കണ്ടംഭദ്ര തെയ്യം ഐതീഹ്യം
ദൈവകോപ ഫലമായി മരിച്ചു ദൈവക്കരുവായി മാറി കെട്ടിയാടിക്കുന്നഒരുപാട് കോലങ്ങൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണാൻ സാധിക്കും അത്തരം ഒരു കോലം ആണ് കണ്ടംഭദ്ര .
പുരാവൃത്തം ഇങ്ങനെ:
കാസർഗോഡ് ജില്ലയിലെ നീലേശ്വരം മടിക്കൈ കക്കാട്ട് പട്ടേരി ഇല്ലത്തെ ആരാധനമൂർത്തി അസുരവിനാശിനിയായ ഭദ്രകാളി ശ്രീ ഉതിരൊണി ഭഗവതിയായിരുന്നു.മന്ത്രമൂർത്തിയായ ഉഗ്രഭാവം പൂണ്ട ദേവതയാണ് ഉതിരൊണി ഭഗവതി. ഇല്ലത്തെ ഒരു കന്യക അവളുടെ ആർത്തവ കാലത്ത് മന്ത്രമൂർത്തികളെ പൂജിക്കുന്ന അല്ലെങ്കിൽ കുടിയിരുത്തിയ പൂജാമുറിയുടെ അടുത്തു ഓർമയില്ലാതെ പ്രവേശിക്കുകയുണ്ടായി .അശുദ്ധിയുള്ളവർക്ക് വിലക്കപ്പെട്ട സ്ഥലമാണ് പൂജാമുറിയും പരിസരവും .കന്യകയുടെ ഈ പ്രവൃത്തിയിൽ കോപാകുലയായ മന്ത്രശാലയിലുള്ള കാളി ഉതിരാണി ഭഗവതി സ്നാനത്തിനായി കുളക്കടവിലെത്തിയ കന്യകയെ രുധിരപങ്കിലമായി അല്ലെങ്കിൽ രക്തം വാർന്നു മരിക്കാൻ ഇടയാക്കി. അറിയാതെ ചെയ്ത അപരാധമായതിനാൽ ആ കന്യക ദൈവക്കരുവായി മാറി ഉതിരാണി ഭഗവതിയിൽ ലയിച്ചു.
മറ്റൊരു ഐതീഹ്യം:
മടിക്കൈ വാവില്ലത്തെ ഒരു ഗർഭിണിയായ സ്ത്രീ ചിറയിൽ കുളിക്കാനായി പോയി. കുളിച്ചുകൊണ്ടിരുന്നപ്പോൾ പുഴയിലുടെ ഒരു പട്ടോല(താലിയോല ഗ്രന്ഥം) ഒഴുകി വരുന്നതു കാണാനിടയായി.സ്ത്രീയുടെ ദേഹത്ത് ആ പട്ടോല വന്ന് തട്ടിനിന്നതും സ്ത്രീ അത് എടുത്ത് തന്റെ അരയിൽ തിരുകി, ഇല്ലത്തേക്ക് തിരിച്ചുപോയി. ബ്രാഹ്മണ കുടുംബങ്ങൾ തികഞ്ഞ ഭക്തിയോടെ ആരാധിക്കുന്ന ഉഗ്രമൂർത്തിയായ ശ്രീ ഉതിരൊണി ഭഗവതിയുടെ വിശുദ്ധ താലിയോല ഗ്രന്ഥമായിരുന്നു അത്. സ്ത്രീ ഇല്ലത്തെ പടിപ്പുരയും കടന്ന് ഇല്ലത്തെ വാതിൽക്കൽ എത്തിയതും പെട്ടന്ന് പടിക്കൽ (അകത്തും പുറത്തുമായി) വീണു. ഉടൻ സ്ത്രീയുടെ മരണം സംഭവിക്കുകയുണ്ടായി. ആ സമയത്ത് ഇല്ലത്ത് സന്ധ്യ നമസ്കാരം നടക്കുകയായിരുന്നു. ദുർഗ്ഗാദേവിയ്ക്കുള്ള പുജയും നടക്കുന്നുണ്ടായിരുന്നു. ആയതിനാൽ ഭഗവതിയിൽ ലയിച്ച ആ സ്ത്രീ കണ്ടം ഭദ്രയായി മാറി. കണ്ടം ഭദ്ര എന്ന പേരു വന്നത് ഭദ്രയെ കണ്ടു അഥവാ കണ്ടുഭദ്ര എന്നതിൽ നിന്നാണ് എന്ന് പറയപ്പെടുന്നു.
ദേവി പ്രീതിക്കായി ആ പ്രേതാത്മാവിനെ കണ്ടംഭദ്ര എന്ന പേര് കല്പിച്ചു കണ്ടംഭദ്ര കാവിൽ കുടിയിരുത്തി കക്കാട്ട് പട്ടേരി ഇല്ലം, മേക്കാട്ട് പട്ടേരി ഇല്ലം ,വാവില്ലം എന്നിവിടങ്ങളിൽ സ്ഥാനം നൽകുകയും ചെയ്തു. അഞ്ഞൂറ്റാൻമാർക്ക് ആണീ കോലം കെട്ടാൻ ഒന്നാം അവകാശം.ഉതിരൊണി ഭഗവതിക്ക് വട്ടമുടിയും വിതാനത്തറയുമാണ് വേഷവിധാനം. ഉതിരാണി ഭഗവതിയുടെ കോലത്തിന്മേൽ കോലം ആയിട്ടാണ് കണ്ടംഭദ്ര കെട്ടിയാടുന്നത്. ഉതിരാണി ഭഗവതിക്ക് ശേഷം അതേ കോലധാരി ചെറിയ പൂക്കട്ടി മുടിയും നിണത്തിൽ മുക്കിയെടുത്ത ചുകന്ന വസ്ത്രം കൊണ്ട് തറ്റുടുത്താണ് അരങ്ങിലേക്ക് വരുന്നത്. നാഗംതാഴ്ത്തി മുഖത്തെഴുത്താണ് സാധാരണയായി കാണുന്നത്. ഈ തെയ്യത്തെ ബ്രാഹ്മണ സമൂഹം വളരെ ഭയപാടോടെ ആരാധിച്ചു പോരുന്നു.