Theyyam Details

  • Home
  • Theyyam Details

Karan Daivam Theyyam

April 18, 2024

Description

കാരൻ തെയ്യം അഥവാ മഹാവൈദ്യൻ ദൈവം

കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ ഇടക്കേപ്പുറം രണ്ടുകര എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന പുണ്യ ഭൂമിയാണ് കാരങ്കാവ്.  കോലത്തുനാട്ടിലെ തന്നെ അതിപുരാതനവും പ്രസിദ്ധവുമായ കാവാണ് ശ്രീ കാരങ്കാവ്. 
 
ഐതിഹ്യം

പണ്ട് കാക്കാടി കണ്ണാടിയൻ തറവാട്ട് കാരണവരായ പുറവ കാരണവരും, അനന്തിരവന്മാരും ചെറുവത്തൂരിലെ നിലയം കടവ് എന്ന സ്ഥലത്ത് എത്തുകയുണ്ടായി. അവിടെ വെച്ച് അവർ മഹാവൈദ്യനായ കാരൻ ദൈവത്തെ ദർശിച്ചു. പുറവകാരണവരുടേയും അനന്തരവന്മാരുടേയും നിലയും, കുറിയും, അടുക്കും, ആചാരവും കാരൻ ദൈവം കണ്ട് കൊതിച്ചു. കാരണവരുടെ പുടവയിൽ പിടിച്ച് തറവാടാധാരമാക്കി യാത്ര തുടർന്നു. യാത്രയ്ക്കിടെ മാടായി തിരുവട്ടൂർ കാവ് വടക്കെ ഭാഗം ആധാരമാക്കി കൈയെടുത്തു.  മാടായി കാവിൽ വെച്ച് കാരൻ ദൈവം മാടായിക്കാവിലമ്മയുമായി വായും മനസും ചേർന്നു. 

പിന്നീടിങ്ങോട്ടുള്ള യാത്രയിൽ മാടായിക്കാവിലമ്മയും ഇവരുടെ കൂടെ പോന്നു. യാത്ര തുടർന്ന് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെത്തി. അവിടെ നിന്ന് അഗ്രശാല മാതാവിന്റെ പാട്ടും മഹോത്സവും കണ്ട് ചിറയിൽ നീരാടി, ചോയിഅമ്പലത്തിൽ വിശ്രമിച്ച് ശേഷം യാത്ര തുടർന്ന് കണ്ണപുരം ഇടക്കേപ്പുറം രണ്ട് കരയിൽ എത്തി. അവിടെ ഒരു അരയാൽ തറ ഉണ്ടായിരുന്നു. കാരണവർ ഈശ്വരനെ അരയാൽ തറയിൽ കയറ്റിയിരുത്തി ശേഷം വേലിയേറ്റം നോക്കി വിശ്വകർമ്മാവിനെ തേടി വരുത്തി നാലു കണ്ടം മരവും, നാലു കണ്ടം കല്ലും കൂട്ടി കെട്ടി കാരങ്കാവ് എന്ന പുണ്യ സങ്കേതമുണ്ടാക്കി ദൈവങ്ങളെ അവിടെ കുടിയിരുത്തി. ദൈവങ്ങൾക്കിരിപ്പാൻ പീഠവും, പിടിപ്പാൻ ആയുധവും തൊടാൻ പൊൻ കുറിയും ചാർത്താൻ പൊൻ പട്ടും കൈക്കിടാൻ പൊൻവളയും ഉണ്ടാക്കി കൊടുത്തു.

കണ്ണപുരം കാരൻകാവിലെ ഭജനം 

കാരൻകാവിലെ വളരെ വിശേഷപ്പെട്ട അനുഷ്ഠാനമാണ് ഭജനം ഇരിക്കൽ. ദൂരെ നാട്ടിൽ നിന്നുപോലും ഭക്തർ കളിയാട്ട കാലത്ത് ഭജനം ഇരിക്കാൻ കണ്ണപുരം കാരൻ കാവിൽ എത്തിച്ചേരാറുണ്ട്. രോഗശാന്തിക്കും ആയുരാരോഗ്യ സുഖത്തിനുമായി കാരൻ ദൈവത്തിന്റെ അനുഗ്രഹം നേടാനാണ് ഭജനം ഇരിക്കുന്നത് എന്നാണ് വിശ്വാസം.

ഭജനമിരിക്കലിന്റെ ഐതിഹ്യം ഇങ്ങനെ 

പണ്ട് ഇടക്കേപ്പുറം കണ്ണങ്കൈ ഗുരുമഠത്തിലെ ഗുരുവിനു മാറാവ്യാധി പിടിപെട്ടു. ഒരു തരത്തിലും രോഗശാന്തി ലഭിക്കാഞ്ഞതിനെതുടർന്ന് ഗുരു 96 മഹാവ്യാധിയിൽ നിന്നും മുക്തിയേകുന്ന കാരൻ ദൈവത്തിൽ അഭയം തേടി. കാരൻകാവിലെ കുളത്തിൽ 41 ദിവസം കുളിച്ച്, ജപിച്ച് ഭജനം ഇരുന്ന് അവിടുന്നുതന്നെ ഭക്ഷണം പാകം ചെയ്ത് കഴിച്ചും, കാരൻ കാവിലെ മഞ്ഞും വെയിലും കൊണ്ട് ക്ഷേത്രപറമ്പിൽ നിന്നും പുറത്ത് പോവാതെ ഭജനമിരുന്നു.

41 ദിവസത്തിന് ശേഷം ഭഗവാൻ കാരൻ ദൈവത്തിന്റെ അനുഗ്രഹത്താൽ ഗുരുവിന്റെ മാറാവ്യാധി ഭേദപ്പെട്ടു. ആ ഗുരുവിനെ പിന്നീട്‌ ഇടക്കേപ്പുറം കണങ്കൈ ഗുരുമഠത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചു. കളിയാട്ടം തുടങ്ങുന്ന ദിവസം കാവിലെത്തുന്ന ഭജനക്കാർ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നു. അതിന് ശേഷം ക്ഷേത്ര കാരണവരുടെ അനുഗ്രഹം വാങ്ങി ക്ഷേത്രമുറ്റത്ത് വിരി വെക്കുന്നു. ദിവസവും രണ്ടു നേരം ക്ഷേത്ര കുളത്തിൽ മുങ്ങിക്കുളിച്ച് ഈറനോടെ പ്രാർത്ഥന നടത്തുന്നു.

ക്ഷേത്രത്തിലെ എല്ലാ ദൈവങ്ങളുടെയും പുറപ്പാട് സമയത്തു വെള്ള വസ്ത്രം ധരിച്ച ഭജനക്കാർ തിരുമുറ്റത്ത് പ്രാർത്ഥനയോടെ നിൽക്കേണ്ടതാണ്. മത്സ്യ മാംസാദികളും ലഹരിവസ്തുക്കളും ത്യജിച്ച്,സദാസമയവും കാരൻ ദൈവത്തെയും ഭജിച്ച് കഴിയുന്ന ഭജനക്കാർ കളിയാട്ടത്തിന്റെ അവസാന ദിവസത്തെ പ്രസിദ്ധമായ തേങ്ങയേറ് കർമ്മതിന് ശേഷം കാരൻ ദൈവത്തിന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നു. ഭജനം തുടങ്ങിയാൽ അവസാനിക്കുന്നത് വരെ ഭജനക്കാർ ക്ഷേത്ര പറമ്പ് വിട്ട് പുറത്തു പോവാൻ പാടില്ല. 

തേങ്ങ ഏറ് ചടങ്ങ്

ഈശ്വരന്റെ പാദം നനയ്ക്കൽ ചടങ്ങാണ് തേങ്ങ ഏറ് ചടങ്ങ്. അപ്പോൾ കാരൻ തെയ്യം ക്ഷേത്രമുറ്റത്തെ ആൽതറയിൽ ഇരിക്കും. ക്ഷേത്രത്തിലെ കഴകക്കാർ ആൽതറക്ക് മുന്നിലുള്ള തറയിൽ നിരവധി തേങ്ങകൾ എറിഞ്ഞുടക്കുന്ന ചടങ്ങാണ് ഇത്.  ഈ ചടങ്ങോടു കൂടിയാണ് കളിയാട്ടത്തിന് സമാപനം ആകുന്നത്.

കാരൻ ദൈവവും വലിയ തമ്പുരാട്ടിയെയും കൂടാതെ പുലിയൂർ കാളിയും ധർമ്മ ദൈവവും നഗകന്നിയും കാരൻ കാവിൽ കെട്ടിയാടുന്നു.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

 

Kavu where this Theyyam is performed