Munnayireeswaran Theyyam

Munnayireeswaran Theyyam

Description

Munnayireeswaran Theyyam

കാസർകോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോടു ചേർന്നുകിടക്കുന്ന ഗ്രാമമാണ് മഞ്ഞടുക്കം (തുളുർവനം).  കിഴക്കൂലോം എന്നും ഇത് അറിയപ്പെടുന്നു. മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്രം തെയ്യക്കോലങ്ങളുടെ  വൈവിധ്യത്തിൽ  ശ്രദ്ധേയമാണ്. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ 101 തെയ്യങ്ങളാണ് കെട്ടിയാടുന്നത്.

ഐതിഹ്യം:
ഒൻപതാം നാട് സ്വരൂപം തുളുർവനം (മഞ്ഞടുക്കം) നാടിന്റെ ദിവാനായിരുന്നു മുന്നായർ. നാടിനും നാട്ടുകാർക്കും നല്ലതു ചെയ്യുകയും  തിൻമയെ ഇല്ലായ്മ ചെയ്യുകയും ചെയ്തിരുന്ന ഭരണാധികാരി. ഇതിൽ അതൃപ്തി പൂണ്ട ചിലരുടെ  തെറ്റായ  പരാതിയെ  തുടർന്ന് നാടുവാഴിയായിരുന്ന  കാട്ടൂർ നായർ ഒരു ദിവസം രാത്രി നേരത്ത് സകലവിധ വരവ്  ചെലവ് കണക്കുകളും  ബോധ്യപ്പെടുത്തണമെന്ന് ദിവാനായ മുന്നായരോട് കൽപ്പിച്ചു. തന്നെ അവിശ്വസിച്ച നാടുവാഴിയുടെ  തീരുമാനത്തിൽ  മനംനൊന്ത് കണക്കുകൾ ഹാജരാക്കാൻ മുന്നായർ മഞ്ഞടുക്കം കോവിലകത്തെത്തി. എന്നാൽ നീതിമാനും  പ്രിയപെട്ട  ഭക്തനുമായ മുന്നായരിൽ ദേവി പ്രസാദിക്കുകയും മുന്നായരിന്റെ ദേഹിയെ സ്വശരീരത്തിലേക്ക് സ്വീകരിക്കുകയും ചെയ്തതായി ഐതിഹ്യം.

ഇക്കാര്യങ്ങൾ സ്വപ്നദർശനത്തിൽ ബോധ്യപ്പെട്ട കാട്ടൂർ നായരും പരിവാരങ്ങളും കോവിലകത്തെത്തുകയും ദേവിയുടെ അരുൾപാടു പ്രകാരം കോവിലകത്തിന്റെ മുൻപിൽ മുന്നായറിന്റെ മൃതശരീരം മറവുചെയ്തതായും പറയപ്പെടുന്നു. തുടർന്ന് ദൈവികാംശം നിറഞ്ഞ ദിവാന്റെ സ്മരണ നിലനിർത്താൻ മറവു ചെയ്ത സ്ഥലത്ത് രണ്ട് നാട്ടുമാവുകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

ഈ മാവുകളാണത്രെ ഐതിഹ്യ പെരുമയുടെ ശേഷിപ്പുമായി ഇപ്പോഴും ക്ഷേത്ര മുറ്റത്ത് നിൽക്കുന്നത് എന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വസ്തനായ കാര്യസ്ഥന് ഭഗവതി ഇരിപ്പടവും ഈശ്വരചൈതന്യവും നല്കി.

പൂക്കാരുടെ യാത്ര
കിഴക്കുംകരയിലെ ആചാര്യസ്ഥാനികർ ഒരുതവണ തുളുർവനത്തെ കളിയാട്ടം കഴിഞ്ഞു മടങ്ങുമ്പോൾ മുന്നായ ഈശ്വരനും കൂടെക്കൂടി എന്നാണ് ഐതിഹ്യം. കിഴക്കുംകരയിലെത്തിയപ്പോൾ ഇവിടത്തെ ഭഗവതിക്കരികിൽ മുന്നായി ഈശ്വരന് സ്ഥാനവും ലഭിച്ചു. പിന്നീട് എല്ലാ വർഷവും ആചാര്യസ്ഥാനികർ തുളുർവനത്തേക്ക് കളിയാട്ടത്തിന് പോകുമ്പോൾ മുന്നായ ഈശ്വരനെ പൂക്കൊട്ടയിലേക്ക് ആവാഹിച്ചു കൊണ്ടുപോകും.

ഈ ഐതിഹ്യത്തെ അടിസ്ഥാനമാക്കി, കളിയാട്ടത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കിഴക്കുംകര, മടിയൻ കൂലോം  എന്നിവിടങ്ങളിൽ  നിന്നും പൂക്കാരുടെ സംഘം കാൽനടയായി 55 കിലോമീറ്റർ യാത്രചെയ്ത്  മഞ്ഞടുക്കം സന്ദർശിക്കാറുണ്ട്. മൂത്തേടത്ത്  കുതിര് എന്നറിയപ്പെടുന്ന വെള്ളിക്കോത്ത് അടോട്ട് പാടാർകുളങ്ങര ഭഗവതി  ക്ഷേത്രത്തിൽ നിന്നും  ഇളയിടത്ത്  കുതിര് എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുമാണ് ആചാരപെരുമയോടെ  പൂക്കാർ സംഘം പുറപ്പെടുന്നത്. കാട്ടൂർ തറവാട്ടിലെത്തുന്ന ആചാരക്കാർക്ക് കാട്ടൂർ നായർ  വെറ്റിലയും അടക്കയും  നൽകി സ്വീകരിക്കുന്നു.

————————————————————————————————————-

മറ്റൊരു കഥ ഇങ്ങിനെയാണ്‌ (എഴുത്തു ശ്രീരാഗ് രാമചന്ദ്രൻ)

രണ്ടു മരങ്ങളുടെ കഥയാണ്..

അങ്ങ് കിഴക്ക് ഒൻപതാം നാടിന്റെ അറ്റത്തു തുളുർവനത്ത് മാനം മുട്ടി നിൽക്കുന്ന രണ്ടു മാവുകളുടെ കഥ.പതിട്ടാണ്ടുകൾ അസ്തമിക്കുന്നതും ഉദിക്കുന്നതും അവ തല ഉയർത്തി നോക്കി നിന്നിട്ടുണ്ടാവണം. ഋതുക്കൾ അനേകം അനേകം അവയെ തോറ്റി  ഉണർത്തിയിട്ടുണ്ടാകണം..

ആ വേരുകൾക്കിടയിൽ ഒരു മനുഷ്യൻ ഉറങ്ങുന്നുണ്ട്.. അയാളുടെ നന്മകൊണ്ട്  കൊല്ലപ്പെടുകയോ മരണപെടുകയോ ചെയ്ത  ഒരു ഭൂതകാലമനുഷ്യൻ. ഒരു വലിയ കാലത്തിന്റെ കണക്കുപുസ്തകങ്ങൾ  തെറ്റുകളും കളവുകളും  ഒന്നുമില്ലാതെ എഴുതി  വച്ച ഒരു പഴയ  കാര്യസ്ഥൻ. നന്മ കൊണ്ട് തുളുർവനത്ത് ഭഗവതി താലോടി തൈവമാക്കിയെന്നും  കളവ് നടത്താൻ  ആവാതെ വന്നപ്പോൾ  കൂടെയുള്ളവർ ചതിച്ചു കൊന്ന്    തൈവമായി മാറിയെന്നും ഒരു ജനത വിശ്വസിക്കപ്പെടുന്ന മനുഷ്യൻ.. അയാൾ ആണ്  ആ രണ്ടു  വന്മരങ്ങളായി  പടർന്ന് പന്തലിച്ചു പ്രകൃതിയിൽ ലയിച്ചു ചേർന്നു നിൽക്കുന്നത്..

അങ്ങ് കിഴക്ക് പാണത്തൂര് കാസർഗോഡ്കാരുടെ കിഴക്കുലോത്ത് ചെന്നാൽ ആ മനുഷ്യമരങ്ങളെ കാണാം..

മുന്നായർ എന്ന മനുഷ്യന്റെ ജീവൻ തുടിക്കുന്ന മരങ്ങളുടെ കാറ്റേൽക്കാം..

ആനപൊയ്ക്കൂടാത്ത തമ്പുരാക്കന്മാർ പൊയ്ക്കൂടാത്ത കളിയാട്ടങ്ങൾ ഒരുപാട് നടന്നുകഴിഞ്ഞിരിക്കുന്നു. ഏഴാം കളിയാട്ടത്തിനു  പോയാൽ ആ നട്ടുച്ച  വെയിലൊന്നു തണുത്തു നിൽക്കുന്ന നേരത്തു മുന്നായർ മുടിയെടുക്കും, രൗദ്രതയോടെ. പതുക്കെ തെയ്യം ആ  മരങ്ങളുടെ  കാറ്റിൽ തണുത്ത് അവയുടെ അടുക്കലേക്ക് എത്തിനോക്കി നടന്ന്പോവും. ആ നേരത്ത്  മരത്തിനൊരു  ചാഞ്ചാട്ടമുണ്ടെന്നു അമ്മമ്മ പറയാറുണ്ട്. സത്യമാണ്, വൈകുന്നേരത്തെ കാറ്റിൽ ആ മരങ്ങളുടെ  ഇലകൾക്ക്  പ്രാണൻ പോകുന്ന  പിടച്ചിലാണ്.തെയ്യം മരങ്ങളെ മെല്ലെ തലോടും..അതിലേക്ക് മെല്ലെ ചായും. അമ്മ കുഞ്ഞിനെ  താലോലിക്കും പോലെ  തന്റെ പ്രാണനെ കണ്ട തന്നെത്തന്നെ തലോടുന്ന മനുഷ്യനായി തെയ്യം മാറും. കഥയറിയുന്നവരുടെ  ചങ്ക് പിടയും!!.  നാലു ദിക്കിലേക്കും നോക്കി മരങ്ങളെ പുണർന്ന്‌ തെയ്യവും മരവും ഒരുപോലെ ആടും.. നോക്കു മനുഷ്യൻ  പ്രകൃതിയയും  പ്രകൃതി മനുഷ്യനായും മാറുന്ന വിങ്ങൽ!!!

മിത്തുകൾ എന്തുമാകട്ടെ മഞ്ഞടുക്കം പുഴ ഒരുപാട് കാലം പിന്നെയും ഒഴുകി, വട്ടകുണ്ടിൽ അണുങ്ങുകൾ നിറഞ്ഞു …
മഞ്ഞടുക്കം  പുഴ പിന്നെയും ഒരുപാട്  നിറഞ്ഞു, ഒഴുകി മറഞ്ഞു…

അതൊക്കെയും നോക്കി പ്രായത്തിന്റെ പഴക്കം തൊലിയിൽ ചുളുക്കി വരച്ച്, ഇലകളിൽ ഒരു മനുഷ്യന്റെ ഞരവുപോലുള്ള കഥകൾ  എഴുതി ആ മരങ്ങൾ അങ്ങനെ നിൽക്കുന്നു…

ദൂരെ നിന്നൊന്നു നോക്കിയാൽ ഒരു മനുഷ്യനെ ഭൂമിയിൽ നിന്നു ആകാശത്തിലേക്കു ചാലിച്ചു ചേർത്തത് പോലെ..

watch out:

https://youtu.be/-sHutM66fS4?si=rQllZKoQPzX_GViz

Kavu where this Theyyam is performed

Theyyam on Medam 20 (May 03, 2024, 2024)

Theyyam on Medam 05-08 (April 18-21, 2024)

Theyyam on Medam 02-05 (April 15-18, 2024)

Theyyam on Vrischikam 21-24 (December 07-10, 2023)

Theyyam on Makaram 16-19 (January 30-31 – February 01-02, 2024)

Theyyam on Dhanu (December )

Theyyam on Kumbam 25 – Meenam 3 (March 09-16, 2024)

Scroll to Top