Akamkalan Theyyam & Puramkalan Theyyam
ഗുളികൻ അഥവാ പുറംകാലൻ തെയ്യം.
ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല രീതിയിൽ പരിപാലിച്ചില്ലെങ്കിൽ പല വിനാശങ്ങളും വരുത്തുന്ന ദേവനാണ് ഗുളികൻ.
മലബാറിലെ തെയ്യക്കോലങ്ങളിൽ ഒരു പ്രധാന ദേവത ഗുളികനാണ്. ദേവസ്ഥാന വാസ്തുവിന്റെ സംരക്ഷകനായി ഗുളികനെ കരുതി വരുന്നു.
പൌരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കേരളീയ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്.
ഗുളികൻ ദൈവത്തിന്റെ ഐതിഹ്യം
മാർക്കണ്ഡേയന്റെ ജീവൻ എടുക്കാൻ വന്ന കാലനെ ഭഗവാൻ പരമശിവൻ തന്റെ മൂന്നാം തൃക്കണ്ണാൽ ഭസ്മമാക്കിയതിനാൽ കാലനില്ലാതെ ഭൂമിയിൽ ജനങ്ങൾ കൂടുകയും (ഭാരത്താൽ ഭൂമി ദേവി താഴേക്ക് താഴുകയും ചെയ്തു. ഭൂമിദേവി താഴാതിരിക്കാൻഭഗവാൻ തന്റെ ദിവ്യശക്തിയാൽ പാതാളത്തിൽ ആപ്പ് വെക്കുകയുംചെയ്തു എന്നും കഥ ഉണ്ട് ) കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു.
ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. അഷ്ടനാഗങ്ങളായ അനന്തൻ ,വാസുകി, തക്ഷകൻ, കാർക്കോടകൻ, കുലിനീശംഖൻ, ചേഷ്ടപദ്മൻ, മഹാപദ്മൻ,ഗുളികൻ, നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്.
നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമധർമ രാജൻ, ത്രികാല മൂർത്തി, നിന്തിരുവടി, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.
ദേശ സമ്പ്രദായം അനുസരിച് ഗുളികന്റെ ചടങ്ങുകൾക്ക് ചെറിയ വ്യത്യാസം ഉണ്ട്.
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി.ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു.
ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.
മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്. അവരുടെ പൂജയിൽ മാത്രമാണ് ഗുളികൻ പ്രസാദിക്കുന്നത് എന്നാണു കേട്ടിട്ടുള്ളത്. ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി.
ഗുളികൻ, മാരി ഗുളികൻ, വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
തെയ്യത്തിന്റെ വേഷം
21അടി നീളമുള്ള കവുങ്ങിന്റെ മുടിയാണ് തെക്കൻ ഗുളികന്. തെയ്യം പുറപ്പെടുമ്പോൾ ഈ മുടിയിൽ കൊത്തിരി കത്തിച്ചു വയ്ക്കും. വടക്കൻ ഗുളികന് മുടി ഇല്ലാ. കുരുത്തോലയുടെ വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം. പുരികത്തിനു തൊട്ടു മേലേന്നു തുടങ്ങി കണ്ണിനു താഴെ വരെ മഷി. മുഖത്തും ദേഹത്ത് പൊക്കിൾ വരേയും അരിച്ചാന്തിടും. ഈർക്കിലുകൊണ്ട് മുഖത്ത് നിന്നും വിരലുകൊണ്ട് ദേഹത്തുനിന്നും വരകളാവാൻ അരിച്ചാന്തുമാറ്റും. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈർക്കിൽ കളഞ്ഞ് അരയിൽ ചുറ്റിക്കെട്ടും. ഇതിനെ കുരുത്തോലവഞ്ചി എന്നും ഒലിയുടുപ്പ് എന്നും പറയും. കൈയിൽ കുരുത്തോല കൊണ്ട് നകോരം കെട്ടും. പിറകിൽ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരമുണ്ടാവും, കാലിൽ ചിലങ്കയും, മുഖപ്പാളയുമാണ് ഗുളികൻ ദൈവത്തിന്റെ വേഷം.
തെക്കന്‍ ഗുളികൻ തെയ്യം
തെക്കൻഗുളികൻ തെയ്യം
മലബാറിലെ കാവുകളിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണു ഗുളികൻ തെയ്യം. ഈ തെയ്യം അർധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു്.
വ്യത്യസ്ത രൂപങ്ങൾക്ക് വ്യത്യസ്ത വേഷങ്ങളാണ്. ഒട്ടുമിക്ക തെയ്യങ്ങളും മുഖപ്പാളയും, അരയിൽ കുരുത്തോല കൊണ്ടുള്ള ഒലിയുടുപ്പും, ധരിക്കും. അരിച്ചാന്തു കൊണ്ടാണ് മെയ്യെഴുത്ത്. തെക്കൻ ഗുളികന് ഉയരമേറിയ തിരുമുടിയുണ്ടാകും എന്ന് പറഞ്ഞല്ലോ. ഇത് ധരിച്ചുകൊണ്ടുതന്നെ പൊയ്ക്കാലിൽ നടക്കുകയും ചെയ്യാറുണ്ട്.
കാരഗുളികനാകട്ടെ കാരമുള്ളുകളിലേക്ക് എടുത്തുചാടാറുണ്ട്. ശരീരമാസകലം കുരുത്തോല അണിഞ്ഞ രൂപത്തിലാണ് കാരഗുളികന്റെ വേഷം. തിറയാട്ടത്തിലാകട്ടെ, പാണ സമുദായക്കാർ കെട്ടിയാടുന്ന ഗുളികന് കഥകളിയിലെ കരിവേഷത്തോട് സാമ്യമുണ്ട്. ഗുളികന് ചൂട്ടും, കലാദണ്ഡും ത്രിശൂലവുമാണ് പ്രധാന ആയുധങ്ങൾ.
തെയ്യത്തിന്റെ തലേന്ന് ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം ഉണ്ടാകാറുണ്ട്. സന്ധ്യ വേല നടത്തി പൂജ ചെയ്ത് കലശങ്ങൾ വച്ചു വെള്ളാട്ടം ഇറങ്ങുന്നതിനു മുൻപ് വ്രത ശുദ്ധിയോടെ നിൽക്കുന്ന കർമി. കോലക്കാരന് തടുപ്പയിൽ വച്ചു വന്ദിക്കാൻ കൊടുക്കുന്നു (അരി, അവിൽ മലർ തേങ്ങ പഞ്ചങ്ങൾ റാക് കള്ള് മഞ്ഞൾ പൊടി അരിചാന്ത്) വെള്ളാട്ട മായി ഒരുങ്ങി എത്തുന്ന കോലക്കാരൻ കർമിയോടൊപ്പം നൃത്തം ഉറഞ്ഞുറഞ്ഞു കളിച്ചു ഒടുവിൽ കർമിയുടെ തലയിൽ കൈവച്ചു അനുഗ്രഹിക്കുന്നു.
ഗുളികൻ ദൈവത്തിന്റെ കാല ദണ്ഡ് കയ്യിൽ എടുത്ത ശേഷം ഭക്തരെ അനുഗ്രഹിക്കുന്നു. പിറ്റേന്ന് പുലർച്ചെ (ചിലയിടങ്ങളിൽ മാത്രം )മറ്റൊരു വെള്ളാട്ടം പുറപ്പെടുന്നു. അണിഞ്ഞു വെള്ളാട്ടം എന്നാണ് പറയുക. മുഖത്തു ചാന്തണിഞ്ഞു വട്ടത്തിൽ കണ്ണെഴുതി ദേഹത്തു അരിചാന്തണിഞ്ഞു അവിടെ വച്ചും കോമരവുമായി നൃത്തം ചെയ്യുന്നു. അതിനു ശേഷം കൊടിയില വാങ്ങി വരവിളി നടത്തി ശരീരത്തിലേക്ക് ദൈവത്തെ ആവാഹിക്കുന്ന ചടങ്ങാണ്.
മന്ത്രോചാരണത്തോടെ വലിയ മുടി തലയിൽവയ്ക്കുകയും മുഖപ്പാള അണിയുകയും കലാദണ്ഡ് വാങ്ങി ഭസ്മം എടുത്തു ഭക്തരെ ആശീർവ ദിക്കുകയും രണ്ട് മുളമേൽ നടക്കുകയും (പൊയ് കാല് ) ചെയ്യുന്നു. അതിനു ശേഷം തെയ്യം കെട്ടുന്ന മലയസമുദായത്തിൽ പെട്ടവർ ഞാൻ മുൻപ് പറഞ്ഞിട്ടുള്ള വടക്കേം ഭാഗത്തിന് സമാനമായ ചടങ്ങുകളോടെ കോഴി കുരുതി നടത്തി. മദ്യം ഗുളികൻ ദൈവത്തിനു നൽകുന്നു.
തെയ്യാട്ട പരിസമാപ്തി ക്ക് മുൻപ് പാരണ കഴിക്കുക എന്ന ചടങ്ങുണ്ട്. കാവിൽ നിന്നും കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ അനുഷ്ഠനപൂർവ്വം തെയ്യം ഭക്ഷിക്കുന്ന ചടങ്ങാണ് ഇത്. അവിൽ മലർ കരിമ്പ് പഴം കൽക്കണ്ടം വെല്ലം എന്നിവയാണ് പാരണ ദ്രവ്യങ്ങൾ (കഴിക്കുന്നതായി അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത് കേട്ടോ) ചെണ്ട മേള അകമ്പടിയോടെ കരിക്ക് കൊത്തി കുടിക്കുന്ന പതിവുണ്ട്.
അതിനു ശേഷം മുടി അഴിക്കുന്നു.
വടക്കൻ ഗുളികനും ചടങ്ങുകൾ സമാനമാണെങ്കിലും വേഷം വ്യത്യസ്തമാണ്. വീടുകളിൽ ഉള്ള ദൈവത്തിന്റെ സ്ഥാനം വീടുകളിൽ വെച്ച് ആരാധിക്കുന്ന ഗുളികനെന്ന പുറംകാലൻ വാസ്തുവിന്റെ കാവൽക്കാരനായിട്ടാണ് സങ്കല്പിച്ച് പോരുന്നത്. പൊതുവെ മലബാർ ഭാഗത്താണ് സങ്കല്പങ്ങൾ കാണാറുള്ളത്.
വീടിന്റെ അഗ്നികോണായ തെക്കു കിഴക്ക് ഭാഗത്ത് വടക്ക് ദർശനമായാണ് ഗുളികന്റെ യഥാർത്ഥ സ്ഥാനം.
എങ്കിലും ചില വീടുകളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കന്നിമൂലക്കും ഗുളികൻ സങ്കല്പങ്ങൾ കണ്ടു വരാറുണ്ട്. കന്നിമൂലക്കുള്ള ഗുളികൻ അതീവ ബലവാൻ ആയിരിക്കും. ക്ഷിപ്രപ്രസാദിയും, ക്ഷിപ്രകോപിയുമാണ് ഗുളികൻ.
പൊതുവെ അവിൽ, മലർ, ചെറുപയർ, മമ്പയർ, തേങ്ങാ കഷണം, പഴം, വെല്ലം, ഇളനീർ, മദ്യം ഇതൊക്കെയാണ് നേദ്യങ്ങൾ. എന്നാൽ ചില സ്ഥലങ്ങളിൽ ഉത്തമ വിധാനത്തിൽ മദ്യം ഇല്ലാതെ ഇളനീർ മാത്രം വെക്കുന്നുണ്ട്. ഇങ്ങിനെ നേദ്യം വെക്കുന്നതിന് പൊതുവെ ഗുളികനു കലശം വെക്കുക എന്നാണ് പറയുക. മധു നേദ്യമായുള്ള ഗുളികൻ അതീവ ബലവാൻ ആയിരിക്കും.
ഗുളികനെ നേരാംവണ്ണം പരിപാലിക്കുന്ന പറമ്പിൽ ഉള്ള ഒരു തേങ്ങാ പോലും പുറത്ത് നിന്നുള്ള ആരും എടുക്കില്ല. നേരെ യമ പുരിയാണ് ശൈലി. തറവാട്ടിലുള്ളവരാണ് തെറ്റ് ചെയ്യുന്നതെങ്കിൽ അപകടങ്ങൾ, വീഴ്ച ഇതൊക്കെ സുനിശ്ചിതം. നട്ടുച്ചക്കും, അർദ്ധരാത്രിയിലും ആരും ഗുളികന്റെ തറയുടെ അടുത്ത് പോവാറില്ല.
ദൈവം സർപ്പസ്വരൂപനുമാണ്.
പ്രധാന വഴിപാട് പൊതുവെ വിളക്കിനെണ്ണ കൊടുക്കൽ, കലശം ഇവയാണ്. എന്നാൽ ഗുളികദേവന്റെ അതൃപ്തി കൂടിയാൽ പ്രത്യേകമായി ചെയ്യുന്ന ഒരു വഴിപാടാണ് കരിങ്കലശം.
പൊതുവേ മലയ സമുദായക്കാരാണ് ഈ പൂജ ചെയ്യുന്നത്.
യമരാജാവായ ഗുളികനെ പ്രീതിപെടുത്തലാണ് പ്രധാന ഉദ്ദേശം. തറവാടിന് സർവ്വ സൗഭാഗ്യം ഉണ്ടാവാൻ ഗുളികൻ ദൈവത്തെ പ്രാർത്ഥിക്കുന്നു. മനസ്സറിഞ്ഞ് കളങ്കമില്ലാതെ ആരാധിക്കുക, സ്ഥാനം നശിച്ച് പോവാതെ പരിപാലിക്കുക, ദിവസവും ദീപം തെളിയിക്കുക. ഇത്രയേ വേണ്ടൂ.
ജനനം മുതൽ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
അവതരണം: ബൈജു ചെല്ലട്ടോൻ, ചെറുകുന്ന്
Akamkalan Theyyam & Puramkalan Theyyam