
Theyyapperuma-19
തിരുവായുധങ്ങള്‍:
ഓരോ തെയ്യത്തിന്റെയും തോറ്റം പാട്ടുകളില്‍ വിവരിക്കപ്പെടുന്നവയില്‍ ഒന്നാണ് തിരുവായുധം. രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന തെയ്യങ്ങള്‍ക്ക് അവരുടെ ബലവീര്യ ഗുണങ്ങള്‍നുസരിച്ചു വിത്യസ്തങ്ങളായ തിരുവായുധങ്ങള്‍ ഉണ്ട്. പള്ളിയറയില്‍ ദൈവസങ്കല്‍പ്പത്തില്‍ വിന്യസിക്കുന്നത് തിരുവായുധങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ തെയ്യാരാധനയുടെ മുഖ്യസ്ഥാനം തിരുവായുധങ്ങള്‍ക്കാണ്. “പള്ളി പീഠത്തിനും തിരുവായുധത്തിനും അരിയിട്ട് വന്ദിക്ക” എന്നാണ് കോലക്കാരന്‍ ആദ്യമായി പ്രാര്‍ഥിക്കുന്നത്.
പള്ളിവാള്, കടുത്തില, വട്ടക, ചേടകവാള്, നാന്ദകം, കട്ടാരം, കത്തി, കടിപ്പലിശ, ത്രിശൂലം, ചൂരക്കോല്‍, വില്ല്, പൊന്തി, പലിശ, വളയും ഉറുക്കും, ഉറുമി, മുറം, പൂക്കുച്ചട്ടി, കപാലം, തീക്കൊട്ട, ദണ്ട്, ഗദ, കുന്തം, എടത്ത്, ചുരിക, ഉലക്ക, വെള്ളോട്ടുമണി, കുറുവടി, വാളും പരിചയും, മുറം എന്നിങ്ങനെയുള്ള ആയുധങ്ങളാണ് കാവുകളില്‍ പൂജ്യസ്ഥാനത്ത് വെക്കുന്നത്.
സ്ത്രീ തെയ്യങ്ങള്‍ പള്ളിവാളും പരിചയും കടുത്തിലയും മറ്റും മാറി മാറി കയ്യേല്‍ക്കും. പള്ളിവാളാണ് ഭഗവതിയുടെ മുഖ്യ ആയുധമെങ്കില്‍ കത്തി, മുറം എന്നിവ കുറത്തി തെയ്യത്തിന്റെ ആയുധങ്ങളാണ്. ഉറുമി വീശുന്നത് കതിവന്നൂര്‍ വീരനാണ്. കപാലം കയ്യെല്‍ക്കുന്നത് ഭൈരവനാണ്. ദണ്ട് പൂതവും, വീരനും എടുക്കുമ്പോള്‍ കൊക്കണ കത്തി എടുക്കുന്നത് പൊട്ടന്‍ തെയ്യമാണ്. മണി മുഴക്കി വരുന്നത് ഗുളികനാണ്. ത്രിശൂലം ചൂണ്ടി ഉറയുന്നത് കാരഗുളികനാണ്. അമ്പും വില്ലുമായി മുത്തപ്പനും വിഷ്ണുമൂര്‍ത്തിയും വയനാട്ടുകുലവനും കന്നക്കത്തിയുമായി കണ്ടനാര്‍കേളനും തങ്ങളുടെ വേഷങ്ങളില്‍ ഉറഞ്ഞാടുന്നു. വീരന്‍മാരുടെ ആയുധങ്ങളാണ് വാളും പരിചയും. ആയുധങ്ങള്‍ മാറി മാറി എടുത്ത് കൊണ്ട് തെയ്യങ്ങള്‍ അഭ്യാസ പ്രകടനവും നടത്താറുണ്ട്.
അണിയറ:
തെയ്യങ്ങളുടെ മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലും ഒക്കെ നടക്കുന്ന സ്ഥലമാണ് അണിയറ. ചുരുക്കത്തില്‍ തെയ്യങ്ങള്‍ക്ക് വേഷമണിയാനുള്ള സ്ഥലമെന്നും ഇതിനെ വിളിക്കാം. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥലങ്ങളില്‍ മറകെട്ടിയാണ് അണിയറ ഉണ്ടാക്കുക. ചെറിയ മുടി വെക്കുന്ന തെയ്യങ്ങള്‍ ഒക്കെ അണിയറയില്‍ നിന്ന് കെട്ടി പുറപ്പെട്ട് വരുമ്പോള്‍ വലിയ മുടി വെക്കേണ്ട തെയ്യങ്ങള്‍ പള്ളിയറക്ക് മുന്നില്‍ വന്നാണ് മുടി വെക്കുക. അവിടെ നിന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയ ശേഷം വടക്കോട്ട് തിരിഞ്ഞു നാക്കില വെച്ച് ‘വരവിളി തോറ്റം’ പാടുവാന്‍ തുടങ്ങും. വച്ച് കെട്ടുവാന്‍ ശേഷിച്ച ആടകളും മുടിയും ഒക്കെ വെക്കുന്നത് ഇവിടെ വെച്ചാണ്. ഒടുവില്‍ കണ്ണാടിയില്‍ തന്റെ മുഖദര്‍ശനം കോലക്കാരന്‍ നടത്തുന്നതോടെ ദേവതാ രൂപം കൊലക്കാരനിലെക്ക് ആവേശിക്കുകയും കോലക്കാരന്‍ തെയ്യമായി ഉറഞ്ഞു തുള്ളുവാനും ആരംഭിക്കും. ഇതേ സമയം തന്നെയാണ് കര്‍മ്മി കോലക്കാരനെ അരിയെറിയുന്നതും. തെയ്യത്തിന്റെ നര്‍ത്തനവും കലാശാദികളും തുടര്‍ന്ന്‍ നടക്കും കുരുതി തര്‍പ്പണവും ഈ സമയത്ത് നടക്കാറുണ്ട്.
അപൂര്‍വ്വം ചില തെയ്യങ്ങള്‍ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം, എന്നിവയെറിഞ്ഞു അതിന്റെ ഗതി നോക്കുകയാണ് ഈ ചടങ്ങ്. ചില തെയ്യങ്ങള്‍ക്ക് കലശം ഉണ്ട്. കലശം വെക്കാന്‍ കലശത്തറയുണ്ടാകും. മദ്യം നിറച്ച മണ്ണിന്റെ കുടങ്ങളാണ് കലശം. ഇത് തയ്യാറാക്കേണ്ടതും തലയില്‍ എഴുന്നെള്ളിക്കേണ്ടതും കലശക്കാരനാണ്. തീയ്യ സമുദായത്തില്‍പ്പെട്ടയാളാണ് കലശക്കാരന്‍. തെയ്യത്തിനഭിമുഖമായി നിന്ന് കൊണ്ട് തെയ്യത്തിന്റെ നൃത്തത്തിനനുസരിച്ചു കലശക്കാരന്‍ പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നെള്ളിപ്പിന്റെ രീതി. ചില തെയ്യങ്ങള്‍ പ്രസാദമായി ചെറിയ കിണ്ടിയില്‍ കള്ള് നല്‍കാറുണ്ട്. ഇതിനെ മീത്ത് എന്നാണു പറയുന്നത്.
തെയ്യങ്ങള്‍ ‘മുമ്പ് സ്ഥാനം പറയല്‍’, ‘കുലസ്ഥാനം’, ‘കീഴാചാരം പറയല്‍’, ‘സ്വരൂപ വിചാരം’ നടത്തല്‍ എന്നിവ ചെയ്യാറുണ്ട്. ഇതിലൂടെ ദേവതകളുടെ ഉത്ഭവ ചരിതങ്ങളും സഞ്ചാര കഥകളും സ്വരൂപങ്ങളുടെ ചരിത്രവും നമുക്ക് ലഭിക്കും. ഇത് ഗദ്യ രൂപത്തില്‍ ആണ് തെയ്യം അവതരിപ്പിക്കുന്നത്. വൈരജാതന്‍, ക്ഷേത്രപാലന്‍ എന്നീ തെയ്യങ്ങള്‍ക്ക് സ്വരൂപ വിചാരം പ്രധാനമാണത്രെ.
മേലേരി (കനല്‍ കൂമ്പാരം): തെയ്യത്തിനോ, വെളിച്ചപ്പാടിനോ തീയില്‍ ചാടുന്നതിനോ മറ്റ് രീതിയില്‍ തീയില്‍ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനല്‍ കൂമ്പാരമാണ് മേലേരി. ഇങ്ങിനെ തീയില്‍ വീഴുന്ന തെയ്യങ്ങളെ തീ തെയ്യങ്ങള്‍ എന്നും വിളിക്കാറുണ്ട്. പൊട്ടന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി എന്ന ഒറ്റക്കോലം തീച്ചാമുണ്ടി, ഉച്ചിട്ട എന്നിവ പ്രധാനപ്പെട്ട തീ തെയ്യങ്ങളാണ്.
മേലേരി വിലക്കുക, മേലേരി കൈക്കൊള്ളുക, മേലേരി വന്ദിക്കുക തുടങ്ങിയ നിരവധി ചടങ്ങുകള്‍ മേലെരിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഒറ്റക്കോലത്തിനു ചാടാനുള്ള കൂറ്റന്‍ മേലേരിയിലേക്ക് ഇളങ്കോലമായ തോറ്റം ഓടിയിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് തെയ്യക്കാര്‍ തടഞ്ഞു നിര്‍ത്താന്‍ കൂടെ ഓടുന്നതാണ് മേലേരി വിലക്കല്‍ എങ്കില്‍ കത്തിയാളി കനല്‍പ്പരുവമായ കനല്‍ കൂമ്പാരത്തിലൂടെ ഗോവിന്ദ ഗോവിന്ദ മന്ത്രത്തോടെ ചാടിയിറങ്ങുന്ന ചടങ്ങാണ് മേലേരി കൈക്കൊള്ളല്‍. മേലെരിയെ തെയ്യങ്ങള്‍ ആയുധം താഴ്ത്തി ശിരസ്സ് കുനിച്ചു വന്ദിക്കുന്നതാണ് മേലേരി വന്ദന എന്നറിയപ്പെടുന്നത്.
നേര്‍ച്ചകള്‍:
വലിയ ക്ഷേത്രങ്ങളില്‍ ഭക്തര്‍ നേര്‍ച്ചകള്‍ നല്‍കുന്നത് പോലെ തെയ്യങ്ങള്‍ക്കും നേര്‍ച്ചകള്‍ നല്‍കുന്ന പതിവുണ്ട്. കാവിലും കഴകത്തിലും ഒക്കെ കളിയാട്ടം നടക്കുന്ന സമയത്ത് അവിടെ കണ്ണ്, മൂക്ക്, ചെവി, കൈ. കാല്‍ തുടങ്ങിയ അവയവങ്ങളുടെ രൂപങ്ങളും ആള്‍ രൂപങ്ങളും വെള്ളി കൊണ്ടോ സ്വര്‍ണ്ണം കൊണ്ടോ നിര്‍മ്മിച്ച് വെച്ചിരിക്കും. ഭക്തന്മാര്‍ ഇത് വാങ്ങി തെയ്യത്തിനു നേര്‍ച്ചയായി നല്‍കുന്നു. ഏതെങ്കിലും അവയവത്തിനോ, ശരീരത്തിനു മൊത്തമായോ അസുഖമുണ്ടായാലാണ് ഇത്തരം നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നത്.
സന്താന ലബ്ദിക്ക് വേണ്ടി തൊട്ടിലും കുഞ്ഞും (മാതൃക) നല്‍കുന്ന പതിവും ഉണ്ട്. ഭാഗവതിമാര്‍ക്ക് പട്ടു ഒപ്പിക്കല്‍ കോഴി, ആട് എന്നിവ നേര്ച്ച നല്‍കല്‍ ഒക്കെ ഇതിന്റെ ഭാഗമാണ്. പന്തം വെച്ചാടുന്ന തീ തെയ്യങ്ങള്‍ക്ക് പന്തത്തിനു വേണ്ട വെളിച്ചണ്ണ, കൊഴിയറവ് ഉള്ള കാവുകളില്‍ കോഴി, മദ്യപിക്കുന്ന തെയ്യങ്ങള്‍ക്ക് മദ്യം (ഉദാഹരണം മുത്തപ്പന്, കതിവന്നൂര്‍ വീരന്‍) എന്നിവ നേര്‍ച്ചയായി നല്‍കാറുണ്ട്. നായാട്ടു മാംസം വയനാട്ടു കുലവന് നല്‍കുന്നു. തിരുവര്‍ക്കാട്ട് കാവ്, അഷ്ടമചാല് ഭഗവതി സ്ഥാനം എന്നിവിടങ്ങളില്‍ വ്രതമെടുത്ത ആള്‍ക്കാര്‍ പുഴയില്‍ നിന്ന് പിടിച്ചു കൊണ്ട് വരുന്ന മീനുകളെ കൊണ്ട് മീനമൃത് ഉണ്ടാക്കി നേര്ച്ച നല്‍കാറുണ്ട്.
തെയ്യാട്ടം: ചെണ്ട, വീക്ക് ചെണ്ട, തകില്, കൊമ്പ്, ചേങ്ങില, പാണി (ചെറിയ തരം ചെണ്ട), ഇലത്താളം, ചീനിക്കുഴല്‍, തുടി തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് തോറ്റത്തോട് കൂടി തെയ്യം ആടുന്നതിനെയാണ് തെയ്യാട്ടം എന്ന് പറയുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ? അസുരവാദ്യമായ ചെണ്ട പ്ലാവിന്റെ വ്യാസം തുരന്ന ഒരു പുറം മാന്‍ തോലും മറുപുറം ആട്ടിന്‍ തോലും വലിച്ചു മുറുക്കിയാണ് ഉണ്ടാക്കുന്നത്. കൂടാതെ കട്ടിയുള്ള പോത്തിന്‍ തോല് പൊതിഞ്ഞ് ഇടന്തലയും കനമില്ലാത്ത മാന്തോല്, ആട്ടിന്തോല് എന്നിവ വലിച്ചു കെട്ടി വലന്തലയും ഉണ്ടാക്കും. ചെണ്ടയുടെ മണിച്ചല്‍ കേള്‍ക്കണമെങ്കില്‍ മലയന്‍ തന്നെ ചെണ്ട കൊട്ടണമെന്നു പറയാറുണ്ട്.
ഓരോ തെയ്യത്തിന്റെയും തോറ്റത്തിന്റെയും നൃത്ത രീതികള്‍ക്ക് വിത്യാസങ്ങള്‍ കാണും. പ്രത്യേക താള ക്രമത്തിലാണ് ഈ ഉറഞ്ഞു തുള്ളല്‍ നടത്തുന്നത്. കാവിന്റെ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാനത്തിന്റെ തിരുമുറ്റത്ത് പ്രത്യേക രീതിയില്‍ ആടുകയോ നൃത്തം ചെയ്തു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയോ പള്ളിയറക്ക് നൃത്ത പ്രദക്ഷിണം വെക്കുകയോ കലശത്തറക്ക് ചുറ്റും നര്‍ത്തനം ചെയ്യുകയോ കലാശങ്ങള്‍ ചവിട്ടുകയോ കലശം എഴുന്നെള്ളി ക്കുമ്പോള്‍ ലാസ്യം ചെയ്തു കൊണ്ട് നീങ്ങുകയോ ഒക്കെ ചെയ്യുന്നതാണ് തെയ്യത്തിന്റെ നടനം.
ദീര്‍ഘകാലം പരിശീലനം കൊണ്ട് മാത്രമേ ഒരാള്‍ക്ക് നല്ലൊരു കോലക്കാരനാകുവാന്‍ കഴിയൂ. തെയ്യങ്ങളുടെ നൃത്ത, കലശാദികള്‍ ചില പ്രത്യേക ആശയങ്ങളെ പ്രതീകാത്മകമായും പ്രതിരൂപാത്മകമായും അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ‘അസുരാട്ടക്കലാശം’ നടത്തുന്ന തെയ്യങ്ങള്‍ ആണ് ഭഗവതി, കാളി, ഭദ്രകാളി. അസുരനമാരുടെ അന്തകിമാരാന് ഈ ദേവതകള്‍ എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പ്പം. തെയ്യങ്ങള്‍ കൂട്ടമായും ഒറ്റക്കും ആടും. വലിയ മുടി വെച്ച തെയ്യങ്ങള്‍ക്ക് ലാസ്യ പ്രദാനമായ ചലനമാണ് ഉള്ളത്. ഉഗ്രദേവതകളുടെ വിഭാഗത്തില്‍പ്പെടുന്ന തെയ്യങ്ങള്‍ പന്തം വെച്ചാടുന്ന തെയ്യങ്ങളാണ്. ഈ തെയ്യങ്ങള്‍ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് അധികവും പുരപ്പെടാറുള്ളത്. കൈകളില്‍ പന്തം വച്ചാടുന്ന തെയ്യമാണ് മുച്ചിലോട്ട് ഭഗവതി.
വിരലുകളില്‍ പച്ചയോല ചുറ്റി തിരിവെച്ച് തീ കൊളുത്തി ഉഗ്ര നര്‍ത്തനം ചെയ്യുന്ന തെയ്യമാണ് പുള്ളി ഭഗവതി. തിരികള്‍ കടിച്ചു കൊണ്ട് നര്‍ത്തനം ചെയ്യുന്ന തെയ്യമാണ് കുണ്ടോറ ചാമുണ്ഡി. എന്നാല്‍ മുഖാവരണം അണിഞ്ഞും കൈകളില്‍ ഓലചൂട്ടുകള്‍ കത്തിച്ച് പിടിച്ചും നൃത്തം ചെയ്യുന്ന തെയ്യങ്ങളാണ് മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി എന്നിവ. കൂട്ടത്തില്‍ ചില തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ (മേലേരിയില്‍)വീഴും. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം എന്നിവയാണ് തീയില്‍ വീഴുന്നതെങ്കില്‍ ഉച്ചിട്ട കനലില്‍ ഇരിക്കും. പല തെയ്യങ്ങളും ആയുധങ്ങളെടുത്താണ് നൃത്തം ചെയ്യുന്നത്.
ഭഗവതി തെയ്യങ്ങളും വീരപുരുഷ സങ്കല്‍പ്പത്തിലുള്ള തെയ്യങ്ങളും നൃത്ത വേളയില്‍ വിവിധങ്ങളായ ആകൃതിയിലുള്ള വാള്, പരിച എന്നിവ എടുക്കും. കതിവന്നൂര്‍ വീരന്‍ തെയ്യത്തെപ്പോലുള്ള വീരന്‍മാര്‍ പയറ്റ് മുറകള്‍ പ്രകടിപ്പിക്കും. ശൂലമാണ് ഗുളികന്‍ തെയ്യത്തിന്റെ ആയുധം. പൊട്ടനും, കുറത്തിയും ചെറിയ കത്തി കയ്യിലെടുക്കും. വില്ലും ശരവും എടുക്കുന്നത് നായാട്ടു തെയ്യങ്ങള്‍ ആണ്. വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്, മുത്തപ്പന്, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങള്‍ ഉദാഹരണം. ‘ഒപ്പനപ്പൊന്തി’ എന്ന ഒരായുധമാണ് പെരുമ്പുഴയച്ചനും പൂമാരുതനും ഒക്കെ എടുക്കുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും ഒക്കെ ഇത്തരം ആയുധങ്ങള്‍ വെച്ച് പൂജിക്കുകയും തെയ്യം പുറപ്പെടുമ്പോള്‍ അവ ‘സ്ഥാനത്ത്’ നിന്ന് കൊടുക്കുകയും ചെയ്യും.
പൊതുവേ തെയ്യാട്ടത്തില്‍ ആംഗികാഭിനയം, ഭാവാഭിനയം എന്നിവ കുറവാണെങ്കിലും മോന്തിക്കോലം, ബാലി തെയ്യം, വിഷ്ണുമൂര്‍ത്തി, പടയ്ക്കെത്തി ഭഗവതി, വീരഭദ്രന്‍ എന്നീ തെയ്യങ്ങള്‍ അഭിനയ മികവു കാട്ടാറുണ്ട്. ഉലക്ക കൈയിലേന്തി നെല്ലു കുത്തുന്നത് പോലെ അഭിനയിച്ചു കൊണ്ട് ആടുന്ന തെയ്യമാണ് മോന്തിക്കോലം. ചാമുണ്ഡി കുണ്ടോറപ്പന്റെ ദാസിയായിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്ന രംഗമാണിതത്രേ. പടയ്ക്കെത്തി ഭഗവതി കൈകളില്‍ ഉലക്ക, മുറം, ഏറ്റുകത്തി, ചൂല് (അടിമാച്ചി) തുടങ്ങിയ സാധനങ്ങള്‍ എടുക്കും. ബാലി തെയ്യം പുറപ്പെട്ടാല്‍ ബാലി സുഗ്രീവ യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന ചില അഭിനയങ്ങള്‍ പതിവുണ്ടെങ്കില്‍ വിഷ്ണുമൂര്‍ത്തി ഹിരണ്യകശിപുവിനെ വധിച്ച നരസിഹമൂര്‍ത്തിയുടെ ഭാവങ്ങള്‍ അഭിനയിച്ചു കാട്ടും. ദക്ഷയാഗം കഥയിലെ യാഗ ശാല തകര്‍ക്കുന്ന രംഗമാണ് വീരഭദ്രന്‍ തെയ്യം അഭിനയിച്ചു കാണിക്കുന്നത്.
ഓരോ തെയ്യാട്ട സമുദായത്തിനും അവകാശപ്പെട്ട കോലങ്ങള്‍ പണ്ട് തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കോരോന്നിനും നിശ്ചിതമായ രൂപഭംഗിയും നിര്‍ദ്ദിഷ്ടമായ ആട്ടക്രമവും, താളക്രമവും വിധിച്ചിട്ടുണ്ട്. തെയ്യക്കാര്‍ പരമ്പരാഗതമായി പഠിച്ചുറപ്പിച്ച ഈ കാര്യങ്ങള്‍ പുതിയ തലമുറയിലേക്ക് കൈമാറുകയാണ് പതിവ്.
(തുടരും….)