Kavu Details

Kannur Vellad Sree Mahadeva Kshetram

Description

വെള്ളാട് മഹാദേവക്ഷേത്രം

തളിപ്പറമ്പ് ആലക്കോട് റൂട്ടില്‍ കരുവഞ്ചാല്‍ ടൌണില്‍ ബസ്സ്‌ ഇറങ്ങുക. അവിടെ നിന്നും കരുവഞ്ചാല്‍ – പാത്തന്‍പാറ ജനകീയ ബസ്സില്‍ ക്ഷേത്രത്തില്‍ ഇറങ്ങവുന്നതാണ്. കൂടാതെ കരുവഞ്ചാല്‍ വെള്ളാട് വഴിപോകുന്ന കുടിയാന്മല – ചെമ്പേരി ബസ്സില്‍ വെള്ളാട് ടൌണിലിറങ്ങി 600മീറ്റര്‍ നടന്നോ മറ്റ് ചെറു വാഹനങ്ങളിലോ ക്ഷേത്രത്തില്‍ എത്താവുന്നതാണ്. കരുവഞ്ചാല്‍ ടൌണില്‍ നിന്നും 4 കി.മീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

മലയോര മേഖലയിലെ ജനജീവിതത്തിന് വളരെയധികം സ്വാധീനം ചെലുത്തിയതും ഐതീഹ്യപ്പെരുമ കൊണ്ട്‌ ശ്രേദ്ധേയമായതുമായ ഒരു ശിവ ക്ഷേത്രമാണ് വെള്ളാട് ശ്രീ മഹാദേവക്ഷേത്രം. “ ഒരു നാലമ്പലത്തിനുള്ളില്‍ രണ്ടു ശ്രീകോവിലുകളിലായി ശ്രീ മഹാദേവനേയും ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിക്കും ദേവനും തുല്യ പ്രാധാന്യമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്”.

വെള്ളാട് ശ്രീ മഹാദേവന്റെ ആരൂഡമായി അറിയപ്പെടുന്നത് ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രമായിക്കൊണ്ടിരിക്കുന്ന പൈതല്‍ മലയാണ്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും, ക്ഷേത്രത്തറ, കുളം, നടക്കല്ല് മുതലായവ ഇപ്പോഴും അവിടെ കാണാവുന്നതാണ്. അന്യനാട്ടുകാരായ തസ്കരന്മാര്‍ ഈ ക്ഷേത്രം ആക്രമിക്കുകയും വിലപിടിപ്പുള്ള വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഇതുകണ്ട് ഭീതിപൂണ്ട അവിടുത്തെ പൂജാരി അമൂല്യമായ ബലിബിംബവും എടുത്തു താഴേക്ക് ഓടിപ്പോയി ഒരു പാറയുടെ അരികില്‍ പാത്തിരുന്നു എന്നും അങ്ങനെ പാത്തിരുന്ന സ്ഥലമാണ് ഇന്ന് “പത്തന്‍പാറ” എന്ന പേരിലറിയപ്പെടുന്നതെന്നും ഐതിഹ്യം പറയുന്നു. എന്നാല്‍ പൂജാരിയെ പിന്തിടര്‍ന്നു വന്ന നാട്ടുരാജാക്കന്മാര്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും ബലിബിംബം (ബാലിവിഗ്രഹം) പിടിച്ചു വാങ്ങി വലിച്ചെറിയുകയും വിഗ്രഹം വീണിടത്ത് ജലപ്രവാഹം ഉണ്ടായതായും ആ ജലത്തില്‍കൂടി ബലിബിംബം താഴേക്ക്‌ ഒഴുകി വന്നു തിങ്ങിനിന്നതായും പറയപ്പെടുന്നു. അങ്ങനെ വെള്ളവും വിഗ്രഹവും കൂടി തങ്ങി നിന്ന സ്ഥലത്തിനു “വെള്ളടഞ്ഞ” സ്ഥലമെന്നു പേര് വരികയും അത് ലോപിച്ച് ഇപ്പോള്‍ “വെള്ളാട്”എന്ന് പേരിലുമാണ് അറിയപ്പെടുന്നത്.

അന്നത്തെ കാട്ടുജാതിക്കാരായ ആദിവാസികള്‍ തടഞ്ഞു നിന്ന ബലിബിംബം കാണുകയും അത് എടുത്തുകൊണ്ടു ഇപ്പോള്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ള കാവും പറമ്പില്‍ എത്തുകയും ചെയ്തു. മേല്‍ പറഞ്ഞ അന്യനാട്ടുരാജാക്കന്മാരുടെ അക്രമം കണ്ട് കോപാക്രാന്തനായ ഭഗവന്‍ തന്റെ ഭൂതഗണങ്ങളുമായി കാവും പറമ്പില്‍ എത്തുകയും എന്നാല്‍ സംഹരമൂര്‍ത്തിയായ ഭഗവാന്‍റെ കോപം ശമിപ്പിക്കുവാനായി ചുഴലി ഭഗവതി (പാര്‍വ്വതി ദേവി) ചുഴലിയില്‍ നിന്ന് ഉടനെ പുറപ്പെടുകയും ആദ്യം വെച്ച കാല്‍ “നടുവിലും” രണ്ടാമത് കാവും കുടിയിലുള്ള ഇന്ന് “ഭൂദാനം” എന്നറിയപ്പെടുന്ന ചീര്‍മ്പകാവിലുമാണ് (ആ പ്രദേശം ഇപ്പോള്‍ തദ്ദേശവാസികളുടെ കൈവശമാണ്) കാലെടുത്തുവച്ചത്. അങ്ങനെ കാവും പറമ്പില്‍ വെച്ചു ദേവിദേവന്മാര്‍ കണ്ടുമുട്ടുകയും ചെയ്തു. ഇവരെ അത്ഭുതത്തോടെ നോക്കിനിന്ന കാട്ടുജാതിക്കാരോട് ഭഗവാന്‍ തന്റെ ദാഹം ശമിപ്പിക്കുവാനായി ജലം ചോദിക്കുകയും കട്ടുജാതിക്കാര്‍ കാച്ചിയ പാല്‍ ഭഗവാന് നല്‍കുകയും ചെയ്തു. പാല്‍ പാനം ചെയ്ത ഭാഗവാന്‍ പാല് കരിഞ്ഞതായി മനസ്സിലാക്കുകയും കരിമ്പാല്‍ എന്ന് പറയുകയും ചെയ്തു. ഇതുകെട്ടുനിന്ന കാട്ടുജാതിക്കാര്‍ (ആദിവാസികള്‍) കരിമ്പാല്‍ എന്നുള്ളത് തങ്ങളുടെ പേരായി പറഞ്ഞതാണെന്ന് ധരിച്ച് അവര്‍ ആ നാമം സ്വീകരിക്കുകയും “കരിമ്പാലര്‍” എന്ന് പില്‍ക്കാലത്ത് അവരെ അറിയപ്പെടുകയും ചെയ്തു. ആ വംശപരമ്പര ഈ പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളിലും ഇന്നും ജീവിച്ചു വരുന്നുണ്ട്.

തെക്കുനിന്നും വന്ന ദേവി (ചുഴലി ഭഗവതി) ഭഗവാന്‍റെ കോപം ശമിപ്പിച്ചതിനു ശേഷം ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് എത്തി ദേവനെ തന്റെ ഇടത് ഭാഗത്ത് പിടിച്ചിരുത്തുകയും ചെയ്തു. അങ്ങനെയാണ് ദേവിയുടെ ശ്രീകോവില്‍ ദേവന്റെ വലതുഭാഗത്ത് വരുവാന്‍ കാരണമായതെന്ന് ഭക്തജനങ്ങള്‍ വിശ്വസിച്ചു പോരുന്നത്. കോപം ശമിച്ചെങ്കിലും ഭഗവാന്‍റെ പ്രീതിക്കായി ചുഴലി സ്വരൂപത്തിലെ വിവിധ ദേശക്കാര്‍ ഭഗവാന് നെയ്യഭിഷേകം നടത്തുകയുണ്ടായി ഏതാണ്ട് 38 ഓളം നെയ്യഭിഷേക (നെയ്യമൃത്) സംഘങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നാമമാത്രമായ സംഘങ്ങളെ നിലവിലുള്ളൂ.

ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് പാറ്റാക്കളം എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്ത് “കാളിയാര്‍മട” എന്നൊരു സ്ഥലവും അവിടെ വനദേവത കൂടികൊണ്ടിരിക്കുന്നതായി പറയുന്നു. ആ വനദേവത വെള്ളാട് ശ്രീ മഹാദേവന്റെ ആഗമനം അറിഞ്ഞ് ദേവസന്നിധിയില്‍ എത്തുകയും ഭഗവാന്‍ ദേവതയെ സ്വീകരിച്ച് അല്പം വടക്കുഭാഗത്തെയ്ക്ക് മാറ്റി ഇരുത്തുകയും ചെയ്തു. ആ വനദേവതയാണ് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ചോരിഞ്ഞുകൊണ്ട് ക്ഷേത്രത്തിനു പുറത്തുള്ള ശ്രീകോവിലില്‍ കുടികൊള്ളുന്ന ചുഴലി ഭഗവതി ദേവി ആയി ആചരിച്ചുവരുന്നത്.

“മഹാദേവന്റെ രൂപ പ്രതിഷ്ഠയുള്ള കേരളത്തിലെ 2 ക്ഷേത്രങ്ങളില്‍ ഒന്ന് കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രവും മറ്റൊന്ന് വെള്ളാട് ശ്രീ മഹാദേവക്ഷേത്രവുമാണ്”

” വെള്ളാട് ശ്രീ മഹാദേവ ക്ഷേത്രം “

ആറ്‌ പതിറ്റാണ്ടിനു ശേഷം  വെള്ളാട് മഹാദേവക്ഷേത്രത്തില്‍ തിരുമുടി ഉത്സവം ആരംഭിച്ചു.42 അടി ഉയരത്തില്‍ മുടിയുള്ള തമ്പുരാട്ടിയെ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയാടും.തമ്പുരാട്ടിയുടെ കോലധാരിയായി കണ്ടെത്തത്  മനോജ് മുന്നൂറ്റാനെ ആണ്.

പാര്‍വ്വതിദേവി ശ്രീ പരമേശ്വരന്റെ വലതുവശത്തിരിക്കുന്ന അപൂര്‍വ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്.കലശംകുളി,അരിചാര്‍ത്തല്‍,അണിയറയില്‍ പ്രവേശനം,കൊട്ടിപ്പാടല്‍, നട്ടത്തറ  തുടങ്ങിയ ചടങ്ങുകള്‍ നടക്കും.