
Theyyacharithram
02- വീടോടി തെയ്യങ്ങള് (ബാധോച്ചാടന മൂര്ത്തികള്):
ഗര്ഭിണികളെ ബാധിക്കുന്ന പലതരത്തിലുള്ള ബാധകളെ നീക്കുവാന് അനേകം തെയ്യങ്ങളെ കെട്ടിയാടിക്കുക പണ്ട് പതിവാണ്. ‘ കരുകലക്കി, പിള്ളതീനി, കല്ലുരുട്ടി, ഉടല്വരട്ടി’ എന്നിവയാണ് ആ തെയ്യങ്ങള്. ഉച്ചാടനക്കോലങ്ങള് ഇവയാണ് ‘കുറുന്തിനിപ്പോതി, ബാല ഗന്ധര്വന്, മാരണഗുളികന്, മാരണപ്പൊട്ടന്’ എന്നിവ. സവിശേഷമായ ആട്ടക്രമങ്ങളും വേഷ ഭൂഷാധികളുമാണ് ഈ മൂര്ത്തികള്ക്ക്.ഇവയുടെ കൂട്ടത്തിലാണ് ‘ആടി, വേടന്, കാലന്, മറുത, ഗളിഞ്ചന്’ എന്നിവ. ഇവയെ കര്ക്കടക തെയ്യങ്ങള് എന്നും വിളിക്കാറുണ്ട്.
ആടി വേടന് തെയ്യങ്ങള് (കര്ക്കടക തെയ്യങ്ങള്):
ഏതൊരു കോലക്കാരനും ആദ്യം കെട്ടുന്ന തെയ്യം വീടോടി തെയ്യത്തിന്റെതായിരിക്കും. എട്ടും പത്തും വയസ്സുള്ള കുട്ടികള് മഴ ഇടമുറിയാതെ പെയ്യുന്ന കര്ക്കിടകമാസത്തിലും പൂക്കള് ചിരിക്കുന്ന ചിങ്ങമാസത്തിലും കുഞ്ഞിത്തെയ്യം കെട്ടി വീടുകള് തോറും ആടിക്കാന് വരും. ‘ആടി’ എന്ന പാര്വതി സങ്കല്പ്പത്തിലുള്ള ‘കര്ക്കടോത്തി തെയ്യത്തെ’ വണ്ണാന് സമുദായക്കാരാണ് അവതരിപ്പിക്കുന്നത്. കര്ക്കടകം ഇരുപത്തിയെട്ടാം നാളിലാണ് ഈ കുട്ടി തെയ്യം വീടുകള് തോറും കയറി ബാധകള് അകറ്റാന് വരുന്നത്. കാസര്ഗോഡ് ജില്ലയില് ആടിക്ക് പകരം ‘മറുത’ എന്ന കുട്ടി തെയ്യത്തെയാണ് ഇതേ സങ്കല്പ്പത്തില് കെട്ടിയാടിക്കുന്നത്.
എന്നാല് ‘വേടന്’ സങ്കല്പ്പത്തിലുള്ള കിരാതാര്ജ്ജുനീയം കഥ പാടിക്കൊണ്ട് ശിവമൂര്ത്തിയുമായി വരുന്നത് മലയരാണ്. ഇവര് വരുന്നത് ചിങ്ങമാസത്തിലെ ഉത്രാടം തിരുവോണം നാളുകളിലാണ്. ഓണത്തപ്പന്റെ സങ്കല്പ്പത്തിലുള്ള ഓണത്താര് എന്ന കുട്ടി തെയ്യം കയ്യില് ചെറുമണിയും ഓണവില്ലും പിടിച്ചാണ് വരിക. ചോരചുറ്റാടയും ചെറുകിരീടവും മേയ്യാഭരണങ്ങളും അണിഞ്ഞു മുഖത്ത് ചായില്യ തേപ്പണിഞ്ഞാണ് വേടന് ഇറങ്ങുന്നത്. പാശുപതം എന്ന ദിവ്യാസ്ത്രം നേടുവാന് കൊടുങ്കാട്ടില് അര്ജ്ജുനന് തപസ്സ് ചെയ്യുന്നതും പരമേശ്വരന് വേട വേഷം ധരിച്ചു പരീക്ഷിക്കാനെത്തുന്നതുമായ കിരാതാര്ജ്ജുനീയ കഥയാണ് ചെണ്ടക്കാരന് ഈണത്തില് പാടുക. കണ്ണൂര് ജില്ലയില് ‘കാലന് കോലം’ ഇതേ ഉദ്ദേശ്യത്തോടെ കെട്ടിയാടിക്കാറുണ്ട്.
മുഖത്ത് ചായില്യക്കുറിയണിഞ്ഞ്,ചുകപ്പു ഉടുത്ത് ചെറുകിരീടമണിഞ്ഞാണ് ഈ കുട്ടിത്തെയ്യങ്ങള് പുറപ്പെടുന്നത്. വീട്ടു മുറ്റത്ത് അപ്പന്റെ ചെണ്ടകോലിന്റെ താളത്തില് വെള്ളോട്ട് മണി കുലുക്കി കൊണ്ടാണ് കുട്ടി തെയ്യം വൃത്താകാരത്തില്‍ നൃത്തമാടുക. ഈ രണ്ടു കുട്ടി തെയ്യങ്ങളെയും ഗ്രാമ ഹൃദയങ്ങള് ഭക്തിപുരസ്സരമാണ് സ്വീകരിച്ച് കാണിക്കയര്പ്പിക്കുന്നത്.ഇങ്ങിനെ കിട്ടുന്ന അരിയും നെല്ലും പണവും കൊണ്ട് ഒരു പരിധി വരെ പഞ്ഞ മാസങ്ങളില് ഇവര്ക്ക് ജീവിതം തള്ളി നീക്കാനാകും.
തുലാമാസത്തില് ആരംഭിച്ചു ഇടവപ്പാതിയോടെ തെയ്യാട്ടക്കാലം അവസാനിച്ചാല് മിക്ക തെയ്യാട്ടക്കാരും പട്ടിണിയിലാകും.കുലത്തൊഴിലിന് പുറമെയുള്ള തയ്യല്പ്പണി, വൈദ്യവൃത്തി, മന്ത്രവാദ കര്മ്മങ്ങള്, ആടയാഭരണങ്ങള് മിനുക്കല്, പുതിയ തെയ്യച്ചമയങ്ങള് തീര്ക്കല്, തെയ്യത്താളങ്ങളും കലാശങ്ങളും ചൊല്ലിയാടി പഠിക്കുക, ഓരോ തെയ്യത്തിന്റെയും അനുഷ്ഠാന ക്രമങ്ങളും കാവുകളിലെ വിധിക്രമങ്ങളും മനപാഠമാക്കുക ഇവയൊക്കെ ചെയ്യുന്നത് ഈ സമയത്താണ്.
ഇതില് വണ്ണാന്മാര് ബാല ചികിത്സയിലും ഗൃഹ വൈദ്യത്തിലും തുന്നല്പ്പണിയിലും മുന്നിട്ടു നില്ക്കുന്നു. ഇവര് ശീലക്കുടകള് തുന്നുകയും വലിയ വീടുകളില് കിടക്ക ശീലതുണി ഉന്നം നിറച്ചു കിടക്ക ഒരുക്കി കൊടുക്കുകയും ചെയ്യാറുണ്ട്. കേന്ത്രോന് പാട്ട് എന്ന ബാധോച്ചാടന കര്മ്മവും അകനാള് തീര്ക്കല് എന്ന മന്ത്രവാദ കര്മ്മവും കുട്ടികള്ക്കും ഗര്ഭിണികള്ക്കും ബാധിക്കുന്ന പുള്ള് നോക്ക് ഓല വായിച്ചു ഒഴിച്ച് കളയുന്ന മന്ത്ര കര്മ്മങ്ങളും ഇവര് ചെയ്യുന്നു. സന്താന സൌഭാഗ്യത്തിനായി കളംപാട്ടും നാഗ ദേവതാ പ്രീതിക്ക് വേണ്ടി കുറുന്തിനി പാടും ഇവര് തന്നെയാണ് നടത്തുന്നത്. അങ്ങിനെ പഞ്ഞമാസങ്ങളെ ഭംഗിയായി ഇവര് തരണം ചെയ്യുന്നു. ഇവരുടെ ഗുരു കരിവെള്ളൂരിലെ മണക്കാട് ഗുരുക്കള് ആണ്. ഇവരുടെ പ്രധാന ആരാധനാമൂര്ത്തി മുത്തപ്പന് ആണ്.
എന്നാല് മലയില് പിറന്നതിനാല് മലയര് എന്നറിയപ്പെടുന്ന മലയന്മാരുടെ ഗുരുക്കള് നീലേശ്വരത്തിനടുത്ത പാലായിലെ പാലാ പരപ്പേന് ആണ്. ഇവര് പാരമ്പര്യമായി മന്ത്രവാദം കൈവശമുള്ളവരാണ്. ചെണ്ടവാദ്യത്തില് പേരു കേട്ടവരായ ഇവര് ഗാനാലാപനത്തിലും ആണും പെണ്ണും ഒരു പോലെ പ്രശസ്തരാണ്. ഇവരുടെ സ്ത്രീകള് പേരു കെട്ട വയറ്റാട്ടികളുമാണ്. കോതാമൂരിയാട്ടം ഇവര് കേട്ടിയാടുന്നതാണ്. പശുവിന്റെ കൃത്രിമമായ ഉടല് ധരിച്ച കോതാമൂരി തെയ്യവും രണ്ടോ മൂന്നോ പനിയന്മാരും ചെണ്ടക്കാരും പാട്ടുകാരും അടങ്ങുന്നതാണ് ഈ ആട്ടക്കാര്.വിഷ്ണുമൂര്ത്തിയാണ് ഇവരുടെ പ്രധാന ആരാധനാ ദേവത.
കര്ക്കിടക തെയ്യങ്ങള് എന്ന് പൊതുവേ അറിയപ്പെടുന്ന മുകളില്പ്പറഞ്ഞ തെയ്യങ്ങളുടെ വീഡിയോ കാണാന് :