ചിരുകണ്ടൻ തെയ്യം
തൊണ്ണൂറു വര്ഷം മുമ്പ് പാട്ടത്തിൽ നായർ എന്ന തറവാട്ട് കാരണവർക്ക് ആകസ്മികമായി ഉണ്ടായ ഒരു കോടതിക്കേസ് വിജയമാണ് ചിരുകണ്ടൻ തെയ്യത്തിന്റെ ഉത്ഭവം. മഹാഭക്തനും സാഥ്വികനുമായ പാട്ടത്തിൽ നായർ തനിക്കു അന്യാധീനപ്പെട്ട പോയ ഒരേക്കർ ഭൂമി ലഭിക്കുന്നതിനായി ഏറെ ദൂരെയുള്ള കാഞ്ഞങ്ങാട് കോടതിയിൽ നാഴികകൾ ഏറെ നടന്നു ചെന്നു പരാതി ബോധിപ്പിച്ചു.
എന്നാൽ തന്റെ വക്കീൽ സമര്ഥനാണെങ്കിലും ഭൂമി പരമ്പരാഗതമായി തനിക്ക് സിദ്ധിച്ചതാണെന്നു സ്ഥാപിക്കാന് ആവശ്യമായ രേഖകൾ ഒന്നുമില്ലാത്തതിനാൽ വളരെ ദുഖിതനായിരുന്നു. ഒടുവിൽ കേസ് വിധി പറയാൻ മാറ്റി വെച്ച ആ ദിവസം വന്നെത്തി. അതിരാവിലെ എഴുന്നേറ്റു തറവാട്ടു കുളത്തിൽ കുളിച്ചു ഈറനോടെ കുലദേവതയെ പ്രാർത്ഥിച്ചു വെളിച്ചം വീഴാൻ തുടങ്ങിയ കാറ്റ് പാതയിലൂടെ കാഞ്ഞങ്ങാട്ടേക്ക് നടന്നു തുടങ്ങി. എച്ചിപ്പൊയിൽ കുന്നു കയറിയപ്പോൾ കരിംപാറപ്പുറത്ത് ഒരാൾ ഇരിക്കുന്നു.
ഭയഭക്തി ബഹുമാനത്തോടെ നായർ അവരുടെ കാൽക്കൽ വീണു കരഞ്ഞു. കരയേണ്ട സന്തോഷത്തോടെ മടങ്ങിക്കോളിൻ. കൂടെ ഞാനുമുണ്ടാകും. ഈ വാക്കുകൾ കേട്ട് തലയുയർത്തിയ നായർ പിന്നീട് ആ ദിവ്യ രൂപത്തെ അവിടെയെവിടെയും കണ്ടില്ല.
ഉച്ചയോടെ കോടതിയിലെത്തി വിചാരണ തുടങ്ങി. കേസിൽ നായർ ജയിച്ചു. ഭൂസ്വത്തു പാട്ടത്തിൽ നായരുടേതായി. തിരിച്ചു തറവാട്ടിലേക്ക് തിരിച്ച നായർ കരിംപാറപുറത്ത് ആ രൂപം ചിരിച്ചു കൊണ്ട് മാടിവിളിക്കുന്നു കണ്ടു എന്ത് പേര് ചൊല്ലി വിളിക്കണമെന്ന് ചോദിച്ചപ്പോൾ ആ ദിവ്യ രൂപം മൊഴിഞ്ഞു ചിരുകണ്ടൻ.
അങ്ങിനെ തറവാട് കേറിയ നായർ നായിക്കൂറ്റും കോഴിക്കൂറ്റും കേൾക്കാത്ത കോട്ട മലകിഴക്കു പുങ്ങൻ ചാലിനും മൗവൻ ചാലിനും ഇടക്ക് ചിരുകണ്ടൻ തെയ്യത്തിന് കാവൊരുക്കി കളിയാട്ടം നടത്തി.