DAIVATHAR THEYYAM (SREERAMAN) ദൈവത്താര്‍ തെയ്യം (ശ്രീരാമന്‍) :
ശ്രീരാമ സങ്കല്‍പ്പത്തിലുള്ള ദൈവമാണ് തലശ്ശേരിയിലെ അണ്ടലൂര്‍ കാവില്‍ ആരാധിക്കുന്ന അണ്ടലൂര്‍ ദൈവത്താര്‍ തെയ്യം. സ്വർണ്ണം കൊണ്ട് നിർമ്മിച്ച മുടി അലങ്കാരങ്ങൾ ആണു ഈ കോലം അണിയുക. രാവണ വധത്തിനു ശേഷം രാമന്‍ സീതയുമൊത്ത് തിരിച്ചു വരുന്ന സങ്കല്‍പ്പത്തിലുള്ളതാണ് ഇവിടത്തെ ദൈവത്താര്‍. ശ്രീരാമന്‍, ഹനുമാന്‍ എന്നിവരുടെ സാന്നിധ്യം മേലേക്കാവിലും രാവണ സങ്കല്പവും ലങ്കാസങ്കല്‍പ്പവും താഴെക്കാവിലും വിശ്വസിക്കപ്പെടുന്നു. ഹനുമാന്‍ വേഷത്തില്‍ ബപ്പിരിയന്‍, ലക്ഷ്മണ രൂപത്തില്‍ അങ്കക്കാരന്‍ എന്നീ തെയ്യങ്ങള്‍ ഈ തെയ്യത്തൊടൊപ്പം കെട്ടിയാടിക്കും.
മാവിലായി, കാപ്പാട്, അണ്ടലൂര്‍, പടുവിലായി എന്നിവിടങ്ങള്‍ ആണ് പ്രധാന ദൈവത്താര്‍ കാവുകള്‍. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. അതില്‍ തന്നെ പെരുവണ്ണാനാണ് ഈ തെയ്യം കെട്ടുക. ഇവ കൂടാതെ കൂടാളി ദൈവത്താര്‍ കാവും പ്രസിദ്ധമാണ്.
ദൈവത്താര്‍ക്ക് ഭക്തന്മാര്‍ അര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് വില്ലാട്ടം. തനിക്ക് കാഴ്ച വെക്കുന്ന വില്ലു സ്വീകരിച്ചു കളിയാടുകയും പിന്നീടത് കൈക്കൊളന്‍മാര്‍ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ചടങ്ങാണ് വില്ലാട്ടം. ദൈവത്താറീശ്വരന്‍ തെയ്യം ഒറ്റ വാക്ക് പോലും ഉരിയാടാത്ത ഒരു തെയ്യമാണ്. അണ്ടലൂര്‍ കാവിലെ ഈ ദേവന് പഴക്കുലകള്‍ ആണ് ധാരാളമായി കാഴ്ച വെക്കാറുള്ളത്.
---------------------------------------------------------------------------
ദൈവത്താർ തെയ്യം
ഉത്തര മലയാള കേരളമായ കോലത്തുനാട്ടിൽ ആരാധിച്ചുവരുന്ന വരുന്ന ഒരു ദേവതയാണ് ദൈവത്താർ.
നാലു ദൈവത്താർമാർ
അണ്ടലൂർ, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിൽ കുടികൊള്ളുന്ന നാലു ദൈവത്താർമാരും സഹോദരൻമാരാണ് എന്നാണ് വിശ്വാസം.
ഏകോദര സഹോദരന്മാരായി കണക്കാക്കുന്ന ഈ നാലുപേരിൽ കാപ്പാട് ദൈവത്താർ മാത്രമേ സംസാരിക്കുകയുള്ളൂ. കാപ്പാട് ദൈവത്താർ മറ്റ് മൂന്നുപേരും ചെയ്തുപോയ ഏതോ തെറ്റിന് അവരുടെ നാവ് ചവിട്ടിപ്പറിച്ചു കളഞ്ഞതിനാലാണ് ഇവർ മൂന്നുപേരും മൂകരായിതീർന്നത് എന്നാണ് ഐതിഹ്യം.
മറ്റ് മൂന്നുപേരെക്കാളും ആയോധന മുറകളിൽ പ്രഗല്ഭനായിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന കാപ്പാട് ദൈവത്താറുടെ ആയുധാട്ടം എന്ന ചടങ്ങ് ശ്രദ്ധേയമാണ്.
ദൈവത്താർ തെയ്യങ്ങളിൽ ഏറ്റവും പ്രാധാന്യം അണ്ടലൂർ ദൈവത്താർക്കാണ്.
മറ്റ് മൂന്നിടങ്ങളിലും ചടങ്ങുകൾക്കാണ് പ്രാധാന്യമെങ്കിൽ അണ്ടലൂരിൽ ദൈവത്താറുടെ 'പൊന്മുടി'ക്കാണ് പ്രാധാന്യം. ഇവിടെ മുടി കണ്ടു ദർശനം നടത്തുക എന്നതാണു ഭക്തജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. സൗമ്യശീലനായ ദൈവത്താർ ദർശന സമയത്ത് ഭക്തജനങ്ങളിൽനിന്ന് നേർച്ച സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു.
അണ്ടലൂർ ദൈവത്താറെ പുരാണത്തിലെ ശ്രീ രാമനായിട്ടാണ് കരുതുന്നത്. എന്നാൽ മറ്റ് മൂന്നു ദൈവത്താർമാർക്കും ഇപ്രകാരം പുരാണവുമായി ബന്ധമുള്ളതായിട്ടറിയുന്നില്ല.
മാവിലായ്, പടുവിലായ് എന്നീ ക്ഷേത്രങ്ങൾ സവർണ്ണരുടെയും അണ്ടലൂർ, കാപ്പാട് എന്നിവ അവർണ്ണർമാരുടേതുമാണ്.
നാലു സങ്കേതത്തിലും ദൈവത്തരുടെ തെയ്യം കെട്ടിയാടാറുണ്ട്. അണ്ടലൂരിൽ മുടിക്കും മാവിലയിൽ അടിക്കും കാപ്പാട്ടു വെടിക്കും പടുവിലയിൽ വില്ലാട്ടത്തിനും പ്രാധാന്യം കല്പിക്കപെടുന്നു.
അണ്ടലൂർ ദൈവത്താർ
രാമായണ കഥയെ ആധാരമാക്കിയുള്ള കളിയാട്ടമാണ് അണ്ടലൂർക്കാവിലേത്. അണ്ടലൂർ ദൈവത്താർ രാമാവതാരമാണ് എന്നാണ് വിശ്വാസം. അണ്ടലൂർ ദൈവത്താരുടെ കോലം കെട്ടുന്നത് വണ്ണാൻ സമുദായത്തിൽപ്പെട്ട പെരുവണ്ണാനാണ്. പെരുവണ്ണാൻ എന്നത് കോലക്കാരന് കൊടുക്കുന്ന സ്ഥാനപ്പേരാണ്. പെരുവണ്ണാന് ഇവിടെയുള്ള സ്ഥാനം അദ്ദേഹത്തെ ആദരിച്ചു കൊണ്ടുവരുന്ന രീതിയിൽ നിന്നും മനസ്സിലാക്കാം.
മുഖത്തെഴുത്ത് കഴിഞ്ഞാൽ സ്വർണ്ണംകൊണ്ടുള്ള തിരുമുടി വെക്കാൻ പീഠത്തിൻമേലിരിക്കുന്നത് തെക്കോട്ട് തിരിഞ്ഞിട്ടാണ്. മറ്റ് ക്ഷേത്രങ്ങളിലൊന്നും കാണാത്ത ഈ പ്രത്യേകതക്ക് കാരണം ദൈവത്താർ അല്പം തെക്കുമാറി സ്ഥിതി ചെയ്യുന്ന ചേരമാൻ കോട്ടയിലേക്ക് നോക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചേരമാൻ പെരുമാളുടെ വാഴ്ച അവസാനിച്ചപ്പോൾ ഇവിടെ ഉണ്ടായ ശ്രീരാമ വിഗ്രഹം കാണാതായി എന്നും പിന്നീടത് മേലൂർ പുഴയിൽനിന്നും വസ്ത്രം അലക്കിക്കൊണ്ടിരുന്ന ഒരു വണ്ണാത്തിക്ക് ഒരു പലകയുടെ രൂപത്തിൽ കിട്ടി എന്നും പറയപ്പെടുന്നുണ്ട്. തുടർന്നു നടത്തിയ പ്രശ്നത്തിൽ ഈ പലക നഷ്ടപ്പെട്ടുപോയ ശ്രീരാമ വിഗ്രഹത്തിൻറെ പ്രതീകമാണെന്ന് വിധിക്കപ്പെട്ടു. അങ്ങനെ അവർണ്ണ സമുദായത്തിൽപ്പെട്ട വണ്ണാത്തിയുടെ ഈ സംഭാവന ക്ഷേത്രത്തിൽ പ്രതിഷ്ട്ടിക്കപ്പെട്ടു. ഇതിൻറെ പ്രതീകമായാണ് ഇന്നും ദൈവത്താറുടെ പൊൻമുടിക്കു പിന്നിൽ ഒരു പലകയുള്ളത്.
രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള ആട്ടമായതിനാൽ ശ്രീരാമനായ ദൈവത്താർ മേലേക്കാവിൽ നിന്നും ലക്ഷ്മണനായ അങ്കക്കാരനോടും ഹനുമാനായ ബപ്പൂരനോടും വാനരപ്പടയായി സങ്കൽപ്പിക്കുന്ന വില്ലുകാരോടും (വ്രതമെടുത്ത നാട്ടുകാരായ ഭക്തജനങ്ങൾ) കൂടെ സീതയെ അന്വേഷിച്ചു താഴെക്കാവിലേക്ക് എഴുന്നള്ളുന്നു. അവിടെ എത്തിയാൽ ആട്ടം (സാങ്കൽപ്പിക രാവണനുമായുള്ള യുദ്ധം) എന്ന സുദീർഘമായ ചടങ്ങു നടക്കുന്നു. ദൈവത്താർ ഒരു ഉയർന്ന തറയിൽ ഇരുന്നു അങ്കക്കാരനും ബപ്പൂരനും ആടുന്നത് കണ്ടിരിക്കും. ഈ ചടങ്ങിന് ശേഷം സീതയെ വീണ്ടെടുത്തു വീണ്ടും ദൈവത്താർ പരിവാരങ്ങളോടെ മേലേക്കാവിലേക്ക് എഴുന്നള്ളുന്നു.
കാപ്പാട് ദൈവത്താർ
അണ്ടലൂർ ദൈവത്താറെപ്പോലെ തന്നെ കാപ്പാട് ദൈവത്താറും സവർണ്ണരേയും അവർണ്ണരേയും ഒരേപോലെ അനുഗ്രഹിക്കുന്നു. വിഷുക്കണി കണ്ടതിന് ശേഷം മുഖത്തെഴുതുന്നു. തിരുവെഴുത്ത് ഒപ്പിക്കുക എന്ന ഈ ചടങ്ങിനുശേഷം തിരുമുടി വെക്കുന്നു.
അണ്ടലൂരിൽ തെക്ക് തിരിഞ്ഞാണ് മുടിവെക്കാൻ പീഠത്തിലിരിക്കുന്നതെങ്കിൽ കാപ്പാട് വടക്കുഭാഗം തിരിഞ്ഞാണ് ഇരിക്കുന്നത്. ഇപ്രകാരം വടക്ക് നോക്കുന്നത് അല്പം അകലെയുള്ള ചിറക്കൽ ക്ഷേത്രവുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടുത്തെ ദൈവത്താർക്ക് കടലായി ശ്രീ കൃഷ്ണനുമായി ബന്ധമുണ്ട്. കടലായി (ചിറക്കൽ) ക്ഷേത്രം വക ഒരു ദിവസത്തെ ഉത്സവം നടത്തുന്നു. ഇവിടെ ദൈവത്താർ ശൈവാംശമാണ്. ഇവിടെയും കോലക്കാരൻ വണ്ണാൻ സമുദായത്തിലെ പെരുവണ്ണാൻ ആണ്.
കാപ്പാട് ദൈവത്താറുടെ സന്തത സഹചാരി വേട്ടക്കൊരുമകൻ തെയ്യം ആണ്. വാചാലമായി സംസാരിക്കുന്ന കാപ്പാട് ദൈവത്താർക്കും ആട്ടം എന്ന ചടങ്ങുണ്ട്. ഈ ആട്ടം സൂചിപ്പിക്കുന്നത് ദൈവത്താർക്ക് ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള വൈദഗ്ദ്ധ്യത്തെയാണ്. പതിനെട്ട് ആയുധങ്ങൾ കൊണ്ടുള്ള ഈ അഭ്യാസപ്രകടനത്തെ 'ആയുധാട്ടം' എന്നാണ് പറയുന്നതു. ഈ ആയുധഅഭ്യാസത്തിന് ശേഷം 'വാചാല് പറയൽ' അഥവാ ചരിത്രം പറയൽ എന്ന ചടങ്ങുണ്ട്. ഇവിടെ ദൈവത്താർക്കുള്ള പ്രധാന നേർച്ച 'വെടി'യാണ്. കതിന വെടികൾ നേർച്ചയായി ഭക്തജനങ്ങൾ സമർപ്പിക്കുന്നു. അതിനാൽ കോലം കെട്ടിയാൽ ധാരാളം കതിനാ വെടികൾ കേൾക്കാം.
മാവിലായി ദൈവത്താർ
അടിപ്രിയനായ മാവിലായി ദൈവത്താർ വൈഷ്ണവാംശതിൻറെ പ്രതീകമാണ്. 'അടി' എന്ന ചടങ്ങാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്. ദൈവത്താറുടെ സാന്നിധ്യത്തിൽ രണ്ടു ചേരികളിലായി നിന്നു കൈകൊണ്ടടിക്കുന്നതാണ് ഈ ചടങ്ങ്.
ഈ അടിക്കുപിന്നിലുള്ള ഐതിഹ്യം ഇങ്ങനെയാണ് : കച്ചേരി മയിങ്ങാലൻ ഇല്ലത്തെ തങ്ങൾക്ക് ഏതോ വിശേഷദിവസം,അന്നാട്ടിലെ തീയ്യർ പ്രമാണി അവിൽ കാഴ്ച വെച്ചു. അപ്പോൾ അവിലിനുവേണ്ടി സഹോദരന്മാർ അടികൂടി. ഇതിൻറെ സ്മരണയായാണ് കച്ചേരിക്കാവിൽവെച്ച് ദൈവത്താറുടെ സാന്നിധ്യത്തിൽ നടക്കുന്ന അടി. അടിക്ക് മുന്നോടിയായി മൂത്തകൂർ തറവാട്, ഇളയകൂർ തറവാട് എന്നീ രണ്ടു വിഭാഗക്കാരുടെ മുന്നിലേക്ക് വൈക്കോൽ കൊണ്ടുള്ള അവൽക്കൂട് എറിഞ്ഞുകൊടുക്കുന്നു (അവിൽ അതിൽ ഉണ്ടായിരിക്കുകയില്ല - ഈ കൂടിലാക്കിയാണ് തങ്ങൾ അവിൽ കാഴ്ചവെക്കുന്നത്). ഇത് ഒരു വിഭാഗം പിടിച്ചെടുക്കുന്നു. അതിനു ശേഷമാണ് അടി. ദൈവത്താറുടെ സാന്നിധ്യത്തിൽവെച്ചു സഹോദരന്മാർ എന്നു സങ്കൽപ്പിക്കുന്ന മൂത്തകൂർ ഇളയകൂർ നമ്പ്യാർ സമുദായക്കാർ അടിക്കുന്നു. അടിക്കുന്നവരെ തീയ്യ സമുദായക്കാർ ചുമലിൽ ഏറ്റി അടിപ്പിക്കുന്നു.അത്യന്തം രസകരമായ ഈ പ്രവൃത്തി കണ്ടു തൃപ്തിപ്പെട്ടാൽ ദൈവത്താർ അടിനിർത്താൻ ആജ്ഞാപ്പിക്കുകയും ഇവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
മാവിലായിലെ ജനങ്ങളെ നേരിൽ കണ്ടു അനുഗ്രഹിക്കാനെന്നവണ്ണം എട്ട് ഇടങ്ങളിലും മഠത്തിലും കുന്നത്ത് ഇടത്തിലും ദൈവത്താർ സഞ്ചരിക്കും. ഈ സഞ്ചാരസമായത്തു പെരളശ്ശേരി ദേവസ്വം ഭൂമിയിൽ ചവിട്ടില്ല എന്നൊരു നിഷ്കർഷയുണ്ട്. അതിനു കാരണം പെരളശ്ശേരി തങ്ങളും നായൻമാരും തമ്മിലുള്ള വിരോധം ആണ്. നമ്പ്യാൻമാരുടെ ഊരായ്മയിലുളള ഈകാവിൽ അടി നടത്തുന്നവരെ ചുമലിൽ ഏറ്റുന്നത് തീയ്യ സമുദായക്കാർ ആണ്. തീയ്യ പ്രമാണി അവിൽ കൊടുത്തതും കൊണ്ടും തീയ്യരും നമ്പ്യാരും ജ്യേഷ്ഠത്തി അനുജത്തി മക്കൾ ആണെന്നുളള സങ്കല്പങ്ങളും ആണിതിന്റെ കാരണം.
പടുവിലായി ദൈവത്താർ
മാവിലായി ദൈവത്താറോട് വളരെയധികം സാമ്യവും ചടങ്ങുകളിൽ അല്പം സമാനതയും ഉള്ള ദൈവതാറാണ് പടുവിലായി ക്ഷേത്രത്തിലേത്. അണ്ടലൂരിൽ 'മുടി'ക്കും, കാപ്പാട് 'വെടി'ക്കും, മാവിലായിൽ 'അടി'ക്കും പ്രാധാന്യമുണ്ടെങ്കിൽ പടുവിലായിൽ 'പിടി' എന്ന ചടങ്ങിനാണ് പ്രാധാന്യം. അടിയും വെടിയുമൊക്കെ ദൈവത്താറുടെ സാന്നിധ്യത്തിലാണ് നടക്കുന്നതെങ്കിൽ 'പിടി' നടക്കുന്നതു ദൈവത്താറുടെ അസാന്നിധ്യത്തിൽ ആണ്.
വൃശ്ചികമാസം ഒന്നുമുതൽ പന്ത്രണ്ടാം തീയതി വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന പാട്ടുത്സവക്കാലതാണ് 'പിടി' എന്ന ചടങ്ങ് നടക്കുന്നത്. ഈ പാട്ടുത്സവം നടക്കുമ്പോൾ വൃശ്ചികമാസം ഏഴാംതീയതി കോട്ടയം രാജാവു ക്ഷേത്രത്തിലേക്ക് എഴുന്നളളുമായിരുന്നു. അന്ന് അദ്ദേഹത്തിൻറെ വക ജനങ്ങൾക്കുള്ള ബലാബല പരീക്ഷണത്തിനായി പൂഴികടലാസ്സിട്ട് മിനുസപ്പെടുത്തിയ രണ്ടു തേങ്ങ അവകാശിയായ ആശാരി തലേദിവസം പൂജാസമായത്തു ദേവസ്വത്തിൽ ഏൽപ്പിക്കും. ഈ തേങ്ങകൾ ശാന്തിക്കാരൻ എണ്ണയിൽ ഇട്ടുവെക്കും. പിന്നെ എണ്ണയാട്ടം കഴിഞ്ഞ തേങ്ങ ദൈവത്താറുടെ ബിംബത്തിനുമുൻപിൽ വെച്ചു പൂജിക്കുന്നു.
ഏഴാംതീയതി നൃത്തം കഴിഞ്ഞു ബിംബം അകത്തേക്ക് എഴുന്നള്ളിച്ചാൽ ശാന്തിക്കാരൻ തേങ്ങ കൊടിയിലയിൽ എടുത്തു ശ്രീകോവിൽ അടച്ചു ശ്രീകോവിലിന് പിന്നിൽ കൊണ്ടുപോയി കോട്ടയത്തരചനെ ഏൽപ്പിക്കുന്നു. അപ്പോഴേക്കും മൂത്തകൂർവാടുകാരും ഇളയകൂർവാടുകാരും രണ്ടു സംഘമായി രാജാവിന് മുമ്പിൽ അണി നിരക്കുന്നു. തേങ്ങകൾ രാജാവു ഓരോന്നായി മുകളിലോട്ട് എറിഞ്ഞുകൊടുക്കുന്നു. ഇത് പിടിച്ചെടുത്ത് കിഴക്കേ മതിലിൽ കൊണ്ടുപോയി ഉടച്ചാൽ ആ വിഭാഗം ജയിച്ചതായി രാജാവു പ്രഖ്യാപിക്കുന്നു. ഇതാണ് ഇവിടുത്തെ പ്രധാനമായ 'പിടി' (തേങ്ങ പിടി) എന്ന ചടങ്ങ്.
ശ്രീകോവിൽ അടച്ചു അതിനു പിൻവശം പോകുക എന്നത് ഈ ബലാബല പരീക്ഷണത്തിൽ ദേവനെ പങ്കുചേർക്കരുത് എന്ന ഉദ്ദേശത്തോടുകൂടിയാണെന്ന് പറയപ്പെടുന്നു. കോട്ടയം രാജാവിൻറെ അധികാരം ഇപ്പോൾ അദ്ദേഹത്തിൻറെ പ്രതിനിധിയായ പൊമ്മിലേരി കോറോത്ത് കാരണവർക്കാണു. മറ്റ് മൂന്നു ദൈവത്താറുടെയും കോലങ്ങൾ വണ്ണാൻ സമുദായത്തിൽപ്പെട്ട പെരുവണ്ണാൻ കെട്ടി ആടുന്നുവെങ്കിൽ ഇവിടെ കോലക്കാരൻ അഞ്ഞൂറ്റാനാണ്. ഇവിടെയുള്ള മറ്റൊരു പ്രത്യേകത എല്ലാദിവസവും തോറ്റം ചൊല്ലുക എന്ന ചടങ്ങാണ്.
അണ്ടലൂർ ദൈവത്താർ തെക്കുഭാഗം തിരിഞ്ഞും, കാപ്പാട് ദൈവത്താർ വടക്കുഭാഗം തിരിഞ്ഞും മാവിലായി ദൈവത്താർ ശ്രീ കോവിലിലേക്ക് നോക്കിയുമാണ് പീഠത്തിന്മേൽ ഉപവിഷ്ട്ടരാകുന്നതെങ്കിൽ പടുവിലായി ദൈവത്താർ ഉദയം നോക്കിയാണ് പീഠത്തിന്മേൽ ഇരിക്കുന്നത്.
അവതരണം: ബൈജു ചെല്ലട്ടോൻ, ചെറുകുന്ന്
DAIVATHAR THEYYAM (SREERAMAN) :
Andalur Daivathar Theyam is worshiped in Andalur Kavi in Thalassery and is a deity in the form of Sri Rama.
This kolam is worn with hair ornaments made of gold. The deity here is based on the concept of Rama returning with Sita after killing Ravana. The presence of Lord Rama and Hanuman is believed in Melekavi, Ravana Sankalpa and Lankasankalpa in Utchakavi. Bapiriyaan in the form of Hanuman and Ankakaran in the form of Lakshmana will tie the knot with this Theiya.
Mavilai, Kappad, Andalur and Paduvilai are the main deities. This theyam is tied by the Vannan community. Tie this teyam to increase in itself. Apart from these, Kudali Daivathar Kaav is also famous.
Villatam is the main offering offered by the devotees to the gods.
Villatam is a ceremony in which he takes a bow that is shown to him and plays with it and then throws it to the robbers. Daivatharishwaran Theiyam is a Theiyam without uttering a single word. Fruit bowls for this deity in Andalur Kavi are seen in abundance.