ചെമ്പിലോട്ടു ഭൂതം (Chembilottu Bhootham Theyyam)
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനുസമീപം മലയോരദേശമാണു നടുവിൽ. ആദിവസി സമൂഹമായ കരിമ്പാലക്കാർ ഏറെയുള്ള ദേശമാണത്...
കരിമ്പാല സമുദായക്കാരുടെ ഉപാസനാമൂർത്തിയാണ് ചെമ്പിലോട്ടു ഭൂതം. മൈക്കാട്ടുമലയിലാണ് ചെമ്പിലോട്ടു ഭൂതം കുടിയിരിക്കുന്നത്.
ഈ തെയ്യത്തിന്റെ അനുഷ്ഠാന കർമ്മങ്ങളും ഐതിഹ്യവും മറ്റു തെയ്യങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസപ്പെട്ടിരിക്കുന്നു.
ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കനൽക്കണ്ണുരുട്ടി എട്ടുദിക്കും നടുങ്ങുമാറുച്ചത്തിൽ അലറിവിളിച്ചാണ് ചെമ്പിലോട്ടുഭൂതം ഉറഞ്ഞടുന്നത്. പുരപ്പുറത്തു കയറിയാണ് വായ്ത്താരി വഴക്കങ്ങളിലൂടെ തെയ്യം ജനതതിയോടു സംവദിക്കുന്നത്...
കൊയ്ത്തു കഴിഞ്ഞ് ആദിവാസിസമൂഹം നെൽക്കറ്റകൾ അവരവരുടെ കുടിലുകളിൽ സൂക്ഷിക്കാറുണ്ട്. മലയിറങ്ങിവന്ന് ഭൂതം അതൊക്കെയും മോഷ്ടിക്കുമത്രേ.
ഇങ്ങനെ മോഷ്ടാവായി രംഗത്തുവരുന്ന ഭൂതത്തെ നാട്ടുകാർ പണ്ടെന്നോ പിടികൂടിയെന്നാണു വായ്ത്താരി. മോഷ്ണം കൂടാതെ നാട്ടിൽ ഏറെ വിപത്തും നാശനഷ്ടങ്ങളും ഭൂതം ഉണ്ടാക്കുമായിരുന്നു.
ഒരിക്കൽ ഭൂതത്തെ ആവാഹിച്ച് ചെമ്പുകുടത്തിൽ അടക്കം ചെയ്ത് ഇന്നത്തെ ജാനുപ്പാറ എന്നറിയപ്പെടുന്ന ആനവീണകുന്നിൽ, കുടം പഴമക്കാർ അടക്കം ചെയ്തുവത്രേ.
പ്രകൃതിക്ഷോഭത്തിൽ മണ്ണിൽ കുഴിച്ചിട്ട ചെമ്പുകുടം പുറത്തുവന്നു. ഉരുണ്ടുരുണ്ട് അജ്ഞാതശക്തിയാൽ അതുതകർന്ന് ഭൂതം പുറത്തെത്തി. ഗ്രാമവാസികൾക്ക് ഭൂതം വീണ്ടും പ്രശ്നമായിത്തുടങ്ങി.
മകരക്കൊയ്ത്ത് കഴിഞ്ഞെത്താറുള്ള ഭൂതത്തെ പിടികൂടാനായി ഗ്രാമവാസികളൊത്തൊരുമിച്ച് മെതിയുത്സവം നടക്കുന്ന പുല്ലവനം ആലശ്ശേരിക്കളത്തിൽ ഒത്തുകൂടും.
പൂർവ്വികരുടെ ഈ ഒത്തു കൂടലിന്റെ പ്രതീകമായി വർഷം തോറും വൃശ്ചികമാസത്തിൽ കളത്തിൽ ചെമ്പിലോട്ടു ഭൂതത്തെ കെട്ടിയാടിക്കുന്നു.
വള്ളിപ്പടർപ്പുകളും ചെറുമരങ്ങളും തണലരിച്ചു നിൽക്കുന്ന ആലശ്ശേരി കളത്തിൽ വാഴപ്പോളകൾ കൊണ്ട് താൽകാലികമായുണ്ടാക്കുന്ന ചെറിയ പതിയിലാണു തെയ്യാട്ടം നടക്കുക.
ചെണ്ടയുടേയും ചീനിക്കുഴലിന്റേയും ആസുരതാളത്തിൽ ഭൂതം രൗദ്രഭാവത്തോടെ ഉറഞ്ഞാടും.
അല്പനേരത്തെ കെട്ടിയാട്ടത്തിനുശേഷം ഭൂതം കെട്ടുപള്ളിപ്പുറവും അറക്കവില്ലും തകർക്കുന്ന ചടങ്ങുണ്ട്. അപ്പോൾ കരിമ്പാല സമുദായത്തിലെ ചെറുപ്രായക്കാർ പരസ്പരം കൈകൾ കോർത്തു പിടിച്ച് (ആറാമ്പള്ളി എന്നു പറയുമിതിനെ) വാഴപ്പോള കൊണ്ടുണ്ടാക്കിയ പതിസ്ഥാനം അഥവാ പള്ളിപ്രം സംരക്ഷിക്കും.
നിറവിളക്കിനു മുമ്പ്പിൽ നിന്നാവും ഭൂതത്തിന്റെ വാക്‌തർക്കവും മറ്റും നടക്കുക. വാഴപ്പോളയിൽ ഒന്നെങ്കിലും കൈക്കലാക്കാൻ ഭൂതം അവിടെ നടത്തുന്ന വാക്ശരങ്ങളും മല്ലയുദ്ധവും കാഴ്ചക്കാർക്ക് രസകരമായ അനുഭൂതിയാണു നൽകുക.
കരിമ്പാലക്കാരുടെ ഐശ്വര്യത്തിന്റെ പ്രതീകമാണു വാഴപ്പോള. വാഴപ്പോള തട്ടിയെടുക്കാനാണു ഭൂതം ശ്രമിക്കുക. പള്ളിപ്രത്തിൽ ഭൂതം പ്രവശേക്കുന്നതും അതിനു വേണ്ടിയാണ്. വാഴപ്പോള എടുത്ത ശേഷം ഭൂതം പുരപ്പുറത്ത് കയറും.
മോഷ്ടിച്ചെടുക്കുന്ന നെൽക്കറ്റകൾ നശിപ്പിക്കുന്ന ചടങ്ങുകളും മറ്റുകർമ്മങ്ങളും പുരപ്പുറത്താണു നടക്കുക. തെയ്യാട്ടത്തിനു വേണ്ടി പ്രത്യേകമായി കെട്ടിയൊരുക്കിയ പുരപ്പുറത്ത് തെയ്യവും യുവാക്കളും തമ്മിൽ പിടിവലി പോരാട്ടങ്ങൾ ഉണ്ട്.
അവസാനം കോപാവേശത്തിൽ ജ്വലിച്ചുയരുന്ന തെയ്യം ആ പുരമുഴുവൻ തകർക്കുന്നു. നെൽക്കറ്റകൾ കയ്യിൽ കിട്ടിയില്ലെങ്കിൽ ഭൂതം മലമുകളിലെ നീരുറവയിൽ ചെന്ന് കിടക്കും. നീരൊഴുക്ക് നിർത്തി വെച്ച് ജനങ്ങൾക്ക് വെള്ളമില്ലാതാക്കാനും കൃഷി നശിപ്പിക്കാനും വേണ്ടിയാണ് ചെയ്യുന്നതെന്നാണ് വിശ്വാസം.
വൈതൽകോൻ എന്ന കുടക് രാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഭൂതത്തിന്റെ ആവാസം. പഴയ രാജകൊട്ടാരം, ക്ഷേത്രം, കിണർ എന്നിവ ഇന്നും അവിടെ കാണാൻ സാധിക്കുന്നുണ്ട്.
പുരാവൃത്തപരമായ യാതൊരു വർണ്ണനകളും തോറ്റം പാട്ടുകളിൽ ഇല്ല. മുകളിൽ പറഞ്ഞതൊക്കെയും വാമൊഴിപ്പഴക്കങ്ങളിലൂടെ ഇന്നു നിലനിൽക്കുന്ന പുരാവൃത്തം മാത്രമാണ്.
KADAPPADU