
Theyyapperuma-06
തെയ്യപ്പെരുമ – 6
തുലാമാസം പത്താം തീയ്യതിയാണ് (ഒക്ടോബര്‍) മലബാറിലെ തെയ്യക്കാലം ആരംഭിക്കുന്നത്. കൊളച്ചേരി ചാത്തമ്പള്ളി വിഷ കണ്ഠന്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടു കൂടിയാണത്. ഇടവത്തില്‍ (ജൂണില്‍) പുതിയതെരു കളരി വാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തോടു കൂടിയാണ് തെയ്യക്കാലം അവസാനിക്കുന്നത്.
ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ആളുകളും പങ്കെടുക്കുന്ന ഒരു ഗ്രാമോത്സവമാണ് അതാതിടങ്ങളിലെ കളിയാട്ടങ്ങള്‍. അത് കൊണ്ട് തന്നെ അത് ഒരു ദേശത്തിന്റെ മുഴുവന്‍ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ഉതകുന്നു. വലിയവന്‍, ചെറിയവന്‍, ഇന്ന ജാതിക്കാരന്‍, ഇന്ന മതക്കാരന്‍ എന്നൊന്നും ഇല്ലാതെ തെയ്യത്തിന്റെ മുന്നില്‍ അവര്‍ക്ക് തങ്ങളുടെ ദുഃഖങ്ങള്‍, ആവലാതികള്‍, സങ്കടങ്ങള്‍ ഇവ ഉണര്ത്തിക്കാം.
അതാതു പ്രദേശത്ത് നടക്കുന്ന കളിയാട്ടത്തില്‍ ആ നാട്ടിലെ ഓരോ വിഭാഗത്തിനും ഓരോ പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. ആ അവകാശങ്ങള്‍ അവര്‍ നിറവേറ്റുമ്പോള്‍ അത് ഒരു ജനകീയ കൂട്ടായ്മയായി മാറുന്നു. തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലെ ഉത്തമ കര്‍മ്മങ്ങള്‍ ബ്രാഹ്മണരും, അതിന്റെ ഊരായ്മ നായരും കലശം തീയ്യനും വിളക്കിലെ എണ്ണ വാണിയനും അലക്കിയ വസ്ത്രം (മാറ്റ്) വണ്ണാത്തിയും ആയുധങ്ങള്‍ ഉണ്ടാക്കുകയും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യാന്‍ കൊല്ലനും തെയ്യത്തിനു വേണ്ടുന്ന മേലേരിക്ക് വേണ്ടിയുള്ള മരം മുറിക്കാന്‍ ആശാരിയും ചെണ്ട കൊട്ടാനും തെയ്യങ്ങള്‍ കെട്ടാനും മലയന്‍, വണ്ണാന്‍ എന്നിവര്‍ക്കും പണ്ട് മുതലേ അവകാശങ്ങള്‍ കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്. എല്ലാ ജാതിമതസ്ഥരും തെയ്യം കാണാന്‍ വരുന്നതോടെ ഇത് ഓരോ ഗ്രാമത്തിന്റെയും പൊതു ഉത്സവമായി മാറുന്നു. ഇത്തരം ഗ്രാമോത്സവങ്ങള്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നു. പൊതുവായ കാര്യങ്ങളില്‍ വിത്യസ്ത ജാതികള്‍ക്കിടയില്‍ ഒരു സഹകരണ മനോഭാവം വളര്‍ത്തിയെടുക്കാനും ഉതകുന്നു. അങ്ങിനെ തീര്‍ത്തും ജാതി മത നിരപേക്ഷമായ ഒരു ഉത്സവമായി ഇത് ഫലത്തില്‍ മാറുന്നു.
ഓരോ സമുദായക്കാരെയും തെയ്യം പേരെടുത്ത് സംബോധന ചെയ്യുന്ന സമ്പ്രദായം ഉണ്ട്. ആ സംബോധനയില്‍ ജാതിയുടെ ഇല്ലകണക്കോ, പൂര്‍വ ചരിത്രമോ, സമൂഹ പദവിയോ സൂചിപ്പിക്കുന്നതായി കാണാം. ‘എന്റെ മാടായി നഗരമേ’ എന്ന് പറഞ്ഞാല്‍ അത് മാടായിലെ മുസ്ലിംങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ആദ്യകാലത്ത് മാടായില്‍ കുടിയേറിയവര്‍ എന്നതില്‍ നിന്നാണ് ഈ വിളി വന്നതത്രെ. അവരോട് തെയ്യം പറയുന്നത് കേള്‍ക്കൂ: “അന്ന് ചേരമാന്‍ പെരുമാള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ഗൂഡമായി കപ്പല്‍ കയറി കൊയിലാണ്ടി തുര്‍ക്കില്‍ ഒരു നാള്‍ പാര്‍ത്തു. പിറ്റേന്ന് ധര്‍മ്മപട്ടണം വന്നവാറെ കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ കയറി വിട കൂടാതെ സഹര്‍ മുക്കാല്‍ ഹയാ ബന്തറില്‍ ചെന്നിറങ്ങി. അപ്പോള്‍ മുഹമ്മദ് നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ക്കുന്നുവെന്നറിഞ്ഞു അവിടെ ചെന്ന് കണ്ടു മാര്‍ഗം കൂടി. താജുദ്ദീന്‍ എന്ന് പേരായി മാലിക് ഹബിയാറെന്ന അറബി രാജാവിന്റെ പെങ്ങളായ റിജിയത്ത് എന്നവളെ കെട്ടി അഞ്ചാണ്ട് പാര്‍ത്തു. മലയാളത്തില്‍ വന്നു ദീന്‍ നടത്തേണ്ടതിനു യാത്ര കിഴിയെ ദീനം പിടിച്ച് താനുണ്ടാക്കിയ പള്ളിയില്‍ തന്നെ മറഞ്ഞു. പെരുമാളെഴുത്തും മുദ്രയുമായി രാജസമ്മതത്തോടെ പതിനൊന്ന് കരിങ്കല്ല് വെച്ച പതിനൊന്ന് പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന് പള്ളി, മുട്ടത്ത് പള്ളി, പന്തലായനി, സെയിനുദ്ദിന്‍ ഖാസി, ശ്രീകണ്ടാപുരം പള്ളി, മാലിക് ദീനാര്‍ പള്ളി ….. അങ്ങനെയല്ലേ….. മാടായി നഗരേ…” എന്നാണു. അപ്പോള്‍ മാപ്പിള ഭക്തര്‍ ചരിത്രമോര്ത്ത് തലയാട്ടും. “നിസ്ക്കാരമഞ്ച് നേരവും പിറ കണ്ട പെരുന്നാളും വ്രതങ്ങളുമായി ദീനിന്റെ വഴി മുടങ്ങാതീട്ടു തക്കവണ്ണം മാര്‍ഗ്ഗം നടത്തുന്നുണ്ടല്ലോ” എന്നാണു
കയ്യൂരിനടുത്തുള്ള പെരുമ്പട്ട മുസ്ലിങ്ങളോടു വിഷ്ണുമൂര്‍ത്തി ഉരിയാടുന്നത്. ‘എട്ടില്ലം കരുമനേ’, ഏയ്.. തണ്ടേ… എന്ന് വിളിക്കുന്നത് തീയ്യ സമുദായത്തെയാണ്. എട്ടില്ലക്കാരായ തീയ്യര്‍ കരുമന (കര്‍ണ്ണാടക)നാട്ടില്‍ നിന്ന് വന്നവരാണെന്ന ചരിത്ര സൂചനയും അവരുടെ പ്രധാന ദേവതമാരെയും കുലപൂര്‍വികരെയും അനുഗ്രഹ വാക്യത്തില്‍ വിളിച്ചോതുന്നത് എങ്ങിനെയെന്ന് നോക്കൂ: “എട്ടില്ലം കരുമനേ വാ കൈയ്യടുക്ക്…. മാലയെന്നും പുതിയവരെന്നും പുലി ദൈവങ്ങള്‍ ഐവരെന്നും കണ്ടനാര്‍ കേളണെന്നും കതിവന്നൂര്‍ വീരനെന്നും പരമാനന്ദസ്വരൂപന്‍ വിഷ്ണുമൂര്‍ത്തിഎന്നും ഇങ്ങിനെയിരിക്കുന്ന കൂട്ടുകെട്ടും ഉറപ്പും കൈനില വിശ്വാസവും ഉണ്ടാത്രെയെങ്കിലും കുലശ്രേഷ്ടനായിട്ടു വയനാട്ടുകുലവന്‍ ഉണ്ടല്ലോ ഭാജിച്ചോളെ വേണ്ടൂ അഭിമാന്യത്തെ പൊഴിയിച്ചു തന്നോളാം…”
തളിപ്പറമ്പിലെ ബ്രാഹ്മണരെ ‘എന്റെ പെരിഞ്ചല്ലൂര്‍ ഗ്രാമമേ’ എന്നായിരുന്നു വിളിച്ചിരുന്നത്. ഇത്തരം വിളിപ്പേരുകള്‍ തോറ്റങ്ങളില്‍ നിന്ന് ലഭിക്കും. ഒമ്പതില്ലേ… എന്ന് വിളിക്കുന്നത് വാണിയരെയാണ്, ആറുകിരിയമേ എന്ന് വിളിക്കുന്നത് യാദവരെയാണ് അവരെ പുതിയ ഭഗവതി വിളിക്കുന്നത് നോക്കൂ “ആറു കിരിയത്തിങ്കില്‍ തായിയും കോലസ്വരൂപത്തിങ്കല്‍ത്തായിയും ഉണ്ടത്രെയെങ്കിലുംരക്തത്തില്‍ വെച്ചിരിക്കുന്ന ഔഷധമെന്ന പ്രകാരത്തില്‍ പുതിയ ഭഗവതിയും ഉണ്ടല്ലോ അല്ലെ” എന്നാണു. നാലുതറ നാനൂറ്റിയമ്പത് ഇല്ലം അഹമ്പടീ എന്ന് പറയുന്നത് നായരെയാണ്, ആശാരി, മൂശാരി, കൊല്ലന്, തട്ടാന്‍ എന്നിവരെ നാങ്കുവര്‍ന്നേ എന്നാണു വിളിക്കുന്നത്. പന്ത്രണ്ടില്ലം പണിക്കന്മാരെ എന്നാണു മൂവാരിമാരെ വിളിക്കുന്നത്, യോഗിമാരെ നാലു നാല്പ്പത്തെന്നായിരം യോഗീശ്വരന്മാരെ എന്നാണു വിളിക്കുന്നത്, പൊതുവാള്മാരെ പൊതാളേ എന്നും പയ്യന്നൂര്‍ ഗ്രാമമേ എന്നും വിളിക്കുന്നു.
മുക്കുവരെ നാലില്ലം കടവന്മാരെ എന്നും, നമ്പൂതിരിമാരെ തന്ത്രി എന്നും വിളിക്കുന്നു. വള്ളുവന്‍മാരെ കടവന്മാരെയെന്നും ശാലിയരെ ഇടങ്കവലങ്കേ എന്നും നാവുതീയരെ ആറുവര്‍ കാരണോന്‍ വയ്യനന്തരവന്മാരെ എന്നും തിരുടക്കാരേ, കുറുപ്പാനരൂര് മണക്കുളങ്ങര കഴകേ എന്ന് വണ്ണത്താന്‍മാരെയും വിളിക്കുന്നു. സാമന്തന്മാരെ വാണവരേ എന്നും മലയരെ ഒമ്പതില്ലം കനലാടിമാരേ, മന്ത്രവാദീ എന്നും വിളിക്കുന്നു. തെയ്യക്കാരെ കനലാടിമാരെ എന്നും ചിറക്കല്‍ തമ്പുരാനെ നാടുവാഴുന്നുടയവര്‍ എന്നും അടിയോടിമാരെ മൂന്നകത്തൂട്ട് കാരണോന്‍മാരെ എന്നും കണിയാന്‍മാരെ തൃക്കൈക്കുട, പൂക്കണികള്‍ എന്നും വിളിക്കുന്നു. മുകയരെ പതിനൊന്ന് നാല്‍പ്പത്തിനാലില്ലം എന്നും കൊങ്ങിണിമാരെ കങ്കണ നാട്ടിലെ കൊങ്കിണിനഗരമേ എന്നും എട്ടില്ലം കനലാടി എന്ന് വണ്ണാന്‍മാരെയും വിളിക്കുന്നു.
പുലയരെ കിടാത്തന്‍മാരെ എന്നും, മാരയാനെ നോക്കെന്റെ വയ്യനന്ത്രോന്‍ എന്നും വെളിച്ചപ്പാടനെ മനുഷ്യങ്ങളെ എന്നും സ്ത്രീകളെ പൈതങ്ങളെ എന്നും ബ്രാഹ്മണ സ്ത്രീകളെ അകത്തൂട്ട് പൈതങ്ങളെ എന്നും വിളിക്കുന്നു. വാണിയനെയും വണ്ണത്താനെയും നെയ്യും തിരിയും എന്നും പുലയ ജാതിയില്‍ പ്പെട്ട ചെണ്ടക്കാരനെ കൊട്ടുമുത്താരന്‍ എന്നും ചീനിക്കുഴല്‍ക്കാരനെ സംഗീതകനലാടി എന്നും വിളിക്കുന്നു. ചെറു ദ്വീപുകാരെ തുരുത്തിപ്പാടരേ എന്നും മാവിലനെ കൊടുമലമയ്യാ എന്നും വിളിക്കുന്നു. ഗുളികനെ ഭാഷയില്ലാത്തോന്‍ എന്നും വിഷ്ണുവിനെ ലോകനാഥന്‍ പെരിയിടം എന്നും തീയ്യ കര്‍മ്മിയെ മടയന്‍ അല്ലെങ്കില്‍ മുത്തപ്പപരികര്‍മ്മി എനും വിളിക്കുന്നു. തീയ്യരായ മുത്തപ്പ ഭക്തരെ ആള്‍മടയര്‍ എന്നും ക്ടാരന്‍ ഏഴു തറവാട് സമ്പ്രദായമേ എന്നുമാണ് തെയ്യം സംബോധന ചെയ്യുന്നത്.
ഒന്ന് കൂടി വിശദമായി പറഞ്ഞാല്‍ തീയ്യര്‍ക്ക് എട്ട് ഇല്ലമാണ് ഉള്ളത് വടക്ക് എട്ട്, തെക്ക് എട്ട് എന്ന കണക്കില്‍ നാല് കഴകങ്ങളും രണ്ടു ഉപകഴകങ്ങളും ഉണ്ട്. യാദവര്‍ക്ക് (മണിയാണിമാര്‍ക്ക്) ആറു കിരിയങ്ങളും പതിനൊന്ന് കണ്ണങ്ങാടുകളും നാല് കഴകങ്ങളും ആറു കളരികളും ആണുള്ളത്. വാണിയര്‍ ഒമ്പത് ഇല്ലക്കാരാണ്. അവര്‍ക്ക് പതിനേഴ് നാട്ടില്‍ പതിനെട്ട് മുച്ചിലോടുകള്‍ ഉണ്ട്. (എന്നാല്‍ ഇപ്പോള്‍ കാസര്‍ഗോഡ് തൊട്ടു വടകരെ വരെ നൂറ്റിയെട്ട് മുച്ചിലോട്ട് കാവുകള്‍ ഉണ്ട്). പതിനാലു കഴകങ്ങളും ഇവര്‍ക്കുണ്ട്. ശാലിയര്‍ക്ക് പന്ത്രണ്ടു ഇല്ലങ്ങളാണുള്ളത് ഒപ്പം പതിനാല് കഴകങ്ങളും. ആശാരിമാര്‍ക്ക് പത്ത് ഇല്ലങ്ങളാണുള്ളത് ഏഴു കഴകങ്ങളും. മൂശാരിമാര്‍ക്ക് അഞ്ച് ഇല്ലങ്ങളും ഇവര്‍ക്ക് രണ്ടു പ്രധാന കഴകങ്ങളും ഉണ്ട്. തട്ടാന്മാര്‍ രണ്ടു ഇല്ലക്കാരും നാല് കഴകക്കാരും ആണ്. മൂവാരിമാര്‍ക്ക് നാല് കഴകങ്ങളും പന്ത്രണ്ടു ഇല്ലങ്ങളും ഉണ്ട്. കുശവന്‍മാര്‍ക്ക് നാല് കഴകങ്ങളും ആറു ഇല്ലങ്ങളും ഉണ്ട്. മുക്കുവന്‍മാര്‍ക്ക് പതിനൊന്ന് സ്ഥാനങ്ങളും നാല്‍പ്പത്തിനാല് തറവാടുകളും ഉത്തര മലബാറില്‍ നാല് ഇല്ലവും ദക്ഷിണ മലബാറില്‍ മൂന്നു ഇല്ലവും ഉണ്ട്. ഇവരുടെ പ്രധാന ക്ഷേത്രങ്ങള്‍ അജാനൂര്‍, കീഴൂര്‍, ബേക്കലം കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ്. യോഗിമാര്‍ക്ക് ഇരുപത്തിയെട്ടു മഠങ്ങള്‍ ആണുള്ളത്. പുലയര്‍ക്ക് പത്ത് ഇല്ലങ്ങളുണ്ട് അതിനു പുറമേ കൂട്ടില്ലങ്ങളുമുണ്ട്. പത്തോളം പ്രധാന കോട്ടങ്ങളുമുണ്ട്.
(തുടരും…)