അപൂര്‍വ തെയ്യങ്ങളായ മുക്രിപ്പോക്കറും പെരിയാട്ട് കണ്ടരും ഉള്‍പ്പെടെ മാലോം കൂലോത്ത് ഭഗവതിക്ഷേത്രത്തില്‍ കഴിഞ്ഞരാത്രിയിലും പകലുമായി കെട്ടിയാടിയത് 13 തെയ്യങ്ങള്‍. നാട്ടാചാരം ചൊല്ലി തെയ്യങ്ങള്‍ അണിപിരിയുന്നതിന് സാക്ഷ്യംവഹിച്ചത് നൂറുകണക്കിനാളുകള്‍.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പടവീരനായ പെരിയാട്ട് കണ്ടരുടെ തെയ്യം കെട്ടിയാടിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൂലോത്തെ സര്‍വാധികാരിയായ കാര്യക്കാരനായിരുന്നു പെരിയാട്ട് കണ്ടര്‍. പൊനംകൊത്തി നെല്ലുവിളയിക്കുന്നതിനിടയില്‍ കണ്ടര്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ചെന്നാണ് വിശ്വാസം.
കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ഇടംനേടിയ കണ്ടര്‍ തെയ്യമായികുറത്തി, ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, പാടാര്‍കുളങ്ങര ഭഗവതി, ദണ്ഡ്യങ്ങാനത്തു ഭഗവതി തെയ്യങ്ങള്‍ക്കു പിന്നാലെ മണ്ഡലത്ത് ചാമുണ്ഡിയും മുക്രിപ്പോക്കറും കളിയാട്ടക്കളത്തിലെത്തി. ക്ഷേത്രമുറ്റത്തെ നിസ്‌കാരത്തറയില്‍ അസര്‍ നമസ്‌കാരം. വാളുംപരിചയുമേന്തി പുറപ്പാട്. മുക്രിപ്പോക്കറുടെ വരവ് ഇങ്ങനെയായിരുന്നു.. ബാലിക്കടക്കത്ത് കുടുംബത്തിന്റെ വകയായ കൂലോത്തെ വിശാലമായ കൃഷിയിടത്തിന്റെ സംരക്ഷകനായിരുന്നുവത്രെ തികഞ്ഞ യോദ്ധാവായിരുന്ന പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് പാണത്തൂര്‍ കിഴക്കേ കോവിലകത്തെത്തിയ പോക്കര്‍ അതുവഴി മാലോം കൂലോത്തും കാര്യക്കാരനായെന്നാണ് വിശ്വാസം. നീതിമാനായ കാര്യക്കാരന്‍ മരണശേഷം തെയ്യങ്ങള്‍ക്കൊപ്പം ഇടംനേടി. മാവിലന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം കാണാനാണ് മാലോം കൂലോത്തേക്കു ഏറെ ആളുകളെത്തിയത്. തെയ്യങ്ങളുടെ കൂടിപ്പിരിയലുമുണ്ടായി