പന്നിയൂർ സുരപെരുവണ്ണാൻ
പന്നിയൂർ സ്വദേശിയായ പ്രശസ്തനായ തെയ്യം കനലാടി പന്നിയൂർ കോരപെരുവണ്ണാൻ്റെ ചെമ്മരത്തിയുടെയും മൂത്ത മകനായി ജനനം.
പന്നിയൂർ പൂമംഗലം എന്നിവിടങ്ങളിൾ സ്കൂൾ വിദ്യാഭ്യാസം.
നാലു വയസിൽ ആടിവേടൻ കെട്ടി തുടങ്ങി. പന്നിയൂർ പയറ്റ്യാൽ കാവിൽ തലച്ചിലവൻ തെയ്യം കെട്ടി തലപ്പാളി അണിഞ്ഞ് തെയ്യക്കാരനായി. പിന്നീട് വീരൻ വീരാളി , ധർമ്മദൈവം, തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടി.
ഇരുപത്തിഅഞ്ചാം വയസിൽ കീഴറക്കൂലോത്ത് തായപരദേവതയുടെ കോലത്തിനായി ഇളങ്കോലം കെട്ടിയതിന് ചെറുകുന്ന് അമ്പലത്തിൽ വച്ച് പട്ടും വളയും വാങ്ങി പെരുവണ്ണാനായി ആചാരപ്പെട്ടു.
അതേ വർഷം തന്നെ പന്നിയൂർ പുതുക്കണ്ടം വയൽത്തിറയായി പുതിയ ഭഗവതി കെട്ടി തളിപ്പറമ്പ കൊട്ടും പുറത്തു വച്ച് പട്ടും വളയും നൽകി ആദരിച്ചു.
കണ്ടനാർ കേളൻ തെയ്യത്തിൻ്റെ അറിയപ്പെടുന്ന കോലാധാരിയാണ് സുരപ്പെരുവണ്ണാൻ. 600ൽ അധികം കണ്ടനാർ കേളൻ കെട്ടിയിട്ടുണ്ട് സുരപ്പെരുവണ്ണാൻ. ഒരു തെയ്യക്കാലം മാത്രം16 ൽ അധികം കണ്ടനാർ കേളൻ കെട്ടിയാടിയിട്ടുണ്ട്.
വലിയത്തമ്പുരാട്ടി ഇളംങ്കോലമുൾപ്പെടെയുള്ള തെയ്യത്തിൻ്റെ തിരുമുടി അണിഞ്ഞതിൻ്റെ എണ്ണം അദ്ദേഹം കൃത്യമായി പറയുന്നില്ല. കാരണം അതൊരു ദൈവനിയോഗം പോലെ അദ്ദേഹത്തെ തേടി എത്തുന്നതാണ്. 500 ൽ അധികം വലിയ മുടി തെയ്യങ്ങൾ അദ്ദേഹം കെട്ടി ആടിയിട്ടുണ്ട്. പലപല ദേശത്ത് പല പല പേരുകളിൽ ആണ് ഈ തായമാരുടെ തിരുമുടി അണിഞ്ഞിട്ടുള്ളത്.
കീഴറ കൂലോത്ത് തായപ്പരദേവതയുടെ ഇളംങ്കോലം 25 വർഷക്കാലം കെട്ടിയാടിയത് സുരപ്പെരുവണ്ണാനാണ് .
കണ്ടക്കൈ ചാലങ്ങോട്ട് ഇളംങ്കോലം കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ ക്ലാക്കുളങ്ങര ഭഗവതിയുടെ തിരുമുടി ( വലിയ മുടി ) 30 വർഷത്തോളമായി ഇദ്ദേഹമാണ്. കൂനം ചോന്നമ്മ കോട്ടത്ത് 33 വർഷം ചോന്നമ്മ കെട്ടിയാടുന്നു. തവറൂൽ പ്ലാക്കുന്നുമ്മൽ തറവാട്ടിൽ കരിന്തിനി അമ്മ 35 വർഷത്തിലധികം . ചൂളിയാട് 15 വർഷത്തോളം ഇളംങ്കോലം ചെറുപഴശ്ശി മരക്കലത്തിലമ്മ 8 വർഷത്തോളവും കെട്ടിയാടാനുള്ള മഹാഭാഗ്യം സുരപ്പെരുവണ്ണാന് ലഭിച്ചിട്ടുണ്ട്.
സാധാരണ മലയ സമുദായത്തിൽപ്പെട്ടവർക്കാണ് ശാസ്തപ്പൻ തെയ്യം കെട്ടാറുള്ളത്. എന്നാൽ പുതുക്കുടി ഇല്ലത്ത് അവരുടെ ആരാധാന മൂർത്തിയായ പുതുക്കുടി മണ്ഡപത്തിങ്കൽശേഷി പെട്ട ദൈവം ശാസ്തപ്പൻ കെട്ടിയാടുന്നത് പെരുവണ്ണാൻമാരാണ്.
പുതുക്കുടി ഇല്ലത്തെ ആരാധന മൂർത്തിയാണ് ശാസ്തപ്പൻ. ഒരു ദിനം ഇല്ലത്തെ ചെറിയ കുട്ടി തൊട്ടിലിൽ കിടന്ന് കരയുന്നത് കേട്ട് ഇല്ലത്തെ അന്തർജനം" ഈ കുട്ടിയുടെ കരച്ചിൽ നിർത്താൻ ആരുമില്ലെ "? എന്ന് ചോദിച്ചു. പിന്നെ കുട്ടിയുടെ കരച്ചിൽ കേട്ടില്ല. എന്താണ് സംഭവിച്ചതെന്നറിയാൻ ചെന്ന അന്തർജനം കണ്ടത് മൂന്ന് കഷ്ണങ്ങളായി കിടക്കുന്ന കുഞ്ഞിനെയാണ്. ശാസ്തപ്പനാണ് ആ കൃത്യം ചെയ്തത് . അത് മനസ്സിലാക്കിയ ഇല്ലക്കാർ തങ്ങളുടെ ആരാധന മൂർത്തിയെ ഇനി ഞങ്ങൾക്ക് ഇല്ലത്ത് ആവശ്യമില്ലെന്നും പറഞ്ഞ് നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ കുടിയിരുത്തി. കുട്ടിയെ മൂന്നു കഷ്ണങ്ങളാക്കി കൊന്നതിൻ്റെ സൂചകമായി തെയ്യം പുറപ്പെട്ടാൽ പുതുക്കുടി ഇല്ലത്ത് തെയ്യം പോവുകയും അവിടെ വച്ച് വെള്ളരിക്ക മൂന്നു കഷ്ണങ്ങളാക്കി മുറിക്കുന്ന ചടങ്ങ് നടത്താറുണ്ട്. സാധാരണ ശാസ്തപ്പനിൽ നിന്നും വ്യത്യസ്തമായ അണിയലങ്ങളും, മുടിയുമാണ് പുതുക്കുടി ശാസ്തപ്പനുള്ളത്. ഈ വ്യത്യസ്തമായ തെയ്യം കെട്ടിയാടുന്നത് സുരപ്പെരുവണ്ണാനാണ് .
ആദരസൂചകമായി 2019 ൽ മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിൽ ശാസ്തപ്പൻ കെട്ടിയാടിയതിന് പുതുക്കുടി ഇല്ലത്തു നിന്നും പട്ടും വളയും നൽകി അദ്ദേഹത്തെ ആദരിച്ചു.
മുള്ളൂൽ കാവിൽ പുതിയ ഭഗവതി, പന്നിയൂർ പയറ്റ്യാൽ കാവിൽ 8 വർഷം പയറ്റ്യാൽ ഭഗവതി, നരമ്പിൽ ഭഗവതി, ധൂളിയാർ ഭഗവതി, മമ്പള്ളി ഭഗവതി തുടങ്ങി പന്തങ്ങളുള്ള രൗദ്രതയുള്ള തെയ്യങ്ങളും . ഊർപ്പഴശി, വേട്ടക്കരു മകൻ, വയനാട്ടുകുലവൻ,
മുത്തപ്പൻ, തിരുവപ്പന , കുറ്റ്യേരി 8 വർഷത്തോളം ബാലി , പുലിയൂർ കാളി, പുലിയൂർകണ്ണൻ, ബപ്പിരിയൻ , കണ്ണങ്ങാട്ട് പോതി, നാഗേനി, കരിയാത്തൻ, പെരുമ്പുഴയച്ചൻ, അന്തിത്തിറ തുടങ്ങി സമുദായത്തിന് കൽപ്പിച്ചു കിട്ടിയ മിക്കവാറും എല്ലാ തെയ്യങ്ങളും കെട്ടിയാടുന്നുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
തെയ്യത്തിലെ ഹാസ്യ പ്രാധാന്യമുള്ള തെയ്യങ്ങളായ കൈക്കോളൻ, മുത്തപ്പൻ പൊറോട്ട്, നമ്പോലൻ പൊറോട്ട്, മാപ്പിള പൊറോട്ട് , അണുങ്ങ് ഭൂതം എന്നിവയും അദ്ദേഹം കെട്ടി ആടാറുണ്ട്.
കതിവന്നൂർ വീരനു വേണ്ടി അടയാളം വാങ്ങി എങ്കിലും അമ്മാവൻ മരണപ്പെട്ടതിനാൽ കോലം കെട്ടാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് പിന്നീട് കതിവന്നൂർ വീരൻ തെയ്യം കെട്ടിയില്ല.
തോറ്റംപാട്ടുകൾ ഹൃദ്യസ്തം. അണിയലനിർമ്മാണം, മുഖത്തെഴുത്ത്, ഓലചമയങ്ങൾ എല്ലാം അഗ്രഗണ്യൻ.
മുത്തപ്പനെയും, പരദേവതയെയും ഉപാസിക്കുന്ന സുരപെരുവണ്ണാൻ്റെ ഗുരുസ്ഥാനത്ത് പ്രശസ്തരായ അദ്ദേഹത്തിൻ്റെ അച്ഛൻ പന്നിയൂർ കോരപെരുവണ്ണാനും മഴൂർ കുഞ്ഞിരാമപ്പെരുവണ്ണാനും കീഴറ കണ്ണപ്പെരുവണ്ണാനുമാണ്.
ധാരാളം ശിഷ്യന്മാരുണ്ടെങ്കിലും, പ്രധാന ശിഷ്യന്മാരായി അനിയൻ ബാബു പെരുവണ്ണാൻ, പ്രശാന്ത് പെരുവണ്ണാൻ കീഴറ , അനുരാഗ് കീഴറ , രതീശൻ പന്നിയൂർ, മകൻ സായന്ത് എന്നിവർ മുൻപന്തിയിൽ .
സുരപ്പെരുവണ്ണാൻ്റെ ഭാര്യ ഷീബ രണ്ടു മക്കൾ മകൾ ഷിജിന , മകൻ സായന്ത്'മരുമകൻ ജിഷ്ണു . പഴയങ്ങാടി വെങ്ങരയിൽ താമസം.
മകരം 25 ന് കീഴറ കൂലോത്ത് കളിയാട്ടത്തിൻ്റെ ഭാഗമായി നെല്ലളവ് ചടങ്ങ് കഴിഞ്ഞാൽ പിന്നെ വ്രതം തുടങ്ങുകയായി. കുഭം 2 ന് തിരുമുറ്റത്ത് തിരുമുടി അണിയുന്നതുവരെയുള്ള കാത്തിരിപ്പ് പറയാൻ ആവാത്ത ഒരു അനുഭൂതിയാണെന്ന് പറയുമ്പോൾ തെയ്യത്തെ എത്രത്തോളം ഹൃദയത്തോട് ചേർത്ത തെയ്യം കനലാടിയാണെന് അദ്ദേഹം പറയാതെ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും.
വളരെ ചെറുപ്പത്തിൽ തന്നെ തെയ്യം എന്ന അനുഷ്ടാനത്തെ നെഞ്ചോട് ചേർത്ത് . തെയ്യത്തിൻ്റെ സമസ്ത മേഖലയിലും തൻ്റെ കഴിവ് പ്രകടിപ്പിച്ച ഉത്തമ തെയ്യം കനലാടിയാണ് സുരപ്പെരുവണ്ണാൻ എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻ്റെ കഴിവിനുള്ള അംഗീകാരമായി ഫോക് ലോർ പുരസ്ക്കരങ്ങൾ പോലുള്ള അംഗീകാരങ്ങൾ അദ്ദേഹത്തെ വൈകാതെ തേടിയെത്തും എന്നു പ്രതീക്ഷിക്കാം.
ക്ഷേത്രങ്ങളിലും, കാവുകളിലും, കോട്ടങ്ങളിലും, കൂലോത്തും, പള്ളിയറകളിലും, വയൽത്തിറകളിലും എന്നു വേണ്ട തെയ്യസ്ഥാനങ്ങളിലെല്ലാം. തെയ്യം എന്ന അനുഷ്ടാനത്തെ തനിമ നഷ്ടപ്പെടുത്താതെ യഥാവിധി ഭക്തി ആദരപൂർവ്വം അതിൻ്റെ അന്തസത്ത ഉൾകൊണ്ട് സാഹസികതയും, മനോബലവും, ധൈര്യവും, ബുദ്ധിയും , ശക്തിയും, ഉൾക്കരുത്താക്കി പല പേരുകളിലും, ഭാവങ്ങളിലും 21 മുളം ഉയരത്തിൽ കവുങ്ങും, മുളയും ഉപയോഗിച്ച് നിർമ്മിക്കുന്ന തിരുമുടി തലയിലേറ്റി കെട്ടിയാടുന്ന കോലസ്വരൂപത്തിലെ തായ പരദേവതയായും, മരക്കലത്തിലമ്മയായും, ചോന്നമയായും, പുതിയ ഭഗവതിയായും,പയറ്റ്യാൽ ഭഗവതിയായും, മമ്പള്ളി ഭഗവതിയായും, കുന്നോളം ഉയരത്തിൽ കത്തി ഉയരുന്ന ഓലച്ചൂട്ടിൻ്റെ അഗ്നിനാളങ്ങൾക്കിടയിലൂടെ അലറി വിളിച്ച് ഓടിയും നടന്നും ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നകണ്ടനാർ കേളനായും, വാനരരാജൻ അതിബലവാൻ ബാലിയായും, അനവധി നിരവധിയായ തെയ്യക്കോലങ്ങൾ കെട്ടി തിരുമുടിയണിഞ്ഞ് തിരുമുറ്റത്ത് ഉറഞ്ഞാടി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തെയ്യം കനലാടി പന്നിയൂർ സുരപ്പെരുവണ്ണാനെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.
കടപ്പാട്: ©️ Ranjith Chenichery