
Theyyapperuma-15
പ്രേത ബാധ ഒഴിപ്പിക്കല്‍:
പേന വാങ്ങല്‍ അല്ലെങ്കില്‍ പ്രേത ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനു ഉപോല്‍ബലകമായിട്ടുള്ള വിശ്വാസം ഇതാണ്: ദുര്മ്മരണത്തിലൂടെ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെയോ, ദുര്മ്മൂര്ത്തികളുടെയോ ബാധകളെ ഒഴിപ്പിച്ചു കളയാന്‍ തെയ്യങ്ങള്‍ക്ക് ശക്തിയുണ്ടെന്ന വിശ്വാസമാണ് ഈ ചടങ്ങിനു നിദാനം. തെയ്യത്തിന്റെ കയ്യില്‍ നിന്ന് പരെതാത്മാവിനെ ഏറ്റു വാങ്ങി മോക്ഷം കൊടുക്കുന്ന ചടങ്ങു കൂടിയാണ് പേന വാങ്ങല്‍. വിഷ്ണുമൂര്‍ത്തി, ആലി ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, കുട്ടിച്ചാത്തന് തുടങ്ങിയ തെയ്യങ്ങളില്‍ നിന്നാണ് പേന വാങ്ങുന്ന കാഴ്ച ഇന്നും ചിലയിടങ്ങളില്‍ കാണാവുന്നതാണ്. തെയ്യം ഉറഞ്ഞാടുമ്പോള്‍ പേന ബാധിച്ച ആള് തുള്ളിയാടുകയും കിടന്നുരുണ്ട് അട്ടഹസിക്കുകയും ചെയ്യും തെയ്യം അരിയും മഞ്ഞള്‍ക്കുറിയും നുള്ളി എറിഞ്ഞു മൂര്‍ദ്ധാവ് തൊടുമ്പോള്‍ ബാധ ഒഴിഞ്ഞു പോകുമത്രേ.
കോലത്തിന്മേല് കോലം:
ഒന്നിലേറെ തെയ്യങ്ങളെ ഒരേ കോലക്കാരന് തന്നെ ഒന്നിനുപിറകെ മറ്റൊന്നായി അവതരിപ്പിക്കുന്ന രീതിയെയാണ് കോലത്തിന്മേല് കോലം എന്ന് പറയുന്നത്. പാതിരക്കഴിയുമ്പോള് ചോരചുറ്റുടയാടയും തേപ്പുംകുറി മുഖത്തെഴുത്തില്‍ പൊയ്ക്കണ്ണ് ധരിച്ചു കൈകളില്‍ വെള്ളോട്ട്മണിയും പൊന്ചൂരലുമായി ശിവസങ്കല്‍പ്പത്തിലുള്ള ഭൈരവന് തെയ്യം ഉറഞ്ഞാടിക്കഴിയുമ്പോള് തിരുമുടി, പൊയ്ക്കണ്ണ് എന്നിവ മാറ്റി മറ്റൊരു തെയ്യമായി മാറുകയാണ്. ഓങ്കാര തിരുമുടിക്ക് പകരം തിരിയോല തിരുമുടിയും കയ്യില്‍ വെള്ളോട്ട് മണിക്ക് പകരം തെക്കോട്ടയുമായി സാക്ഷാല്‍ തീക്കുട്ടിശാസ്തന് തെയ്യമായി മാറുന്നു. മലയരാണ് ഈ തെയ്യം അവതരിപ്പിക്കുന്നത്. ഇതുപോലെ പുലിയൂര് കണ്ണന് തെയ്യം ആടിയ ശേഷം തിരുമുടിയും വെളുത്ത താടിയും മാറ്റി പകരം ചെറുമുടിയും കറുത്ത താടിയും ധരിച്ചാണ് തലച്ചറന്‍ തെയ്യമാകുന്നത്. കരിവെള്ളൂര്‍ മുച്ചിലോട്ട് കാവിലാണ് മുച്ചിലകോടന്‍ പട നായരായി ഈ തെയ്യത്തെ കെട്ടിയാടിക്കുന്നത്. വണ്ണാന്മാരാണ് ഈ തെയ്യം അവതരിപ്പിക്കുന്നത്.
വേലര്‍ സമുദായം കെട്ടിയാടുന്ന കുണ്ടോറ ചാമുണ്ഡി അവതരിപ്പിക്കുന്നതിനു മുന്നായി കാലരൂപന്‍ സങ്കല്‍പ്പത്തിലാണ് ആദ്യരൂപം. കത്തുന്ന തീത്തിരികള്‍ വിഴുങ്ങുന്ന കാലദേവനെ കാണിച്ച ശേഷം പുറത്തട്ടുമുടി അണിഞ്ഞാണ് ചാമുണ്ഡി കോലമാകുന്നത്. പുലപ്പൊട്ടന്‍ തെയ്യത്തില്‍ ശങ്കരാചാര്യരെ പരീക്ഷിക്കാന്‍ വേഷപ്രച്ഛന്നരായി വഴി തീണ്ടി നിന്ന പുലയക്കഥയിലെ നന്ദികേശനും പാര്‍വതിയും പരമേശ്വരനും യഥാക്രമം പുലമാരുതന്‍, പുലചാമുണ്ടി, പുലപ്പൊട്ടന്‍ എന്ന രീതിയില്‍ മുഖപ്പാളകള്‍ മാറ്റി മാറ്റിയാണ് ഈ മൂന്നു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. അപൂര്‍വ്വം ചില തറവാട്ട് മുറ്റങ്ങളില്‍ കേവലം പുലപ്പൊട്ടന്‍ എന്നൊരു കോലം മാത്രവും കെട്ടിയാടാറുണ്ട്.
നീലേശ്വരം കക്കാട്ട് കോവിലകത്ത് നെല്ലു കുത്തുന്ന ഉമ്മച്ചി തെയ്യത്തെ അവതരിപ്പിക്കുന്നത് ആദ്യം ഈ ദൈവക്കരുവെ നെല്ലു കുത്തുന്നതിനിടയില്‍ അരി അശുദ്ധമാക്കി എന്ന് പറഞ്ഞു ചവിട്ടി കൊന്ന ‘യോഗ്യാര്‍ക്കമ്പടി’ തെയ്യമിറങ്ങി കലാശം കഴിഞ്ഞ് തിരുമുടി മാറ്റി തലയില്‍ മുണ്ടിട്ട് ഉമ്മച്ചിയെപ്പോലെ പെണ്ഭാവം സ്വീകരിച്ചാണ്. കൂട്ടത്തില്‍ കയ്യില്‍ ഒരു ഉലക്കയുമുണ്ടാവും.
കുറി കൊടുക്കല്‍
തെയ്യാട്ടത്തിന്റെ ഒടുവില്‍ തെയ്യം ഭക്തരുടെ സങ്കടങ്ങളും പരാതികളും കേട്ട് അവക്ക് ഓരോന്നായി പരിഹാരം നിര്‍ദ്ദേശിക്കുന്ന അത്യപൂര്‍വമായ ചടങ്ങാണ് കുറി കൊടുക്കല്‍. ഇതിനു അടയാളമെടുക്കല് എന്നും പറയും. നെറ്റിയിലും കഴുത്തിലും ഭക്തിപുരസ്സരം അണിയുന്ന ഈ കുറിയാണ് അടയാളം. തെയ്യാട്ട വേളയില്‍ ഉടനീളം മൌനം പൂണ്ട തെയ്യം ശരിക്കും ഉരിയാടുന്നത് (സംസാരിക്കുന്നത്) ഈ വേളയിലാണ്.
ഭക്തനും ദൈവവും തമ്മില്‍ നേരിട്ട് സംവദിക്കുന്ന വേള. ഈ വേളയിലാണ് തെയ്യം ഭക്ത ജനങ്ങള്‍ക്ക് കുറി കൊടുക്കുന്നതും അവരെ അനുഗ്രഹിക്കുന്നതും. ഭഗവതിമാര്‍ അരിയും മഞ്ഞളും പൊടിച്ച ഔഷധ വീര്യമുള്ള മഞ്ഞക്കുറിയാണ് കൊടുക്കുക. ഇതിനെ കനകപ്പൊടി എന്നും അടയാളം എന്നും തെയ്യം വിശേഷിപ്പിക്കും. വെളുത്ത ഭൂതം, ഊര്പ്പഴച്ചി വേട്ടയ്ക്കൊരു മകന് തുടങ്ങിയവര്‍ പ്രസാദമായി ഉണക്കലരിയാണ് നല്‍കാറ്.
മുത്തപ്പന്, ഗുളികന്, ഭൈരവാദി തെയ്യങ്ങള്‍ എന്നിവ ഭസ്മം കുറിയായി നല്‍കും. ഇങ്ങിനെ കുറി കൊടുത്ത് ‘ഗുണം വരട്ടെ’എന്ന് തെയ്യങ്ങള്‍ പറയുമ്പോള്‍ ഭക്തര്‍ തെയ്യര്ക്ക് പണം കൊടുക്കുകയും പതിവുണ്ട്. ഭക്തന്മാര് തങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും ആവലാതികളും തെയ്യത്തോടു ഉണര്‍ത്തിക്കും തെയ്യം അവയ്ക്കുള്ള പരിഹാര മാര്‍ഗം അരുളിച്ചെയ്യും. ഇങ്ങിനെ തെയ്യം പറയുന്നതിന്റെ ‘ഉരിയാട്ടു കേള്‍പ്പിക്കല്‍’ എന്നും പറയാറുണ്ട്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ തെയ്യത്തിനു സന്താന നേര്‍ച്ച നേരുന്നതും തെയ്യം മഞ്ഞള്‍ കുറിയിട്ട് കുടിക്കാന്‍ കരിക്ക് കൊടുത്ത് അമ്മയാകാന്‍ കൊതിക്കുന്ന ഭക്തയെ അനുഗ്രഹിക്കുന്നതും ഒക്കെ ഈ വേളയില്‍ തന്നെ.
ഇതിനു ശേഷം കലശമാടി നാടിനും നാട്ടാര്‍ക്കും ഗുണത്തെ ചൊല്ലി അടുത്ത വര്‍ഷം വീണ്ടും സംവദിക്കാം എന്ന് പറഞ്ഞു തിരുമുടി അഴിച്ചു വെക്കലോടു കൂടി തെയ്യം അവസാനിക്കുന്നു. തെയ്യം സമാപിക്കുന്ന ചടങ്ങിനു ‘മുടിയെടുക്കല്‍’ എന്നാണു പേര് പറയുന്നത്. അതിനു മുമ്പ് “ആത്മം കൊടുക്കും” കോലക്കാരനിലെ ദേവതാ ചൈതന്യം ദേവതാ സ്ഥാനത്തേക്ക് തന്നെ സമര്‍പ്പിക്കുന്നുവെന്നതാണ് അതിലെ സങ്കല്പം. കര്‍മിയോടും, കോമരത്തോടും ഭക്തജനങ്ങളോടും ‘ആത്മം കൊടുക്കട്ടെ’ എന്ന് ചോദിച്ചതിനു ശേഷമാണ് തെയ്യങ്ങള്‍ വിട വാങ്ങുന്നത്.
(തുടരും…)