Kavu Details

Kasaragod Udinur Koolome (Kshethrapalakan Kshethram)

Theyyam on Makaram 17 (January 30)

Description

ക്ഷേത്രപാലകനീശ്വരൻ അമ്മയായ കാളരാത്രിയോടൊപ്പം ഉദയം ചെയത ഊരാണ് ഉദയനൂർ എന്ന ഉദിനൂർ. ഈ രണ്ടു ദേവതകൾക്കും പൂജ്യസ്ഥാനം നൽകി കുടിയിരുത്തിയ കൂലോം (കോവിലകം) ആണ് ഉദിനൂർ കൂലോം. അകത്ത് ബ്രാഹ്മണപൂജയുള്ള കൂലോത്ത് മകര മാസത്തിൽ പാട്ടുത്സവവും അതിനോട് അനുബന്ധിച്ചു തെയ്യാട്ടവും ഉണ്ട്. കോലത്തിരിയുടെ മകനായ കേരളവർമ്മക്കു അള്ളോഹന്റെ അള്ളട നാട് (നീലേശ്വരം) വെട്ടിപ്പിടിച്ചു കൊടുക്കാൻ കൊടുങ്ങലൂരിൽ നിന്ന് നെടിയിരുപ്പിലെത്തിയ പടവീരനായ ക്ഷേത്രപാലകൻ പയ്യന്നൂർ പെരുമാളുടെ സമ്മതത്തോടെയാണ് ഉദിനൂരിൽ എത്തിയത്. 

മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പൂജാസമ്പ്രദായം ഇവിടെ നിലനിൽക്കുന്നു. കാളരാത്രി കുടികൊള്ളുന്ന ശ്രീലകത്ത് ഉഷഃപൂജയും സന്ധ്യാപൂജയും യാദവ പൂജാരിമാർ നടത്തുമ്പോൾ ബ്രാഹ്മണർ മധ്യാഹ്ന പൂജ മാത്രമാണിവിടെ നടത്തുന്നത്. വടക്കേംഭാഗത്താണ് തെയ്യക്കോലങ്ങൾ കെട്ടിയടിക്കുന്നത്. ക്ഷേത്രപാലകന് പക്ഷെ ഇവിടെ കെട്ടിക്കോലമില്ല. പാടാർകുളങ്ങര ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, പുതിയറമ്പൻ, വെട്ടചേകോൻ എന്നീ തെയ്യങ്ങളാണ് പ്രധാനമായി ഇവിടെ കെട്ടിയാടുന്നത്.  

പാട്ടുത്സവത്തോടനുബന്ധിച്ചു ഇവിടെ നടക്കുന്ന സവിശേഷമായ ചടങ്ങാണ് ചക്ക കൊറുക്കൽ. തെയ്യംപാടികളുടെ പാട്ടു മുറുകുമ്പോൾ വാദ്യഘോഷം ഉച്ചസ്ഥായിൽ ആകുമ്പോൾ മനിയേരിയച്ചൻ വാളും വിറപ്പിച്ചു ആവേശത്തോടെ പന്തലിലേക്ക് പാഞ്ഞുവന്ന് അവിടെ കെട്ടിത്തൂക്കിയ ചക്ക ഇടതും വലതുമായി ഓരോവട്ടം ആഞ്ഞുവെട്ടുന്ന ചടങ്ങാണിത്. ചക്ക മുറിഞ്ഞു വീഴാതെ ചവിണിയിൽ തൂങ്ങി നിന്നാൽ അത് ശുഭലക്ഷണമാണത്രെ.

ക്ഷേത്രപാലകന്റെ തട്ടകത്തിനുള്ളിൽ അനുവാദമില്ലാതെ മറ്റൊരു ദൈവത്തിനും പ്രവേശനമില്ല. കതിവന്നൂർവീരനെ കെട്ടിയാടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കഥയും പിന്നീട് തട്ടകത്തിനു പുറത്തുള്ള തെയ്യത്താമ്പറമ്പിൽ ആളുകൾ കതിവന്നൂർവീരനെ കെട്ടിയാടിക്കുന്നതും ആളുകൾ ഇന്നും ഓർമ്മിക്കുന്നു.

തെയ്യംകഥകളിലെങ്ങും നിറഞ്ഞു നിൽക്കുന്ന ഉദിനൂർകൂലോം കൽപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ഗ്രാമത്തറവാടുകൾക്കും, കാവുകൾക്കും നിറ, പുത്തരി നാളുകളും മറ്റു നല്ല നാളുകളും. 

ഉദിനൂർ : അറുപതോളം വരുന്ന കൂറ്റന്‍ ചൂട്ടുകള്‍, പുഷ്പാലംകൃതമായ കലശക്കുടം, പ്രത്യേക ഈണത്തിലുള്ള കുരവ, ചെണ്ടയുടെ ദ്രുത താളം, ഒപ്പം ചൂട്ടു വെളിച്ചത്തില്‍ തിളങ്ങുന്നരൗദ്ര ഭാവവുമായി പുതിയാറമ്പന്‍ തെയ്യവും.ഇത് ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തിനു മാത്രം സ്വന്തമായ നാട്ടുപാരമ്പര്യം. ക്ഷേത്രത്തിലെ പാട്ടുല്‍സവത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള തെയ്യാട്ടത്തിന്റെ ഭാഗമായി 30 ന് രാത്രി നടക്കുന്ന കലശമെഴുന്നള്ളിപ്പിന് ആചാരപ്പെരുമകളേറെ.

ക്ഷേത്രപാലകന് കലശം എഴുന്നള്ളിക്കാന്‍ അവകാശികളായ വലിയവീട് തറവാട്ടില്‍ നിന്നും വടക്കെ നടയിലുള്ള പള്ളിയറ വരെയുള്ള കലശം എഴുന്നള്ളത്തും അകമ്പടിയായുള്ള ചൂട്ടുകളും സംരക്ഷകനായി പുതിയാറമ്പന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യവും കാണാന്‍ ദൂര ദിക്കുകളിന്‍ നിന്നു പോലും ആളുകള്‍ എത്തിച്ചേരുന്നു.

കാലം കഴിയുന്തോറും ചൂട്ടുകളുടെയും ആചാരങ്ങളുടെയും പൊലിമ കൂടിക്കൊണ്ട് തന്നെ.ഇപ്പോള്‍ ശരാശരി 60 ഓളം ചൂട്ടുകള്‍ ഉണ്ടാകും.ഓരോരുത്തരുടെയും കായബലത്തി നനുസരിച്ച് ചൂട്ടിന്റെ വലുപ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. തെങ്ങോലകള്‍ ഉപയോഗിച്ചാണ് ചൂട്ട് നിര്‍മ്മിക്കുന്നത്. 30 മുതല്‍ 40 ഓലകളാണ് ചൂട്ടിന് ഉപയോഗിക്കുന്നത്. ഭാരമേറിയ ചൂട്ട് നേഞ്ചോട് ചേര്‍ത്ത്പിടിച്ച് ആയംമൂളി ഓരോസ്ഥലത്തും ഇട്ടുകൊണ്ടാണ് ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്.


കലശക്കുടം അലങ്കരിക്കുന്നതിലും ഏറെ ആചാരങ്ങള്‍ പാലിക്കുന്നുണ്ട്. ഇതിനുള്ള അവകാശം തൈവളപ്പ് വീട്ടുകാര്‍ക്കാണ്. ഇതിനായുള്ള പൂക്കള്‍ ശേഖരിക്കുന്നത് ഏഴിമലയില്‍ നിന്നാണ്.തെയ്യം ദിവസത്തിന്റെ തലേന്നാള്‍ അമ്പതോളം പേര്‍ ഇതിനായി ഏഴിമലയിലേക്ക് യാത്ര തിരിക്കും. അവിടെ തങ്ങി പുലര്‍ച്ചെ ചെക്കിപ്പൂക്കള്‍ ശേഖരിച്ച് അവിടുത്തെ തറവാട് ഭവനത്തില്‍ നിന്നും നല്‍കുന്ന കഞ്ഞി കുടിച്ച ശേഷം ഉച്ചയോടെ ഉദിനൂർ വലിയവീട് തറവാട്ടിൽ തിരിച്ചെത്തും.നേരത്തെ രണ്ടു യാത്രകളും കാല്‍ നടയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അങ്ങോട്ടുള്ള യാത്ര വാഹനത്തിലാണ്. ആര്‍പ്പു വിളികളുമായാണ് പൂക്കള്‍ കൊണ്ടു വരുന്നത്.പൂക്കള്‍ ഏഴിമലയില്‍ നിന്നു തന്നെ ശേഖരിക്കുന്നതില്‍ ചരിത്ര പശ്ചാത്തലമുണ്ടെന്നും നാടന്‍ കലാഗവേഷകര്‍ പറയുന്നുണ്ട്.ദിവ്യൗഷധങ്ങള്‍ നിറഞ്ഞ ഹിമാലയത്തില്‍ നിന്നും അടര്‍ന്നുവീണ ഏഴിമലയിലെ പൂക്കളിലും ഔഷധ വീര്യമുണ്ടാകുമെന്നസങ്കല്‍പ്പമാകാം ഇതിനു പിന്നിലെന്നാണ്  ഇവര്‍ പറയുന്നത്.


ക്ഷേത്രപാലകന് കലശം എഴുന്നള്ളിക്കുന്നതിനുള്ള അവകാശം വലിയവീട് തറവാട്ടുകാരില്‍ എത്തിയതിലും ഐതിഹ്യമുണ്ട്.അള്ളടനാട് പിടിച്ചെടുക്കാനെത്തിയ പടനായകനായിരുന്നു ക്ഷ്രേതപാലകന്‍.പയ്യന്നൂര്‍ പെരുമാളിന്റെ സമ്മതത്തോടെ ഉദയന്നൂരില്‍( ഉദിനൂരില്‍ )എത്തിയപ്പോള്‍ കണ്ടംകുളങ്ങരയില്‍ ദാഹജലത്തിനായി ആശിച്ചു.അതുവഴി വരികയായിരുന്ന വലിയവീട്ടില്‍ തറവാട്ടുകാരനായ ഏറ്റുകാരനെ കാണുകയും തീര്‍ത്ഥം ചോദിക്കുകയും ചെയ്തു.ഏറ്റുകുറ്റിയോടെ നല്‍കിയിട്ടും ദാഹം തീരാഞ്ഞ് രണ്ട് ഇളനീര്‍ കൂടി പറിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു.ദാഹമകറ്റി സന്തുഷ്ടനായ ദൈവം നിത്യേന രണ്ട് ഇളനീരും സംക്രമനാളില്‍ കലശവും  ലഭിക്കാനുള്ള ഉടമ്പടിയും ഉണ്ടാക്കി. കൂടാതെ നാളെയും ഇതു പോലെ തന്നെ പാലിച്ചു പോകണമെന്ന ധാരണയില്‍ തറവാട്ടു കാരണവര്‍ക്ക്  'നാല്‍പ്പാടി' എന്ന ആചാരം നല്‍കി . ഇന്നും മുടങ്ങാതെ നാല്‍പ്പാടി തെക്കെപടിപ്പുരയില്‍ കൊണ്ടു വയ്ക്കുന്ന ഇളനീരിന്റെ അവകാശികള്‍ ക്ഷേത്രത്തിലെ മുഖ്യ പദവി വഹിക്കുന്ന മടിയന്‍ നായരച്ചനും പള്ളിയത്ത് നായരച്ചനുമാണ്. വലിയവീട്ടുകാര്‍ക്ക് കലശം എഴുന്നള്ളിപ്പിനുള്ള അവകാശം നല്‍കിയതോടൊപ്പം കലശക്കുടം അലങ്കരിക്കാനുള്ള അവകാശം തൈവളപ്പില്‍ തറവാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. പാട്ടുല്‍സവത്തിന്  മുഹൂര്‍ത്തം കുറിക്കുന്നതിനുള്ള ഓലകൊത്തല്‍ ചടങ്ങുള്‍പ്പെടെയുള്ള വിവിധ കര്‍മ്മങ്ങളില്‍ നാല്‍പ്പാടിക്ക് ഗണനീയ സ്ഥാനമുണ്ട്.


പോരാട്ടങ്ങളില്‍ ക്ഷേത്രപാലകന്റെ വലംകൈയായി നിന്നിരുന്ന പുതിയാറമ്പന്‍ തന്റെ യജമാനനുള്ള കലശം സുരക്ഷിതമായി എത്തിക്കുന്നതിനാണ് തെക്കെ നടമുതല്‍ പള്ളിയറ വരെ അനുഗമിക്കുന്നത്. ക്ഷേത്രപാലകന്റെ മുന്നില്‍ നില്‍ക്കാന്‍ അവകാശമില്ലാത്തതിനാല്‍ തെയ്യം തെക്കും വടക്കും നടവഴി മുറിച്ച് കിഴക്കോട്ട് വരാറില്ല.തോറ്റമില്ലാത്ത തെയ്യമാണ് പുതിയാറമ്പന്‍.സമീപ പ്രദേശങ്ങളില്‍ ഇവിടെ മാത്രമാണ്  കെട്ടിയാടുന്നത്.  


മകരമാസത്തിലെ കാര്‍ത്തികനാള്‍ മുതല്‍ 12 ദിവസങ്ങളിലായി നടക്കുന്ന പാട്ടുല്‍സവത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണ് തെയ്യാട്ടം നടക്കുന്നത്. ഇതിനു രണ്ടു നാളുകള്‍ക്ക മുമ്പു തന്നെ തീയ്യ സമുദായാംഗങ്ങളായ ചെറുപ്പക്കാര്‍ പൂപറിക്കാന്‍, ചൂട്ടുകെട്ടാനുള്ള ഓല ശേഖരിക്കല്‍, ചൂട്ടു കെട്ടല്‍ തുടങ്ങിയ ശ്രമകരമായ യത്‌നത്തിലാണ്.ഏറെ ശ്രമകരമായ ചൂട്ടെടുപ്പിന് നേര്‍ച്ച നേര്‍ന്നും യുവാക്കള്‍ പങ്കെടുക്കുന്നു.