Kavu Details

Kannur Pilathara Arathil Pilathottam Sree Thaipparadevatha Kizhakkera Chamundeswari Kshetrm

Theyyam on Kumbam 15-18 (February 28-29-March 01-02)

Description

കണ്ണൂർ  പിലാത്തറ  അറത്തിൽ  പിലാത്തോട്ടം  ശ്രീ  തായ്‌പ്പരദേവത   കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്രം 

അപൂർവ സവിഷേതകൾ ആണ് ഇവിടുത്തെ തെയ്യാട്ടത്തിന്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്  വയലാട്ടം.  

രക്തചാമുണ്ഡിയുടെ അംശമായ കിഴക്കേറ ചാമുണ്ഡിയാണ് ഇവിടുത്ത പ്രധാന തെയ്യം. വിഷ്ണുമൂർത്തി തെയ്യം, വെളുത്ത ഭൂതത്താർ, രണ്ടു തായ്‌പ്പരദേവതമാർ (ഒളിമകളും കിളിമകളും)

തങ്ങളുടെ നേരെ മുണ്ടയാംപറമ്പിൽ ഭഗവതി  പന്തവുമായി വരുന്ന കാര്യം വെളുത്ത ഭൂതത്താർ കിഴക്കേറെ ചാമുണ്ഡിയെ ധരിപ്പിച്ചു ശത്രുവാണെന്നു തെറ്റിദ്ധരിച്ചു കിഴക്കറെ ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും അവരുമായി  യുദ്ദം ചെയ്തു ഒടുവിൽ മിത്രമാണെന്നു മനസ്സിലാക്കിയപ്പോൾ തങ്ങളുടെ കാവിൽ തെക്കോട്ടു മുഖം തിരിച്ചു ഇരിപ്പിടം നൽകി കുടിയിരുത്തി. വര്ഷാവര്ഷം ഇവിടെ കെട്ടിക്കോലം കിഴക്കറെ ചാമുണ്ഡിക്കും വിഷ്ണുമൂര്ത്തിക്കും ഉണ്ടെങ്കിലും മുണ്ടയാംപറമ്പിൽ ചാമുണ്ഡിക്ക് അതില്ലാത്തതു ആനയെയോ ആളിനെയോ കുരുതികൊടുത്താൽ മാത്രമേ ഭഗവതി തൃപ്തിപ്പെടൂ എന്നുള്ളത് കൊണ്ടാണ്. കെട്ടിക്കോലം ഇല്ലെങ്കിലും മുണ്ടയാംപറമ്പിൽ ഭഗവതിക്ക് കിഴക്കേറ ചാമുണ്ടിയോളം പ്രാധാന്യം ഇവിടെ നൽകിയിട്ടുണ്ട്.

വൈകുന്നേരം ഏകദേശം അഞ്ചു മണിക്കാണ് ഇവിടെ വയലാട്ടം തുടങ്ങുക. മൂവാരി സമുദായത്തിന്റെ കുല ദേവതയാണ് രക്ത ചാമുണ്ടിയെന്ന കിഴക്കേറ ചാമുണ്ഡി. ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും മലയസമുദായമാണ് കെട്ടിയാടുന്നത്. 

മുണ്ടയാംപറമ്പിൽ ഭഗവതിക്ക് പകരം അവരുടെ കോമരമാണ് അവരുടെ സ്ഥാനത്തു നിന്ന് എല്ലാകാര്യങ്ങളും നിർവഹിക്കുന്നത്. അതുകൊണ്ടാണ് വയലാട്ടത്തിൽ ദേവിയുടെ വരവ് സൂചിപ്പിക്കുന്ന ചടങ്ങുകൾ എല്ലാം ചെയ്യുന്നത് കോമരമാണ്.  പണ്ട് ഈ ചടങ്ങു ഉഴുതു മരിച്ച വയലിൽ വെച്ചായിരുന്നു നടന്നു കൊണ്ടിരുന്നത് അത് കൊണ്ടാണ് ഇതിനു വയലാട്ടം എന്ന് പേര് വന്നത്.

ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ് ചെമ്പും ചോറും എടുക്കൽ:

ചെമ്പിൽ തിളപ്പിച്ച ചോറ് കോമരം വെറും കയ്യാൽ കോരി എടുക്കും അതിനു ശേഷം ആ ചെമ്പു നാലു പേര് ചുമലിലെടുത്തു ക്ഷേത്രത്തിനു മൂന്നു വട്ടം വരും. ക്ഷേത്രത്തിൽ ആദ്യമായി പ്രവേശിച്ച ദേവി ചെമ്പിൽ ചോറുവെച്ചുവെന്നും അതിനെ ഓർമ്മിക്കാൻ വേണ്ടിയാണു ഈ ചടങ്ങു എന്ന് വിശ്വസിക്കുന്നു. 

-------------------------------------------------------------------------------------------------------------

അറത്തിൽ പിലാത്തോട്ടം ശ്രീ തായപരദേവതാ കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൻ്റെ പ്രതിഷഠ ഏതാണ്ട് 468 വർഷങ്ങൾക്ക് മുൻപ് നടന്നതായി വിശ്വസിക്കുന്നു. മുവാരി സമുദായമാണ് ഈ ക്ഷേത്രം നടത്തികൊണ്ട് പോകുന്നത് എങ്കിലും വടക്കേ വിട്ടുകാരുടെ നേതൃത്വത്തിലാണ് ഈ ക്ഷേത്രത്തിൻ്റെ നിർമ്മാണവും പ്രതിഷ്ഠയും നടന്നത് എന്ന് വിശ്വസിക്കുന്നു. വെങ്ങരയിൽ സ്ഥിതിചെയ്യുന്ന ശ്രീ കിഴക്കേറ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മുവാരി സമുദായത്തിലെ    മരങ്ങാടൻ വീട് , ആലക്കാടൻ വീട്, കോട്ടക്കണ്ടി വീട്, വടക്കേ വീട്  എന്നീ നാല് വീട്ടുകാർ ഒത്തൊരുമിച്ച് പങ്കെടുക്കുകയും എല്ലാ കർമ്മങ്ങളും വീഴ്ച്ച വരുതാത്തെ നടത്തുകയും ചെയ്തിരുന്ന കാലം. ഒരിക്കൽ വടക്കേ വീട് കാരണവൻ പതിവു പോലെ ഒരു സംക്രമ ദിവസം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടെങ്കിലും ചെമ്പല്ലിക്കുണ്ട് പുഴയിൽ തോണിക്കാരനെ കാണുന്നില്ല. സമയം വൈകി വളരെ വിഷമിച്ച് നിൽക്കവേ എവിടെ നിന്നോ ഒരു തോണിക്കാരൻ പ്രത്യക്ഷപ്പെട്ടു. വളരെ വേഗത്തിൽ ക്ഷേത്രത്തിൽ എത്തിയെങ്കിലും മറ്റ് മൂന്ന് വീട്ടുകാരും കർമ്മങ്ങൾ കഴിഞ്ഞ് നട അടച്ചിരുന്നു. "എന്നെ കാത്ത് നിന്നില്ലല്ലോ ഭഗവതി" എന്ന് പറഞ്ഞ് കരഞ്ഞ വടക്കേ വീട് കാരണവരുടെ കണ്ണുനീര് തിരുമുറ്റത്ത് വീഴുകയുണ്ടായി.

തിരികെ വീട്ടിലേക്ക് തിരിച്ചത് പുറച്ചേരി വഴി ആയിരുന്നു. അവിടെ പുറച്ചേരി വീട്ടിൽ ഓലക്കുടയും വെച്ച് വിശ്രമിക്കാനിരുന്നു. ദാഹമകറ്റി യാത്രയാകാൻ നേരം കുട എടുക്കാൻ സാധിക്കാതെ വരികയും കുട തനിയെ തുള്ളുന്നതായും കാണാനിടയായി. കണ്ണീരോടെ മടങ്ങിയ ഭക്തൻ്റെ കൂടെ ഇറങ്ങി വന്ന ദേവിയുടെ സാന്നിധ്യം ജ്യോതിഷ പ്രവചനത്താൽ മനസ്സിലാക്കുകയും ദേവിയെ ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുകയുണ്ടായി. അങ്ങിനെയാണ് അറത്തിൽ പിലാത്തോട്ടം ശ്രീ തായ പര ദേവതാ കിഴക്കോ ചാമുണ്ഡേശ്വരി ക്ഷേത്രം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു.

മുവാരി സമുദായത്തിന്  ആയിരം തെങ്ങ് , കുട്ടിക്കര, നീലങ്കൈ, കിഴക്കേ അറ എന്നീ നാല് കഴകങ്ങൾ കൂടാതെ ഇതിന് കീഴിൽ മറ്റ് ക്ഷേത്രങ്ങളും ഉണ്ട്. നീലേശ്വരം അങ്കക്കളരി ക്ഷേത്രം, കാട്ടുകുളങ്ങര കുതിക്കാളിയമ്മ ക്ഷേത്രം തുടങ്ങിയവ. ഇതിൽ അന്നപൂർണ്ണേശ്വരി മരക്കപ്പലേറി വന്ന് ഇരുന്നത് ആയിരം തെങ്ങിലെ ചെക്കിത്തറയിൽ എന്ന വിശ്വാസം ഉള്ളതിനാൽ ആയിരം തെങ്ങിന് ആരുഢ സ്ഥാനമായി വലിയ പ്രാധാന്യം നൽകുന്നു.

തെയ്യം
മൂന്ന് രാത്രിയും ഒരു പകലുമായി കുംഭമാസത്തിൽ (15,16,17 & 18 ) നടത്തിവരുന്ന കളിയാട്ടത്തിന് വൻഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്ഥമായ ചടങ്ങുകളും നിരവധി തെയ്യക്കോലങ്ങളും അറത്തിൽ പിലാത്തോട്ടം ശ്രീ തായ പരദേവത കിഴക്കോ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്. കളിയാട്ടത്തോടനുബന്ധിച്ച് വർണ്ണശബളമായ കാഴ്ച്ചയും വിവിധ കലാപരിപാടികളും ഉണ്ടാകാറുണ്ട്.

തെയ്യക്കോലങ്ങൾ :
കിഴക്കേറ ചാമുണ്ഡേശ്വരി
തായ പരദേവതമാർ ( അമ്മയും മകളും)
വിഷ്ണുമൂർത്തി
ഊർപ്പഴശ്ശി , വേട്ടക്കൊരുമകൻ
പുലികണ്ഠൻ
കലിക ദൈവം
വെളുത്തഭൂതം
നഗേനിയമ്മ
മീൻപിടിക്കുന്ന പൊറാട്ട്
മാഞ്ഞാളി അമ്മ
അമ്പേറ്റ് ദൈവം
      ..... തുടങ്ങിയവ
മുണ്ഡയാം പറമ്പിൽ ഭഗവതിയെ കെട്ടിയാടിക്കാറില്ല. (ആനയേയോ മനുഷ്യരെയോ ബലി കൊടുക്കണമെന്ന വിശ്വാസം)

മുണ്ടയാം പറമ്പിൽ ഭഗവതി
ഉഗ്രമൂർത്തിയായ മുണ്ടയാം പറമ്പിൽ ഭഗവതി തീഗോളം പോലെ പാഞ്ഞെടുത്തു വരുമ്പോൾ തടയാൻ ശ്രമിക്കുന്ന കിഴക്കേറ ചാമുണ്ഡിയുമായി ഘോരയുദ്ധമുണ്ടായി. പിന്നീട് ശത്രുവല്ലെന്ന് തിരിച്ചറിഞ്ഞ പക്ഷം തെക്കോട്ട് ദർശ്ശനമായി ഇരുന്നോളാൻ അനുവാദം നൽകി എന്ന് വിശ്വാസം

വയലാട്ടം 
വാളും പരിചയും എട്ട് പന്തങ്ങളുമായി ചുവടുവെച്ചു കൊണ്ട് ക്ഷേത്രത്തിന് നേരെ നീങ്ങുന്ന മുണ്ടയാം പറമ്പിൽ ഭഗവതിയുടെ കോമരത്തിനെ പ്രതീകാത്മകമായി എതിർത്തുകൊണ്ട് കിഴക്കേറ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും ചുവടുവെക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നും പാഞ്ഞടുത്തു വരുന്ന വെളുത്തഭൂതം എന്നും ഭക്തരെ ആവേശത്തിലാക്കുന്ന വ്യത്യസ്തമായ ചടങ്ങാണ്.

ചെമ്പും ചോറും എടുക്കൽ
കോലത്ത് നാട്ടിലേക്ക് അന്നപ്പൂർണ്ണേശ്വരിയുടെ എഴുന്നള്ളത്ത് സമയം ആദ്യമായി ചെക്കിത്തറയ്ക്ക് സമീപം അടുപ്പുണ്ടാക്കി ചെമ്പിൽ ചോറ് ഉണ്ടാക്കി എന്ന വിശ്വാസത്തെ അനുസ്മരിച്ച് കൊണ്ടാണ് ചെമ്പും ചോറും എടുക്കൽ എന്ന ചടങ്ങ് നടത്തുന്നത്. ചുമുണ്ഡിക്കോമരം അഞ്ചേകാൽ സേർ അരി ചെമ്പിൽ വെച്ച് സ്വയം പാകം ചെയ്യുകയും. നേരത്തേ തന്നെ ക്ഷേത്രത്തിൽ വ്രതമെടുത്ത് നിന്ന നാല് പേർ ചൂടോടെ ചെമ്പ് അടുപ്പിൽ നിന്നും എടുത്ത് 3 തവണ ക്ഷേത്രത്തെ വലം വെച്ച് കലശതറയ്ക്ക് സമീപം വയ്ക്കുന്നു. അതേ സമയം തെയ്യക്കോലങ്ങളും കോമരവും എല്ലാവരും ഇവരെ അനുഗമിക്കുന്നു.

കടപ്പാട് : ഷൈജിത്ത്, ചെങ്ങളം