മാവിലോൻ തെയ്യം
മാക്ക പോതി തെയ്യത്തിന്റെ കൂടെ കെട്ടിയാടുന്ന ഒരു തെയ്യമാണ് മാവിലോൻ തെയ്യം. മാക്കത്തെ സ്വന്തം ആങ്ങളമാർ കുരളറത്ത് കൊല്ലുന്നത് നേരിൽ കണ്ട കാട്ടടിയാനായ മാവിലോൻ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ആങ്ങളമാർ മാവിലോനെയും കഴുത്തറുത്ത് കിണറ്റിൽ തള്ളുകയായിരുന്നു. പിന്നീട് മാവിലോൻ ദേവാംശം പൂണ്ടു തെയ്യമായി മാക്കത്തിന്റെയും മക്കളുടെയും കൂടെ കെട്ടിയാടാൻ തുടങ്ങി.
മാക്കത്തിന്റെ തോറ്റത്തിൽ ഇക്കഥ ഇങ്ങിനെ പറയുന്നു:
അപ്പോൾ പറയുന്നു മൂത്താങ്ങള
എന്തൊരതിശയം കുഞ്ഞിമാക്കേ
കാണ്മൂ കാണ്മൂവെന്റെ കുഞ്ഞിമാക്കേ
നട്ടുച്ചനേരത്തീയാകാശത്തിൽ
നക്ഷത്രമൊന്നങ്ങുദിച്ച കണ്ടോ
അതിശയമെന്ന് നിനച്ചു മാക്കം
തലയൊന്നു മേലോട്ടുയർത്തുന്നേരം
ആങ്ങിളമാരിൽ മൂത്താങ്ങിള
അരയിൽ ചെരുതിയ പൂച്ചുരിക
വേഗത്തിൽ തന്നെയങ്ങൂരിയെടുത്ത്
മാക്കത്തിന്റെ ചങ്കേപ്പിടിച്ചു കൊണ്ട്
കുരളെയറുത്തങ്ങു കണ്ടമാക്കി
ഓടിക്കളിക്കുന്ന പൊന്മക്കളീം
ചാടിപ്പിടിച്ചിട്ടു കുത്തിക്കൊന്നു
അതിലൂടെ പോകുന്ന കാട്ടടിയാനോ
പാതകം കണ്ടിട്ടാങ്ങാർക്കുന്നല്ലോ
അവനെയും കൊത്തിത്തലയറുത്ത്
കുണ്ടു കിണറ്റിലങ്ങിട്ടു കഷ്ടം ?
.....................................................
മക്കളും ദേവിയും ദേവനായി
കൂടെയിരിക്കുന്നുവെന്നു സത്യം
കാട്ടടിയാനാകും മായിലനും
ദേവാംശമായി നിലകൊള്ളുന്നു.