Kaliyattam Every Year
Puthari Adiyanthiram Thulam 10 (October 27, 2024)
പാലോട്ട് ദൈവത്താർ കെട്ടിയാടിക്കപ്പെടുന്ന കാവുകളെ പാലോട്ട് കാവുകൾ എന്ന് വിളിക്കുന്നു. വിഷ്ണുവിന്റെ മൽസ്യാവതാര സങ്കൽപ്പമാണ് പാലോട്ട് ദൈവത്താറിനുള്ളത്. കോലക്കാരനായ വണ്ണാൻ വ്രതമിരുന്നു പവിത്രമായ മനസ്സോടും ശരീരത്തോടും കൂടി വേണം ദൈവത്താറിന്റെ മുടി അണിയാൻ.
പാലോട്ട് ദൈവത്താറിന്റെ ആരൂഢമാണ് അഴീക്കോട് പാലോട്ട് കാവ്. നമ്പൂതിരിമാരുടെ തിടമ്പ് നൃത്തം പോലെ തന്നെ തീയ്യ പൂജാരി തിടമ്പേറ്റി നൃത്തമാടുന്ന കാവ് എന്ന പ്രസിദ്ധിയും അഴീക്കോട് പാലോട്ട് കാവിനുണ്ട്.
മിക്ക പാലോട്ട് കാവുകളിലുമെന്ന പോലെ ഇവിടെയും വിഷുനാൾ തൊട്ട് ഏഴു നാളാണ് കളിയാട്ടം അരങ്ങേറുന്നത്.
അഴിക്കോട് പാലോട്ട് കാവ്
ഉത്തരകേരളത്തിലെ പല മഹാക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് അഴീക്കോട് ശ്രീ പാലോട്ട്കാവ്. ഈ മഹാക്ഷേത്രം എത്രകാലം മുമ്പ് നിര്‍മ്മിക്കപ്പെട്ടു എന്നതിന് കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും ക്ഷേത്രത്തിലെ ചില രേഖകള്‍വച്ച് നോക്കുമ്പോള്‍ ആയിരത്തി അഞ്ഞൂറില്‍ പരം കൊല്ലങ്ങളുടെ പഴക്കമെങ്കിലും ഈ ക്ഷേത്രത്തിലുള്ളതായി കണക്കാക്കാം.
പണ്ട് വേദങ്ങളെ വീണ്ടെടുക്കാന്‍ ഭഗവാന് മഹാവിഷ്ണു മത്സ്യമായി തിരുഅവതാരം ചെയ്യുകയും ഹയഗ്രീവന് എന്ന അസുരനെ വധിക്കുകയും, പിന്നീട് ഉത്തരദേശം നോക്കി എഴുന്നള്ളുമ്പോള്‍ പുകള്‍പെറ്റ കോലത്ത്നാട് കാണുകയും നാടിന്റെ കന്നിരാശിയില്‍ വന്നിറങ്ങുകയും ചെയ്തു. ആ അവസരത്തിലാണ് പ്രസിദ്ധമായ കുച്ചന് തറവാടിന്റെ കാരണവരും ചാക്കാട്ടില്‍ കുറുപ്പും നഗരത്തിലെ തട്ടാനും കൂടി അഴീക്കല്‍ കടപ്പുറത്ത് വലവീശാന്‍ പോയത്. കുച്ചന് തറവാട്ടിലെ കാരണവരെ കണ്ടപ്പോള്‍ ഇയാള്‍ വഴി തനിക്ക് കോലത്ത് നാട്ടില്‍ കുടികൊള്ളാമെന്ന മോഹം ജനിക്കുകയും, കാരണവര്‍ എറിഞ്ഞ വലയില്‍ ഒരു പൊന്‍ മീനായിരൂപന്താരപെടുകയും ചെയ്തു. അത്ഭുത പരതന്ത്രനായ കാരണവര്‍ തനിക്ക് കിട്ടിയ സ്വര്‍ണ്ണ മത്സ്യത്തെ തലയിലെടുത്തു വരികയും, ക്ഷീണിതനായപ്പോള്‍ അഴീക്കോട് ഓലനടക്കല്‍ താന്‍ സ്ഥായിയായി പിടിച്ച സ്വര്‍ണ്ണ മത്സ്യത്തെ കാരണവര്‍ താഴെ വെക്കുകയും ചെയ്തു. തല്‍സമയം “അശുദ്ധിയായി” അങ്ങനെ അശരീരി കേള്‍ക്കുകയും സംഭ്രമചിത്തനായിത്തീര്‍ന്ന കാരണവര്‍ കൂര്‍ത്തേടത്ത് കാരണവരുടെ സഹായേത്താടെ പുണ്യാഹാദി കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. തല്‍സമയം സ്വര്‍ണ്ണമത്സ്യം അപ്രത്യക്ഷമാവുകയും തല്‍സ്ഥാനത്ത് ഒരു ശിലാരൂപം ഉണ്ടായിത്തീരുകയും ചെയ്തു. അത്യല്‍ഭുതപരത്രന്തനായ കാരണവര്‍ ശിലാരൂപം ശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം നളിയില്‍ തറവാട്ടുകാര് സമര്‍പ്പിച്ച മാറ്റില്‍ (ശുഭവസ്ത്രത്തില്‍) പൊതിഞ്ഞു തന്റെ തറവാട്ടിലേക്ക് കൊണ്ടുവരികയും, അക്കാലത്തെ പ്രഗത്ഭനായ പാറക്കാട്ട് മുരിക്കഞ്ചേരി ഇല്ലത്ത് അകമ്പടികര്‍ത്താവായ കാരണവരുടെ സഹായേത്താടെ ക്ഷേത്രം പണികഴിപ്പിച്ച് കര്മ്മാദികള് നടത്തിവരികയും ചെയ്തു.
കൂടാതെ മറ്റൊരു ഐതിഹ്യം കൂടി ഉണ്ട്. പണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ന് ക്ഷേത്രം നില്ക്കുന്ന സ്ഥലം പാറക്കാട്ട് മുരിക്കഞ്ചേരി എന്ന തറവാട്ടുകാരുടെ ഭവനമായിരുന്നു. അക്കാലത്ത് കോലത്തിരി രാജാവിന്റെ കൊട്ടാരം കാര്യസ്ഥനായ കേളപ്പന് നമ്പ്യാര്‍ ആ ഭവനത്തിലെ കാരണവരായിരുന്നു. ആ വീട്ടില്‍ ഒരു സ്ത്രീയും കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തത്സമയം അകലെനിന്ന് “പുറക്കാട്ട് മുരിക്കഞ്ചേരി” എന്ന് പലവട്ടം വിളിച്ചതായി സ്ത്രീക്കു തോന്നലുണ്ടായി. ഗാര്‍ഹിക ജോലികളില്‍ വ്യാപൃതയായ സ്ത്രീ പുറത്തിറങ്ങാതെ തന്നെ അതിഥിയോട് തറവാട്ടിലേക്ക് വരാന്‍ പറഞ്ഞു. വളരെ കാത്തിരുന്നിട്ടും അതിഥി വന്നു കാണാത്തതിനാല്‍ സ്ത്രീ പുറത്തുവന്നു നോക്കുകയുണ്ടയെങ്കിലും അതിഥിയെ കണ്ടില്ല.
എന്നാല്‍ അതുവരെ കളിച്ചു നടന്നിരുന്ന കുട്ടി ചലനമറ്റ് കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. വിവരം ഉടന്‍ കോവിലകത്തുള്ള കാരണവരെ അറിയിച്ചു. വിദ്വാനായ കാരണവര്‍ പ്രശ്നം വച്ച് നോക്കിയപ്പോള്‍ അമിത ബലവാനായ പാലോട്ട് ദൈവത്താറിശ്വനും പരിവാരങ്ങളും തറവാട്ടില്‍ കുടിയിരിക്കുന്നതായി കണ്ടു. ഉടന്‍ തന്നെ വിവരം രാജാവിനെ അറിയിക്കുകയും,എന്നാല്‍ കാര്യസ്ഥന്റെ വിഭ്രാന്തിയില്‍ വിശ്വസിക്കാത്ത മഹാരാജാവ് അടയാളം കാണിക്കട്ടെയെന്നു കല്പ്പിച്ചു. ആ സമയത്ത് എന്തിനോ വേണ്ടി കുനിഞ്ഞ മഹാരാജാവിന് നിവര്‍ന്ന് നില്ക്കാന് കഴിയാതെ വരികയും അപ്പോള്‍ താന്‍ അല്പം മുന്‍പ് പരീക്ഷിക്കുവാന്‍ വിചാരിച്ച ദേവന് തന്നെ പരീക്ഷിച്ചതാന്നെന്നു ബുദ്ധിമാനായ മഹാരാജാവ് മനസിലാക്കുകയും ചെയ്തു. സമസ്താപരാധങ്ങള്‍ ക്ഷമിച്ചു നന്മ വരുവാന്‍ മഹാരാജാവ് പ്രാര്‍ഥിക്കുകയും ഉടന്‍ രോഗ വിമുക്തനാകുകയും ചെയ്തു. ആഹ്ലാദചിത്തനായ രാജാവ് അപ്പോള്‍ തന്നെ ക്ഷേത്രം നിര്‍മ്മിക്കുവാനും ക്ഷേത്ര ഭരണത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
ക്ഷേത്ര പൂജാദികള്‍ക്ക് അക്കാലത്ത് പ്രസിദ്ധനായ കുച്ചന് തറവാട്ടില്‍ കാരണവര്‍ക്ക് എംബ്രാന് സ്ഥാനം കല്പ്പിച്ചു കൊടുത്തു കളിയാട്ടത്തിന് തളിയില്‍ തറവാട്ടുകാര്‍ക്ക്. ജന്മരിസ്ഥാനം കല്‍പ്പിക്കപ്പെട്ടു. ജ്ഞാനിയായ പാറക്കാട്ട് മുരിക്കഞ്ചേരി കാരണവര്‍ തറവാടും അതിനോട് ചേര്‍ന്ന സ്വത്തുക്കളും ക്ഷേത്രത്തിലേക്ക് വിട്ട് കൊടുത്തു. അദ്ദേഹത്തിന്റെ കുടുംബം പ്രസ്തുത ക്ഷേത്രത്തിലെ മേലായി സ്ഥാനം പരമ്പരാഗതമായി തുടര്‍ന്നു വരുന്നു. അഴീക്കോട് തറയിലെ രാജകഴകം സ്ഥാനമാണ് ഈ ക്ഷേത്രത്തിന് കല്പ്പിച്ചരുളിയിട്ടുള്ളത്. അഴീകോട് തറയിലെ മറ്റു കാവുകളില്‍ അതാതു ക്ഷേത്രാചാര പ്രകാരം സ്ഥാനമാനങള് ഏറ്റെടുക്കുമ്പോള്‍ രാജകഴകമായ പാലോട്ട് ദൈവത്താരീശ്വരന്റെ അനുഗ്രഹാശിസ്സുകള്‍ വാങ്ങി സ്ഥാനം ഏല്ക്കണെമന്ന പതിവുണ്ട്.
തെക്കുംമ്പാട്, കീച്ചേരി, മല്ലിയ്യോട്ട്, അതിയടം എന്നീ പാലോട്ടുകാവുകളുടെ ആരൂഢസ്ഥാനം കൂടിയാണ് അഴീക്കോട് ശ്രീ പാലോട്ട് കാവ്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പല യാഗാദീയ ഇനങ്ങളും നടന്നിരുന്ന പുണ്യ ഭൂമിയാണെന്ന് പണ്ഡിതാചാര്യന്മാര് വെളിപെടുത്തിയിട്ടുണ്ട്. 1500 ലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ലോക ക്ഷേമത്തിനായി – ഉഗ്രതപസികളായ ഋഷീശ്വരന്മാരുടെ യാഗങ്ങളുടെയ്യും പ്രാര്‍ഥനകളുടെയും ഫലമായിട്ടാണ് നിലകൊള്ളുന്നത്.
പ്രകൃതി മനോഹരവും കാനനസുന്ദരവുമായ ഇവിടുത്തെ ശ്രീകോവിലില്‍ ആദിപരാശക്തിയുടെ മൂര്‍ത്തിഭാവമായ ശ്രീലക്ഷ്മിപതിയും വൈകുണ്ടനാഥനും, ക്ഷീരസാഗരാനന്ദശയനുമായ സാക്ഷാല്‍ മഹാവിഷ്ണു ഭഗവവാന് ഭക്തരുടെ അഭിഷ്ട സിദ്ധിക്കായി ആദ്യവതാരമായ മത്സ്യാവതാരം ചൈതന്യത്തോടെ ശ്രീ പാലോട്ട് ദൈവത്താര്‍ എന്ന അപരനാമത്താടു കൂടി സ്വയം ഉപവിഷ്ഠനായത് എന്നത് അത്ഭുതസത്യമാണ്. ഇവിടുത്തെ ചരിത്ര സത്യം മനസിലാക്കിയ അന്നത്തെ നാടുവാഴിത്തമ്പുരാന്‍ തന്റെ സ്വന്തം അനുഭവസിദ്ധിയാലാണ് ക്ഷേത്ര ശ്രീ കോവിലില്‍ സ്വയം ഉപവിഷ്ടനായി പള്ളികൊള്ളുന്ന ഭഗവാന് ഒരു പീഠം പ്രതിഷ്ഠ അര്‍പ്പിച്ഛതെന്നു അതിന്റെയൊക്കെ ദ്രഷ്ഠാന്തമാണ്.
ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും മേടം 1 മുതല്‍ 8 വരെ ഉത്സവം നടത്താന്‍ മഹാരാജാവ് കല്പ്പിച്ചരുളി ചെയ്തിരുന്നു. ഉത്തരേകരളത്തില് ഏറ്റവും കൂടുതല്‍ ദിവസം കളിയാട്ടം നടക്കുന്ന ക്ഷേത്രം കൂടിയാണ് അഴീക്കോട് ശ്രീ പാലോട്ട് കാവ്. മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ഒന്നാം വിളക്ക് നാടുവാഴിത്തമ്പുരാനും രണ്ടാം വിളക്ക് നാടുനീളെ തേങ്ങ താഴ്ത്തി രണ്ടാം മുറത്തമ്പുരാന്റെ പേരിലും മൂന്നാം വിളക്ക് കുച്ചന്താകുടക്കാരനും നാലാം വിളക്ക് പുത്തൂര്‍ നാലാം പടിയും അഞ്ചാം വിളക്ക് കോട്ടവാതുക്കല്‍ തമ്പുരാനും ആറാം വിളക്ക് ചാക്കാട്ടില്‍ കുറുപ്പും ഏഴാം വിളക്ക് മടിശ്ശീലക്കാരനും എട്ടാം വിളക്കും ആറാട്ടും ക്ഷേത്രം വകയിലും നിശ്ചയിച്ചു.
രാജവംശം പരിപാലിക്കാനായിആറാം ദിവസത്തിലെ ഉത്സവത്തിന് ഇന്നും രാജവംശത്തിലെ തമ്പുരാനും ദൈവത്താറീശ്വരനും തമ്മില്‍ കൂടികാഴ്ച്ച നടത്തി അനുഗ്രഹാശ്ശിസുകള് നേടുന്നു. കോലത്തിരി രാജവംശത്തിന് മറ്റൊരു ക്ഷേത്രത്തോടും ഇല്ലാത്ത കടപ്പാടാണ് പാലോട്ട്കാവ് ക്ഷേത്രത്തോടുള്ളത്.