നോവലിസ്റ്റും കഥാകൃത്തുമായ മനോഹരൻ വി പേരകം നിഴൽപ്പോരിനെക്കുറിച്ച്

പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കിട്ടിയ സന്തോഷം.

ഈ പുതുവർഷത്തിൽ വായിച്ചത്,
വിനീഷ് കെ.എൻ. എഴുതി DC ബുക്സ് പ്രസിദ്ധീകരിച്ച "നിഴൽപ്പോര്" എന്ന ചെറുനോവലാണ്. 2023 മെയ് മാസത്തിൽ ഇറങ്ങിയ നോവലാണെങ്കിലും വായിക്കാൻ വൈകി. ഫെയ്സൂക്കിലെ കുറിപ്പുകൾ കണ്ട് തെറ്റിദ്ധരിച്ച് മിനിമം ഗ്യാരണ്ടിതരുന്ന പ്രശസ്തരുടെ പിന്നാലെ പായുമ്പോൾ അധികം എഴുതിക്കാണാത്തവരുടേയും പുതുക്കക്കാരുടേയും നോവലുകൾ മാറ്റിവെക്കാറാണ് പതിവ്. കഴിഞ്ഞ തവണ DC ബുക്സ്,യുവാക്കൾക്ക് വേണ്ടി നടത്തിയ നോവൽ മത്സരത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചില്ല. എങ്കിലും ഫോർട്ട് ലിസ്റ്റ് ചെയ്ത മൂന്ന് നോവലുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്നാണ് വിനീഷിന്റെ നിഴൽപ്പോര് !
വടക്കൻ ഭാഷയിൽ എഴുതപ്പെട്ട തെയ്യ ഗാഥയാണ് നിഴൽപ്പോര് ! എൻ.പ്രഭാകരന്റെ ഏഴിനും മീതെ, അംബികാസുതൻ മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങൾ, ഗ്രീൻ ബുക്സ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ Prakashan Madikkai പ്രകാശൻ മടിക്കൈയുടെ
കൊരുവാനത്തിലെ പൂതങ്ങൾ, പി.പി.പ്രകാശന്റെ ദൈവം എന്ന ദുരന്ത നായകൻ, ഉപേന്ദ്രൻ മടിക്കൈയുടെ
ഞാൻ കണ്ടനാർ കേളൻ, വി.കെ.അനിൽ കുമാറിന്റെ ദൈവക്കരു എന്നീ നോവലുകളുടെ ശ്രേണിയിൽ വരുന്ന നോവലാണിത്. പുതുക്കക്കാരനാണ്, പിന്നെ വായിക്കാം എന്ന് വിചാരിച്ച് ഈ നോവലിന്റെ വായന മാറ്റി വെച്ചതിൽ ഖേദമുണ്ട്. മിത്തും ജീവിത സംഘർഷങ്ങളും കെട്ടിമറിയുന്ന പ്രമേയം ഇഷ്ടപ്പെടുന്നവർക്ക്, പുതിയവർഷത്തിലെ വായനയിലേക്ക് വിനീഷിന്റെ ഈ നോവൽ ഞാൻ ശിപാർശ ചെയ്യുന്നു.
കഥാഗതിയിൽ നോവലീകരണമുള്ള നോവലാണ് നിഴൽപ്പോര്! ഇതൊരു പുതുക്കക്കാരന്റെ നോവലാണെന്ന് തോന്നില്ല. എഴുത്തിന്റെ കൃതഹസ്തത, കവിതാ ഭാഷണങ്ങൾ, ജീവിതത്തിലെ സംഘർഷ /സന്നിഗ്ദ ഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന വിരുത്, ജീവിത്തിന്റെ ഉൾക്കാഴ്ച, മിത്തുകളും യാഥാർത്ഥ്യങ്ങളും കൂട്ടിക്കുഴപ്പിച്ച് വായനക്കാരനെ മുൾമുനയിൽ നിർത്തുന്ന എഴുത്തുവഴക്കം തുടങ്ങിയ നോവലിനുവേണ്ടുന്ന സംഭവങ്ങൾ നിഴൽപ്പോരിലുണ്ട്.
കമ്മാരനും ചാത്തുവും കേളുവും ചിരൂണ്ടനും ഉമ്മച്ചയും ദേവകിയും ലക്ഷ്മിയും കല്യാണിയും ബാലനും ചെറിയക്കുട്ടിയും പാമ്പുകളും ഭഗവതികളും തെയ്യങ്ങളും കൂടിക്കുഴയുന്ന ചാലോടൻ ഗ്രാമത്തിന്റെ ഇതിഹാസമാണ് ഈ നോവൽ.
മഹാഖ്യായികകൾ മാറ്റി വെച് നമ്മുടെ ചെറു ഭാഷാസാഹിത്യത്തിലൂടെ നൂഴുമ്പോൾ,,
ചില മുത്തുകളൊക്കെ കണ്ടു കിട്ടാറുണ്ട്. എന്നാലും ബുദ്ധിമുട്ടി വായിക്കേണ്ട ചില നോവലുകളുണ്ട്. വെറുതെ വായിച്ചു പോകാവുന്ന നോവലുകളുണ്ട്. ചരിത്രം മാത്രം പറയുന്ന നോവലുകളുണ്ട്. ഭാഷയെ പരിചരിപ്പിക്കുന്ന നോവലുകളുണ്ട്. വിവരങ്ങൾ നൽകുന്ന നോവലുകളുണ്ട്. എല്ലാം വേണ്ടപോലെ സംയോജിപ്പിക്കുകയും വായനയിൽ ആഹ്ളാദം തോന്നിപ്പിക്കുകയും ചെയ്യുന്ന നോവലുകൾ വളരെ കുറവായാണ് തോന്നിയുള്ളത്. നിഴൽപ്പോര് ആഹ്ളാദിപ്പിക്കുന്ന നോവലാണെന്ന് പറയട്ടെ!
അഞ്ച് മണിക്കൂർ വായന.
176-16-150 പേജ്.
വില: 220 രൂപ.
മനോഹരൻ വി പേരകം.