വീര ചാമുണ്ഡേശ്വരി ക്ഷേത്രം
കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് വീര ചാമുണ്ഡേശ്വരി ദേവസ്ഥാനം. ഏഴിമലയുടെ അടിവാരത്ത് പച്ച വിരിപ്പിട്ട നാടിനധിപതിയായി വാഴും വീര ചാമുണ്ഡിയുടെ പെരുമ കോലത്തിരിയെ വിറപ്പിച്ച വീര ചരിത്രമാണ്.
കുഞ്ഞിമംഗലം ഇന്നൊരു ഗ്രാമമാണ് എങ്കിലും കുഞ്ഞിമോലം എന്നത് ലോപിച്ചാണ് കുഞ്ഞിമംഗലം ആയത്. കുഞ്ഞിമോലം എന്നത് ഒരു ഇല്ലമായിരുന്നു. ചിറക്കൽ തമ്പുരാന്റെ ഭരണകാലത്ത് കുഞ്ഞിമോലോത്തെ പടയാളികളായ വീരന്മാരെ തമ്പുരാന്റെ പടയാളികൾ യുദ്ധത്തിൽ കീഴടക്കുകയും ചിറക്കൽ തമ്പുരാൻ കുഞ്ഞിമോലോം ഇല്ലം പിടിച്ചെടുക്കുകയും ചെയതു. ഇല്ലത്തുണ്ടായിരുന്ന അമ്മയും മകനും തമ്പുരാനിൽ നിന്ന് രക്ഷപെടാൻ സ്വയം തീകൊളുത്തി മരണപ്പെടുകയും ആ തീയിൽ നിന്ന് അമ്മ ശ്രീപാർവ്വതിയും ദൈവം വേട്ടക്കൊരു മകനും കോപത്തോടെ ഉയർന്ന് വന്ന് ചിറക്കൽ തമ്പുരാനെ വധിക്കാൻ കോവിലകത്തേക്ക് തിരിച്ചു. വഴിയിൽ വച്ച് മാടായിക്കാവിൽ ഭഗവതി അവരെ തടയുകയും സമാധാനിപ്പിക്കുകയും ചിറക്കൽ കോവിലകത്ത് ചില ദുർനിമിത്തങ്ങൾ കാട്ടികൊടുത്ത് ചിറക്കൽ തമ്പുരാൻ ഇത് വീര ചാമുണ്ഡിയുടെ കോപം ആണെന്നും കോപം തണുപ്പിക്കാൻ ദേവിക്ക് ക്ഷേത്രം പണിയണം എന്നും ഉത്സവാദികർമ്മങ്ങൾ കല്പിച്ചു കൊടുക്കണമെന്നും പ്രശന ചിന്തയിൽ കണ്ടത് പോലേ ചിറക്കൽ തമ്പുരാൻ ദേവിക്ക് കുഞ്ഞിമംഗലം ദേശത്ത് ക്ഷേത്രം പണിതു ചുറ്റമ്പലത്തിന് പുറത്ത് മകൻ വേട്ടക്കൊരു മകനും സ്ഥാനം ഒരുക്കി.
പടിഞ്ഞാറ് പുതിയ പുഴക്കര മുതൽ, തെക്ക് തെക്കേവയൽ വരെയും വടക്ക് പെരുമ്പുഴ വരെയും കിഴക്ക് ആണ്ടാം കൊവ്വൽ വരെയും. പിന്നീടങ്ങോട്ട് തൃപ്പാണിക്കര അപ്പന്റെയും വീരചാമുണ്ഡിയുടെയും അധീനതയിലുള്ള നാടാണ് കുഞിമംഗലം.
“കുഞ്ഞിമംഗലത്തെ പുരത്തിന് പോകല്ലേ കാമാ നേരത്തെ കാലത്തെ വരണേ കാമാ ”
കുഞ്ഞിമംഗലത്തിന്റെ പ്രത്യേകതയാണിത്. അണിക്കര പൂമാലക്കാവിൽ പുരക്കളിയും കഴകം കയറലും കൊഴുക്കുംമ്പോൾ വീര ചാമുണ്ഡിയുടെ തിരുനടയിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയാൽ ഗജവീരൻ വീര ചാമുണ്ഡിയുടെ തിടമ്പേറ്റി നിൽ്ക്കുന്നതും പ്രത്യേക കാണേണ്ട കൗതുക കാഴ്ച തന്നെയാണ്. പൂരംകുളി നാളിൽ ഗജവീരന്റെ ശിരസ്സിൽ ദേവിയുടെ തിടമ്പേറ്റി ഗ്രാമത്തിലൂടെ തൃപ്പാണിക്കര അപ്പന്റെ അടുത്ത് പോകുന്ന കാഴ്ച ഒന്ന് വേറെ തന്നെയാണ്. ഗ്രാമവാസികൾ ഗജവീരന് പഴ വർഗ്ഗങ്ങൾ കൊടുക്കുന്ന കാഴ്ചയും മധുരമായ സുകൃതമാണ്. മാടായി കാവിലും കുഞ്ഞിമംഗലം ദേശത്തും മറ്റ് പല സ്ഥലങ്ങളിലും വീര ചാമുണ്ഡിക്ക് സ്ഥാനം ഉണ്ടെങ്കിലും ദേവിയെ കെട്ടിയാടിക്കാറില്ല.
കോലത്തുനാട്ടിലെ തെയ്യാട്ട കാലത്തിന് സമാപനം കുറിക്കുമ്പോൾ മാടായി കാവിലെ പെരും കലശം കഴിയുന്ന ദിവസം പാതി മുഖത്തെഴുത്തോട് കൂടി… രാമപുരം പുഴയും കടന്ന് [കോലക്കാരൻ വരുന്ന വിവരം അറിഞ് നാട്ടുകാർ തെയ്യത്തെ പിടിക്കാൻ കാത്ത് നിൽക്കും]. പാതി മുഖത്തെഴുത്തോട് കോലക്കാരൻ ക്ഷേത്രത്തിൽ എത്തുന്നതോട് കൂടി ക്ഷേത്രത്തിലെ കളിയാട്ടത്തിന് ആരംഭം കുറിക്കും.
വീരചാമുണ്ഡിയുടെ തിരുമുടി എടുക്കുന്നതോട് കൂടീ പയ്യന്നൂർ മാടായി പരിസരങ്ങളിലെ കാവുകളിലെയും പള്ളിയറകളിലെയും തെയ്യങ്ങൾ തുലാപത്തിനായി കാത്തിരിക്കും അതാ പതിവ്. വീര ചാമുണ്ഡിയുടെ കോലം ധരിക്കേണ്ടത് മാവില സമുദായത്തിലെ ഏഴിമല ചിങ്കം ആണ് ഇതിന് തെളിവാണ് കുഞ്ഞിമംഗ ലത്തെ ചില തറവാടുകളിലും ക്ഷേത്രങ്ങളിലും ഇന്നും അവർ തെയ്യം കെട്ടിയാടുന്നത്.
വീര ചാമുണ്ഡിയുടെ മതിൽ കെട്ടിന് പുറത്ത് ആലിൻ കോട്ടത്ത് വെച്ച് അഭിമാന്യ പ്രഭു വേട്ടക്കൊരു മകനെ കെട്ടിയാടിച്ചാൽ വീര ചാമുണ്ഡിയെ വന്ന് കണ്ട് വന്നിക്കുമ്പോൾ അമ്മേ എന്ന വിളി കേൾക്കേണ്ടതാണ്. നാടിൻ അഭിമാനദേവതയായി വാഴും വീര ചാമുണ്ഡിയെ വന്ദിച്ച് വേണം പൂമാലയെടുത്ത് മല്ലിയോട്ട് പാലോട്ട് കാവിലെ ക്ഷേത്രശന്മാരും അണിക്കര പുമാലക്കാവിലെ ക്ഷേത്രശന്മാരും ചാമുണ്ഡിയുടെ അനുഗ്രഹത്താൽ പൂമാല കാവിലേക്ക് മടങ്ങേണ്ടത്.