Theyyam Details

  • Home
  • Theyyam Details

Kelankulangara Bhagavathy Theyyam

Feb. 24, 2024

Description

കേളൻകുളങ്ങര ഭഗവതി തെയ്യം

എടനാട് ദേശത്തിലെ കേളൻകുളങ്ങര തറവാട്ടിൽ തന്നെ ഇല്ലാതാക്കിയ ദുര്യോധനാദികളെ തീകണ്ണുകളുരുട്ടി തീർത്തും ഭസ്മമാക്കി അവിടം മുച്ചോടും മുടിച്ചു പിന്നീട് അവിടംതന്നെ തന്റെ ആരൂഢമാക്കിമാറ്റിയ മഹാമന്ത്രമൂർത്തിയായ ദേവതയാണ്  ശ്രീ കേളൻകുളങ്ങര ഭഗവതിയമ്മ

ആസുരതാളത്തിനൊത്ത അതിരൗദ്രമാം വാദ്യമേളങ്ങൾക്കൊപ്പവും മധ്യാന ഭാസ്കരപ്രഭയെ വെല്ലുന്ന തീപന്തങ്ങളുടെ അഗ്നിപ്രഭയ്ക്കൊപ്പവും താണ്ഡവ നൃത്തമാടുന്ന സംഹാരരൂപിണി. ദേശത്തിലെ ആരോരുമിലാപൈതങ്ങൾക്ക്‌ ആശ്രയവും അന്നപൂർണേശ്വരിയുമാണ് ശ്രീ മഹാമായ.

 

കേളൻ കുളങ്ങര ഭഗവതി.

നടന്നെത്തും ഇടമെല്ലാം നിനക്കെന്ന് പരിഹാസം, ഒറ്റക്കാലുമായി ഒറ്റനിമിഷത്തില്‍ കാതങ്ങള്‍ താണ്ടിയ കന്യക! *       

കത്തും കനകമാലയും തൃക്കൈ വളകളും അരയിലും മുടിയിലും തീപ്പന്തങ്ങളുമായി എടനാട് ദേശത്തിൽ ഉറഞ്ഞാടുന്ന ഉഗ്രമൂർത്തി. 

എടാട്ടിനു പുറമേ കുഞ്ഞിമംഗലം,  ചെറുതാഴം പയ്യന്നൂര്‍, വെള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമദേവതയായ ഈ അമ്മത്തെയ്യത്തിന്‍റെ കഥയില്‍ ഭിന്നശേഷിക്കാരിയായ ഒരു പെണ്ണിന്‍റെ കണ്ണീരിന്‍റെ ശീലു പുരണ്ടിട്ടുണ്ട്. ആ കഥകളിലേക്ക്..

തളര്‍ന്നു തൂങ്ങിയ കാലും വലിച്ചവള്‍ പടിപ്പുരയിറങ്ങി. ഒരിറ്റ് കണ്ണീരടര്‍ന്ന് നിലത്തുവീണുടഞ്ഞു. 
ഒറ്റക്കാലീ..
മുടന്തീ.
നീ ഏടുത്തോളം പോകുമെണേ..?

പിന്നില്‍ ഏട്ടത്തിമാരുടെ കുശുമ്പുകുത്തുന്ന ചിരി. അമ്മയുടെ നെഞ്ചുവിങ്ങുന്നൊച്ച എവിടെ നിന്നെങ്കിലും കേള്‍ക്കുന്നുണ്ടോ? ഏന്തിവലിഞ്ഞു നടക്കുമ്പോഴും കാതോര്‍ത്തവള്‍. പക്ഷേ ഒന്നും കേട്ടില്ല. ചിന്തകളില്‍ കണ്ണീരിൻ ഉറവുകളുണരുന്നു. ശോഷിച്ച കാലുമായി പിറന്നുവീണപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവമതിക്കളത്തിലെ ഈ ജന്മദുരിതനാടകം. നരകയാതനദ്രവം കുടിച്ചുശോഷിച്ച ജീവിതം; ബലമില്ലാത്തെ കാലുപോലെ. 

കണ്ണിലും കനവിലും പുകയുന്ന വേദനകള്‍.
സകലവയും സംഹരിക്കണം. നടന്നളക്കണം.
പെരിയാടന്മാരുടെ പെരിയ ഭൂമിയെല്ലാം ഒറ്റക്കാലുകൊണ്ടു കീഴടക്കണം.
പറന്നളക്കണം..
വേഗത പോരാ..
ഇനിയും വേഗം.. 
ഇനിയും..
ഒറ്റക്കാലില്‍ ഏന്തിച്ചാടി അവള്‍. അക്കാണുന്ന കുന്നു കടന്നു. ഇക്കാണുന്ന പുഴ കടന്നു. കാട്ടുപൊന്തകള്‍ കാറ്റിലാടുന്ന താഴ്‍വര കടന്നു. നിരവും നിലവും കടന്നു. തളര്‍ന്നുതൂങ്ങിയ കാല്‍ ഒപ്പമിഴഞ്ഞു. എടനാടൻ താഴ്‍വരയില്‍ എതിരെ വന്നതൊരു ചതിയൻ കാറ്റ്. നടന്നളക്കാനിറങ്ങിയ മുടന്തിയെ പറത്തിക്കളയാമെന്നവൻ തീരുമാനിച്ചു. എന്നാല്‍ ഒരു ഹുങ്കാര ശബ്‍ദം കേട്ടവൻ അന്തിച്ചുനിന്നു. തനിക്കുനേരെ കുതിച്ചുവരുന്നതൊരു കൊടുങ്കാറ്റാണെന്നവന് തോന്നി. കൊടുങ്കാറ്റിന്‍റെ കണ്ണുകളിലേക്കവൻ ഒന്നേ നോക്കിയുള്ളൂ. ഭീതിയോടെ വിറച്ചുതുള്ളിയവൻ.  ഒറ്റ നിമിഷം കൊണ്ട് വന്നവഴിക്ക് തിരിച്ചു പാഞ്ഞു ആ ചതിയൻ കാറ്റ്.  

ചേരിക്കല്ലുകള്‍. പണ്ട് കോലത്തുനാട്ടില്‍ അധികാര പരിധി നിശ്‍ചയിച്ചിരുന്ന അടയാളങ്ങള്‍.  വലിയൊരു വയലും ജനപഥവും ചേര്‍ന്ന ഭൂമിക. അത്തരം അനേകം ചേരിക്കല്ലുകളില്‍ ഒരെണ്ണമായിരുന്നു ചെറുതാഴത്തെ പെരിയാട്ട് ചേരിക്കല്ല്.  ഇന്നത്തെ പിലാത്തറയുടെ തെക്കൻപ്രദേശവും വയലേലകളും ചേര്‍ന്ന ഭൂമി. പെരിയാട്ട് നായര്‍ തറവാട്ടുകാരായിരുന്നു പെരിയാട്ട് ചേരിക്കല്ലിന് അധിപന്മാര്‍. 

തറവാട്ടിലെ മൂന്നു പെണ്‍മക്കളില്‍ ഇളയവളായിരുന്നു മാണി എന്ന കുഞ്ഞിപ്പെണ്ണ്. ഒരു കാലിന് സ്വാധീനമില്ലാത്ത കന്യക. പെരിയാട്ടെ കാരണവര്‍ സ്വത്ത് ഭാഗം വച്ചപ്പോഴായിരുന്നു കുട്ടിക്കാലം മുതല്‍ അനുഭവിച്ച അപഹാസത്തിന്‍റെ മൂര്‍ധന്യത മാണി അറിയുന്നത്. ചെറുതാഴം മുതല്‍ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നടുവൻ പാടവും ആകാശം മുട്ടുന്ന നാലു കുന്നുകളും രണ്ടായി ഭാഗിച്ചു കാരണവര്‍. ഒരു ഭാഗം മൂത്തമകള്‍ നങ്ങയ്ക്ക്. ബാക്കിയുള്ളതോ രണ്ടാമത്തോള്‍ നാരായണിക്ക്. അപ്പോള്‍ ഇളയോള്‍ക്ക് എന്തെന്ന് ഒച്ചയില്ലാതെ ചോദിച്ചു അമ്മ. 

"നടന്നുനോക്കാൻ പറ്റാത്തോള്‍ക്ക് ഭൂമിയെന്തിന്? കാലുവയ്യാത്തോളെ ഏട്ടത്തിമാര് നോക്കിയാല് മതി" കാരണവര്‍ മറുപടി പറഞ്ഞു. 

ഏട്ടത്തിമാര്‍ ഒച്ചയില്ലാതെ ചിരിച്ചു 

"അത് പറ്റില്ല. എനക്കും വേണം ഭൂമി, ഒരു തുണ്ടെങ്കിലും.." 

പൊട്ടിക്കരച്ചിലിനിടയിലൂടെ അന്നാദ്യമായി നാലുകെട്ടില്‍ കുഞ്ഞിപ്പെണ്ണിന്‍റെ ഒച്ച പൊങ്ങി. ആരുമൊന്നും മിണ്ടിയില്ല. ചാരുകസേരയില്‍ കാരണവര്‍ മൂരി നിവര്‍ന്നു. എന്നിട്ട് പതുക്കെ എഴുന്നേറ്റു. അവളുടെ ശോഷിച്ച കാലിലേക്ക് നോക്കിക്കൊണ്ട് പരിഹാസത്തോടെ അയാള്‍ ഇങ്ങനെ പറഞ്ഞു:

"ശരി തരാല്ലോ. നിനക്ക് നടന്നെത്താൻ കഴിയുന്ന ഭൂമിയെല്ലാം നിനക്ക് സ്വന്തം. എന്തേ പറ്‍റ്വോ?" 

തറവാട്ടിലെ പല കോണുകളില്‍ നിന്നും ചിരി പടരുന്നത് അവള്‍ അറിഞ്ഞു. തളര്‍ന്നുതൂങ്ങിയാടുന്ന കാലും വലിച്ചുകൊണ്ട് ആ നിമിഷം പടിക്കു പുറത്തിറങ്ങിയതാണവള്‍. ഭൂമി നടന്നളന്ന് കൊടുങ്കാറ്റുപോലുള്ള ആ വരവ് കണ്ടാണ് എടനാടൻ താഴ്‍വരയില്‍ പതുങ്ങിയിരുന്ന ചതിയൻ കാറ്റ് ഭയന്ന് തിരിച്ചോടിയത്. 


ചെറുതാഴത്ത് നിന്നും ഏറെ ദൂരമുണ്ട് എടാട്ടേക്ക്. രയരമംഗലത്ത് മനവകയായിരുന്നു ചെങ്കല്‍ക്കുന്നുകളും താഴ്‍വാരങ്ങളും നിറഞ്ഞ എടനാടൻ പ്രദേശം. എടാടൻ മണിയാണിയിരുന്നു ഭൂമിയുടെ കാര്യസ്ഥൻ. എടാട്ടിന്‍റെ കിഴക്കൻ ഭാഗത്താണ് തൃക്കാണത്ത് കുഴി. തൃക്കാണത്ത് കുഴിയുടെ വടക്കുകിഴക്ക് കുന്നുകള്‍ക്കു താഴെയുള്ള ജലാശയമാണ് കേളൻ കുളം. ഈ കുളത്തിന്‍റെ കരയോരത്തിന് 'കേളൻ കുളങ്ങര' എന്നും കേളൻകുളങ്ങരയോട് ചേര്‍ന്നുകിടക്കുന്ന വയലിന് 'കേളൻകുളങ്ങര വയലെന്നും' ഈ വയലിന്‍റെ കരയിലുള്ള കാവിന് 'കേളൻ കുളങ്ങര കാവെന്നും' പേര്. പെരിയാട്ട് നായന്മാരുടെ ഉടമസ്ഥതയിലായിരുന്നു ഈ കാവ്. 

കാവിനരികിലുള്ള തെങ്ങിലിരുന്ന് കള്ളു ചെത്തുകയായിരുന്നു ഒരു ഏറ്റുകാരൻ. കുല ചെത്തുന്നതിനിടയില്‍ നോക്കിയപ്പോഴുണ്ട് കുളക്കരയില്‍ തേജസ്വിയായൊരു പെണ്‍കുട്ടി നില്‍ക്കുന്നു. എന്തോ പന്തികേടു തോന്നി അയാള്‍ക്ക്. വേഗം തെങ്ങില്‍ നിന്നിറങ്ങി അയാള്‍ കുളക്കരയിലെത്തി. അപ്പോഴേക്കും അവള്‍ അപ്രത്യക്ഷയായിരുന്നു. ഈ സമയം എടാടൻ മണിയാണി അവിടെയെത്തി. അധികം വൈകാതെ പെരിയാടന്മാരും എത്തി. നടന്നളക്കാൻ ഇറങ്ങിയ കുഞ്ഞിപ്പെണ്ണിനെ അന്വേഷിച്ചായിരുന്നു പെരിയാടന്മാരുടെ വരവ്. 

തനിക്കുണ്ടായ അനുഭവം വന്നവരോടും നിന്നവരോടും പറഞ്ഞു ഏറ്റുകാരൻ. കേട്ടവര്‍ കേട്ടവര്‍ തലയില്‍ കൈവച്ചു. കാരണം ആ കുളക്കരയില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറത്താണ് ചെറുതാഴവും പെരിയാട്ട് വീടും. അവിടെ നിന്നും അല്‍പ്പസമയം കൊണ്ടൊരാള്‍ എടാട്ടെ ഈ കുന്നിൻ ചെരിവിലേക്ക് നടന്നെത്തി എന്നത് അവിശ്വസനീയമായിരുന്നു.  അതും ഒരുകാലിന് തീരെ വയ്യാത്ത പെണ്ണൊരുത്തി! 

എന്നിട്ട് അവളെവിടെ? 

കാടും തോടും കുണ്ടും കുഴിയുമൊക്കെ ജനം അരിച്ചുപെറുക്കി. ഒടുവില്‍ കുളത്തിന് മുകളിലെ ഞെട്ടിക്കുന്ന ആ കാഴ്‍ച ആദ്യം കണ്ടതും ആ ഏറ്റുകാരന്‍ തന്നെയായിരുന്നു. ജലപ്പരപ്പില്‍ കരിമ്പായലു പോലൊരു വാര്‍മുടിക്കെട്ട്. ഒട്ടുമാലോചിക്കാതെ ഏറ്റുകാരൻ കുളത്തിലേക്ക് എടുത്തുചാടി. ജീവനറ്റ ആ പെണ്‍ശരീരത്തെ കരയിലേക്ക് അയാള്‍ എടുത്തുകിടത്തി. നിലത്തിഴഞ്ഞ് ചോരപൊടിഞ്ഞ അവളുടെ ശോഷിച്ച കാലും ചോര ജ്വലിക്കുന്ന മുഖവും കണ്ട് പെരിയാടന്മാരും നാട്ടുകൂട്ടവും ഭയന്ന് മുഖം പൊത്തി. പെരിയ ദൂരം നിമിഷങ്ങള്‍ക്കകം നടന്നളന്ന ആ മെലിഞ്ഞ കാലുകള്‍ പെരിയാടന്മാരുടെ പെരുമയെ പെരുമ്പുഴയിലാഴ്‍ത്തി. ഈ നേരമത്രയും ഭയം വിട്ടുമാറാതെ എടനാടൻ കുന്നിൻ ചെരിവിലെങ്ങോ ഒളിച്ചിരിക്കുകയായിരുന്നു അവളുടെ വരവ് കണ്ടോടിയ ആ ചതിയൻ കാറ്റ്. 

അധികം വൈകിയില്ല. പെരിയാട്ടും എടനാട്ടിലുമൊക്കെ ദുര്‍നിമിത്തങ്ങള്‍ തെളിഞ്ഞു തുടങ്ങി. കവടി നിരന്നു. നിമിഷങ്ങള്‍ക്കകം ഏക്കറുകണക്കിന് ഭൂമി നടന്നളന്ന ഭിന്നശേഷിക്കാരിയായ കന്യക ദൈവക്കരുവായിത്തീര്‍ന്നു എന്നായിരുന്നു പ്രശ്‍നവിധി. കേളൻകുളത്തിന്‍റെ കരയില്‍ ഭഗവതിയായി മാറിയതിനാല്‍ 'കേളൻകുളങ്ങര ഭഗവതി' എന്ന് പേരുണ്ടായി.

ചില പാഠഭേദങ്ങളുമുണ്ട് കേളൻകുളങ്ങര ഭഗവതിയുടെ ഈ കഥയ്ക്ക്. തെങ്ങ് ചെത്തുകയായിരുന്ന ഏറ്റുകാരന്‍റെ പേര് 'കേളൻ' എന്നാണ്  ഒരു പാഠാന്തരം. കേളൻ, കുളത്തിന്‍റെ കരയില്‍ കണ്ട ഭഗവതിയായതിനാല്‍ 'കേളൻകുളങ്ങര ഭഗവതി' എന്ന പേരുണ്ടായി എന്ന് 'അമ്മത്തെയ്യങ്ങള്‍' എന്ന പുസ്‍തകത്തില്‍ ശംഭുമാസ്റ്റര്‍ കൊടക്കാട് എഴുതുന്നു.  ഇനിയൊരു കഥയില്‍ എടനാട് ദേശത്തിലെ കേളൻകുളങ്ങര തറവാട്ടിൽ തന്നെ ഇല്ലാതാക്കിയ ദുര്യോധനാദികളെ തീക്കണ്ണുകളുരുട്ടി ഭസ്‍മമാക്കി അവിടം മുച്ചോടുംമുടിച്ചു പിന്നീട് അവിടം തന്നെ തന്റെ ആരൂഢമാക്കി മാറ്റിയ മഹാമന്ത്രമൂർത്തിയായ ദേവതയാണ് കേളൻകുളങ്ങര ഭഗവതിയമ്മ. 

എന്നാല്‍ പ്രശസ്‍ത തെയ്യം ഗവേഷകനായ ഡോ എം വി വിഷ്‍ണുനമ്പൂതിരി മറ്റു ചില വാദങ്ങള്‍ കൂടി മുന്നോട്ട് വയ്ക്കുന്നു. തറവാട്ടു വക കൃഷിസ്ഥലം നോക്കാൻ ചെന്ന് കുളക്കരയില്‍ വീണു മൃതിയടഞ്ഞ, കടിഞ്ഞിപ്പിള്ളിത്തറവാട്ടിലെ ഒരു സ്‍ത്രീയുടെ സങ്കല്‍പ്പത്തിലുള്ള തെയ്യമത്രെ കേളംകുളങ്ങര ഭഗവതിയെന്നാണ് 'തെയ്യംതിറത്തോറ്റങ്ങള്‍ - ഒരു പഠനം' എന്ന പുസ്‍തകത്തില്‍ എം വി വിഷ്‍ണുനമ്പൂതിരി പറയുന്നത് . കുളത്തില്‍ മരിച്ചുകിടക്കുന്ന സ്‍ത്രീയെ കേളനാണ് ആദ്യം കണ്ടെതന്നും അതുകൊണ്ടാണ് കേളംകുളങ്ങര ഭഗവതി എന്ന പേരുണ്ടായതെന്നും കുറിക്കുന്ന വിഷ്‍ണുമാഷ്, എന്നാല്‍ ഈ ഐതിഹ്യത്തിന് തെളിവാകുന്നതല്ല കേളങ്ങരപ്പോതിയുടെ തോറ്റം പാട്ടെന്നും വ്യക്തമാക്കുന്നുണ്ട്.  

"ആലം മുതിര്‍ന്ന തമ്പുരാൻ തന്‍റെ മറിമായത്താല്‍ 
കാലം കളയാതെയുലകില്‍ വന്നെഴുന്നെള്ളിയ.."

എന്നാണ് തോറ്റം പാട്ട് എന്ന് വിഷ്‍ണുമാഷ് പറയുന്നു. ശ്രീ പരമേശ്വരന്‍റെ മറിമായത്താല്‍ ഭൂമിയില്‍ എത്തിയ ഈ ഭഗവതിക്ക് കുടികൊള്ളാൻ കാവ് കാട്ടിക്കൊടുത്തതും പരമേശ്വരൻ തന്നെയായിരുന്നുവെന്നും കേളംകുളങ്ങരക്കാവിന് 'അരൻ കാട്ടിക്കുളം കാവ്' എന്നൊരു പേരുകൂടിയുണ്ടെന്നും തോറ്റം പാട്ടുകളെ ഉദ്ദരിച്ച് ഡോ എം വി വിഷ്‍ണുനമ്പൂതിരി എഴുതുന്നു. കേളങ്ങരപ്പോതിയുടെ രൂപസവിശേഷതകള്‍ ഇങ്ങനെ

'വട്ടമുടിയും വെള്ളെകിറും പൊന്മുഖവും മേനി
വൈയോനെതൃകുടാതൊളിതേടും നിറമുടയോള്‍
കത്തും കനകമാലയും പൊൻതരിച്ചിലമ്പും
തൃക്കൈവളയും പൊന്നുടഞ്ഞാണ, മരയൊടയും.."

പെരിയാട്ടും വെള്ളൂരും ചാമക്കാവിലും അറത്തിലമ്പലത്തിലും ഈ തെയ്യക്കോലമുണ്ടെന്ന് പൊലിച്ചുപാട്ടിലും സൂചനയുണ്ട്. പെരിയാട്ട് നായര്‍ തറവാട്ടില്‍ സ്ഥാനവും കോലവും നല്‍കി ആരാധിച്ചു തുടങ്ങിയ കേളൻകുളങ്ങര ഭഗവതി കേളൻകുളങ്ങരക്കാവ്, പടിഞ്ഞാറത്ത് കേളൻകുളങ്ങര ഭഗവതി സ്ഥാനം, പുത്തലത്ത് തറവാട്, എടാട്ട് കണ്ണങ്ങാട് എന്നിവടങ്ങളിലും ശേഷിപ്പെട്ടു. വെള്ളൂര്‍ പെരിയാട് നാല്‍പത്തീരടി കളരിയിലും ചാമക്കാവിലും ഭഗവതിയെ ആരാധിക്കുന്നു. എടാട്ട്, കുഞ്ഞിമംഗലം, പരവന്തട്ട പ്രദേശങ്ങളിലെ മിക്ക തറവാടുകളിലും കേളങ്ങരപ്പോതിയുടെ സ്ഥാനവും സാനിധ്യവുമുണ്ട്. ഒരുകാലത്ത് എടാട്ട്, ചെറാട്ട്, കുന്നിനുകിഴക്ക്, താമരംകുളങ്ങര പ്രദേശങ്ങളില്‍ നാട്ടുകൂട്ടത്തിന്‍റെ പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കുന്ന അമ്മത്തെയ്യങ്ങളായിരുന്നു കേളങ്ങരപ്പോതിയും കുണ്ഡോറച്ചാമുണ്ഡിയും. 

വണ്ണാന്മാരാണ് കേളങ്ങരപ്പോതിയുടെ കോലധാരികള്‍. വട്ടമുടി, അരയൊട, പന്തം തുടങ്ങിയവയാണ് ചമയങ്ങള്‍. കുറ്റിശ്ശംഖും വൈരിദ്ദളവുമാണ് മുഖത്തെഴുത്ത്. എന്നാല്‍ വെള്ളൂര്‍ പ്രദേശങ്ങളില്‍ 'വട്ടക്കണ്ണും കീറ്റുനാഗവും' എന്ന മുഖത്തെഴുത്ത് ശൈലിയാണ് പതിവ്. പെരുമ്പപ്പുഴയ്ക്ക് തെക്കോട്ട് അതീവരൌദ്ര രൂപിണിയാണ് ഈ അമ്മത്തെയ്യം. ആസുരതാളത്തിനൊത്ത് ഉച്ചസൂര്യനെ വെല്ലുന്ന തീപ്പന്തങ്ങളുടെ അഗ്നിപ്രഭയ്ക്കൊപ്പം താണ്ഡവനൃത്തമാടുന്ന സംഹാരരൂപിണിയാണ് എടനാടൻ താഴ്‍വരകളിലെ കേളങ്ങരപ്പോതി. ദേശത്തിലെ ആരോരുമില്ലാപ്പൈതങ്ങൾക്ക്‌ ആശ്രയവും അന്നവുമാകുന്ന നടന്നുവാഴുന്ന ഈ മഹാമായയുടെ കഥകള്‍ പറയുമ്പോള്‍ ഭക്തര്‍ക്ക് നാവ് നൂറാണ്.

തെറ്റു കണ്ടാല്‍ ഉടൻ ശിക്ഷ
കള്ളന്മാരുടെ പേടിസ്വപ്‍നം
ദുര്‍ബലനെ ബലവന്മാര്‍ ദ്രോഹിച്ചാല്‍ വളവുകണ്ടപ്രകാരം വജ്രമേല്‍ക്കും അമ്മ..

കടപ്പാട്: പ്രശോഭ് പ്രസന്നൻ

Visit:

https://youtu.be/1s_YmfKh96Q

Description

Kelankulangara Bhagavathy Theyyam

Sri Kelankulangara Bhagavathiyamma is the Mahamantramurti deity who destroyed the Duryodhanadis in the Kelankulangara tribe of Edanad land and burnt the place to ashes.

Samhararupini who dances Tandava to the auspicious musical accompaniment of the demonic drum and to the fiery light of the fireballs that rival the Madhyana Bhaskaraprabha.

Shri Mahamaya is the refuge and Annapurneswari of the people of the land.


Visit: https://youtu.be/1s_YmfKh96Q