Kavu Details

Kasaragod Kanhangad Madiyan Koolom Kshetrapalaka Kshetram

Theyyam on Edavam 10-11 (May 24-25)

Description

Kalasolsavam

മഡിയൻ (മടിയൻ) കൂലോം 

ചരിത്രവും ഐതിഹ്യവും വേർത്തിരിച്ചെടുക്കാൻ കഴിയാത്തതരത്തിൽ ഇഴപിരിഞ്ഞു കിടക്കുന്നൊരു ഭൂതകാല പശ്ചാത്തലത്തിൽ നിന്നുമാണ്‌ മഡിയൻ കൂലോമും അതിന്റെ പുരാവൃത്തവും ആരംഭിക്കുന്നത്‌. കെട്ടുകഥകളെന്ന് പറഞ്ഞു തള്ളിക്കളയാവുന്ന ഒരു ഐതിഹ്യവും മഡിയൻ കൂലോമിനില്ല. പകരം ചരിത്ര പ്രാധാന്യമർഹിക്കുന്ന പുരാവൃത്തങ്ങളാണ് അവയെല്ലാം. 

മഡിയൻ കൂലോമിനെ കുറിച്ച്‌ കേൾക്കാത്തവർക്ക്‌ എന്തിനെ കുറിച്ചാണ്‌ പറയുന്നത്‌ എന്ന് മനസ്സിലായിട്ടുണ്ടാവില്ല. 

എന്താണ്‌ മഡിയൻ കൂലോം? 

മഡിയന്റെ അഥവാ മടിയന്റെ കോവിലകമാണ്‌ മഡിയൻ കൂലോം ആയി മാറിയത്‌. മടിയൻ ദൈവമായി മാറിയപ്പോൾ കൂലോം ക്ഷേത്രമായി മാറി. മടിയൻ കൂലോം എന്നത്‌ ഒരു ക്ഷേത്രമാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. 

ആരാണ്‌ മടിയൻ? 

മഡിയൻ കൂലോം ക്ഷേത്രത്തിലെ ക്ഷേത്രപാലകനാണ്‌ മടിയൻ. ക്ഷേത്രപാലന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും കാളരാത്രിയമ്മയാണ്‌ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കാളരാത്രിയമ്മയുടെ മകനാണ്‌ ക്ഷേത്രപാലകനായ മടിയൻ എന്നാണ്‌ വിശ്വാസം. ചുറ്റമ്പലത്തിനുള്ളിലാണ്‌ കാളരാത്രിയമ്മയുടെ പ്രതിഷ്ഠ. ചുറ്റമ്പലത്തിനു പുറത്ത്‌ ചതുരാകൃതിയിലുള്ള വലിയൊരു ഇരുനില ശ്രീകോവിലിലാണ്‌ ക്ഷേത്രപാലകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. 

മഡിയൻ കൂലോമിന്റെ പുരാവൃത്തം കോലത്തിരി രാജവംശമായും നീലേശ്വരം രാജവംശമായും ബന്ധപ്പെട്ടിരിക്കുന്നു. സംഘകാലഘട്ടത്തിന്റെ ആദ്യകാലങ്ങളിൽ ഇന്നത്തെ കേരളം പ്രധാനമായും മൂന്ന് രാജവംശങ്ങളായിരുന്നു ഭരിച്ചിരുന്നത്‌. ആയ്‌കുടി ആസ്ഥാനമാക്കി ഭരിച്ചിരുന്ന ആയ്‌ രാജവംശം, വഞ്ചി ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേര രാജവംശം, ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന  മൂഷിക രാജവംശം എന്നിവയായിരുന്നു അവ. അതിൽ  മൂഷിക രാജ്യം എന്നത് തെക്ക്‌ കോരപ്പുഴ മുതൽ വടക്ക്‌ ചന്ദ്രഗിരി പുഴ വരെയുള്ള അത്യുത്തര മലബാർ പ്രദേശങ്ങളായിരുന്നു. പിൽക്കാലത്ത് ചേരന്മാർ പ്രബലരായി തീർന്നപ്പോൾ  മൂഷിക രാജ്യം ചേരന്മാർക്ക്‌ കീഴ്‌പ്പെട്ടു.

കാലഘട്ടം പിന്നേയും മാറി. ആദി ചേരന്മാരുടെ സ്ഥാനത്ത് മഹോദയപുരം കേന്ദ്രമാക്കി ചേരപ്പെരുമാക്കന്മാർ ഭരണം സ്ഥാപിക്കുകയും നൂറ്റാണ്ടുകൾക്കു ശേഷം പെരുമാൾ ഭരണത്തകർച്ചയെ തുടർന്ന് കേരളം പലതായി വിഭജിക്കപ്പെടുകയും കോരപ്പുഴ മുതൽ ചന്ദ്രഗിരി പുഴ വരെയുള്ള പഴയ  മൂഷിക പ്രദേശങ്ങൾ ചേര ഭരണത്തിൽ നിന്ന് സ്വതന്ത്രമായി കോലത്തുനാട്‌ എന്ന പേരിൽ ഏഴിമല കേന്ദ്രമാക്കി ഭരണം പുനസ്ഥാപിക്കുകയും ചെയ്തു എന്ന് ലളിതമായി പറയാം. ചേര വംശത്തോളം പഴക്കമുള്ള  മൂഷിക വംശത്തിന്റെ പിൻതുടർച്ചക്കാരായാണ്‌ കോലത്തുനാട്‌ രാജവംശം അറിയപ്പെടുന്നത്‌. ഈ രാജവംശത്തിലെ ഭരണാധികാരിയെ കോലത്തിരി എന്നാണ്‌ അഭിസംബോധന ചെയ്തിരുന്നത്‌. കോലത്തുനാട് രൂപപ്പെട്ടപ്പോൾ രാജ്യത്തിന്റെ വടക്കൻഭാഗങ്ങളുടെ ഭരണകാര്യങ്ങളിൽ  രാജാവിന് വേണ്ടത്ര നിയന്ത്രണങ്ങളോ അധികാരങ്ങളോ ഉണ്ടായിരുന്നില്ല. കവ്വായിപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള ഭാഗങ്ങൾ എട്ട്‌ കുടക്കൽ പ്രഭുക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. അവർ കോലത്തിരുടെ അധികാരം അംഗീകരിച്ചിരുന്നില്ല. ഈ പ്രഭുക്കളിൽ പ്രധാനികൾ അള്ളോൻ എന്ന അല്ലോഹലനും അനുജൻ മന്നോനുമായിരുന്നു. അള്ളോൻ ആയിരുന്നു ഈ പ്രദേശത്തെ പ്രബലനായ നാടുവാഴി. അതിനാൽ ഈ പ്രദേശം അള്ളോന്റെ ഇടം എന്ന അർത്ഥത്തിൽ അള്ളടം എന്ന് അറിയപ്പെട്ടു. 

മൂഷിക രാജ്യത്തിന്റെ ഭാഗമായിരുന്ന അള്ളടം പ്രദേശത്തെ അധികാരം തിരികെ പിടിക്കാനും അള്ളോനേയും മന്നോനേയും മറ്റ്‌ പ്രഭുക്കളേയും നിഷ്‌കാസിതരാക്കുവാനും കോലത്തിരി തീരുമാനിച്ചു. 3000 പേരടങ്ങുന്ന ഒരു പടയെ അതിനായി കോലത്തിരി അള്ളടത്തേക്ക്‌ അയച്ചു. ആ പടയുടെ സൈന്യാധിപനായിരുന്നു ക്ഷേത്രപാലകൻ. അല്ലോഹലന്റെ ഭരണകേന്ദ്രമായിരുന്ന കോവിലകമാണ്‌ മടിയൻ കൂലോം ആയി മാറിയ ക്ഷേത്രം. മടിയന്‍ കോവിലകത്തേയും നീലേശ്വരം മന്നംപുറത്ത് കാവിലേയും തെയ്യം കെട്ടുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളില്‍ നിന്നുമാണ് ഈ സഹോദരന്മാരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. മന്നംപുറത്ത്‌ കാവിന്‌ ആപേരുവന്നത്‌ മന്നോനിൽ നിന്നായിരിക്കണം. മന്നംപുറത്ത്‌ കാവും മടിയൻ കൂലോമുമെല്ലാം അള്ളടം സ്വരൂപമെന്ന നീലേശ്വരം കോവിലകവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കോലത്തിരി രാജവംശത്തിൽ നിന്ന് നീലേശ്വരം രാജവംശത്തിലേക്കുള്ള ചരിത്ര യാത്ര ഇവിടെ നിന്ന് ആരംഭിക്കുകയായി. അതേ കുറിച്ച്‌ പിന്നീട്‌ പറയാം. എഴുത്തുകൾ ഇവിടെ അവസാനിക്കുന്നില്ലല്ലോ. 

മടിയൻ കൂലോമിന്‌ തൊട്ടടുത്താണ്‌ കാഞ്ഞങ്ങാട്‌ പട്ടണം. കാഞ്ഞൻ എന്ന പ്രാദേശിക ഭരണാധിപന്റെ കീഴിലായിരുന്ന പ്രദേശമാണ്‌ കാഞ്ഞങ്ങാട്‌ ആയിമാറിയത്‌ എന്നൊരു പ്രബല അഭിപ്രായമുണ്ട്‌. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്‌ ഈ പ്രദേശങ്ങൾ അനേകം ഇടപ്രഭുക്കന്മാരുടെ കീഴിലായിരുന്നു എന്നാണ്‌. മന്നോന്‍ കാര്യങ്കോട് പുഴയ്ക്ക് തെക്ക് മുതൽ തൃക്കരിപ്പൂര് ദേശം വരെ വാണതായി പറയുന്നു. ഉദിനൂരിലായിരുന്നു മന്നോന്റെ കോവിലകം. ഉദിനൂർ കോവിലകം ഉദിനൂർ കൂലോമായി രൂപാന്തരപ്പെട്ടു. മടിയനിൽ അള്ളോനെ ആക്രമിച്ച്‌ കോവിലകം പിടിച്ചടക്കി കോവിലകത്ത്‌ കയറി പ്രതിഷ്ഠയായി തീർന്ന ക്ഷേത്രപാലകൻ ഉദിനൂർ കൂലോമിലും ദൈവമായി പ്രതിഷ്ഠിക്കപ്പെട്ടു. മന്നോന്റെ  ഉദിനൂർ കോവിലകവും ക്ഷേത്രപാലകൻ പിടിച്ചടക്കിയതാണ്‌. 

ഒരു വർഷത്തോളം യുദ്ധം ചെയ്തിട്ടും അള്ളടദേശം പിടിക്കാൻ ക്ഷേത്രപാലകന് കഴിഞ്ഞില്ലത്രേ. അവസാനം തന്ത്രത്തിലൂടെ അള്ളോനേയും മന്നോനേയും വധിച്ച് കോട്ടയും കോവിലകവും ക്ഷേത്രപാലകൻ പിടിച്ചെടുക്കുകയായിരുന്നു. യുദ്ധ വിജയത്തോടെ അള്ളടദേശത്തെ പരദേവതയായി ക്ഷേത്രപാലകൻ ഉയർത്തപ്പെട്ടു. കുടയ്ക്കൽ പ്രഭുക്കളെയോരോന്നായി വധിച്ച ക്ഷേത്രപാലകൻ അള്ളടം ദേശത്തെ പൂർണ്ണമായും കോലത്തിരിയുടെ മേൽക്കോയ്‌മയ്ക്കു കീഴിൽ കൊണ്ടുവന്നു. കവ്വായിപ്പുഴയുടെ തീരത്തുള്ള തൃക്കരിപ്പൂർ ദേശം മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള ദേശങ്ങളെ ചേർത്തുകൊണ്ട് അള്ളടം സ്വരൂപമെന്ന നീലേശ്വരം രാജ്യം സ്ഥാപിച്ചു കൊണ്ട്‌ കോലത്തിരിയുടെ അനന്തിരവൻ കേരളവർമ്മ ഭരണം ഏറ്റെടുത്തു.

നെടുങ്ങനാട്ടിലെ അന്തിമഹാകാളനെ പോലെ ഏറനാട്ടിലേയും കുറുമ്പ്രനാട്ടിലേയും വേട്ടക്കൊരുമകനെ പോലെ അള്ളട ദേശത്തെ കുലദൈവമായി മാറുകയായിരുന്നു ക്ഷേത്രപാലകനെന്ന യുദ്ധ വീരൻ. വേട്ടക്കൊരുമകനും അന്തിമഹാകാളനും ശാസ്താവും ക്ഷേത്രപാലകനുമൊക്കെ യുദ്ധ ദേവതകളും വീരാരാധനയിൽ അധിഷ്ഠിതമായ പുരാവൃത്തങ്ങളിലെ നായകന്മാരുമാണെന്ന വസ്തുത ഈ പ്രാദേശിക ദ്രാവിഡ ദൈവീക സങ്കൽപ്പങ്ങളുടെ സാമ്യതകളിലേക്ക്‌ വിരൽചൂണ്ടുന്നു. 

ഇന്നുമിവിടെ തെയ്യങ്ങളിലൂടെ അള്ളോനും മന്നോനും ക്ഷേത്രപാലകനുമൊക്കെ പുനർജനിക്കുകയും അള്ളടദേശം പിടിച്ചെടുത്ത യുദ്ധം ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നു. രാജാവായ കോലത്തിരിക്ക്‌ കീഴ്പ്പെടാതെ അത്യുത്തര മലബാർ പ്രദേശങ്ങൾ ഭരിച്ച അള്ളോനേയും മന്നോനേയും അസുരന്മാരായിട്ടാണ്‌ ക്ഷേത്രപാലകന്റെ തെയ്യം അഭിസംബോധന ചെയ്യുന്നതത്രേ. എന്നാൽ സാമ്രാട്ടായ കോലത്തിരിയെ വകവയ്ക്കാതെ സ്വന്തം നാട്‌ ഭരിക്കുകയും  അടിയറവ്‌ പറയാതെ, അടിമത്തം സ്വീകരിക്കാതെ പോരാടി അവസാനം ധീരരായി മരണം വരിക്കുകയും ചെയ്ത ഈ സഹോദരങ്ങൾക്കും വീരപരിവേഷം ഇവിടെ ലഭിക്കുന്നുണ്ട്‌. അങ്ങനെയൊരു വീക്ഷണത്തിലൂന്നിയ വിലയിരുത്തലുകളും കുറവല്ല. 

യുദ്ധം നയിച്ച്‌ വടക്കോട്ടെഴുന്നള്ളിയ ക്ഷേത്രപാലകൻ കാളരാത്രിയമ്മയുടെ തണ്ണീരമൃത്‌ നെയ്യപ്പത്തിൽ ആകൃഷ്ടനായി അവിടെത്തന്നെ നിലയുറപ്പിച്ചു എന്നാണ് കഥ. കാളരാത്രിയമ്മ ക്ഷേത്രപാലകനോട്‌ ചിത്താരിപ്പുഴ കടന്ന് വടക്കോട്ട്‌ പോകാൻ പറഞ്ഞെങ്കിലും ക്ഷേത്രപാലകൻ പോകാതെ മടിപിടിച്ചിരുന്നു. ഇതുകണ്ട്‌ കാളരാത്രിയമ്മ ക്ഷേത്രപാലകനെ മടിയനെന്ന് വിളിച്ചു. അപ്രകാരം ഈ പ്രദേശത്തിനും മടിയൻ എന്ന് പേരുകിട്ടി എന്നാണ്‌ ഐതിഹ്യം.

കേരളീയ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനേകം ദാരുശിൽപങ്ങൾ കാണാം. പടിഞ്ഞാറേ ഗോപുരത്തിന്റെ മുകൾത്തട്ടിലും തെക്കിനി മണ്ഡപത്തിലും കിഴക്കു വശത്തെ കുളത്തിന്റെ മണ്ഡപത്തിലുമായാണ് ഈ ദാരുശിൽപങ്ങളെല്ലാം കാണപ്പെടുന്നത്. തെക്കിനി മണ്ഡപത്തിൽ ദക്ഷയാഗം, സീതാ സ്വയം വരം, രാമലക്ഷ്മണൻമാരുടെ വനയാത്ര എന്നിങ്ങനെയുള്ള കൊത്തുപണികളാണുള്ളത്. കൂടാതെ മണ്ഡപത്തിന്റെ ചുമരിൽ നരസിംഹാവതാരത്തിന്റെ ഒരു ചുമർചിത്രവുമുണ്ട്‌. ഇവിടുത്തെ കരിങ്കൽ തൂണുകളിലും കാണാം ശിൽപവേലകൾ. പടിഞ്ഞാറേ ഗോപുരത്തിൽ പാലാഴിമഥനം, കാളിയമർദ്ദനം, അനന്തശയനം തുടങ്ങിയവ ചിത്രീകരിച്ചിരിക്കുന്നു.

ക്ഷേത്രക്കുളത്തിനു സമീപത്തെ മണ്ഡപത്തിലെ ശിൽപ്പങ്ങൾക്ക്‌ സിൽവർ പെയിന്റടിച്ച് സ്വാഭാവികത നഷ്ടപ്പെടുത്തിയിട്ടുണ്ട്. വടക്കൻ മലബാറിൽ സാധാരണ കാണുന്ന രീതിയിൽ; ക്ഷേത്രക്കുളത്തിന്റെ പടവുകളിലെ ത്രികോണാകൃതിയിലുള്ള അലങ്കാര നിർമ്മിതികൾ കുളത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ക്ഷേത്രത്തിൽ രണ്ട് കുളങ്ങളുണ്ട്; കിഴക്കുവശത്തും വടക്കുവശത്തും. കിഴക്കുവശത്തെ കുളത്തിൽ മാത്രമാണ്‌ പൊതുജനങ്ങൾക്ക്‌ ഇറങ്ങാൻ അനുവാദമുള്ളത്. ചുറ്റമ്പലത്തിൽ കയറുന്നതിനു മുൻപ്‌ കുളത്തിൽ ചെന്ന് കയ്യും കാലും കഴുകണമെന്നുണ്ട്‌. കുളത്തിനപ്പുറം വയലും അതിനപ്പുറം ചിത്താരിപ്പുഴയുമാണ്‌. വടക്കേ കുളത്തിനോട്‌ ചേർന്ന് പഴക്കമേറിയ ഒരു കുളപ്പുരയും കെട്ടിടവുമുണ്ട്‌. ക്ഷേത്രമൈതാനത്ത്‌ കൂറ്റൻ ആലുകളും അരളിയും തണൽ വിരിച്ചു നിൽക്കുന്നു. ക്ഷേത്രത്തിന്‌ അൽപം മുന്നിലായി ഒരു ആലിന്‌ വളരെ ഉയരത്തിൽ കെട്ടിയ വീതിയേറിയ തറ വളരെ മനോഹരമാണ്‌.  പ്രവേശന ഭാഗത്തിനടുത്ത്‌ നമസ്‌കരിക്കുന്ന ആനയുടെ രൂപം വെട്ടുകല്ലിൽ തീർത്തിരിക്കുന്നത്‌ കാണാം. 

ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും പൂജ ചെയ്യാൻ അവകാശമുള്ള അപൂർവ്വം ക്ഷേത്രമാണിത്‌. രാവിലെയും വൈകീട്ടും  മണിയാണി സമുദായക്കാരാണ് പൂജ ചെയ്യുക. ഉച്ചയ്ക്ക് ബ്രാഹ്മണർക്കാണ് പൂജയ്ക്കുള്ള അവകാശം. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്‌. 

കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലാണ്‌ മഡിയൻ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്ടു നിന്നും അഞ്ച് കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. 

കടപ്പാട്: ഹരി എൻ ജി ചേർപ്പ്

Location