കണ്ടമ്പത്ത് തറവാട്ടിലെ കണ്ണൻ മഹാപണ്ഡിതനും മന്ത്ര സിദ്ദിക്കുടമയുമായിരുന്നു. നാട്ടാർക്കും നാട്ടുകൂട്ടത്തിനും ആരാധ്യൻ. മന്ത്ര ഗുളികന്റെ സന്തത സഹചാരിയും. ഏതത്ഭുതത്തിനും കഴിവുറ്റവൻ എന്ന് പേര് കേട്ടവൻ. കഥയറിഞ്ഞ കോലമന്നൻ ആളയച്ചു വിളിപ്പിച്ചു. കുളിച്ചു തറ്റുടുത്തു കയ്യിൽ പൊന്നുകെട്ടിയ ചൂരക്കോലും ചുണ്ടിൽ ഗുളിക മന്ത്രവുമായി കണ്ണൻ കോലമന്നന്റെ കൊട്ടാരത്തിലെത്തി. നവഗ്രഹങ്ങളെയും തമ്പുരാന്റെ മുന്നിൽ വിളിച്ചുകാട്ടിയ കണ്ണനെ തമ്പുരാൻ ഗുരുവായി സ്വീകരിച്ചുവത്രെ. പിറ്റേയാണ്ടിൽ പിതാവിന്റെ ശ്രാദ്ധത്തിന് തിരുനെല്ലിയിലെത്തിയ കണ്ണനെ കാലദൂതൻ കാലപാശമെറിഞ്ഞു വീഴ്ത്തിയത്രെ. മന്ത്രഗുളികൻ കണ്ണനെ തന്നോടൊപ്പം ചേർത്തു. കണ്ണമ്മാൻ തെയ്യവും മന്ത്രഗുളികനും ചേർന്ന് തെയ്യക്കോലങ്ങളായി.