കുടുവക്കുളങ്ങര കാവും ആരാധനാമൂർത്തികളും :
നൂറ്റാണ്ടുകൾക്ക് മുൻപ് പുത്തൂർ ദേശത്ത് എത്തിച്ചേർന്ന അടിയോടി തറവാട്ടുകാർ ക്രടത്തനാട്ടു നിന്നും എത്തിച്ചേർന്നവർ എന്നാണ് പറയപ്പെടുന്നത് ' അക്കാലത്തു പല വിധ കാരണക്കളാൽ പുതിയ പുതിയ ദേശങ്ങളിലേക്ക് ഉള്ള കുടിയേറ്റം വ്യാപകമായിരുന്നു. മരുമക്കത്തായ സമ്പ്രദായം ആയിരുന്ന തിനാൽ കാരണവൻമാർ സഹോദരിമാരുടെയും മരുമക്കളുടെയും കൂടെ കൂട്ടുകൂടുംബമായാണ് താമസം. പുതിയ ഊരുകളിൽ എത്തിച്ചേർന്നാൽ തറവാട് വീട് ഉണ്ടാക്കി വാസം തുടങ്ങും. സാമ്പത്തിക ജാതീയ ഔന്നത്യത്തിനു അനുസരിച്ച് കൃഷിയിടങ്ങളും പറമ്പുകളും സ്വന്തമാക്കും' സന്തതി പരമ്പരകൾ വർദ്ധിക്കുമ്പോൾ അനേകം താവഴികളായി പുതിയ വീടുകൾ ഉണ്ടാക്കി താമസം മാറും. ആരൂഡ സ്ഥാനമായി പ്രധാന തറവാട് നിലകൊള്ളും. തങ്ങളുടെ കുലദൈവ ങ്ങളെയും നാട്ടു ദൈവങ്ങളെയും കുടിയിരുത്തി ആരാധിക്കും (കൊട്ടിലകങ്ങളിൽ മണിത്തൂണിലും, 'പ്രത്യേക സ്ഥാനങ്ങളിൽ പള്ളിയറ കെട്ടി അവിടെയും ,വൻ വൃക്ഷങ്ങൾക്ക് തറ കെട്ടി സ്ഥാനങ്ങൾ ഉണ്ടാക്കിയും) ' നാട്ടുനടപ്പനുസരിച്ചുള്ള ആരാധനാക്രമങ്ങൾ നിശ്ചയിക്കും' എല്ലാ ജാതി വിഭാഗങ്ങളിലും ഇത്തരം കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻപ് പറഞ്ഞ പോലെ പുത്തൂരിൽ എല്ലാ തറവാടുകളും ഇത് പോലെ അന്യ ദേശങ്ങളിൽ നിന്നും എത്തിച്ചേർന്നവർ ഉണ്ടാക്കിയതാണ്. പുത്തൂർ ദേവസ്വം ഭൂമി പുത്തുർ ദേശത്ത് ശിവ ക്ഷേത്രപരിസരത്ത് മാത്രമാണ് ' അതായത് രാമൻചിറക്ക് മുകളിൽ കടവ് പുഴക്ക് താഴെ. അതിനു തെക്കുഭാഗത്തും പടിഞ്ഞാറെ കരയിലെ പല ഭാഗങ്ങളും ചിറക്കൽ രാജാവിൻ്റെ ഹിതക്കാരായ താഴക്കാട്ടുമനയുടെ അധീനതയിൽ ആയിരുന്നു' സാമന്ത വിഭാഗത്തിൽ പെട്ട പ്രഭു കുടുംബങ്ങളുമായി വിവാഹ ബന്ധം അടിയോടി തറവാട്ടുകാർക്ക് ഉണ്ടായിരുന്നു' പുത്തൂർ ദേശത്ത് വലിയ ഒരു ഭൂസ്വത്തിൻ്റെ ഉടമകൾ ആയി അടിയോടി തറവാട്ടു കാർ മാറി. ക്ഷേത്രപാലക ക്ഷേത്രം, അടിയോടിത്തറവാട് ' കുടുവക്കുളങ്ങരക്കാവും പള്ളിയറയും ഈ ദേവസ്ഥാനങ്ങളുടെ സംരക്ഷണം പുത്തൂർ അടിയോടിമാരിൽ നിക്ഷിപ്തമായിരിക്കുന്നു
കുടുവക്കുളങ്ങര ഭഗവതി:
തിരുവർക്കാട് ഭഗവതിയായ കോലസ്വരൂപത്തിങ്കൽ തായിയുടെ സ്വരൂപമാണ് കുടുവക്കുളങ്ങര ഭഗവതി . മാടായിക്കാവിൽ ദർശനം കഴിഞ്ഞു തിരിച്ചെത്തിയ മൂത്ത അടിയോടി തറവാട്ടിലെത്തും മുൻപ് കുളിക്കാനായി വൃക്ഷ നിബിഡമായ വനപ്രദേശത്തിനു അടുത്തായുള്ള കുടുസ്സായ വട്ടക്കുളത്തിൽ ഇറങ്ങി. ഈ കുളത്തിന് ഇറങ്ങാനായി വാലു പോലുള്ള ഭാഗം ഉള്ളത് കൊണ്ട് കുടുവാൽക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്. കുളത്തിൽ മുങ്ങി നിവർന്ന അദ്ദേഹം കു ള ക്കരയിൽ ചൈതന്യ സ്വരൂപിണിയായ മാതാവിനെ ദർശിച്ചു. കുടു വാൽക്കുളങ്ങരയിൽ ദർശിച്ചതിനാൽ കുടു വാൽക്കുളങ്ങര ഭഗവതി എന്ന പേരിൽ പ്രതിഷ്ഠിച്ചാരാധിച്ചു. നീളൻ മുടിയും മുഖത്തെഴുത്തും ഉടുത്തുകെട്ടും പക്ക പാമ്പും കൈയിൽ നാന്ദ കവും ഇടത്തും ആയി കുടുവക്കുളങ്ങര ഭഗവതി അവതരിച്ചു.
നരമ്പിൽ ഭഗവതി: ഭഗവതിയുടെ അവതാരകഥ, മുച്ചിലോട് ഭഗവതിയുടെയും മാക്കപ്പോതിയുടെയും കഥ പോലെ അപമാനിതയായ സ്ത്രീയുടെ നിരാശ്രയത്വവും സങ്കടവും പ്രതികാരവും നിറഞ്ഞ കഥയാണ്.
രാജസഭയിൽ അപമാനിതയായ പാഞ്ചാലിയുടെ പ്രതികാരത്തിൽ നിന്നാണല്ലോ മഹാഭാരത യുദ്ധം പോലും നടന്നത്.
ദേശത്തിൻ്റെ ദേവതയായ രയരമംഗലത്ത് ദേവിയുടെ ഉപാസകനായ രയരമംഗലത്തെ കേണോത്ത് ദേ ർ മ്മൻ അടിയോടിയുടെ ധർമ്മപത്നിയായിരുന്നു പാടിച്ചാൽ നരമ്പി'' ൽ തറവാട്ടിലെ കുമ്പ എന്ന കൂലീനയായ സ്ത്രീരത്നം .കർഷകനും ഇട ജന്മിയുമായിരുന്ന ഇദ്ദേഹം ദയാലുവും പരോപകാരിയുമായിരുന്നു. പ്രകൃതിക്ഷോഭത്താൽ ഉണ്ടായ കൃഷി നാശത്താലും ദീനദയാലു ആയത് കൊണ്ടും അദ്ദേഹം വലിയ കടക്കാരനായി മാറി. വട്ടിപ്പലിശക്കാരനായ ഒരു പട്ടരോട് വാങ്ങിയ കടം പലിശയടക്കം ആവശ്യപ്പെട്ടു കൊണ്ട് അയാൾ തറവാട്ടിൽ കയറി വന്നു. ദേ ർ മ്മൻ കാരണവരെ വാക്കുകളാൽ അപമാനിച്ചു . അയാളുടെ കണ്ണുകൾ സുന്ദരിയായ കുമ്പയി'ൽ പതിഞ്ഞു '
പണം തരുന്നില്ലെങ്കിൽ കുമ്പയെ തരണം എന്നു അയാൾ പറഞ്ഞപ്പോൾ അപമാനഭാരത്താൽ ഞെട്ടിത്തരിച്ച പോയി. ഭർത്താവിൻ്റെ പൗരുഷം നിറഞ്ഞ മറുപടി പ്രതീക്ഷിച്ചു ഒന്നും ഉണ്ടായില്ല. ഇനി ഇവിടെ പൊറുതിയില്ലാ എന്നു പറഞ്ഞ് ധർമ്മദൈവങ്ങളെ വിളിച്ച് കൊണ്ട് പാടിച്ചാലിലുള്ള സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചു. അനുനയ വാക്കുകൾ കൊണ്ട് യാത്ര മുടക്കാൻ കാരണവർ ശ്രമിച്ചെങ്കിലും അവർ നിന്നില്ല. അവരുടെ കൂടെ അദ്ദേഹവും യാത്ര തിരിച്ചു' മിണ്ടാട്ടമില്ലാതെ മുന്നിൽ നടക്കുന്ന പ്രിയ പത്നിയെ അനുഗമിച്ച് നാട്ടു വഴികളിലൂടെ കുന്നും വയലും കടന്ന് നരമ്പിൽ തറവാട്ടിൽ എത്തി. ആൺതരിയില്ലാത്ത തറവാട്ടിൽ ആരെയേൽപ്പിച്ചു മടങ്ങും എന്ന് ആലോചിച്ച് വിഷണ്ണനായ അദ്ദേഹം നിറഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷിയാക്കി കുലദേവത കുടി കൊള്ളുന്ന മണിത്തൂണിനെ ഏൽപ്പിച്ചു സംബന്ധം ഒഴിയുന്നു എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നു '(അക്കാലത്തു സ്ത്രീ ഒരാളെ വേണ്ട എന്നു പറഞ്ഞാൽ പുരുഷൻ സംബന്ധം ഒഴിയണം എന്നാണ് നാട്ടുനടപ്പ്).
എല്ലാം പരംപൊരുളായ കുല പരദേവതയിൽ സമർപ്പിച്ച് പടിഞ്ഞാറ്റയിൽ കയറി കതകടച്ച് മണിത്തൂണിൽ ചാരി ഇരുന്ന് തന്നെ കയ്യേൽക്കണമെന്ന് കുലദൈവത്തോട് പ്രാർത്ഥിച്ചു ജല പാനമില്ലതെ കഴിഞ്ഞു 40 രാവുകൾക്ക് ശേഷം പാതിരാവിൽ കുമ്പയുടെ ഹൃദയമിടിപ്പ് നിലച്ചു. അവരുടെ ആത്മാവ് രൗദ്രദേവതയായി ജന്മമെടുത്തു പ്രതികാര ദുർഗ്ഗയായി ഉഗ്രസ്വരൂപിണിയായ നരമ്പിൽ ഭഗവതിയായി ദേർ മൻ അടിയോടിയുടെ വംശനാശം ചെയ്യാൻ പുറപ്പെട്ടു. പുത്തൂരിലെ ക്ഷേത്രപാലക ക്ഷേത്രപരിസരത്തുള്ള ചെമ്പകത്തറയിൽ ക്ഷേത്രപാല നീശ്വരനും കാളരാത്രിയമ്മയും കുടുവക്കുളങ്ങര ഭഗവതിയും വട്ടമിട്ടിരിക്കുമ്പോൾ രാമൻചിറ വക്കിലൂടെ അത്ഭുതതേജസ്സ് ഒഴുകി വരുന്നത് കണ്ടപ്പോൾ സംഹാരരുദ്രയായി വരുന്ന ഭഗവതിയെ അനുനയിപ്പിച്ചില്ലെങ്കിൽ തങ്ങളുടെ ഭക്തരുടെ പാ നാശം ഉണ്ടാകുമെന്നറിഞ്ഞ് മൂവരും കൂടി അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. ദേവിയുടെ വരവറിഞ്ഞ രയരമംഗലത്തമ്മ തൻ്റെ സഖിയായ മുച്ചിലോട്ട് ഭഗവതിയെ ഉഗ്രമൂർത്തിയെ ശാന്തയാക്കാൻ അയച്ചു ഒടുവിൽ .ശാന്തയായ ദേവിയെ കുടുവക്കുളങ്ങര ഭഗവതിയുടെ വലതുഭാഗത്തായി കുടിയിരുത്തി ആരാധിക്കാമെന്നും പ്രായശ്ചിത്ത കർമങ്ങൾ അനുഷ്ടിച്ച് പൂജിച്ചു. മുച്ചിലോട്ട് കാവുകളിലും നരമ്പിൽ ഭഗവതിക്കു ^ സ്ഥാനം നൽകി. അഭീഷ്ട വരദായിനിയായും രക്ഷകയായും അനേകം കാവുകളിൽ ഭഗവതി കുടി കൊള്ളുന്നു .മുച്ചിലോട്ട് കാവുകളിൽ നരമ്പിൽ ഭാഗവതിക്കു സ്ഥാനം ലഭിച്ചതിന്റെ പുരാവൃത്തം മേൽ പറഞ്ഞ കാര്യം ആണ് എന്നാണ് പറയപ്പെടുന്നത്....
പല പല പുസ്തകങ്ങളിൽ നിന്നും സ്മരണിക ക ളിൽ നിന്നും ഒക്കെ ലഭിച്ച അറിവുകളിൽ നിന്നാണ് ഈ കുറിപ്പുകൾ എഴുതാനുള്ള സാഹസം കാട്ടുന്നത്. തെറ്റുകുറ്റങ്ങൾ സാദരം ക്ഷമിക്കുക .
Source: ജയനാരായണൻ കെ വി, പുത്തൂർ