ആണ്ട് കളിയാട്ടത്തിന്റെയും പെരുങ്കളിയാട്ടത്തിന്റെയും അപൂർവ്വത
വൈവിധ്യങ്ങളുടെ സമ്പന്നതയാണ് തെയ്യത്തെ മറ്റ് അനുഷ്ഠാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.ഒരേ തെയ്യം പോലും ദേശത്തിനും, ഭാവത്തിനും, ആരൂഡത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം.മറ്റ് അനുഷ്ഠാന കലകളിൽ നിന്ന് തെയ്യത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ് ഈ സവിശേഷത.
ഈ വൈവിധ്യം തെയ്യത്തിന്റെ അനുഷ്ഠാന ചടങ്ങുകളിലും കാണാവുന്നതാണ്.ആണ്ട് കളിയാട്ടം, മുവാണ്ട് കളിയാട്ടം, അഞ്ചാണ്ട് കളിയാട്ടം, പെരുങ്കളിയാട്ടം എന്നിങ്ങനെ പോകുന്നു ചടങ്ങിലെ ഒരു വ്യത്യസ്തത. ക്ഷേത്രത്തിനും ഉപാസിക്കുന്ന ദേവതസങ്കൽപ്പത്തിനും അനുസരിച്ച് ഈ മാറ്റം കാണാം. പൊതുവെ ഏതെങ്കിലും ഒരു തരത്തിലുള്ള കളിയാട്ട രീതിയാണ് ഒരോരോ ക്ഷേത്രങ്ങളിലും കണ്ടുവരിക.ഉദാഹരണത്തിന് ആണ്ട് കളിയാട്ടം നടക്കുന്ന ഇടത്ത് മറ്റ് കളിയാട്ടങ്ങൾ ഉണ്ടാകാറില്ല. പെരുങ്കളിയാട്ടം നടക്കുന്നിടത്താകട്ടെ പതിറ്റാണ്ടുകളുടെ ഇടവേളയിൽ നാടിന്റെ തന്നെ ഉത്സവമായി കളിയാട്ടം നടത്തപ്പെടുന്നതാണ് രീതി.
എന്നാൽ ആണ്ട് കളിയാട്ടം നടക്കുന്ന അതേ ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം കൊണ്ടാടുന്നത് തെയ്യലോകത്തിലെ തന്നെ അപൂർവ്വതയാണ്.അത്തരമൊരു അപൂർവതയ്ക്ക് വേദിയാകുന്ന ക്ഷേത്രമാണ് നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രം. എല്ലാവർഷവും ആണ്ട് കളിയാട്ടം നടക്കുന്ന കഴകത്തിൽ ഒരു വ്യാഴവട്ടത്തിന്റെ ഇടവേളയ്ക്ക് പെരുങ്കളിയാട്ടവും കൊണ്ടാടാറുണ്ട്.
പ്രധാന ആരാധനമൂർത്തിയായ കേണമംഗലത്ത് ഭഗവതി ഒരു വ്യാഴവട്ടത്തിന്റെ ഇടവേളയിൽ മാത്രമാണ് ഭക്തർക്ക് ദർശന സൗഭാഗ്യം നൽകുന്നത്. 5 ദിനങ്ങളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിൽ അവസാന ദിവസമാണ് നാൽപ്പത്തിരടി ഉയരമുള്ള ഭഗവതിയുടെ തിരുമുടി ഉയരുക. പ്രധാന ആരാധന മൂർത്തിക്ക് പുറമെ നാലോളം തെയ്യങ്ങളും പെരുങ്കളിയാട്ടത്തിൽ അധികമായി അരങ്ങിലെത്തും.
എല്ലാവർഷവും വൃശ്ചികം 15, 16 തീയ്യതികളിലാണ് കഴകത്തിലെ ആണ്ട് കളിയാട്ടം. ഈ കളിയാട്ടത്തിൽ പാടാർകുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, പുതിയ ഭഗവതി, കാലിച്ചാൻ, തൂവക്കാരൻ, രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. പെരുങ്കളിയാട്ടം ഒരു വ്യാഴവട്ടക്കാലത്തിന്റെ ഇടവേളക്ക് ശേഷമാണ് കൊണ്ടാടുക.
ഒരോ ക്ഷേത്രത്തിലെയും ദേവചൈതന്യം കാലപ്പഴക്കത്തിൽ ക്ഷയിക്കുമെന്നും അതിനാൽ 12 വർഷത്തിലൊരിക്കൽ ശുദ്ധികലശം നടത്തി ദേവ ചൈതന്യം പൂർവ്വസ്ഥിതിയിലാക്കണമെന്നുമാണ് പൂർവ്വിക മതം.ഇതിൻ പ്രകാരം ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളക്ക് ശേഷം ക്ഷേത്രത്തിൽ കലശാട്ട് നടത്തുന്നത് പതിവാണ്.ഇതിനോടനുബന്ധിച്ച് അതേ വർഷം തന്നെയോ സമീപവർഷങ്ങളിലോ ദൈവഹിതം അനുസരിച്ച് പെരുങ്കളിയാട്ടം കൊണ്ടാടുന്നതാണ് രീതി. ഇതുവരെ കേണമംഗലത്ത് നടത്തപ്പെട്ട പെരുങ്കളിയാട്ടമെല്ലാം ഈ രീതിയാണ് അനുവർത്തിച്ച് വരുന്നത്.
മാർച്ച് മാസം ആദ്യവാരമാണ് 5 ദിവസങ്ങളിലായുള്ള പെരുങ്കളിയാട്ടം നടക്കുന്നത്. പെരുങ്കളിയാട്ടത്തിൽ ആണ്ട് കളിയാട്ടത്തിലെ തെയ്യങ്ങളെ കൂടാതെ നാഗരാജാവ്, നാഗകന്നി, ഗുളികൻ, കേണമംഗലത്ത് ഭഗവതി എന്നീ തെയ്യങ്ങളും കെട്ടിയാടും.നിലവിൽ കഴകത്തിൽ രണ്ട് പെരുങ്കളിയാട്ടങ്ങൾ നടന്നതായാണ് കണക്കാക്കപ്പെടുന്നത്. 1990 ലെ പെരുങ്കളിയാട്ടത്തിന് മുൻപ് പെരുങ്കളിയാട്ടം നടന്നത് ഇപ്പോഴത്തെ തലമുറയ്ക്ക് അറിവില്ല. 1990 ന് ശേഷം 2008 ൽ രണ്ടാമത്തെ പെരുങ്കളിയാട്ടത്തിന് കഴകം സാക്ഷിയായി.
കേണമംഗലം കഴകത്തിലെ മൂന്നാം പെരുങ്കളിയാട്ടത്തിനാണ് ഇപ്പോൾ കേളികൊട്ട് ഉയരുന്നത്. 2025 മാർച്ച് 1 മുതൽ 9 വരെയാണ് നവീകരണ കലശവും പെരുങ്കളിയാട്ട മഹോത്സവവും നടക്കുന്നത്. ദേവപ്രശ്നത്തിൽ കുംഭമാസത്തിൽ തന്നെ നവീകരണ കലശ മഹോത്സവത്തിനും കേണമംഗലത്തമ്മയുടെ പന്തൽ മംഗലത്തിനും ശുഭമുഹൂർത്തം കണ്ടതിനാൽ 2025 മാർച്ച് 1 മുതൽ 9 വരെ വിപുലമായ രീതിയിൽ ഉത്സവം നടത്തപ്പെടുകയാണ്.
*ഐ ടി& സോഷ്യൽ മീഡിയ_
കേണമംഗലം കഴകം പെരുങ്കളിയാട്ട മഹോത്സവം 2025*
---------------------------------
⭕ വാട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/J4Znnl0dAsM3AnYOKPYj7C
⭕ ഇൻസ്റ്റാഗ്രാം
https://www.instagram.com/kenamangalamperumkaliyattam25?igsh=MTc5MTNhNTNvODhjbQ==
⭕ ഫേസ്ബുക്ക്
https://www.facebook.com/profile.php?id=61565483055570&mibextid=ZbWKwL
കേണമംഗലത്തമ്മയുടെ പന്തൽ മംഗലത്തിന് വിളംബരമോതാൻ അംഗനമാർ ഒരുങ്ങുന്നു
പതിനേഴാണ്ടിന് ശേഷം വിരുന്നെത്തുന്ന കേണമംഗലത്തമ്മയുടെ പന്തൽ മംഗലത്തിന് വിളംബരമോതാൻ അംഗനമാർ ഒരുങ്ങുന്നു.2025 മാർച്ച് 01 മുതൽ 09 വരെ നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ അനുബന്ധമായാണ് തിരുവാതിര അവതരിപ്പക്കുക.
ധനു മാസത്തിലെ തിരുവാതിര നാളായ ജനുവരി 12 ന് പള്ളിക്കര അമ്പല മൈതാനിയിൽ വെച്ച് 750 ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.തിരുവാതിര യുടെ പരിശീലനം കേണമംഗലം കഴകത്തിൽ ആരംഭിച്ചു.
നൃത്താധ്യാപകരായ ജയശ്രീ ടീച്ചർ, മായാ കൈലാസ് എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകുന്നു.നിലേശ്വരത്തും പരിസരത്തുമുള്ള വിവിധ ഗ്രൂപ്പുകളായി ഇരുപതോളം കേന്ദ്രങ്ങളിലാണ് പരിശീലനം നൽകുന്നതെന്നു പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, കൺവീനർ കെ രഘു എന്നിവർ അറിയിച്ചു.
ചരിത്രത്താളുകള്‍-2
1990 ലെ പെരുങ്കളിയാട്ടം
ഇന്നത്തെ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ 1990ലെ കേണമംഗലം കഴകത്തിലെ പെരുങ്കളിയാട്ടം ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്.ഒരു നൂറ്റാണ്ടിന് ശേഷമാണ് ആ വര്‍ഷം കേണമംഗലത്തമ്മയുടെ പന്തല്‍മംഗലം ആര്‍ഭാടപൂര്‍വ്വം കൊണ്ടാടിയത്.അതിന് മുന്‍പ് മറ്റൊരു പെരുങ്കളിയാട്ടം നടന്നതിന് ഇന്ന് ചരിത്രരേഖകള്‍ ഒന്നും തന്നെ ഇല്ല.ക്ഷേത്രത്തിന്റെ ഇന്നത്തെ ഈ അഭിവൃദ്ധിക്ക് കാരണഭൂതനായി ഏവരാലും സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണ് 34 വര്‍ഷക്കാലത്തോളം കഴകത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന തെക്കടവന്‍ രാഘവന്‍.
അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്നും മരണമില്ല.2008 ല്‍ ക്ഷേത്രത്തില്‍ നടന്ന പെരുങ്കളിയാട്ടത്തിനോടനുബന്ധിച്ച് അദ്ദേഹം 1990 ലെ പെരുങ്കളിയാട്ടം ഓര്‍മ്മകള്‍ പങ്കുവെക്കുകയുണ്ടായി.അതില്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ചും പെരുങ്കളിയാട്ടത്തിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചുമൊക്കെ സവിസ്തരം പ്രതിപാദിച്ചിരുന്നു.
അദ്ദേഹം പങ്കുവെച്ച കാര്യങ്ങള്‍ ഇങ്ങനെയാണ്.. 1980 ല്‍ യാദവസഭയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കെയാണ് കേണമംഗലം ക്ഷേത്രത്തിന്റെ ശോചനീയവസ്ഥയെക്കുറിച്ചറിയുന്നതും നേരില്‍ കാണുന്നതും.കാടുപിടിച്ച് ബാലാലയത്തില്‍ കിടന്ന പ്രതിഷ്ഠയെ ക്ഷേത്രം പണിത് പുനപ്രതിഷ്ഠിക്കാനുള്ള ആലോചന അങ്ങിനെയാണ് ഉണ്ടാകുന്നത്.പതിറ്റാണ്ടുകളോളം ബാലാലയത്തില്‍ കിടന്ന ദേവിയെ കലശാട്ട് കഴിച്ച് കുടിയിരുത്തണമെന്ന ആഗ്രഹത്തോടെ അദ്ദേഹം സെക്രട്ടറിയായും കണ്ണോത്ത് നാരായണന്‍ പ്രസിഡന്റുമായി പ്രവര്‍ത്തനം ആരംഭിക്കുകായിരുന്നു.
രണ്ടു വര്‍ഷങ്ങളുടെ ശ്രമഫലമായി 1982 ല്‍ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കഴകത്തില്‍ പുനപ്രതിഷ്ഠ നടന്നു.പക്ഷെ അപ്പോഴും പെരുങ്കളിയാട്ടമെന്ന ബൃഹത്തായ ചടങ്ങിന് കഴകം പ്രാപ്തമായിരുന്നില്ല. പ്രതിഷ്ഠ കഴിഞ്ഞതിനാല്‍ തന്നെ എല്ലാവരും പെരുങ്കളിയാട്ടം വേണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു.അങ്ങിനെ വര്‍ഷങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 8 വര്‍ഷത്തിനിപ്പുറം കഴകം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി.
അങ്ങിനെയാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം 1990 ല്‍ കഴകത്തില്‍ പെരുങ്കളിയാട്ടം അതിവിപുലമായ രീതിയില്‍ കൊണ്ടാടിയത്.അന്ന് മാര്‍ച്ച് 4 മുതല്‍ 9 വരെയായിരുന്നു പെരുങ്കളിയാട്ടം നടന്നതെന്നാണ് കഴിഞ്ഞ പെരുങ്കളിയാട്ടത്തിന് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവെച്ചത്.കാലഘട്ടത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഏറ്റവും വിപുലമായ രീതിയിലാണ് അ പെരുങ്കളിയാട്ടം കൊണ്ടാടിയത്.ദേശീയ തലത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യത്തോടെയാണ് 90 ലെ പെരുങ്കളിയാട്ടത്തെ പരിഗണിച്ചത്.
കളര്‍ഫോട്ടോയുടെ പ്രിന്റിങ്ങ് അത്ര സജീവമല്ലാതിരുന്ന കാലത്ത് വളരെ പ്രധാന്യമേറിയ വാര്‍ത്തകള്‍ക്കും വ്യക്തികള്‍ക്കം മാത്രമാണ് കളര്‍ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്നത്.ആ സാഹചര്യത്തില്‍ പോലും തങ്ങളുടെ പെരുങ്കളിയാട്ടത്തിന്റെ ഒരു കളര്‍ചിത്രം പത്രമാധ്യമങ്ങളില്‍ വരുത്തണമെന്ന സംഘാടകസമിതിയുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി പെരുങ്കളിയാട്ടത്തിലെ ഒരു തെയ്യത്തിന്റെ ചിത്രം അന്നത്തെ പത്രത്തില്‍ കളറില്‍ അച്ചടിച്ചുവന്ന ചരിത്രവും 90 ലെ പെരുങ്കളിയാട്ടത്തിന് സ്വന്തം.ഒരു പക്ഷെ തെയ്യം വാര്‍ത്തകളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കുകയും ചെയ്യും ഇത്.
മൂന്നാമതൊരു പെരുങ്കളിയാട്ടത്തിന് പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രം ഒരുങ്ങുമ്പോൾ കളിയാട്ടം കൊണ്ടുകൂട്ടാൻ ഏവർക്കും കരുത്താകുന്നത് ഈ ഓർമ്മകളും കൂടിയാണ്..