൻറ്റെ തെയ്യശൈലി തന്നെയാണ്. പഴയ തലമുറയിലെ തെയ്യത്തെ അതിൻറ്റെ എല്ലാ വിധ സൗന്ദര്യത്തിലും, ഗാഭീര്യത്തിലും, അനുഷ്ഠാനത്തിലും, കർമ്മത്തിലും തെയ്യമെന്ന ദേവ ദേവതാ സങ്കൽപത്തെ അതിൻറ്റെ തനിമ ഒട്ടും ചോരാതെ തൻറ്റേതായ ശൈലിയിൽ നമുക്ക് മുന്നിൽ കളിയാട്ട തിരുമുറ്റങ്ങളിൽ ദേവനൃത്തം ചെയ്തു ഭക്തർക്ക് വാക്കുകൊണ്ടും കുറികൊടുത്തും അനുഗ്രഹിച്ചു അവരുടെ മനസ്സു കുളിർപ്പിച്ചു. മാതമംഗലം കുറ്റൂർ സ്വദേശിയായ കണ്ണൻ കുറ്റൂരാനും, വെങ്ങരയുള്ള ചേയ്യികുട്ടിയമ്മയ്ക്കും പിറന്ന പൊന്മകൻ. വേടൻ തെയ്യം കെട്ടി കുട്ടികാലത്തു തന്നെ തെയ്യാട്ടത്തിലേക്കു കാലെടുത്തു വെച്ച ഇദ്ദേഹം, പിന്നീട് തെയ്യലോകത്തു സ്വന്തമായി ഒരു സ്ഥാനം കെട്ടിപടുത്തു. ജീവിതത്തിന്റെ തുടക്കത്തിൽ ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തുകയും പിന്നീട് കാലം കരുതിവെച്ച, ഉത്തര മലബാറിൻറ്റെ തെയ്യമെന്ന മഹത്തായ സാംസ്കാരിക പാരമ്പര്യത്തിൻറ്റെ വളരെ വേണ്ടപ്പെട്ട കണ്ണിയായി മാറുകയും ചെയ്തു. വെങ്ങര ചേണിച്ചേരി പുതിയവീട്ടിൽ പാടാർ കുളങ്ങര വീരൻ തെയ്യം കഴിച്ചാണ് ഇദ്ദേഹം തന്റെ സജീവ തെയ്യ ജീവിതം തുടങ്ങുന്നത്. അനീഷ് പെരുവണ്ണാൻറ്റെ ആദ്യകാല ഗുരു സ്വന്തം പിതാവും, തിരുവപ്പന ഗുരുസ്ഥാനികൻ സ്വന്തം ആപ്പൻ നാരായണ പെരുവണ്ണാനുമാണ്. സജീവ തെയ്യത്തിൽ ഇറങ്ങിയതിനു ശേഷം നമുക്കെല്ലാവർക്കും ആദരണീയനായ ഗുരുനാഥൻ, അതിയടത്തോറ് എന്നു വിളിക്കുന്ന അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെ ( അപ്പിച്ചി പെരുവണ്ണാൻ ) ഗുരുവായി സ്വീകരിക്കുകയും, തെയ്യത്തെ കുറിച്ചു അഗാധമായ പഠനം നടത്തുകയും, ആ വിദ്യ യഥാവിധി അഭ്യസിക്കുകയും ചെയ്തു. അനീഷ് പെരുവണ്ണാൻ സ്വന്തം സമുദായത്തിലെ പ്രധാന തെയ്യങ്ങൾ ഒക്കെയും കെട്ടിയാടിയിട്ടുണ്ട്. പുതിയ ഭഗവതി, വീരൻ, വീരാളി, കക്കര ഭഗവതി, നരമ്പിൽ ഭഗവതി, തൊണ്ടച്ചൻ, കുടിവീരൻ, ഗുരുക്കൾ, മാമ്പള്ളി ഭഗവതി, വലിയതമ്പുരാട്ടികൾ, കണ്ടനാർ കേളൻ, അന്തിത്തിറ, തിരുവപ്പൻ, ശ്രീ മുത്തപ്പൻ വെള്ളാട്ടം കന്നിക്കൊരുമകൻ തുടങ്ങി നിരവധി തെയ്യങ്ങൾക്ക് അദ്ദേഹം സ്വയംബലിയായി. കൂടാതെ മലയർ കെട്ടുന്ന ഗുളികൻ, പെരിയാട്ട് ചാമുണ്ടി തുടങ്ങിയ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയാടി. വണ്ണാൻ സമുദായത്തിലെ പ്രധാന തെയ്യങ്ങളായ കണ്ണങ്കാട്ട് ഭഗവതി തിരുമുടി ഇദ്ദേഹം അണിഞ്ഞു കൂടാതെ മാടായി മുച്ചിലോട്ടുകാവിലും, വെങ്ങര മുച്ചിലോട്ടു കാവിലും, സർവ്വൈശ്വര്യ വരദായനിയായ അന്നപൂർണ്ണേശ്വരീ ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു. ആ സമുദായത്തിലെ പെൺകോലങ്ങളിൽ വെച്ചു ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയപ്പെടുന്ന കോലങ്ങൾ എല്ലാം അദ്ദേഹം കെട്ടികൂട്ടി. അതുപോലെ കുറ്റൂർ മൈലെഞ്ചേരി കാവിൽ വെച്ചു അദ്ദേഹം മൈലെഞ്ചേരി ഭഗവതിയുടെ കോലവും ധരിച്ചു. വയലപ്ര അണീക്കര, കതിവന്നൂർ വീരൻ തെയ്യം കെട്ടിയാണ് അദ്ദേഹത്തിന് പട്ടും വളയും കൊടുത്തു പെരുവണ്ണാൻ എന്ന ആചാരം കിട്ടിയത്. അതിനു ശേഷം അടുത്തില, ചിറയിൽ താറാവാട്ടില് വെച്ചു കണ്ടനാർ കേളൻ കെട്ടി, അടുത്തില കൂലോത്തിന്നും വീണ്ടും വള കൊടുത്തു ആദരിച്ചു. അനീഷ് പെരുവണ്ണാനെ കുറിച്ചു പറയുമ്പോൾ ഏറ്റവും ആദ്യം മനസ്സിലെത്തുക, അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മാങ്ങാട് മന്നപ്പനായ കതിവന്നൂർ വീരൻ എന്ന തെയ്യത്തെ കുറിച്ചാണ്. കതിവന്നൂർ വീരനെ എല്ലാ അർത്ഥത്തിലും അദ്ദേഹം ധന്യമാക്കി, ആ രൂപത്തെ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ അദ്ദേഹം മാങ്ങാട് മന്ദപ്പൻ ആയി മാറും, രൂപം കൊണ്ടും ഭാവം കൊണ്ടും കർമ്മം കൊണ്ടും വാക്കുകൊണ്ടും എല്ലാം. വെളുത്തു കുറിയ നായർ എന്നാണ് മന്ദപ്പനെ വിശേഷിപ്പിക്കുക, അതു അദ്ദേഹം കോലംകെട്ടിയാൽ കിറുകൃത്യം. തൻറ്റെ മുന്നിൽ വരുന്ന ഭക്തരെ മനസ്സിലാക്കി, അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന അദ്ദേഹത്തിന്റെ തെയ്യങ്ങൾ കാണാനും കേൾക്കാനും പ്രത്യേക സുഖം തന്നെയാണ്, വാക്കുകൾക്കും അപ്പുറം. തന്റെ വാച്ചാല് കൊണ്ടു ഭക്തരെ തൃപ്തിപ്പെടുത്തുന്ന, ആവശ്യമുള്ള കലാശങ്ങൾ ഒക്കെയും കൃത്യമായും അനുഷ്ഠിക്കുന്ന, ലക്ഷണങ്ങളും നിമിത്തങ്ങളും നോക്കി യോഗങ്ങളും വാക്കുകളും പറയുന്ന ഒരു കോലക്കാരൻ, തെയ്യത്തിലെ ഒരു മാതൃക തന്നെയാണ്.
Courtesy : Vadakkante Theyyangal

Ashokan Peruvannan Chooliyad
ഇടം തോളിൽ വീക്ക് ചെണ്ട തൂക്കി ഭഗവതി തോറ്റം കൊട്ടി പാടുന്ന കനലാടി.. അശോകൻ പെരുവണ്ണാൻ ചൂളിയാട്. വടക്കേ മലബാറിലെ തെയ്യക്കാരിൽ വ്യക്തിത്വം കൊണ്ടും പ്രകടനം കൊണ്ടും ഭക്തമനസ്സുകളിൽ ഇടം നേടിയ കനലാടി.. കണ്ണൂർ ചൂളിയാട് സ്വദേശിയായ ഇദ്ദേഹം അച്ഛനായ കുഞ്ഞിരാമ പെരുവണ്ണാന്റെ ശിക്ഷണത്തിലാണ് വിദ്യ അഭ്യസിച്ചു വന്നത്. തന്റെ ഇരുപതാം വയസ്സിൽ ഊരത്തൂർ വയൽതിറയിൽ വീരാളി ഭഗവതിയുടെ കോലം ധരിച്ചാണ് അരങ്ങിൽ എത്തുന്നത്. പിന്നീട് ഈ രംഗത്ത് ചുവടുറപ്പിച്ച അശോകൻ പെരുവണ്ണാൻ ഒട്ടനവധി കളിയാട്ടക്കാവുകളിൽ ദേവി ദേവന്മാരുടെ തിരുമുടി അണിഞ്ഞിട്ടുണ്ട്. പുതിയ ഭഗവതി, നരമ്പിൽ ഭഗവതി എന്നിങ്ങനെയുള്ള അഗ്നി ദേവതമാരുടെ കോലം ധരിക്കാനാണു ഇദ്ദേഹത്തിന് കൂടുതലായും താല്പര്യം. 53 വർഷങ്ങൾക്കു ശേഷം കാനാട് നല്ലാണിക്കൽ തറവാട്ടിൽ നല്ലാണിക്കൽ ഭഗവതി കോലം ധരിക്കാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.2017ൽ ചൂളിയാട് ചെപ്പനക്കോഴുമ്മൽ കോട്ടാഞ്ചേരി പുതിയഭഗവതി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടിയാടി ചേടിച്ചേരിയിടത്തിൽ വച്ച് ഇദ്ദേഹത്തെ പെരുവണ്ണാനായി ആചാരപ്പെടുത്തുകയുണ്ടായി. ആചാര അനുഷ്ടാന പൂർവ്വം തിരുമുടി അണിഞ്ഞു ഭക്ത മനസ്സുകളിൽ ഇടം നേടിയ ഈ കനലാടി ഉയർച്ചയുടെ പടവുകൾ കയറി ഇനിയും ഉന്നതിയിൽ എത്തട്ടെ കടപ്പാട് : തെയ്യം തിറയാട്ടം

Babu Karnnamoorthi
ചെറുപ്പത്തിൽ കുട്ടിതെയ്യങ്ങൾ കെട്ടി തെയ്യപ്രപഞ്ജതിലെക്കു കാലെടുത്തുവെച്ചു. 13 വയസ്സിൽ നീലേശ്വരം മൂലചെരി ഭഗവതി ക്ഷേത്രത്തിൽ പുതിയഭഗവതി കെട്ടിയാടി. 2004ൽ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ വെച്ച് 26 വയസ്സിൽ കച്ചും ചുരികയും അണിഞ്ഞു കർണ്ണമൂർത്തിയായി സ്ഥാനമേറ്റു. ഒളവറകടവ് മുതൽ ഉദയംകുന്ന് വരെയുള്ള നാട്ടിൽ തെയ്യം കെട്ടാനുള്ള അവകാശമാണ് കർണ്ണമൂർത്തി സ്ഥാനം. പീലികോട് താമസിക്കുന്ന ബാബു കർണ്ണമൂർത്തി നീലേശ്വരം മൂലപ്പള്ളിയിലെ കെ.വി. കുഞ്ഞികണ്ണൻറ്റെയും മാണികുഞ്ഞിയുടെയും മകനാണ്. പരേതനായ തെക്കുംകര കർണ്ണമൂർത്തിയാണ് അമ്മാവൻ. തൃക്കരിപൂർ പെരുംകളിയാട്ടത്തിനു ഇതവണ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിയുവാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനു തന്നെയാണ്. ആചാര അനുഷ്ടാനത്തിൽ ഊന്നി, തെയ്യത്തെ കെട്ടിയാടിക്കുനത്തിൽ അതീവ ശ്രദ്ധാലു തന്നെയാണ് ഇദ്ദേഹം.
Courtesy : Vadakkante Theyyangal

Babu Peruvannan
1972 നവംബർ11 ന് പയ്യന്നൂരിൽ കുണ്ടോറ രാമ പെരുവണാന്റെയും (പനയന്താർ) സരോജിനിയുടെ മകനായി ജനിച്ചു . 7 വയസ്സിൽ ആടിവേടൻ തെയ്യം കെട്ടി തുടക്കം കുറിച്ചു . പിന്നീട് പയ്യന്നൂർ വണ്ണാടിൽ മീത്തലെ വീട്ടിൽ വിഷ്ണു മൂർത്തി കെട്ടി മികവ് തെളിയിച്ചു . തന്റെ 12ാം വയസ്സിൽ മുത്തപ്പൻ കെട്ടിയാടി. 25 വയസ്സിൽ- കുന്നരു കൊയക്കീൽ തറ വാട്ടിൽ നിന്നും കണ്ടനാർ കേളൻ കെട്ടി പട്ടും വളയും വാങ്ങി പെരുവണാൻ ആചാരം സ്വീകരിച്ചു. 2002 ൽ പയ്യന്നൂർ പൂന്തുരത്തി മുച്ചിലോട്ടിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയുവാനുള്ള ഭാഗ്യം ലഭിച്ചു . കണ്ണങ്ങാട്ട് ഭഗവതി, വടക്കത്തി ഭഗവതി,കതിവനൂർ വീരൻ , ബാലി, പുതിയ ഭഗവതി,വൈരജാതൻ,പൂമാരുതൻ,മുത്തപ്പൻ , തിരുവപ്പൻ ,പുലിക്കണ്ഠൻ,പുലിയൂര് കാളി,പഴിച്ചി ഭഗവതി,കക്കറ ഭഗവതി , പടുവളത്ത് ഭഗവതി … അങ്ങനെ എണ്ണിയിൽ തീരാത്ത അത്രയും തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. (വണ്ണാൻ സമുദായത്തിലെ എല്ലാ തെയ്യവും) കൂടാതെ മലയ സമുദായത്തിൽ ഉള്ളവർ കെട്ടുന്ന മടയിൽ ചാമുണ്ഡി, വിഷ്ണു മൂർത്തി ,ഭൈരവൻ, ഒറ്റക്കോലം, ഗുളികൻ എന്നീ തെയ്യകോലവും ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട് കാരണം പയ്യന്നൂർ നാട്ടിൽ നാരങ്ങ തോട് വരെ മലയർക്ക് പ്രവേശനം ഇല്ല . മാവ്വിച്ചേരി മാത്രം കണ്ടുവരുന്ന തുളുവീരൻ ദൈവവും ഇദ്ദേഹം കെട്ടിയിട്ടുണ്ട് . ഇദ്ദേഹം ഏതു കോലധരിച്ചാലും മുഖത്ത് ആ തേജസ്സ് ഉണ്ടാകും

Balakrishnan Karnamoorthi
ചെറുകുന്ന് ഒതയമ്മാടം സ്വദേശിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ആടി വേടൻ കെട്ടി തുടങ്ങി, പിന്നീട് മാച്ചിത്തോൽ തറവാട്ടിൽ തന്റെ പതിനെട്ടാം വയസ്സിൽ കുടിവീരൻ തെയ്യം കെട്ടിയാണ് തലപ്പാളിയണിഞ്ഞത്. പിന്നീട് മാച്ചിത്തോൽ തന്നെ നിരവധി തവണ കണ്ടനാർ കേളൻ തെയ്യം കെട്ടി തെയ്യക്കാരനായി മാറി.
ഒതയമ്മാടം ശ്രീ വേട്ടക്കരുമകൻ ക്ഷേത്രത്തിൽ വേട്ടക്കരുമകൻ തെയ്യം കെട്ടുന്നതിനായി "പെരുവണ്ണാനായി " തന്റെ ഇരുപതാം വയസ്സിൽ പട്ടും വളയും വാങ്ങി ആചാരപ്പെട്ടു. 40 വർഷത്തിലധികമായി ഒതയമ്മാടം വേട്ടക്കരുമകൻ തെയ്യത്തിന്റെ തിരുമുടി അണിയുന്നത് ബാലകൃഷ്ണൻ കർണ്ണമൂർത്തിയാണ്.
രാമന്തളി താവരിയാട്ട് വേട്ടക്കരുമകൻ ക്ഷേത്രത്തിലേക്ക് "കർണ്ണ മൂർത്തിയായി " ആചാരപ്പെടുവാനുള്ള മഹാഭാഗ്യം സിദ്ധിച്ചത് ബാലകൃഷ്ണ പെരുവണ്ണാനാണ്.
ചിറക്കൽ കോവിലകത്ത് നിന്നും കച്ചും ചുരികയും നൽകി, കോലസ്വരൂപത്തിലെ ആദ്യത്തെ കർണ്ണമൂർത്തിയായി ഇദ്ദേഹത്തെ ആചാരപ്പെടുത്തി.
കീച്ചേരി ചിറക്കുറ്റി പുതിയഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 32 വർഷത്തിലധികമായി പുതിയ ഭഗവതി തെയ്യം ബാലകൃഷ്ണൻ കർണ്ണ മൂർത്തിയാണ് കെട്ടിയാടുന്നത് . മോറാഴ പാലക്കുന്ന് ധർമ്മ ദേവസ്ഥാനത്ത് കന്നിക്കൊരുമകൻ അദ്ദേഹം കെട്ടിയാടുന്ന മറ്റൊരു പ്രധാനപ്പെട്ട തെയ്യമാണ്.
പയ്യന്നൂർ വടശ്ശേരി പെരിങ്ങോട്ടില്ലത്തിൽ മാത്രം കെട്ടിയാടുന്ന ഹനുമാൻ തെയ്യം രൂപകല്പന ചെയ്ത് 11 വർഷമായി കെട്ടിയാടുന്നത് ബാലകൃഷ്ണൻ കർണ്ണ മൂർത്തിയാണ്.
തിരുവപ്പൻ,വയനാട്ടുകുലവൻ, ക്ഷേത്രപാലകൻ , വലിയ തമ്പുരാട്ടി, തോട്ടുംകര പോതി, കണ്ടനാർ കേളൻ, നരമ്പിൽ ഭഗവതി തുടങ്ങി സമുദായത്തിന് കല്പിച്ച് കിട്ടിയ തെയ്യങ്ങളിൽ മിക്ക തെയ്യങ്ങളുടെയും കോലധാരിയാകുവാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.
അണിയലനിർമ്മാണത്തിലും , മുഖത്തെഴുത്തിലും,തോറ്റംപാട്ടിലും തന്റെതായ ഒരു വ്യക്തിമുദ്ര ബാലകൃഷ്ണൻ കർണ്ണ മൂർത്തിയുടേതായിട്ടുണ്ട്. ഹാസ്യ തെയ്യങ്ങളായ പൊറാട്ട് തെയ്യങ്ങൾ കെട്ടി ഭക്തരെ ചിരിപ്പിക്കുന്നതിൽ പ്രത്യേകതരം കഴിവ് തന്നെയാണ് ബാലകൃഷ്ണൻ കർണ്ണ മൂർത്തിയുടേത്.
കർണ്ണമൂർത്തിയായ് ആചാരപ്പെട്ടതിനാൽ പൊറാട്ടു തെയ്യങ്ങൾ ഇനി ഇദ്ദേഹത്തിന് കെട്ടുവാൻ സാധിക്കില്ല. തെയ്യക്കാലത്ത് തെയ്യവും, അല്ലാത്തപ്പോൾ അണിയലങ്ങളുടെ നിർമ്മാണവുമായി മുഴുവൻ സമയവും തെയ്യങ്ങൾക്ക് ആയി ജീവിക്കുകയാണ് അദ്ദേഹം .
തെയ്യത്തിന്റെ എല്ലാ തലങ്ങളിലും കഴിവുതെളിയിച്ച ശ്രീ ബാലകൃഷ്ണൻ കർണ്ണ മൂർത്തിക്ക് അർഹതയ്ക്കുള്ള അംഗീകാരമായ് 2022 വർഷത്തെ ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചിരുന്നു..
ഇനിയും ഒട്ടനേകം വർഷങ്ങൾ അദ്ദേഹത്തിന് തെയ്യങ്ങൾ കെട്ടിയാടാൻ സാധിക്കട്ടെ എന്ന പ്രാർഥനയോടെ..
കടപ്പാട്: ©️Ranjith Chenichery

Chengal Kunhiraman
കണ്ണൻ – പാറു ദമ്പതികൾക്ക് ജനിച്ച പൊന്മകൻ, ചെറുപ്രായത്തിൽ മഹത്തായ തെയ്യ പാരമ്പര്യത്തിലേക്ക് കാലെടുത്തു വെച്ചു, ശ്രീ മുത്തപ്പൻ വെള്ളാട്ടമുൾപെടുന്ന മുഖ്യ തെയ്യ കോലങ്ങൾ അണിഞ്ഞു തുടങ്ങി. തന്റ്റെ 38 ആം വയസ്സിൽ, 1993ൽ കുണ്ടത്തിൽ കാവിൽ പുതിയ ഭഗവതി കോലം അണിഞ്ഞുകൊണ്ട്, അടുത്തില പടിഞ്ഞാറേ കൂലോത്ത് നിന്ന് പെരുവണ്ണാൻ സ്ഥാനികനായി ആചാരപെട്ടു. ഇപ്പോൾ ഈ അറുപതിലും അദ്ദേഹം വിവിധ തെയ്യകോലങ്ങൾ അണിഞ്ഞു തെയ്യലോകത്തു സജീവമായി നിലനിൽക്കുന്നു. ഒട്ടനവധി തെയ്യങ്ങൾക്ക് തൻമുഖശോഭ കൊടുത്ത അദ്ദേഹം അണിയാത്ത കോലങ്ങൾ വളരെ ചുരുക്കം, കതിവന്നൂർ വീരൻ, ഗുരുക്കൾ, കക്കര ഭഗവതി, പുതിയ ഭഗവതി, കണിയാൽ ഭഗവതി, നരമ്പിൽ ഭഗവതി, ആദിതീയൻ തൊണ്ടച്ചൻ ദൈവം, സോമേശ്വരി, തിരുവപ്പന, ശ്രീ മുത്തപ്പൻ വെള്ളാട്ടം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത തെയ്യങ്ങൾ. മാടായിക്കാവിലെ ഉപദേവതയുടെ കോലധാരി കൂടെയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറ്റെ പെൺകോലങ്ങൾ അതിഗംഭീരമാണ്, ശബ്ദം അതിമനോഹരവും സ്ഫുടവും, കതിവന്നൂർ വീരൻ തെയ്യത്തിനു ഒരു അഭിവാജ്യ ഘടകം തന്നെയാണ് ഇദ്ദേഹം. തോറ്റം ചൊല്ലൽ, മുഖതെഴുത്ത്, അണിയല നിർമാണം, തിരുമുടികൾ, മുൻപുസ്ഥാനം, പുതിയ തെയ്യകാരെ വാർത്തെടുക്കുനത്തിൽ എന്നിങ്ങനെ തെയ്യവുമായി ബന്ധപെട്ട് എല്ലാം മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിത്വം, വളരെ വിശിഷ്ടമായ സ്വഭാവതിനുടമ. കുഞ്ഞിരാമ പെരുവണ്ണാനെ പറ്റിയുള്ള വിശേഷണങ്ങൾ അനവധി. അണിയറയിൽ ഇദ്ദേഹത്തിൻറ്റെ സാന്നിധ്യം ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു ആശ്വാസമാണ്, എന്തെന്നാൽ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഒരു വിശേഷ സ്വഭാവം ഇദ്ദേഹത്തിനു ഉണ്ട്, അതൊക്കെ കൊണ്ട് തന്നെയാണ് ഇദ്ദേഹത്തെ ചെങ്ങൾ പെരുവണ്ണാൻ എന്ന് വിളിക്കപെടുന്നതും. ഇന്ന് തെയ്യം എന്ന അനുഷ്ടാനത്തെ, തനിമ ചോരാതെ പുതുതലമുറയിലേക്ക് പകർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. പുതുതലമുറയിൽപെട്ട കോലക്കാർക്ക് എന്നും ഒരു മാർഗ ദർശിയാണ് ഇദ്ദേഹം… ഇതിനൊക്കെ പുറമേ ഒരു വിശിഷ്ടനായ നാട്ടുവൈദ്യൻ കൂടെയാണ് ഇദ്ദേഹം.
Courtesy : Vadakkante Theyyangal

Gangadharan Kolathur
കൊളത്തൂർ സ്വദേശി. വണ്ണാൻ സമുദായാംഗം. കെട്ടിയാടിയ കോലങ്ങളില്ലെങ്കിലും കെട്ടിയിറക്കാത്ത കോലങ്ങൾ നന്നേ ചുരുക്കം. ശാരീരിക അവശതകളാൽ കെട്ടിയാട്ട രംഗത്തു സജീവമല്ലെങ്കിലും ഒരു കെട്ടിയാട്ടക്കാരനെന്നതിലുപരി പ്രാധാന്യം അർഹിക്കുന്ന വ്യക്തിത്വം ശ്രീ കൊളത്തൂർ ഗംഗാധരൻ എന്ന ഗംഗേട്ടൻ.
കൊളത്തൂർ ഒതേന പെരുവണ്ണാന്റെയും കല്യാണിയമ്മയുടേയും മകൻ.
ഏറ്റവും മികച്ച ഒരു അണിയറ സഹായി ആണു ശ്രീ ഗംഗാധരൻ കൊളത്തൂർ.
അണിയലങ്ങൾ നിർമ്മിക്കുന്നതിൽ അതീവ സാമർത്ഥ്യം ഉള്ള വ്യക്തിയാണിദ്ദേഹം.
കൂടാതെ തികഞ്ഞ ഒരു മുഖത്തെഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്.
ഒട്ടു മിക്ക തെയ്യക്കോലങ്ങളുടേയും തിരുമുഖത്തൊപ്പിക്കുന്നതി ൽ അസാമാന്യ പാടവം ഉള്ള ശ്രീ ഗംഗാധരൻ,തോറ്റം ചൊല്ലുന്നതിലും കേമനാണ്.
ഒട്ടു മിക്ക തോറ്റങ്ങളും ഹൃദിസ്ഥം.
പുതിയ ഭഗവതിയുടെ തിരുമുടിയായ "എഴ്പത്തിയ മുടി" തീർക്കുന്നതിൽ വിദഗ്ധൻ.
ഇതിനൊക്കെ പുറമേ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവാണു തീക്കോലങ്ങളുടെ അരയൊട തുന്നൽ.
കണക്കെടുത്തു നോക്കുകയാണെങ്കിൽ ഒരു പക്ഷേ ഇദ്ദേഹം ആയിരിക്കും കെട്ടിയാട്ടക്കാലങ്ങളിൽ ഏറ്റവും കൂടുതൽ അരയൊട തുന്നിയിട്ടുണ്ടാവുക.
വേഗതയും ഭാഷയും ആണ് അരയൊട തുന്നുന്ന മറ്റു പലരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
രണ്ട് തട്ടുകളായി അരയൊട തുന്നുന്നതും ഇദ്ദേഹത്തിന്റെ മാത്രം രീതിയാണ്.
മക്കളായ അഖിൽ, അക്ഷയ് എന്നിവർ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കെട്ടിയാട്ട രംഗത്തേക്കിറങ്ങിയിട്ടുണ്ട്.
കളിയാട്ട കാലം ആയാൽ മിക്ക അണിയറകളിലും ഇദ്ദേഹത്തെ കാണാൻ പറ്റാവുന്നതാണ്, മിക്കവാറും ശ്രീ ദാസൻ മാങ്ങാടന്റെ അണിയറയിലെ സജീവ സാന്നിധ്യം. ഏറ്റവും കൂടുതൽ അരയൊട തീർത്തതും ഒരു പക്ഷേ ശ്രീ ദാസൻ മാങ്ങാടൻ കോലധാരിയായ തീക്കോലങ്ങൾക്കു വേണ്ടിയായിരിക്കും.
പ്രശസ്ത തെയ്യം കനലാടി ശ്രീ പ്രേമരാജൻ കൊളത്തൂർ ഇദ്ദേഹത്തിന്റെ സഹോദരൻ ആണ്.
ഇനിയും ഒട്ടനവധി ദൈവക്കോലങ്ങൾ ഇദ്ദേഹത്തിന്റെ കയ്യാൽ ചമഞ്ഞൊരുങ്ങി ദേവ സന്നിദ്ധിയിൽ തിരുനൃത്തം ചവിട്ടട്ടെ എന്ന പ്രാർത്ഥനയോടെ ..
കടപ്പാട്: ©️ശ്രീക്രിയ

Haridasan Panikkar
കണ്ണൂർ അരോളി സ്വദേശിയായ ഇദ്ദേഹം, അരോളി നമ്പി പണിക്കരുടെയും കുറ്റ്യേരി അമ്മാളുവിൻറ്റെയും മകനാണ്. ഇപ്പോൾ 48 വയസ്സിൽ തെയ്യം കെട്ടുന്ന ഇദ്ദേഹം 5ആം വയസ്സിൽ വേടൻ കെട്ടി തെയ്യജീവിതം തുടങ്ങി. പിന്നീട് പിതാവിൻറ്റെ ശിഷ്യണത്തിൽ തെയ്യപഠനം തുടങ്ങി. തന്റ്റെ 20 ആം വയസ്സിൽ അരോളി കൊഴക്കാട്ട് തറവാട്ടിൽ പറവ ചാമുണ്ടി കെട്ടി ഔദ്യോഗികമായി തെയ്യ ജീവിതം ആരംഭിച്ചു. പിന്നീട് 23 വയസ്സിൽ ഇന്തോട് വയലിൽ ഒറ്റക്കോലം കെട്ടി, കരുമാരഇല്ലത്ത് നിന്ന് ആചാരം വാങ്ങി, അതിനുശേഷം 46 വയസ്സിൽ ഒറ്റക്കോലം കെട്ടി അരോളി ചിറ്റോത്തിടത് വെച്ച് വീണ്ടും ആചാരം വാങ്ങി. അന്ന് തന്നെ അനുജൻ ശിവദാസൻ പണിക്കർ അഗ്നികണ്ടാകർണ്ണൻ കെട്ടി ചിറ്റോത്തിടത് വെച്ച് ആചാരം വാങ്ങി. തന്റ്റെ സമുദായത്തിലെ പ്രധാനപെട്ട തെയ്യകോലങ്ങൾ ഒക്കെയും അദ്ദേഹം കെട്ടിയാടി. ഒറ്റക്കോലം, വിഷ്ണുമൂർത്തി, അഗ്നികണ്ടാകർണ്ണൻ, ഗുളികൻ, പൊട്ടൻ ദൈവം, രക്തചാമുണ്ടി, മൂവാളംകുഴി ചാമുണ്ടി, കരിംകുട്ടി ശാസ്തപ്പൻ, പൂകുട്ടി ശാസ്തപ്പൻ, ഭൈരവൻ, ചിറക്കൽ തമ്പുരാൻറ്റെ മുന്നിൽ പൊന്ന്യതറയിൽ പടവീരൻ എന്നിങ്ങനെയുള്ള വിവിധ തെയ്യക്കൊലങ്ങൾ ഇദ്ദേഹം കെട്ടിയാടി. തെക്കൻ ഗുളികൻ തെയ്യം ഇദ്ദേഹത്തെ പോലെ കെട്ടിപോറ്റാൻ പറ്റുന്ന വേറെ അധികം ആളുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. അത്രയ്ക്കും മനോഹരമായ ചുവടുകളും കർമ്മങ്ങളും കൊണ്ട് സമ്പന്നമാണ് ഇദ്ദേഹതിന്റ്റെ കോലങ്ങൾ. Courtesy : Vadakkante Theyyangal

Keezhara Rama Peruvannan
കീഴറ രാമപ്പെരുവണ്ണാൻ
അച്ഛൻ കൊട്ടൻ, അമ്മ പൈതൽ. കീഴറ LP സ്കൂൾ പഠനം. 5ാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നു.
5 വയസിൽ ആദ്യമായ് ആടിവേടൻ കെട്ടി തുടങ്ങി. പിന്നീട് 12ാം വയസിൽ കീഴറ കൂലോത്ത് ധർമ്മ ദൈവം കെട്ടി ആദ്യമായി തിരുമുറ്റത്ത് തലപ്പാളി അണിഞ്ഞു.
കീഴറ കാവിൽ പുതിയ ഭഗവതി കെട്ടി ചെറുകുന്ന് അമ്പലത്തിൽ വച്ച് ചിറക്കൽ തമ്പുരാൻ പട്ടും വളയും നൽകി 18 വയസിൽ ആചാരപ്പെട്ടു.
സമുദായത്തിന് കൽപ്പിച്ചു നൽകിയ ജന്മാവകാശത്തിലുള്ള ഒട്ടുമിക്ക തെയ്യങ്ങളും കെട്ടിയാടാനുള്ള ഭാഗ്യം രാമപ്പെരുവണ്ണാന് ലഭിച്ചു.
പെരുമ്പുഴയച്ഛൻ , മാമ്പള്ളി ഭഗവതി, മരക്കലത്തിലമ്മ വയനാട്ടുകുലവൻ, മഞ്ഞാളമ്മ, ദൈവ ചേകോൻ , പുതിയ ഭഗവതി, വേട്ടക്കരുമകൻ, പുലിയൂർ കണ്ണൻ, തുടങ്ങിയവ അതിൽ ചിലതാണ് .
അദ്ദേഹത്തിൻ്റെ കപ്പോത്ത്കാവിലെയും മുട്ടിൽ കാവിലെയും മരക്കലത്തമ്മയുടെ ഇളംങ്കോലം വളരെ പ്രശസ്തമാണ്. ആകാലത്ത് രാമപ്പെരുവണ്ണാൻ്റെ ഇളങ്കോലം കാണാൻ വേണ്ടി മാത്രം ആളുകൾ തടിച്ചു കൂടാറുണ്ട്.
ജന്മത്തിന് പുറത്ത് പോയി സ്വന്തം ഇഷ്ടപ്രകാരം തെയ്യം കെട്ടാൻ പറ്റാത്ത കാലമായിരുന്നു. അതുകൊണ്ട് തന്നെ ജന്മാവകാശത്തിലുള്ള ദൈവകോലങ്ങളെ മാത്രമെ കെട്ടിയാടാൻ കഴിഞ്ഞിരുന്നുള്ളൂ.
രാമപ്പെരുവണ്ണാൻ്റെ ജന്മാവകാശമായ കീഴറ പിന്നെ അടുത്ത പ്രദേശങ്ങളായ ചേര, വെള്ളിക്കീൽ, പാന്തോട്ടം, ചെറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ വയനാട്ടുകുലവനും, കണ്ടനാർ കേളനുമായി നിരവധി ദേവസ്ഥാനങ്ങൾ ഉണ്ട്. അക്കാലത്ത് കണ്ടനാർ കേളൻ്റെ കോലം കെട്ടി ആടുന്നത് രാമപ്പെരുവണ്ണാനാണ് .
500 ൽ അധികം കേളൻ കെട്ടിയാടിയ കനലാടിയാണ് രാമൻപ്പെരുവണ്ണാൻ.ഇദ്ദേഹത്തിന്റെ കണ്ടനാർ കേളൻ തെയ്യം വളരെ പ്രസിദ്ധി ആർജിച്ചതാണ്
മുത്തപ്പനെ ഉപാസിക്കുന്ന കുഞ്ഞിരാമപ്പെരുവണ്ണാന് മുത്തപ്പൻ വെള്ളാട്ടം എത്ര കെട്ടി എന്നത് ഓർത്ത് പറയാൻ കഴിയില്ല. അത്രയേറെ മുത്തപ്പൻ്റെ കൊടുമുടിശിരസിലണിഞ്ഞ കനലാടിയാണ് .
തോറ്റംപാട്ടിലും, അണിയലനിർമ്മാണത്തിലും, മുഖത്തെഴുത്തിലും അഗ്രഗണ്യനാണ് കീഴറ കുഞ്ഞിരാമപ്പെരുവണ്ണാൻ.
കുറച്ചു വർഷങ്ങളായി പ്രായധിക്യത്താൽ തെയ്യത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. 85ാം വയസ്സിലും തെയ്യസ്ഥാനങ്ങളിലുള്ള അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം പുതിയ തലമുറയിലെ കനലാടിമാർക്ക് ഊർജ്ജം നൽകുന്നതാണ്.
ഭാര്യ യശോദ രണ്ട് മക്കൾ രമേശൻ, രമ .
തെയ്യം എന്ന അനുഷ്ടാന കലയിലെ എല്ലാ മേഖലയിലും കഴിവുതെളിയിച്ച കനലാടിയായ രാമപ്പെരുവണ്ണാൻ രൂപത്തിൽ ചെറുതായ ആ വലിയ മനുഷ്യൻ തലപ്പാളിയണിഞ്ഞ് തിരമുറ്റത്ത് കോലസ്വരൂപത്തിലെ തായയായും, ഇളങ്കോലമായി സന്ധ്യാനേരത്ത് ക്ഷേത്രമുറ്റത്ത് നടനവിസ്മയം തീർത്തും. പൂക്കുട്ടി മുടിയും, ഇരു മാറിലും വരച്ചു ചേർത്ത കാളിയെന്നും കരാളിയെന്നും പേരായ രണ്ടു നാഗങ്ങളുമായി ഓലച്ചൂട്ടിൻ്റെ തീകൂമ്പാരത്തിലൂടെ നടന്നും ഓടിയും, തീകൂമ്പാരത്തെ ഭയക്കാതെ അലറി വിളിച്ച് ഉറഞ്ഞാടി എത്രയോ കാവുകളിൽ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.
അദ്ദേഹത്തിൻ്റെ കഴിവിൻ്റെ അംഗീകാരമായി ഫോക് ലോർ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
കടപ്പാട്: ©️Ranjith Chenichery

Kunhirama Peruvannan Mazhur
പ്രശസ്ത തെയ്യം കലാകാരൻ കണ്ണ പെരുവണ്ണാന്റെയും പൈതലമ്മയുടെയും മകനായ് ജനനം. ആടിവേടൻ കെട്ടിയായിരുന്നു തുടക്കം.. പിന്നീടങ്ങോട്ട് വീരൻ തുടങ്ങിയ കോലങ്ങൾ കെട്ടി തെയ്യാനുഷ്ടാന രംഗത്ത് സജീവമായി.മഴൂർ വയൽത്തിറയിൽ പുതിയ ഭഗവതി കെട്ടി പെരുവണ്ണാനായ് ആചാരപ്പെട്ടു.. തുടർന്നങ്ങോട്ട് പയറ്റ്യാൽ ഭഗവതി, കൈതക്കീൽ ഭഗവതി, ഇളംകോലം, ക്ഷേത്രപാലകൻ, ആര്യപൂങ്കന്നി, ഉള്ളാട്ടിൽ ഭഗവതി, നെല്ലിയോട്ട് ഭഗവതി, വയനാട്ട് കുലവൻ, ബാലി, കതിവന്നൂർ വീരൻ, മുത്തപ്പൻ തുടങ്ങി നിരവധി കോലങ്ങൾ കെട്ടിയാടി.. 4 പയറ്റ്യാൽ ക്ഷേത്രങ്ങളിലായി 32 തവണ പയറ്റ്യാൽ ഭഗവതി കെട്ടിയാടാനുള്ള മഹാഭാഗ്യം ഇദ്ധേഹത്തിനു ലഭിച്ചു.. 63ാം വയസ്സിലും ഇദ്ധേഹം പയറ്റ്യാൽ ഭഗവതി കെട്ടി ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു.. വെള്ളാവ് കൈതക്കീൽ ഭഗവതിയെ 19 തവണ കെട്ടിയാടാനും പൂന്തോട്ടം ഇല്ലത്തും കാത്തിരങ്ങാട് ക്ഷേത്രത്തിലും തെയ്യം കെട്ടാനുമുള്ള ദൈവാനുഗ്രഹവും ഇദ്ധേഹത്തിനു ലഭിച്ചു.. തോറ്റം പാട്ട്, മുഖത്തെഴുത്ത്, അണിയ നിർമ്മാണം തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇദ്ധേഹത്തിനായി. ഇദ്ധേഹത്തിന്റെ മകൻ സിജേഷ് പെരുവണ്ണാനും അച്ഛന്റെ പാത പിന്തുടരുന്നു..അര്പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടിയാടുകയും അറിവുകള് മറ്റുള്ളവര്ക്ക് പകര്ന്നുകൊടുക്കുകയും ചെയ്യുന്ന കുഞ്ഞിരാമ പെരുവണ്ണാന് ടി.ടി.കെ ദേവസ്വത്തിന്റെയും മലയാള മനോരമയുടെതടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.. പുതുതലമുറക്ക് വെളിച്ചം പകർന്നു കൊണ്ട് കാവുകളിലെ നിറദീപമായ് മാറാൻ ഇദ്ധേഹത്തിനിനിയും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ..
Credit : Swathi dinesh & Varavili Facebook page

Lakshmanan Peruvannan
തന്റെ പതിമൂന്നാം വയസ്സിൽ തെയ്യം കേട്ടിലേക്കു കടന്നു വന്ന വ്യക്തി. മാതൃ ഭാവമുള്ള കോലങ്ങൾ കെട്ടിയാടുന്നതിൽ പ്രവീണൻ. കെട്ടിയടാത്ത തെയ്യക്കോലങ്ങൾ അപൂർവ്വം… കടാങ്കോട്ട് മാക്കം, പുതിയ ഭഗവതി, തോട്ടിങ്കര ഭഗവതി എന്നിങ്ങനെ അനേകം തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്…. അനുഷ്ടാനങ്ങൾ പിഴക്കരുത് എന്ന കർക്കശ നിലപാടുകാരൻ.. ഈ നിലപാട് അദ്ധേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു…നല്ല ഒരു കളരി അഭ്യാസി കൂടി ആയ ശ്രീ ലക്ഷ്മണൻ പെരുവണ്ണാൻ വടകര തച്ചോളി മാണിക്കോത് തറവാട്ടിലെ തച്ചോളി ഒതേനൻ തെയ്യവും കെട്ടിയാടാറുണ്ട്.. ഒരേ ക്ഷേത്രത്തില് തന്നെ അമ്പത്തിയൊന്നു തവണ തോട്ടുംകരഭഗവതിയമ്മയുടെ തിരുമുടി അണിയാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനു കൈ വന്നിട്ടുണ്ട്……
Courtesy : Vadakkante Theyyangal

Lineesh Thaliyil Peruvannan
കണ്ണൂർ ജില്ലയിലെ മാങ്ങാട് തളിയിൽ സ്വദേശി ആയ ഇദ്ദേഹം കെ. സി പ്രേമന്റെയും കെ. സി ദേവിയുടെയും മകനാണ്.
ഒട്ടുമിക്ക തെയ്യം കോലധാരികളെയും പോലെ ആറാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം പതിമൂന്നാം വയസ്സിൽ വീരൻ തെയ്യം കെട്ടി തെയ്യം മേഖലയിൽ സജീവമായി.
ആന്തൂർ പുതിയഭഗവതി ക്ഷേത്രത്തിൽ പുതിയഭഗവതി കെട്ടിയാടിയ ഇദ്ദേഹം കോടല്ലൂർ തമ്പുരാനിൽ നിന്ന് 2016- ൽ പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചാരപ്പെട്ടു.
പുതിയ ഭഗവതിക്ക് പുറമെ, വീരൻ, വീരാളി, ഭദ്രകാളി, ഇളംകോലം, തായ്പരദേവത, വയനാട്ട് കുലവൻ, കണ്ടനാർ കേളൻ, കതിവനൂർ വീരൻ, കുടിവീരൻ, മുത്തപ്പൻ വെള്ളാട്ടം, പുലികണ്ടൻ, പുലിയൂർ കണ്ണൻ, പുലിമാരൻ, കാളപ്പുലി, കരിന്തിരി നായർ, ചോന്നമ്മ ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, പുള്ളിക്കരിങ്കാളി, പുലിയൂർ കാളി, ധൂളിയാങ്കാവ് ഭഗവതി, മാഞ്ഞാളമ്മ, തലച്ചിലോൻ ദൈവം, കരിവേടൻ, ധർമ ദൈവം, ചീരു, നാഗകന്നി, കണ്ണങ്ങാട്ട് ഭഗവതി, നെടുബാലിയൻ ദൈവം എന്നിങ്ങനെ ഉള്ള ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
2024 -ൽ എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഇദ്ദേഹത്തെ തളിയിൽ പെരുവണ്ണാൻ ആയി ആചരിക്കുകയും ഉണ്ടായി.
ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന പ്രാർഥനയോടെ...
കടപ്പാട്: രാവണൻ

Mineesh Peruvannan
തെയ്യം കോലധാരിയായിരുന്ന സി. വി ഒതേനന്റെയും പി. പി ദേവിയുടെയും മകനായ ഇദ്ദേഹത്തിന്റെ ജന്മദേശം തളിപ്പറമ്പ് കുപ്പത്തിന് അടുത്തുള്ള മംഗലശ്ശേരി ആണ്.
ഭാര്യ : നിഷ
സഹോദരൻ മിമീഷ് തെയ്യം കോലധാരി ആണ്.
ഭൂരിഭാഗം കോലധാരികളെയുംപോലെ ആടിവേടൻ കെട്ടിയാണ് അരങ്ങേറ്റം, വീരൻ ദൈവം കെട്ടിയാടി തെയ്യാട്ടത്തിൽ സജീവമായി.
ജന്മദേശമായ മംഗലശ്ശേരി കുറ്റിക്കോൽ തറവാട് തൊണ്ടച്ഛൻ ദേവസ്ഥാനത്ത് 5 വർഷം കണ്ടനാർ കേളൻ ദൈവത്തിന്റെ കോലം ധരിച്ച് ആറാമത്തെ വർഷം ശ്രീ രാജരാജേശ്വര കൊട്ടുംപുറത്ത് നിന്ന് പട്ടും വളയും വാങ്ങി പെരുവണ്ണാൻ ആയി ആചരിക്കപ്പെട്ടു.
നിലവിലെ സജീവ കണ്ടനാർ കേളൻ കോലധാരി ആയ ഇദ്ദേഹം, വയനാട്ടുകുലവൻ, പുതിയ ഭഗവതി, വീരാളി, നരമ്പിൽ ഭഗവതി, ധൂളിയാങ്കാവ് ഭഗവതി, പുള്ളികരിങ്കാളി, പുലിയൂർ കാളി, പുലികണ്ടൻ, പുലിയൂർ കണ്ണൻ, തോട്ടുംകര ഭഗവതി, ഇളംകോലം, തായ്പരദേവത, കുടിവീരൻ, കരിന്തിരി നായർ, മുത്തപ്പൻ വെള്ളാട്ടം, കരിവേടൻ, തലച്ചിലോൻ ദൈവം, മാണിക്കപ്പോതി, ഗുരിക്കൾ തെയ്യം തുടങ്ങി ഒട്ടുമിക്ക കോലങ്ങളും ഈ കാലത്തിനിടയിൽ കെട്ടിയാടിയിട്ടുണ്ട്.
ഇനിയും അനവധി വർഷങ്ങൾ ഇദ്ദേഹത്തിന് ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കടപ്പാട്: രാവണൻ

Muthukuda Lakshmanan
മുതുകുട ഭരണൂൽ ഭഗവതി ക്ഷേത്രത്തിലെ ചോരക്കട്ടിയമ്മ യുടെ കോലാധാരി പ്രശസ്ത തെയ്യം കനലാടി ശ്രീ. ലക്ഷ്മണൻ ഗുരുക്കൾ .
വ്യത്യസ്തങ്ങളായ നിരവധി തെയ്യങ്ങളുടെ കോലാധാരിയാണ് ലക്ഷ്മണൻ ഗുരുക്കൾ . അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത് ഞാൻ ഇത്രയും നാൾ കണ്ടതു മാത്രമല്ല നമ്മുടെ നാട്ടിലെ തെയ്യങ്ങളെന്ന് . ശ്രീ ആർ.സി കരിപ്പത്ത് മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ "തെയ്യങ്ങളുടെ പ്രപഞ്ചം " തന്നെയാണ്.
ലക്ഷ്മണൻ ഗുരുക്കൾ തന്റെ പതിനഞ്ചാം വയസ്സിൽ തന്റെ വീടിനടുത്ത ഭരണൂൽ ഭഗവതി ക്ഷേത്രത്തിൽ "കാൽപ്പെരുമാറ്റ് " വഴിയാണ് ആദ്യമായി തലപ്പാളി അണിയുന്നത്. അച്ഛനാണ് ഗുരുവെങ്കിലും, ഗുരുസ്ഥാനത്ത് കുഞ്ഞിരാമൻ ഗുരുക്കൾ .
തന്റെ സമുദായത്തിന് കല്പിച്ചു കിട്ടിയ അനവധി നിരവധി വൈവിധ്യങ്ങളായ തെയ്യങ്ങളെ ചിട്ടപ്പെടുത്തി വിവിധ ക്ഷേത്രത്തിൽ ഭക്തർക്കായി ഉറഞ്ഞാടുവാൻ സാധിച്ചു.
അദ്ദേഹം കെട്ടിയാടിയ തെയ്യങ്ങളിൽ പ്രധാനപ്പെട്ട കോലങ്ങൾ:
മുത്ത ഭഗവതി (പട്ടുവം പടിഞ്ഞാറെ ചാൽ) , മുതുകുട മണി മുട്ടി ( വൈത്തിറ ). പുലിമറഞ്ഞ തൊണ്ടച്ചൻ , മരുതിയോടൻ തൊണ്ടച്ചൻ, പൊല്ലാരൻ ദൈവം, ഐപ്പള്ളി ദൈവം, വെള്ളു ഗുരിക്കൾ, ചോര കളത്തിൽ പൊടിച്ച ഗുരുനാഥൻ, പടയിൽ വീണ തൊണ്ടച്ചൻ , പീഠം മുകളേറിയ തൊണ്ടച്ചൻ , മാടായി ഗുരിക്കൾ, നമ്പോലൻ തെയ്യം, കൊടക്കൽ ഗുരുനാഥൻ , മാടായിടം ദൈവം, അഴീക്കോട് ഗുരുനാഥൻ, മന്ത്രമൂർത്തികൾ, മല ചാമുണ്ഡി, ചോര കട്ടിയമ്മ, കാളി.....
ലക്ഷ്മണൻ ഗുരുക്കൾ നിരവധി കോലങ്ങൾ പകർന്നാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട തെയ്യം ചോരക്കട്ടി അമ്മ തന്നെയാണ്. രണ്ടോ മൂന്നോ ദേവസ്ഥാനങ്ങളിൽ മാത്രമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ചോരക്കട്ടി ഭഗവതിയെ അതിന്റെ യഥാർത്ഥ ഭാവത്തിലും രൂപത്തിലും തിരുമുറ്റത്ത് ഉറഞ്ഞാടാൻ ലക്ഷ്മണൻ ഗുരുക്കൾക്ക് സാധിക്കുന്നു. ചുകപ്പ് പുതച്ച് മുഖത്ത് ചുകപ്പ് തേച്ച് കൈയ്യിൽ ആയുധവുമായി ആലസ്യത്തിൽ അലറി വിളിച്ച് നട്ടുച്ച നേരത്ത് വയലിലൂടെ ചോരക്കട്ടിയമ്മയുടെ കുളിച്ച് വരവും തുടിയുടെ താളത്തിൽ കോഴിയുടെ കഴുത്ത് പറിച്ചെറിഞ്ഞ് ചോരകുടിച്ചും . കത്തുന്ന തിരിയിലെ അഗ്നി വിഴുങ്ങിയും അലറി വിളിച്ച് ഉറഞ്ഞാടുന്ന ചോരക്കട്ടിയമ്മയുടെ രൂപം ഭക്തരിൽ ഭയവും ഭക്തിയും കുറച്ചൊന്നുമല്ല ഉണ്ടാക്കുന്നത്.
തോറ്റംപാട്ടിലൂടെ യാണ് തെയ്യാട്ടത്തിൽ ലക്ഷ്മണൻ ഗുരുക്കൾ സജീവമായത്. തോറ്റംപാട്ടുകൾ എല്ലാം ഹൃദ്യസ്തമാണ് ലക്ഷ്മണൻ ഗുരിക്കൾക്ക്. തുടിയുടെ താളത്തിൽ തോറ്റത്തിന് ഏറെ പ്രാധാന്യമുള്ള പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യത്തിലെ മാടായികാരി ഗുരുക്കളുടെ കഥ തോറ്റംപാട്ടിലൂടെ അതിന്റെ ഭക്തിയും തന്മയത്വവും ചോർന്നുപോകാതെ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ചൊല്ലുന്നതിൽ അഗ്രഗണ്യനാണ് ലക്ഷ്മണൻ ഗുരിക്കൾ .
തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹി കൂടി ആണ് ഇദ്ദേഹം. ഭാര്യ കെ. ചന്ദ്രമതി, രണ്ട് പെൺ മക്കളാണ് ആതിര, അനശ്വര.
സമുദായത്തിന് കല്പിച്ച് കിട്ടിയ തെയ്യങ്ങളുടെ തോറ്റംപാട്ടുകൾ ചിട്ടപ്പെടുത്തിയും യഥാവിധി അനുഷ്ഠാനത്തിലൂടെ ഭക്തർക്കായി ഉറഞ്ഞാടുന്ന ലക്ഷ്മണൻ ഗുരുക്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
കടപ്പാട്: ©️ ranjith chenicheri

Pallikkara Prasad Karnnamoorthi
പള്ളിക്കര പ്രസാദ് കർണമൂർത്തി
നീലേശ്വരം രാജകൊട്ടാരത്തിന്റെ പരിധിയിൽ പ്രധാനപ്പെട്ട നാലു ആചാരങ്ങളാണ് ഉള്ളത്, അതിൽ ഒന്നാണ് പള്ളിക്കര കർണ്ണമൂർത്തി. ഇപ്പോൾ ആ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് പ്രസാദ് കർണ്ണമൂർത്തി. കർണ്ണമൂർത്തിക്കാണ് പാലന്തായി കണ്ണൻ എന്ന അപൂർവ തെയ്യം കെട്ടാൻ അവകാശവും. പ്രഭാകരൻ- ഉഷ ദമ്പതികളുടെ മകനായ പ്രസാദ്, നീലേശ്വരം സ്വദേശിയാണ്. തെയ്യങ്ങളെ നെഞ്ചോടു ചേർത്തു ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞ ബാലൻ കർണമൂർത്തി ആണ് ഇദ്ദേഹത്തിന്റെ ഗുരു സ്ഥാനീയൻ. ആടി വേടൻ കെട്ടി തെയ്യ പ്രപഞ്ചത്തിലേക്കു കാലെടുത്തു വെച്ച പ്രസാദ് കർണ്ണമൂർത്തി ഒൻപതിൽ പഠിക്കുമ്പോൾ ആണ് തെയ്യത്തെ തോറ്റിചമച്ചു വരവിളിച്ചു സജീവമായി തെയ്യത്തിലേക്കു കടന്നു വരുന്നത്.2008ൽ ആണ് ഇദ്ദേഹം പള്ളിക്കര കർണ്ണമൂർത്തിയായി ആചാരപ്പെടുന്നത്. ചാത്തമത്ത് മാടം വൈരജാതൻ ഈശ്വരൻ കെട്ടാൻ വേണ്ടി, നീലേശ്വരം കോവിലകത്തെ തമ്പുരാനിൽ നിന്നും ആചാരം സ്വീകരിച്ചു. വേട്ടക്കൊരുമകൻ, പാലന്തായി കണ്ണൻ, വിഷ്ണുമൂർത്തി, ഒറ്റക്കോലം, പാടാർകുളങ്ങര ഭഗവതി, കാവിൽ ഭഗവതി, നടയിൽ ഭഗവതി തുടങ്ങിയ വിവിധ തെയ്യങ്ങൾ കെട്ടിയാടി.അച്ചാംതുരുത്തി ബാലഗോകുലത്തിൽ തുടർച്ചയായി അഞ്ചു തവണ വിഷ്ണുമൂർത്തി ഒറ്റക്കോലം കൊണ്ടുകൂട്ടി, അതു അദ്ദേഹത്തിന്റെ ജീവിത അഭിലാഷം തന്നെയായിരുന്നു, അധികം പേർക്ക് ലഭിക്കാത്ത അപൂർവ സൗഭാഗ്യം .തെയ്യങ്ങൾ കെട്ടിയാടുന്നതിനു പുറമെ തെയ്യത്തോട് അനുബന്ധിച്ചു തോറ്റം പാട്ടുകളിലും, വിവിധ തെയ്യം മുഖത്തെഴുതുകളിലും, അണിയലം ഉണ്ടാക്കുന്നതിലും, തിരിയോലപണിയിലും, കൂടാതെ വാദ്യമായ ചെണ്ടയിലും ഇദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.

Panniyoor Sura Peruvannan
പന്നിയൂർ സ്വദേശിയായ പ്രശസ്തനായ തെയ്യം കനലാടി പന്നിയൂർ കോരപെരുവണ്ണാൻ്റെ ചെമ്മരത്തിയുടെയും മൂത്ത മകനായി ജനനം.
പന്നിയൂർ പൂമംഗലം എന്നിവിടങ്ങളിൾ സ്കൂൾ വിദ്യാഭ്യാസം.
നാലു വയസിൽ ആടിവേടൻ കെട്ടി തുടങ്ങി. പന്നിയൂർ പയറ്റ്യാൽ കാവിൽ തലച്ചിലവൻ തെയ്യം കെട്ടി തലപ്പാളി അണിഞ്ഞ് തെയ്യക്കാരനായി. പിന്നീട് വീരൻ വീരാളി , ധർമ്മദൈവം, തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടി.
ഇരുപത്തിഅഞ്ചാം വയസിൽ കീഴറക്കൂലോത്ത് തായപരദേവതയുടെ കോലത്തിനായി ഇളങ്കോലം കെട്ടിയതിന് ചെറുകുന്ന് അമ്പലത്തിൽ വച്ച് പട്ടും വളയും വാങ്ങി പെരുവണ്ണാനായി ആചാരപ്പെട്ടു.
അതേ വർഷം തന്നെ പന്നിയൂർ പുതുക്കണ്ടം വയൽത്തിറയായി പുതിയ ഭഗവതി കെട്ടി തളിപ്പറമ്പ കൊട്ടും പുറത്തു വച്ച് പട്ടും വളയും നൽകി ആദരിച്ചു.
കണ്ടനാർ കേളൻ തെയ്യത്തിൻ്റെ അറിയപ്പെടുന്ന കോലാധാരിയാണ് സുരപ്പെരുവണ്ണാൻ. 600ൽ അധികം കണ്ടനാർ കേളൻ കെട്ടിയിട്ടുണ്ട് സുരപ്പെരുവണ്ണാൻ. ഒരു തെയ്യക്കാലം മാത്രം16 ൽ അധികം കണ്ടനാർ കേളൻ കെട്ടിയാടിയിട്ടുണ്ട്.
വലിയത്തമ്പുരാട്ടി ഇളംങ്കോലമുൾപ്പെടെയുള്ള തെയ്യത്തിൻ്റെ തിരുമുടി അണിഞ്ഞതിൻ്റെ എണ്ണം അദ്ദേഹം കൃത്യമായി പറയുന്നില്ല. കാരണം അതൊരു ദൈവനിയോഗം പോലെ അദ്ദേഹത്തെ തേടി എത്തുന്നതാണ്. 500 ൽ അധികം വലിയ മുടി തെയ്യങ്ങൾ അദ്ദേഹം കെട്ടി ആടിയിട്ടുണ്ട്. പലപല ദേശത്ത് പല പല പേരുകളിൽ ആണ് ഈ തായമാരുടെ തിരുമുടി അണിഞ്ഞിട്ടുള്ളത്.
കീഴറ കൂലോത്ത് തായപ്പരദേവതയുടെ ഇളംങ്കോലം 25 വർഷക്കാലം കെട്ടിയാടിയത് സുരപ്പെരുവണ്ണാനാണ് .
കണ്ടക്കൈ ചാലങ്ങോട്ട് ഇളംങ്കോലം കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ ക്ലാക്കുളങ്ങര ഭഗവതിയുടെ തിരുമുടി ( വലിയ മുടി ) 30 വർഷത്തോളമായി ഇദ്ദേഹമാണ്. കൂനം ചോന്നമ്മ കോട്ടത്ത് 33 വർഷം ചോന്നമ്മ കെട്ടിയാടുന്നു. തവറൂൽ പ്ലാക്കുന്നുമ്മൽ തറവാട്ടിൽ കരിന്തിനി അമ്മ 35 വർഷത്തിലധികം . ചൂളിയാട് 15 വർഷത്തോളം ഇളംങ്കോലം ചെറുപഴശ്ശി മരക്കലത്തിലമ്മ 8 വർഷത്തോളവും കെട്ടിയാടാനുള്ള മഹാഭാഗ്യം സുരപ്പെരുവണ്ണാന് ലഭിച്ചിട്ടുണ്ട്.
സാധാരണ മലയ സമുദായത്തിൽപ്പെട്ടവർക്കാണ് ശാസ്തപ്പൻ തെയ്യം കെട്ടാറുള്ളത്. എന്നാൽ പുതുക്കുടി ഇല്ലത്ത് അവരുടെ ആരാധാന മൂർത്തിയായ പുതുക്കുടി മണ്ഡപത്തിങ്കൽശേഷി പെട്ട ദൈവം ശാസ്തപ്പൻ കെട്ടിയാടുന്നത് പെരുവണ്ണാൻമാരാണ്.
പുതുക്കുടി ഇല്ലത്തെ ആരാധന മൂർത്തിയാണ് ശാസ്തപ്പൻ. ഒരു ദിനം ഇല്ലത്തെ ചെറിയ കുട്ടി തൊട്ടിലിൽ കിടന്ന് കരയുന്നത് കേട്ട് ഇല്ലത്തെ അന്തർജനം" ഈ കുട്ടിയുടെ കരച്ചിൽ നിർത്താൻ ആരുമില്ലെ "? എന്ന് ചോദിച്ചു. പിന്നെ കുട്ടിയുടെ കരച്ചിൽ കേട്ടില്ല. എന്താണ് സംഭവിച്ചതെന്നറിയാൻ ചെന്ന അന്തർജനം കണ്ടത് മൂന്ന് കഷ്ണങ്ങളായി കിടക്കുന്ന കുഞ്ഞിനെയാണ്. ശാസ്തപ്പനാണ് ആ കൃത്യം ചെയ്തത് . അത് മനസ്സിലാക്കിയ ഇല്ലക്കാർ തങ്ങളുടെ ആരാധന മൂർത്തിയെ ഇനി ഞങ്ങൾക്ക് ഇല്ലത്ത് ആവശ്യമില്ലെന്നും പറഞ്ഞ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ കുടിയിരുത്തി. കുട്ടിയെ മൂന്നു കഷ്ണങ്ങളാക്കി കൊന്നതിൻ്റെ സൂചകമായി തെയ്യം പുറപ്പെട്ടാൽ പുതുക്കുടി ഇല്ലത്ത് തെയ്യം പോവുകയും അവിടെ വച്ച് വെള്ളരിക്ക മൂന്നു കഷ്ണങ്ങളാക്കി മുറിക്കുന്ന ചടങ്ങ് നടത്താറുണ്ട്. സാധാരണ ശാസ്തപ്പനിൽ നിന്നും വ്യത്യസ്തമായ അണിയലങ്ങളും, മുടിയുമാണ് പുതുക്കുടി ശാസ്തപ്പനുള്ളത്. ഈ വ്യത്യസ്തമായ തെയ്യം കെട്ടിയാടുന്നത് സുരപ്പെരുവണ്ണാനാണ് .
ആദരസൂചകമായി 2019 ൽ മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ ശാസ്തപ്പൻ കെട്ടിയാടിയതിന് പുതുക്കുടി ഇല്ലത്തു നിന്നും പട്ടും വളയും നൽകി അദ്ദേഹത്തെ ആദരിച്ചു.
മുള്ളൂൽ കാവിൽ പുതിയ ഭഗവതി, പന്നിയൂർ പയറ്റ്യാൽ കാവിൽ 8 വർഷം പയറ്റ്യാൽ ഭഗവതി, നരമ്പിൽ ഭഗവതി, ധൂളിയാർ ഭഗവതി, മമ്പള്ളി ഭഗവതി തുടങ്ങി പന്തങ്ങളുള്ള രൗദ്രതയുള്ള തെയ്യങ്ങളും . ഊർപ്പഴശി, വേട്ടക്കരു മകൻ, വയനാട്ടുകുലവൻ,
മുത്തപ്പൻ, തിരുവപ്പന , കുറ്റ്യേരി 8 വർഷത്തോളം ബാലി , പുലിയൂർ കാളി, പുലിയൂർകണ്ണൻ, ബപ്പിരിയൻ , കണ്ണങ്ങാട്ട് പോതി, നാഗേനി, കരിയാത്തൻ, പെരുമ്പുഴയച്ചൻ, അന്തിത്തിറ തുടങ്ങി സമുദായത്തിന് കൽപ്പിച്ചു കിട്ടിയ മിക്കവാറും എല്ലാ തെയ്യങ്ങളും കെട്ടിയാടുന്നുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
തെയ്യത്തിലെ ഹാസ്യ പ്രാധാന്യമുള്ള തെയ്യങ്ങളായ കൈക്കോളൻ, മുത്തപ്പൻ പൊറോട്ട്, നമ്പോലൻ പൊറോട്ട്, മാപ്പിള പൊറോട്ട് , അണുങ്ങ് ഭൂതം എന്നിവയും അദ്ദേഹം കെട്ടി ആടാറുണ്ട്.
കതിവന്നൂർ വീരനു വേണ്ടി അടയാളം വാങ്ങി എങ്കിലും അമ്മാവൻ മരണപ്പെട്ടതിനാൽ കോലം കെട്ടാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് പിന്നീട് കതിവന്നൂർ വീരൻ തെയ്യം കെട്ടിയില്ല.
തോറ്റംപാട്ടുകൾ ഹൃദ്യസ്തം. അണിയലനിർമ്മാണം, മുഖത്തെഴുത്ത്, ഓലചമയങ്ങൾ എല്ലാം അഗ്രഗണ്യൻ.
മുത്തപ്പനെയും, പരദേവതയെയും ഉപാസിക്കുന്ന സുരപെരുവണ്ണാൻ്റെ ഗുരുസ്ഥാനത്ത് പ്രശസ്തരായ അദ്ദേഹത്തിൻ്റെ അച്ഛൻ പന്നിയൂർ കോരപെരുവണ്ണാനും മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാനും കീഴറ കണ്ണപ്പെരുവണ്ണാനുമാണ്.
ധാരാളം ശിഷ്യന്മാരുണ്ടെങ്കിലും, പ്രധാന ശിഷ്യന്മാരായി അനിയൻ ബാബു പെരുവണ്ണാൻ, പ്രശാന്ത് പെരുവണ്ണാൻ കീഴറ , അനുരാഗ് കീഴറ , രതീശൻ പന്നിയൂർ, മകൻ സായന്ത് എന്നിവർ മുൻപന്തിയിൽ .
സുരപ്പെരുവണ്ണാൻ്റെ ഭാര്യ ഷീബ രണ്ടു മക്കൾ മകൾ ഷിജിന , മകൻ സായന്ത്'മരുമകൻ ജിഷ്ണു . പഴയങ്ങാടി വെങ്ങരയിൽ താമസം.
മകരം 25 ന് കീഴറ കൂലോത്ത് കളിയാട്ടത്തിൻ്റെ ഭാഗമായി നെല്ലളവ് ചടങ്ങ് കഴിഞ്ഞാൽ പിന്നെ വ്രതം തുടങ്ങുകയായി. കുഭം 2 ന് തിരുമുറ്റത്ത് തിരുമുടി അണിയുന്നതുവരെയുള്ള കാത്തിരിപ്പ് പറയാൻ ആവാത്ത ഒരു അനുഭൂതിയാണെന്ന് പറയുമ്പോൾ തെയ്യത്തെ എത്രത്തോളം ഹൃദയത്തോട് ചേർത്ത തെയ്യം കനലാടിയാണെന് അദ്ദേഹം പറയാതെ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും.
വളരെ ചെറുപ്പത്തിൽ തന്നെ തെയ്യം എന്ന അനുഷ്ടാനത്തെ നെഞ്ചോട് ചേർത്ത് . തെയ്യത്തിൻ്റെ സമസ്ത മേഖലയിലും തൻ്റെ കഴിവ് പ്രകടിപ്പിച്ച ഉത്തമ തെയ്യം കനലാടിയാണ് സുരപ്പെരുവണ്ണാൻ എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻ്റെ കഴിവിനുള്ള അംഗീകാരമായി ഫോക് ലോർ പുരസ്ക്കരങ്ങൾ പോലുള്ള അംഗീകാരങ്ങൾ അദ്ദേഹത്തെ വൈകാതെ തേടിയെത്തും എന്നു പ്രതീക്ഷിക്കാം.
ക്ഷേത്രങ്ങളിലും, കാവുകളിലും, കോട്ടങ്ങളിലും, കൂലോത്തും, പള്ളിയറകളിലും, വയൽത്തിറകളിലും എന്നു വേണ്ട തെയ്യസ്ഥാനങ്ങളിലെല്ലാം. തെയ്യം എന്ന അനുഷ്ടാനത്തെ തനിമ നഷ്ടപ്പെടുത്താതെ യഥാവിധി ഭക്തി ആദരപൂർവ്വം അതിൻ്റെ അന്തസത്ത ഉൾകൊണ്ട് സാഹസികതയും, മനോബലവും, ധൈര്യവും, ബുദ്ധിയും , ശക്തിയും, ഉൾക്കരുത്താക്കി പല പേരുകളിലും, ഭാവങ്ങളിലും 21 മുളം ഉയരത്തിൽ കവുങ്ങും, മുളയും ഉപയോഗിച്ച് നിർമ്മിക്കുന്ന തിരുമുടി തലയിലേറ്റി കെട്ടിയാടുന്ന കോലസ്വരൂപത്തിലെ തായ പരദേവതയായും, മരക്കലത്തിലമ്മയായും, ചോന്നമയായും, പുതിയ ഭഗവതിയായും,പയറ്റ്യാൽ ഭഗവതിയായും, മമ്പള്ളി ഭഗവതിയായും, കുന്നോളം ഉയരത്തിൽ കത്തി ഉയരുന്ന ഓലച്ചൂട്ടിൻ്റെ അഗ്നിനാളങ്ങൾക്കിടയിലൂടെ അലറി വിളിച്ച് ഓടിയും നടന്നും ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നകണ്ടനാർ കേളനായും, വാനരരാജൻ അതിബലവാൻ ബാലിയായും, അനവധി നിരവധിയായ തെയ്യക്കോലങ്ങൾ കെട്ടി തിരുമുടിയണിഞ്ഞ് തിരുമുറ്റത്ത് ഉറഞ്ഞാടി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തെയ്യം കനലാടി പന്നിയൂർ സുരപ്പെരുവണ്ണാനെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.
കടപ്പാട്: ©️ Ranjith Chenichery

Sajeev Kuruvatt Peruvannan
കുഞ്ഞിമംഗലം ദേശം ജന്മാവകാശം. പിതാവിൻറ്റെ തെയ്യപ്പാത പിൻതുടർന്ന് തെയ്യക്കാഴ്ചകൾക്ക് ഭാവപകർച്ച ചെറുപ്പം മുതൽക് തന്നെ തൻമെയ്യ് നൽകി തുടങ്ങി. വേടൻ കെട്ടി തെയ്യത്തിലേക്കി ചുവട് വച്ച്, 16 വയസ്സിൽ കുഞ്ഞിമംഗലം തെരുവിൽ പട വീരൻ കെട്ടി ചുവടുറപ്പിച്ചു. 17 ൽ ഒര് പ്രധാന തെയ്യമായ ബാലി കഴlച്ചു തൻറ്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. 2010 ൽ വലിയ മുടി തെയ്യമായ വല്ലാർകുളങ്ങര ഭഗവതി കെട്ടാൻ വേണ്ടി ആചാരപ്പെട്ടു. വേട്ടക്കൊരുമകൻ, കണ്ടനാർ കേളൻ, കക്കര ഭഗവതി, പുലിയൂർ കാളി, കേളൻ കുളങ്ങര ഭഗവതി, തായ് പരദേവത, ഗുരുക്കൾ, ഊർപ്പഴശ്ശി’, നാഗകന്നി, പുലിയൂർ കണ്ണൻ, അംഗ കുളങ്ങര ഭഗവതി, തോട്ടിൻകര ഭഗവതി, കടാങ്കോട്ട് മാക്കം ഭഗവതിയമ്മ എന്നിങ്ങനെയുള്ള പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നു. ഇക്കാലമത്രയും അനുഷ്ടാനത്തിൽ ഊന്നി മാത്രം തെയ്യക്കോലങ്ങൾ ഭക്തരുടെ മുന്നിൽ പകർന്നാടി.
Courtesy : Vadakkante Theyyangal

Pradeep Manakkadan
തെയ്യത്തെ നെഞ്ചിലേറ്റി, തെയ്യമെന്ന ദൈവീക അനുഷ്ടാനത്തെ, കൃത്യമായ അനുഷ്ടാനത്തിലും കർമ്മത്തിലും ആത്മസമർപ്പണം കൊണ്ട് നിറവേറ്റുന്ന യുവപ്രതിഭ. 1981ൽ പ്രഭാകരന്റ്റെയും ശാരദയുടെയും പുത്രനായി ജനനം. പടന്നേക്കാട് സ്വദേശി. കരിവെള്ളൂർ മൂത്ത മണക്കാടൻ അശോകൻ മണക്കാടൻറ്റെ മരുമകൻ. മണക്കാടൻ കുടുംബത്തിൽ ജനിച്ച ജന്മസാഫല്യം. അശോകൻ മണക്കാടൻറ്റെ ശിഷ്യണത്തിൽ അണുകിടതെറ്റാത്ത തെയ്യപഠനം, അത് അദ്ദേഹത്തിന്റ്റെ തെയ്യത്തിലും നിഴലിച്ചു കാണാം, ഗുരുവിന്റ്റെ അനുഗ്രഹം ആവോളം കിട്ടിയ വ്യക്തി. ആദ്യ തെയ്യം പാടി ശ്രീ പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്രത്തിൽ പുല്ലൂർണ്ണൻ കെട്ടി തെയ്യ പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചും. പിന്നീട് ഇങ്ങോട്ട് ഒര്പാട് തെയ്യങ്ങൾക്ക് ദേഹപകർച്ച ചെയ്തു. വലിയമുടി തെയ്യമായ ശൂലപ്പിൽ ഭഗവതി കെട്ടാൻ വേണ്ടി കരിവെള്ളൂർ പാലേരി തെെവളപ്പിൽ നിന്ന് ആചാരപെട്ടു. അപൂർവതെയ്യമായ പുള്ളി ഭഗവതി ഇദ്ദേഹം കേട്ടിയാടിയിട്ടുണ്ട്, കതിവന്നൂർ വീരൻ, വേട്ടക്കൊരുമകൻ, പുലികണ്ടൻ, പൂളോൻ, പുതിച്ചോൻ, കക്കര ഭഗവതി, നരംബിൽ ഭഗവതി തുടങ്ങി നിരവധി തെയ്യകോലങ്ങൾ കെട്ടിയാടുന്നു. അണിയലങ്ങളിലും പൂപ്പണിയിലും ഇവർ വെച്ച് പുലർത്തുന്ന ശ്രദ്ധ എടുത്തുപറയാതിരിക്കുവാൻ പറ്റില്ല, അതുകൊണ്ട് തന്നെ അവ കാണുവാൻ മനോഹരമാണ്. തെയ്യ കലാശങ്ങളും ചുവടുകളും ഭാവങ്ങളും അതീവ ഹൃദ്യവും ആണ്.
Courtesy : Vadakkante Theyyangal

Rameshan Panikkar
ചെറുകുന്നു ചുണ്ട സ്വദേശി.രമേശൻ പണിക്കർ ചുണ്ട എന്നു വിളിക്കുന്നതിലുപരി രമേശൻ പണിക്കർ ചെണ്ട എന്നു വിളിക്കുന്നതായിരിക്കും അഭികാമ്യവും അദ്ദേഹത്തിനിഷ്ടവും എന്നു തോന്നുന്നു.ചെണ്ടകോലുകളാൽ താളവിസ്മയം തീർക്കുന്ന രമേശൻ പണിക്കർക്ക് ചെണ്ട രമേശേട്ടൻ എന്നല്ലാതേ മറ്റൊരു പേർ ചേരില്ല എന്നുതന്നേ പറയാം.
അച്ഛൻ കണ്ണൻ പണിക്കർ അമ്മ നാണിയുടേയും മകനായി ജനനം .അച്ഛൻ കണ്ണൻ പണീക്കരുടേയും ജേഷ്ഠൻ മോഹനൻ പണിക്കരുടേയും ശിക്ഷണത്തിൽ പതിനേഴാമത്തേ വയസ്സിൽ കെട്ടിയാട്ട രംഗത്തേക്കു കടന്നുവന്നു.ആദ്യമായി കെട്ടിയാടിയ തെയ്യം ഒറ്റക്കോലം.പറശിനികടവ് ക്ഷേത്രത്തിൽ ആദ്യമായി കെട്ടിയാടിയ ഒറ്റക്കോലത്തിനു തന്നേ പറശികടവ് ക്ഷേത്രം അധികാരികൾ കോടല്ലൂർ തമ്പുരാൻ കയ്യാൽ കല്ല്യാശേരി വടേശ്വരം ക്ഷേത്രത്തിൽ നിന്നു പട്ടും വളയും നൽകി പണിക്കർ എന്ന ആചാരപെരു ചൊല്ലിവിളിച്ചു.പിന്നീട് തുടർച്ചയായി പതിനൊന്നുകൊല്ലം പറശിക്കടവിൽ ഒറ്റക്കോലം കഴിച്ചു.
പിന്നീടങ്ങോട്ട് രമേശൻ പണിക്കറുടേ തീചാമുണ്ഠി മേലേരി കയറാത്ത ക്ഷേത്രങ്ങൾ ചുരുക്കം.മേലേരി പിണക്കിലുള്ള അസാമാന്യ വേഗതയാണു മറ്റു ഒറ്റക്കോലം കോലധാരികളിൽ നിന്നും അദ്ദേഹത്തേ വ്യത്യസ്തനാക്കുന്നതു.തളിപറമ്പ് വിക്രാനന്തപുരം ക്ഷേത്രം, മാനേങ്കാവ്, ആടിക്കുമ്പാറ, കടവത്തൂർ കൂറുളിക്കാവ്,ചെങ്ങൽ കുണ്ടത്തിൻ കാവ്,ഇരിണാവ് തെക്കേ കളരി, വടക്കേ കളരീ തുടങ്ങീ ക്ഷേത്രങ്ങളിലും തീചാമുണ്ഠിക്കോലം കഴിക്കുകയുണ്ടായി.ഈ ജീവിത കാലയളവിനുള്ളിൽ മുപ്പത്തിയെട്ടു ഒറ്റക്കോലം
രമേശൻ പണിക്കർ ആടിതീർത്തു.പൊട്ടൻ ദൈവം, വിഷ്ണുമൂർത്തി, ഭൈരവൻ, പൂക്കുട്ടിശാസ്തൻ,മടയിൽ ചാമുണ്ഠി, രക്തചാമുണ്ഠി തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. കോലത്തുനാട്ടിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ പൊട്ടൻ ദൈവത്തിനു പച്ചപ്പാളയിൽ തീർത്ത മുഖപാള ഉപയോഗിക്കുന്നുള്ളൂ.ചെറുകുന്നു കുന്നുമ്മൽ തറവാട് ക്ഷേത്രത്തിൽ പച്ചപാളയിലെഴുതിയ മുഖമാണു പൊട്ടൻ ദൈവത്തിനുപയോഗിക്കുന്നതു.കുന്നമൽ തറവാട് ക്ഷേത്രത്തിലേ പൊട്ടൻ ദൈവത്തിന്റെ കോലധാരി ശ്രീ ചുണ്ട രമേശൻ പണികരാണു.
പതിമൂന്നാം വയസ്സിൽ പറശിനി മടപ്പുരയിൽ കഥകളിക്ക് കേളികൊട്ടിയാണു വാദ്യരംഗത്ത് അരങ്ങേറ്റം കുറിച്ചു.തുടർന്ന് അഞ്ചു വർഷം കഥകളി പദം കൊട്ടി തിമിർക്കുകയായിരുന്നു.ചുണ്ട രമേശൻ പണിക്കരേ ചെണ്ട രമേശൻ പണിക്കരാക്കിയതു ഒരു പക്ഷേ കഥകളി കാലഘട്ടം ആയിരിക്കാം. ആ ഗുണം തന്നെയാണു ഇന്നു ചെണ്ടരമേശേട്ടൻ എന്നു അറിയപ്പെടാനുള്ള കാരണവും. ചെണ്ടയായലും ഇടന്തലയായലും കൊട്ടുന്നതു രമേശൻ പണിക്കരാണെങ്കിൽ കെട്ടിയാട്ടകാരനു മനസറിഞ്ഞു കാലുംകലാശവും വയ്ക്കാം.
കോലധാരിയുടേ മനസറിഞ്ഞു കൊട്ടാൻ പ്രാവീണ്യം നേടിയം ചുരുക്കം വാദ്യക്കാരിൽ ഒരാളാണു ഇദ്ദേഹം.കെട്ടിയാട്ട രംഗത്തിനു പുറമേ അണിയല നിർമ്മണത്തിലും ഓല പണികളിലും.തോറ്റം ചെല്ലുന്നതിലും മികവു തെളിയിച്ചിട്ടുണ്ടു.കെട്ടിയാട്ട രംഗത്തു ഇദ്ദേഹത്തിനു താങ്ങായും തണലായും അണിയറസഹായിയായും കെട്ടിയാട്ടക്കാരനുമായി മകൻ മിജുൻ പണിക്കരും രംഗത്തുണ്ടു,ഇനിയും ഒട്ടനവധി ദൈവക്കോലങ്ങൾ ഇദ്ദേഹത്തിന്റെ ചെണ്ടയുടേ ആസുരതാളത്തിനൊത്തു മതിമറന്നാടട്ടേ അതിനദ്ദേഹത്തിനിനിയും ആവതുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ...
കടപ്പാട്: ©️sreekriya

Santhosh Peruvannan
പ്രശസ്ത തെയ്യം കോലധാരി ആയിരുന്ന ചിണ്ട പെരുവണ്ണാന്റെയും യശോദ അമ്മയുടെയും മകനായി ജനനം.
സഹോദരങ്ങൾ : രാജേഷ്, സുമ
ഭാര്യ : രജനി
മക്കൾ : ശിവഗംഗ, ശിവദേവ്
സജീവ തെയ്യം കോലധാരിമാരിൽ സുപരിചിതൻ ആയ ഇദ്ദേഹം തന്റെ ആറാം വയസ്സിൽ ആടിവേടൻ കെട്ടിക്കൊണ്ട് തന്റെ തെയ്യസപര്യ ആരംഭിച്ചു.
തന്റെ പതിമൂന്നാം വയസ്സിൽ കൂരാങ്കുന്ന് ഭഗവതി ക്ഷേത്രത്തിലും കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിലും ശ്രീ മാഞ്ഞാളമ്മ ഭഗവതി കോലം ധരിച്ച ഇദ്ദേഹം അതേ വർഷം കണ്ണപുരം കാരങ്കാവിൽ ധർമ ദൈവവും കെട്ടിയാടി.
പഴങ്ങോട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായി 3 വർഷം പുതിയ ഭഗവതി കെട്ടിയാടിയ ഇദ്ദേഹത്തെ തന്റെ പതിനാറാം വയസ്സിൽ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വെച്ച് പട്ടും വളയും നൽകി ആചരിച്ചു.
സി. പി രാമപെരുവണ്ണാൻ, സി. പി പ്രഭാകരൻ പെരുവണ്ണാൻ, മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ, കീഴറ കണ്ണൻ പെരുവണ്ണാൻ, ഇരിണാവ് ബാലകൃഷ്ണൻ പെരുവണ്ണാൻ എന്നിവർ ആണ് തെയ്യം മേഖലയിലെ ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാർ.
ധൂളിയാങ്കാവ് ഭഗവതി, കക്കര ഭഗവതി, ഇളം കോലം, തായ്പരദേവത, വയനാട്ടു കുലവൻ, കണ്ടനാർ കേളൻ, കുടിവീരൻ, ബപ്പിരിയൻ, ഒളിമകൾ, കരുമകൾ, പുലി കണ്ടൻ, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, വടക്കത്തി ഭഗവതി, കാരൻ ദൈവം ( കാരങ്കാവ് ), നാഗകന്നി, ചുഴലി ഭഗവതി, തോട്ടുങ്കര ഭഗവതി, ചന്ദ്രനെല്ലൂർ ഭഗവതി, വെളുത്ത ഭൂതം, ചുവന്ന ഭൂതം, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തെക്കൻ കരിയാത്തൻ, കന്നിക്കൊരുമകൻ, രുദ്രകണ്ടി ഭഗവതി, ആര്യപൂങ്കന്നി, വല്ലാർകുളങ്ങര ഭഗവതി, കരിവേടൻ, മുത്തപ്പൻ വെള്ളാട്ടം, പാലപ്രത്ത് മൂത്തഭഗവതി, വീരർ കാളി, പുന്നച്ചേരി അമ്മ, പാടേരി അമ്മ, ബ്രഹ്മൻ, ആൾക്കാ ദൈവത്താർ തുടങ്ങി ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഈ അനുഗ്രഹീകൃത കനലാടിക്ക് സാധിച്ചു.
ഇനിയും നിരവധി വർഷങ്ങൾ ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്

Satheesh Peruvannan
പാണപ്പുഴയുടെ തീരത്തെ ചിരസ്മരണീയരായ തെയ്യപ്രതിഭകളുടെ നിരയിൽ കാലം ആലേഖനം ചെയ്യുന്ന നാമങ്ങളിൽ ഒന്നായിരിക്കും സതീഷ് പെരുവണ്ണാൻ പറവൂരിന്റേത്.
പ്രഗത്ഭ കോലധാരിയായ കുഞ്ഞിരാമൻ കുറ്റൂരാന്റെയും രോഹിണി അമ്മയുടെയും അഞ്ചുമക്കളിൽ നാലാമനായി ജനനം. ഗുരുവും മാർഗദർശകനുമെല്ലാം സ്വന്തം പിതാവ് തന്നെയായിരുന്നു. പ്രഗത്ഭ തെയ്യം കോലധാരി ശശിധരൻ പെരുവണ്ണാൻ പറവൂർ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്.
ഒട്ടുമിക്ക എല്ലാ കോലധാരികളെയും പോലെ ആടിവേടനിൽ തുടങ്ങുകയും പതിനാലാം വയസ്സിൽ മുത്തപ്പൻ കെട്ടി തെയ്യരംഗത്ത് ചുവടുറപ്പിക്കുകയും ചെയ്തു.
ഇന്ന് കെട്ടിയാടപ്പെടുന്ന ഒട്ടുമിക്ക തെയ്യങ്ങളും കെട്ടിയാടാറുണ്ടെങ്കിലും മുത്തപ്പൻ,കണ്ടനാർ കേളൻ, കതിവനൂർ വീരൻ,കക്കറ ഭഗവതി,നെടുബാലിയൻ ദൈവം,ചാത്തു ദൈവം, മലക്കാരി തുടങ്ങിയവയാണ് കൂടുതലും കെട്ടിയാടിയിട്ടുള്ളത്.
ഇദ്ദേഹത്തിന്റെ കണ്ടനാർ കേളൻ തെയ്യവും കതിവനൂർ വീരൻ തെയ്യവും തെയ്യപ്രേമികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം ഇദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്.
കതിവനൂർ വീരന്റെ പ്രധാന സ്ഥാനങ്ങളിൽ ഒന്നായ ഒറ്റകാഞ്ഞിരം തട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ കതിവനൂർ വീരൻ അരങ്ങേറ്റം.
കണ്ണൂർ ചെമ്മിണിയൻ കാവിൽ നിന്നും കുറ്റ്യാട്ടൂർ എളമ്പിലാക്കണ്ടി മാച്ചേരി കുന്നുമ്മൽ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്നും ഇദ്ദേഹത്തെ പട്ടും വളയും നൽകി ആചാരപ്പെടുത്തിയിട്ടുണ്ട്.
കടപ്പാട്: രാവണൻ

Suresh Babu Anjoottan
അപൂർവ്വാവസരത്തിന്റെ ധന്യതയിൽ സുരേഷ് ബാബു അഞ്ഞുറ്റാൻ; കാപ്പാട്ടമ്മയുടെ തിരുമുടിയേറ്റുന്നത് രണ്ടാം തവണ
പെരുങ്കളിയാട്ടങ്ങളിൽ പ്രധാന ഭഗവതിമാരുടെ തിരുമുടി അണിയുക എന്നത് ഏതൊരു കോലാധാരിയെയും സംബന്ധിച്ച് ജന്മ സാഫല്യമാണ്. സുദീർഘമായ കാത്തിരിപ്പിന് ശേഷം വന്നെത്തുന്ന പെരുങ്കളിയാട്ടത്തിൽ ഈ അസുലഭാവസരം രണ്ട് തവണ കൈവന്നാലോ.. അത്തരം അപൂർവ്വാവസരത്തിന്റെ ധന്യതയിലാണ് സുരേഷ് ബാബു അഞ്ഞൂറ്റാൻ. തുടർച്ചയായ രണ്ടാം തവണയാണ് ഈ ഭാഗ്യം അഞ്ഞുറ്റാനേ തേടിയെത്തുന്നത്. 1996 ൽ കാപ്പാട്ട് കഴകത്തിൽ നടന്ന പെരുങ്കളിയാട്ടത്തിലും കാപ്പാട്ട് ഭഗവതിയുടെ കോലധാരി ഇദ്ദേഹം തന്നെയായിരുന്നു.
ഒട്ടെറെ പ്രത്യേകതകൾ ഉള്ള ആചാരമാണ് അഞ്ഞുറ്റാന്റേത്. അള്ളടത്തിൽ നീലേശ്വരം ഭാഗത്ത് അഞ്ഞൂറ്റാനായും പയ്യന്നൂർ ഭാഗത്തെത്തുമ്പോൾ പയനി മുന്നുറ്റാനുമായാണ് ആചാരം. കോലത്തിരി രാജവംശത്തിന്റെ കുലപര ദേവതയായ തിരുവർക്കാട്ട് ഭഗവതിയെ നീലേശ്വരം മന്നംപുറത്ത് കാവിൽ കെട്ടുന്നതിനുള്ള ആചാരമാണ് നീലേശ്വരം അഞ്ഞൂറ്റാൻ.പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതിയുടേയും മാവിച്ചേരി തുളു വീരനേയും കെട്ടാനുമുള്ള ആചാരമാണ് പയനി മുന്നൂറ്റാന്റേത്. ഇങ്ങനെ തെയ്യട്ടക്കളത്തിലെ തന്നെ അപൂർവതയാണ് ഈ ആചാരം. ഏറ്റവും കൂടുതൽ പെരുങ്കളിയാട്ടകാവുകൾ ഉള്ളത് നീലേശ്വരം അഞ്ഞൂറ്റാനാണ്. നെല്ലിക്കാത്തുരുത്തി കഴകം, കാപ്പാട്ട് കഴകം, വടയന്തൂർ കഴകം, പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം, പുതുക്കൈ മുച്ചിലോട്ട്, പൂന്തുരുത്തി മുച്ചിലോട്ട്(രണ്ട് മുച്ചിലോട്ടും വണ്ണാന്മാരുടേതുൾപ്പെടെ രണ്ട് മുച്ചിലോട്ട് ഭഗവതി കോലങ്ങൾ കെട്ടുന്നു)എന്നിവിടങ്ങളിൽ 'ഒന്നാനവകാശവും' നെല്ലിക്കാൽ ഭഗവതി ക്ഷേത്രം, എടയങ്ങാട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ 'രണ്ടാനവകാശവു'മാണ്.അതിനാൽത്തന്നെ ജീവിച്ചിരിക്കുന്ന കോലക്കാരിൽ സുരേഷ് ബാബു അഞ്ഞൂറ്റാനോളം പെരുംകളിയാട്ടങ്ങളിൽ പ്രധാന ഭഗവതിയുടെ തിരുമുടിയേറ്റിയാൾ വേറെയില്ല.പതിനാല് പെരുങ്കളിയാട്ടങ്ങളിലാണ് ഇതിനോടകം അഞ്ഞൂറ്റാൻ പ്രധാന ഭഗവതിയുടെ തിരുമുടി അണിഞ്ഞത്.
അച്ഛനും പ്രശസ്ത തെയ്യം കോലധാരിയുമായ കൃഷ്ണൻ അഞ്ഞുറ്റാനിൽ നിന്ന് തെയ്യത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് നന്നേ ചെറുപ്പത്തിൽ തന്നെ ഈ രംഗത്തേക്ക് വന്ന ഇദ്ദേഹം അപൂർവ്വങ്ങളായ തെയ്യങ്ങളും ഇതിനോടകം കെട്ടിയാടി. മാവിച്ചേരിയിലെ തുളുവീരൻ, അഷ്ടമച്ചാലിലെ വീരഭദ്രൻ, അച്ഛൻ തെയ്യം,മുച്ചിലോട്ട് ഭഗവതി,തിരുവർക്കാട്ട് ഭഗവതിയും സമാന ചൈതന്യമുള്ള തെയ്യങ്ങളും, ചൂളിയാർ ഭഗവതി,പുതിയ ഭഗവതി, പാടർക്കുളങ്ങര ഭഗവതി, കടവത്ത് ഭഗവതി,അട്ടക്കാട്ട് ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, കണ്ടംഭദ്ര, തുടങ്ങിയവയാണ് അഞ്ഞൂറ്റാൻ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങൾ.
61 കാരനായ സുരേഷ് ബാബു അഞ്ഞൂറ്റാൻ നീലേശ്വരം സ്വദേശിയാണ്.
IT & SOCIAL MEDIA COMMITTEE

Vinu Peruvannan Payyannur
1975 മാർച്ച് 4 ന് പയ്യന്നൂരിൽ കുണ്ടോറ രാമ പെരുവണ്ണാന്റെയും സരോജിനിയുടെയും മകനായ് ജനിച്ചു . 9ാം വയസ്സിൽ ആടിവേടൻ കെട്ടി . 15ാം വയസ്സിൽ ആദ്യ തെയ്യമായ പുലിയൂര് കണ്ണൻ തെയ്യം കെട്ടി അരങ്ങിലെത്തി . ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ മലയ സമുദായത്തിൽ പെട്ടവർ കെട്ടുന്ന -ഒറ്റക്കോലം കഴിച്ചാണ് പട്ടും വളയും വാങ്ങി പെരുവണ്ണാൻ ആചാരം സ്വീകരിച്ചത് (കവ്വായി പുതിയ ഭഗവതി ക്ഷേത്രം) . കണ്ണങ്ങാട്ട് ഭഗവതി, കതിവനൂർ വീരൻ , ബാലി. പുതിയ ഭഗവതി, പൂമാരുതൻ, മുത്തപ്പൻ ,തിരുവപ്പൻ ,പുലിക്കണ്ഠൻ,പുലിയൂര് കാളി , കക്കറ ഭഗവതി , കണ്ടനാർ കേളൻ …… അങ്ങനെ ഒട്ടേറെ തെയ്യങ്ങൾ കെട്ടി. മലയ സമുദായത്തിലെ മടയിൽ ചാമുണ്ടി , വിഷ്ണുമൂർത്തി , ഒറ്റക്കോലം തുടങ്ങിയ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയിട്ടുണ്ട് . 2001 ൽ വെള്ളാവ് മുച്ചിലോട്ട് മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു . 2007 ൽ കണ്ണങ്ങാട്ടു ഭഗവതിയുടെ കോലം ധരിച്ചു . ഇദ്ദേഹത്തിന്റെ ആ ആവേശം ഒന്നു കാണേണ്ടത് തന്നെയാണ് കോരിത്തരിച്ചു പോകും ഭക്തർ . കരിവെള്ളൂർ ആദി മുച്ചിലോട്ട് അമ്മയുടെ തിരുമുടി നിർമ്മിച്ചത് ഇദ്ദേഹവും അനുജനും (മനോജ് ) മറ്റൊരു ആളുമാണ്. ഇദ്ദേഹo കൊക്കാനിശ്ശേരി നിക്കുന്നത് കളരിയിൽ കെട്ടിയ കക്കറ ഭഗവതി ഇന്നും ഭക്തർ മറന്നട്ടുണ്ടാവില്ല . അതുപോലെ തന്നെയാണ് കൊക്കാനിശ്ശേരി കണ്ണങ്ങാടിലെ 2016ലെ പുതിയഭഗവതിയും . ഇദ്ദേഹം കെട്ടിയ ഭഗവതി തെയ്യങ്ങളുടെ ( കക്കറ ഭഗവതി , പഴിച്ചി ഭഗവതി) രൗദ്രത ഭയാനകമാണ് .പല സ്ഥലങ്ങളിലും തെയ്യത്തിന് പോയി ഇദ്ധേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തെയ്യം കാണാൻ മാത്രം ഇന്നും പല സ്ഥലങ്ങളിൽ നിന്നും ഭക്തർ എത്താറുണ്ട് . വിനു പെരുവണ്ണാൻ കെട്ടുന്ന തെയ്യത്തിൽ എടുത്ത് പറയാൻ പറ്റുന്നത് കണ്ടനാർ കേളൻ ആണ്.. കാരണം ഇത് കണ്ടാൽ ഏതൊരു ഭക്തനും ശ്വാസം അടക്കി പിടിച്ചേ കാണാൻ പറ്റു.. ഭക്തരെ മുൾ മുനയിൽ നിർത്തുന്നത് പോലെയാണ് തെയ്യത്തിന്റെ പ്രകടനം. രാമന്തളി പരത്തി അറയിൽ 14 കൊല്ലം തുടർച്ചയായി ഇദ്ദേഹമാണ് തെയ്യം കെട്ടുന്നത്. തെയ്യക്കാർക്ക് ഇടയിലും പോലും വിനു പെരുവണ്ണാൻ ഏറെ ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ്..

Vinu Peruvannan Kandonthar
നിലവിൽ കതിവനൂർ വീരൻ തെയ്യം കെട്ടിയാടുന്ന പ്രഗത്ഭരായ കോലധാരികളിൽ ശ്രദ്ധേയനാണ് വിനു പെരുവണ്ണാൻ കണ്ടോന്താർ.
കണ്ണൂർ ജില്ലയിലെ മാതമംഗലത്തിന് അടുത്ത് കണ്ടോന്താർ ഗ്രാമത്തിൽ, പ്രശസ്ത തെയ്യം കോലധാരി പരേതനായ കവിണിശ്ശേരി കുഞ്ഞിരാമൻ പെരുവണ്ണാന്റെയും കുറുവാട്ട് കല്യാണി അമ്മയുടെയും മകനായി ജനനം..
സഹോദരൻ : അനൂപ്
ഭാര്യ : പ്രീജ
മക്കൾ : ഹരിനന്ദ്, ശ്രീനന്ദ്
ചെറുപ്രായത്തിൽ തന്നെ ഗുരുനാഥൻ കൂടി ആയ പിതാവിനോടൊപ്പം കാവുകളിൽ പോയിരുന്ന ഇദ്ദേഹം തന്റെ ഒൻപതാം വയസ്സിൽ ആടിവേടൻ തെയ്യവും പന്ത്രണ്ടാം വയസ്സിൽ കതിവനൂർ വീരൻ തിടങ്ങൽ തോറ്റവും കെട്ടിയാടികൊണ്ട് തെയ്യം മേഖലയിൽ അരങ്ങേറി. ചെറുവിച്ചേരി ശ്രീ പുതിയപുരയിൽ കൊട്ടങ്ങര തറവാട്ടിൽ കണ്ടനാർ കേളൻ തെയ്യം കെട്ടിയാടിക്കൊണ്ട് തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഇദ്ദേഹം ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രത്തിൽ വെച്ച് പെരുവണ്ണാനായി ആചാരപ്പെട്ടു.
ഒരു കളിയാട്ടവർഷത്തിൽ 25 ഓളം കതിവനൂർ വീരൻ തെയ്യം കെട്ടിയാടാൻ ഉള്ള അത്യപൂർവമായ ഭാഗ്യം വിനു പെരുവണ്ണാന് ലഭിച്ചു.
കതിവനൂർ വീരൻ തെയ്യത്തിന് പുറമെ, കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, മുത്തപ്പൻ,പുതിയ ഭഗവതി, തോട്ടുംകര ഭഗവതി, പെരുമ്പുഴയച്ഛൻ, കക്കര ഭഗവതി, നെടുബാലിയൻ, പുലിരൂപകാളി, പുള്ളികരിങ്കാളി,ഭദ്രകാളി, കുടിവീരൻ, ഊർപ്പഴശ്ശി എന്നിങ്ങനെ നിരവധി തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
തെയ്യം മേഖലയ്ക്ക് എതിരെയുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് വേണ്ടി രൂപീകരിച്ച ഉത്തര കേരള തെയ്യം സംരക്ഷണ സമിതിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടി ആണ് ഇദ്ദേഹം.
ഇനിയും ഒട്ടേറെ വർഷങ്ങൾ ഒട്ടനവധി തെയ്യക്കോലങ്ങൾ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കടപ്പാട്: രാവണൻ

Annur Madhu Panikkar
വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് വളപട്ടണം വരെ നീണ്ടുകിടക്കുന്ന കോലത്തുനാട്ടിലേയും അള്ളടം ദേശത്തെയും ക്ഷേത്രങ്ങളിലെയും കാവുകളിലേയും കളിയാട്ടത്തിലെ നിറ സാന്നിധ്യം. കരിവെള്ളൂർ കൃഷ്ണൻ പെരുമലയൻറ്റെയും എ. കെ. സത്യഭാമയുടെയും മകനായി ജനനം. മൂന്നാം വയസ്സിൽ ആടിവേടൻ തെയ്യം കെട്ടി തെയ്യങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. അതിനു ശേഷം കെട്ടിയാടിയ തെയ്യ കോലങ്ങൾ തിരുമുറ്റങ്ങളെ ധന്യമാക്കി. തെക്ക് പയ്യന്നൂർ പെരുമ്പ നാരങ്ങാതോട് മുതൽ വടക്ക് ചീമേനി അടുത്തു വെള്ളാടംകോട്ട വരെ വിസ്തൃതമായി കിടക്കുന്ന കരിവെള്ളൂർ പെരുമലയൻ അവകാശത്തിലുള്ള ദേവസങ്കേതത്തിനകത്തു, ഒൻപതാം വയസ്സിൽ കാറമേൽ പുതിയകാവ് പുതിയഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ തെയ്യകോലം അണിഞ്ഞു, പരിപാവനമായ ഈ അനുഷ്ഠാനത്തെ സ്വന്തം ജീവിതത്തോട് ചേർത്തു അദ്ദേഹം. കോലത്തുനാട്ടിലെ തന്നെ വലിയ മേലേരി എന്നു പ്രശസ്തി നേടിയ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പതിനാറാം വയസ്സിൽ, ഏറ്റവും അപകടകരമായ തെയ്യ അനുഷ്ഠാനം എന്നു വിശേഷിപ്പിക്കാവുന്ന, വിഷ്ണുമൂർത്തിയുടെ ഒറ്റക്കോലം അണിഞ്ഞു അഗ്നിയെ പുണരുവാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് സിദ്ധിച്ചു. പതിനെട്ടാം വയസ്സിൽ കരിവെള്ളൂർ മണക്കാട്ട് കോട്ടൂർപറമ്പ് മടയിൽ ചാമുണ്ഡി ക്ഷേത്രത്തിൽ ഒറ്റക്കോലം കെട്ടിയ്യതിനോട് അനുബന്ധിച്ചു, പട്ടും വളയും നൽകി പണിക്കരായി ആചാരപെടുത്തി. പിതാവ് കരിവെള്ളൂർ കൃഷ്ണൻ പെരുമലയൻറ്റെ വിയോഗത്തിന് ശേഷം, അവകാശം അതുപോലെ പിന്തുടർന്നു തൻറ്റെ അധീനതയിൽ വരുന്ന കാവുകളിലും, ക്ഷേത്രങ്ങളിലും, സ്ഥാനങ്ങളിലും അച്ഛന്റ്റെ പെരുമയ്ക്ക് ഒരു കോട്ടവും തട്ടാതെ ഇന്നും മധു പണിക്കർ, തെയ്യ അനുഷ്ഠാന സമർപ്പണം നടത്തി വരുന്നു. മടയിൽ ചാമുണ്ടി, മൂവാളംകുഴി ചാമുണ്ടി, വിഷ്ണുമൂർത്തി, അഗ്നികണ്ടാകർണ്ണൻ തുടങ്ങി മലയ സമുദായത്തിൽ കെട്ടി വരുന്ന പ്രധാന തെയ്യകോലങ്ങൾക്ക് നിരവധി തവണ ഇദ്ദേഹം ജീവൻ കൊടുത്തു തിരുമുറ്റത്ത് അതീവ മനോഹരവും, ഗാഭീര്യവുമുള്ളതാക്കി മാറ്റി. ആ മുഖശോഭ പ്രത്യേകം എടുത്തു പറയേണ്ടുന്ന ഒരു വസ്തുത തന്നെയാണ്. തെയ്യത്തിൽ പ്രധാനമായ തോറ്റം പാട്ട് തുടങ്ങിയ കാര്യങ്ങൾ ഇദ്ദേഹം ഗുരുവായ പിതാവ് കരിവെള്ളൂർ കൃഷ്ണൻ പെരുമലയനിൽ നിന്നു ആ പാണ്ഡിത്യം ഒട്ടും ചോരാതെ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഇന്ന് ഉത്തര മലബാറിൽ, വളരെ വിരളമായി മാത്രം നടത്തുന്ന ഉച്ചബലി ഇദ്ദേഹം എല്ലാ വർഷവും, അന്നൂർ വെള്ളോറ വീട് തറവാട്ടിൽ ചെയ്തു വരുന്നു. ഈ അനുഷ്ഠാനം ഇന്ന് അനുഷ്ഠിക്കുന്നവർ വളരെ വിരളമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് കരിവെള്ളൂർ പാലക്കുന്ന് കുഞ്ഞാൽത്തറമെട്ട വിഷ്ണുമൂർത്തി ദേവസ്ഥാനത്തു ഒറ്റക്കോലം അണിഞ്ഞതിനു ഇദ്ദേഹത്തെ കൊത്തുവള നൽകി ആദരിച്ചിരുന്നു.കരിവെള്ളൂർ പെരുമലയൻ അവകാശത്തിൽ വരുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒക്കെയും, പ്രധാന തെയ്യക്കോലം അണിയുവാൻ ഇദ്ദേഹത്തിന് നിയോഗമുണ്ടായി. തെയ്യ രംഗത്തു ഇദ്ദേഹം പുലർത്തുന്ന ആത്മാർത്ഥതയും അർപ്പണബോധവും,
Courtesy : Vadakkante Theyyangal

Ashokan Manakkadan
അശോകൻ മണക്കാടൻ -
തെയ്യകോലങ്ങളെ അകമഴിഞ്ഞ് സ്നേഹിച്ച, ദേശക്കാരുടെ ദുരിതമകറ്റുവാൻ വേണ്ടി തെയ്യം എന്ന അനുഷ്ടാനത്തെ നെഞ്ചിലെറ്റിയ, ദൈവാനുഗ്രീഹിത ജന്മം. കരിവെള്ളൂർ ദേശം ജന്മാവകാശം. കാസറഗോഡ് മുതൽ പഴയങ്ങാടി ദേശത്തിൽ വരെ തെയ്യം കെട്ടിയാടിയ അപൂർവ പ്രതിഭ. കൊടക്കാട് ശ്രീ പനയക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ, പള്ളകരുവേടൻ തെയ്യം കെട്ടി തെയ്യമെന്ന അനുഷ്ടാനത്തിൽ ജന്മ പാരമ്പര്യം നെഞ്ചിലെറ്റി. 1988 ൽ വീരഭദ്രൻ തെയ്യകൊലം കെട്ടാൻ വേണ്ടി ആചാരപെട്ടു. ജമ്മത്തിലെ തെയ്യങ്ങൾ എല്ലാം കെട്ടാൻ അനുഗ്രഹം ലഭിച്ച കോലധാരി. മുച്ചിലോട്ടു ഭഗവതി, ബാലി, കതിവന്നൂർ വീരൻ, പൂളോൻ, പുതിചോൻ, പണയക്കാട്ട് ഭഗവതി, വീരഭദ്രൻ, പുള്ളിഭഗവതി, ഒയലോത് ഭഗവതി, കണ്ണന്ങ്കാട്ട് ഭഗവതി, പുതിയോതി, കുരിക്കൾ, വൈരജാതൻ എന്നിങ്ങനെ അനവധി തെയ്യകോലങ്ങൾ കെട്ടി ഭക്തർക്ക് അനുഗ്രഹസായൂജ്യം നൽകിയിട്ടുണ്ട്

Babu Peruvannan Kuyiloor
ഇദ്ദേഹത്തെ പറ്റി പറയുമ്പോൾ ആദ്യമേ ഒരു കാര്യം ഇവിടെ ചേർക്കാൻ ആഗ്രഹിക്കുന്നു, അതിനു കാരണം ഇദ്ദേഹത്തിൻറ്റെ തെയ്യശൈലി തന്നെയാണ്. പഴയ തലമുറയിലെ തെയ്യത്തെ അതിൻറ്റെ എല്ലാ വിധ സൗന്ദര്യത്തിലും, ഗാംഭീര്യത്തിലും, അനുഷ്ഠാനത്തിലും, കർമ്മത്തിലും തെയ്യമെന്ന ദേവ ദേവതാ സങ്കൽപത്തെ അതിൻറ്റെ തനിമ ഒട്ടും ചോരാതെ തൻറ്റേതായ ശൈലിയിൽ നമുക്ക് മുന്നിൽ കളിയാട്ട തിരുമുറ്റങ്ങളിൽ ദേവനൃത്തം ചെയ്തു ഭക്തർക്ക് വാക്കുകൊണ്ടും കുറികൊടുത്തും അനുഗ്രഹിച്ചു അവരുടെ മനസ്സു കുളിർപ്പിച്ച കോലാധാരി.
ഇരിക്കൂർ കുയിലൂർ സ്വദേശി. ആടിവേടൻ കെട്ടി കുട്ടികാലത്തു തന്നെ തെയ്യാട്ടത്തിലേക്കു കാലെടുത്തു വെച്ച ഇദ്ദേഹം, പിന്നീട് തെയ്യലോകത്തു സ്വന്തമായി ഒരു സ്ഥാനം കെട്ടിപടുത്ത വ്യക്തിയാണ്. പാടാർകുളങ്ങര വീരൻ തെയ്യം കെട്ടിയാണ് ബാബു പെരുവണ്ണാൻ ഈ രംഗത്തേക്ക് ചുവട് വച്ചത്. ഏകദേശം 22 വർഷങ്ങൾക്ക് മുന്നേ എളമ്പാറ ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയാൻ വേണ്ടി ആചാരപ്പെട്ട ഇദ്ദേഹം തളിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ് പട്ടും ആചാരവളയും സ്വീകരിച്ചത്.
വാണിയ സമുദായത്തിലെ പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതി തെയ്യം നിരവധി മുച്ചിലോട്ട് കാവുകളിൽ ഇദ്ദേഹം കോലം ധരിച്ചിട്ടുണ്ട്.
നീണ്ട ഒമ്പത് പതിറ്റാണ്ടുകളുടെ ദൈർഘ്യമേറിയ ഇടവേളക്ക് ശേഷം 2022 ൽ മട്ടന്നൂരിനടുത്ത് എളമ്പാറ ശ്രീ കിഴക്കേടത്ത് ഭഗവതി ക്ഷേത്രത്തിൽ രൗദ്ര മൂർത്തി ഭാവമായ പടിക്കൽ ഭഗവതി അമ്മയുടെ തിരുമുടി അണിയാൻ ബാബു പെരുവണ്ണാന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതി തെയ്യത്തിൽ ഇദ്ദേഹത്തിനുള്ള വൈഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
അറയിൽ ചുകന്നമ്മ,വയനാട്ടുകുലവൻ,പുതിയ ഭഗവതി,രുതിര പൂമാല ഭഗവതി, മുത്തപ്പൻ,വപ്പൂര മുത്താച്ചി എന്നിങ്ങനെ നിരവധി തെയ്യക്കോലങ്ങൾ ധരിച്ചിട്ടുണ്ട്. ലക്ഷണങ്ങളും നിമിത്തങ്ങളും നോക്കി യോഗങ്ങളും വാക്കുകളും പറയുന്ന ഒരു കോലക്കാരൻ. നിരവധി തെയ്യകോലധാരികൾ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു വന്നിട്ടുണ്ട്.
ആചാര അനുഷ്ടാന പൂർവ്വം തിരുമുടി അണിഞ്ഞു ഭക്ത മനസ്സുകളിൽ ഇടം നേടിയ ഈ കോലധാരി ഉയർച്ചയുടെ പടവുകൾ കയറി ഇനിയും ഉന്നതിയിൽ എത്തട്ടെ🙏🏼
തെയ്യം തിറയാട്ടം

Balakrishnan Peruvannan
Balakrishnan Peruvannan - Parassinikadavu To know more about him:
click on watch on youtube

Dineshan Peruvannan
അഴീക്കോട് തളിയിൽ കൃഷ്ണൻ പെരുവണ്ണാന്റെയും കതിരൂർ കുണ്ടിലാറമ്പത്ത് പത്മിനിയുടെയും മകനായി ജനനം.
കളരി ഗുരുക്കളായ അച്ഛനിൽ നിന്ന് തന്റെ എട്ടാം വയസ്സിൽ കളരി പഠനം ആരംഭിച്ചു.
പന്ത്രണ്ടാം വയസ്സിൽ തെയ്യം കെട്ടിയാട്ട രംഗത്തേക്ക് ചുവട് വെച്ചു.
പതിനാലാം വയസ്സിൽ അഴീക്കോട് മൂന്ന്നിരത്ത് കൂറുമ്പകാവിൽ വീരകാളിയുടെ കോലം കെട്ടിയാടി.
1990-ൽ ഏച്ചൂർ അരയേടത്ത് തറവാട്ട് ക്ഷേത്രത്തിൽ തെക്കൻ കരിയാത്തൻ കോലം ധരിച്ചു കരുമാരത്തില്ലത്തു തമ്പുരാനിൽ നിന്നും പട്ടും വളയും സ്വീകരിച്ച് പെരുവണ്ണാനായി ആചാരപ്പെട്ടു.
പുതിയ ഭഗവതി, മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വയനാട്ട് കുലവൻ, കണ്ടനാർ കേളൻ, കതിവന്നൂർ വീരൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, തെക്കൻ കരിയാത്തൻ, തച്ചോളി ഒതേനൻ, പയ്യമ്പള്ളി ചന്തു, തായ്പരദേവത, ഇളങ്കോലം, തോട്ടുങ്കര ഭഗവതി, കടാങ്കോട്ട് മാക്കം,മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, അന്തിത്തിറ തുടങ്ങിയ നിരവധി കോലങ്ങൾ കെട്ടിയാടിയ ഇദ്ദേഹം തോറ്റം പാട്ടിൽ അഗ്രഗണ്യനാണ്.
1994 മുതൽ അഴിക്കോട് പാലോട്ട്കാവിൽ പതിറ്റാണ്ടുകളായി പാലോട്ട് ദൈവത്താറുടെ കോലം അണിയാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
2005ൽ അഴിക്കോട് പാലോട്ട് കാവിൽ വെച്ച് ചിറക്കൽ തമ്പുരാൻ അഴിക്കോട് തെക്കൻകൂറൻ പെരുവണ്ണാൻ എന്ന ആചാരം നൽകി ആദരിച്ചു.
മികച്ച കളരി അഭ്യാസി കൂടിയായ ഇദ്ദേഹം അച്ഛനിൽ നിന്ന് പാരമ്പര്യ ചികിത്സാ പഠനം തുടങ്ങി ശ്രീ വൈദ്യനാഥൻ കളരി സംഘം സ്ഥാപിച്ച് നിരവധി കുട്ടികൾക്ക് കളരി പരിശീലനത്തിൽ പ്രാവീണ്യം നേടിക്കൊടുക്കുന്നു.
ജില്ലയിലെ വണ്ണാൻ സമുദായ സംഘത്തിനകത്തെ തെയ്യം കോലധാരി സംരക്ഷണ സമിതി ഭാരവാഹി കൂടി ആണ് ഇദ്ദേഹം.
അനുഷ്ഠാനങ്ങളിലൂന്നി ഇനിയുമേറെ തെയ്യക്കോലങ്ങൾ വരുംവർഷങ്ങളിൽ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിക്കട്ടെ എന്ന പ്രാർഥനയോടെ...
കടപ്പാട്: ©️𝐯𝐚𝐫𝐚𝐯𝐢𝐥𝐢

Haridasan Cherukunnu
ചെറുകുന്ന് ചിടങ്ങിലെ പഴയ തെയ്യം കലാകാരൻ ഗോപാല (ചാമുണ്ഡി )ന്റെയും ജാനകിയുടെയും മകനായ ഹരിദാസൻ 15 ാം വയസ്സിൽ പെരുവളത്ത് പറമ്പ് ശ്രീ പൊട്ടൻ ദൈവ ക്ഷേത്രത്തിൽ തെക്കൻ ഗുളികന്റെ തിരുമുടിയണിഞ്ഞു തുടക്കം കുറിച്ചു.. കണ്ണൂർ – കാസർഗോഡ് കാവുകളിലെ നിറസാന്നിദ്ധ്യം.ഗുളികൻ, പൊട്ടൻ ദൈവം,ധർമ്മ ദൈവം, നാഗകന്യക, കുടക്കത്തായി ഭഗവതി, വിഷ്ണു മൂർത്തി തുടങ്ങി നിരവധി കോലങ്ങൾ കെട്ടിയാടിയ ഇദ്ധേഹത്തിന്റെ വിഷ്ണു മൂർത്തി കോലം ഏറെ ശ്രദ്ധ നേടിയതാണ്. നാറാത്തു ശ്രീ ചേരിക്കൽ ഭഗവതി ക്ഷേത്രം, അത്താഴക്കുന്ന് ശ്രീ താഴക്കാവ്, പള്ളിപ്രം പുതിയ ഭഗവതി ക്ഷേത്രം, ഒടിപ്പുറം ശ്രീ പുതിയേടത്ത് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ 24 വർഷം തുടർച്ചയായി വിഷ്ണു മൂർത്തി കോലം കെട്ടിയാടി. 100 വർഷങ്ങൾക്ക് ശേഷം കളിയാട്ടം നടന്ന കാവുമ്പായി ശ്രീ കുടക്കത്തായി ഭഗവതി ദേവസ്ഥാനത്തു തെക്കൻ ഗുളികൻ ദൈവത്തിന്റെ കോലം കെട്ടിയാടാനുള്ള ദൈവിക നിയോഗം ലഭിച്ചു. അണിയല നിർമ്മാണത്തിലും ചെണ്ടവാദ്യത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇദ്ധേഹം. തലശ്ശേരി അണ്ടലൂർ കാവിൽ ഉത്സവത്തിനു പുലയ സമുദായം നടത്തുന്ന കാഴ്ചവരവിൽ 22 വർഷം തുടർച്ചയായി ഇദ്ധേഹത്തിന്റെ നേതൃത്വത്തിലാണ് വാദ്യം കൊട്ടുന്നത്. ലോക പ്രശസ്ത എഴുത്തുകാരൻ വില്യം ഡാർളിമ്പിളിന്റെ 9 ജീവിതങ്ങൾ ( Nine lives ) എന്ന പുസ്തകത്തിലെ ഒരു ജീവിതകഥ തെയ്യത്തിനു മാത്രമായ് ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ധേഹത്തിനെ കുറിച്ചായിരുന്നു…
credit : Mahesh Kavumbayi & Varavili Facebook page

Kanichamil Narayanan
കണ്ണൂർ, മാങ്ങാട് സ്വദേശിയായ നാരായണ പെരുവണ്ണാൻ, തെയ്യ ലോകത്ത് ഭഗവതി നാരായണൻ പെരുവണ്ണാൻ എന്ന നാമത്തിൽ ആണ് കൂടുതലായി അറിയപ്പെടുന്നത്. കൂടുതല്ലായും ഭഗവതി കോലങ്ങൾ അണിയുന്നത് കൊണ്ടും, അവ കൃത്യമായ അനുഷ്ടാനത്തിൽ അതീവ ഹൃദ്യമായും കെട്ടിയാടുന്നത് കൊണ്ട് കൂടെയാണ് ഈ പേരിൽ അറിയപ്പെടുന്നത്. അനുഷ്ടാനകൃത്യത പുലർത്തുന്നതിൽ അതീവ കർക്കശകാരൻ. കണ്ണ പെരുവണ്ണാൻറ്റെയും കല്യാണിയുടെയും പുത്രനായി ജനനം. വളരെ ചെറുപ്പത്തിൽ തെയ്യകാഴ്ചകൾക്ക് സ്വന്തം ജീവൻ കൊടുത്ത് ദേവനൃത്തത്തിലേക്ക് വെള്ളോട്ട് ചിലംബിട്ടു ഇറങ്ങിയ ഇദ്ദേഹം വീരൻ തെയ്യം കഴിച്ചാണ് തന്റ്റെ തെയ്യ ജീവിതം ആരംഭിക്കുന്നത്. അഴീക്കോട് കൃഷ്ണപെരുവണ്ണാൻ ആണ് തെയ്യ ലോകത്തെ ഗുരുനാഥാൻ. കുറുമാത്തൂർ മുച്ചിലോട്ടു കാവിൽ നിന്നും മുച്ചിലോട്ടു ഭഗവതി കെട്ടാനായി ഇദ്ദേഹം അചാരപെട്ടു, എന്നിട്ട് വണ്ണാൻ സമുദായത്തിലെ ഏറ്റവും പ്രധാന തെയ്യക്കോലമായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു. പ്രധാന തെയ്യങ്ങളായ നാട്ടുപരദേവത പുതിയ ഭഗവതി, വലിയമുടി തെയ്യമായ നീലിയാർ ഭഗവതി, ചോന്നമ്മ, തായ്പരദേവത, ബാലി, വേട്ടക്കൊരുമകൻ, നരംബിൽ ഭഗവതി, തിരുവപ്പന – വെള്ളാട്ടം തുടങ്ങി സമുദായത്തിലെ ഒട്ടുമിക്ക തെയ്യക്കോലങ്ങൾക്കും ഇദ്ദേഹം ആത്മം കൊടുത്തു. ഒട്ടുമിക്ക തെയ്യങ്ങളുടെയും മുഖത്തെഴുത്ത് ഇദ്ദേഹത്തിനു ഹൃദയം, തോറ്റം പാട്ടുകളിൽ അഗ്രഗണ്യൻ, ഓലപണിയിൽ മിടുക്ക് തെളിയിച്ച ഇദ്ദേഹം, ഈ 67 ആം വയസ്സിലും തെയ്യത്തിൽ വളരെ സജീവം. ചെയ്ത കർമ്മങ്ങളുടെ അനുഗ്രഹത്താൽ ഇന്നും ഇദ്ദേഹം മികച്ചു നിൽകുന്നു.
Courtesy : Vadakkante Theyyangal

Krishnan Panikkar
ചെറുവത്തൂരിലെ കോലമൊഴിയാത്ത ഊരുമൂപ്പൻ, ചെറുവത്തൂരിലെ ഓരോ കാവുകളിലും ഇന്നും നിറസാന്നിധ്യമാണ് ചെറുവത്തൂരിൻറ്റെ മൂപ്പൻ കൃഷ്ണൻ പണിക്കർ. വാർധക്യം വാരി പുണർന്നിട്ടും കോല മൊഴിയാത്ത കൃഷ്ണൻ പണിക്കർ. കോലമഴിച്ചിട്ടും കോലമൊഴിയാത്ത കോലധാരികൾ, നാട്ടുപരദേവതകളെ സ്വന്തം ശരീരത്തിലേറ്റു വാങ്ങിയ കോലധാരി. പതിമൂന്നാം വയസിൽ കുട്ടമത്ത് വെണ്ണോളി തറവാട്ടിൽ ആദ്യമായി വിഷ്ണു മൂർത്തി കോലമണിഞ്ഞ കൃഷ്ണൻ പണിക്കർ എഴുപത്തിരണ്ടാം വയസിൽ മൂവാളംകുഴി ചാമുണ്ഡിയുടെ കോലം അണിഞ്ഞു ഇന്നും തെയ്യപ്രപഞ്ചത്തിൽ നിറസാനിധ്യമായി നിലകൊള്ളുന്നു. ‘ചെറുവത്തൂർ മുധൂറൻ’ ആചാരക്കാരനായിരുന്ന അച്ഛൻ അമ്പുപണിക്കരുടെ ശിഷ്യത്വത്തിൽ കോലം ധരിച്ച കൃഷ്ണൻ പണിക്കരെ ഇരുപത്തി ഒന്നാം വയസിലായിരുന്നു പൊന്മാലം വിഷ്ണു മൂർത്തി ക്ഷേത്രം പട്ടും വളയും നൽകി ആദരിച്ചത്. വിഷ്ണു മൂർത്തിയുടെ പ്രധാന കോലധാരികളായ പാലായി പരപ്പേൻ തറവാട്ടിൽ തിരുവർകാട് ഭഗവതിയുടെ കോലമണിയാനുള്ള ഭാഗ്യവും കൃഷ്ണൻ പണിക്കർക്ക് സ്വന്തമായി. മടയിൽ ചാമുണ്ഡി, മൂവാളംകുഴിച്ചാമുണ്ഡി, കാളകാട് കരിങ്കുട്ടിശാസ്തൻ, കാലഭൈരവൻ, തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന തെയ്യക്കോലങ്ങൾ. തെയ്യംരംഗത്ത്പ്രവേശിച്ച ഉടൻ തന്നെ സെയിൽസ് ടാക്സിൽ ഉദ്യോഗം ലഭിച്ചെങ്കിലും കൃഷ്ണൻ പണിക്കർ തൻ്റെ ജന്മനിയോഗമായ തെയ്യക്കോലം വെടിഞ്ഞില്ല. ഉദ്യോഗവും കുലത്തൊഴിലും ഒരേ പോലെ തുടർന്ന ഇദ്ദേഹം ഇന്നേക്ക് ആയിരത്തിലധികം കോലങ്ങളണിഞ്ഞു. ഇപ്പോൾ ചെറുവത്തൂർ മുധൂറൻ തറവാട്ടിൽ മൂപ്പനായ ഇദ്ദേഹം ‘മുധൂറൻ’ ആചാരം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. എഴുപത്തിരണ്ട് വയസായിട്ടും ശരീരം കൊണ്ടും മനസ് കൊണ്ടും കോലമൊഴിയാതെ കൃഷ്ണൻ പണിക്കർ ഇന്നും അണിയറയിൽ സജീവമാണ്. കഴിഞ്ഞ വർഷവും യൗവനതുല്യ ശോഭയോടെ കാരഗുളികൻ കോലം കൃഷ്ണൻ പണിക്കർ ധരിച്ചിരുന്നു.
Courtesy : Vadakkante Theyyangal

Kunhiraman Kutturan Paravoor
കുഞ്ഞി രാമൻ കുറ്റൂരൻ പറവൂർ ഭക്ത ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കോലധാരി…പറവൂർ തൊണ്ടച്ചൻ ദേവസ്ഥാനത് തന്റെ 13 ആം വയസിൽ തൊണ്ടച്ചൻ കെട്ടിയാടി തെയ്യം എന്നാ മഹാ പാരമ്പര്യത്തിലേക്ക് കാലെടുത്തു വച്ചു. പറവൂർ പുലിയൂര് കാളി ക്ഷേത്രത്തിൽ തുടർച്ചയായ 37 വർഷം പുലിയൂര് കാളി കെട്ടുകയും പാലത്തേര കുറ്റൂരാൻ എന്ന സ്ഥാനപ്പേര് ലഭിക്കുകയും ചെയ്തു. ചുകന്നമ്മ തെയ്യം കെട്ടുന്നതിലും ഏറെ മികവു കാണിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിച്ച് തന്റെ 69 ആം വയസ്സിലും തികഞ്ഞ അനുഷ്ടാനത്തോടെ കണ്ണൂര് കാനത്തൂർ കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടിയേറ്റുന്നു
Courtesy : Vadakkante Theyyangal

Libin Peruvannan Thaliyil
വർത്തമാന കാലത്തിലെ തെയ്യം കോലധാരികൾക്കിടയിലെ സജീവ സാന്നിധ്യം ആണ് ഈ യുവകോലധാരി.
ചെറുകുന്ന് സ്വദേശിയായ യു. ബാബുവിന്റെയും തളിയിൽ സ്വദേശി കെ.സി ലേഖയുടെയും മകൻ.
തന്റെ പതിനഞ്ചാം വയസ്സിൽ താവം മലയതറമ്മൽ തറവാട്ടിൽ വീരർകാളി ഭഗവതി കെട്ടിയാണ് ആരംഭം.
നാറാത്ത് മോഹനൻ പെരുവണ്ണാൻ, അഴിക്കോട് ദിനേശൻ പെരുവണ്ണാൻ, കണ്ടോത്ത് മോഹനൻ പെരുവണ്ണാൻ, താവം ശ്രീജിത്ത് പെരുവണ്ണാൻ എന്നിവരാണ് ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും ഒക്കെ.
നാറാത്ത് പാമ്പുരുത്തി പുതിയ ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടിയാടിയ ഇദ്ദേഹത്തെ പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചാരപ്പെടുത്തുകയുണ്ടായി.
പുതിയ ഭഗവതിക്ക് പുറമെ, വീരൻ, വീരാളി, പുലിയൂർ കാളി, പുലിയൂർകണ്ണൻ, വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, കക്കര ഭഗവതി, ധൂളിയാംകാവിൽ ഭഗവതി, നരമ്പിൽ ഭഗവതി, പെരുമ്പുഴയച്ഛൻ, തായ്പരദേവത, മുത്തപ്പൻ വെള്ളാട്ടം തുടങ്ങി ഒട്ടനവധി തെയ്യക്കോലങ്ങൾ ഈ ചുരുങ്ങിയ കാലയളവിൽ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിച്ചു.
45 വർഷങ്ങൾക്ക് ശേഷം നടന്ന ചിറക്കൽ പെരുംകളിയാട്ടത്തിൽ തോട്ടുംകര ഭഗവതിയുടെ കോലം അണിയാൻ ഇദ്ദേഹത്തിന് സാധിച്ചു.
തെയ്യം കെട്ടിയാടുന്നതിന് പുറമെ മുഖത്തെഴുത്തിലും മരക്കലത്തിലെ തോറ്റം ചൊല്ലുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
ഇനിയും ഒട്ടനവധി വർഷങ്ങൾ നിരവധി തെയ്യങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കടപ്പാട്: രാവണൻ

Manoj Munnoottan
കണാരൻ മുന്നൂറ്റാൻറ്റെയും നാരായണിയുടേയും മകനായി ജനനം. ഭഗവതിയെ ഭഗവതിയാക്കിയ രവിമുന്നൂറ്റാൻറ്റെ അനുജൻ. തെയ്യത്തെ അനുഷ്ടാനത്തിൽ നിന്നും ഒരു നൂലിടവിടാതെ, കുല മഹിമയിൽ നിന്ന് കൊണ്ട് ഇപ്പോഴും സംരക്ഷിക്കുന്നു വ്യക്തി. അഗ്നികൊണ്ട് കൺഠാകർണ്ണനെ തൃപ്തിപ്പെടുത്തി കണ്ണൂർ കല്ലികോടൻ കാവിൽ നിന്ന് വെളളൂര് ഇല്ലം തന്ത്രിയിൽ നിന്നും ആചാരം വാങ്ങീ, കൂടാതെ അണ്ടലൂർ അങ്കക്കാരൻ തെയ്യം കെട്ടി ചുരികയും, ജാതിയുടെ പേരിൽ തരംതിരിച്ച തെയ്യങ്ങളെ ജാതി ബേധമില്ലാതെ തനിക്ക് ഏത് കോലവും ചേരുമെന്ന് തെളിയിച്ച കോലധാരി. മഹാമായയായ ദേവീ കോലങ്ങൾ അനുഷ്ടാനമായി കെട്ടിയാടുന്നതിൽ തലശ്ശേരി നാട്ടിലെ കോലം ധരിക്കുന്നവരിൽ മുൻപന്തിയിൽ ആണ് ഇദ്ദേഹം. കുട്ടിച്ചാത്തൻ -തിരുവപ്പന വെളളാട്ടം- തമ്പുരാട്ടി- രക്തേശ്വരി- നാഗ ഭഗവതി – ഗുളികൻ -വസൂരിമാല ശ്രീപോർകലി- കൺഠാകർണ്ണൻ എന്ന് തുടങ്ങി എല്ലാ തെയ്യങ്ങളും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ച് അനുഷ്ഠാന മികവിനാൽ കോലം കെട്ടിയാടുന്ന കനലാടി..
Courtesy : Vadakkante Theyyangal

Mohanan Peruvannan
പയ്യന്നുർ കാങ്കോൽ ആണ് താമസം
കണ്ടോത്ത് പാലത്തര രാമൻന്റെയും മാണി അമ്മയുടെയും ആറ് മക്കളിൽ മൂത്ത മകൻ ആണ് ഇദ്ദേഹം.
അഞ്ചാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സിൽ പരവന്തട്ട ഉദയപുരം ക്ഷേത്രത്തിൽ പുലിമാരുതൻ തെയ്യം കെട്ടിയാടി തെയ്യം മേഖലയിൽ സജീവമായി
1980 ൽ ജന്മാധികാര ദേശമായ രാമന്തളി താവുരിയാട്ട് ക്ഷേത്രത്തിൽ വേട്ടയ്ക്കൊരുമകൻ തെയ്യം കെട്ടാൻ വേണ്ടി ചിറക്കൽ കോവിലകത്ത് നിന്ന് കച്ചും ചുരികയും സ്വീകരിച്ച് പെരുവണ്ണാനായി ആചാരപ്പെട്ടു
അച്ഛൻ ആയ രാമൻ, കണ്ടോത്ത് ഉള്ള വല്യച്ഛനായ രാമൻ കുറ്റുരാൻ കുഞ്ഞിമംഗലം ഉള്ള കുറുവാട്ട് രാമപ്പെരുവണ്ണാൻ, പാന്തോട്ടം ചിണ്ടപ്പെരുവണ്ണാൻ, കോറോം അമ്പുപ്പെരുവണ്ണാൻ, വടശ്ശേരിയിലെ കുഞ്ഞിരാമൻ വൈദ്യർ എന്നിവരാണ് ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാർ
ഇദ്ദേഹം തന്റെ പതിനേഴാം വയസ്സിൽ ആദ്യമായി കതിവനൂർ വീരൻ കെട്ടിയാടി.ഏകദേശം അറുപതോളം കതിവനൂർ വീരൻ കെട്ടിയാടിട്ടുണ്ട്. നൂറോളം ബാലി തെയ്യം കെട്ടിയാടിട്ടുണ്ട്, പെരുമ്പുഴയച്ഛൻ തെയ്യം ഒരു വർഷം തന്നെ പതിമൂന്നോളം കെട്ടിയാടുകയും അങ്ങനെ അപൂർവമായ ഈ തെയ്യക്കോലം നൂറിലധികം കെട്ടാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത്യപൂർവമായി കെട്ടിയാടാറുള്ള കണ്ടോത്ത് കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂലിൻ കീഴിൽ ദൈവം ആറെണ്ണത്തിൽ കൂടുതൽ തവണ കെട്ടാൻ സാധിച്ചിട്ടുണ്ട് കൂടാതെ പെരുങ്കാളിയാട്ടം, കണ്ണങ്ങാട് എന്നിവിടങ്ങളിൽ മാത്രം കെട്ടിയാടാറുള്ള വണ്ണാൻ കൂത്ത് എന്ന തെയ്യം ഇന്നും കെട്ടിയാടി വരുന്നു,
ഈ തെയ്യങ്ങൾക്ക് പുറമേ മുത്തപ്പൻ, അന്തിത്തിറ, തിരുവപ്പന, പുലിയൂർ കളി, പുലിക്കണ്ഠൻ, പുതിയ ഭഗവതി,പാടാർകുളങ്ങര ഭഗവതി,കക്കറ ഭഗവതി, ഊർപഴശ്ശി, നരമ്പിൽ ഭഗവതി, തായി പരദേവത, കുടിവീരൻ, കണ്ടനാർകേളൻ, വയനാട്ട് കുലവൻ, പടവീരൻ, ചൂളിയാർ ഭഗവതി, ശ്രി ഭൂതം,വെളുത്ത ഭൂതം, വട്ടി ഭൂതം, കോളിച്ചാൽ വീരൻ, പ്രാമഞ്ചേരി ഭഗവതി, ഗുരിക്കൾ തെയ്യം, പയ്യന്നുർ തെരുവിലെ ഊർവേലി തമ്പുരാട്ടി, വിഷ്ണുമൂർത്തി, പെരിയാട്ട് ചാമുണ്ഡി,കന്നിക്കൊരു മകൻ,കരിന്തിരി നായർ, ചങ്ങനുംപൊങ്ങനും എന്നീ തെയ്യക്കോലങ്ങളും ഇദ്ദേഹം തന്റെ തെയ്യസപര്യയിൽ കെട്ടിയാടി.
തെയ്യാട്ടത്തിന് പുറമെ മാക്കം ഭഗവതി തോറ്റം, നെടുബാലിയൻ തോറ്റം, കതിവനൂർ വീരൻ തോറ്റം, മുച്ചിലോട്ട് ഭഗവതി തോറ്റം, പെരുമ്പുഴയച്ഛൻ തോറ്റം, പടക്കത്തി ഭഗവതി തോറ്റം, ഇന്ന് അപൂർവം ആളുകൾ മാത്രം ചൊല്ലുന്ന ഊർപ്പഴശ്ശി ദൈവത്തിന്റെ കൊലസ്ഥാനം(കുടിപക സ്ഥാനം)തുടങ്ങിയ ഒട്ടുമിക്ക തെയ്യത്തിന്റെ തോറ്റങ്ങളിലും ഉള്ള ഇദ്ദേഹത്തിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്.
തോറ്റം ചൊല്ലലിനു പുറമേ തെയ്യാട്ടത്തിൽ ഉള്ള അണിയറപണി, മുഖത്തെഴുത്ത്, അണിയല നിർമാണം എന്നിവയിലും ഇദ്ദേഹത്തിനുള്ള കഴിവ് വളരെ വലുത് ആണ്. തെയ്യം മേഖലയിൽ ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാർ ഉണ്ട്.
ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഈ അനുഗ്രഹീത കോലധാരിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്

Neeraj Panikkar
അള്ളടം നാട്ടിലെ തെയ്യ സമുദായങ്ങളിൽ പ്രശസ്തരാണ് ചെറുവത്തൂർ മലയന്മാർ. തിമിരി മുതൂറ ന്റെമടയിൽ ചാമുണ്ഡി, കൃഷ്ണൻ പണിക്കരുടെ മൂവാളംകുഴി ചാമുണ്ഡി, മയിച്ച കൃഷ്ണൻ പണിക്കരുടെ വിഷ്ണുമൂർത്തി ,ഈ തെയ്യക്കോലങ്ങൾ കണ്ടവരുടെ മനസിൽ ആതേജോ രൂപവും വെള്ളോട്ട് ചിലമ്പിന്റെ നാദവും ഇന്നുമുണ്ടാകാം. ആ പരമ്പരയിൽ തിമിരി കൃഷ്ണൻ പണിക്കർ ,മുഴക്കോം ചന്ദ്രൻ പണിക്കർ ,കൃഷ്ണകുമാർ പണിക്കർ ,രാജൻ പണിക്കർ ,കുഞ്ഞികൃഷ്ണൻ പണിക്കർ തുടങ്ങി നിരവധി പേർ ഇന്ന് സജീവമായി തെയ്യം കലാരംഗത്തുണ്ട്.
പുതു തലമുറയിലും പ്രഗത്ഭരായ കലാകാരന്മാരുണ്ട്. അതിൽ മുഴക്കോം ചന്ദ്രൻ പണിക്കരുടെ മകൻ നീരജ് ഏറെ ശ്രദ്ധേയനാണ്. ചെറുവത്തൂർ മുഴക്കോം ചാലക്കാട്ട് മാടം കഴിഞ്ഞ കളിയാട്ട നാളിൽ നീരജിനു പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി. മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, ഒറ്റക്കോലം തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി...

P.S. SREYAS
എരിക്കുളം വേട്ടക്കൊരുമകൻ കോട്ടം ഉപദേവാലയമായ പടിഞ്ഞാർ ചാമുണ്ഡി ക്ഷേത്ര കളിയാട്ട അരങ്ങിൽ 10 വയസ്സുകാരൻ പി.എസ്.ശ്രേയസ് മോന്തിക്കോലമായി നിറഞ്ഞാടുന്നു.
പൂത്തക്കാൽ ഗവ. യു.പി. സ്കൂൾ ആറാംതരം വിദ്യാർഥിയായ ശ്രേയസ് മുണ്ടോട്ടെ നൽക്കദായ പരമ്പരാഗത തെയ്യം കലാകാരൻ കെ. സത്യന്റെയും പൂർണിമയുടെയും മൂത്തമകനാണ്. എൽ.കെ.ജി. വിദ്യാർഥി ശ്രീ ശിഖ സഹോദരിയും.
അച്ഛനും ബന്ധുകൾക്കുമൊപ്പം കർക്കടകത്തെയ്യമായി നാട്ടു സഞ്ചാരം നടത്താറുണ്ടെങ്കിലും ശ്രേയസ് ആദ്യമായാണ് കളി യാട്ടത്തിൽ തെയ്യക്കോലമായി മാറുന്നത്.
പടിഞ്ഞാർ ചാമുണ്ഡി ക്ഷേത്ര കളിയാട്ടവേദിയിൽ എല്ലാ ദിവസവും മോന്തിക്കോലമായി അരങ്ങിലെത്തിയത് ശ്രേയസ്സായിരുന്നു. കളിയാട്ടവേ ദിയിൽ ചൊവ്വാഴ്ച രാത്രി ക്ഷേ ത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചാരസ്ഥാനികർ ശ്രേയസ്സിന് ഉപഹാരം നൽകി. കളിയാട്ട സമാപനദിനമായ ബുധനാഴ്ച പകൽ തെയ്യക്കോലങ്ങൾ അര ങ്ങൊഴിയുമ്പോൾ ശ്രേയസ് നീലേശ്വരത്ത് നടക്കുന്ന ഉപജില്ലാ കലോത്സവവേദിയിൽ തിരക്കി ലായിരുന്നു. കന്നഡ പദ്യംചൊല്ലലിലും സംസ്കൃത പദ്യംചൊല്ലലിലും വന്ദേമാതരം ആലാപനത്തിലുമാണ് ഉപജില്ലയിൽ മാറ്റുരയ്ക്കു ന്നത്. അവിടെ അമ്മ പൂർണിമയാണ് ഗുരു.

Ponnu Panikkar
മോറാഴ ദേശത്തെ സജീവകോലധാരികളിൽ ശ്രദ്ധേയനാണ് ഇദ്ദേഹം.
പ്രഗത്ഭ ഘണ്ടകർണൻ തെയ്യം കോലധാരി ആയിരുന്ന ശ്രീ എൽ. ടി ഉണ്ണിപണിക്കറുടെയും ചിന്നുക്കുട്ടി അമ്മയുടെയും മകൻ ആയി ജനനം.
മിക്ക തെയ്യക്കാരെയും പോലെ ചെറിയ പ്രായത്തിൽ തന്നെ വേടൻ തെയ്യം കെട്ടി തുടങ്ങി, തന്റെ പതിമൂന്നാം വയസ്സിൽ വട്ടാക്കീൽ മുച്ചിലോട്ട് കാവിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടി തെയ്യജീവിതം ആരംഭിച്ചു.
തെയ്യത്തിന്റെ വഴിയിൽ അച്ഛൻ തന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗുരുനാഥൻ, വല്യച്ഛൻ ആയ മോറാഴ ബാലൻ പണിക്കർ ആണ് ഇദ്ദേഹത്തിന് ആദ്യമായി തലപ്പാളി വെച്ച് കൊടുത്തത്. ഒരു തെയ്യക്കാരൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പ്രചോദനവും ഉപദേശങ്ങളും ഒക്കെ നൽകി എന്നും കൂടെ ഉണ്ടായിരുന്നത് ചുണ്ട രമേശൻ പണിക്കർ, എൽ. ടി മുരളി പണിക്കർ, എൽ. ടി ഷൈജു പണിക്കർ എന്നിവർ ആണ്.
നിരവധി ഘണ്ടകർണൻ തെയ്യം കെട്ടിയാടിയ ഇദ്ദേഹം ഗുളികൻ, പൊട്ടൻ തെയ്യം, കരുവാൾ ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങി അനേകം തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
പൊട്ടൻ തെയ്യം കെട്ടിയാടിയതിന്റെ ഫലമായി തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് ഇദ്ദേഹത്തിന് പട്ടും വളയും നൽകി പണിക്കർ ആയി ആചാരപ്പെടുത്തി.
പിതാവ് ഉണ്ണി പണിക്കർ തെയ്യാട്ടത്തോടൊപ്പം തന്നെ നാടക അഭിനയത്തിലും പ്രാവീണ്യം തെളിയിച്ച ഒരു അതുല്യ പ്രതിഭ ആയിരുന്നു, അദ്ദേഹത്തിന്റെ വഴിയിൽ തന്നെ ആണ് പൊന്നു പണിക്കറുടെയും യാത്ര; നാടക അഭിനയത്തിന് പുറമെ സിനിമയിലും കുറച്ച് വേഷങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു.
ഇനിയും നിരവധി വർഷങ്ങൾ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കടപ്പാട്: രാവണൻ

Premarajan Peruvannan
ചുഴലി സ്വരൂപത്തിൽ യുവതലമുറയിലെ ശ്രദ്ധേയനായ കോലധാരിയാണ് ഇദ്ദേഹം. പ്രശസ്ത തെയ്യം കോലധാരിയായിരുന്ന ഒതേന പെരുവണ്ണാന്റെയും കല്യാണി അമ്മയുടെയും മകനായ ഇദ്ദേഹത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ കുറുമാത്തൂരിനടുത്തുള്ള കൊളത്തൂർ ആണ്.
അഞ്ചാം വയസ്സിൽ വേടൻ കെട്ടി തെയ്യരംഗത്തേക്ക് ചുവടുവെച്ച ഇദ്ദേഹം, തന്റെ പതിമൂന്നാം വയസ്സിൽ ചുഴലി അരയാക്കീൽ പുതിയ ഭഗവതി ക്ഷേത്രത്തിൽ പാടാർകുളങ്ങര വീരൻ കെട്ടി കാവുകളിലും അരങ്ങേറി.
തോട്ടുംകര ഭഗവതി കെട്ടിയാടുന്നതിൽ ഏറെ ശ്രദ്ധേയനാണ്. അരോളി ചിറ്റോത്തിടം മന്ത്രശാലയിൽ തുടർച്ചയായി തോട്ടുങ്കര ഭഗവതി കോലം കെട്ടിയാടിയ ഇദ്ദേഹത്തെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നൽകി ആചാരപ്പെടുത്തി.
അണിയല നിർമാണങ്ങളിലും മുഖത്തെഴുത്തിലും തോറ്റം പാട്ടുകളിലും പ്രഗത്ഭനായ, ഗംഗാധരൻ കൊളത്തൂർ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ആണ്. തോട്ടുംകര ഭഗവതിക്ക് പുറമെ, പുതിയ ഭഗവതി, നരമ്പിൽ ഭഗവതി, ധൂളിയാങ്കാവിൽ ഭഗവതി, അർദ്ധ ചാമുണ്ഡി, കതിവനൂർ വീരൻ, കണ്ടനാർ കേളൻ, കുടിവീരൻ, ഊർപ്പഴശ്ശി - വേട്ടക്കൊരുമകൻ, മാണിക്യ ഭഗവതി, ആലോട്ട് ഭഗവതി, തായ്പരദേവത, വടക്കത്തി ഭഗവതി, നാഗകന്നി, മുത്തപ്പൻ വെള്ളാട്ടം തുടങ്ങി ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
പുതിയ ഭഗവതിയുടെ എഴുപത്തി മുടി നിർമ്മിക്കുന്നതിൽ ഇദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടിയിരിക്കുന്നു. മുഖത്തെഴുത്തിലും അണിയല നിർമ്മാണത്തിലും ഏറെ പ്രാഗത്ഭ്യം തെളിയിച്ച ഒരു വ്യക്തി കൂടി ആണ് പ്രേമരാജൻ പെരുവണ്ണാൻ.
കടപ്പാട്: രാവണൻ

Ranjith Peruvannan
നിലവിലെ ശ്രദ്ധേയനായ കണ്ടനാർ കേളൻ കോലധാരിയാണ് രഞ്ജിത്ത് പെരുവണ്ണാൻ. മാതമംഗലത്തിനടുത്ത് ചെറുവിച്ചേരി ആണ് ഇദ്ദേഹത്തിന്റെ ജന്മ ദേശം.
എ. കെ രവീന്ദ്രന്റെയും കെ. ഉഷയുടെയും മകൻ
ഭാര്യ : ആതിര
മക്കൾ : അദിൻജിത്ത്, അമർ ജിത്ത്
ചെറുപ്രായത്തിൽ തന്നെ ആടിവേടൻ കെട്ടി അരങ്ങേറ്റം പിന്നീട് കൈക്കോളൻ തെയ്യവും കെട്ടിയാടി.
തന്റെ പത്തൊൻപതാം വയസ്സിൽ മാട്ടൂൽ പൂമരത്തിൻകീഴിൽ പുതിയ ഭഗവതി ക്ഷേത്രത്തിൽ വീരൻ തെയ്യം കെട്ടിക്കൊണ്ട് തെയ്യം മേഖലയിൽ സജീവമായി.
ഇതിനോടകം 130ൽ അധികം കണ്ടനാർ കേളൻ തെയ്യം കെട്ടിയാടിയിട്ടുണ്ട് ഇദ്ദേഹം. ഏറ്റവും കൂടുതൽ കെട്ടിയാടിയതും കണ്ടനാർ കേളൻ തന്നെ.
2009-ൽ കാട്ടാമ്പള്ളി പുതിയവളപ്പിൽ തൊണ്ടച്ചൻ ദേവസ്ഥാനത്ത് വെച്ച് കണ്ടനാർ കേളൻ തെയ്യം കെട്ടിയതിന് പിന്നാലെ ഇദ്ദേഹത്തെ പട്ടും വളയും നൽകി, പെരുവണ്ണാൻ ആയി ആചരിക്കുകയുണ്ടായി.
അമ്മയുടെ പിതാവായ പൊടിക്കളം പറമ്പിൽ കണ്ണൻ , കുറുമാച്ചി അച്ചാച്ചൻ എന്ന് വിളിക്കുന്ന രാമ പെരുവണ്ണാൻ, രവി ഇളംതുരുത്തി, ഗിരീശൻ പെരുവണ്ണാൻ, പ്രകാശൻ പെരുവണ്ണാൻ - ഇവർ ഒക്കെയാണ് തെയ്യം മേഖലയിലെ ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും എല്ലാം..
പുതിയ ഭഗവതി, വീരാളി, ഭദ്രകാളി, കതിവനൂർ വീരൻ, ഗുരുക്കൾ തെയ്യം, വയനാട്ടുകുലവൻ, കുടിവീരൻ, പുലിയൂർ കാളി, പുലികണ്ടൻ, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി, പെരിയാട്ട് ചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, കക്കര ഭഗവതി, ധൂളിയാങ്കാവ് ഭഗവതി, നരമ്പിൽ ഭഗവതി, ചീരു, ചാത്തു തുടങ്ങി ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ നാളിതുവരെയായിട്ട് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇനിയും നിരവധി വർഷങ്ങൾ ഒട്ടനേകം തെയ്യക്കോലങ്ങൾ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്...
കടപ്പാട്: രാവണൻ

Santhosh Peruvannan
കടന്നപള്ളി മംഗലശ്ശേരി ധർമ്മശാസ്ത ക്ഷേത്രത്തിനു അരികെ താമസം. യുവ തലമുറയിലെ വളരെയധികം ശ്രദ്ധിക്കപെട്ട തെയ്യ കോലക്കാരിൽ ഒരാൾ. കടന്നപള്ളി മുച്ചിലോട്ടു കാവിൽ മുച്ചിലോട്ടു ഭഗവതി കെട്ടുവാൻ വേണ്ടി ആചാരപെട്ടു. ഏഴാം വയസ്സിൽ വേടൻ, 17 വയസ്സിൽ മുത്തപ്പൻ, 18 വയസ്സിൽ കുടിവീരൻ തെയ്യം കെട്ടി തെയ്യ പാരമ്പര്യത്തിലേക്ക് കാലെടുത്തുവെച്ചു. 2007 ൽ പെരുവണ്ണാൻ ആയി അചാരപെട്ടു. ജമ്മം പയ്യന്നൂർ, കുന്നെരു, രാമന്തളി ദേശം. തെയ്യം അനുഷ്റ്റാനപൂർവം ആച്ചരിക്കപെടുവാൻ ശ്രദ്ധിക്കുന്ന ഒരു കോലധാരി. അണിയലപണിയിലും, മുഖത്തെഴുതിലും പ്രാവീണ്യം നേടി, കഴിവ് തെളിയിച്ചു. മുച്ചിലോട്ടു ഭഗവതി, പുതിയ ഭഗവതി, കതിവന്നൂർ വീരൻ, തായ്പരദേവത, വയനാട്ടു കുലവൻ, കണ്ണങ്കാട്ട് ഭഗവതി തുടങ്ങിയ നിരവധി തെയ്യകോലങ്ങളിലേക്ക് വേഷ പകർച്ച ചെയ്തിട്ടുണ്ട് .
Courtesy : Vadakkante Theyyangal

Poyyil Chathurbhujan Karnamoorthi
പൊയ്യിൽ ചതുർഭുജൻ കർണ്ണമൂർത്തി -
തെയ്യത്തിലെ ചില ആചാര സ്ഥാനികർക്ക് മേൽവസ്ത്രം ധരിക്കുവാൻ പാടില്ല എന്നൊരു നിയമമുണ്ട്, അതിനാൽ ആ ആചാരത്തെ മാനിച്ചുകൊണ്ടിന്നും ചതുർഭുജൻ കർണ്ണമൂർത്തിക്ക് മേൽവസ്ത്രം അന്യം.
കാടകത്തേക്കു ആചാരം ലഭിച്ച അമ്പു കർണ്ണമൂർത്തിയുടെയും, മാണിയമ്മയുടെയും പുത്രനായി 1963ൽ ജനിച്ച ചതുർഭുജൻ കർണ്ണമൂർത്തി, സ്വന്തം പിതാവിനെ തന്നെയാണ് ഗുരുവായി കണ്ടത്.
1997ൽ പാടി ശ്രീ പുള്ളികരിങ്കാളി ക്ഷേത്രത്തിൽ, പുള്ളികരിങ്കാളിയമ്മയെ കെട്ടുവാൻ വേണ്ടി ആചാരം കിട്ടി.
വളരെ കൃത്യമായ ചിട്ടവട്ടങ്ങളിൽ തെയ്യക്കോലങ്ങൾ ധരിക്കുന്ന ഇദ്ദേഹം, പ്രധാന പല തെയ്യക്കോലങ്ങളും അണിഞ്ഞിട്ടുണ്ട്.
തെയ്യംകെട്ട് മഹോത്സാവത്തിനു വയനാട്ടുകുലവൻറ്റെ തിരുമുടി അണിഞ്ഞു ചൂട്ടൊപ്പിക്കുവാൻ ഉള്ള മഹാഭാഗ്യം ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പത്തോളം കണ്ടനാർ കേളൻ തെയ്യങ്ങൾക്ക് ഇദ്ദേഹം തിരുമുറ്റത്ത് ചുവടുവെച്ചു.
കാവിൽ ഭണ്ഡാര വീട്ടിൽ ആദ്യമായി കോരച്ഛൻ തെയ്യം കെട്ടിയ കർണമൂർത്തി
നീർച്ചാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 1992 ൽ ആദ്യമായി വയനാട്ടുകുലവന്റെ കോലംധരിച്ചു.
നിലവിൽ 2025 ൽ കാസർഗോഡ് ചൗക്കി പാലാ തിയ്യ തറവാട്ടിലും ദേവന്റെ കോലം ധരിച്ചു.. കോട്ടപ്പാറ ദേവസ്ഥാനത്ത്
2 തവണയും പട്ടരെ കന്നി രാശിയിൽ ഒരു തവണ ദേവന്റെ കോലം ധരിക്കാനും ഭാഗ്യം ഉണ്ടായി...
പെരുതണ മുച്ചിലോട്ട് കളിയാട്ടത്തിനു മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി വെക്കുവാനുള്ള യോഗം ഇദ്ദേഹത്തിൽ വന്നു സിദ്ധിച്ചു, ഉദുമ പൂബാണം കുഴിയിലെ പെരുങ്കളിയാട്ടത്തിനു അദ്ദേഹം ചൂളിയാർ ഭഗവതിയുടെ തിരുമുടി അണിഞ്ഞു.
പുലിചേകവൻ, പുലിതെയ്യങ്ങൾ, കാലിച്ചേകോൻ, പാടാർകുളങ്ങര ഭഗവതി, പുതിയ ഭഗവതി തുടങ്ങി നിരവധി തെയ്യമെന്ന ദേവതാ സങ്കൽപ്പത്തിന്, സ്വന്തം ശരീരവും മനസ്സും കൊണ്ടു ആത്മസമർപ്പണം നടത്തി, തേജസുറ്റ നോക്കും വാക്കും കൊണ്ടു ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു.
ഭഗവതിമാരുടെയും, പുലിദൈവങ്ങളുടെയും, വയനാട്ടുകുലവന്റ്റെയും തോറ്റം പാട്ടുകളിൽ ഇദ്ദേഹതിൻറ്റെ മികവ് പറഞ്ഞറിയിക്കുവാൻ പറ്റില്ല.
ഇന്നും തനിക്കു കൈവന്ന തെയ്യമെന്ന സംസ്കാരത്തെ, അനുഷ്ടാനത്തെ ഭക്തികൊണ്ടു പൂർണതയിൽ നിറവേറ്റുന്നു
മക്കൾ സച്ചിൻ കാവിൽ, വിഷ്ണു കാവിൽ എന്നിവരും അച്ഛന്റെ പാത പിന്തുടാരുന്നു...
സച്ചിൻ കാവിൽ കുറ്റിക്കോൽ ചേലിട്ടുകാരൻ വീട്ടിൽ ആദ്യമായി കണ്ടനാർകേളൻ തെയ്യംകെട്ടി, തുടർന്ന് ബംഗാട്, ഉദുമ കണ്ണികുളങ്ങര തറവാട് എന്നി ദേവസ്ഥാനത്തും കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലംധരിച്ചു..
Kadappad: ശ്രീ വയനാട്ടുകുലവൻ
വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ്

Shaji Perumalayan Pattuvam
കോലത്തു നാട്ടിലെ അതി വിശിഷ്ടമായ ആചാരസ്ഥാനങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പട്ടുവം പെരുമലയൻ. പട്ടുവം വടക്കേകാവിൽ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കാനുള്ള അവകാശം ശ്രീ പട്ടുവം പെരുമലയനാണ്… പട്ടുവം സ്വദേശി ശ്രീ ഷാജിയാണ് ഇന്ന് പട്ടുവം പെരുമലയൻ. 19)o വയസ്സിലാണ് ഇദ്ദേഹം പെരുമലയനായി ആചാരപ്പെടുന്നത്. പ്രശ്ന ചിന്തയിലുടെയാണ് ദേവിഹിതം മനസ്സിലാക്കിയാണ് ഇദ്ദേഹത്തെ പെരുമലയനായി ആചാരപ്പെടുത്തുന്നത്. തന്റെ 14)o വയസ്സിൽ പട്ടുവം വടക്കേ കാവിൽ ഒറ്റക്കോലം കഴിച്ചാണ് തെയ്യം കെട്ടിലേക്ക് ഇദ്ദേഹം കാലെടുത്ത് വയ്കുന്നത്. തുടർന്നു വടക്കേ കാവിൽ തന്നെ എട്ടു ഒറ്റക്കോലം കഴിച്ചു അഗ്നി പ്രവേശം നടത്തിയിട്ടുണ്ട്… തുടർന്ന് 2000 ത്തിൽ പണിക്കർ ആയി ആചാരപ്പെടാനിരിക്കെയാണ് ഇദ്ദേഹത്തെ തേടി ദൈവഹിതം എത്തുന്നത്. തുടർന്ന് ചിറക്കൽ കോലോത്ത് നിന്നും ചിറക്കൽ തമ്പുരാൻ വെള്ളിപ്പിടിക്കത്തിയും വെള്ളിമാലയും വെള്ളി കെട്ടിയ ചൂരലും നല്കി ആചാരപ്പെടുത്തി.
Courtesy : Vadakkante Theyyangal

Shyju Panikkar Morazha
എൽ. ടി കുഞ്ഞിരാമന്റെയും ശാന്തയുടെയും 4 മക്കളിൽ രണ്ടാമത് ആയിട്ട് ജനിച്ച ഇദ്ദേഹം മോറാഴ - കൂളിച്ചാൽ സ്വദേശി ആണ്.
തെയ്യം കെട്ടിയാടുന്നതിലും അണിയലനിർമാണങ്ങളിലും തോറ്റം ചൊല്ലുന്നതിലും വാദ്യമേളത്തിലും ഉള്ള ഇദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസ അർഹിക്കുന്നതാണ്. പെരുമാറ്റത്തിൽ ആയാലും സംസാരത്തിൽ ആയാലും ഏവരുടെയും ബഹുമാനത്തിന് അർഹമായ വ്യക്തിത്വം.
മോറാഴ പെരുമലയൻ ആയിരുന്ന ശ്രീ രാമൻ പെരുമലയന്റെ മകന്റെ മകനായ ഇദ്ദേഹം തന്റെ അഞ്ചാം വയസ്സിൽ വേടൻ തെയ്യം കെട്ടിയാണ് തെയ്യാട്ട മേഖലയിലേക്ക് കടന്നു വരുന്നത്. വല്യച്ഛൻ ആയ ശ്രീ ബാലൻ പണിക്കറുടെയും കീഴറ കണ്ണൻ പണിക്കറുടെയും ജയരാമകൃഷ്ണൻ പണിക്കറുടെയും ശിക്ഷണത്തിൽ വളർന്ന ഇദ്ദേഹം, തന്റെ പതിനഞ്ചാം വയസ്സിൽ എടപ്പാറ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെച്ച് കരുവാൾ ഭഗവതി കെട്ടി ആയിരുന്നു തുടക്കം.
ചുരുങ്ങിയ കാലയളവിൽ തന്നെ ഗുളികൻ, രക്ത ചാമുണ്ഡി, ഭൈരവൻ, ഉച്ചിട്ട, പൂക്കുട്ടി ശാസ്തൻ, തീചാമുണ്ഡി തുടങ്ങി, തന്റെ സമുദായത്തിൽ ഉള്ള മിക്ക തെയ്യക്കോലങ്ങളും കെട്ടിയാടാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഇരിണാവ് തെക്കേകളരിയിൽ തീചാമുണ്ഡി കെട്ടിയാടിയ പിറ്റേ വർഷം തന്നെ പാലക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തി കെട്ടിയ ഇദ്ദേഹത്തിനെ പട്ടും വളയും നൽകി ആചാരപ്പെടുത്തുകയുണ്ടായി.
ഇദ്ദേഹം കെട്ടിയാടുന്ന പൊട്ടൻ ദൈവം ഭക്തരുടെ മനസ്സിൽ മാഞ്ഞുപോവാതെ നിൽക്കുന്ന ഒരു അനുഭവമാണ്.
സഹോദരങ്ങളായ ബൈജുവും ശങ്കറും വാദ്യത്തിലും തെയ്യാട്ടത്തിലും ജ്യേഷ്ഠന്റെ വഴിയിൽ തന്നെയാണ്. ഭാര്യ : വർഷ രണ്ട് പെണ്മക്കൾ : വൈഗ ലക്ഷ്മി, ഐഷിക ഇനിയും അനേകം വർഷങ്ങൾ ഇദ്ദേഹത്തിന് ഒട്ടനവധി തെയ്യങ്ങൾ കെട്ടിയാടുവാൻ ഉള്ള ആരോഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കടപ്പാട്: ©️𝐫𝐚𝐚𝐯𝐚𝐧𝐚𝐧

Sreejith Peruvannan
ശ്രീജിത്ത് പെരുവണ്ണാൻ, നീലേശ്വരം
കാസർഗോഡ് നീലേശ്വരം വാഴുന്നോറടി കുണ്ടേന സ്വദേശി. തെയ്യം കലാകാരൻ ചട്ടഞ്ചാൽ തെക്കിൽ രവീന്ദ്രന്റെയും ശാന്തയുടെയും 3 മക്കളിൽ 2 മത്തെ മകൻ. കർക്കിടക തെയ്യമായ ആടി കെട്ടി തുടക്കം.
തെയ്യക്കാരനായ അച്ഛന്റെ പാതയിൽ നിന്നും മാറി സഞ്ചരിക്കവെ ഒരു ദൈവ നിയോഗം പോലെ രാവണേശ്വരം കൃഷ്ണൻ പെരുവണ്ണാന്റെ അരികിൽ എത്തിച്ചേരുകയും അദ്ധേഹത്തിന്റെ പ്രിയശിഷ്യനായ് തെയ്യച്ചുവടുകൾ വശമാക്കുകയും ചെയ്തു. പയ്യന്നൂരിലെ ബാബു പെരുവണ്ണാനാണ് തിരുവപ്പനയിൽ ഇദ്ധേഹത്തിന്റെ ഗുരു.
കാസർഗോഡ് പാറക്കട്ട മടപ്പുരയിൽ വച്ച് 2012 ൽ 30ാമത്തെ വയസ്സിൽ നീലേശ്വരം തമ്പുരാന്റെ കയ്യിൽ നിന്നും ആചാരപ്പെട്ടു.
മോറ ഐവർ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുലികണ്ടൻ തെയ്യം കെട്ടിയാടി കാവുകളിൽ തുടക്കം കുറിച്ച ഇദേഹം കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, പുലി കണ്ടൻ,പുലിയൂർ കണ്ണൻ, പുലിയൂർ കാളി, പുള്ളികരിങ്കാളി, മുത്തപ്പൻ വെള്ളാട്ടം- തിരുവപ്പന, വൈരജാതൻ, വാളോർണ്ണൻ, കാളപ്പുലിയൻ ദൈവം, ചേണിച്ചേരി ഭഗവതി, വേട്ടക്കൊരു മകൻ- ഈർപ്പഴശ്ശി, തുളു തെയ്യമായ നീലിയജ്ജി, മലാമാൽ ചാമുണ്ഡി, തട്ടാംകോടി തുടങ്ങി അനേകം കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
കെളത്തൂർ പയറ്റിയാൽ തറവാട്ടിൽ ആദ്യമായി കണ്ടാനാർകേളൻ തെയ്യം കെട്ടി,
വെള്ളിക്കോത്ത് വീണച്ചേരി തറവാട് , ബോവിക്കാനം അടുക്കത്ത് താനത്തിങ്കാൽ, കൊളത്തൂർ പെനായാൽ താനത്തിങ്കാൽ, രാവണീശ്വരം കൊട്ടിലങ്ങോട് തറവാട് എന്നിവടങ്ങളിൽ ദൈവം വയനാട്ടു കുലവൻ കെട്ടിയാടാനും പാറക്കട്ട മടപ്പുര, ബിരിക്കുളം മടപ്പുര, പരപ്പ മടപ്പുര, കോട്ടക്കടവ് മടപ്പുര എന്നിവടങ്ങളിൽ തിരുവപ്പന കെട്ടിയാടാനും മഹാഭാഗ്യം ലഭിച്ചു. പൊന്നു തമ്പുരാൻ മുത്തപ്പന്റെ അനുഗ്രഹാശിസ്സുകളോടെ ഇനിയുമേറെ കോലങ്ങൾ കെട്ടിയാടാൻ ഇദ്ധേഹത്തിനു ഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..

Vigesh Peruvannan
വിഗേഷ് പെരുവണ്ണാൻ കൊളച്ചേരി
തെയ്യം മേഖലയിലെ പ്രധാനപെട്ട കനലാടിമാരിൽ പ്രധാനി ആണ് ശ്രീ. വിഗേഷ് പെരുവണ്ണാൻ.
അച്ഛനായ കോളച്ചേരിയിലെ പദ്മനാഭൻ പെരുവണ്ണന്റെയും മൂത്ത ജ്യേഷ്ഠനായ വിജയൻ പെരുവണ്ണന്റെയും ശിക്ഷണത്തിൽ തെയ്യം രംഗത്തേക്ക് ചുവട് വെച്ചു.
കണ്ണൂർ ജില്ലയിലെ കരുവള്ളി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് പുതിയഭഗവതിയുടെ കോലം ധരിച് പെരുവണ്ണാനായി ആചാരപ്പെട്ടു.
വയനാട്ടുകുലവൻ, മുത്തപ്പൻ, ഊർപഴശ്ശി ദൈവത്താർ മുതലായ തെയ്യങ്ങൾ കെട്ടിയാടുമെങ്കിലും പ്രധാനമായി ഇദ്ദേഹം ഭഗവതി കോലങ്ങളിൽ ആണ്പ്രസിദ്ധാനായിരിക്കുന്നത്. കോലസ്വരൂപത്തിങ്കൽ തായ്പരദേവത, പുതിയഭഗവതി, പെരുമ്പാറ ചാമുണ്ഡി, അറയിൽ ചുകന്നമ്മ, എള്ളടുത്ത് ഭഗവതി, പേടിയാട്ട് ഭഗവതി,വീരാളി, ഭദ്രകാളി, നാഗകന്നി,പടക്കത്തി ഭഗവതി, ചെക്കിച്ചിറ ഭഗവതി തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത ഭഗവതി കോലങ്ങൾ കെട്ടിയാടികൊണ്ടിരിക്കുന്നു.
ജ്യേഷ്ഠനായ വിജയൻ പെരുവണ്ണന്റെ വിയോഗത്തോടെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ആലകണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രത്തിലെ പ്രധാന ദേവിയായ ശ്രീ മുടുപ്പിലായി ഭഗവതിയുടെ തിരുമുടി ഒരുപാട് വര്ഷങ്ങളോളം ധരിക്കാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചു. താവക്കര വലിയ വളപ്പിൽ ക്ഷേത്രത്തിലെ പ്രധാനവും അപൂർവ്വുമായ പേടിയാട്ട് ഭഗവതിയമ്മയുടെ കോലം നിരവധി വർഷങ്ങളായി ഈ കനലാടി കെട്ടിയാടി കൊണ്ടിരിക്കുന്നു.
തെയ്യം കെട്ടിയാടുന്നത് കൂടാതെ തോറ്റം പാട്ടിലും വിഗേഷ് പെരുവണ്ണാൻ പ്രാവീണ്യം നേടിയിട്ടുണ്ട്. വയനാട്ടുകുലവൻ, വെട്ടയ്കൊരുമകൻ, എളേയേടത് ഭഗവതി, അറയിൽ ചുകന്നമ്മ, വലിയതമ്പുരാട്ടി, പടക്കത്തി അമ്മ.....കൂടാതെ ഇദ്ദേഹത്തിന്റെ പാരമ്പര്യ ജന്മവകാശമായ കൊളച്ചേരി ചാത്തമ്പള്ളി കാവിലെ പ്രധാന ദേവനായ ചാത്തമ്പള്ളി വിഷകണ്ഠൻ തുടങ്ങിയ നിരവധി തെയ്യങ്ങളുടെ തോറ്റതിൽ വിദഗ്ധൻ ആണ് വിഗേഷ് പെരുവണ്ണാൻ.
അണിയല നിർമാണത്തിലും ഇദ്ദേഹം തന്റെ കയ്യ്മുദ്ര പധിപ്പിച്ചിട്ടുണ്ട്.
പറശ്ശിനിക്കടവ് ചോന്നമ്മ കോട്ടത്തിൽ വെച്ച് കൈക്കോളാൻ തെയ്യം കെട്ടിയാടിച്ചുകൊണ്ട് തന്റെ മകനായ ഇഷാൻനെയും കെട്ടിയാട്ട രംഗത്തേക്ക് വിഗേഷ് പെരുവണ്ണാൻ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊളച്ചേരി ചാത്തമ്പള്ളി കാവ്, കരുവള്ളി കുറുമ്പ കാവ്, വാരം വിശ്വകർമ്മ ക്ഷേത്രം, മുണ്ടയാട് എരിഞ്ഞിയിൻകീഴിൽ ക്ഷേത്രം, ചിറമ്മൽ തറവാട്, നല്ലതോട്ടം കതിവനൂർ വീരൻ പള്ളിയറ, ചാലാട് കോവുമ്മൽ തറവാട്, കാമ്പ്രാത് ക്ഷേത്രം, പറശ്ശിനിക്കടവ് ചോന്നമ്മ കോട്ടം, വയ്പ്രം വയൽതിറ, ഉരുക്കുഴിപറ പുതിയഭഗവതി ക്ഷേത്രം, തളാപകണ്ടി ക്ഷേത്രം, തിട്ടയിൽ വെട്ടയ്കൊരുമകൻ ക്ഷേത്രം, തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി ക്ഷേത്രങ്ങളിൽ നിറസാനിധ്യമായി വിഗേഷ് പെരുവണ്ണാൻ മാറിയിരിക്കുന്നു.
ആധുനിക കാലത്തെ അനാവശ്യ മാറ്റങ്ങൾക്ക് അനുസരിച്ചു നീങ്ങാതെ അന്നും ഇന്നും ഓരോ ദൈവത്തെയും അതിന്റെ പരിപൂർണതയിൽ കെട്ടിയാടിക്കാനും ആചാര അനുഷ്ഠനങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ നിലനിർത്തുന്ന കനലാടിമാരിൽ ഒരാൾ തന്നെയാണ് വിഗേഷ് പെരുവണ്ണാൻ എന്ന് നിസംശയം പറയാൻ നമ്മുക്ക് സാധിക്കും.
ഇനിയും തുടർന്ന് അങ്ങോട്ടേക്കും പുതിയഭഗവതിയായും, വലിയതമ്പുരാട്ടിയായും, പെരുമ്പാറ ഭഗവതിയായും, എളേയേടത് ഭഗവതിയായും, മുത്തപ്പനായും, ഊർപഴശ്ശിയായും, ചുക്കന്നമ്മയായും, പടകത്തിയായും... അങ്ങനെ അങ്ങനെ നീളുന്ന ഓരോ ദേശങ്ങളുടെയും തറവാടുകളുടെയും പരദേവതകളായി നിറഞ്ഞാടാൻ അനുഗ്രഹീത കനലാടിയായ ശ്രീ വിഗേഷ് പെരുവണ്ണാന് എല്ലാവിധ ആയുരാരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ....
Kadappadu:
©️തിരുമുഖം🔱

Krishnan Velichappad Penayal
കൃഷ്ണൻ വെളിച്ചപ്പാട് പെനായാൽ കൊളത്തൂർ
2002 ൽ കുണ്ടംകുഴി വളപ്പിൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടന്ന തെയ്യംകെട്ടു മഹോത്സവത്തിന്റെ ഭാഗമായി നടന്ന നായാട്ട് സമയത്താണ് ദൈവ നീ യോഗം ഉണ്ടായത്.
(തൊണ്ടച്ചന്റെ വെളിച്ചപ്പാട്) ആദ്യമായി കോടിയില വച്ചത് ബേത്തലം താനത്തിങ്കാൽ ദേവസ്ഥാനത്ത് നാരായണൻ വെളിച്ചപ്പാടന്റെ കൂടെയാണ്..ആദ്യമായി നാൽമരം മുറിച്ചത് അനിയൻ മുണ്ടകൈ രാഘവൻ വെളിച്ചപ്പാടിന്റെ കൂടെ പെരിയ വണ്ണാറടി തറവാട്ടിൽ ആണ്. പ്രതിഷ്ഠ ഇരുത്തിയതും ദേവസ്ഥാനത്തു തന്നെ.
2023 ൽ ( വീട്ടിൽ )കൊളത്തൂർ പെനയാൽ ദേവസ്ഥാനത്തു നടന്ന ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടുമഹോത്സവത്തിൽ ചൂട്ടോപ്പിക്കാൻ ഉള്ള ഭാഗ്യവും വന്നു ചേർന്നു... നിരവധി തറവാട്കളിലും ദേവസ്ഥാനത്തും പുത്തരി ചടങ്ങിലും, നാല്മരം മുറിക്കുകയും, പ്രതിഷ്ഠ ഇരുത്തുകയും ചെയ്തു...പെനയാൽ ദേവസ്ഥാനത്തു കാലുംപല ഏറ്റുവാങ്ങിയതും വെളിച്ചപ്പാടൻ തന്നെയാണ്...
സഹോദരൻ രാഘവൻ, ഷിജു സഹോദരപുത്രൻ ഷിബിൻ എന്നിവരും വിഷ്ണുമുർത്തിയുടെ ദർശനക്കാരാണ്.

Athiyadam Kanna Peruvannan
അതിയടം നെരുവംബ്രം സ്വദേശി, 91 വയസ്സ്. തെയ്യത്തെ തന്റ്റെ ജീവിതചര്യയായി കൊണ്ടുനടന്ന വ്യക്തിത്വം. അതിയടം പാലോട്ട് കാവിൽ പാലോട്ട് ദൈവം, അതിയടം മുച്ചിലോട്ടു കാവിൽ മുച്ചിലോട്ടു ഭഗവതി, പിന്നെ ആയിരത്തിൽ അധികം കതിവന്നൂർ വീരൻ തെയ്യം കേട്ടിയാടിയിട്ടുണ്ട്. പിന്നെ ബാകി എണ്ണിയാൽ അടങ്ങാത്ത കോലങ്ങൾ വേറെയും . കതിവന്നൂർ വീരൻ എന്ന ഒറ്റ തെയ്യകോലം മാത്രം ആയിരത്തിൽ അധികം കെട്ടിയാടി എന്ന് പറഞ്ഞാൽ, അദേഹം ചെയ്ത പ്രവൃത്തിയുടെയും, ആ ശരീരം ഏറ്റുവാങ്ങിയ കാഠിന്യംതിന്റ്റെയും കാര്യം പറയേണ്ട ആവശ്യം തന്നെയില്ല. കതിവന്നൂർ വീരൻ തെയ്യതിന്റ്റെ കുലപതി എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പികേണ്ടി വരും. അനുഷ്ടാന പൂർവ്വം ആ തിരുമുടി അണിഞ്ഞു ഒരു തലമുറയിൽ നിന്ന് ആ തെയ്യത്തെ അടുത്ത തലമുറയിലേക്കു പകർന്നു നൽകിയ ജീവിതം . Courtesy : Vadakkante Theyyangal

Bibeesh Padiyoor Peruvannan
ബിബീഷ് പടിയൂർ പെരുവണ്ണാൻ ഫെബ്രുവരി 14_15_16 തീയതികളിൽ മട്ടന്നൂർ ഇല്ലം മൂല മുച്ചിലോട്ട് കാവിൽ വെച്ച് മുച്ചിലോട്ട് അമ്മയുടെ തിരുമുടി അണിഞ്ഞ് ബിബീഷ് പടിയൂർ ആചാരപ്പെടുന്നു.. അഭീഷ്ട വരദായിനിയായ ജഗദംബിക ശ്രീ മുച്ചിലോട്ട് അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

Gangadharan Eramangalan
അപൂർവമായ ആചാരം കരസ്ഥമാക്കിയ ഒരു കനലാടി. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിന് കിഴക്ക് പുതിയകണ്ടത്തിൽ താമസം 13 വയസിൽ മുത്തപ്പൻ കെട്ടി തെയ്യമെന്ന ദൈവ്വീക അനുഷ്ടാന ലോകത്തേക്ക് കാലെടുത്തു വച്ചു. അച്ചാംതുരുത്തി ബാലഗോഗുലത്തിൽ വിഷ്ണു മൂർത്തി കോലം കെട്ടിയാടി, അവിടെ വാങ്ങാൻ സമുദായത്തിൽ പെട്ട അവിവാഹിതർക്കാണ് അവകാശം. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ നിന്നും വേട്ടയ്ക്കൊരു മകൻ കെട്ടാൻ വേണ്ടി ആചാരപ്പെട്ട വ്യക്തിത്വം. അള്ളടനാട്ടിലെ ഒട്ടുമിക്ക മിക്ക തെയ്യങ്ങളും കെട്ടിയാടി. അറിവ് കൊണ്ടും, വിനയം കൊണ്ടും നമ്മെ ഏവരേയും വിസ്മയിപ്പിച്ച ഒരു സാധാരണക്കാരനായ ബഹുമുഖ പ്രതിഭ. വളരെ ചെറുപ്പം മുതൽ തെയ്യത്തോടൊപ്പം അണിയലങ്ങൾ നിർമാണം പഠിച്ചു ഇപ്പോളും അത് കണക്കൊപ്പിച്ചു ചെയ്തു വരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും അള്ളടത്തിലെ ഒരു പ്രധാന കോലധാരിയുമായിരുന്ന അച്ചൻ കണ്ണൻ പെരുവണ്ണാനിൽ നിന്നും തെയ്യവും അണിയനിർമാണവും പഠിച്ചു. മുരിക്ക് മരം ഈർന്ന് ആകൃതിയും മിനുസവുമാക്കി തന്റെ കത്തി കൊണ്ട് ചിത്രപ്പണികൾ ചെയ്താണ് അണിയങ്ങൾ നിർമിക്കുന്നത്- കഴുത്തിൽ കെട്ട്, തലപ്പാളി, ചെണ്ടു വളയം, അടുക്ക്, വള, പറ്റുംപാടം, താടി മീശ, ഓലക്കാത്, കൊമ്പോലക്കാത് തുടങ്ങിയ എല്ലാ അണിയലങ്ങളും പൂർണമായി നിർമിച്ച് കൊടുക്കുന്നു -പ്രധാനമുടികളും അനവധി നിർമിച്ചിട്ടുണ്ട് -തിരുവപ്പന മുടി, ഓംകാരമുടി(ഭൈരവൻ), കൊതച്ച മുടി, തുടങ്ങിയ മുടികൾ മുരിക്ക്, കുമിത് എന്നീ മരങ്ങളിൽ നിർമിക്കുന്നു – പുരാതന രീതിയിൽ ഉള്ള നിർമാണമാണ് ബാലി, വേട്ടയ്ക്കൊരു മകൻ, ഭഗവതിമാർ, വൈരജാതൻ, പുലി ദൈവങ്ങൾ, അന്തിതിറ, തിരുവപ്പന ,തുടങ്ങിയവ പ്രധാന കോലങ്ങൾ. മിക്ക തെയ്യത്തിന്റെയും തോറ്റങ്ങൾ പഠിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. ഐതീഹ്യങ്ങൾ തോറ്റങ്ങളുടെ അടിസ്ഥാനത്തിലും പാരമ്പര്യമായ് പറഞ്ഞ് വരുന്നവയും വ്യക്തമായി അറിയാം. മുഖത്തെഴുത്തിൽ അഗാഥ പ്രാവീണ്യം തെളിയിച്ചു, അദ്ദേഹത്തിൻറ്റെ മുഖതെഴുതിൻറ്റെ ശോഭ ഒന്ന് വേറെതന്നെയാണ്. കൃത്യമായ കണക്കിൽ, ച്ചായകൂട്ടിനാൽ ഒരുക്കുന്ന മുഖശോഭ. മഡിയൻ കൂലോം, മന്നൻ പുറത്ത് കാവ്, അള്ളടം – കോലത് നാട് പ്രധാന മുച്ചിലോട്ടുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി മുഖത്തെഴുത്തിനായി എത്താറുണ്ട് – അനുഷ്ഠാന കർമങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കോലധാരി കൂടെയാണ് ഇദ്ദേഹം. ഇന്നും അണിയല നിർമാണവും തെയ്യവും ഒരു പോലെ കൊണ്ടു പോകുന്ന ചുരുക്കം ചിലരിൽ ഒരാൾ.
Courtesy : Vadakkante Theyyangal

Haridasan Mangadan

Karivellur Ramakrishnan
തെയ്യ ആചാര്യ സ്ഥാനങ്ങളിൽ മുൻപന്തിയിലും, പ്രാമുഖ്യം ഉള്ളതുമാണ് കരിവെള്ളൂർ പെരുമലയൻ സ്ഥാനം. ഈ വിഖ്യാത പരമ്പരയിലെ അതുല്യ പ്രതിഭയാണ് രാമകൃഷ്ണൻ പെരുമലയൻ. കരിവെള്ളൂർ കൊടക്കാട് ദേശത്തിലെ അംബു പെരുമലയൻറ്റെയും കല്യാണിയമ്മയുടേയും പ്രഥമ പുത്രനായി 1951 ൽ ജനനം. ആടിവേടൻ കെട്ടി 4)൦ വയസ്സിൽ തെയ്യത്തിൽ ഹരിശ്രീ കുറിച്ചു. സ്വന്തം പിതാവിൻറ്റെ കീഴിൽ തന്നെ തെയ്യം എന്ന അനുഷ്ടാന കർമ്മം പഠിച്ചെടുത്തു. തന്റ്റെ 11ആം വയസ്സിൽ പുത്തൂർ കൊമ്മൻ വീട്ടിൽ വിഷ്ണുമൂർത്തി കെട്ടിയാടി തെയ്യപ്രപഞ്ഞത്തിലേക്ക് ഔദ്യോഗിക പ്രവേശനം ചെയ്തു. പിന്നീടങ്ങോട്ട് പഞ്ചുരുലി, ഗുളികൻ, കുറത്തി, ഭൈരവൻ, ഉച്ചിട്ട, രക്തേശ്വരി, ചാമുണ്ടി, കുട്ടിച്ചാത്തൻ തുടങ്ങി അനേകം തെയ്യങ്ങളെ സ്വ ഹൃദയത്തിലേക്ക് ആവാഹിച്ച് ഭക്തർക്ക് ദർശന സായൂജ്യം നല്കി, വാക്കിനാലും, നോക്കിനാലും, കുറിയാലും അനുഗ്രഹം ചൊരിഞ്ഞു. 21 )൦ വയസ്സിൽ പുത്തൂർ അമ്പലത്തിൽ ഒറ്റക്കോലം കെട്ടി, പണിക്കർ എന്ന സ്ഥാനം നല്കി ആചാരിക്കപ്പെട്ടു. പിതാവിൻറ്റെ കാലശേഷം തന്റ്റെ 48 )൦ വയസ്സിൽ ” കരിവെള്ളൂർ പെരുമലയൻ ” എന്ന സവിശേഷ പ്രാധാന്യമുള്ള ആചാരസ്ഥാനം മണക്കാട് കോട്ടൂർപറമ്പത്ത് നിന്ന് സ്വീകരിച്ചു. പ്രസിദ്ധ മന്ത്രവാദി കുടുംബമായ കൊടക്കാട് കുന്നത്തില്ലത്ത് കവടിയങ്ങാനത്ത് രക്തേശ്വരി കെട്ടി ആദരവു ലഭിച്ചു. കൊടക്കാട് പണയക്കാട്ടു ഭഗവതി സ്ഥാനം, കക്കറ ഭഗവതി സ്ഥാനം, പുത്തൂർ മുണ്ട്യ തുടങ്ങി ഒട്ടനവധി കാവുകളിലും സ്ഥാനങ്ങളിലും മുണ്ട്യകളിലും പല തെയ്യങ്ങളുടെയും ചിലങ്ക അണിഞ്ഞു. അഞ്ചു വർഷം മുൻപ് കോട്ടൂർ ചെറൂള്ളിയിൽ രക്തേശ്വരി കെട്ടിയാടി. അനാരോഗ്യം കാരണം ഇപ്പോൾ ഇദ്ദേഹം ആചാര്യ സ്ഥാനം അലങ്കരിക്കുക മാത്രം ചെയ്തു വരുന്നു.
Courtesy : Vadakkante Theyyangal

Krishnan Peruvannan Kolacheri
തെയ്യം മേഖലയിലെ പ്രധാനപ്പെട്ട കനലാടിമാരിൽ ഒരാൾ ആണ് ശ്രീ. കൃഷ്ണൻ പെരുവണ്ണാൻ. പിതാവായ കൊളച്ചേരി പദ്മനാഭൻ പെരുവണ്ണാനിൽ നിന്നും മുതിർന്ന ജ്യേഷ്ഠനായ വിജയൻ പെരുവണ്ണാന്റെയും ശിക്ഷണത്തിൽ തെയ്യം രംഗത്തേക്ക് ചുവട് വെച്ചു.
പത്തൊൻപതാം വയസ്സിൽ ചേലേരി ഉരുക്കൂഴിപ്പാറ പുതിയഭഗവതി ക്ഷേത്രത്തിൽ വെച്ച് പുതിയ ഭഗവതിയുടെ കോലം ധരിച് പട്ടും വളയും വാങ്ങി ആചാരപ്പെട്ടു.
വണ്ണാൻ സമുദായത്തിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക തെയ്യകോലങ്ങളൊക്കെ ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്. ചാത്തമ്പള്ളി വിഷകണ്ഠൻ, വയനാട്ടുകുലവൻ, എടലാപുരത് ചാമുണ്ഡി, തായ്പരദേവത, ചെക്കിച്ചിറ ഭഗവതി, വേട്ടയ്ക്കൊരുമകൻ, ഊർപഴശ്ശി ദൈവത്താർ, മുത്തപ്പൻ, തിരുവപ്പന, പുതുചേകവർ, പൊന്മകൻ, ബപൂരാൻ, കുടിവീരൻ, പടവീരൻ, ഇളംകോലം, വടക്കേംഭാഗം ഭഗവതി, പുതിയഭഗവതി,വീരാളി, വീരൻ, ഭദ്രകാളി, നാഗകന്നി, മുടുപ്പിലായി ഭഗവതി,പെരുമ്പാറ ഭഗവതി, മുത്തപ്പൻ ധർമദൈവം, തെക്കൻ കാരിയാത്തൻ, പുലിയൂർക്കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, അറയിൽ ചുകന്നമ്മ,അന്തിതിറ,പുലിയൂർക്കാളി,... ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി തെയ്യകോലങ്ങൾ കെട്ടിയാടാൻ ഭാഗ്യം ലഭിച്ചു.
കെട്ടിയാട്ടം കൂടാതെ തോറ്റംപാട്ട്, അണിയലനിർമാണം തുടങ്ങിയവയിലും പ്രാപല്യം നേടിയുട്ടുണ്ട്.
ജ്യേഷ്ഠനായ വിജയൻ പെരുവണ്ണന്റെ വിയോഗത്തോടെ ഉത്തരമലബാറിലെ തെയ്യകാലത്തിന് ആരംഭം കുറിച്ചുകൊണ്ട് നടക്കുന്ന ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ ഒരുപാട് വർഷങ്ങളായി ചാത്തമ്പള്ളി വിഷകണ്ഠൻ ദൈവത്തിന്റെ കോലം ധരിക്കാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
കൊളച്ചേരി ചാത്തമ്പള്ളി കാവ്, ഉരുക്കൂഴിപാറ പുതിയഭഗവതി ക്ഷേത്രം, വയപ്രം വയൽതിറ, തലാപ്പങ്കണ്ടി തറവാട്, കാമ്പ്രാത് തറവാട്, ചിറമ്മൽ തറവാട്, കൊങ്ങിണി തറവാട്, കോവുമ്മൽ തറവാട്, തിട്ടയിൽ ക്ഷേത്രം, വാരം വിശ്വകർമ്മ ക്ഷേത്രം, പറശ്ശിനിക്കടവ് ചോന്നമ്മ കോട്ടം, പാവന്നൂർ ചോന്നമ്മ കോട്ടം, നല്ലതോട്ടം കതിവനൂർ വീരൻ പള്ളിയറ, എരിഞ്ഞിയിൻകീഴിൽ ക്ഷേത്രം,..... അങ്ങനെ നീളുന്ന അനേകം ക്ഷേത്രങ്ങളിലും തറവാടുകളിലും നിറസാനിദ്യമായി കൃഷ്ണൻ പെരുവണ്ണാൻ മാറിയിരിക്കുന്നു.
പരമ്പരാഗതമായി പകർന്ന് കിട്ടിയ തെയ്യത്തിലെ അറിവുകൾ ദുർവിനിയോഗം ചെയ്യാതെ കെട്ടിയാടുന്ന ഓരോ കോലങ്ങളെയും അതിന്റേതായ കർമശുദ്ധിയോടെ പൂർത്തീകരിക്കണം എന്ന് വളരെ നിർബന്ധം ഉണ്ട് കൃഷ്ണൻ പെരുവണ്ണന്.
തുടർന്ന് അങ്ങോട്ട് വിഷകണ്ഠനായും, മുത്തപ്പനായും, തൊണ്ടച്ഛനായും, പുലിയൂർക്കാളിയായും,തായപരദേവതയായും, നരമ്പിൽ ഭഗവതിയായും, അങ്ങനെ നീളുന്ന ഓരോ ദേശത്തിന്റെയും കാവലാളായ പരദേവതമാരായി ഉറഞ്ഞാടി ഭക്തമനസ്സുകളിൽ അനുഗ്രഹ സാന്ത്വനമാകാൻ ഇനിയും ഈ കനലാടിക്ക് സാധിക്കണം എന്ന പ്രാർത്ഥനയോടെ....
kadappad:
©️തിരുമുഖം 🔱

L.T. Murali Panikkar Morazha
എൽ. ടി ബാലൻ പണിക്കറുടെയും ലക്ഷ്മി അമ്മയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി ജനനം.
ഭാര്യ : പുഷ്പലത
മക്കൾ : ഐശ്വര്യ, ഐതീഹ്യ
സഹോദരങ്ങൾ : പുഷ്പ, സുമ, പ്രിയ, പ്രശാന്ത്
ഒട്ടുമിക്ക കോലധാരികളെയും പോലെ വേടൻ തെയ്യം കെട്ടി അരങ്ങേറ്റം, പിന്നീട് തന്റെ പതിനാറാം വയസ്സിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടി തെയ്യം മേഖലയിൽ സജീവമായി.
തെയ്യം മേഖലയിൽ ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും ഒക്കെ അച്ഛനായ ശ്രീ എൽ. ടി ബാലൻ പണിക്കറും മോറാഴ ജയൻ പണിക്കറും ആയിരുന്നു.
1998 - ൽ ചിറക്കുറ്റി പുതിയ ഭഗവതി ക്ഷേത്രത്തിൽ പഞ്ചുരുളി അമ്മയുടെ കോലം ധരിക്കാനായി കോടല്ലൂർ തമ്പുരാന്റെ കൈയിൽ നിന്നും പട്ടും വളയും വാങ്ങി ആചാരപ്പെട്ടു.
ചിറക്കുറ്റി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 26 വർഷങ്ങളായി പഞ്ചുരുളി അമ്മയുടെ കോലം ധരിക്കാൻ ഉള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
പഞ്ചുരുളിയമ്മക്ക് പുറമെ, വിഷ്ണുമൂർത്തി, രക്ത ചാമുണ്ഡി, ഗുളികൻ, പൊട്ടൻ തെയ്യം, ഭൈരവൻ, കരുവാൾ ഭഗവതി, ഉച്ചിട്ട ഭഗവതി എന്നീ തെയ്യക്കോലങ്ങളും ഇദ്ദേഹം തന്റെ തെയ്യസപര്യയിൽ കെട്ടിയാടി.
ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്

Libith Peruvannan Naduvil
ലിബിത്ത് പെരുവണ്ണാൻ നടുവിൽ
ഇക്കാലത്തെ യുവകോലധാരികളിൽ ശ്രദ്ധേയനാണ് നടുവിൽ സ്വദേശി ആയ ലിബിത്ത് പെരുവണ്ണാൻ.
പ്രശസ്ത തെയ്യം കോലധാരി ബാലകൃഷ്ണൻ പെരുവണ്ണാന്റെയും ലതയുടെയും മകനായ ഇദ്ദേഹം തന്റെ അഞ്ചാമത്തെ വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങുകയും, പതിനാലാം വയസ്സിൽ വീരൻ തെയ്യം കെട്ടിയാടിക്കൊണ്ട് ഈ മേഖലയിൽ സജീവമാവുകയും ചെയ്തു.
തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മുത്തപ്പന്റെ കൊടുമുടി വെക്കാൻ നിയോഗം ഉണ്ടായ ഇദ്ദേഹത്തിനെ, നടുവിൽ ചന്ദ്രോത്ത് കണ്ടി മടപ്പുരയിൽ മുത്തപ്പൻ കെട്ടിയതിനെ തുടർന്ന് ഇരുപത്തൊന്നാം വയസ്സിൽ വെള്ളാട് കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നൽകി പെരുവണ്ണാനായി ആചാരപ്പെടുത്തുകയുണ്ടായി.
മുത്തച്ഛൻ ആയ ശ്രീ രാമപെരുവണ്ണാൻ ആണ് തെയ്യം വഴിയിലെ ഇദ്ദേഹത്തിന്റെ മാർഗദർശിയും ഗുരുസ്ഥാനീയനും.
ഭാര്യ : മനീഷ
മകൾ : നൈനിക
അപൂർവ തെയ്യങ്ങളിൽ ഉൾപ്പെട്ട പുള്ളി ഭഗവതിയുടെ ആരൂഢ സ്ഥാനം ആയ വെള്ളാട് അമ്പലത്തിൽ കുറച്ച് വർഷങ്ങളായി പുള്ളി ഭഗവതിയുടെ കോലം അണിയാൻ ഇദ്ദേഹത്തിനാണ് നിയോഗം ലഭിച്ചിട്ടുള്ളത്.
പുള്ളി ഭഗവതിക്ക് പുറമെ വീരാളി, പുതിയ ഭഗവതി, ഭദ്രകാളി, വയനാട്ടു കുലവൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തിരുവപ്പന, പുലിയൂർ കാളി, പാടിമല ദൈവത്താർ, മുതുശ്ശേരി ദൈവം, നീലോൻ ദൈവം, കരിങ്കാളി ഭഗവതി, രുധിരാല ഭഗവതി എന്നിങ്ങനെ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇനിയും വരുംവർഷങ്ങളിൽ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്

Mattankeel Kannan Peruvannan
ചെറുകുന്ന് - കണ്ണപുരത്തിന് അടുത്തുള്ള മാറ്റാങ്കീൽ ആണ് സ്വദേശം.
മാറ്റാങ്കീൽ രാമൻ പെരുവണ്ണാന്റെയും അമ്മിണി അമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമൻ ആണ് ഇദ്ദേഹം.
അഞ്ചാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം തന്റെ പതിനഞ്ചാം വയസ്സിൽ കണ്ണപുരം കിഴക്കേ കാവിൽ ധർമദൈവത്തെ കെട്ടിയാടി തെയ്യം മേഖലയിൽ സജീവമായി.
കണ്ണപുരം കയാൽ പുതിയഭഗവതി തിറ അടിയന്തിരത്തിൽ പുതിയ ഭഗവതി കോലം കെട്ടിയാടി ചിറക്കൽ തമ്പുരാനിൽ നിന്ന് പട്ടും വളയും സ്വീകരിച്ച് പെരുവണ്ണാനായി ആചാരപ്പെടുമ്പോൾ ഇദ്ദേഹത്തിന് വെറും 16 വയസ്സ് മാത്രം ആയിരുന്നു പ്രായം.
നിലവിൽ നെടുബാലിയൻ ദൈവം എന്ന് കേൾക്കുമ്പോൾ കണ്ണൂരിലെ ഭൂരിഭാഗം ഭക്തർക്കും തെയ്യപ്രേമികൾക്കും ആദ്യം മനസ്സിൽ ഓടിയെത്തുന്ന കോലധാരിയുടെ മുഖം ഇദ്ദേഹത്തിന്റേത് ആയിരിക്കുമെന്ന് നിസംശയം പറയാം.
നെടുബാലിയൻ ദൈവത്തിന്റെ കലാശങ്ങളും കർമങ്ങളും ഇത്രത്തോളം ഭംഗിയായി പൂർത്തീകരിക്കുന്ന കോലധാരികൾ വിരളമാണ്.
ബാലി തെയ്യത്തിന് പുറമെ വയനാട്ടുകുലവൻ, പുലിയൂർ കാളി, ചുഴലി ഭഗവതി, ഭദ്രകാളി, നീലിയാർ ഭഗവതി, കടാങ്കോട്ട് മാക്കം ഭഗവതി, തോട്ടുംകര ഭഗവതി, മാഞ്ഞാളമ്മ, നരമ്പിൽ ഭഗവതി, ചന്ദ്രനെല്ലൂർ ഭഗവതി, ധൂളിയാംകാവിൽ ഭഗവതി, എടലാപുരത്തു ചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന എന്നീ തെയ്യക്കോലങ്ങളോടൊപ്പം ഇലക്കേൻ ദൈവം, കുറിയിലച്ചൻ ദൈവം, ബമ്മുരിക്കൻ, കരിമുരുക്കൻ എന്നീ അപൂർവ തെയ്യക്കോലങ്ങളും ഇദ്ദേഹം തന്റെ തെയ്യസപര്യയിൽ കെട്ടിയാടി.
തെയ്യാട്ടത്തിന് പുറമെ മാക്കം ഭഗവതി തോറ്റം, നെടുബാലിയൻ തോറ്റം, തെക്കൻ കരിയാത്തൻ തോറ്റം തുടങ്ങിയ ഒട്ടുമിക്ക തെയ്യത്തിന്റെ തോറ്റങ്ങളിലും ഉള്ള ഇദ്ദേഹത്തിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്.
ഇനിയും ഒട്ടനേകം വർഷങ്ങൾ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഈ അനുഗ്രഹീത കോലധാരിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ..
കടപ്പാട്: രാവണൻ

Muralidharan Panikkar
ചെറുകുന്നു കൊവ്വപ്പുറം സ്വദേശി. രാമൻ പണിക്കർ - ചെറിയകുട്ടി ദമ്പതികൾക്കുണ്ടായ സന്താനങ്ങളിൽ മൂത്തപുത്രൻ മുരളിപണിക്കർ എന്നറിയപ്പെടുന്നു.
ഒൻപതാം വയസ്സിൽ വടക്കൻ ഗുളികൻ കഴിച്ച് കെട്ടിയാട്ട രംഗത്തേക്ക് ചുവടുവച്ചു.അച്ഛനായ രാമൻ പണിക്കറും വല്യച്ഛനായ പരിയാരം മുതുകുടോനും (കണ്ണൻ മുതുകുടോൻ) ആയിരുന്നു ഇദ്ദേഹത്തിന്റെ കെട്ടിയാട്ട രംഗത്തുള്ള ഗുരുനാഥന്മാർ പതിനൊന്നാം വയസ്സിൽ കൊവ്വപ്പുറം പള്ളിച്ചാലിൽ തീയസമുദായം നടത്തിവരാറുള്ള വയൽതിറയിൽ ഒറ്റക്കോലം കഴിച്ചു പണിക്കർ എന്ന ആചാരം സ്വീകരിച്ചു.ഒറ്റക്കോലം കെട്ടിയാടേണ്ട രാമൻ പണിക്കർക്ക് പനി ബാധിച്ച് ഒറ്റക്കോലം കെട്ടാൻ കഴിയില്ല എന്നൊരവസ്ഥ വന്നപ്പോൾ ആണു പ്രശ്നചിന്ത മുഖേന ഒറ്റക്കോലത്തിനു കോലധാരിയാകാനുള്ള നിയോഗം ശ്രീ മുരളിപണിക്കരെ തേടിയെത്തിയത്.
വടക്കൻ ഗുളികനും രക്തചാമുണ്ഠി കോലവും കെട്ടിയാടുന്നതിൽ അഗ്രഗണ്യനാണിദ്ദേഹം. ചെറുകുന്നു ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള കോലമാണ് ആയിരം തെങ്ങിൽ ചാമുണ്ഠി എന്നറിയപ്പെടുന്ന രക്ത്ചാമുണ്ഡി,അന്നപൂർണ്ണേശ്വരിയോടൊപ്പം ആര്യർന്നാട്ടിൽനിന്നും മരക്കലമേറിവന്ന ദേവതയത്രേ ആയിരംതെങ്ങിൽ ചാമുണ്ഠി.ഈ തെയ്യങ്ങൾക്ക് പുറമേ വിഷ്ണുമൂർത്തി,ഭൈരവൻ,ഉച്ചിട്ട ഭഗവതി,കരുവാൾ ഭഗവതി,പൊട്ടൻ തെയ്യം,കവടിയങ്ങാനത്തു രക്തേശ്വരി,കരിങ്കുട്ടിശാസ്തൻ,പൂക്കുട്ടി ശാസ്തൻ, പഞ്ചുരുളി ,തെക്കൻ ഗുളികൻ എന്നീ തെയ്യകോലങ്ങളും കെട്ടിയാടുന്നു.പഴങ്ങോട് ശ്രീ കൂരാങ്കുന്ന് ഭഗവതീ ക്ഷേത്രത്തിൽ നാലു തവണ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
തളിപറമ്പ് ചിറവക്ക് പുതിയടത്തുകാവിൽ പൊട്ടൻ ദൈവം കഴിച്ചുവരുന്ന കാലഘട്ടങ്ങളിൽ അമ്പത്തിയാറു മിനിട്ട് മേലേരിയിൽ കിടന്നു വിസ്മയം സൃഷ്ടിച്ച ശ്രീ മുരളിപണിക്കർ കോലധാരിയായ പൊട്ടൻ ദൈവത്തെ അവിടുത്തുകാർ ഇന്നും ഭക്തിയോടേ സ്മരിക്കുന്നു.
മറ്റേതു കോലധാരികളിൽ നിന്നും രക്തചാമുണ്ഡി കോലനേരത്തുള്ള കലാശങ്ങളുടെ പൂർണ്ണതയാണു ഇദ്ദേഹത്തേ അവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.പുറത്തട്ട അണിഞ്ഞുകൊണ്ടുള്ള ഇദ്ദേഹം കോലധാരിയായ ശ്രീ ആയിരംതെങ്ങു ചാമുണ്ഠേശ്വരിയമ്മയുടേ കലാശങ്ങളിലെ തെക്കനാട്ടം ഒന്നു കാണേണ്ടതു തന്നെയാണ്. കെട്ടിയാട്ടക്കരൻ എന്നതിലുപരി നല്ലൊരു അണിയറ സഹായിയും, തോറ്റക്കാരനും,ഓലപണിക്കാരനും വിദഗ്ധനായ മുഖത്തെഴുത്തുകാരൻ കൂടിയാണിദ്ദേഹം. തീചാമു ണ്ഠികോലത്തിന്റെ വലിക്കാരിൽ പ്രധാനിയും കൂടിയാണ്. ഇദ്ദേഹത്തിനു സഹായികളായും കെട്ടിയാട്ടക്കാരുമായി അനുജന്മാരായ അനീഷ് പണിക്കറും,രാജേഷ് പണിക്കറും മരുമക്കളും രംഗത്തുണ്ട്.
ഇനിയും ഒട്ടനവധി തെയ്യക്കോലങ്ങളുടെ തലപ്പാളി ധരിക്കുവാനും ചിലമ്പുകൾ അണിയാനും കെട്ടിയാടുന്ന കോലങ്ങളും അന്നദാനവരദായിനിയായ ചെറുകുന്നിലമ്മയും അനുഗ്രഹിക്കട്ടേ എന്ന പ്രാർത്ഥനയോടെ...
കടപ്പാട്: ©️ശ്രീക്രിയ

Nigesh Peruvannan Irinavu
പ്രഗത്ഭ തെയ്യം കോലധാരി ആയിരുന്ന ശ്രീ ബാലകൃഷ്ണൻ പെരുവണ്ണാന്റെയും ലളിതയുടെയും മകനായി ജനനം.
ഭാര്യ : ജിസ്ന
മകൾ : അഗ്ന നിഗേഷ്
ഒട്ടുമിക്ക കോലധാരികളെയും പോലെ അഞ്ചാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങി, തന്റെ പതിമൂന്നാം വയസ്സിൽ കണ്ണപുരം കിഴക്കേ കാവിൽ ധർമദൈവം കെട്ടിയാടിക്കൊണ്ട് തെയ്യം മേഖലയിൽ സജീവമായി.
പതിനെട്ടാം വയസ്സിൽ ഇരിണാവ് ഊരാടത്ത് കാവിൽ പുതിയ ഭഗവതി കെട്ടിയാടിയ ഇദ്ദേഹത്തെ ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വെച്ച് പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചരിച്ചു.
അച്ഛനിൽ നിന്നും ആയിരുന്നു തെയ്യങ്ങളുടെ ബാലപാഠം ഒക്കെ ഗ്രഹിച്ചത്, കൂടാതെ സി. പി രാമപെരുവണ്ണാൻ കൊവ്വപ്പുറം, കീഴാറ്റൂർ കുഞ്ഞിരാമൻ പെരുവണ്ണാൻ, സി. പി പ്രഭാകരൻ പെരുവണ്ണാൻ, ദിനേശൻ പെരുവണ്ണാൻ അഴീക്കോട്, ദിനൂപ് പെരുവണ്ണാൻ, മാറ്റാങ്കീൽ കണ്ണപ്പെരുവണ്ണാൻ, സതീശൻ അമ്മാനപ്പാറ ( മരക്കലം തോറ്റക്കാരൻ), സുരപെരുവണ്ണാൻ പന്നിയൂർ, ശിവൻ പെരുവണ്ണാൻ എന്നിവർ ഈ മേഖലയിൽ ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും ആണ്.
പുതിയഭഗവതിക്ക് പുറമെ, നങ്ങാളത്ത് ഭഗവതി, മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, നെടുബാലിയൻ ദൈവം, ഇളംകോലം, തായ്പരദേവത, തോട്ടുംകര ഭഗവതി, നരമ്പിൽ ഭഗവതി, ധൂളിയാംകാവിൽ ഭഗവതി, പുലിയൂർ കാളി, ധർമ ദൈവം, വീരൻ, വീരാളി, ഭദ്രകാളി, തെക്കൻ കരിയാത്തൻ, കണ്ടനാർ കേളൻ, വയനാട്ടുകുലവൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, പുലിയൂർകണ്ണൻ, ബമ്മുരിക്കൻ, കരിമുരുക്കൻ, മാഞ്ഞാളമ്മ, ഒളിമകൾ, കരുമകൾ, മലക്കാരൻ, മാപ്പിളപൊറാട്ട്, ഹാസ്യപൊറാട്ട് തുടങ്ങിയ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
നിലവിൽ മരക്കലം തോറ്റം പാട്ട് ചൊല്ലുന്നതിൽ പ്രധാനി ( ഈ തോറ്റം ചൊല്ലുന്നവർ ഇന്ന് വളരെ വിരളം ആണ് )
കൂടാതെ അണിയല നിർമാണങ്ങളിലും മുഖത്തെഴുത്തിലും ഒക്കെ ഇദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
ഇനിയും ഒട്ടനവധി വർഷങ്ങൾ ഈ അനുഗ്രഹീത കനലാടിക്ക് തെയ്യം മേഖലയിൽ ശോഭിക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്

Padmasree Narayanan
ശ്രീ നാരായണ പെരുവണ്ണാൻ
കളിയാട്ടം സിനിമയിൽ തെയ്യക്കോലം കെട്ടി തിമിർത്താടിഏറെ പ്രശസ്തിയിലും പെരുമയിലുംതല കനമില്ലാതെ സ്വതസിദ്ധമായ തന്റെ എളിമയാർന്ന പെരുമാറ്റം ഒന്ന് വേറെ തന്നെ, മട്ടന്നൂർ അമേരികാവിൽ ഇരുപത്തി അഞ്ചു വർഷം കതിവനൂർ വീരൻ കെട്ടിയാടാൻ സൗഭാഗ്യത്തിനുടമ, തെയ്യം എന്ന അനുഷ്ടാന പൈതൃകത്തിനു സമർപ്പിക്കപെട്ട പുണ്യാത്മൻ. ഇപ്പോൾ അഞ്ചാംപ്പീടികക്ക് സമീപം ഒഴക്രോത്ത് താമസം

Prabhakaran Peruvannan
മോറാഴ ദേശത്തെ സജീവകോലധാരികളിൽ ശ്രദ്ധേയനാണ് ഇദ്ദേഹം.
പ്രഗത്ഭ ഘണ്ടകർണൻ തെയ്യം കോലധാരി ആയിരുന്ന ശ്രീ എൽ. ടി ഉണ്ണിപണിക്കറുടെയും ചിന്നുക്കുട്ടി അമ്മയുടെയും മകൻ ആയി ജനനം.
മിക്ക തെയ്യക്കാരെയും പോലെ ചെറിയ പ്രായത്തിൽ തന്നെ വേടൻ തെയ്യം കെട്ടി തുടങ്ങി, തന്റെ പതിമൂന്നാം വയസ്സിൽ വട്ടാക്കീൽ മുച്ചിലോട്ട് കാവിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടി തെയ്യജീവിതം ആരംഭിച്ചു.
തെയ്യത്തിന്റെ വഴിയിൽ അച്ഛൻ തന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗുരുനാഥൻ, വല്യച്ഛൻ ആയ മോറാഴ ബാലൻ പണിക്കർ ആണ് ഇദ്ദേഹത്തിന് ആദ്യമായി തലപ്പാളി വെച്ച് കൊടുത്തത്. ഒരു തെയ്യക്കാരൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പ്രചോദനവും ഉപദേശങ്ങളും ഒക്കെ നൽകി എന്നും കൂടെ ഉണ്ടായിരുന്നത് ചുണ്ട രമേശൻ പണിക്കർ, എൽ. ടി മുരളി പണിക്കർ, എൽ. ടി ഷൈജു പണിക്കർ എന്നിവർ ആണ്.
നിരവധി ഘണ്ടകർണൻ തെയ്യം കെട്ടിയാടിയ ഇദ്ദേഹം ഗുളികൻ, പൊട്ടൻ തെയ്യം, കരുവാൾ ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങി അനേകം തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
പൊട്ടൻ തെയ്യം കെട്ടിയാടിയതിന്റെ ഫലമായി തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് ഇദ്ദേഹത്തിന് പട്ടും വളയും നൽകി പണിക്കർ ആയി ആചാരപ്പെടുത്തി.
പിതാവ് ഉണ്ണി പണിക്കർ തെയ്യാട്ടത്തോടൊപ്പം തന്നെ നാടക അഭിനയത്തിലും പ്രാവീണ്യം തെളിയിച്ച ഒരു അതുല്യ പ്രതിഭ ആയിരുന്നു, അദ്ദേഹത്തിന്റെ വഴിയിൽ തന്നെ ആണ് പൊന്നു പണിക്കറുടെയും യാത്ര; നാടക അഭിനയത്തിന് പുറമെ സിനിമയിലും കുറച്ച് വേഷങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു.
ഇനിയും നിരവധി വർഷങ്ങൾ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കടപ്പാട്: രാവണൻ

Rajeevan Peruvannan
സ്വദേശം കയരളം. ഒട്ടുമിക്ക തെയ്യകോലങ്ങളും കെട്ടാറുണ്ടെങ്കിലും ശ്രദ്ദിക്കപ്പെട്ടതു ഇളംങ്കോലം തെയ്യത്തിലാണ്.
മിക്കവാറും ഒരു സീസണിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന തെയ്യം ഏതാണെന്നു ചോദിച്ചാൽ അതു ഇളംകോലവും തമ്പുരാട്ടിയും തന്നെയായിരിക്കും. അത്രമാത്രം ഇദ്ദേഹത്തിന്റെ ഇളംങ്കോലം ശ്രദ്ദിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മരക്കലത്തിലായാലും മറ്റ് ക്ഷേത്രങ്ങളിലായാലും കോലധാരിയെ നിശ്ചയിക്കുമ്പോൾ ആദ്യ പരിഗണന മിക്കവാറും രാജീവൻ പെരുവണ്ണാന് ആയിരിക്കും. ഇളങ്കോലത്തിന്റെ കലാശങ്ങളിൽ ചട്ടമറിക്കുക എന്നതിനു പ്രാധ്യാന്യം കൂടുതലാണ്. കണ്ടു നിൽക്കുന്നവരിൽ ആവേശം ഉണ്ടാക്കാൻ മാത്രം ശക്തിയുണ്ട് ഇളങ്കോലത്തിന്റേ ചട്ടമറിക്കലിന്. ഇളങ്കോല ചട്ട എന്നു തന്നെയാണു തിരുമുടിക്ക് പറയുന്ന പേരും. ചട്ടമറിക്കുന്നതിലുള്ള വേഗതയും കൃത്യതയും മറ്റ് ഇളങ്കോലക്കാരിൽ നിന്നും രാജീവൻ പെരുവണ്ണാനേ വ്യത്യസ്തനാക്കുന്നു. ഇളങ്കോലചട്ടമറിക്കലിൽ ഒരു വശത്തേക്ക് മറിക്കുന്ന അത്രയും എണ്ണം തന്നെ അതേ വേഗതിൽ മറുവശത്തേക്കും മറിക്കുന്നതിൽ ഉള്ള കയ്യടക്കം ആണു മറ്റു ഇളങ്കോലകാരിൽ നിന്നും വേറിട്ടൊരസ്ഥിത്വം ഇദ്ദേഹത്തിനു ലഭിക്കാൻ കാരണം.
പത്തൊൻപതാം വയസ്സിൽ കയരളം പുതിയവീട് തായ്പരദേവതാ ക്ഷേത്രത്തിൽ നിന്നും ബാലി തെയ്യത്തിനു പെരുവണ്ണാൻ ആചാരം. അതേ വർഷം തന്നെ മേച്ചേരി വയൽതിറയിൽ പുതിയ ഭഗവതികോലത്തിന് നാട്ടുകാർ പട്ടും വളയും നൽകി ആദരിക്കുകയുണ്ടായി. അച്ഛനും ഗുരുനാഥനുമായ കയരളം ഒതേന പെരുവണ്ണാന്റെ കൈപിടിച്ച് കെട്ടിയാട്ടമേഖലയിലേക്ക് രംഗപ്രവേശം.
പതിനാലാം വയസ്സിൽ കൊടുമുടിയണിഞ്ഞായിരുന്നു കെട്ടിയാട്ട രംഗത്തേക്കുള്ള പ്രഥമ കാൽവയ്പ്പ്. നടാൽ ഊർപ്പഴശി ക്ഷേത്രത്തിൽ നിന്നും ചേലയും ചുരികയും നൽകി ഊർപ്പഴശ്ശി പെരുവണ്ണാൻ എന്ന വിശേഷ ആചാരത്തിനുടമയാക്കി. കണ്ണൂർ താളിക്കാവ്, കല്ല്യാശേരി കപ്പോത്ത് കാവ് എന്നീ ക്ഷേത്രങ്ങളിൽ വർഷങ്ങളായി ഇളങ്കോലം കഴിക്കുന്നതും ഇദ്ദേഹമാണ്, കൂടെ സഹോദരൻ രജീഷ് പെരുവണ്ണാനും കെട്ടിയാട്ടത്തിൽ ഇദ്ദേഹത്തോടൊപ്പം സജീവമാണ്.
വരും നാളുകളിലും നിരവധി ഇളങ്കോലചട്ട വയ്ക്കാൻ ഇദ്ദേഹത്തെ ആ ഭഗവതി പ്രാപ്തനാക്കട്ടെ.
കടപ്പാട്- ശ്രീക്രിയ

Sajeev Kuruvatt

Sasidharan Peruvannan Paravur
പ്രസിദ്ധതെയ്യം കോലധാരി കുഞ്ഞിരാമൻ കുറ്റൂരാന്റെയും രോഹിണിയുടെയും അഞ്ചുമക്കളിൽ മൂത്ത ആളാണ് ശശിധരൻ പെരുവണ്ണാൻ പറവൂർ. ഗുരുവും മാർഗ്ഗദർശിയും പിതാവ് തന്നെയാണ്. പ്രഗത്ഭ തെയ്യം കോലധാരി സതീഷ് പെരുവണ്ണാൻ പറവൂർ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
ചെറുപ്രായത്തിൽ ആടിവേടൻ കെട്ടിയാണ് തെയ്യത്തിലേക്ക് കടന്നു വന്നത്. 13ആം വയസ്സിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി. തുടർന്ന് പഠനത്തോടൊപ്പം പിതാവോടോത്ത് തെയ്യത്തിനു പോകാനും തുടങ്ങി. ഇന്ന് കെട്ടിയാടുന്ന മിക്ക തെയ്യങ്ങളും കെട്ടിയാടാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
മുത്തപ്പൻ, തിരുവപ്പന, കണ്ടനാർ കേളൻ, വയനാട്ടുകുലവൻ, തെക്കൻ കരിയാത്തൻ, കതിവനൂർ വീരൻ, പുതിയ ഭഗവതി, വീരൻ, പുലിയൂർ കാളി, നെടുബാലിയൻ ദൈവം, ദൈവത്താർ ഈശ്വരൻ, ബാലി - സുഗ്രീവൻ, വേട്ടക്കൊരു മകൻ, കക്കര ഭഗവതി, ചെക്കിച്ചേരി ഭഗവതി, പുലിക്കണ്ടൻ, ചാത്തു, ചീരു, നാഗകന്യ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. 58 ഓളം കണ്ടനാർ കേളൻ തെയ്യം കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
4/4/2007 - ൽ കണ്ണൂർ കനകത്തൂർ ശ്രീ കുറുമ്പ ക്ഷേത്രം വക ചിറക്കൽ കോവിലകത്തിൽ നിന്ന് പട്ടും വളയും പെരുവണ്ണാൻ സ്ഥാനപ്പേരും നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
തുടർന്ന് ഇങ്ങോട്ട് ഈ കഴിഞ്ഞ കളിയാട്ടം വരെ ദൈവത്താർ തിരുമുടി വെക്കുവാൻ ഉള്ള ഭാഗ്യം ഇദ്ദേഹത്തിന് സിദ്ധിച്ചു. അണിയല നിർമ്മാണത്തിലും മുഖത്തെഴുത്തിലും ഉള്ള കഴിവ് എടുത്തുപറയേണ്ട കാര്യമാണ്.
യുവ തെയ്യം കോലധാരികളിൽ ശ്രദ്ധേയരായ ആദർശ് പറവൂർ, ആകാശ് പറവൂർ എന്നിവർ മക്കളാണ്.
ഇനിയും ഒട്ടനേകം വർഷങ്ങൾ ആയുരാരോഗ്യത്തോടെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ...
കടപ്പാട്:: ©️𝐫𝐚𝐚𝐯𝐚𝐧𝐚𝐧

Sharath Peruvannan Chengalayi
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്തിന് അടുത്ത് ചെങ്ങളായി ആണ് ഇദ്ദേഹത്തിന്റെ ജന്മദേശം.
ചെങ്ങളായി ഗംഗൻ പെരുവണ്ണാന്റെയും ഉഷയുടെയും മകനായ ഇദ്ദേഹം നിലവിലെ ശ്രദ്ധേയനായ തെയ്യം കോലധാരി ആണ്.
ഭാര്യ : സ്നേഹ
മകൻ : അലൻകൃത്
ഒട്ടുമിക്ക കോലധാരികളെയും പോലെ ചെറിയ പ്രായത്തിൽ തന്നെ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സിൽ പാടാർക്കുളങ്ങര വീരൻ തെയ്യം കെട്ടിയാടി ഈ മേഖലയിൽ സജീവമായി.
അച്ഛനും, വല്യച്ഛൻ ആയ ചെങ്ങളായി നാരായണ പെരുവണ്ണാനും പെരിന്തലേരി ടി. പി കണ്ണപ്പെരുവണ്ണാനും ആണ് തെയ്യസപര്യയിൽ ഇദ്ദേഹത്തിന്റെ മാർഗദർശികൾ, കയരളം ഒതേന പെരുവണ്ണാന്റെ ശിഷ്യണത്തിൽ ആണ് ഇദ്ദേഹം വളർന്നു വന്നത്.
തന്റെ പതിനെട്ടാം വയസ്സിൽ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പുതിയ ഭഗവതി വയൽ തിറയിൽ, പുതിയ ഭഗവതി കോലം കെട്ടിയാടിയ ഇദ്ദേഹത്തെ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നൽകി പെരുവണ്ണാൻ സ്ഥാനം നൽകി ആചാരപ്പെടുത്തി.
പുതിയ ഭഗവതിക്ക് പുറമെ വീരൻ, വീരാളി, നരമ്പിൽ ഭഗവതി, തെക്കൻ കരിയാത്തൻ, തോട്ടുംകര ഭഗവതി, മാണിക്യപോതി, കരുകുണ്ടപ്പൻ തെയ്യം, കണ്ടനാർ കേളൻ, ചീരു, ചാത്തു, കുടിവീരൻ, ഇളംകോലം, തായ്പരദേവത, നെടുബാലിയൻ ദൈവം, ഇളംകരുമകൻ, പൊയ്യിൽ ഭഗവതി, ആലോട്ട് ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, അർദ്ധ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി, ചന്ദ്രനെല്ലൂർ ഭഗവതി, ഭദ്രകാളി, നാഗകന്നി, മുത്തപ്പൻ വെള്ളാട്ടം, ശ്രീഭൂതം, പൊന്മകൻ, മഞ്ജുനാഥൻ, പുതിയിടത്ത് ഭഗവതി, ഗുരുക്കൾ തെയ്യം എന്നിങ്ങനെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് ഭാഗ്യം ഉണ്ടായി.
2019-ൽ കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ് പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
തെയ്യാട്ടത്തിന് പുറമെ മുഖത്തെഴുത്തിലും അണിയല നിർമാണങ്ങളിലും തോറ്റം ചൊല്ലുന്നതിലും ഉള്ള ഇദ്ദേഹത്തിന്റെ മികവ് എടുത്ത് പറയേണ്ടതാണ്.
ഇനിയും നിരവധി വർഷങ്ങൾ ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടുവാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
കടപ്പാട്: രാവണൻ

Sumesh Peruvannan Thaliyil
കണ്ടൻ ചിറക്കൽ കണ്ണന്റേയും മാധവിയുടെയും മകനായി ജനിച്ചു. കാട്ട്യത്തെ കൃഷ്ണൻ പെരുവണ്ണാന്റെ കീഴിൽ തെയ്യങ്ങളുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. വേടൻ തെയ്യം കെട്ടി തെയ്യലോകത്തേക്ക് കാലെടുത്തു വെച്ചു. ആന്തൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ 13 ാം വയസ്സിൽ വീരൻ തെയ്യം കെട്ടി തെയ്യരംഗത്ത് സജീവമായി. 14 ാം വയസ്സു തൊട്ട് മിക്ക തെയ്യങ്ങളും കെട്ടാൻ തുടങ്ങി. 2000ൽ ആന്തൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടി ആചാരപ്പെട്ടു.കോടല്ലൂർ തമ്പുരാനിൽ നിന്നാണ് ഇദ്ദേഹത്തിന് ആചാരം ലഭിച്ചത്. ഏവരേയും ആകർഷിക്കുന്ന സ്വഭാവത്തിനുടമ. കനലാടിയെന്നത് ജീവിത നിയോഗമായി കൊണ്ടു നടക്കുന്ന വ്യക്തി. അണിയല നിർമ്മാണവും , മുഖത്തെഴുത്തും കൂടാതെ നല്ലൊരു തെയ്യ സഹായി കൂടിയാണിദ്ദേഹം.. അതു കൊണ്ട് തന്നെ മിക്ക കാവുകളിലും ഇദ്ദേഹത്തെ കാണാം. വടക്കേ മലബാറിൽ അത്യപൂർവ്വമായതും ഏറെ കെട്ടിയാടാൻ ബുദ്ധിമുട്ടുള്ളതുമായ പുതുതലമുറ പോലും ഏറ്റെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന, കാൽത്തള പോലുമില്ലാതെ തെങ്ങിൽ കയറുന്ന ബപ്പിരിയൻ ദൈവം കെട്ടിയാടിയുന്നതിൽ ഇദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ്. കെട്ടുന്ന കോലമേതായാലും തന്റെതായ രീതിയിൽ കെട്ടിയാടുന്നതിൽ ശ്രദ്ധാലു. കണ്ടനാർ കേളൻ ചോന്നമ്മ, ഇളംകോലം, വലിയതമ്പുരാട്ടി, തൊണ്ടച്ചൻ, വടക്കത്തി, തോട്ടുംകര ഭഗവതി , പോതി, മുത്തപ്പൻ വെള്ളാട്ടം, പുല്ലൂർ കാളി അങ്ങനെ ഒട്ടു മിക്ക എല്ലാ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്.. ഡിസ്കവറി ചാനൽ ഇദ്ധേഹത്തെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്.
Credit : Vyshnav velapuram & Varavili Facebook page

Sureshan Manakkadan
സുരേശൻ മണക്കാടൻ -
തെയ്യങ്ങൾക്കായി അർപ്പിച്ച ജീവിതങ്ങളാണ് ഓരോ കനലാടിമാരും. ശ്വസിക്കുന്ന വായുവിലും പറയുന്ന വാക്കുകളിലും എല്ലാം തെയ്യം തന്നെ. തെയ്യങ്ങൾക്ക് രൂപവും ഭാവവും സ്വഭാവത്തിനനുസരിച്ചു നൽകുന്നത് ഓരോ കനലാടിയുടെയും മനഃസാന്നിധ്യവും അറിവും തന്നെയാണ്. അർപ്പണ ബോധത്തോടെ ഓരോ കോലസ്വരൂപത്തെയും പൂർണതയിൽ യാതൊരു ലാഭേച്ഛയും കൂടാതെ എത്തിക്കുന്ന കലാകാരന്മാരാണ് ഓരോ കനലാടിമാരും. അത്തരം ഒരു കലാകാരൻ ആണ് ശ്രീ സുരേശൻ മണക്കാടൻ.മണക്കാടന്റെ ഓരോ കോലസ്വരൂപത്തിലേക്കുമുള്ള പൂർണമായ ആ ഭാവ പകർച്ച എന്നും ശ്രദ്ധേയമാണ് .1972 ൽ തെയ്യം കലാകാരനായ കോരന്റെയും തമ്പായിയുടെയും മകനായി കരിവെള്ളൂരിൽ ജനനം .കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ ധാരിയായ ഇദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ തെയ്യം കലയിൽ ഹരിശ്രീ കുറിച്ചു. ഉണ്ട മണക്കാടൻ ,അമ്മാവൻ അശോകൻ മണക്കാടൻ എന്നിവരുടെ ശിക്ഷണത്തിൽ തെയ്യം കലയിലേക്ക് കാലെടുത്തുവച്ചു .പിന്നീട് അങ്ങോട്ട് ഒരുപാട് ഗുരുക്കന്മാർ എണ്ണിയാൽ തീരാത്ത തെയ്യക്കോലങ്ങൾ .
പട്ടേന പുതുക്കുളം ഇല്ലത്ത് പല വട്ടം അഗ്നി കോലമായ പുതിയ ഭഗവതിയുടെ കോലമണിഞ്ഞു പഞ്ചാഗ്നിയെ വാരിപ്പുണർന്ന് പൈതങ്ങളെ അനുഗ്രഹിച്ചു .മഞ്ഞമ്മാട ദൈവീരുവർ സ്ഥാനത്തു പുതിച്ചേകോൻ തെയ്യം കെട്ടാനായി മണക്കാടൻ ആയി ആചാരപ്പെട്ടു.ആകാര ഭംഗികൊണ്ടും ഭാവ പകർച്ച കൊണ്ടും പിന്നീട് കെട്ടിയ കോലങ്ങൾ പൂർണതയിലെത്തിച്ചു . പുസ്തകങ്ങൾ ഒരുപാട് വായിക്കുന്ന ഇദ്ദേഹം അണിയല നിർമാണത്തിലും തോറ്റംപാട്ടിലും വളരെയധികം മികവ് പുലർത്തുന്നു .അതുകൊണ്ട് തന്നെ കോലസ്വരൂപങ്ങളുടെ മൊഴിയും വളരെയധികം ശ്രദ്ധേയമാണ്.
അപൂർവ്വ തെയ്യക്കോലങ്ങളായ പൂളോൻ,പുതിച്ചേകോൻ, മലരാജൻ ,കൂടാതെ വീരഭദ്രൻ ,ഭഗവതിമാർ , ചാമുണ്ഡി, വിഷ്ണുമൂർത്തി,വേട്ടക്കൊരുമകൻ ,ഊർപഴശ്ശി ,അന്തിത്തിറ ഇങ്ങിനെ എണ്ണിയാൽ തീരാത്ത കോലങ്ങളും കെട്ടിയാടി .തെയ്യത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ഇനിയും മഹത്തായ ഈ അനുഷ്ഠാനത്തിൽ വളരെയധികം ശോഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Thaliyil Prasoon Peruvannan
അഴീക്കോട് ശ്രീ പാലോട്ടുകാവിലെ പ്രധാനമൂർത്തിയായ ശ്രീ പാലോട്ട് ദൈവത്താറീശ്വരൻ്റെ തിരുമുടിക്കാരനായി ശ്രീ തളിയിൽ പ്രസൂൺ പെരുവണ്ണാൻ ചുമതലയേറ്റു. അഴീക്കോട് പാലോട്ട്കാവിന് സമീപം തളിയിൽ കുഞ്ഞമ്പുവിൻ്റെയും പ്രമീളയുടെയും മകനാണ്.മുച്ചിലോട്ട് ഭഗവതി, പുതിയ ഭഗവതി, വലിയ തമ്പുരാട്ടി, വയനാട്ട് കുലവൻ, നാഗകന്നി, മുത്തപ്പൻ തിരുവപ്പന, തുടങ്ങി നിരവധി തിറകളുടെ കോലധാരിയായി തെയ്യം കലാരംഗത്ത് വളരെ ശ്രദ്ധേയനായിട്ടുണ്ട്.കൂടാതെ കടാങ്കോട്ട് മാക്കം തുടങ്ങിയ നിരവധി തിറകളുടെ തോറ്റംപാട്ടും അവതരിപ്പിച്ചിട്ടുണ്ട്.ഏഴു വർഷം മുന്നെ മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയായ അദ്ദേഹത്തെ അണിയേരി മുച്ചിലോട്ട് കാവിൽ വെച്ച് പട്ടും വളയും നൽകി ആദരിച്ചിട്ടുണ്ട്

Shiju Peruvannan
തെയ്യത്തെ നെഞ്ചിലേറ്റി, തെയ്യമെന്ന ദൈവീക അനുഷ്ടാനത്തെ, കൃത്യമായ അനുഷ്ടാനത്തിലും കർമ്മത്തിലും ആത്മസമർപ്പണം കൊണ്ട് നിറവേറ്റുന്ന യുവപ്രതിഭ. കണ്ണൂർ ജില്ലയിൽ ഇരിട്ടിക്ക് അടുത്ത് ആറളം ആണ് ജന്മദേശം (നിലവിൽ വീർപ്പാട് ആണ് താമസം) തന്റെ ചെറുപ്പക്കാലത്തു തെയ്യം കാഴ്ചക്കാരൻ നിലയിൽ കാവുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു എങ്കിലും തെയ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇദ്ദേഹം പിന്നീട് ഒരു നിമിത്തമെന്നോ നിയോഗം എന്നോ പറയും പോലെയായിരുന്നു ഈ രംഗത്തേക്കുള്ള കടന്നവരവ്. കുടക് ദേശത്ത് ഇദ്ദേഹത്തിന്റെ മുൻതലമുറയിൽപെട്ടവർ പാരമ്പര്യമായി തെയ്യം കെട്ടിയാടുന്ന തറവാട് ക്ഷേത്രങ്ങൾ ഉണ്ട് ആ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് അമ്മാവൻ ഗംഗാധരൻ പെരുവണ്ണാന്റെ കൂടെ സഹായിയായി കുടകിലേക് പോവുകയും അവിടെവച്ച് തെയ്യത്തിന്റെ ചടങ്ങുകളും മറ്റു കാര്യങ്ങളിലും ശ്രദ്ധയാകർഷിച്ചാണ് ഒരു തെയ്യം കോലധാരി ആകണമെന്ന മോഹം മനസ്സിലുണ്ടാകുന്നത്. പിന്നീട് അമ്മാവനായ ഗംഗധരൻ പെരുവണ്ണാന്റെ കീഴിൽ തെയ്യപഠനം ആരംഭിക്കുകയും ചെയ്തു. മുപ്പത്തയിവർ പരദേവതമാരിൽ പൂതാടി എന്ന തെയ്യക്കോലം ധരിച് തന്റെ പതിനെട്ടാം വയസ്സിൽ കുടകരുടെ മണ്ണിലാണ് അരങ്ങേറ്റം കുറിക്കുന്നത് . തൊട്ടടുത്ത വർഷം വിളമന കരിവന്നൂർ പുതിയ ഭഗവതി ക്ഷേത്രത്തിൽ വീരർക്കാളി ഭഗവതിയെ കെട്ടിയാടി ചുവടുറപ്പിച് ഈ രംഗത്ത് സജീവമായി. അമ്മാവനായ മാടത്തിൽ ഗംഗാധരപെരുവണ്ണാൻ ആണ് ആദ്യ ഗുരുനാഥൻ എങ്കിലും പിന്നീട് അദ്ദേഹം പെരുമണ്ണ് അനീഷ് പെരുവണ്ണാന്റെ ശിക്ഷണത്തിൽ കൂടി അണിയറ കാര്യങ്ങളും മറ്റും ഹൃദ്യസ്തമാക്കി ഒട്ടനവധി കളിയാട്ടകാവുകളിൽ ദേവി ദേവന്മാരുടെ തിരുമുടി അണിഞ്ഞിട്ടുണ്ട്. വീർപ്പാട് ശ്രീ മന്ദത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാണ് പട്ടും ആചാരവളയും സ്വീകരിച് തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ പെരുവണ്ണാനായി ആചാരപെടുന്നത്. വീരൻ, ഭദ്രകാളി, പുഴയിൽ ഭഗവതി,നീലക്കരിങ്കാളി, രുധിരപാലൻ,പെരുമ്പേശൻ, മലക്കാരി,അസുര കാളി, രുദിരകാളി, പുള്ളികരിങ്കാളി, മുത്തപ്പൻ തിരുവപ്പന, കണ്ണങ്ങാട്ടു ഭഗവതി എന്നിങ്ങനെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിട്ടുണ്ട്. ഉത്തരകേരളത്തിൽ ആചാരവൈവിധ്യം കൊണ്ടും ഐതീഹ്യപെരുമ കൊണ്ടും പ്രശസ്തിയാർന്ന ശ്രീ മുണ്ടയാംപറമ്പ് തറക്ക്മീത്തൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനാണ് ഇന്ന് ഷിജു പെരുവണ്ണാൻ. 2022 മാർച്ച് മാസത്തിലാണ് ഇദ്ദേഹത്തെ ക്ഷേത്രസ്ഥാനികനായി ആചാരപ്പെടുത്തുന്നത്.. അര്പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടി ഭക്തമനസ്സുകളിലേക്ക് പകർന്നാടി കാവുകളിലെ നിറദീപമായ് മാറാൻ ഇദ്ധേഹത്തിനിനിയും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ...
Source : Rahul Mattannur - Theyyam Thirayattam

Unnikrishnan Kandankali
1986 ജനുവരി 10ന് പയ്യന്നൂർ, കണ്ടങ്കാളിയിൽ കുന്നരുക്കാരൻ അമ്പുവിന്റെയും നാരായണിയുടെയും മകനായി ജനിച്ചു . ഒമ്പതാമത്തെ വയസ്സിൽ തൊരക്കാരത്തി (കൂടയുള്ളോർ) കെട്ടിയാണ് തെയ്യം രംഗത്തേക്ക് പ്രവേശിക്കുന്നത് . കുണ്ടാർ ചാമുണ്ടി, കുറത്തിയമ്മ, മോന്തിക്കോലം,തൊരക്കാരത്തി, കുഞ്ഞാർ കുറത്തിയമ്മ, പന്നി പുറത്ത് ചാമുണ്ഡി, പടിഞ്ഞാറ ചാമുണ്ഡി, കണിയാട്ടി ഭഗവതി, പര വ ചാമുണ്ഡി, അയ്യപ്പൻ ദൈവം, ഗുളികൻ, ബപ്പൂരാൻ ദൈവം എന്നിങ്ങനെ കുറെ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. പയ്യന്നൂരിൽ ഉള്ള ആരുടെയും മനസ്സിൽ വരുന്ന കുണ്ടോറ ചാമുണ്ടിയുടെ ചിത്രം ഇദ്ദേഹത്തിന്റെ തന്നെയാണ് . അത്രയും തേജസ്സാണ് ഇദ്ദേഹത്തിന്റെ തെയ്യത്തിനുള്ളത് . കൊക്കാനീശ്ശേരി കണ്ണങ്ങാടിലെ മൂന്നാം കളിയാട്ട സുദിനത്തിൽ കെട്ടിയിടുന്ന കുണ്ടോറ ചാമുണ്ടിയുടെയും പുതിയ ഭഗവതിയുടെയും പുറപ്പാട് കണ്ടാൽ ഭക്തർ കൈകൂപ്പി നിന്നു പോകും . ഇവരുടെ ചെണ്ടയുടെ താളവും അതു പോലെ തന്നെ എടുത്തു പറയേണ്ടതാണ് . പയ്യന്നൂർ ഭാഗത്ത് അതികവും കുണ്ടോറചാമുണ്ടി ഇദ്ദേഹം തന്നെയാണ് കെട്ടാറുള്ളത്

Vipin Peruvannan-Edakkeppuram
വിപിൻ പെരുവണ്ണാൻ ഇടക്കേപ്പുറം
ചെറുകുന്ന് ഇടക്കേപ്പുറം സ്വദേശിയാണ് വിപിൻ. പ്രശസ്ത കോലധാരി നാറാത്ത് മോഹനൻ പെരുവണ്ണാന്റെയും ശാന്തയുടെയും രണ്ട് മക്കളിൽ മൂത്ത മകൻ. പുതിയ തലമുറയിലെ കോലധാരികളിൽ പ്രതിഭാധനനായ ചെറുപ്പക്കാരൻ.
ഒരു കനലാടിക്കു വേണ്ട വിനയമുള്ള വ്യക്തിത്വത്തിനുടമ , ആടിവേടൻ കെട്ടിയാണ് തുടക്കം.
ഗുരുവായ അച്ഛന്റെ പാത പിന്തുടർന്ന് പതിനാറാം വയസ്സിൽ ചെറുകുന്ന് അരീക്കുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കണ്ണങ്ങാട്ട് ഭഗവതി കെട്ടി കാവുകളിൽ തുടക്കമിട്ടു. ആദ്യമായ് കെട്ടിയ തെയ്യത്തിന്റെ മികവ് കൊണ്ട് തന്നെ ചിറക്കൽ തമ്പുരാന്റെ കയ്യിൽ നിന്നും അന്നപൂർണ്ണേശ്വരിയുടെ തിരുനടയിൽ നിന്നും പെരുവണ്ണാനായ് ആചാരപ്പെട്ടു.
അമ്മയുടെ അനുഗ്രഹത്താൽ തുടർന്ന് വലിയ തമ്പുരാട്ടി,മുച്ചിലോട്ട് ഭഗവതി, ചൂളിയാർ ഭഗവതി, ഗുളിയാങ്ങ ഭഗവതി, പുതിയ ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, ഇളങ്കോലം, ബാലി, വയനാട്ടു കുലവൻ, തോട്ടുംകര ഭഗവതി തുടങ്ങിയ നിരവധി കോലങ്ങൾ കെട്ടിയാടി.
പുതിയ ഭഗവതി കെട്ടിയാടുന്നതിൽ ഏറെ ശ്രദ്ധേയൻ. 19ാം വയസ്സിൽ നടാൽ ഊർപ്പഴശ്ശിക്കാവിൽ നിന്നും ചേലയും ചുരികയും ലഭിച്ചു. വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും ഊർപ്പഴശി ദൈവത്താറുടെ വെള്ളാട്ട രൂപം ധരിക്കാൻ മഹാഭാഗ്യം ലഭിച്ചു..
ഇനിയുമേറെ കോലങ്ങൾ കെട്ടിയാടാൻ കോലത്തു നാടിന്റെ ഈ യുവപ്രതിഭക്കു കഴിയുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ.
കടപ്പാട്: രാവണൻ

Shibin Raj (Appu Velilchappadan)
ഷിബിൻ രാജ്
(അപ്പുവെളിച്ചപ്പാടാൻ ബേത്തലം ബന്തടുക്ക)
2012 ഫെബ്രുവരി 23 നു കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടുകളിയാട്ടം വിഷ്ണുമൂർത്തി ഉറയണ സമയത്ത് ദൈവ നിയോഗം വന്നു.. 11 ആം വയസിൽ രാശിയിലൂടെ വിഷ്ണു മൂർത്തി യുടെ വെളിച്ചപ്പാടനെന്നു മനസ്സിലാക്കി.. 11 ആം വയസ്സിൽ കുളത്തൂർ പെനായാൽ ദേവസ്ഥാനത്ത് കൈതിനു തിരുവായുധം എടുത്തു..2012 മീനം 27 നു കൊളത്തൂർ ഒണ്ടംപുളികാലിൽ ആദ്യമായി മേലേരി കയറി. പിന്നെ നിരവധി ഒറ്റക്കോല ത്തിന് മേലരീ കയറി. 13ആം വയസ്സിൽ വീട്ടുതെയ്യത്തിന് നോറ്റിരുന്നു..
14ആം വയസ്സിൽ പെരിയ കുമ്പള തനത്തി
ങ്കാലിൽ കൃഷ്ണൻ വെളിച്ചപ്പാടാനോടൊപ്പം വിഷ്ണുമൂർത്തിയുടെയും തൊണ്ടചന്റെയും നാൽമരം മുറിച്ചു ഇളങ്കം കൊണ്ടു
ബാത്തൂർ കഴക പരിധിയിലെ കല്ലംപള്ളി താനത്തിങ്കാലിൽ ആദ്യമായി പ്രതിഷ്ഠ കർമം ചെയ്തു. ഏകദേശം 1000 ൽ അതികം പുതിയയെടുകലുകളിൽ കർമം ചെയ്തു. നിരവധി താനം/തറവാടുകളിലും നാൽമരം മുറിക്കുകയും പ്രതിഷ്ഠ ഇരുത്തുകയും ചെയ്തു.
ആദ്യമായി മടികൈ കോരവിൽ തെയ്യംകെട്ടിന് വിഷ്ണുമൂർത്തി യുടെ സഹായ കർമി ആയി.. രാവണേശ്വരം കുന്നത്ത് നാരായണൻ വെളിച്ചപ്പാടനെ ഗുരുവായി കണ്ടു ഗുരു ഉപദേശംതേടി 2015തുലാം 25 നു ബന്തടുക്ക പനംകുണ്ട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരിക്ക് നോറ്റിരുന്നു.. 14 ആം വയസ്സിൽ തന്നെ പള്ളഞ്ചി ദേവസ്ഥാനത്തു തെയ്യംകെട്ടിലെ വിഷ്ണുമൂർത്തിയുടെ പ്രധാന കർമി ആയി നോറ്റിരുന്നു..അച്ചൻ ഷിജു വിഷ്ണുമൂർത്തിയുടെ വെളിച്ചപ്പാടൻ. അച്ഛൻ്റെ ജേഷ്ട സഹോദരൻ മാരായ കൃഷ്ണൻ പേനയാൽ തൊണ്ടച്ചൻ്റെ വെളിച്ചപ്പാടൻ,
മുണ്ട കൈ രാഘവൻ (വിഷ്ണുമൂർത്തിയുടെ വെളിച്ചപ്പാടൻ )
Kadappad:
ശ്രീ വയനാട്ടുകുലവൻ
വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ്