Kavu Details

Kasaragod Nileswaram Sree Mannanpurath Kavu Bhagavathi Kshetram

Theyyam on Edavam 18-20 (June 01-03)
Contact no :
0467-2282120

Description

കലശം ജൂൺ 1,2-3 തിയതികളിൽ - 1 ന് അകത്തെ കലശം . 2 ന് പുറത്തെ കലശവും. 3ന് കലശചന്ത.

https://youtu.be/DCk3kHhh6Vo?si=633OkSB8Lre4SaEU

https://youtu.be/77i5Z7X8-VM

 

അള്ളടത്തിലെ കളിയാട്ടകാലത്തിന് പരിസമാപ്തിയായി മന്നൻപുറത്തുകാവ് ഭഗവതിക്ഷേത്ര കലശോത്സവം..

ശാക്തേയവിധിപ്രകാരം പൂജ ചെയ്യുന്ന പ്രധാന ആരാധനാലയമാണ് നീലേശ്വരം മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രം. വർഷം തോറും എടവമാസത്തിൽ ക്ഷേത്രത്തിൽ നടക്കുന്ന കലശോത്സവം ഏറെ പ്രസിദ്ധമാണ്. കലശോത്സവത്തോടെയാണ് ഈ ദേശത്തെ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നത്. കാലവർഷം കലിതുള്ളുന്ന അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം തുലാപ്പത്തിന് തെയ്യങ്ങളുടെ തട്ടകങ്ങൾ വീണ്ടും ഉണരുമ്പോൾ, അതിന്റെ ആരംഭവും നീലേശ്വരത്താണെന്നത് തികച്ചും യാദൃച്ഛികം.

മന്നൻപുറത്ത് കാവിലെ ഈവർഷത്തെ കലശോത്സവം ജൂൺ 2 ഞായറാഴ്ച നടക്കും. കലശോത്സവം ഒരു നാടിന്റെ എന്നതിലുപരി, ഒരു ജനതയുടെ ഉത്സവം കൂടിയാണ്. വിവിധ സമുദായങ്ങളുടെ കൂട്ടായ്മയുടെയും പരസ്പര ഐക്യത്തിന്റെയും ഉത്തമോദാഹരണമാണ് കലശം. അതുകൊണ്ടു തന്നെ കലശോത്സവത്തിന് എത്തിച്ചേരുന്ന പുരുഷാരത്തിന് കൈയും കണക്കുമില്ല. മലബാർ ദേവസ്വം ബോർഡിന് കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രവും കൂടിയാണിത്.

മംഗളചണ്ഡിക പ്രഭാവത്തിലുള്ള ദേവിയുടെ ദർശനം പടിഞ്ഞാറോട്ടാണ്. രുരുജിത്ത് സമ്പ്രദായത്തിലുള്ള മധു മാംസ നിവേദ്യത്തോടു കൂടിയ പൂജയാണ് ഇവിടെയുള്ളത്. തന്ത്ര-മന്ത്രവിധിപ്രകാരം മദ്യത്തെ അമൃതാക്കി മാറ്റിയതിന് ശേഷമാണ് ദേവിക്ക് നിവേദിക്കുന്നത്. മന്ത്ര-തന്ത്രങ്ങൾ പാരമ്പര്യവിധിപ്രകാരം സ്വായത്തമാക്കിയ പിടാരർ സമുദായക്കാരാണ് ദേവിക്ക് പൂജ സമർപ്പിക്കുന്നത്. ഭട്ടാരക ബ്രാഹ്മണരാണ് ഉത്തരകേരളത്തിൽ പിടാരർ എന്ന പേരിൽ അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ മൂന്ന് പാരമ്പര്യ ട്രസ്റ്റിമാരാണുള്ളത്. വാസുദേവൻ മൂത്ത പിടാരർ, എറുവാട്ട് അച്ഛൻ കരുണാകരൻ നായർ, അരമന അച്ഛൻ കുഞ്ഞിരാമൻ നായർ.

മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി കാവിലമ്മയാണ്. മാനസികസംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ദേവീസന്നിധിയിലെത്തി തൊഴുത് പ്രാർഥിച്ച് മനഃശാന്തിയോടെ തിരിച്ചുപോകുന്ന ആയിരങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്. കേരളത്തിൽനിന്ന് മാത്രമല്ല കർണാടകയിൽനിന്ന് പോലും ചൊവ്വ, വെള്ളി എന്നീ വിശേഷ ദിവസങ്ങളിൽ ഭക്തജനസഹസ്രങ്ങൾ ക്ഷേത്ര ദർശനത്തിനെത്താറുണ്ട്. രാഷ്ട്രീയ- കലാ- സാഹിത്യ മേഖലകളിലെ നിരവധി ഉന്നത വ്യക്തികൾക്കായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടത്താറുണ്ട്.

അഷ്ടബാഹുക്കളോടുകൂടിയ പഞ്ചലോഹ ബിംബമാണ് ഇവിടെയുള്ളത്. ഖഡ്ഗം, ദർപ്പണം, പത്മകോശം, ഡമരു, ശൂലം, കപാലം, പവി, ഖേടം എന്നിവ ധരിച്ചിരിക്കുന്ന നിലയിലാണ് ദേവിയുടെ അഷ്ടബാഹുക്കൾ. തൊട്ടടുത്ത് ചതുർബാഹുക്കളോടുകൂടിയ ഭദ്രകാളിബിംബവുമുണ്ട്. ചണ്ഡകപാലിനി, സദാശിവമൂർത്തി, വിഷ്ണു, അയ്യപ്പൻ എന്നിവർക്ക് സങ്കല്പപൂജയുമുണ്ട്. ഖഡ്ഗം, നാന്ദകം എന്നീ തിരുവായുധങ്ങളും വിശേഷമായി പൂജിക്കുന്നു. സപ്തമാതൃക്കൾക്കും ക്ഷേത്രപാലകനും സങ്കല്പ പൂജയുമുണ്ട്. നിത്യവും പ്രധാനമായി മൂന്ന് പൂജകളുണ്ട്. പുലർച്ചെ നാലരയ്ക്ക് ശംഖനാദം മുഴക്കി പള്ളിയുണർത്തലോടെ നട തുറക്കും. കർക്കടകമാസത്തിൽ നട തുറക്കുന്നതിന് മുമ്പ് നാദസ്വരവാദ്യത്തോടെ പള്ളിയുണർത്തലുമുണ്ട്. ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ.

ദേവിക്ക് നിത്യവും ചാർത്താനുള്ള പൂമാലകൾ രാവിലെ തളിയിൽ നീലകണ്ഠക്ഷേത്രത്തിൽനിന്നാണ് എത്തിക്കുന്നത്. ഉച്ചക്കുള്ള വലിയ പൂജ (മഹാപൂജ ) പ്രത്യേകതയുള്ളതാണ്. പൂജയ്ക്ക് മുമ്പായി കാളിമാത്ര എന്ന താന്ത്രികവാദ്യസമർപ്പണവുമുണ്ട്. നിത്യപൂജക്ക് നിവേദ്യത്തിന്നുള്ള കലശം തിയ്യസമുദായത്തിൽപ്പെട്ട വടക്കെ കളരിക്കാരാണ് എത്തിക്കുന്നത്. പട്ടുടുത്ത് ശിരസ്സിൽ കലശം നിറച്ച പാത്രവും വലതുകൈയിൽ ചൂരൽ വടിയുമായാണ് കലശം വടക്കെ നടയിൽ എത്തിക്കുന്നത്. എന്നാൽ വർഷത്തിൽ കലശദിവസം മാത്രം ഈ അവകാശം തെക്കെ കളരിക്കാർക്കാണ്.

മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ ക്ഷേത്രപ്രദക്ഷിണം പാടില്ല എന്നത് പ്രത്യേകതയാണ്. എന്നാൽ പൂരം, കലശം, വിഷു ദിവസങ്ങളിൽ പ്രദക്ഷിണമാകാം. ചുറ്റമ്പലത്തിന് വടക്കുഭാഗം ഭദ്രകാളി- ഭൈരവ- ഭൈരവിമാരുടെ പ്രതിഷ്ഠയുള്ളതിനാലാണ് പ്രദക്ഷിണത്തിന് വിലക്ക് കല്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തിൽ പ്രധാനമായി നാല് ഉത്സവങ്ങളാണ് ആഘോഷിക്കുന്നത്- കലശം, പൂരം, വൃശ്ചികപ്പാട്ട്, മകരപ്പാട്ട്. ഇതിൽ കലശോത്സവം ഏറെ പ്രസിദ്ധമാണ്. എടവമാസത്തിലാണ് കലശോത്സവം. കാഞ്ഞങ്ങാട് മഡിയൻ ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശനാളിലാണ് ഇവിടെ നടയിൽ പ്രാർഥന നടത്തി കലശച്ചടങ്ങുകൾ ആരംഭിക്കുന്നത്. അന്ന് തെക്ക്, വടക്ക് കളരി നാഥന്മാരും കോലധാരികളും ക്ഷേത്രത്തിൽ സന്നിഹിതരായിരിക്കും. തുടർന്ന് മെയ്യാമക്കാർ രണ്ടുപേരും പൂക്കണിശനും കൂടി ദേശരാജാവായ മൂത്ത തമ്പുരാന്റെ കോവിലകത്ത് പോയി രാജാവിന്റെ തിരുസന്നിധിയിൽ വെച്ച് അദ്ദേഹത്തിന്റെ ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് കലശത്തീയതി കുറിക്കുന്നത്. ഈ വിവരം മെയ്യാമക്കാർ ക്ഷേത്രത്തിലെത്തി മൂത്ത പിടാരരെയും തെക്ക്-വടക്ക് കളരികളിൽ ചെന്ന് സ്ഥാനികരെയും കോലധാരിയായ അഞ്ഞൂറ്റാനെയും അറിയിക്കും.

കലശോത്സവം മൂന്ന് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ആദ്യദിനം അകത്തെ കലശമാണ്. അന്ന് ക്ഷേത്രത്തിൽ ഇരട്ടി നിവേദ്യത്തോടു കൂടിയ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. പുറത്തെ കലശമാണ് പ്രധാനം. മഡിയൻ കൂലോം ക്ഷേത്രത്തിൽ അകത്തെകലശം ചൊവ്വ, വെള്ളി, ഞായർ എന്നീ "കൊടിയാഴ്ച"കളിൽ ആഘോഷിക്കുമ്പോൾ, മന്നൻ പുറത്ത് കാവിൽ പുറത്തെ കലശമാണ് കൊടിയാഴ്ചകളിൽ നടക്കുന്നത്. ഇക്കുറി ജൂൺ ഒന്നിന് അകത്തെ കലശവും ഇന്ന്  പ്രസിദ്ധമായ പുറത്തെ കലശവും അരങ്ങേറും. അടുത്ത ദിവസം കലശ ശുദ്ധി നടക്കും. ഇതോടൊപ്പം കലശച്ചന്തയും ഉണ്ടായിരിക്കും.

നടയിൽ പ്രാർഥന കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ പ്രധാന ആരാധനാമൂർത്തിയായ കാവിലമ്മയുടെ (കാളരാത്രി)കോലധാരിയായ അഞ്ഞൂറ്റാനും കലശം കുറിച്ച ശേഷം മറ്റു കോലധാരികൾ ഒന്നിച്ചും വൈകുന്നേരങ്ങളിൽ അഞ്ഞൂറ്റാൻ ഒറ്റയ്ക്കും ക്ഷേത്രത്തിൽ എത്തി വടക്കെ നടയിൽ വെച്ച് വാദ്യങ്ങൾ മുഴക്കി കലശം അറിയിക്കും. കലശത്തിന് രണ്ട് ദിവസം മുമ്പ് ഓലകൊത്തലും പൂതാക്കലും (കവുങ്ങിൻ പൂക്കുല) എന്ന ചടങ്ങുമുണ്ട്. കലശോത്സവത്തിനാവശ്യമായ ഓലയും കലശ കുംഭം അലങ്കരിച്ചൊരുക്കുന്ന കവുങ്ങിൻപൂക്കുലയും ശേഖരിക്കുന്ന ചടങ്ങാണിത്.

ഇന്ന് നടക്കുന്ന പുറത്തെ കലശത്തിന് രാവിലെ പന്തീരടിപൂജയോടെ തുടക്കം കുറിക്കും. അതോടൊപ്പം അഞ്ഞൂറ്റാൻ വടക്കെ കളരി സന്ദർശിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് വടക്കെ കളരിയിൽനിന്ന് കലശകുംഭം ക്ഷേത്രം വടക്കെ നടയിൽ എത്തിക്കും. പന്തീരടിപൂജക്ക് ശേഷം എല്ലാ കോലധാരികളും വാദ്യഘോഷത്തോടെ തോറ്റം ചൊല്ലി നടയിൽ പ്രാർഥന നടത്തും. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള തറയിൽ തളിയിൽ ആശാരിയുടെ നേതൃത്വത്തിൽ മരം കൊണ്ട് മാടം (കളിയാംവള്ളി) നിർമിക്കും. തിയ്യസമുദായ അംഗങ്ങൾ ഓലകൊത്തൽ ചടങ്ങിന് കൊത്തിയ ഓലകൾ ആർപ്പുവിളികളോടുകൂടി കൊണ്ടുവന്ന് മാടത്തിന് മുകളിൽ മറച്ച് പന്തൽ ഒരുക്കും. തുടർന്ന് കൂറ്റൻ കലശ കുംഭങ്ങൾ കവുങ്ങിൻ പൂക്കുല, തെച്ചി തുടങ്ങിയ പൂക്കൾ കൊണ്ട് അലങ്കരിച്ചൊരുക്കും. തെക്ക്-വടക്ക് കളരികളിൽനിന്ന് കലശം നിറച്ച മൺപാനികൾ ശിരസ്സിലേറ്റി വ്രതശുദ്ധരായ സ്ത്രീകൾ ക്ഷേത്രത്തിലെത്തിച്ച് കലശപാത്രങ്ങളിൽ നിറയ്ക്കും.

ഇതോടൊപ്പം മുകയസമുദായക്കാരുടെ കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽനിന്ന് സ്ഥാനികരുടെ അകമ്പടിയോടെ മത്സ്യകോവകൾ ക്ഷേത്രത്തിൽ എത്തിക്കും. ഏഴ് വീതം പുഴ മത്സ്യങ്ങൾ കോർത്ത ഏഴ് കോവകളാണ് ഘോഷയാത്രയായി കൊണ്ടുവരുന്നത്. ഇതിൽ ഒരു മത്സ്യകോവ ദേവിക്കുള്ളതാണ്. രാത്രി അത്താഴപൂജയ്ക്ക് കറിവെച്ച മത്സ്യം നിവേദിക്കും. അവശേഷിക്കുന്ന മത്സ്യകോവകൾ പാരമ്പര്യ ട്രസ്റ്റിമാരായ മൂത്തോർ, എറുവാട്ട് അച്ഛൻ, അരമന അച്ഛൻ എന്നിവർക്കും തെക്ക്, വടക്ക് കളരിക്കാർക്കും അഞ്ഞൂറ്റാനും അവകാശപ്പെട്ടതാണ്. 

ഉച്ചയ്ക്ക് വലിയ പൂജയോടനുബന്ധിച്ച് പാതാളമാത്രയെന്ന താന്ത്രികവാദ്യവും ഉണ്ടായിരിക്കും. പ്രസന്ന പൂജക്ക് ശേഷം നട തുറന്ന ഉടനെ പൂക്കണിശൻ വ്രതശുദ്ധിയോടെ തൃക്കൈ കുട സത്യ കല്ലിന്മേൽ വെച്ച് കൊടിയിലയിൽ തുമ്പപ്പൂവും ഉണക്കലരിയും എടുത്ത് തിരുമുടി ഉയരുന്നതിനുള്ള മുഹൂർത്തം കുറിക്കും. തുടർന്ന് തെയ്യക്കോലധാരികൾ വാദ്യഘോഷത്തോടെ ക്ഷേത്രപ്രദക്ഷിണം വെച്ച ശേഷം തിരുടികൾ ശിരസ്സിലേറ്റി ക്ഷേത്രം വലം വെയ്ക്കും. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവെച്ച് എറുവാട്ട് അച്ഛൻ വാളും പരിചയും കോലധാരികൾക്ക് എടുത്ത് കൊടുക്കും. കാവിലമ്മയുടെ തിരുമുടി ഉയർന്ന ശേഷം വടക്കെ കളരിക്കാരുടെ കലശത്തട്ടും (കലശ കുംഭം), ക്ഷേത്രപാലകന്റെ തിരുമുടി ഉയർന്ന ശേഷം തെക്കെ കളരിക്കാരുടെ കലശത്തട്ടും ചുമലിലേറ്റിയ പുരുഷാരം ആർപ്പുവിളികളുമായി ക്ഷേത്രത്തെയും തെയ്യങ്ങളെയും വലംവെയ്ക്കും.

കാളരാത്രി, നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കൈക്കളോൻ എന്നീ തെയ്യങ്ങൾ ആയിരങ്ങൾക്ക് അനുഗ്രഹാശിസ്സുകൾ നൽകി ക്ഷേത്രമുറ്റത്ത് നൃത്തം വെക്കും. ദർശനപുണ്യവും മഞ്ഞൾപ്രസാദവുമായി ഭക്തജനസഹസ്രങ്ങൾ കാവിന്റെ പടിയിറങ്ങുന്നതോടെ ദേവീദേവന്മാരുടെ തിരുമുടി താഴും. ഒപ്പം ഈ ആണ്ടിലെ ഉത്സവാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

ദേവിക്ക് നിത്യവും മധുമാംസത്തോടൊപ്പം ചെറുപയറാണ് നിവേദിക്കാറെങ്കിലും കലശ ദിവസം മുതിരയാണ് നിവേദിക്കുന്നത്.

ആചാരപദവി ലഭിച്ച കോലക്കാരാണ് ദേവീദേവന്മാരുടെ തിരുമുടി അണിയുന്നത്. വേലൻ , വണ്ണാൻ സമുദായത്തിൽ പെട്ട പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാൻ കാളരാത്രിയുടെയും പ്രസാദ് കർണമൂർത്തി നടയിൽ ഭഗവതിയുടെയും രാജീവൻ നേണിക്കം ക്ഷേത്ര പാലകന്റെയും തിരുമുടി ശിരസ്സിലേറ്റും. മലയസമുദായത്തിലെ ഗോദവർമനാണ് കൈക്കളോൻ തെയ്യത്തെ അരങ്ങിലെത്തിക്കുന്നത്. കാളരാത്രിയുടെയും നടയിൽ ഭഗവതിയുടെയും തിരുമുടികൾക്ക് നാൽപ്പത്തീരടി ഉയരമുണ്ടായിരിക്കും.

ഒറ്റമരത്തിൽ നിർമിച്ച ക്ഷേത്രപാലകന്റെ മുടിക്ക് 11 കോൽ ഉയരമുണ്ടാകും. ഭാരക്കൂടുതൽ കാരണം പച്ചമുളകൾ കൊണ്ട് തിരുമുടി താങ്ങി നിർത്തിയാണ് തെയ്യം അരങ്ങിലെത്തുന്നത്.

കലശോത്സവത്തിന്റെ മൂന്നാം നാളായ ശനിയാഴിച്ച കലശശുദ്ധിദിനമാണ്. ക്ഷേത്രം തന്ത്രി മയ്യൽ ദിലീപ് വാഴുന്നവരുടെ കാർമിത്വത്തിൽ വിശേഷാൽ പൂജകളും ശ്രീഭൂതബലിയും നടക്കും. ഇതോടൊപ്പം കലശച്ചന്തയും ഉണ്ടായിരിക്കും.പ്രാചീനകാലങ്ങളിൽ കാവിലെ കലശച്ചന്ത പ്രസിദ്ധമായിരുന്നു. ഗതാഗത സൗകര്യങ്ങൾ പരിമിതമായ കാലത്ത് ഒരു വർഷത്തേക്ക് ആവശ്യമായ സാധനസാമഗ്രികൾ കലശച്ചന്തയിൽനിന്നായിരുന്നു ഗ്രാമീണ ജനത വാങ്ങിയിരുന്നത്. കലശമിഠായിയും പാളത്തൊപ്പിയും ഒണ്ടാൻ പുളിയും ചന്തയിലെ ഇഷ്ടവിഭവങ്ങളായിരുന്നു. എന്നാൽ ഇന്ന് കലശമിഠായിക്ക് മാത്രം മാറ്റമില്ല. ബാക്കിയെല്ലാം വിസ്മൃതിയിലാണ്.

കടപ്പാട് -ബാലചന്ദ്രൻ നീലേശ്വരം

Location