Kavu Details

Kannur Dharmadam Sree Andallur Kavu

Theyyam on Kumbam 01-07 (February 14-20)

Description

തലശ്ശേരിക്കടുത്തുള്ള അണ്ടല്ലൂർ കാവിലെ പ്രധാന ദേവത ദൈവത്താർ ഈശ്വരൻ തന്നെയാണ്. ചെറുതും വലുതുമായി ഇരുപത്തിയഞ്ചിലേറെ തെയ്യങ്ങൾ ഈ കാവിൽ അരങ്ങേറുന്നുണ്ടെങ്കിലും ശ്രീരാമ സങ്കൽപ്പത്തിലുള്ള ദൈവത്താറീശ്വരനാണ് ഇവിടെ മുഖ്യ സ്ഥാനം.

പെരുമാൾ ഭരണം ഒഴിഞ്ഞതോടെ കാവിലെ രാമവിഗ്രഹം കാണാതായെന്നും ഒരു പാട് നാളുകൾക്ക് ശേഷം മേലൂർ പുഴയിൽ തുണിയലക്കിക്കൊണ്ടിരുന്ന ഈശ്വരഭക്തയായ ഒരു വണ്ണാത്തിക്ക്  ഒഴുകിയെത്തിയ ഒരു പലക കിട്ടിയെന്നും ആ പലകയിൽ ദൈവത്താർ തിരിച്ചുവന്നു എന്നും വിശ്വസിക്കുന്നു. അത് കൊണ്ടാണത്രേ അണ്ടലൂർ കാവിലെ ദൈവത്താർ കോലത്തിന്റെ തിരുമുടിക്ക് പിൻഭാഗത്ത് ഇന്നും ചെറു പലക അണിയുന്നത്.

അണ്ടലൂർ ദൈവത്തിനു കാർഷിക വിഭവങ്ങൾ പ്രത്യേകിച്ച് പഴക്കുലകൾ, ധാരാളമായി കന്നി കാഴ്ച വെക്കാറുണ്ട്. പഴന്തലമുറയുടെ വിശ്വാസപ്രകാരം ദൈവത്താറിന് കാഴ്ച വെച്ചാല് ചക്ക ഉപയോഗിക്കാവൂ. തെയ്യാട്ടം തീരുവോളം മത്സ്യമാംസാദികൾ വര്ജിക്കുന്ന പതിവും ഗ്രാമമൊന്നടങ്കം പരിപാലിച്ചിരുന്നു. 

 

ശ്രീ അണ്ടല്ലൂർക്കാവിലെ ഉത്സവം   14മുതൽ 21വരെ 
(ചരിത്രവിവരണം കന്യലാൽ കോമരം :കണ്ണൂർ താണ )

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ഹൈന്ദവ ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്.

തീയ്യരുടെ ഊരായ്മയാണ് കാവിനുളളത്. കേരളത്തിലെ കാവുകളിൽ ഏറ്റവും ആദ്യം ആരാധന തുടങ്ങിയത് അണ്ടലൂർ കാവിൽ ആണെന്നാണ് വിശ്വാസം . ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.

അണ്ടലൂർ കാവിന്റെ മുഖ്യ ആകർഷണവും ഈ കാടുകളാണ്.രണ്ടായിരം വർഷം പഴക്കമുള്ള മരങ്ങൾ ഇവിടെയുണ്ട്.

മേലെകാവ് എന്നും താഴെക്കാവ് എന്നും രണ്ട് ദേവസ്ഥാനങ്ങലാണ് ഇവിടെയുള്ളത്. ഇതിൽ താഴേക്കാവ് കാടുകൾ നിറഞ്ഞ പ്രദേശമാണ്. നിരവധി തെയ്യങ്ങൾ ഇവിടെ കെട്ടിയാടിക്കാറുണ്ട്. അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്.

ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

ഭൂഘടന

അറബിക്കടലോട് ചേർന്നുനിൽക്കുന്ന ധർമ്മടം ഗ്രാമത്തിന്റെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്. തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണനിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്; മേലൂർദേശത്തിന്റെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്. അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്തിൻറെ നെറുകയിലാണ്.

എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു. "കാവ്" എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് - അണ്ടലൂർക്കാവും അത്തരത്തിലൊന്നാണെന്ന് പറയാം

തിറ ഉത്സവം

ഏഴുദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ തിറ ഉത്സവം. മലയാളമാസം കുംഭം ഒന്നാം തിയ്യതി കാവിൽകയറൽ, രണ്ടാം തിയ്യതി ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി മേലൂരിൽ നിന്നും കുടവരവുണ്ട്. നാലാം തിയതി മുതൽ തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങും.

നാലാം തിയതി സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തെയ്യം അണിയറയിൽനിന്നും മുഖത്തെഴുത്തും ചമയങ്ങളോടും പടിഞ്ഞാറേത്തറയിലേക്ക് എഴുന്നള്ളുന്നു. അവിടെ പീഠത്തിൽ ഇരുന്നു ദൈവത്താർ പൊന്മുടി ചാർത്തുന്നു. ഇത് ശ്രീരാമ പട്ടാഭിഷേകമെന്ന് സങ്കൽപ്പം.

ദൈവത്താർ മുടിവെച്ചുകഴിഞ്ഞു തറയിൽനിന്നുമിറങ്ങി അങ്കക്കാരൻ, ബപ്പൂരൻ എന്നീ തെയ്യങ്ങളോടും കൂടി വില്ലുകാരുടെ അകമ്പടിയോടെ കാവിനെ വലംവയ്ക്കുന്ന ചടങ്ങുണ്ട്.

വ്രതമെടുത്ത പുരുഷന്മാരും ആൺകുട്ടികളും അച്ചൻമാരും (കാരണവന്മാർ) അതിൽ പങ്കെടുക്കുന്നു. ഇവിടത്തെ പ്രധാന ചടങ്ങായ ഈ വലംവയ്ക്കലിനു മെയ്യാലം കൂടുക എന്നാണ് പ്രാദേശികമായി പറയുന്നത്. പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക. കുളുത്താറ്റിയവർ വാനരപ്പടയാണെന്ന് സങ്കൽപ്പം. മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി പരിവാരങ്ങളോടുകൂടി ദൈവത്താറും അങ്കക്കാരനും ബപ്പൂരനും കൊട്ടിലിലേക്ക് എഴുന്നള്ളുന്നു. അവിടെ മണിക്കിണറിൽ മുഖദർശനം നടത്തൽ ചടങ്ങ് ഉണ്ട്.

പിന്നീട് മൂന്നു തെയ്യങ്ങളും താഴേക്കാവിലേക്ക് എഴുന്നള്ളുന്നു. ഇത് സീതയെ വീണ്ടെടുക്കാൻ ലങ്കയിലേക്ക് പോകുന്നതായാണ് സങ്കൽപ്പം. പുലർച്ചയ്ക്ക് അതിരാളൻ തെയ്യവും രണ്ടു മക്കളും (സീതയും മക്കളും) പുറപ്പെടുന്നു. അതിനുശേഷം തൂവക്കാരി, മലക്കാരി, വേട്ടയ്ക്കൊരുമകൻ, പൊൻമകൻ, പുതുച്ചേകവൻ, നാക്കണ്ഠൻ(നാഗകണ്ഠൻ), നാപ്പോതി(നാഗഭഗവതി), ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ പുറപ്പെടുന്നു. ഇവരിൽ ചില തെയ്യങ്ങൾ മുടി കിരീടങ്ങൾ മാത്രം മാറി മാറി ധരിച്ചു കലാശം ചവിട്ടുന്നവരാണ്.

ഉച്ചയ്ക്ക് മുമ്പായി ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കൽപ്പം) തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. രാവിലെ ഇറങ്ങുന്ന ചെറിയ ബപ്പൂരനാണ് ബാലീ സുഗ്രീവ യുദ്ധത്തിൽ മദ്ധ്യസ്ഥം വഹിക്കുന്നത്. ഈ ബപ്പൂരന്റെ ശിരോമകുടത്തിന് വ്യത്യാസമുണ്ട്. ബപ്പൂരൻ ഇടപെടുന്നതോടെ യുദ്ധം തീർന്ന് രണ്ടുപേരും രഞ്ജിപ്പിലെത്തുന്നു എന്ന് സങ്കല്പം.

നാലാം തിയതി മുതൽ ഏഴാം തിയതിവരെ ചടങ്ങുകൾ ഒരുപോലെയാണ്.
താഴെക്കാവ്

നിറയെ മരങ്ങളും വള്ളികളും കുറ്റിക്കാടുകളും ഏതാനും തറകളുംചേർന്ന പ്രദേശമാണ് താഴേക്കാവ്.

ഇത് രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ അശോക വനം (രാവണന്റെ വാസസ്ഥലം) കണക്കാക്കപ്പെടുന്നു. അങ്കക്കാരൻ തെയ്യത്തിന്റെ ആട്ടം (നൃത്തം) അരങ്ങേറുന്നത് ഇവിടെ വച്ചാണ്.

അപൂർവ്വയിനം സസ്യങ്ങളാൽ സമ്പുഷ്ടമാണ് താഴെക്കാവ്. വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി ഇവിടെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

മേലെക്കാവ്

ശ്രീരാമൻ, ഹനുമാൻ, ലക്ഷ്മണൻ എന്നീ ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യം ഇവിടെ വിശ്വസിക്കപ്പെടുന്നു.

ദൈവത്താർ എന്ന പേരിലാണ് ശ്രീരാമ രൂപം ഇവിടെ ആരാധിക്കപ്പെടുന്നത്.

ലക്ഷ്മണൻ അറിയപ്പെടുന്നത് അങ്കക്കാരൻ എന്ന പേരിലും 

ഹനുമാൻ ബപ്പൂരൻ എന്ന പേരിലും തെയ്യമായികെട്ടിയാടിക്കപ്പെടുന്ന. ബാലി,സുഗ്രീവൻ മുതലായ തെയ്യങ്ങളും ഇവിടെ തിറ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയാടിക്കപ്പെടുന്നു.

റോഡ്

ദേശീയപാത 66 ൽ കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധർമ്മടം. ധര്മ്മടത്തിന്റെ കിഴക്കുഭാഗത്തായി പിണറായിയുടെ അതിർത്തിയിൽ അഞ്ചരക്കണ്ടി പുഴയുടെ കൈവരിയുടെ തീരത്തായാണ് അണ്ടല്ലൂർക്കാവ് സ്ഥിതിചെയ്യുന്നത്. ഇതുവഴി ലോക്കൽ ബസ് സർവ്വീസ് ഉണ്ട്.


മേലൂർ, ധർമടം, പാലയാട്, അണ്ടലൂർ എന്നീ ദേശവാസികളുടെ ഗംഭീര  വെടിക്കെട്ട് മത്സരം പോലെ ആണ്. ഉത്സവം 14മുതൽ 21വരെ

ദൈവത്താറീശ്വരന്റെ തിരുമുടി 17,18,19,20 തിയ്യതികളിൽ

ബാലി സുഗ്രീവ യുദ്ധം 17,18,19,20 തിയ്യതികളിൽ 

വിവരണം ::കന്യലാൽ കോമരം-  കണ്ണൂർ താണ

 

ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. 15-ന് ഉച്ചക്ക് 12-ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ തന്ത്രികർമം, നാലിന് കലശപൂജ. രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്തകൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും. തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം എന്നിവ നടക്കും.

16-ന് രാവിലെ ഒൻപതിന് കൊടിയേറ്റം. രാത്രി 11-ന് മേലൂർ മണലിൽ നിന്ന് കുടവരവ്. പ്രധാന ആരാധന മൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്ര പരിസരത്ത് എത്തുന്നതോടെ മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം നടക്കും. 17-ന് പുലർച്ചെ അഞ്ച് മുതൽ വിവിധ തെയ്യങ്ങൾ.

അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരുവൻ, പൂതാടി, നാഗകണ്ഠൻ, നാഗ ഭഗവതി, മലക്കാരി, പൊൻമകൻ, പുതുചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12-ന് ക്ഷേത്ര മുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം. വൈകിട്ട് മെയ്യാലുകൂടൽ.

തുടർന്ന് സൂര്യാസ്തമയത്തോട് കൂടി പ്രധാന ആരാധനാ മൂർത്തിയായ ദൈവത്താറും (ശ്രീരാമൻ), സഹചാരികളായ അങ്കക്കാരനും (ലക്ഷ്മണൻ), ബപ്പൂരനും (ഹനുമാൻ) തിരുമുടി അണിയും.

അണ്ടലൂർ കാവിൽഇന്ന് രാവിലെ മുതൽ രാമായണപുരാണത്തിലെ സീതയും മക്കളും തിരുമുറ്റത്ത് എത്തിയതോടെകളിയാട്ടത്തിന് തുടക്കമായി, നട്ടുച്ചവെയിൽവക  വെക്കാതെ ബാലീ-സുഗ്രീവ യുദ്ധം കാണാൻ ഭക്തർഒഴുകി എത്തിക്കൊണ്ടിരിക്കും,,, വൈകീട്ട് പ്രധാന ദേവൻ ദൈവത്താരീശ്വരൻ (ശ്രീരാമൻ)അങ്കക്കാരന്റെയും , ബപ്പുരന്റെയും മെയ്യാല കൂടുന്ന സഹചാ രികളുടെയും അകമ്പടിയോടെ  താഴെ  കാവിൽ എഴുന്നള്ളി അവിടുന്ന് തിരുമുടിയണിഞ്ഞു മെയ്യാല കൂടി സഹസ്ര ജനസാന്നിധ്യത്തോടെ മേലേ കാവിലേക്ക് തിരിച്ചു എഴുന്നള്ളുമ്പോൾ വഴിയിൽ ഒരുക്കിയ  കനത്ത വെടിക്കെട്ടിൽ ആ  ദേശം  കുലുക്കം നേരിടും, പിന്നീട് വൃതക്കാരുടെ നിരക്കിപ്പാച്ചിലോടെ കാവിന്റെ തിരു മുറ്റത്തെത്തിദൈവത്താരീശ്വരൻ ഭക്തർക്കു കുറി നൽകി  അനുഗ്രഹിക്കും കാവിലെത്തുന്ന ഭക്തർക്ക്  ദേശക്കൂട്ടായ്മ ചുക്ക് കാപ്പിയും ചുക്ക് വെള്ളവും ഏത്  നേരവും  വിതരണം  ചെയ്യുന്നുണ്ട്, ഉത്സവദിവസങ്ങളിൽ രാവിലെ സീതയും  മക്കളിൽ  സീതയായി  ലക്ഷ്മണൻ പെരുവണ്ണാൻ (കൂത്തുപറമ്പ) വൈകുന്നേരം 17ആം വർഷവും ദൈവത്താരീശ്വരനായും അവതാരമെടുക്കുന്നു, ബാലീ  സുഗ്രീവാന്മാരായി രജിത് പാതിരിയാട് പാറപ്പുറവും, രജീഷ് ഇരിവേരി യും യുദ്ധകളത്തിൽ നിറഞ്ഞാടുമ്പോൾരനേഷ് നെട്ടൂർ ബപ്പിരിയൻ തെയ്യമായിപ്രത്യക്ഷ പെടും, ഉത്സവദിവസം ഇടവിട്ട്മുന്നൂറ്റാൻമാരിൽ രാജേഷ്, വടക്കുമ്പാട്,,,, ജോബി അണ്ടല്ലൂർ രജീഷ് പിണറായി, മുരളി  അണ്ടലൂർ എന്നിവർ അങ്കക്കാരൻ തെയ്യമായി തിരുമുറ്റത്ത് നിറഞ്ഞാടും,

രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. താഴെക്കാവിൽ രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടം നടക്കും. 20 വരെ തെയ്യാട്ടങ്ങൾ ആവർത്തിക്കും. 21-ന് പുലർച്ചെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും.

പ്രധാന ഉത്സവദിനങ്ങളിൽ ധർമടം, പാലയാട്, അണ്ടലൂർ ദേശക്കാരുടെയും ക്ഷേത്ര കമ്മിറ്റിയുടെയും വക കരിമരുന്ന് പ്രയോഗം നടക്കും.

 

DAIVATHAR THEYYAM (SREERAMAN) ദൈവത്താര്‍ തെയ്യം (ശ്രീരാമന്‍) :

ശ്രീരാമ സങ്കല്‍പ്പത്തിലുള്ള ദൈവമാണ് തലശ്ശേരിയിലെ അണ്ടലൂര്‍ കാവില്‍ ആരാധിക്കുന്ന അണ്ടലൂര്‍ ദൈവത്താര്‍ തെയ്യം. സ്വർണ്ണം കൊണ്ട് നിർമ്മിച്ച മുടി അലങ്കാരങ്ങൾ ആണു ഈ കോലം അണിയുക. രാവണ വധത്തിനു ശേഷം രാമന്‍ സീതയുമൊത്ത് തിരിച്ചു വരുന്ന സങ്കല്‍പ്പത്തിലുള്ളതാണ് ഇവിടത്തെ ദൈവത്താര്‍. ശ്രീരാമന്‍, ഹനുമാന്‍ എന്നിവരുടെ സാന്നിധ്യം മേലേക്കാവിലും രാവണ സങ്കല്പവും ലങ്കാസങ്കല്‍പ്പവും താഴെക്കാവിലും വിശ്വസിക്കപ്പെടുന്നു. ഹനുമാന്‍ വേഷത്തില്‍ ബപ്പിരിയന്‍, ലക്ഷ്മണ രൂപത്തില്‍ അങ്കക്കാരന്‍ എന്നീ തെയ്യങ്ങള്‍ ഈ തെയ്യത്തൊടൊപ്പം കെട്ടിയാടിക്കും.

മാവിലായി, കാപ്പാട്, അണ്ടലൂര്‍, പടുവിലായി എന്നിവിടങ്ങള്‍ ആണ് പ്രധാന ദൈവത്താര്‍ കാവുകള്‍. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. അതില്‍ തന്നെ പെരുവണ്ണാനാണ് ഈ തെയ്യം കെട്ടുക. ഇവ കൂടാതെ കൂടാളി ദൈവത്താര്‍ കാവും പ്രസിദ്ധമാണ്.  പക്ഷെ ഇവിടെ തെയ്യം കെട്ടിയാടാറില്ല.  ( Location: https://g.co/kgs/RqWFTcZ )

ദൈവത്താര്‍ക്ക് ഭക്തന്മാര്‍ അര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് വില്ലാട്ടം. തനിക്ക് കാഴ്ച വെക്കുന്ന വില്ലു സ്വീകരിച്ചു കളിയാടുകയും പിന്നീടത്‌ കൈക്കൊളന്‍മാര്‍ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ചടങ്ങാണ് വില്ലാട്ടം. ദൈവത്താറീശ്വരന്‍ തെയ്യം ഒറ്റ വാക്ക് പോലും ഉരിയാടാത്ത ഒരു തെയ്യമാണ്‌. അണ്ടലൂര്‍ കാവിലെ ഈ ദേവന് പഴക്കുലകള്‍ ആണ് ധാരാളമായി കാഴ്ച വെക്കാറുള്ളത്.

ദൈവത്താർ തെയ്യം

ഉത്തര മലയാള കേരളമായ കോലത്തുനാട്ടിൽ ആരാധിച്ചുവരുന്ന വരുന്ന ഒരു ദേവതയാണ് ദൈവത്താർ. 

നാലു ദൈവത്താർമാർ

അണ്ടലൂർ, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിൽ കുടികൊള്ളുന്ന നാലു ദൈവത്താർമാരും സഹോദരൻമാരാണ് എന്നാണ് വിശ്വാസം.

ഏകോദര സഹോദരന്മാരായി കണക്കാക്കുന്ന ഈ നാലുപേരിൽ കാപ്പാട് ദൈവത്താർ മാത്രമേ സംസാരിക്കുകയുള്ളൂ. കാപ്പാട് ദൈവത്താർ മറ്റ് മൂന്നുപേരും ചെയ്തുപോയ ഏതോ തെറ്റിന് അവരുടെ നാവ് ചവിട്ടിപ്പറിച്ചു കളഞ്ഞതിനാലാണ് ഇവർ മൂന്നുപേരും മൂകരായിതീർന്നത് എന്നാണ് ഐതിഹ്യം. 

മറ്റ് മൂന്നുപേരെക്കാളും ആയോധന മുറകളിൽ പ്രഗല്ഭനായിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന കാപ്പാട് ദൈവത്താറുടെ ആയുധാട്ടം എന്ന ചടങ്ങ് ശ്രദ്ധേയമാണ്. 

ദൈവത്താർ തെയ്യങ്ങളിൽ ഏറ്റവും പ്രാധാന്യം അണ്ടലൂർ ദൈവത്താർക്കാണ്. മറ്റ് മൂന്നിടങ്ങളിലും ചടങ്ങുകൾക്കാണ് പ്രാധാന്യമെങ്കിൽ അണ്ടലൂരിൽ ദൈവത്താറുടെ 'പൊന്മുടി'ക്കാണ് പ്രാധാന്യം. ഇവിടെ മുടി കണ്ടു ദർശനം നടത്തുക എന്നതാണു ഭക്തജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. സൗമ്യശീലനായ ദൈവത്താർ ദർശന സമയത്ത് ഭക്തജനങ്ങളിൽനിന്ന് നേർച്ച സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു. 

അണ്ടലൂർ ദൈവത്താറെ പുരാണത്തിലെ ശ്രീ രാമനായിട്ടാണ് കരുതുന്നത്. എന്നാൽ മറ്റ് മൂന്നു ദൈവത്താർമാർക്കും ഇപ്രകാരം പുരാണവുമായി ബന്ധമുള്ളതായിട്ടറിയുന്നില്ല.

മാവിലായ്, പടുവിലായ് എന്നീ ക്ഷേത്രങ്ങൾ സവർണ്ണരുടെയും അണ്ടലൂർ, കാപ്പാട് എന്നിവ അവർണ്ണർമാരുടേതുമാണ്.

നാലു സങ്കേതത്തിലും ദൈവത്തരുടെ തെയ്യം കെട്ടിയാടാറുണ്ട്. അണ്ടലൂരിൽ മുടിക്കും മാവിലയിൽ അടിക്കും കാപ്പാട്ടു വെടിക്കും  പടുവിലയിൽ വില്ലാട്ടത്തിനും പ്രാധാന്യം കല്പിക്കപെടുന്നു.

അണ്ടലൂർ ദൈവത്താർ

രാമായണ കഥയെ ആധാരമാക്കിയുള്ള കളിയാട്ടമാണ് അണ്ടലൂർക്കാവിലേത്. അണ്ടലൂർ ദൈവത്താർ രാമാവതാരമാണ് എന്നാണ് വിശ്വാസം. അണ്ടലൂർ ദൈവത്താരുടെ കോലം കെട്ടുന്നത് വണ്ണാൻ സമുദായത്തിൽപ്പെട്ട പെരുവണ്ണാനാണ്. പെരുവണ്ണാൻ എന്നത് കോലക്കാരന് കൊടുക്കുന്ന സ്ഥാനപ്പേരാണ്. പെരുവണ്ണാന് ഇവിടെയുള്ള സ്ഥാനം അദ്ദേഹത്തെ ആദരിച്ചു കൊണ്ടുവരുന്ന രീതിയിൽ നിന്നും മനസ്സിലാക്കാം. 

മുഖത്തെഴുത്ത് കഴിഞ്ഞാൽ സ്വർണ്ണംകൊണ്ടുള്ള തിരുമുടി വെക്കാൻ പീഠത്തിൻമേലിരിക്കുന്നത് തെക്കോട്ട് തിരിഞ്ഞിട്ടാണ്. മറ്റ് ക്ഷേത്രങ്ങളിലൊന്നും കാണാത്ത ഈ പ്രത്യേകതക്ക് കാരണം ദൈവത്താർ അല്പം തെക്കുമാറി സ്ഥിതി ചെയ്യുന്ന ചേരമാൻ കോട്ടയിലേക്ക് നോക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചേരമാൻ പെരുമാളുടെ വാഴ്ച അവസാനിച്ചപ്പോൾ ഇവിടെ ഉണ്ടായ ശ്രീരാമ വിഗ്രഹം കാണാതായി എന്നും പിന്നീടത് മേലൂർ പുഴയിൽനിന്നും വസ്ത്രം അലക്കിക്കൊണ്ടിരുന്ന ഒരു വണ്ണാത്തിക്ക് ഒരു പലകയുടെ രൂപത്തിൽ കിട്ടി എന്നും പറയപ്പെടുന്നുണ്ട്.  തുടർന്നു നടത്തിയ പ്രശ്നത്തിൽ ഈ പലക നഷ്ടപ്പെട്ടുപോയ ശ്രീരാമ വിഗ്രഹത്തിൻറെ പ്രതീകമാണെന്ന് വിധിക്കപ്പെട്ടു. അങ്ങനെ അവർണ്ണ സമുദായത്തിൽപ്പെട്ട വണ്ണാത്തിയുടെ ഈ സംഭാവന ക്ഷേത്രത്തിൽ പ്രതിഷ്ട്ടിക്കപ്പെട്ടു. ഇതിൻറെ പ്രതീകമായാണ് ഇന്നും ദൈവത്താറുടെ പൊൻമുടിക്കു പിന്നിൽ ഒരു പലകയുള്ളത്.

രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള ആട്ടമായതിനാൽ ശ്രീരാമനായ ദൈവത്താർ മേലേക്കാവിൽ നിന്നും ലക്ഷ്മണനായ അങ്കക്കാരനോടും ഹനുമാനായ ബപ്പൂരനോടും വാനരപ്പടയായി സങ്കൽപ്പിക്കുന്ന വില്ലുകാരോടും (വ്രതമെടുത്ത നാട്ടുകാരായ ഭക്തജനങ്ങൾ) കൂടെ സീതയെ അന്വേഷിച്ചു താഴെക്കാവിലേക്ക് എഴുന്നള്ളുന്നു. അവിടെ എത്തിയാൽ ആട്ടം (സാങ്കൽപ്പിക രാവണനുമായുള്ള യുദ്ധം) എന്ന സുദീർഘമായ ചടങ്ങു നടക്കുന്നു. ദൈവത്താർ ഒരു ഉയർന്ന തറയിൽ ഇരുന്നു അങ്കക്കാരനും ബപ്പൂരനും ആടുന്നത് കണ്ടിരിക്കും. ഈ ചടങ്ങിന് ശേഷം സീതയെ വീണ്ടെടുത്തു വീണ്ടും ദൈവത്താർ പരിവാരങ്ങളോടെ മേലേക്കാവിലേക്ക് എഴുന്നള്ളുന്നു.

കാപ്പാട് ദൈവത്താർ

അണ്ടലൂർ ദൈവത്താറെപ്പോലെ തന്നെ കാപ്പാട് ദൈവത്താറും സവർണ്ണരേയും അവർണ്ണരേയും ഒരേപോലെ അനുഗ്രഹിക്കുന്നു. വിഷുക്കണി കണ്ടതിന് ശേഷം മുഖത്തെഴുതുന്നു. തിരുവെഴുത്ത് ഒപ്പിക്കുക എന്ന ഈ ചടങ്ങിനുശേഷം തിരുമുടി വെക്കുന്നു.

അണ്ടലൂരിൽ തെക്ക് തിരിഞ്ഞാണ് മുടിവെക്കാൻ പീഠത്തിലിരിക്കുന്നതെങ്കിൽ കാപ്പാട് വടക്കുഭാഗം തിരിഞ്ഞാണ് ഇരിക്കുന്നത്. ഇപ്രകാരം വടക്ക് നോക്കുന്നത് അല്പം അകലെയുള്ള ചിറക്കൽ ക്ഷേത്രവുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടുത്തെ ദൈവത്താർക്ക് കടലായി ശ്രീ കൃഷ്ണനുമായി ബന്ധമുണ്ട്. കടലായി (ചിറക്കൽ) ക്ഷേത്രം വക ഒരു ദിവസത്തെ ഉത്സവം നടത്തുന്നു. ഇവിടെ ദൈവത്താർ ശൈവാംശമാണ്. ഇവിടെയും കോലക്കാരൻ വണ്ണാൻ സമുദായത്തിലെ പെരുവണ്ണാൻ ആണ്.

കാപ്പാട് ദൈവത്താറുടെ സന്തത സഹചാരി വേട്ടക്കൊരുമകൻ തെയ്യം ആണ്. വാചാലമായി സംസാരിക്കുന്ന കാപ്പാട് ദൈവത്താർക്കും ആട്ടം എന്ന ചടങ്ങുണ്ട്. ഈ ആട്ടം സൂചിപ്പിക്കുന്നത് ദൈവത്താർക്ക് ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള വൈദഗ്ദ്ധ്യത്തെയാണ്. പതിനെട്ട് ആയുധങ്ങൾ കൊണ്ടുള്ള ഈ അഭ്യാസപ്രകടനത്തെ 'ആയുധാട്ടം' എന്നാണ് പറയുന്നതു. ഈ ആയുധഅഭ്യാസത്തിന് ശേഷം 'വാചാല് പറയൽ' അഥവാ ചരിത്രം പറയൽ എന്ന ചടങ്ങുണ്ട്. ഇവിടെ ദൈവത്താർക്കുള്ള പ്രധാന നേർച്ച 'വെടി'യാണ്.  കതിന വെടികൾ നേർച്ചയായി ഭക്തജനങ്ങൾ സമർപ്പിക്കുന്നു. അതിനാൽ കോലം കെട്ടിയാൽ ധാരാളം കതിനാ വെടികൾ കേൾക്കാം.

മാവിലായി ദൈവത്താർ

അടിപ്രിയനായ മാവിലായി ദൈവത്താർ വൈഷ്ണവാംശതിൻറെ പ്രതീകമാണ്. 'അടി' എന്ന ചടങ്ങാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്. ദൈവത്താറുടെ സാന്നിധ്യത്തിൽ രണ്ടു ചേരികളിലായി നിന്നു കൈകൊണ്ടടിക്കുന്നതാണ് ഈ ചടങ്ങ്.

ഈ അടിക്കുപിന്നിലുള്ള ഐതിഹ്യം ഇങ്ങനെയാണ് : കച്ചേരി മയിങ്ങാലൻ ഇല്ലത്തെ തങ്ങൾക്ക് ഏതോ വിശേഷദിവസം,അന്നാട്ടിലെ തീയ്യർ പ്രമാണി അവിൽ കാഴ്ച വെച്ചു. അപ്പോൾ അവിലിനുവേണ്ടി സഹോദരന്മാർ അടികൂടി. ഇതിൻറെ സ്മരണയായാണ് കച്ചേരിക്കാവിൽവെച്ച് ദൈവത്താറുടെ സാന്നിധ്യത്തിൽ നടക്കുന്ന അടി. അടിക്ക് മുന്നോടിയായി മൂത്തകൂർ തറവാട്, ഇളയകൂർ തറവാട് എന്നീ രണ്ടു വിഭാഗക്കാരുടെ മുന്നിലേക്ക് വൈക്കോൽ കൊണ്ടുള്ള അവൽക്കൂട് എറിഞ്ഞുകൊടുക്കുന്നു (അവിൽ അതിൽ ഉണ്ടായിരിക്കുകയില്ല - ഈ കൂടിലാക്കിയാണ് തങ്ങൾ അവിൽ കാഴ്ചവെക്കുന്നത്). ഇത് ഒരു വിഭാഗം പിടിച്ചെടുക്കുന്നു. അതിനു ശേഷമാണ് അടി. ദൈവത്താറുടെ സാന്നിധ്യത്തിൽവെച്ചു സഹോദരന്മാർ എന്നു സങ്കൽപ്പിക്കുന്ന മൂത്തകൂർ ഇളയകൂർ നമ്പ്യാർ സമുദായക്കാർ അടിക്കുന്നു. അടിക്കുന്നവരെ തീയ്യ സമുദായക്കാർ ചുമലിൽ ഏറ്റി അടിപ്പിക്കുന്നു.അത്യന്തം രസകരമായ ഈ പ്രവൃത്തി കണ്ടു തൃപ്തിപ്പെട്ടാൽ ദൈവത്താർ അടിനിർത്താൻ ആജ്ഞാപ്പിക്കുകയും ഇവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

മാവിലായിലെ ജനങ്ങളെ നേരിൽ കണ്ടു അനുഗ്രഹിക്കാനെന്നവണ്ണം എട്ട് ഇടങ്ങളിലും മഠത്തിലും കുന്നത്ത് ഇടത്തിലും ദൈവത്താർ സഞ്ചരിക്കും. ഈ സഞ്ചാരസമായത്തു പെരളശ്ശേരി ദേവസ്വം ഭൂമിയിൽ ചവിട്ടില്ല എന്നൊരു നിഷ്കർഷയുണ്ട്. അതിനു കാരണം പെരളശ്ശേരി തങ്ങളും നായൻമാരും തമ്മിലുള്ള വിരോധം ആണ്. നമ്പ്യാൻമാരുടെ ഊരായ്മയിലുളള ഈകാവിൽ അടി നടത്തുന്നവരെ ചുമലിൽ ഏറ്റുന്നത് തീയ്യ സമുദായക്കാർ ആണ്. തീയ്യ പ്രമാണി അവിൽ കൊടുത്തതും കൊണ്ടും തീയ്യരും നമ്പ്യാരും ജ്യേഷ്ഠത്തി അനുജത്തി മക്കൾ ആണെന്നുളള സങ്കല്പങ്ങളും ആണിതിന്റെ കാരണം.

പടുവിലായി ദൈവത്താർ

മാവിലായി ദൈവത്താറോട് വളരെയധികം സാമ്യവും ചടങ്ങുകളിൽ അല്പം സമാനതയും ഉള്ള ദൈവതാറാണ് പടുവിലായി ക്ഷേത്രത്തിലേത്. അണ്ടലൂരിൽ 'മുടി'ക്കും, കാപ്പാട് 'വെടി'ക്കും, മാവിലായിൽ 'അടി'ക്കും പ്രാധാന്യമുണ്ടെങ്കിൽ പടുവിലായിൽ 'പിടി' എന്ന ചടങ്ങിനാണ് പ്രാധാന്യം. അടിയും വെടിയുമൊക്കെ ദൈവത്താറുടെ സാന്നിധ്യത്തിലാണ് നടക്കുന്നതെങ്കിൽ 'പിടി' നടക്കുന്നതു ദൈവത്താറുടെ അസാന്നിധ്യത്തിൽ ആണ്.

വൃശ്ചികമാസം ഒന്നുമുതൽ പന്ത്രണ്ടാം തീയതി വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന പാട്ടുത്സവക്കാലതാണ് 'പിടി' എന്ന ചടങ്ങ് നടക്കുന്നത്. ഈ പാട്ടുത്സവം നടക്കുമ്പോൾ വൃശ്ചികമാസം ഏഴാംതീയതി കോട്ടയം രാജാവു ക്ഷേത്രത്തിലേക്ക് എഴുന്നളളുമായിരുന്നു. അന്ന് അദ്ദേഹത്തിൻറെ വക ജനങ്ങൾക്കുള്ള ബലാബല പരീക്ഷണത്തിനായി പൂഴികടലാസ്സിട്ട് മിനുസപ്പെടുത്തിയ രണ്ടു തേങ്ങ അവകാശിയായ ആശാരി തലേദിവസം പൂജാസമായത്തു ദേവസ്വത്തിൽ ഏൽപ്പിക്കും. ഈ തേങ്ങകൾ ശാന്തിക്കാരൻ എണ്ണയിൽ ഇട്ടുവെക്കും. പിന്നെ എണ്ണയാട്ടം കഴിഞ്ഞ തേങ്ങ ദൈവത്താറുടെ ബിംബത്തിനുമുൻപിൽ വെച്ചു പൂജിക്കുന്നു. 

ഏഴാംതീയതി നൃത്തം കഴിഞ്ഞു ബിംബം അകത്തേക്ക് എഴുന്നള്ളിച്ചാൽ ശാന്തിക്കാരൻ തേങ്ങ കൊടിയിലയിൽ എടുത്തു ശ്രീകോവിൽ അടച്ചു ശ്രീകോവിലിന് പിന്നിൽ കൊണ്ടുപോയി കോട്ടയത്തരചനെ ഏൽപ്പിക്കുന്നു. അപ്പോഴേക്കും മൂത്തകൂർവാടുകാരും ഇളയകൂർവാടുകാരും രണ്ടു സംഘമായി രാജാവിന് മുമ്പിൽ അണി നിരക്കുന്നു. തേങ്ങകൾ രാജാവു ഓരോന്നായി മുകളിലോട്ട് എറിഞ്ഞുകൊടുക്കുന്നു.  ഇത് പിടിച്ചെടുത്ത് കിഴക്കേ മതിലിൽ കൊണ്ടുപോയി ഉടച്ചാൽ ആ വിഭാഗം ജയിച്ചതായി രാജാവു പ്രഖ്യാപിക്കുന്നു. ഇതാണ് ഇവിടുത്തെ പ്രധാനമായ 'പിടി' (തേങ്ങ പിടി) എന്ന ചടങ്ങ്.

ശ്രീകോവിൽ അടച്ചു അതിനു പിൻവശം പോകുക എന്നത് ഈ ബലാബല പരീക്ഷണത്തിൽ ദേവനെ പങ്കുചേർക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയാണെന്ന് പറയപ്പെടുന്നു. കോട്ടയം രാജാവിൻറെ അധികാരം ഇപ്പോൾ അദ്ദേഹത്തിൻറെ പ്രതിനിധിയായ പൊമ്മിലേരി കോറോത്ത് കാരണവർക്കാണു. മറ്റ് മൂന്നു ദൈവത്താറുടെയും കോലങ്ങൾ വണ്ണാൻ സമുദായത്തിൽപ്പെട്ട പെരുവണ്ണാൻ കെട്ടി ആടുന്നുവെങ്കിൽ ഇവിടെ കോലക്കാരൻ അഞ്ഞൂറ്റാനാണ്. ഇവിടെയുള്ള മറ്റൊരു പ്രത്യേകത എല്ലാദിവസവും തോറ്റം ചൊല്ലുക എന്ന ചടങ്ങാണ്.

അണ്ടലൂർ ദൈവത്താർ തെക്കുഭാഗം തിരിഞ്ഞും, കാപ്പാട് ദൈവത്താർ വടക്കുഭാഗം തിരിഞ്ഞും മാവിലായി ദൈവത്താർ ശ്രീ കോവിലിലേക്ക് നോക്കിയുമാണ് പീഠത്തിന്മേൽ ഉപവിഷ്ട്ടരാകുന്നതെങ്കിൽ പടുവിലായി ദൈവത്താർ ഉദയം നോക്കിയാണ് പീഠത്തിന്മേൽ ഇരിക്കുന്നത്.

മാവിലായി:

https://www.keralatheyyam.com/kavu/kannur-mavilayi-sree-mavilakkavu-kshetram/

പടുവിലായി:

https://www.keralatheyyam.com/kavu/kannur-paduvilayi-sree-daivathareeswaran-paduvilakkavu/

കാപ്പാട്:

https://www.keralatheyyam.com/kavu/kannur-sree-daivathareeswaran-kappattu-kavu/

 

Location