Kaliyattam Every Year Kumbam 21-24
ചെങ്ങൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം ( കുണ്ടത്തിൻ കാവ് )
ഏഴോം അംശം എരിപുരം ചെങ്ങൽ ദേശത്ത് പുരാതനമായ ചെങ്ങൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രം(കുണ്ടത്തിൻ കാവ് )സ്ഥിതി ചെയ്യുന്നൂ. കുണ്ട് തടത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടോ അതല്ലെങ്കിൽ വിഷ്ണു ചൈതന്യ മുള്ള തീച്ചാമുണ്ഡി, വിഷ്ണു മൂർത്തി തെയ്യങ്ങൾക്ക് പ്രാധാന്യമുള്ളത് കൊണ്ടോ വൈകുണ്ഡം എന്നറിയപ്പെടുകയും വൈകുണ്ഡത്തിൽ എന്നത് ലോപിച്ച് കുണ്ടത്തിൽ എന്ന് ആയതുമാകാം.
തെക്ക് പഴയങ്ങാടി പുഴയും കിഴക്ക് ഏഴോംദേശവും പടിഞ്ഞാറ് മാടായി ദേശവും വടക്ക് അടുത്തില ദേശവും അതിരുകളായി ഉള്ള ചെങ്ങൽ ഊർ കഴകമാണ് ക്ഷേത്രത്തിന്റെ പ്രവർത്തന പരിധി. ഉദ്ദേശം ഒന്നര നൂറ്റാണ്ടിൽ അധികം പഴക്കമുള്ളതാണ് ക്ഷേത്രം തീയ്യ സമുദായത്തിലെ തൂണോളി തറവാട്ടു കാരുടെ വകയായ കളവും വൈക്കോൽ കയ കൂട്ടൂന്നതുമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യപ്രകാരം കുറച്ചു പേർ വൈയ്ക്കോൽ കയക്ക് പ്രദക്ഷിണം വന്ന് കൂകി കൊണ്ട് കുളത്തിൽ കുളിക്കാൻ ചെന്നുവെന്നും പിന്നീട് അവിടം ദേവീ ചൈതന്യമുള്ളതായി കാണുകയും ക്ഷേത്രം നിർമ്മിക്കുകയുമാണ് ചെയ്തത്. പൗരാണികമായി തുണോളി തറവാട്ടുകാർക്ക് മാത്രമായും പിൽക്കാലത്ത് മാങ്കീൽ, പോള, ചെമ്പക്കാരൻ, പട്ട്യോക്കാരൻ, പറമ്പത്ത് എന്നീ തറവാട്ടു കാരും മേൽ വിവരിച്ച ഊർ കഴകം പരിധിയിൽപ്പെട്ട തീയ്യ സമുദായക്കാരുമാണ് ക്ഷേത്രത്തിന്റെ അവകാശികൾ.