Kavu Details

Kasaragod Thalangara Palakkunnu Sree Cheerumba Bhagavathi Kshetram

Contact no :
8861928656 / 9526073535

Description

ദേവീസ്തുതിപ്

നാൾവഴികളിലൂടെ......

ചന്ദ്രഗിരി പുഴ മുതല്‍ വടക്ക് ചീരങ്കടവ് വരെ വ്യാപിച്ചു കിടക്കുന്ന മൂവായിരം വട്ടം ദേശത്തിന്റെ കന്നിരാശിയില്‍ സ്ഥിതി ചെയ്യുന്ന തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രം തുളുനാട്ടിലെ തീയ്യവംശജരുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ്. കൊടുങ്ങല്ലൂരില്‍ നിന്നും മലനാട് കാണാന്‍ മോഹമുദിച്ച് മരക്കലമേറി കാഞ്ഞിരോട് പെരുമ്പട വാതുക്കല്‍ താമരക്കുളത്ത് (തളങ്കര) കരകയറിയ ചീരുമ്പാ നാല്‍വര്‍  നാല്‍പ്പതു വില്ലു കഴകത്തിന് ആരാധ്യമൂര്‍ത്തിയായി ഇവിടെ അഭീഷ്ടമരുളുന്നു.

ചീരുംബാ നാല്‍വര്‍ മേലോകത്തു നിന്നും കീഴ് ലോകത്തേക്കെത്തി എന്നു പറയപ്പെടുന്ന കനകത്തൂര്‍ കുറുംബക്കാവില്‍ തുടങ്ങി എല്ലാ കുറുംബ/ചീരുമ്പാ ക്ഷേത്രങ്ങളിലേയും ഉത്സവവാസരങ്ങളിലെ സുപ്രധാന ചടങ്ങുകളിലൊന്നാണ് സ്തുതിപ്പ്  എന്ന ഭദ്രകാളി സ്തുതി.   13 മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ ദേവീ സ്തുതിയില്‍ ഭദ്രോത്പത്തി, ദാരികവധം, മരക്കലമേറി കുറുംബക്കാവിലേക്കുള്ള ആഗമനം എന്നിവ പ്രതിപാദിക്കുന്നു.

ക്ഷേത്രത്തിലെ ആചാര കീഴ് വഴക്കമനുസരിച്ച് സ്തുതിപ്പ് പാടേണ്ടത് കളക്കാരച്ചന്‍ എന്ന ആചാരസ്ഥാനികന്റെ നേതൃത്വത്തിലാണ്. പൂർവ്വക്കാലത്ത് പള്ളത്ത് ഭണ്ഡാര ക്ഷേത്രം ഉണ്ടായിരുന്നപ്പോൾ സ്തുതിപ്പ് പാടി വന്നിരുന്നുവെന്ന് കേട്ടറിവുണ്ട്.  പിന്നീട്  വളരെക്കാലം തളങ്കര ക്ഷേത്രം അടച്ചിടേണ്ടതായി വന്നതിനെ തുടർന്ന് സ്തുതിപ്പ് നിന്നു പോയെങ്കിലും,  1960-63 വരെയുള്ള കാലഘട്ടത്തില്‍ കളക്കാരച്ചന്റെ അഭാവത്തിലും മഹാരഥന്മാരുടെ പ്രയത്നത്തിന്റെ ഫലമായി ക്ഷേത്രത്തിൽ സ്തുതിപ്പ് നടന്നതായും പറയപ്പെടുന്നു.

നിര്‍ഭാഗ്യവശാല്‍ മഹിതമായ ഈ ചടങ്ങ് തുടര്‍ന്നു പോരുന്നതിന് സാധിക്കാതെ വന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം 2021 ല്‍ മൂലം തറവാട്ടില്‍ നിന്നും ശ്രീ.രാജേഷ് കളക്കാരച്ചന്‍ ആചാരം കൊള്ളുകയും ചെയ്തു. 2021-22 വര്‍ഷങ്ങളിലായി ക്ഷേത്രത്തില്‍ നടന്ന അഷ്ട മംഗല പ്രശ്ന ചിന്തയില്‍ ഭണ്ഢാര ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനു ശേഷം സ്തുതിപ്പോടു കൂടി ഉത്സവങ്ങള്‍ നടത്തണമെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശ്രീ ഭഗവതി സേവാ സംഘം ഇതിനു വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി.

അന്വേഷണത്തില്‍ കാനക്കോട് മഞ്ഞപ്ലാവിന്റടി തറവാട്ടില്‍ നിന്നും ശ്രീ ഭഗവതി സേവാ സംഘത്തിന്റെ പ്രഥമ സെക്രട്ടറി കൂടിയായിരുന്ന ശ്രീ കുഞ്ഞിരാമന്‍ എന്ന അമ്പാടി ആയത്താര്‍ (മൂത്ത ഭഗവതി) 1960 ല്‍ സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ച പുസ്തകം ലഭിക്കുകയുണ്ടായി. ഈ ഗ്രന്ഥം ആയത്താര്‍ച്ചന്‍ ഭണ്ഢാരം ചേര്‍ന്നതിനു ശേഷം അദ്ദേഹത്തിന്റെ മകനും ഭഗവതി സേവാ സംഘത്തിന്റെ മുന്‍സെക്രട്ടറിയുമായിരുന്ന ശ്രീ.ടി.കെ അച്യുതന്‍ സൂക്ഷിക്കുകയും പിന്നീട് ഇപ്പോഴത്തെ മൂത്ത ഭഗവതി കാര്‍ണവരായ ശ്രീ നാഗേഷ് കാര്‍ണവര്‍ മുഖേന തറവാട്ടില്‍ സൂക്ഷിച്ചു വരികയുമായിരുന്നു.

തുടര്‍ന്ന് ഈ സ്തുതിപ്പ് പകര്‍ത്തിയെഴുതാന്‍ ശ്രീ ഭഗവതി സേവാ സംഘം ജോയിന്റ് സെക്രട്ടറിയായ വിനീത് തളങ്കരയെ ചുമതലപ്പെടുത്തുകയും തദവസരത്തില്‍ ശ്രീ ഭഗവതി സേവാ സംഘം കേന്ദ്രകമ്മിറ്റി അംഗമായ മധുസൂധനന്‍ ജോത്സ്യര്‍ കൊല്ലംപാടി അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും ലഭിച്ച സ്തുതിപ്പ് ഭഗവതി സേവാ സംഘത്തെ ഏല്‍പ്പിക്കുകയുമുണ്ടായി. കാലഹരണപ്പെട്ടു പോയേക്കാമെന്ന ദീര്‍ഘ വീക്ഷണത്താല്‍ അദ്ദേഹം അവ അച്ചടി രൂപത്തിലാക്കിയും സൂക്ഷിച്ചിരുന്നു.

പൂര്‍വ്വികമായി നമുക്ക് ലഭിച്ച പല ഗ്രന്ഥങ്ങളും കാലഹരണപ്പെട്ട് പോകാനിടയായതു കൊണ്ട് സ്തുതിപ്പ് പുസ്തക രൂപത്തില്‍ അച്ചടിച്ച് സംരക്ഷിക്കണമെന്ന് ശ്രീ ഭഗവതി സേവാ സംഘം തീരുമാനമെടുത്തു. ശ്രീ നാഗേഷ് കാര്‍ണവര്‍, ശ്രീ രാജേഷ് കളക്കാരച്ചന്‍, ശ്രീ ഭഗവതി സേവാ സംഘം അദ്ധ്യക്ഷന്‍ ശ്രീ കൃഷ്ണന്‍ കൂട്ലു, ശ്രീ ജനാര്‍ദ്ധനന്‍ കുമ്പടായി, ശ്രീ നാരായണന്‍ കാനക്കോട്, ശ്രീ മധുസൂദനന്‍ കൊല്ലംപാടി, ശ്രീ ഭഗവതി സേവാ സംഘം ജോയിന്റ് സെക്രട്ടറി ശ്രീ വിനീത് തളങ്കര, ശരത് ലാല്‍ ഉദയഗിരി, ജീവന്‍ കൂട്ലു എന്നിവരുടെ  ആദ്യാവസാനമുള്ള സഹായത്താലാണ് ഈ ഗ്രന്ഥം അച്ചടി രൂപത്തിലാക്കി തമ്പുരാട്ടിമാര്‍ക്ക് സമര്‍പ്പിക്കുവാന്‍ സാധിച്ചത്.

പുസ്തക രൂപത്തിലാക്കി സ്തുതിപ്പ് സമർപ്പിക്കുന്ന സന്ദർഭത്തിൽ, ഈശ്വരാനുഗ്രഹം പോലെ നമ്മുടെ സ്തുതിപ്പിലെ വർണനയ്ക്കനുസരിച്ച് പാലക്കുന്ന് ക്ഷേത്രത്തിൽ ധീരജ് കുന്നുമ്മൽ വരച്ച് സമർപ്പിക്കാനിടയായ തമ്പുരാട്ടിമാരുടെ ചിത്രങ്ങൾ പാലക്കുന്ന് ക്ഷേത്രത്തിലെ പൂജാരി സുനീഷ് പൂജാരിച്ചൻ മുഖേന ലഭിക്കുകയും, ആയത്  പുസ്തകത്തിൻ്റെ കവർ പേജായി ഉൾപ്പെടുത്തുകയും  ചെയ്തു.  ഈ ദേവീ സ്തുതി കേള്‍ക്കുന്നതിലൂടെ,  ഏവര്‍ക്കും സര്‍വ്വൈശ്വര്യങ്ങളും ലഭിക്കുമാറാകട്ടേയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്,🙏🏻🙏🏻

ഹരീശന്‍ ചെന്നിക്കര,
സെക്രട്ടറി,
ശ്രീ ഭഗവതി സേവാ സംഘം,
തളങ്കര - പുലിക്കുന്ന്

Location