Kavu Details

Kannur Kannapuram Chunda Sree Kuruvakkavu Bhagavathi Kshetram

Theyyam on Dhanu 15-16 (December 31-January 01)

Description

സീതാ- ലവ -കുശ ക്ഷേത്രം

നമ്മുടെ കൊച്ചു കേരളത്തിൽ ശ്രീരാമ - ഹനുമാൻ സ്വാമി ക്ഷേത്രങ്ങൾ ധാരാളമുണ്ട്.  ശ്രീരാമനും സോദരരും പ്രത്യേകം പ്രത്യേകം വാഴുന്ന നാലമ്പലങ്ങൾ എന്നു പറയുന്ന ക്ഷേത്രങ്ങളും കേരളത്തിൻ്റെ തെക്കുവടക്കായി പലയിടത്തായി ഉണ്ട്.   എന്നാൽ സീതാ- ലവ -കുശ ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണെന്ന് തന്നെ കാണാം.  അതിലൊന്ന് ഏറെ പ്രസിദ്ധമായിട്ടുള്ള വയനാട്ടിലെ പുൽപ്പള്ളിയിലുള്ള സീതാ - ലവ - കുശ ക്ഷേത്രമാണ് 
 
എന്നാൽ പുറം ലോകത്തേക്ക് അത്രയൊന്നും പ്രശസ്തമല്ലാത്ത അത്യപൂർവ്വമായ ഒരു സീതാ-ലവ-കുശക്ഷേത്രം നമ്മുടെ കൊച്ചു കേരളത്തിൻ്റെ വടക്ക് കണ്ണൂർ ജില്ലയിലുണ്ട്

അന്നം വിളയുന്ന വിശാല വയലേലകൾക്ക് നടുവിൽ ഒരു കൈയ്യിൽ കോരികയും മറുകൈയ്യിൽ ചട്ടുകവുമായി അത്താഴ പട്ടിണിക്കാരുണ്ടോയെന്ന് എന്നും വിളിച്ചു ചോദിക്കുന്ന സാക്ഷാൽ അന്നപൂർണ്ണേശ്വരി വാഴുന്ന ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് ചുണ്ട എന്ന സ്ഥലത്താണ് ഈ മഹനീയമായ സീതാദേവി - ലവ -കുശ' ക്ഷേത്രമുള്ളത്.  ശ്രീ കുറവക്കാവ് എന്ന പേരിലാണ് ഈ ക്ഷേത്രം പൊതുവെ അറിയപ്പെടുന്നത്.    അതുകൊണ്ട് തന്നെ സീതാദേവി ഇവിടെ നാട്ടുകാർക്കെല്ലാം കുറുവക്കാവിലമ്മയാണ് / കുറുവക്കാവ് ഭഗവതിയാണ് 

വാത്മീകി മഹർഷി രചിച്ച രാമായണം മറ്റുള്ളവർ കേൾക്കെ പരസ്യമായി ആദ്യമായി പാടിയത് ശ്രീരാമ മക്കളായ ലവ -കുശന്മാരായിരുന്നുവത്രെ    അവരെ അതിന് നിയോഗിച്ചതും മഹർഷി തന്നെയാണ്.   ആദ്യമായി പാടിയതൊ, ഒരു കർക്കടക ത്തിലുമായിരുന്നുവത്രെ.

ആ ആദ്യ കാവ്യം മണ്ണിൻ്റെ മക്കൾ മനുഷ്യർ തലമുറകൾ തോറും പരമ്പരാഗതമായി ഇന്നും പാടിക്കൊണ്ടിരിക്കുന്നു. ആ ഒരു സ്മരണ കൂടി പുതുക്കുന്ന ഈ കർക്കടക മാസത്തിൽ / രാമായണമാസത്തിൽ സാദ്ധ്യമാകുമെങ്കിൽ ദർശനം നടത്തേണ്ടുന്ന അതിപുരാധനമായ ഒരു ദേവി ക്ഷേത്രമാണ്  ശ്രീ  കുറുവക്കാവ് ഭഗവതി ക്ഷേത്രം (സീതാദേവി - ലവ -കുശ ക്ഷേത്രം).

1500 വർഷത്തിനുമേൽ പഴക്കം കണക്കാക്കുന്ന ഈ പുണ്യപുരാതന മഹാ ക്ഷേത്രത്തിൽ സീതാദേവിയും ലവ - കുശൻമാരും ആണ് പ്രധാന പ്രതിഷ്ഠയായുള്ളത്.

കേരളത്തിലെ ആദിമ - മൂഷിക  രാജവംശത്തിലെ  മഹാരാജവായ  ഉദയവർമ്മ തമ്പുരാൻെറ കാലത്താണ് ഈ ക്ഷേത്രം പുതുക്കി പണിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ കാവുമായി ബന്ധപ്പെട്ട് പ്രാചീന വട്ടെഴുത്ത് ലിഖിതം / ചരിത്രരേഖ തന്നെ കണ്ടെത്തുക യുണ്ടായിട്ടുണ്ട്. ചരിത്രകാരന്മാർ കുറവ ശാസനം എന്ന് വിവക്ഷിക്കുന്ന ഈ രേഖയിൽ നാടുവാഴുന്ന  ഉദയവർമ്മനെന്ന കോലത്തു രാജയുമായും ക്ഷേത്ര നടത്തിപ്പുകാരായ നമ്പ്യാർ സമുദായമായും ഉള്ള ക്ഷേത്രത്തിൻ്റെ ബന്ധം കൃത്യമായി വെളിവാക്കപ്പെടുന്നുണ്ട്. നമ്പ്യാർ സമുദായക്കാർക്കാണ് ഈ ക്ഷേത്രത്തിൻ്റെ ഊരായ്മ കല്പിച്ചു കൊടുത്തിട്ടുള്ളത്.

വയനാടുമായി ബന്ധപ്പെട്ട് മറ്റു സൂചനകളും ഈ ക്ഷേത്രനാമങ്ങളിൽ നിന്നും മറ്റും മനസ്സിലാക്കാനാവുന്നു. വയനാട്ടിലെ കുറുവ ദ്വീപുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന് കുറുവക്കാവെന്ന് പേര് വന്നിട്ടുണ്ടാകുക യെന്നും വിശ്വസിച്ചു പോരുന്നു.

'പുൽപ്പള്ളിയിലെ സീതാ- ലവ -കുശ ക്ഷേത്രത്തിൽ വെൺമുരിക്കൻ -കരിമുരുക്കൻ എന്നീ പേരുകളിൽ ലവ -കുശന്മാരെ തെയ്യം കെട്ടി ആരാധിക്കുന്ന രീതി പോലെ ഇവിടെ ഈ കുറവക്കാവിലും വർഷംതോറും തെയ്യം കെട്ടി ആടിക്കൽ / കളിയാട്ടം നടത്തപ്പെടുന്നുണ്ട്

പുൽപ്പള്ളിയിലെ സീതാദേവിയായ ചേടാറ്റിലമ്മ എന്നു പറയുന്ന അമ്മ തന്നെയാണ് കുറവക്കാവ്' ഭഗവതിയായി ഇവിടെയും കുടികൊള്ളുന്നത്.

കുറുവക്കാവുമായി ബന്ധപ്പെട്ട് രണ്ടേക്രയോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഇവിടുത്തെ വള്ളിക്കെട്ട് / നാഗക്കാവ്  (വിശുദ്ധവനം) വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ സസ്യലതാതികളുള്ള ഒരു കൊച്ചുവനമാണ്. രാമായണത്തിൽ പറയുന്ന മാവ് ,പ്ലാവ് ഉൾപ്പെടെയുള്ള ഫലമൂലാദികൾ വിളയുന്ന വൃക്ഷങ്ങളുള്ള പഞ്ചവടി പോലെ കുറുവക്കാവും പരിസരവും ഇന്നും നാട്ടുമാവുകളുടെ / കാട്ടുമാവു കളുടെ നിരവധി ഇനങ്ങളുള്ള ഒരു പ്രത്യേക പ്രദേശവുമാണെന്ന് കാണാം. നാട്ടുമാവുകളുടെ പൈതൃക ഗ്രാമമായി ഈ പ്രദേശം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്.

വിശ്വാസവും ചരിത്രവും വിളിച്ചോതുന്ന ഒരു ദിവ്യ സന്നിധിയായി ആരാധ്യ കേന്ദ്രമായി ശ്രീ കുറുവക്കാവ് ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്നു.

കണ്ണൂർ  ജില്ലയിൽ കണ്ണപുരം  ഗ്രാമപഞ്ചായത്തിൽ ചുണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  അതിപുരാതനമായ ഈ ക്ഷേത്രത്തിൻെറ ആരൂഢസ്ഥാനമായി അറിയപ്പെടുന്നതോ മേൽപ്പറഞ്ഞ ഏറെ  പ്രസിദ്ധമായ വയനാട് ജില്ലയിലെ  പുൽപ്പളളി സീതാദേവി ക്ഷേത്ര (ചേടാററിൻ  കാവ്) വുമാണെന്നത് മറ്റൊരു സവിശേഷമായ പ്രത്യേകത തന്നെ.

ഈ ദേവിക്ഷേത്രത്തിൻ്റെ ഭരണപരമായ ചുമതല ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കിഴിലാണ്.

ഈ അടുത്ത കാലത്താണ് ക്ഷേത്രം നവീകരിച്ച് പുനപ്രതിഷ്ഠ നടത്തിയത്.  ലവകുശൻമാരെ തെയ്യമായി കെട്ടി ആടിക്കുന്ന അപൂർവ ക്ഷേത്രവുമാണിത്.

ക്ഷേത്രത്തിലെ പൂജാസമയം  രാവിലെ 6-30 മതൽ 9 മണിവരെയും വൈകുനേരം 6 മണിമുതൽ 8 മണിവരെയുമാണ്.

ക്ഷേത്രത്തിൻ്റെ ഭരണചുമതല മലബാർ ദേവസ്വം ബോർഡിനാണെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട് കുറുവക്കാവ് സേവാ സമിതി എന്ന പേരിൽ ഒരു സമിതിയും സഹായത്തിനായി ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. 

Location