Kavu Details

Kannur Iriveri Sree Pulideva Kshetram

Theyyam on Makaram 28-Kumbam1 (Februay 11-14)
Contact no :
9746357074 / 9633851788

Description

ഇരിവേരിക്കാവ്

വള്ളിപടർപ്പുകളാൽ സമ്പുഷ്ടമായ 5 ഏക്കർ വനത്തിനു നടുവിലാണ് പ്രസിദ്ധമായ ഇരിവേരികാവ് .പുലി ദൈവങ്ങളാണ് ഇവിടുത്തെ ആരാധനാ മൂർത്തികൾ അത്ഭുതം തോന്നുന്നുണ്ടോ എന്നാൽ അതാണ് സത്യം.

കാവിലെ വള്ളി പടർപ്പുകളിൽ ഇപ്പോഴും വെയിൽ കടന്ന് ചെല്ലാത്ത ഇടങ്ങളുണ്ട്. ഭയഭക്തിയോടെ നാട്ടുകാർ ഈ വനം. വനമധ്യത്തിൽ കാതോർത്താൽ പുലി മുരൾച്ച അറിയാതെ തന്നെ കാതുകളിൽ അലയടിക്കും . ഒറ്റ നോട്ടത്തിൽ നരിയും പുലിയും അടക്കിവാഴുന്നുവെന്ന് തോന്നിപ്പിക്കുന്ന വന സാമ്രാജ്യമാണ് ഇരിവേരിക്കാവിനെ വ്യത്യസ്ഥ മാക്കുന്നത് കാവിലേക്ക് കാലെടുത്തു വക്കുമ്പോൾ എന്തെന്നില്ലാത്ത കുളിർമ്മയാണ് അനുഭവപെടുക. തെല്ലൊരു ഭയവും കൂടി ആവുമ്പോൾ അത് വ്യത്യസ്ഥമായ ഒരനുഭൂതി ആവുന്നു.

ശിൽപ സമ്പുഷ്ടമായ ഗോപുരം വിശേഷ ദിവസങ്ങളിൽ മാത്രം തുറക്കുന്ന പടിഞ്ഞാറേ നടയിൽ സ്ഥിതി ചെയ്യുന്നു. കാവിനു മുന്നിലുടെ കാടിനെ മുറിച്ചു കൊണ്ട് കല്ലു പാകിയ നടവഴി താഴേക്ക് ഇറങ്ങി ചെന്നാൽ കുളത്തിലേക്കാണ് എത്തിചേരുന്നത്. മനോഹരമായ കുളം ആരെയും ആകർഷിക്കും. ഇരിവേരി കാവ് പഴമയുടെ പ്രൗഡിയിൽ കാനന മധ്യത്തിൽ വിരാചിക്കുന്നു. ദൂരെ നാടുകളിൽ നിന്നു പോലും ഇരിവേരിക്കാവിനെ തേടി ഭക്തന്മാരും പ്രകൃതി സ്നേഹികളും വരുന്നു. ഇരിവേരികാവ് എന്നെ വല്ലാതെ ആകർഷിച്ചു കഴിഞ്ഞിരുന്നു. ഇരിവേരികാവിനോട് യാത്ര പറയുമ്പോൾ പ്രശസ്ത ചിത്രകാരൻ എം വി ദേവന്റെ വാക്കുകളാണ് ഓർമയിലെത്തിയത്.

'കാവും ഇവിടുത്തെ കുളിർമ്മയും
അതു നൽകുന്ന മനസീകാനന്ദവും
ഇന്നാട്ടുകാരിൽ നന്മയുടെ നീരുറവയായി
നിലനിൽക്കുമാറാകട്ടെ.’

ഗണപതിയാർ
കരിന്തിരിക്കണ്ണനും അപ്പക്കളളനും
കാളപ്പുലിയൻ
പുള്ളിക്കരിങ്കാളി
പുല്ലൂർ കാളി
പുലിക്കണ്ണൻ
പുല്ലൂർ കണ്ണൻ
പുലിമുത്തപ്പൻ പുലിമുത്താച്ചി
കല്ലിങ്കൽ പൂക്കുലവൻ തുടങ്ങിയ തെയ്യങ്ങൾ ഉത്സവകാലത്ത് കെട്ടിയാടിക്കപ്പെടുന്നു.

കണ്ണൂർ ജില്ലയിൽ പാനേരിച്ചാലിനടുത്താണ് ഇരിവേരി പുലി ദൈവ ക്ഷേത്രം. കണ്ണൂരിൽ നിന്ന് എച്ചക്കരക്കല്ല്, വെള്ളച്ചാൽ വഴി പതിനാറ് കിലോ മീറ്റർ കിഴക്കോട്ട് പോയാൽ ഈ ക്ഷേത്രത്തിലെത്താം. പുലി ദൈവ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഇരിവേരിക്കുന്ന് കൈലാസം എന്ന പേരിലും അറിയപ്പെടുന്നു.

പണ്ട് ശിവ പാർവ്വതിമാർ കാട്ടിലൂടെ നടന്ന കാലത്ത് രണ്ട് ഇണ പുലികൾ രതി ക്രീഡകളിൽ ഏര്‍പ്പെടുന്നത് കാണാനിടയായി. ശിവ പാര്‍വ്വതിമാർ അപ്പോൾ സ്വയം പുലി രൂപം ധരിച്ചു, ഈ രൂപങ്ങളാണ് പുലി കണ്ടനും പുള്ളി കരിങ്കാളിയും. ഇവരുടെ ആണ്‍മക്കളാണ് കണ്ട പുലി, മാര പുലി, കാള പുലി, പുലി മാരുതൻ, പുലിയൂർ കണ്ണന്‍. ഇളയവൾ പുലിയൂർ കാളിയും. ഇതിൽ ആണ്‍മക്കളെ ഐവർ പുലി മക്കൾ എന്ന് വിളിയ്ക്കും.

ഈ ആറ് പുലി മക്കളും ഓടിക്കളിച്ചിരുന്ന സ്ഥലമാണത്രെ ഇരിവേരി. പുള്ളി കരിങ്കാളി ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലി കണ്ടന്‍ കുറുബ്രാതിരി വാണോരുടെ ആല തകർത്ത് പശുക്കളെ കൊന്നു. പുലികളുടെ വിദ്യയാണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു, നായരെ പുലി കണ്ടന്‍ കൊന്നു. പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാണോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു. അഞ്ച് ഏക്കർ വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം. മകരം 28 മുതൽ കുംഭം ഒന്ന് വരെയാണ് ഉത്സവം ഇരിവേരിക്കാവിന്റെ അതേ മാതൃകയിൽ തന്നെ കാഞ്ഞിരോടും കിലാലുരും പുലി ദേവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു

കടപ്പാട് ഓലച്ചൂട്ട്

 

◾11-02-2024 ( ഞായർ )

രാത്രി 7 മണിക്ക് : കാവിൽ കയറൽ
രാത്രി 9 മണിക്ക് : തോറ്റങ്ങളും കലശവും
◾12-02-2024 ( തിങ്കൾ )
വൈകീട്ട് 4 മണിക്ക് : കലവറ നിറയ്ക്കൽ
രാത്രി 7 മണിക്ക് : പൊന്നും ഭണ്ഡാരവും എഴുന്നള്ളത്ത്
രാത്രി 8 മണിക്ക് : കുടവെപ്പ്
രാത്രി 9: 30 ന് : ഗണപതിയാറിന്റെ തിരുമുടി
രാത്രി10:30 ന് : കരിന്തിരി കണ്ണനും അപ്പക്കള്ളനും
പുലർച്ചെ 12 മണിക്ക് : കാള പുലിയൻ തിരുമുടി ( പയറ്റു ദൈവം ) പുലർച്ചെ കുളിച്ചെഴുന്നള്ളത്തും പൂവാരാധനയും.
◾13-02-2024 ( ചൊവ്വ )
രാവിലെ 6:30 ന് : പുള്ളിക്കരിങ്കാളി തിരുമുടി
10 മണിക്ക് : പുല്ലൂർ കാളി
11 മണിക്ക് : പുലിക്കണ്ണൻ
11:30 ന് : പ്രസാദ സദ്യ
2:30ന് : പുല്ലൂർ കണ്ണൻ തിരുമുടി
3 മണിക്ക് : ചൊല്ലി കീക്കൽ ചടങ്ങ്
◾14 -02-2024 ( ബുധൻ )
രാവിലെ 6:30ന് : എംബ്രാന്റെ കലശം
രാവിലെ 9:30ന് : പുലി മുത്തപ്പൻ - പുലി മുത്താച്ചിയുടെ തിരുമുടി
11:30 ന് : പ്രസാദ സദ്യ
◾15 -02-2024 ( വ്യാഴം )
പുലർച്ചെ മൂന്നിന് വന്ന് തറമ്മൽ അടിയന്തിരം
നാലിന് കല്ലിൽ പടിഞ്ഞാറ്റയിൽ എഴുന്നള്ളി മുടിയഴിക്കലോടെ ഉത്സവം സമാപിക്കും.

Location