Kavu Details

Kannur Vellur Kottanacheri Mahakshetram

Theyyam on Makaram 17-21 (January 31-February 04)

Description

കൊട്ടണച്ചേരി കാവ്

കൊട്ടണച്ചേരി കാവുമായി ബന്ധപ്പെട്ട  കഥയിങ്ങനെയാണ് : ഏതാണ്ട് നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഒരു നാൾ നട്ടുച്ച നേരത്തു തേജസ്വികളായ രണ്ട് നായന്മാർ വെയിൽ നീന്തി നടന്നെത്തിയത് വെള്ളൂർ തറയിലായിരുന്നു. കൊട്ടൻ എന്നു പേരായ തീയ്യ തറവാട്ട് കാരണവർ അത് വഴി പോയപ്പോൾ ക്ഷീണം മാറ്റാൻ ആൽത്തറയിലിരിക്കുന്ന രണ്ടു പേരെയും കണ്ടു സഹാനുഭൂതി തോന്നിയതിനാൽ തൊട്ടടുത്ത തെങ്ങിൽ കയറി രണ്ടു ഇളനീർ താഴെ ഇടാതെ തൂക്കിയെടുത്തു താഴെയിറങ്ങി രണ്ടുപേർക്കും ചെത്തി കൊടുത്തു.

എന്നാൽ കിട്ടിയ ഉടനെ രണ്ടു പേരിൽ ഒരാൾ അത് കുടുകുടെ കുടിക്കുകയും മറ്റെയാൾ  കൊട്ടൻ കാരണവരുടെ ജാതി ചോദിച്ചറിഞ്ഞു ഇളനീർ ആൽത്തറയിൽ ഉപേക്ഷിക്കുകയും ചെയ്തു.  ഇളനീർ കുടിച്ച വേട്ടക്കൊരുമകനോട് ചങ്ങാതിയായ ഊർപഴശ്ശി ദേവൻ നീരസത്തോടെ ഇങ്ങിനെ മൊഴിഞ്ഞു. കുലമറിയാതെ കരിക്കു കുടിച്ച നീ ഈ കൊട്ടനെ ചാരിയിരുന്നോളൂ. പിണങ്ങിപിരിഞ്ഞ ഊർപഴശ്ശി ദേവൻ നേരെ കിഴക്കോട്ടു നടന്നു ആലക്കാട്ടു കളരിയിൽ ചെന്ന് ചേർന്നു.  അങ്ങിനെ കൊട്ടനെ ചാരിയ വേട്ടക്കൊരുമകൻ കുടികൊള്ളുന്ന കാവിനു കൊട്ടണച്ചേരി കാവ് എന്ന പേര് വന്നു.  

വെള്ളൂരിലെ ആ തീയ്യക്കാവ് കതിനാവെടി വഴിപാടുള്ള ഉത്തരകേരളത്തിലെ പ്രസിദ്ധമായ തെയ്യക്കാവാണ്. 

കൊട്ടണച്ചേരി കാവിനു മുന്നിലെ മഞ്ചൽ : ചിറക്കൽ കോവിലകത്തെ തമ്പുരാൻ തെയ്യത്തെ ധിക്കരിക്കാൻ ശ്രമിച്ചതിന് കിട്ടിയ ശിക്ഷയെ ഓർമപ്പെടുത്തുന്ന മുദ്രയാണത്രെ ഈ പള്ളിമഞ്ചൽ. അന്നൊരു മകരം മാസം ചിറക്കൽ തമ്പുരാൻ വാരം നെല്ലളവ് തിട്ടപ്പെടുത്താൻ കൊട്ടൂർമഠത്തിലേക്ക് മഞ്ചലേറി വന്നതായിരുന്നു. നെല്ലളവ് കഴിഞ്ഞു തമ്പുരാൻ ചിറക്കലേക്ക് തിരിച്ചു. ചൂരിയത്തോട് വയൽ വരമ്പിലൂടെ അമാലന്മാർ ഹീ ഹോ മുഴക്കിക്കൊണ്ട് മഞ്ചലും ചുമന്നു കൊട്ടണച്ചേരി കാവിനടുത്തെത്തി. ചെണ്ടമേളവും കതിനവെടിയും ആളും ആരവങ്ങളും കണ്ടു കോപാകുലനായ തമ്പുരാൻ കാര്യമന്വേഷിച്ചു. തന്റെ എഴുന്നെള്ളത്ത് അറിയാതെ കൊട്ടും പാട്ടും തെയ്യാട്ടവും നടത്തുന്നതിൽ അസഹിഷ്ണുവായി വേഗം തെയ്യം നിർത്തണമെന്ന് തമ്പുരാൻ കൽപ്പിച്ചു. രണ്ടു നായന്മാർ കൽപ്പന അറിയിക്കാൻ കാവിലേക്ക് പാഞ്ഞു ചെന്നു. അവർ തിരിച്ചു വരാത്തതിൽ കോപാകുലനായ തമ്പുരാൻ മഞ്ചലും താഴ്ത്തി കൂട്ടത്തിലുള്ള പട്ടരെ അങ്ങോട്ടയച്ചു. എന്നാൽ തിരുനൃത്തമാടുന്ന വേട്ടയ്ക്കൊരുമകന്റെ തീഷ്ണ നോട്ടത്തിൽ പോയവർ മൂന്നും മരിച്ചു വീണതറിഞ്ഞ തമ്പുരാൻ വേഗം സ്ഥലം വിടാനൊരുങ്ങി. പക്ഷെ അമാലന്മാർ എത്ര ശ്രമിച്ചിട്ടും മഞ്ചലുയർത്താൻ കഴിഞ്ഞില്ല. പരിഭ്രാന്തനായ തമ്പുരാൻ ചെയ്തുപോയ അപരാധം പൊറുക്കണമെന്നു ദേവനോട് കേണപേക്ഷിച്ചു. അന്ന് വരെ നടന്നു വന്ന ഒരു ദിവസത്തെ കളിയാട്ടം മൂന്നു ദിവസത്തെ കളിയാട്ടമായി നടത്താനാവശ്യമായ ഭൂസ്വത്തും ദ്രവ്യങ്ങളും കാവിലേക്ക് ചാർത്തിക്കൊടുത്തു തമ്പുരാൻ പ്രായശ്ചിത്തം ചെയ്തു. 

കളിയാട്ടക്കാലത്ത് കാവിൽ കെട്ടിയാടുന്ന പട്ടരും കിടാങ്ങളും അന്ന് തെയ്യം മുടക്കാൻ തമ്പുരാൻ പറഞ്ഞു വിട്ടവരുടെ തെയ്യക്കോലങ്ങളാണ്. കാവിനു താഴെ തെയ്യം അന്ന് താഴ്ത്തിയ മഞ്ചലിന്റെ മാതൃക ഇന്നും നിലകൊള്ളുന്നു. 

Location