Kavu Details

Kannur Pattuvam Sree Vadakke Kavu

Theyyam on Meenam 16-18 (March 29-31)
Contact no :
9744774487

Description

Panchuruliyamma Koladhari - Shaji Perumalayan Pattuvam (45 days Vratham for Panchuruli) 

പഞ്ചുരുളി സപ്ത മാതൃക്കളിൽ അഞ്ചാമത്തെ അവതാരമായ വരാഹി സങ്കല്പത്തിലുള്ള മാതാവാണ്‌ പഞ്ചുരുളി. തുളുനാട്ടിൽ പരക്കെ ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ് പഞ്ചുരുളി. തുളു ഭാഷയിൽ പഞ്ച് എന്നാൽ പന്നിയാണ്. പഞ്ച് ഉരുവായ കാളി (പന്നി രൂപം ധരിച്ച കാളി ) പഞ്ചുരുളിയുമായി പരിണമിച്ചു. പൊന്നാരത്തച്ചൻ എന്ന കളരി അഭ്യാസി തെക്കു വടകര നാട്ടിൽ നിന്നും കളരി ഉന്നത പഠനത്തിനായി വടക്ക്‌ തുളുനാട്ടിൽ എത്തിച്ചേർന്നു. ആയോധന മുറകളിൽ പഠനം പൂർത്തിയാക്കി മടങ്ങി പോകാറാകുമ്പോൾ അദ്ദേഹം തികഞ്ഞ പഞ്ചുരുളി ഭക്തനായി മാറി. നാട്ടിലേക്ക് മടങ്ങുമ്പോൾ ഉപാസനാ മൂർത്തിയായ പഞ്ചുരുളി അദ്ദേഹത്തിന്റെ വെള്ളോലക്കുട ആധാരമായി മലനാട്ടിലെത്തി.

മാടായികാവിലെത്തിയ ദേവി അവിടെ നിന്നും രക്തചാമുണ്ഡിയും, വിഷ്ണുമൂർത്തിയുമായി കൂട്ടുചേർന്നു. മൂവരും കൂടി ഏഴോം കടവ് കടന്നു പട്ടുവം ദേശത്തെത്തി. ദേശാധിപധിയായ കൂളൂൽ ഭഗവതിയെ കണ്ടു. മറുനാട്ടിൽ നിന്നും വന്ന ദേവിയെ വാഴിക്കണമെങ്കിൽ ഭഗവതിക്കു ഒരാവശ്യം നിറവേറ്റി കൊടുക്കണമെന്ന് മൊഴിയുണ്ടായി. മായാ മലരമ്പൻ എന്ന ഗന്ധർവനെ സാന്നിധ്യം കാരണം ദേവിയുടെ നിവേദ്യം എന്നും അശുദ്ധമാവുകയും അത് ദേവിക്ക്‌ സ്വീകരിക്കാൻ സാധിക്കാത്ത ഒരവസ്ഥ നിലനിൽക്കുന്നു. ഗന്ധർവനെ നശിപ്പിച്ചാൽ ആധിപത്യം നൽകാം എന്ന് കൂളൂൽ ഭഗവതി മൊഴിഞ്ഞു. ആലിൻ മുകളിൽ താമസമാക്കിയ ഗന്ധർവനെ ദേവി പക്ഷി രൂപം പൂണ്ട്‌ വധിച്ചു ആ ആലിൽ സ്ഥാനം ഉറപ്പിച്ചു. അങ്ങനെ പട്ടുവം ദേശത്തിന്റെ ആധിപത്യം പഞ്ചുരുളിക്ക് കല്പിച്ചു നൽകി ദേവി.

അങ്ങനെ പട്ടുവം വലിയ മതിലകം ക്ഷേത്രത്തിന്റെ വടക്ക്‌ ഭാഗത്തു വടക്കേക്കാവിൽ മൂവര് എന്ന പേരിൽ പഞ്ചുരുളിയും ചങ്ങാതിമാരും സ്ഥാനമുറപ്പിച്ചു. ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറ് വശത്തുള്ള ആലിൽ മുകളിൽ ദേവീ സാന്നിധ്യം ഉള്ളതായി വിശ്വസിക്കുന്നു. കാവിൽ കളിയാട്ടം നടക്കുന്ന സമയത്ത്‌ പഞ്ചുരുളിയുടെ തോറ്റം ആലിൽ നിന്നും ദേവിയെ എതിരേറ്റു പള്ളിയറയിൽ ഇരുത്തുന്ന ഒരു പ്രധാന ചടങ്ങ് കാണാവുന്നതാണ് 

To watch out:

https://youtu.be/ySpCqt90nLM?si=GobxrjKRwawu8gZK

https://youtu.be/xex1euqlZCU?si=moqNvAlpNCcsmhAS

 

പട്ടുവം – വയലുകളും പുഴയും കുന്നുകളും തേങ്ങാക്കല്ലുകളും നിറഞ്ഞ നാട്. അതിവിശാലമായ ജൈവവൈവിധ്യങ്ങളുടെ നാട്. കാവകങ്ങളുടെ നാട്.

തെയ്യക്കാഴ്ചകളുടെ പരമകോടിയാണ് കുപ്പം പുഴയുടെ ഇരുകരകളും ചേർന്ന് നൽകുന്നത്. വർണാഭമായ കാഴ്ചകള്‍ വാരി വിതറുന്ന, ദിനവും ഒരായിരം നിറക്കൂട്ടുകള്‍ സൃഷ്ടിക്കുന്ന വാനവും നീർത്തടങ്ങളുമുള്ള എഴോം – പട്ടുവം ദേശങ്ങൾക്ക് തൊടുകുറിയായി ജ്യോതി പോലെ വിളങ്ങുന്ന ശ്രീ വടക്കേ കാവ്.

വടക്കോട്ട്‌ തൃക്കണ്‍ പാർത്തിരിക്കും പഞ്ചുരുളിയമ്മ. പട്ടുവോത്തര കാനനത്തില്‍ വാണരുളുന്ന മാതാവ്.

കുംഭം പതിനാറു പട്ടുവക്കാർക്ക് ഒരു വികാരമാണ്. അന്നാണ് അവരുടെ മാതാവിനെ കോലത്താല്‍ ദർശിക്കാന്‍ കഴിയുന്നത്.

തുളുനാട് അയിമ്പത്തിരു കാതത്തിലെ ധർമസ്ഥലത്ത് നിന്നും വന്ന മാതാവ് തളിയിലപ്പനെയും പയ്യന്നൂര്‍ പെരുമാളെയും കൂടിക്കണ്ട് മാടായി തിരുവർകാട്ട് വടക്കേം ഭാഗത്തെത്തി. മാടായിക്കാവിലമ്മയോടും വടുകുന്ദ തേവരോടും യോഗനിദ്ര കൊണ്ട് അവിടുന്ന് കിഴക്കോട്ട് യാത്ര തിരിച്ചു. എഴോത്തപ്പനും വയത്തൂര്‍ കാലിയാരുമായി വായും മനസ്സും ചേർന്ന് കോട്ടക്കീല്‍ കടവത്തെ കക്കറ ഭഗവതിയെയും കണ്ടു വണങ്ങി പട്ടുവം കടവിലെ കാക്ക വിളക്ക് ലക്ഷ്യമാക്കി പുഴ നീന്തിക്കടന്ന് കരകയറി. ഉഗ്രരൂപിയായ മാതാവ് ശ്രീ വരാഹി വലിയ മതിലകത്തും കുഞ്ഞി മതിലകത്തും ഇരുന്നരുളുന്ന രാജരാജേശ്വരി കുളൂൽ ഭഗവതിയുടെയും മടിയന്‍ ക്ഷേത്രപാലകന്റെയും സന്നിധിയിലെയ്ക്ക് ഓടിക്കയറി തനിക്കിരിക്കാന്‍ സ്ഥാനം ചോദിച്ചു. (ഇതിനെ അനുസ്മരിപ്പി ക്കുന്നതാവാം പെരുമലയന്റെ കുളിച്ചു വരവിനു ശേഷം തോറ്റത്തിന്റെ ചുവപ്പ് ഉടുത്തു കെട്ടി വലിയ മതിലകത്തെയ്ക്കുള്ള ഓട്ടം). 

തന്റെ നിവേദ്യം അശുദ്ധമാക്കുകയും നാട്ടില്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന മായാമലരമ്പന്‍ എന്ന ഗന്ധർവനെ വകവരുത്തിയാല്‍ സ്ഥാനം നൽകാമെന്നു സ്വത്വഗുണ സ്വരൂപിണിയായ കുളൂര്‍ മാതാവ് അരുളിച്ചെയ്തു. അങ്ങനെ ഗന്ധർവനെ ശൂലം കൊണ്ട് കുത്തിയൊഴിപ്പിച്ച് പഞ്ചുരുളിയമ്മ സ്വരൂപപരദേവതയായി പട്ടുവം മുക്കാതം നാട്ടില്‍ ശ്രീ വടക്കേ കാവില്‍ സ്ഥാനം നേടി. കുളൂൽ മാതാവും മടിയന്‍ ക്ഷേത്രപാലകനും വടക്കേ കാവില്‍ മൂവരും എന്ന ഖ്യാതിയും നേടി. കുളൂൽ മാതാവ് പറഞ്ഞ പ്രകാരം സാത്വിക ഭാവത്തില്‍ ദേവി പട്ടുവോത്തര കാനനത്തില്‍ സ്ഥിതി ചെയ്യുന്നു.  അവിടെ നിന്ന് ചെറുകുന്ന് കൂരാങ്കുന്നു എത്തിയ ദേവി ആരിയപ്പൂങ്കന്നി മാതാവിനെ ശല്ല്യം ചെയ്യുന്ന വെള്ളിവരമ്പന്‍ എന്ന അസുരനെ കൊല്ലുകയും അതിരൗദ്ര ഭാവത്തില്‍ അവിടെ കുടിയിരിക്കുകയും ചെയ്തു. അവിടെ നിന്ന് പിന്നീട് ചെറുകുന്ന് പോനാപ്പള്ളി യിലേയ്ക്കും കല്ല്യാശ്ശേരി വയലിലെ കോട്ടത്തെയ്ക്കും (ചിറക്കുറ്റി പുതിയ കാവ്) ദേവി എഴുന്നള്ളി.

പട്ടുവത്ത് അമ്മയുടെ കോലം ധരിക്കാന്‍ അവകാശം പട്ടുവം പെരുമലയന്‍ എന്ന ആചാരക്കാരന് ആണ്. ചിറക്കല്‍ കൂലോത്ത് നിന്ന് വെള്ളിപ്പിടിക്കത്തിയും വെള്ളികെട്ടിയ മാലയും കൈവളകളും വെള്ളിച്ചൂരലും ഏറ്റുവാങ്ങിയാണ് ആചാരപ്പെടല്‍. വരച്ചു വച്ച് ദേവീഹിതം നോക്കിയാണ് പട്ടുവം പെരുമലയൻ തറവാട്ടിൽ നിന്നും പെരുമലയനെ കണ്ടെത്തുന്നത്. ഇത് മറ്റ് പെരുമലയന്‍ സ്ഥാനങ്ങൾക്ക് ഒന്നുമില്ലാത്ത പ്രത്യേകത ആണ്. വയസ്സും മൂപ്പിളമയും ഇവിടെ ആചാരപ്പെടലിനു തടസ്സമാവുന്നില്ല. പട്ടുവം പെരുമലയനായി ആചാരപ്പെട്ടാല്‍ ചുരുക്കം ചില കോലങ്ങള്‍ ഒഴിച്ച് ബാക്കിയൊന്നും കെട്ടിയാടാന്‍ പറ്റില്ല. വടക്കെ കാവിലെ പഞ്ചുരുളിയമ്മ കൂടാതെ വടക്കേ കാവധികാരികളായ താഴത്ത് വീട്ടിലെ നടയിലെ കളിയാട്ടത്തില്‍ വിഷ്ണുമൂർത്തി ഒറ്റക്കോലം, ചിറ്റോത്ത് തറവാട്ടില്‍ ഒറ്റക്കോലം, തേണങ്കോട്ട് വിഷ്ണുമൂർത്തി എന്നിവയാണ് കെട്ടിയാടാവുന്ന കോലങ്ങള്‍.

കൂരാങ്കുന്നില്‍ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കേണ്ടത് ചെറുകുന്നന്‍ പരമ്പരയിലുള്ള കനലാടിമാരാണ്. ചെറുകുന്ന് അമ്പലത്തില്‍ നിന്നാണ് അവിടത്തേയ്ക്കുള്ള തൊഴുതുവരവ്. ഇതിനെ ചെറുകുന്നന്‍ കുളിച്ചു വരവ് എന്നാണു പറയാറുള്ളത്. കുളിച്ചു വന്ന് ആലിന്റെ അടുത്തേയ്ക്ക് പോകുന്ന സമയത്ത് ഉയരുന്ന ചെണ്ടമേളത്തോടൊപ്പം പ്രകൃതി തന്നെ ഒരു വല്ലാത്ത അവസ്ഥയിലേയ്ക്ക് മാറും. ശക്തികൂരാങ്കുന്ന് എന്നാണു ഇവിടം അറിയപ്പെടുന്നത്. പഴയ കാലത്ത് ഉച്ചനേരങ്ങളിലും രാത്രി സമയങ്ങളിലും ഭയം കൊണ്ട് ഇവിടെ ആരും പ്രവേശിക്കാറില്ല എന്ന് കേട്ടുകേൾവി.

കളിയാട്ടം തുടങ്ങിയാല്‍ എല്ലാ ദിവസവും ഗുരുസിയും തോറ്റവും ഉണ്ട്. ബാക്കി ദിനങ്ങളില്‍ ഗുരുസിയോടെ കോലക്കാരന്‍ ഉറഞ്ഞവസാനിപ്പിക്കുമ്പോള്‍ തോറ്റത്തിന്റെ അവസാന ദിനം ഉറഞ്ഞാട്ടം ഉണ്ട്. തോറ്റത്തിന്റെയും തെയ്യത്തിന്റെയും കളിയാമ്പള്ളിക്ക് ചുറ്റുമുള്ള ഉറഞ്ഞാട്ടം കാണേണ്ടത് തന്നെ. വെള്ളിപ്പിടിക്കത്തി കയ്യിലേന്തി രൗദ്രഭാവത്തിലാണ് കലാശം. അവിടെ മാത്രം കേൾക്കാവുന്ന ഒരു പ്രത്യേക താളത്തിലുള്ള ചെണ്ടവാദ്യം എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

ഇനി പട്ടുവത്തെ വിശേഷങ്ങളിലേയ്ക്ക് തിരികെയെത്താം.

കുംഭം പതിനഞ്ച് വൈകുന്നേരത്തോടെ പട്ടുവം വടക്കേ കാവില്‍ കളിയാമ്പള്ളി തോറ്റം. ഇവിടെ രക്തചാമുണ്ഡിയ്ക്ക് കളിയാമ്പള്ളി എന്ന പേര് കൂടിയുണ്ട്. കളിയാമ്പള്ളി തോറ്റത്തിനിടെ പെരുമലയന്‍ കാവിലേയ്ക്ക് വന്നു കുളിച്ചു വരവിനുള്ള വസ്തുക്കള്‍ കയ്യേറ്റു മടങ്ങും. കൊടിയിലയിലാണ് ഇവ നൽകുന്നത്. ദേവി ആവേശിക്കപ്പെടുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇവിടെയാണ്‌ കണ്ടു തുടങ്ങുക. കൊടിയില ഏറ്റുവാങ്ങി തല മൂടി കാലുകള്‍ നിലയുറക്കാത്ത പോലെ മെല്ലെ ആടിയാടിയാണ് പോകുക.

വിഷ്ണുമൂർത്തി ഒറ്റക്കോലം തോറ്റത്തിന്റെ അവസാനത്തോടെ കുളിച്ചു വരവിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാവും. പെരുമലയന്റെ വീടിനോട് ചേർന്നുള്ള കുച്ചിലില്‍ ആണ് വ്രതത്തിന്റെ ഭാഗമായി നാൽപ്പത്തിയൊന്നു ദിവസം അദ്ദേഹം കഴിയേണ്ടത്. ഇതിനകത്ത് ദേവിയുടെ പട്ടം പൂജയ്ക്ക് വച്ചിട്ടുണ്ടാകും. ക്ഷൗരം ചെയ്ത് കുളിച്ച് ദേഹമാകെ മഞ്ഞള്‍ പൂശി തലമൂടി കുച്ചിലില്‍ നിന്ന് കാവിലേയ്ക്കുള്ള വരവിനെയാണ് പെരുമലയന്‍ കുളിച്ചു വരവ് എന്ന് പറയുന്നത്. ഭുവനി മാതാവിനെ വരവേല്ക്കാന്‍ നാടൊരുങ്ങിയിട്ടുണ്ടാവും. ശരീരം മുഴുവന്‍ മൂടി വെള്ളിപ്പിടിക്കത്തിയേന്തി ആടിയാടിയാണ് വരവ്. വലിയ മതിലകം ക്ഷേത്രത്തിനടുത്ത് വച്ച് മാറ്റ് മാറിയാൽ കാവിലേയ്ക്ക് ഓടാൻ തുടങ്ങും. താത്കാലികമായുണ്ടാക്കിയ അണിയറയ്ക്കുള്ളില്‍ ദേവി ചൈതന്യം ആവാഹിക്കപ്പെട്ട പെരുമലയനെ സഹായികള്‍ പിടിച്ചു നിർത്തി തോറ്റ വേഷം ധരിപ്പിക്കും.

ചുവപ്പുടുത്ത ശേഷം കാവിന്റെ മുന്നിലെത്തി ആടിയുലഞ്ഞു രൗദ്രഭാവത്തോടെ നിൽക്കുന്ന പെരുമലയനെ കാണുമ്പോള്‍ അറിയാതെ കൈകൂപ്പി നിന്ന് പോവും. ഉയരുന്ന വാദ്യത്തോടെ വലിയ മതിലകത്തേയ്ക്ക് ഓടി തിരിച്ചു വന്ന ശേഷം ദേവി കുടിയിരിക്കുന്ന ആൽമരത്തറയിലേയ്ക്കോടിക്കയറി ആലിനെ സ്പര്ശിച്ച് തിരിഞ്ഞു നിന്ന് കാൽപാദം തറയിലടിച്ച് അതിരൗദ്രഭാവത്തില്‍ ഒരു നിൽപ്പുണ്ട്. കാവിന്‍ മുന്നിലെത്തി കൊടിയില പിടിച്ചു വാങ്ങി ശാന്തയായ ശേഷം തോറ്റത്തിനു നിൽക്കും. പെരുമലയൻ വലിയ മതിലകത്ത് തിരിച്ചു വരുന്ന സമയത്ത് തന്നെയാണ് മേൽശാന്തി അവിടെ നിന്നും തിരുവായുധം എഴുന്നള്ളിച്ചുകൊണ്ട് വരുന്നത്. ഭക്തിപാരവശ്യത്താലും ദേവീ കടാക്ഷത്താലും ആവേശകരമായ ഒരു ചടങ്ങ് തന്നെയായി മാറുന്നു അതും.

പട്ടുവത്ത് പഞ്ചുരുളിയമ്മ തോറ്റത്തിന് തലപ്പാളിപ്പട്ടം കെട്ടുന്ന പതിവില്ല. കൈകളില്‍ അണിയലങ്ങളും ഇടാറില്ല. കൂരാങ്കുന്നില്‍ തലപ്പാളിയ്ക്ക് മീതെ ചെക്കിത്തണ്ടയും കൈകളില്‍ അണിയലങ്ങളും പതിവുണ്ട്.

വടക്കേ കാവിലെ പഞ്ചുരുളിയമ്മയുടെ കുളിച്ചു തോറ്റം അവിസ്മരണീയമായ അനിർവചനീയമായ ഒരനുഭവം ആണ്. ഈ കാഴ്ച്ചയെ അനശ്വരമായി മനസ്സില്‍ നിലനിർത്തുന്ന ഘടകങ്ങള്‍ പലതാണ്. നാൽപത്തിയൊന്നു നാളത്തെ വ്രതശുദ്ധിയോടെയുള്ള സ്വാഭാവികമായ വെളിച്ചപ്പെടല്‍, വനമാല കൈകളില്‍ പിടിച്ചു കൊണ്ടുള്ള നയനമനോഹരമായ കലാശങ്ങള്‍, ചീനിക്കുഴലില്‍ തീർക്കുന്ന വിസ്മയങ്ങള്‍, രൗദ്രമെന്നോ ശാന്തമെന്നോ നിർവചിക്കാന്‍ മനുഷ്യന് അസാധ്യമായ ഭാവപ്പകർച്ചകള്‍. എപ്പോഴാണ് രൗദ്രതയേറുക എന്നത് പറയുക സാധ്യമല്ല. ചിലപ്പോള്‍ തോറ്റം വല്ലാതെ ഉറയാം. ചിലപ്പോള്‍ കോലം പുറപ്പാട് നേരത്ത് അതിരൗദ്രഭാവത്തിലാവാം. കാലുകള്‍ നിലത്തുറക്കാത്ത പോലെ ആടിയാടി വീണുള്ള ഒരു പ്രത്യേക കലാശമാണ് ദേവിക്ക്. കനലാടിയില്‍ ദേവി ആവേശിക്കപ്പെടുന്ന ആദ്യ ഘട്ടം മുതല്‍ തന്നെ ഇത് പ്രകടമായിത്തുടങ്ങും.

കേൾക്കാന്‍ ഏറെ ഇമ്പമുള്ള തോറ്റം പാട്ട് പാടിപ്പൊലിച്ചുറയുന്നത് ഭക്തിനിർഭരമായ ഒരു കാഴ്ചയാണ്. ദേവസങ്കേതത്തിന്റെയും കനലാടിയുടെയും എല്ലാ വിശുദ്ധിയും സമ്മേളിക്കുന്ന കാഴ്ച. വനമാല പിടിച്ചു കൊണ്ടുള്ള തോറ്റത്തിൻ്റെ തെക്കനാട്ടം കലാശവും ചെണ്ടയും ചീനിക്കുഴലും തീർക്കുന്ന നാദപ്രപഞ്ചവും അതീവ ഹൃദ്യമാണ്. ആലില്‍ ദേവി കുടിയിരിക്കുന്നു എന്ന സങ്കൽപ്പത്തില്‍ ആലില്‍ നിന്ന് ഇറക്കല്‍

എന്ന ചടങ്ങോടെ തോറ്റം അവസാനിക്കുന്നു. പിറ്റേന്ന് കാലത്ത് പത്ത് മണിയോടുകൂടി അമ്മയുടെ പുറപ്പാട് ആണ്. ചോതി പോലെ വിളങ്ങുന്ന തിരുമുഖത്തോടെ തിളങ്ങുന്ന ആടയാഭരണങ്ങളോടെ തെയ്യപ്രപഞ്ചത്തിലെ ഏറ്റവും നയനഹാരിയായ രൂപങ്ങളിലൊന്നായി തിരുപ്പുറപ്പാട്. തൊഴുകൈകളോടെ നിൽക്കുന്ന ആബാലവൃദ്ധം ജനങ്ങളെ അനുഗ്രഹിച്ച ശേഷം രാത്രി പത്തോട് കൂടി ആലില്‍ കയറ്റല്‍ ചടങ്ങോടെ പുറത്തട്ട് അഴിക്കുന്നു. അനുഗ്രഹപ്പെരുമഴ പെയ്തൊഴിഞ്ഞ സന്തോഷത്തോടെ, അടുത്ത കൊല്ലം കൂടാമെന്ന ശുഭാപ്തി വിശ്വാസത്തോടെ മടങ്ങുന്ന ജനങ്ങളെ കാണാം. ഇതിനു ശേഷം തൊട്ടപ്പുറം വലിയ മതിലകത്ത് കുളൂൽ മാതാവിന്റെയും ക്ഷേത്രപാലകന്റെയും ഇലംകോലങ്ങളും പുലർച്ചെ കോലവും ഉണ്ട്. പാതി മാത്രം മായ്ച്ച മുഖത്തെഴുത്തോടെ തിരിച്ചു പോകുന്ന പെരുമലയനെ ഇളംകോലങ്ങള്‍ അനുഗ്രഹിച്ച ശേഷം ചടങ്ങുകൾക്കായി കുഞ്ഞിമതിലകത്തെയ്ക്ക് പോകുന്നു.

ഓരോ വർഷവും തുടങ്ങുന്നത് കുംഭം പതിനഞ്ചിലേയ്ക്കുള്ള കാത്തിരിപ്പോടെയാണ്. ഓരോ തെയ്യപ്രേമികളും ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടതും അനുഭവിച്ചറിയേണ്ടതുമായ ഒന്നാണ് പട്ടുവം കളിയാട്ടം.

തയ്യാറാക്കിയത് അർജുൻ രവിന്ദ്രൻ

Location