Theyyacharithram

Mappila Theyyam

Theyyacharithram മാപ്പിളത്തെയ്യം: കാസര്‍ഗോഡ്‌ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടത് കൊണ്ടാണ് ഇവയെ മാപ്പിള തെയ്യങ്ങള്‍ എന്ന് വിളിക്കുന്നത്‌.ഈ തെയ്യങ്ങള്‍ സാധാരണ മുസ്ലിമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കാണുന്നത്. വിവിധ പേരുകളില്‍ അറിയപ്പെടുന ചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ട കഥയാണ് മാവിലന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യങ്ങള്‍ക്കുള്ളത്. കോപ്പാളരും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കാസര്‍ഗോഡ്‌ ജില്ലയില്‍ കുമ്പള ആരിക്കാടി കാവിലും, നര്‍ക്കിലക്കാട് കാവിലും, കമ്പല്ലൂര്‍ കോട്ടയില്‍ ദേവസ്ഥാനത്തും പുലിക്കുന്നു ഐവര്‍ പരദേവതാ കാവിലും മൌവ്വേനി കൂലോത്തും, തൃക്കരിപ്പൂര്‍ പേക്കടംകാവിലും മാലോത്ത്‌ കൂലോകം ദേവസ്ഥാനത്തും, നീലേശ്വരം കക്കാട്ട് കാവിലുമാണ് മാപ്പിള തെയ്യങ്ങള്‍ ഉള്ളത്. പ്രധാന മാപ്പിള തെയ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:ആലി തെയ്യം (ആലിചാമുണ്ടി തെയ്യം)ഉമ്മച്ചി തെയ്യംബപ്പിരിയന്‍ തെയ്യംമുക്രി പോക്കര്‍ തെയ്യം (പോക്കര്‍ തെയ്യം)കോയിക്കല്‍ മമ്മദ് തെയ്യം (കലന്തര്‍ മുക്രി)

Urvara Devathakal

Theyyacharithram ഉര്‍വര ദേവതകള്‍: കാര്‍ഷിക സംസ്ക്കാരവുമായി ബന്ധപ്പെട്ട ദേവതകളെയാണ് ഉര്‍വര ദേവതകള്‍ എന്ന് പറയുന്നത്. കാലിച്ചേകോന്‍, ഉച്ചാര്‍ തെയ്യങ്ങള്‍ (പുലിതെയ്യങ്ങള്‍) ഗോദാവരി (കോതാമൂരി) എന്നിവയാണ് ഉര്‍വര ദേവതകള്‍. വണ്ണാന്‍മാരുടെ കാലിച്ചേകോന്‍ പശുപാലകനും പുലയരുടെ കാലിച്ചേകോന്‍ കൈലാസത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്ന ദേവതയുമാണത്രെ. ഇത് കൂടാതെ കുറത്തി, തൊരക്കാരത്തി, കലിയന്‍, കലിച്ചി, കര്‍ക്കിടോത്തി, കൊടുവാളന്‍, വീരമ്പി, വേടന്‍, കാലന്‍, ഗളിഞ്ചന്‍, മറുത, കന്നി, ഓണത്താര്‍, ഓണേശ്വരന്‍ തുടങ്ങിയ തെയ്യങ്ങളും കാര്‍ഷിക സംസ്ക്കാരത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന തെയ്യങ്ങളാണ്‌ സമൃദ്ധമായ വിളവു ലഭിക്കാന്‍ പൂര്‍വികന്മാര്‍ ഓരോ ദേവതയെ സങ്കല്‍പ്പിച്ച് ആരാധിച്ചിരുന്നു. വയല്‍ദേവതയായ കുറത്തിയമ്മയെ തന്റെ വെറ്റിലകൃഷി കാക്കുന്ന ഭരമെല്‍പ്പിച്ച ഭക്തനായിരുന്നുവത്രേ മണിയറചന്തു. നേര്‍ പെങ്ങള്‍ ഉണ്ണങ്ങ വിലക്ക് ലംഘിച്ച് വെറ്റില നുള്ളിയതിനു കുറത്തിയമ്മ അവളുടെ ഉയിരെടുത്ത് ദൈവക്കോലമാക്കിയത്രെ.ആ തെയ്യമാണ്‌ വേലന്‍മാര്‍ കെട്ടിയാടുന്ന മണിയറ ഉണ്ണങ്ങ.കന്നുകാലികളെ പരിപാലിക്കാന്‍ കാലിച്ചേകോന്‍ തെയ്യവും പുനം കൃഷി നോക്കാന്‍ കൊടുവാളന്‍ തെയ്യവും സദാ ജാഗരൂകരായി ഉണ്ട്. തെയ്യത്തിനുള്ള ഉണക്കലരിയുണ്ടാക്കാന്‍ നെല്ലുകുത്തുന്നതിനിടയില്‍ അപമൃത്യു നേടിയ മുസ്ലിം വനിതയാണ്‌ നേത്യാരമ്മ തെയ്യം.തൊടിയിലെ പ്ലാവില്‍ നിന്ന് കാരണവരുടെ സമ്മതം ചോദിക്കാതെ ചക്കയിട്ടതിനു ജീവന്‍ കൊടുക്കേണ്ടി വന്ന അന്തര്‍ജ്ജനത്തിന്റെ കഥയാണ് മനയില്‍പ്പോതി യുടേത്.

Parethalmakkal

Theyyacharithram പരേതാത്മാക്കള്‍: മരണാനന്തരം മനുഷ്യര്‍ ചിലപ്പോള്‍ ദൈവമായി മാറുമെന്ന വിശ്വാസം കാരണം പൂര്‍വികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന പതിവുണ്ട്. കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, പടവീരന്‍, കരിന്തിരി നായര്‍, മുരിക്കഞ്ചേരി കേളു, തച്ചോളി ഒതേനന്‍, പയ്യമ്പള്ളി ചന്തു തുടങ്ങിയവര്‍ വീര പരാക്രമ സങ്കല്‍പ്പത്തിലുള്ള തെയ്യങ്ങളാണ്‌. ഒതേനന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍: http://www.youtube.com/watch?v=XwaRJzpRAj4കടപ്പാട്: ബെന്നി കെ. അഞ്ചരക്കണ്ടി പരേതരായ വീര വനിതകളും തെയ്യമായി മാറിയതാണ് മാക്കഭഗവതി (മാക്കപോതി), മനയില്‍ ഭഗവതി, തോട്ടുംകര ഭഗവതി, മുച്ചിലോട്ട് ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തി ചാമുണ്ഡി, മാണിക്കഭഗവതി എന്നിവര്‍ ഇത്തരം തെയ്യങ്ങളാണ്‌. മന്ത്രവാദത്തിലും വൈദ്യത്തിലും മുഴുകിയവരുടെ പേരിലുള്ള തെയ്യങ്ങളാണ്‌ കുരിക്കള്‍ തെയ്യം, പൊന്ന്വന്‍ തൊണ്ടച്ചന്‍, വിഷകണ്ടന്‍ എന്നീ തെയ്യങ്ങള്‍. ദൈവ ഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള തെയ്യങ്ങളാണ് മുന്നായീശ്വരന്‍, വാലന്തായിക്കണ്ണന്‍ എന്നീ തെയ്യങ്ങള്‍. ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ പേരിലുള്ള തെയ്യങ്ങളാണ് കണ്ടനാര്‍ കേളന്‍, പെരുമ്പുഴയച്ചന്‍ തെയ്യം, പൊന്‍മലക്കാരന്‍, കമ്മാരന്‍ തെയ്യം, പെരിയാട്ട് കണ്ടന്‍, മല വീരന്‍ തുടങ്ങിയ തെയ്യങ്ങള്‍. പാമ്പ് കടിയേറ്റ് തീയില്‍ വീണ് മരിച്ച കേളനെ വയനാട്ടുകുലവന്‍ ആണ് ദൈവക്കരുവാക്കി മാറ്റിയത്. കിഴക്കന്‍ പെരുമാളുടെ കോപം കൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണു മരിച്ച ഒരാളുടെ സങ്കല്പ്പിച്ചുള്ള തെയ്യമാണ്‌ പെരുമ്പുഴയച്ചന്‍ തെയ്യം.തൂപ്പൊടിച്ചു നായാട്ടിനും നഞ്ചിട്ടു നായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്‍മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ്‌ പൊന്‍മലക്കാരന്‍ തെയ്യവും, കമ്മാരന്‍ തെയ്യവും. ഐതിഹ്യ പ്രകാരം ഭദ്രകാളിയാല്‍ കൊല്ലപ്പെട്ട ചിണ്ടനെ മലവീരന്‍ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ‘ചാത്തിര’നാണ് ‘പാടാര്‍ കുളങ്ങര വീരന്‍’ എന്ന തെയ്യമായത്. മണത്തണ ഭാഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ഒരാളുടെ പേരിലുള്ള തെയ്യമാണ്‌ ‘ഉതിരപാലന്‍’ തെയ്യം.

Scroll to Top