Kavu Details

Kannur Mathil Alappadamba Sree Deviyottu Kavu (Theyyottu Kavu)

Theyyam on Vrischikam 17-Dhanu 18 (December 03-Jannuary 03)

Description

ശ്രീ ദേവിയോട്ട് കാവ് (തെയ്യോട്ടു കാവ്)

കണ്ണൂർ കാസറഗോഡ് ജില്ലാ അതിർത്തിയിൽ പെരിങ്ങോമിനടുത്തുള്ള ആലപ്പടമ്പ് ഗ്രാമത്തിൽ ഒരു കുന്നിന്റെ ചെരുവിലാണ് തെയ്യോട്ടുകാവ് സ്ഥിതി ചെയുന്നത്. 35 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഒരു നിത്യഹരിത വനമാണ് തെയ്യോട്ടുകാവ്. ഗർഭഗൃഹമോ, വിഗ്രഹങ്ങളോ ഒന്നുമില്ലാത്ത ഈ കാവിനുള്ളിൽ കുറേ ഓട്ടുമണികൾ തറപ്പിച്ചു നിർത്തിയിരിക്കുന്നു. ഒരു തേക്കുകുറ്റി മാത്രമാണ് ദേവാരൂഢമെന്ന നിലയിൽ ഉള്ളത്.  വൃശ്ചികം 17ന് കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ദേവിയോട്ട്  (തെയ്യോട്ട്) കാവിൽ തെയ്യം തുടങ്ങുകയായി. അടുത്ത ഒരു മാസം മാസത്തോളം ഇവിടെ തെയ്യമുണ്ടാകും.

ആദ്യ ദിവസം തന്നെ തെയ്യം കാണാം എന്ന് വിചാരിച്ചു കാവിൽ എത്തിയപ്പോൾ, ഇന്നത്തെ തെയ്യം പുറത്തു നിന്നുള്ളവർക്ക് കാണാൻ പറ്റില്ല എന്നു പറഞ്ഞു. തെയ്യം കെട്ടുന്ന മാവിലാൻ സമുദായക്കാർക്ക് മാത്രമേ കാണാൻ പറ്റുകയുള്ളു.  തെയ്യം കെട്ടിനോട് അനുബന്ധിച്ചു വളരെ വ്യത്യസ്തമായ ആചാര അനുഷ്ട്ടാനങ്ങൾ പിൻതുടരുന്നു ഇവിടെ.    തെയ്യം നടക്കുന്ന കാവിൽ നിന്നും 2കി മി ദൂരെയാണ് ശരിക്കുമുള്ള തെയ്യോട്ടു കാവ്,  35 ഏക്കറോളം വിസ്തൃതിയിൽ  സ്ഥിതിചെയ്യുന്ന ഒരു നിത്യഹരിത വനത്തിൽ  ഗർഭഗൃഹമോ, വിഗ്രഹങ്ങളോ ഇല്ല.  കുറേ ഓട്ടുമണികൾ തറപ്പിച്ചു നിർത്തിയിരിക്കുന്നു ഒരു തേക്കുകുറ്റി മാത്രമാണ് ദേവാരൂഢമെന്ന നിലയിൽ ഉള്ളത്. ഇവിടെ തെയ്യം കെട്ടിയാടാറില്ല, പകരം തെയ്യം നടക്കുന്ന സമയത്ത് ദൈവം ഇവിടെ നിന്നും തെയ്യം നടക്കുന്ന കാവിലേക്ക് എഴുന്നള്ളുന്നു എന്നു വിശ്വാസം. 

ഉത്തരകേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ പയ്യന്നൂർ  ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ഈ കാവിനു സുദൃഢമായ ബന്ധമുണ്ട്. തെയ്യോട്ടുകാവിലെ പ്രധാന തെയ്യമായ "മുതലാളർ"തെയ്യം,   പയ്യന്നൂർ പെരുമാളായ സുബ്രമണ്യ സ്വാമിയുടെ പുത്രനാണെന്നാണ് സങ്കൽപ്പം.   പയ്യന്നൂർ  ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവം സമാപിച്ചതിനു ശേഷം അവിടെ നിന്നും ദീപയും തിരിയും കൊണ്ടുവരുന്നതോടെയാണ് ഈ കാവിൽ കളിയാട്ടം ആരംഭിക്കുന്നത്. കളിയാട്ട ദിവസങ്ങളിൽ മുതലാളർ തെയ്യമോ അല്ലെങ്കിൽ അങ്കം, നരി തുടങ്ങിയ തെയ്യങ്ങളും  ഉണ്ടാകും. കുത്തുവിളക്കും ചൂട്ടുകറ്റയും മാത്രമേ കളിയാട്ടകാലത്തു വെളിച്ചത്തിനായി ഉപയോഗിക്കാറുള്ളു.  കളിയാട്ടത്തിൻ്റെ   അവസാന നാളുകളിൽ കൈക്കളോൻ എന്ന തെയ്യക്കോലം മുതലാളർ തെയ്യത്തിൻ്റെ പ്രതിപുരുഷനായി അകമ്പടിക്കാരോടുകൂടി ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ചു വാഴക്കുല, അടക്ക തുടങ്ങിയവ ദക്ഷിണയായി സ്വീകരിക്കുന്നു. തങ്ങളുടെ കാർഷികവിളകളെ സംരക്ഷിച്ച് ഈതി ബാധകളെ അകറ്റുന്ന ഗ്രാമത്തിൻ്റെ രക്ഷാദേവതക്ക് കാർഷികവിളകളിൽ ഒരു പങ്ക് നൽകുന്നതാണ്  ഈ വിശ്വാസത്തിൻ്റെ  അടിസ്ഥാനം
.  
 45 കിലോഗ്രാം ഭാരമുള്ള വെള്ളോട് കൊണ്ട് നിർമ്മിച്ച തിരു മുടി ഈ തെയ്യത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ഈ മുടി തെയ്യക്കാരൻ പരസ്പര സഹായമില്ലാതെ തലയിൽ ഉറപ്പിച്ചു നിർത്തണം. മാവിലർ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടുന്നത്. കോലക്കാരനു മുടി തലയിൽ ഉറപ്പിച്ചു നിർത്താൻ ആകാത്ത ദിവസം തെയ്യം ഉണ്ടായിരിക്കില്ല. വ്രതഭംഗം കൊണ്ടാണ് മുടി ഉറക്കാതെ പോകുന്നത് എന്നാണ് ഇവിടുത്തെ വിശ്വാസം.സാധാരണ തെയ്യക്കോലങ്ങൾ എല്ലാം തന്നെ ഏറിയോരു ഗുണം വരണം എന്ന അനുഗ്രഹ വചസുകളോടെ ഭക്തരെ കുറി നൽകി അനുഗ്രഹിക്കുമ്പോൾ മുതലാളർ തെയ്യം ഭക്തരെ നേരിട്ട് അനുഗ്രഹിക്കാറില്ല. എന്റെ അച്ഛൻ പയ്യന്നൂർ പെരുമാൾ ഗുണം വരുത്തി രക്ഷിക്കും എന്നതാണ് ഈ തെയ്യത്തിൻ്റെ അനുഗ്രഹ വചനം. കാണിക്ക അർപ്പിക്കാൻ വേണ്ടി തെയ്യത്തിൻ്റെ അടുത്തേക്ക് പോകാനും ഭക്തർക്ക് അനുവാദമില്ല. മഞ്ഞൾകുറിയുമായി നിൽക്കുന്ന സമുദായക്കാരനിൽ നിന്നാണ് കാണിക്ക നൽകി കുറി വാങ്ങേണ്ടത്. 
 
തെയ്യം കാണാൻ പോയാൽ തിരുമുറ്റത്തേക്ക് പ്രവേശനമില്ല, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഒരു തരത്തിലും എടുക്കാൻ വിടില്ല. കാവിൻ്റെ ഫോട്ടോ പോലും എടുക്കാൻ വിടില്ല. രാത്രിയിലാണ് തെയ്യം ഉണ്ടാകുക. വൈദ്യുതി വിളക്കോ മറ്റു അലങ്കാര വിലക്കോ ഉണ്ടാകില്ല. വൃശ്ചിക സംക്രമം കഴിഞ്ഞാൽ ഉച്ചക്കും തെയ്യം ഉണ്ടാകും. ഏകദേശം ഒരു മാസത്തോളം തെയ്യം ഉണ്ടാകും. സംക്രമ ദിവസമാണ് തെയ്യം അവസാനിക്കുന്ന ദിവസം കൃത്യമായി അറിയുക. എന്നാലും  ഡിസംബർ അവസാനം വരെ  തെയ്യം ഉണ്ടാകും. 

പയ്യന്നൂരിൽ നിന്നും കാങ്കോൽ ചീമേനി റോഡ് വഴി ഏറ്റുകുടുക്കയിൽ നിന്നും ആലപ്പടമ്പ് റോഡ് വഴി പോയാൽ ഇവിടെ എത്താം. ഗൂഗിൾ മാപ്പ് https://goo.gl/maps/qFWi3TypUopCsxzr6

 

Location