Kaliyattam Every Year
ശ്രീകുറിഞ്ഞിക്ഷേത്രം
മാനവികതയുടെ നേർക്കാഴ്ച്ച
പേരുകൊണ്ട് തന്നെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് പയ്യന്നൂർ തായിനേരിയിലെ ശ്രീ കുറിഞ്ഞി ക്ഷേത്രം.
ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന (കുറിഞ്ഞി) ക്ഷേത്രം, പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഗോത്ര സംസ്ക്കാരത്തിന്റെ നേർക്കാഴ്ച്ചയാണ്.
രണ്ട് ജലസ്രോതസ്സുകൾക്കിടയിൽ (കൊക്കാനിശ്ശേരിയിലെ തോടു മുതൽ കാര യിലെ പുഴ വരെ) കൂട്ടമായി ജിവിക്കുന്ന മനുഷ്യരുടെ ആരാധനാലയമാണിത്.
മനുഷ്യരുടെ ഇടയിലേക്കിറങ്ങി വന്ന് അവരോടൊപ്പം ജീവിക്കുന്ന ദൈവക്കോലങ്ങളാണ് തെയ്യങ്ങൾ. ദൈവം കുടികൊള്ളുന്നത് മനുഷ്യരിൽത്തന്നെയാണെന്ന സന്ദേശമാണ് ഓരോ കളിയാട്ടക്കാവുകളും നമുക്ക് സമ്മാനിക്കുന്നത്.
ത്യാഗത്തിന്റെയും സൗഹൃദത്തിന്റെയും ഐതിഹ്യമാണ് ക്ഷേത്രത്തിനുള്ളത്.
പണ്ടൊരിക്കൽ അന്നൂർ തലയന്നേരി പൂമാലക്കാവിൽ നിന്നും ദേവി പൂമാലയും(ആര്യപുത്രി), അംഗരക്ഷകൻ പൂമാരുതനും (ശിവാംശമായും ചിലയിടങ്ങളിൽ വിഷ്ണുവായും കണക്കാക്കുന്നു) പയ്യന്നൂർ പെരുമാളെ (സുബ്രമണ്യൻ) ദർശിച്ചു മടങ്ങവെ വഴിയോരത്തെ മന്ദ്യത്ത് ആൽത്തറയിൽ വിശ്രമത്തിനായ് ഇരിക്കുന്നു.
വിശ്രമ സ്ഥലം പൂമാരുതന് വല്ലാതെ ഇഷ്ടമാകുന്നു, അതിഥിയായി വന്ന ദേവനെ ക്ഷേത്രത്തിലെ മറ്റ് ദേവകൾ പ്രഥമസ്ഥാനം നൽകി ആദരിക്കുന്നു.
സ്ഥാനമാനങ്ങൾക്കായി മനുഷ്യർ തമ്മിലടിക്കുന്ന ഈ കാലത്ത് കുറിഞ്ഞി ക്ഷേത്രത്തിന്റെ ഐതിഹ്യം ഏറെ പ്രാധാന്യമർഹിക്കുന്നു.
തെയ്യക്കോലങ്ങളിലെ മികവുകൊണ്ടും ക്ഷേത്ര ചടങ്ങുകൾ കൊണ്ടും ഏറെ പ്രസിദ്ധമാണിവിടം.
5 തെയ്യക്കോലങ്ങളാണ് മകരമാസം 27 മുതൽ 4 ദിവസങ്ങളിലായി ഇവിടെ കെട്ടിയാടിക്കുന്നത്.
(രക്തചാമുണ്ഡി, പുതിയ ഭഗവതി, വിഷ്ണു മൂർത്തി, പൂമാരുതൻ ദൈവം, മടയിൽ ചാമുണ്ഡി)
കളിയാട്ടത്തിന്റെ നാലാം നാൾ പുലർച്ചെ ഒറ്റക്കോലം (അഥവാ തീ ചാമുണ്ഡി) ക്ഷേത്രത്തിനകത്തു തന്നെ കെട്ടിയാടിക്കുന്ന ഒരേയൊരു ക്ഷേത്രമാണ് കുറിഞ്ഞി .
പൂമാരുതന്റെ വെള്ളാട്ടവും 3 തോറ്റങ്ങൾ (വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി) ഒരുമിച്ച് ക്ഷേത്രത്തിനെ വലം വെയ്ക്കുന്നതും, കാർഷിക വിളവുകളോടു കൂടിയ കാഴ്ച വരവിനെ ഒറ്റക്കോലം നേരിട്ട് പോയി ക്ഷേത്രത്തിനകത്തേക്ക് ക്ഷണിച്ച് കൊണ്ടു വരുന്നതും മനോഹരമായ കാഴ്ചകളാണ്.
ഉത്തര കേരളത്തിൽ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്നതും ഈ ക്ഷേത്രത്തിലാണ് അതും 3 ദിവസങ്ങളിലും.
നിതൃാരാധന ഇല്ലെങ്കിലും പൂമാരുതനും മടയിൽ ചാമുണ്ഡി യാതികളും ഒരു പള്ളിയറക്കുള്ളിൽ അപൂർവങ്ങളിൽ അപൂർവമായി കാണുന്നതോടപ്പം മഹാക്ഷേത്രങ്ങളോളം കേൾവി കേട്ടതാണ്.