കോലത്തിരി രാജാവിന്‍ മുന്നില്‍ ഒന്നൂറെ നാല്പത് (39) തെയ്യങ്ങള്‍ ഒറ്റ രാത്രിയില്‍ അവതരിപ്പിച്ച മഹാ മാന്ത്രികനാണ് കരിവെള്ളൂര്‍ മണക്കാട് ഗുരുക്കള്‍. തെയ്യങ്ങളുടെ ആചാര്യനെന്ന് വിശ്വസിക്കുന്ന മണക്കാടന്‍ ഗുരുക്കളുടെ ജന്മനാട്ടില്‍ 15 മണിക്കൂറിനുള്ളില്‍ 26 തെയ്യങ്ങള്‍ അരങ്ങിലെത്തുന്നു. കരിവെള്ളൂര്‍ നിടുവപ്പുറം പറ്റ്വ തറവാട്ടില്‍ മേയ് ആറ്്, ഏഴ് തീയതികളില്‍ നടക്കുന്ന കളിയാട്ടത്തിലാണ് 26 തെയ്യങ്ങള്‍ അനുഗ്രഹിക്കാനെത്തുന്നത്. ഇവയില്‍ ഭൂരിഭാഗവും അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം കെട്ടിയാടുന്നവയാണ്. ഒരു തറവാട്ട് ക്ഷേത്രത്തില്‍ ഇത്രയധികം തെയ്യങ്ങള്‍ ഒരുദിവസം കെട്ടിയാടുന്നതും അപൂര്‍വക്കാഴ്ചയാണ്.
അഞ്ചുവര്‍ഷത്തിനുശേഷമാണ് തറവാട്ടില്‍ കളിയാട്ടം നടക്കുന്നത്. മേയ് ആറിന് ഉച്ചയ്ക്ക് 3.30-നാണ് തറവാട്ടില്‍ കളിയാട്ടം തുടങ്ങുക. രാത്രി 12 മണി വരെ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങള്‍. 12 മണിക്ക് ഗുരുദൈവം. ഏഴിന് പുലര്‍ച്ചെ 5.30 വരെ അയ്യന്‍പരവ, കറുത്തഭൂതം, വണ്ണാത്തി ഭഗവതി, മോന്തിക്കോലം, പൊട്ടന്‍ ദൈവം, ആനാടി ഭഗവതി, കുറത്തിയമ്മ, ഉച്ചിട്ട ഭഗവതി, വൈരജാതന്‍, അഗ്നിഘണ്ഠാകര്‍ണന്‍, കമ്മിഅമ്മ, പുതിയ ഭഗവതി, പടവീരന്‍ എന്നീ തെയ്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഭക്തരെ അനുഗ്രഹിക്കാനെത്തും. ഏഴിന് രാവിലെ എട്ടുമണിമുതല്‍ രക്തചാമുണ്ഡി, കേളന്‍കുളങ്ങര ഭഗവതി, പരാളി അമ്മ, താന്നിച്ചാല്‍ ഭഗവതി, കുണ്ടോര്‍ ചാമുണ്ഡി, വേട്ടയ്‌ക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, മടയില്‍ ചാമുണ്ഡി എന്നിവ അരങ്ങിലെത്തും. 2.30-ന് പടിഞ്ഞാറ്റയില്‍ ഭഗവതിയുടെ പുറപ്പാട്. തീപ്പന്തങ്ങള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന പുതിയ ഭഗവതിയും കെട്ടിയാടുന്നുവെന്ന പ്രത്യേകതയും പറ്റ്വ തറവാടിനുണ്ട്. രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയത്തിനുള്ളില്‍ ഇത്രയധികം തെയ്യങ്ങളെ ഒരുമിച്ചുകാണാനുള്ള അപൂര്‍വ അവസരത്തിനായി കാത്തിരിക്കുകയാണ് കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍.