Kaliyattam Every Year
കണ്ണൂര്‍ ജില്ലയിലെ കണ്ണൂരിനും തളിപ്പറമ്പിനുമിടയിലെ മാങ്ങാട്ട് നിവാസി മന്ദപ്പന്‍ എന്ന തീയ്യ സമുദായത്തില്‍പ്പെട്ട ആളാണ് പില്‍ക്കാലത്ത് ദൈവിക പരിവേഷം കിട്ടുകയും തെയ്യമായി കെട്ടിയാടപ്പെടുകയും ചെയ്യുന്ന കതിവന്നൂര്‍ വീരന്‍. കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റെയും അതിര്‍ത്തിപ്രദേശത്ത് കൂര്‍ഗിനടുത്തുള്ള സ്ഥലമാണ് കതിവന്നൂര്‍. മന്ദപ്പന്‍ തന്റെ അമ്മാവന്‍ താമസിക്കുന്ന ഇവിടെയാണ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം എത്തിചേര്‍ന്നത്.
ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് മാങ്ങാട്ട് മേത്തളിയില്ലത്ത് കുമാരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായി ജനിച്ചവനാണ് മന്ദപ്പന്‍. കൂട്ടുകാരുടെ കൂടെ പ്രായമേറെയായിട്ടും യാതൊരു ജോലിയും ചെയ്യാതെ നായാടി സമയം കളഞ്ഞ മന്ദപ്പന്റെ വികൃതികള്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ ദുസ്സഹമായപ്പോള്‍ കുമാരച്ചന്‍ അവനു ചോറും പാലും കൊടുക്കരുതെന്ന് വീട്ടുകാരിയെ വിലക്കി. എന്നാല്‍ രഹസ്യമായി അമ്മ ചോറ് കൊടുക്കുന്നത് കണ്ട അച്ഛന്‍ ദ്വേഷ്യം കൊണ്ട് അവന്റെ വില്ലു ചവിട്ടി ഒടിച്ചു.
അങ്ങിനെ വീട് വിട്ടിറങ്ങിയ മന്ദപ്പന്‍ കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതിമാരോടൊപ്പം പോകാനൊരുങ്ങി. അവര്‍ അവനെ ഒറ്റകാഞ്ഞിരം തട്ടില്‍ വെച്ച് മദ്യം കൊടുത്ത് മയക്കി കിടത്തി കൂട്ടാതെ സ്ഥലം വിട്ടു. ഉറക്കമുണര്‍ന്ന മന്ദപ്പന്‍ ഇനി മറിഞ്ഞു മാങ്ങാട്ടെക്കില്ലെന്നു പറഞ്ഞു തനിച്ചു കുടകിലേക്ക് യാത്രയായി വഴിക്ക് വെച്ച് ചങ്ങാതിമാരെ കണ്ടെങ്കിലും അവരുമായി കൂടാതെ നേരെ കതിവന്നൂരില്‍ അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച് അമ്മാവന്റെ നിര്‍ദ്ദേശ പ്രകാരം ആയോധന മുറകള്‍ കളരിയിലടക്കം പോയി പഠിച്ചു പിന്നീട് മന്ദപ്പന്‍ എണ്ണ കച്ചവടം തുടങ്ങി. അമ്മാവന്റെ സ്വത്തില്‍ പാതിയും അവനു കിട്ടി. ഇതിനിടയില്‍ വെളാര്‍കോട്ട് ചെമ്മരത്തി എന്ന പെണ്ണിനെ കണ്ടു മുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യാഗൃഹത്തില്‍ താമസവും തുടങ്ങി.
പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. അങ്ങിനെയിരിക്കെ കുടകില്‍ പോര് തുടങ്ങി. ധൈര്യവും കരുത്തുമുള്ള പുരുഷന്മാര്‍ പോരിനിറങ്ങുക പതിവാണ് എന്നാല്‍ മന്ദപ്പന്‍ പോരിനു പോയാല്‍ തോല്‍ക്കുമെന്ന് പറഞ്ഞ് ചെമ്മരത്തി മന്ദപ്പനെ കളിയാക്കി. ഭാര്യയുടെ കളിയാക്കലില്‍ വാശി തോന്നിയ മന്ദപ്പന്‍ പോരിന് പോകുകയും യുദ്ധം ജയിക്കുകയും ചെയ്തു. വിജയിയായ മന്ദപ്പനെ എല്ലാവരും വാഴ്ത്തി.
കൂടുതൽ വിവരങ്ങൾക്ക്:
https://www.keralatheyyam.com/theyyam/kathivannur-veeran-theyyam-mandhappan-theyyam/