വിഷ്ണുമൂർത്തിയും കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോടും
17 നാട്ടിൽ 18 മുച്ചിലോടുകൾ എന്നാണ് പൊതുവെ മുച്ചിലോടുകളെക്കുറിച്ച് പറഞ്ഞു വരുന്നത്. ഇതിൽ ഒരേ നാട്ടിൽ വരുന്ന 2 മുച്ചിലോടുകളായി വളപട്ടണം പുഴക്ക് വടക്കുള്ളവർ കണക്കാക്കിയിരുന്നത് കോക്കാട് മുച്ചിലോടിനെയും കുഞ്ഞിമംഗലം മുച്ചിലോടിനെയുമാണ്. ഇന്ന് കോക്കാട് മുച്ചിലോട്ട് ചെറുതാഴം പഞ്ചായത്തിലും പുറത്തെരുവത്ത് മുച്ചിലോട് കുഞ്ഞിമംഗലം പഞ്ചായത്തിലുമാണെങ്കിലും ക്ഷേത്ര നിർമ്മാണ സമയത്ത് ഈ രണ്ടു പഞ്ചായത്തുകളും ഒരു നാടായിരുന്നുവത്രെ. അങ്ങിനെയാണ് ഈ പ്രയോഗം വന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ചടങ്ങുകളിൽ ഏറെ സവിശേഷതകൾ പ്രകടമാകുന്ന കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ടുമായി ബന്ധപ്പെട്ട കൗതുകകരമായ മറ്റൊരു വസ്തുതയാണ് വിഷ്ണു മൂർത്തിയുടെ സാന്നിദ്ധ്യം ഇല്ല എന്നുള്ളത്. ഒരു പക്ഷെ വിഷ്ണു മൂർത്തി ഇല്ലാത്ത ഒരേ ഒരു മുച്ചിലോട് കൂടിയാവും കുഞ്ഞിമംഗലത്തേത്. ഈ സവിശേഷതക്ക് പിന്നിലെ കഥ ഇപ്രകാരമാണ്.. കുഞ്ഞിമംഗലം മുച്ചിലോട്ട് വരുന്നതിന് മുമ്പ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുഖ ദർശനത്തിനായി കുഞ്ഞിമംഗലത്തുകാരും എത്തിയിരുന്നത് കോക്കാട് മുച്ചിലോടായിരുന്നു. അങ്ങനയിരിക്കെ കുഞ്ഞിമംഗലത്തെ പ്രമുഖ നായർ തറവാട്ടിലെ സ്ത്രീകൾ പെരുങ്കളിയാട്ടം കാണാൻ കോക്കാട് മുച്ചിലോടെത്തി. എന്നാൽ അവിടെ തങ്ങൾക്ക് വേണ്ട വിധത്തിൽ ആഥിത്യ മര്യാദ ലഭിച്ചില്ലെന്ന പരിഭവവുമായി സ്ത്രീ ജനങ്ങൾ മടങ്ങി. യാത്രാമധ്യേ മുറുക്കുന്നതിനായി ചാണത്തലയൻ തറവാട്ടു കാരണവർ നടത്തിപ്പോന്നിരുന്ന കടയിൽ കയറി വിശ്രമിച്ചു. താംബൂലത്തിന് ശേഷം തിരിച്ചിറങ്ങവേ, താഴെ വച്ച വെള്ളോലക്കുട തിരിച്ചെടുക്കാനായില്ല.
പ്രശ്ന ചിന്ത നടത്തി ദേവിയുടെ ആഗമനം തിരിച്ചറിഞ്ഞ് ചാണത്തലയൻ തറവാട്ട് കാരണവരുടെ സഹകരണത്തോടെ ആദ്യ പെരുങ്കളിയാട്ടം നടത്തിയെന്നും പറയുന്നു. എന്നാൽ കോക്കാട് നിന്നും തമ്പുരാട്ടിയും പരിവാരങ്ങളും എഴുന്നള്ളിയപ്പോൾ അവിടെ നിന്നും വിഷ്ണു മൂർത്തിയും കോലസ്വരൂപത്തിങ്കൽ തായിയും സാന്നിദ്ധ്യമറിയിച്ചില്ല. അതുകൊണ്ട് മറ്റു മുച്ചിലോടുകളിൽ നിന്ന് വിഭിന്നമായി ഈ രണ്ട് തെയ്യങ്ങൾക്കും പുറത്തെരുവത്ത് മുച്ചിലോട് കെട്ടിക്കോലവുമില്ല. ആദ്യ പ്രശ്ന ചിന്തയിൽ തന്നെ ഈ രണ്ടു ദേവചൈതന്യങ്ങളും വൈകാതെ സാന്നിദ്ധ്യമറിയിക്കുമെന്ന് തെളിഞ്ഞെങ്കിലും വർഷങ്ങൾക്കിപ്പുറവും ആഗമനമുണ്ടായിട്ടില്ല. എന്നാൽപ്പോലും ഇന്നും പുറത്തെരുവത്ത് മുച്ചിലോട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ദേവ സാന്നിദ്ധ്യത്തിനായി.
(അശ്വിൻ ശ്രീധരൻ)