Kavu Details

Kannur Payyannur Keloth Kappatt Kazhakam Perumkaliyattam-2024

Theyyam on Kumbam 12-19 (February 25-March 03)
Contact no :
9446264482 / 9495028008

Theyyam on this Kavu

Description

After 28 Years

വീണ്ടും ഒരു പെരുങ്കളിയാട്ടക്കാലത്തിലേക്ക്..

ഏഴ് രാവുകൾ എട്ട് പകലുകൾ.ഒന്നുകുറെ നാൽപ്പത് തെയ്യക്കോലങ്ങൾ. പെരുങ്കളിയാട്ടങ്ങളുടെ പെരുങ്കളിയാട്ടം

ശ്രീ പയ്യന്നൂർ പെരുമാളുടെ കാൽപ്പാടുകൾ പതിഞ്ഞു എന്നൈതിഹ്യമുള്ള ഉത്തരമലബാറിലെ യാദവരുടെ കീർത്തിയേറിയ രണ്ടാംകഴകമായ ശ്രീ കാപ്പാട്ട് കഴകം 28 വർഷങ്ങൾക്ക് ശേഷം 2024 ഫെബ്രവരി 25 മുതൽ മാർച്ച് 3 വരെ വീണ്ടും ഒരു പെരുങ്കളിയാട്ട കാലത്തിലേക്ക്.

അതിന്റെ മുന്നോടിയായി 30-04-23 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ കഴകം സന്നിധിയിൽ വിപുലമായ സ്വാഗതസംഘം രൂപീകരണം നടക്കുകയാണ്.പതിവിൽ നിന്ന് വിപരീതമായി മുഴുവൻ കഴകാംഗങ്ങളെയും നാട്ടുകാരെയും കണ്ണൂർ കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന ഇതര കഴകങ്ങളിലുംമറ്റു സഹോദരമത ആരാധനാലയങ്ങളിലും നേരിട്ട് കത്തുകൊടുത്തു ക്ഷണിക്കുക എന്ന മഹത്തായ രീതിയാണ് കമ്മിറ്റി നടപ്പാക്കിയത്.

ഇതിനായി അഹോരാത്രം അധ്വാനിക്കാൻ ക്ഷേത്രത്തിൻറെ ഊർജസ്വലരായ പുരുഷ-വനിതാ അംഗങ്ങൾ ഒരോ സ്ക്വാഡുകളായിതിരിച്ച് ചിട്ടയോടെ വിവിധ പ്രദേശങ്ങളിൽ ഭംഗിയായി അവരുടെ ഉത്തരവാദിത്വം പൂർത്തിയാക്കിയിട്ടുണ്ട്.സ്വാഗതസംഘരൂപീകരണത്തിന് ശേഷം എണ്ണയിട്ടയന്ത്രം പോലെ പ്രവർത്തിക്കുന്ന വിവിധകമ്മിറ്റികളും അതിന്റെ ഉപകമ്മിറ്റികളുമാണ് കളിയാട്ടനടത്തിപ്പിന്റെ അമരക്കാർ.

ഏഴു രാത്രിയുംഎട്ട് പകലുമായി നടക്കുന്ന ഈ ഉത്തരമലബാറിന്റെ പെരുങ്കളിയാട്ടഉത്സവത്തിന് ഭാഗവാക്കാകുവാൻ മുഴുവൻ ജനങ്ങളെയും  ആദരപൂർവ്വം ക്ഷണിക്കുന്നു.

 

28 വർഷം മുമ്പ്1996 ൽ നടന്ന പെരുങ്കളിയാട്ടത്തിന്ന് ആരംഭം കുറിച്ച് പ്രാശ്നിക രത്നങ്ങളായ ശ്രീ സിപി കുഞ്ഞിരാമ പണിക്കർ ശ്രീ സിപി ബാലൻ പണിക്കർ ശ്രീ സദനം നാരായണപ്പൊതുവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വരച്ചുവെക്കൽ. 

 

പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകത്തിൽ പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ദേവനർത്തകനും, കാരണവൻമാരും ആചാരം കൊള്ളുന്നു.

പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന പയ്യന്നൂർ ശ്രീ കാപ്പാട്ട് കഴകത്തിൽ കാപ്പാട്ട് ഭഗവതിയുടെ ദേവ നർത്തകനും, മാട്ടുമ്മൽ തറവാട്ട് കാരണവരും, പുതിയ പറമ്പൻ തറവാട്ട് കാരണവരും നവംബർ 11ന് ശനിയാഴ്ച ആചാരം കൈക്കൊളുന്നു. കാപ്പാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി കാസർകോട് മുന്നാട് സ്വദേശി പുതിയ പറമ്പൻ പ്രശാന്തനും, മാട്ടുമ്മൽ കാരണവരായി പെരിയങ്ങാനത്തെ മാട്ടുമ്മൽ ബാലകൃഷ്ണനും, പുതിയപറമ്പൻ കാരണവരായി വെള്ളരിക്കുണ്ട് പുങ്ങംചാലിലെ പുതിയ പറമ്പത്ത് രാമചന്ദ്രനുമാണ് ആചാരമേൽക്കുന്നത്. നവംബര് 11ന് രാവിലെ 7.45ന് പയ്യന്നൂരിന്റെ ദേശാധിപനായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര തിരുസന്നിധിയിൽ പുണ്യ തീർഥം കൊണ്ട് കലശം കുളിച്ച് പെരുമാളെ തൊഴുതു വരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമിടും. തുടർന്ന് ക്ഷേത്രത്തിലെത്തി മൂവരും അച്ഛന്റെ വീട്ടുകാർ നൽകുന്ന പുതു വസ്ത്രമണിഞ്ഞ് കോയ്മമാർക്കും വിവിധ കഴകങ്ങളിൽ നിന്നും, സ്ഥാനങ്ങളിൽ നിന്നും തറവാടുകളിൽ നിന്നും വന്ന ആചാര സ്ഥാനികർക്ക് ആചാര കൈയ്യായി ദക്ഷിണ നൽകി 64 കുറവും തീർത്ത് ആചാരത്തിനൊരുങ്ങും.

കാപ്പാട്ട് ഭഗവതിയുടെ പുരാതന പുണ്യസ്ഥലമായ ആലില കാപ്പാട്ട് ചെന്ന് വണങ്ങി പ്രധാന കോയ്മ തറവാടായ കരിപ്പത്ത് തറവാട്ടിലെത്തും. അവിടെ കൊട്ടിലിൽ തറവാട്ടമ്മ കരിമ്പിടവും വെള്ളയും വിരിച്ച് കാപ്പാട്ട് ഭഗവതിയുടെ ദേവനർത്തകനാകുന്ന പുതിയ പറമ്പൻ പ്രശാന്തനെ ഇരുത്തും. തറവാട്ടമ്മയ്ക്ക് വെറ്റിലയും അടക്കയും ഉൾപ്പെടുത്തി ദക്ഷിണ സമർപ്പിക്കുമ്പോൾ ദേവ നർത്തകനെ പാൽ നൽകി അനുഗ്രഹിക്കും. തുടർന്ന് തറവാട്ടമ്മ പുതിയ പറമ്പൻ പ്രശാന്തനെ അരിയെറിഞ്ഞ് അനുഗ്രഹിച്ചു കൊണ്ട് പുതിയ പറമ്പൻ പ്രശാന്തൻ കോമരം എന്ന പേര് വിളിച്ച് ആചാരപ്പെടുത്തും. തുടർന്ന് ഭഗവതിയുടെ ആദ്യ സമാഗമ സ്ഥലമായ തെക്കിടിൽ തൊഴുതു വണങ്ങി ഭണ്ഡാരപ്പുരയുടെ തീർഥ കിണറിൽ നീരാടും. മുകളിൽ നിന്ന് കിണറിലേക്ക് ചാടിയാണ് ഈ അപൂർവമായ നീരാട്ട് നടക്കുന്നത്. ക്ഷേത്രത്തിൽ എത്തി കോയ്മമാർ ആചാരപ്പേര് വിളിച്ച ശേഷം വണ്ണാത്തി മാറ്റുടത്ത് പള്ളിയറയിൽ പ്രവേശിച്ച് പട്ടുടുത്ത് അരമണിയും കൈത്തണ്ടയും ഘടയും ധരിച്ച് കാൽചിലമ്പും സ്വർണാഭരണങ്ങളും അണിഞ്ഞ ശേഷം കഴകം സ്ഥാനികൻ തെക്കവൻ ഭരതൻ അന്തിത്തിരിയൻ നെറ്റിപ്പട്ടം ചാർത്തിക്കൊടുത്ത് തിരുവായുധം നൽകും. തിരുവായുധം സ്വീകരിച്ച നർത്തകൻ പുറത്തേക്കിറങ്ങി ദേവിയുടെ പള്ളിയറ മുറ്റത്ത് പുതിയ പറമ്പൻ ദൈവത്തിന്റെയും പുള്ളി ഭഗവതിയുടെയും വിഷ്ണുമൂർത്തിയുടെയും അരങ്ങിലിറങ്ങിയ പ്രതിപുരുഷന്മാർക്കൊപ്പം നർത്തനം ചെയ്യും. തുടർന്ന് ചടങ്ങുകൾ പൂർത്തീകരിച്ച് ഭക്തർക്ക് മഞ്ഞൾ പ്രസാദം നൽകി അനുഗ്രഹിച്ച് പള്ളിയറയിൽ തിരിച്ച് കയറി അരങ്ങൊഴിയും. തുടർന്ന് ആചാരപ്പെട്ട 2 കാരണവന്മാർക്കൊപ്പം വിവിധ ക്ഷേത്ര സ്ഥാനീകരുടെയും വാല്യക്കാരുടെയും അകമ്പടിയിൽ വീട്ടുകൂടൽ ചടങ്ങിനായി ഭണ്ഡാരപ്പുരയിലേക്ക് പോകും. വാല്യക്കാർ കാരയപ്പവും തേങ്ങാപ്പൂളും നിറച്ച ചെമ്പുകളും പഴക്കുലകളും തണ്ടിലേറ്റി ഗോവിന്ദ വിളികളുമായി ഒപ്പം ചേരും. ഭണ്ഡാരപ്പുരയിൽ മറ്റ് സ്ഥാനീകർക്കൊപ്പമിരിക്കും. വാല്യക്കാർ സ്ഥാനീകർക്ക് അപ്പം വിളമ്പ് ചടങ്ങ് നടത്തിയ ശേഷം 3 പേർക്കും അവരവരുടെ ഭാര്യമാർ കൊടിയിലകളിൽ കാരയപ്പവും പഴവും തേങ്ങാപ്പൂളും വിളമ്പും. ഇത് വിളമ്പുമ്പോൾ സ്ത്രീകൾ കുരവയിടും. ഇതിനിടയിൽ ആചാരം സ്വീകരിച്ച മൂന്ന് പേരും തങ്ങളുടെ ആത്മീയ ജീവിതത്തിലേക്ക് ഭാര്യയെ ഒപ്പം കൂട്ടുന്നു എന്നതിന്റെ പ്രതീകമായി അവരവരുടെ ഭാര്യമാരുടെ കഴുത്തിൽ താലി ചാർത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. 

 

Social Media Link:

https://www.facebook.com/kappattukazhagam/

 

പയ്യന്നുർ  ശ്രീ കാപ്പാട്ട് കഴകം -               പെരുങ്കളിയാട്ടം
 2024 ഫെബ്രുവരി 25 മുതൽ  മാർച്ച്‌ 3 വരെ 
*******
 തെയ്യകോലങ്ങൾ
1.ശ്രീ കാപ്പാട്ട് ഭഗവതി 
2.ശ്രീ പോർക്കലി ഭഗവതി 
3.പുതിയപറമ്പൻ ദൈവം 
4.പുള്ളിഭഗവതി 
5.വിഷ്ണുമൂർത്തി 
6.മടയിൽ ചാമുണ്ഡി 
7.രക്തചാമുണ്ഡി 
8.അങ്കകുളങ്ങര ഭഗവതി 
9.പുതിയഭഗവതി 
10.മാഞ്ഞാളമ്മ 
11.പാടാർകുളങ്ങര ഭഗവതി 
12.ചങ്ങാലി ഭഗവതി 
13.കന്നിക്കൊരുമകൻ 
14.രക്തജാതൻ
15.ക്ഷേത്രപാലൻ
16.കൈക്കോളൻ
17.കരിയാത്തൻ 
18.കുടിവീരൻ 
19.കരിവേടൻ 
20.ബപ്പിരിയൻ 
21.നാഗകന്നി
22.നാഗരാജാവ് 
23.കോലച്ചാൻ ദൈവം 
24.ഗുളികൻ 
25.അഞ്ചണങ്ങും ഭൂതം 
26.വെളുത്ത ഭൂതം 
27.പുലമാരുതൻ 
28.പുലപൊട്ടൻ 
29.പുലച്ചാമുണ്ഡി 
30.കുറത്തി 
31.കുണ്ടോർചാമുണ്ഡി 
32.കാട്ടുമുടന്ത 
33.തൊരക്കാരിത്തി 
34.വീരൻ 
35.കമ്മിയമ്മ 
36.പരാളിയമ്മ 
37.അയ്യംപരവ 
38.അകംകാലൻ 
39.പുറംകാലൻ 

ആകെ ഒന്ന് കുറെ നാൽപതു തെയ്യങ്ങൾ 

 

കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന “കാപ്പാട്ട് “- സ്മരണിക പ്രകാശനം ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 2.30ന് നടക്കും. കാപ്പാട്ട് കഴക സന്നിധിയിൽ ദേശീയ ആദരവ് നേടിയ മൂന്ന്പത്മശ്രീ പുരസ്കാര ജേതാക്കൾ ചേർന്ന് പ്രകാശനം ചെയ്യും. 119 പേരുടെ മൊഴിത്തുടിപ്പുകളുമായി പുറത്തിറങ്ങുന്ന സുവനീർ മറ്റ് സുവനീറുകളിൽ നിന്ന് വേറിട്ട് നിൽക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒട്ടനവധി പുതുമകളുമായാണ് സുവനീർ പുറത്തിറക്കുന്നത്. കഴകം തൊട്ട് വളരുകയും വികസിക്കുകയും ചെയ്ത ആശയങ്ങളും വ്യക്തികളും മറ്റ് സംരംഭങ്ങളും ഈ സ്മരണികയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ജീവിതം പൂർണമായും കഴകത്തിനും ആചാര അനുഷ്ഠാനങ്ങൾക്കുമായി ഉഴിഞ്ഞു വെച്ച സ്ഥാനീകന്മാർ, തെയ്യത്തെ അരങ്ങിലെത്തിച്ച് ജീവിതം മുഴുവൻ അരങ്ങ് നിറഞ്ഞാടി നാടിനും നാട്ടുകാർക്കും അനുഗ്രഹം ചൊരിഞ്ഞ കനലാടിമാരുടെ ജീവിതാനുഭവങ്ങൾ, കഴക മുറ്റത്ത് കളിച്ച് വളർന്ന മുത്തശ്ശിമാർ, കഴകം കോയ്മമാർ, കഴിഞ്ഞ പെരുങ്കളിയാട്ടത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചവരൊക്കെ സുവനീറിലെ എഴുത്തുകാരാണ്. ഇവർക്കൊപ്പം മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യകാരന്മാർ, സിനിമ താരങ്ങൾ, സംവിധായകർ തുടങ്ങിയവരെല്ലാം തെയ്യം കണ്ട അനുഭവങ്ങൾ ഈ സുവനീറിൽ എഴുതിയിട്ടുണ്ട്. കഴകത്തിന് ചുറ്റുമുള്ള ക്ഷേത്രങ്ങൾ, കഴകവുമായി ബന്ധപ്പെട്ട് കിടക്കുന്ന തറവാടുകൾ, മറ്റ് തറവാടുകൾ, പെരുങ്കളിയാട്ടത്തിന് പഞ്ചസാര കലം സമർപ്പിക്കുന്ന കേളോത്ത് മുസ്ലീം തറവാട്, കഴക മുറ്റത്തെ ക്രൈസ്തവ – മുസ്ലീം ദേവാലയങ്ങൾ ഇവയുടെയൊക്കെ ചരിത്രവും ഐതിഹ്യ പെരുമകളും സ്മരണികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം എഴുതി തുടങ്ങിയവരുടെ കുറിപ്പുകൾ ചേർത്ത് ആലില കാപ്പാട്ട് എന്ന പേരിൽ മറ്റൊരു സുവനീർ കൂടി ഇതിനൊപ്പമുണ്ട്.

പത്മശ്രീ അവാർഡ് ജേതാക്കളായ വി.പി.അപ്പുക്കുട്ട പൊതുവാൾ, ഇ.പി.നാരായണൻ പെരുവണ്ണാൻ, സത്യനാരായണ മണിയാണി എന്നിവർ കണ്ണമംഗലം കഴകം പ്രസിഡൻ്റ് ഗോപാലൻ പുതിയടത്ത്, കല്യോട്ട് കഴകം പ്രസിഡൻ്റ് കല്യോടൻ ദാമോദരൻ, മുളവന്നൂർ കഴകം പ്രസിഡൻ്റ് മലയാക്കോട്ട് വിശ്വനാഥൻ എന്നിവർക്ക് നൽകി സുവനീർ പ്രകാശനം ചെയ്യും. പത്മശ്രീ ജേതാക്കളെ ശിവരാമൻ മേസ്ത്രി, ടി.വി.രാമചന്ദ്രൻ പണിക്കർ, ടി.കെ.മുരളീദാസ് എന്നിവർ ആദരിക്കും.

സുവനീർ അണിയറ പ്രവർത്തകരെ അഡ്വ.എം.വി.അമരേശനും എഴുത്തുകാരായ അമ്മമാരെ കരിമ്പിൽ കൃഷ്ണൻ, തെക്കടവൻ നാരായണൻ മണിയാണി, ടി.വി.രാഘവൻ, മന്ദ്യൻ ഗംഗാധരൻ എന്നിവരും ആചാരക്കാരെയും കോലധാരികളെയും കണ്ണോത്ത് ജനാർദ്ദനൻ, മണക്കാട്ട് രാമചന്ദ്രൻ, മാട്ടുമ്മൽ രാമചന്ദ്രൻ, വി.രാമചന്ദ്രൻ, പുതിയടത്ത് ബാലകൃഷ്ണൻ എന്നിവരും ആദരിക്കും. പി.യു.രാജൻ അധ്യക്ഷത വഹിക്കും. ടി. ഭരതൻ സ്വാഗതവും കാനക്കീൽ കമലാക്ഷൻ പണിക്കർ നന്ദിയും പറയും. തൃക്കരിപ്പൂർ സൂര്യജിത്ത് പ്രകാശനും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെ പരിപാടി ആരംഭിക്കും.

To watch out:

https://youtu.be/wJmKBsBPjcE?si=8y-7qhXRPZhiVsi-

 

Description

Sree Kappattu Kazhagam is one of the most important kazhakam in Payyanur. Sree Kappattu Kazhakam
Bhagavathy Temple is the family temple of the Sree Kappattu Kazhakam which is more than centuries
old. It’s a temple related to Yadava community. The main families related to Kappat are
Puthiyaparambath Taravadu, Mattummal Taravadu, Kunnummal Taravadu, Manakkat Veedu,
Thekkadavan Padinjarveedu, Thekkadavan Vadakkevedu, Thekkadavan Kallath, Thekkadavan Kizhakee
Veedu, Thekkadavan thekkeveedu and Kannoth house.Kappattu Bhagavathy is the main deity of the
temple. The sub deities are Puthiyaparamban, Pulli Bhagvathi, Vishnumoorthyu and Gulikan.
Perumkalikyattam is an annual festival conducted in the temple. Last time kaliyattam happened in 1996.