Kaliyattam Every Year
രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കേം വാതില്‍ വിഷ്ണു മൂര്‍ത്തിക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരുന്നത് ഒറ്റക്കോല മഹോത്സവമാണ്. തുലാം ഇരുപത്തിയൊന്നിന് ആരംഭിച്ച് ഇരുപത്തിരണ്ടിന് ഇവിടുത്തെ ഒറ്റക്കോല മഹോത്സവം സമാപിക്കും. ഇരുപത്തിയൊന്നിന് സന്ധ്യയ്ക്ക് പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും കൊണ്ടുവരുന്നതോടുകൂടി ഉത്സവത്തിന് തുടക്കമാകുന്നു.
വിഷുമൂര്‍ത്തിക്ക് അഗ്നി പ്രവേശം ചെയ്യുവാനുള്ള “മേലേരി”ക്ക് തീകൊളുത്തല്‍ അന്ന് രാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ്. ഇരുപത്തി രണ്ടിന് കാലത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. തുടര്‍ന്ന് വിഷ്ണു മൂര്‍ത്തി വീത്കുന്നിലേക്ക്യാത്രയാകും. ഇവിടെ നിന്നുമാണ് വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുക. രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളും ഇവിടെ കെട്ടിയാടുന്നു.
പിലിക്കോട് കൊട്ടുംപുറം ശ്രീ വൈരജാതന്‍ ക്ഷേത്രത്തിലെ മൂവാണ്ട് തിറ മഹോത്സവം വളരെ പ്രസിദ്ധമാണ്. വൈരജാതന്‍ വെള്ളാട്ടവും, തിറയുമാണ് ഇവിടുത്തെ പ്രധാന തെയ്യക്കോലങ്ങള്‍.
കോലധാരിയായ കര്‍ണ്ണമൂര്‍ത്തി പിലിക്കോട് ശ്രീ രയരമംഗലം ഭഗവതിക്ഷേത്രത്തില്‍നിന്നും ’കൊടിയില പിടി ” നടത്തുന്നതോടെ തിറ മഹോത്സവത്തിന്. ഇവിടുത്തെ വൈരജാതന്‍ തെയ്യം വളരെ കര്‍ശനമായ വ്രത ശുദ്ധിയോടെയാണ് കെട്ടിയാടുന്നത്.കോലധാരിയായ കര്‍ണ്ണമൂര്‍ത്തി കേണോത്ത് തറവാട്ടിലാണ് വ്രതമിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ വൈരത്തില്‍ നിന്നും ജാതനായവനാണ് വൈരജാതന്‍. ചുരുക്കത്തില്‍ ഉഗ്രമൂര്‍ത്തി എന്നര്‍ത്ഥം. ദക്ഷനെ വധിക്കുവാനാണ് വൈരജാതന്‍ ജാതനായത് എന്നാണു വിശ്വാസം. നരമ്പില്‍ ഭഗവതി, കോതോളി ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങളും ഇവിടെ കെട്ടിയാടുന്നു. നരമ്പില്‍ ഭഗവതി കേണോത്ത് വടക്കറെത്ത് തറവാട്ടുകാരുടെയും,കോതോളി ഭഗവതി തെക്കറെത്ത് തറവാട്ടുകാരുടെയും പ്രധാന ആരാധനാ മൂര്‍ത്തികളാണ്.
മല്ലക്കര ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തില്‍ (ബുധ ക്ഷേത്രം) കളിയാട്ടം നടത്തുന്നത് മേടമാസത്തിലാണ്. രണ്ട് ദിവസമാണ് ഇവിടുത്തെ കളിയാട്ടം. വിഷ്ണു മൂര്‍ത്തിയാണ് പ്രധാന തെയ്യക്കോലം.ഇവിടെ കെട്ടിയാടുന്ന വിഷ്ണു മൂര്‍ത്തി ശ്രീ രയരമംഗലം ഭഗവതിയെ തൊഴുതു വണങ്ങുവാന്‍ പരിവാര സമേതം എത്തിച്ചേരും.കുറത്തി ,കുണ്ടോര്‍ ചാമുണ്ഡി എന്നിവയാണ് ഇവിടെ കെട്ടിയാടുന്ന മറ്റ് തെയ്യക്കോലങ്ങള്‍. തെരു ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ ദ്വിദിന കളിയാട്ടമാണ് നടത്തുന്നത്. തുലാം ഇരുപത്തി മൂന്നിനാണ് ഇവിടുത്തെ കളിയാട്ടം ആരംഭിക്കുന്നത്.ഇരുപത്തിനാലിന് വൈകുന്നേരം കളിയാട്ടത്തിന് സമാപനം കുറിക്കും. മൂവാളം കുഴി ചാമുണ്ഡിയാണ് പ്രധാന തെയ്യക്കോലം.ഇരുപത്തി മൂന്നിന് വൈകുന്നേരം അടയാളം കൊടുക്കല്‍ ചടങ്ങോടുകൂടി ഇവിടുത്തെ തെയ്യം കെട്ട് ആരംഭിക്കും. വിഷ്ണു മൂര്‍ത്തി ,പടവീരന്‍ ചൂളിയാര്‍ ഭഗവതി, ഗുളികന്‍ ദൈവം എന്നിവയും ഇവിടെ കെട്ടിയാടുന്നു.