Every Two Years
ഉത്തരകേരളത്തിലെ പുരാതനവും പ്രൗഡഗാംഭീര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്നതുമായ ക്ഷേത്രമാണ് കിഴക്കുംകര സ്ഥിതി ചെയ്യുന്ന ശ്രീ പുള്ളിക്കരിങ്കാളിഅമ്മ ദേവസ്ഥാനം. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ശ്രീ മഡിയൻ ക്ഷേത്രപാലകനുമായി ബന്ധപ്പെട്ടു കിടക്കുന്നു. മഡിയൻ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് ഒരു കൊടിയിലയ്ക്ക് സ്ഥലം വേണമെന്ന് പുലിദൈവങ്ങൾ മനസ്സിൽ കാണുന്നു. അതിനായി ക്ഷേത്രപാലന്റെ അനുവാദത്തിനായി ഒരു വ്യാഴവട്ടകാലം അടോട്ട് പുൽക്കുതിര് എന്ന സ്ഥലത്ത് കഠിനതപസ്സു ചെയ്യുന്നു.
പിന്നീട് ക്ഷേത്രപാലകൻ പ്രത്യക്ഷപ്പെട്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി നിങ്ങൾക്ക് കിഴക്കുംകര ഇളയടത്ത് കുതിര് എന്ന സ്ഥലത്ത് കൊടിയിലയ്ക്ക് ഇടം നൽകാമെന്ന് പറഞ്ഞു. പക്ഷെ അവിടെ കൊടക്കത്ത് ഭഗവതി എന്ന മൂർത്തി കുടിയിരിക്കുന്നുണ്ടായിരുന്നു. ആ ഭഗവതിയുടെ അവിടെനിന്നും മറ്റൊരിടത്ത് കുടിയിരുത്തി നിങ്ങൾ അവിടെ വാണുകൊൾക എന്നാരാഞ്ഞു. ഇതുകേട്ട പുലിദൈവങ്ങൾ ക്ഷേത്രപാലകനോടും കൂടെ വരാൻ അപേക്ഷിച്ചു. അങ്ങനെ ക്ഷേത്രപാലകൻ മുമ്പിലും ഐവർ പിന്നിലും നടന്നു. ഈശ്വരൻ വടക്കും ഭാഗത്ത് നിന്നു. ഐവർ മറ്റു ഭാഗത്തുകൂടി അകത്തു കടന്നു. ഉഗ്രമൂർത്തിയായ കൊടക്കത്ത് ഭഗവതിയെ സ്വന്തക്കാരായ ഭണ്ടാര വീട്ടിൽ കുടിയിരുത്തി പുലിദൈവങ്ങൾ അവിടം നിലകൊണ്ടു മീനമാസത്തിലെ പൂരോൽസവവും, തുലാംമാസത്തിലെ പത്താമുദയവും ഇവിടെ ആഘോഷിക്കാറുണ്ട്. പൂരോൽസവത്തിനു മറത്തു കളിയും, പൂരക്കളിയും പതിവാണ്.
ഒന്നിടവിട്ട വർഷങ്ങളിലെ മകരം പതിനാറാം തീയതി മുതൽ ഇരുപത് വരെയുള്ള അഞ്ചു ദിനങ്ങളിലായാണ് ഇവിടെ കളിയാട്ട മഹോത്സവം നടക്കുന്നത്. ആ ദിനങ്ങളിൽ പുള്ളിക്കരിങ്കാളി അമ്മ, പുലിയൂർ കാളി, പുലിക്കണ്ടൻ, കാളപ്പുലി, പുലിയൂർ കണ്ണൻ, എന്നീ പുലിദൈവങ്ങളും, കൂടാതെ ലോകാനാഥൻ വിഷ്ണുമൂർത്തിയും, കരിന്തിരി കണ്ണനും അരങ്ങിലെത്തും. ഇതോടനുബന്ധിച്ച് മകരം പതിനെട്ടാം തീയതി വിവിധ പ്രദേശങ്ങളെയും സമീപക്ഷേത്രങ്ങളെയും പ്രധിനിധീകരിച്ച് കൊണ്ട് അമൂല്യവസ്തുക്കൾ കൊണ്ടലങ്കരിച്ച ആഘോഷപൂർണ്ണമായ തിരുമുൽക്കാഴ്ച ദേവസ്ഥാനത്തു സമർപ്പിക്കും.
കിഴക്കുംകര കാഴ്ചകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുമുൽക്കാഴ്ച കാളപ്പുലിയൻ തെയ്യത്തിനും, കോട്ടച്ചേരി കാഴ്ചകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുമുൽക്കാഴ്ച പുലിക്കണ്ടൻ തെയ്യത്തിനും സമർപ്പിക്കും. തുടർന്ന് പുലർച്ചെ പുള്ളിക്കരിങ്കാളി അമ്മയുടെ ആയിരത്തിരി മഹോത്സവവും നടക്കും. തുടർന്ന് പുള്ളിക്കരിങ്കാളി അമ്മയും പുലിയൂർ കാളിയും മുഖാമുഖം കാണൽ ചടങ്ങും, പ്രസിദ്ധമായ കാളപ്പുലിയൻ ദൈവത്തിന്റെ അമ്പെയ്യൽ ചടങ്ങും നടക്കും. കളിയാട്ട സമാപനദിവസമായ മകരം 20നു തേങ്ങ എറിയൽ ചടങ്ങും നടത്തപ്പെടുന്നു