Theyyam Details

  • Home
  • Theyyam Details

Muthalar Theyyam

April 18, 2024

Description

ഉത്തരകേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ പയ്യന്നൂർ  ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രവുമായി ഈ കാവിനു സുദൃഢമായ ബന്ധമുണ്ട്. തെയ്യോട്ടുകാവിലെ പ്രധാന തെയ്യമായ "മുതലാളർ"തെയ്യം,   പയ്യന്നൂർ പെരുമാളായ സുബ്രമണ്യ സ്വാമിയുടെ പുത്രനാണെന്നാണ് സങ്കൽപ്പം.

കളിയാട്ട ദിവസങ്ങളിൽ മുതലാളർ തെയ്യമോ അല്ലെങ്കിൽ അങ്കം, നരി തുടങ്ങിയ തെയ്യങ്ങളും  ഉണ്ടാകും. കുത്തുവിളക്കും ചൂട്ടുകറ്റയും മാത്രമേ കളിയാട്ടകാലത്തു വെളിച്ചത്തിനായി ഉപയോഗിക്കാറുള്ളു.  കളിയാട്ടത്തിൻ്റെ   അവസാന നാളുകളിൽ കൈക്കളോൻ എന്ന തെയ്യക്കോലം മുതലാളർ തെയ്യത്തിൻ്റെ പ്രതിപുരുഷനായി അകമ്പടിക്കാരോടുകൂടി ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ചു വാഴക്കുല, അടക്ക തുടങ്ങിയവ ദക്ഷിണയായി സ്വീകരിക്കുന്നു. തങ്ങളുടെ കാർഷികവിളകളെ സംരക്ഷിച്ച് ഈതി ബാധകളെ അകറ്റുന്ന ഗ്രാമത്തിൻ്റെ രക്ഷാദേവതക്ക് കാർഷികവിളകളിൽ ഒരു പങ്ക് നൽകുന്നതാണ്  ഈ വിശ്വാസത്തിൻ്റെ  അടിസ്ഥാനം.

45 കിലോഗ്രാം ഭാരമുള്ള വെള്ളോട് കൊണ്ട് നിർമ്മിച്ച തിരു മുടി ഈ തെയ്യത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ഈ മുടി തെയ്യക്കാരൻ പരസ്പര സഹായമില്ലാതെ തലയിൽ ഉറപ്പിച്ചു നിർത്തണം. മാവിലർ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടുന്നത്. കോലക്കാരനു മുടി തലയിൽ ഉറപ്പിച്ചു നിർത്താൻ ആകാത്ത ദിവസം തെയ്യം ഉണ്ടായിരിക്കില്ല. വ്രതഭംഗം കൊണ്ടാണ് മുടി ഉറക്കാതെ പോകുന്നത് എന്നാണ് ഇവിടുത്തെ വിശ്വാസം.സാധാരണ തെയ്യക്കോലങ്ങൾ എല്ലാം തന്നെ ഏറിയോരു ഗുണം വരണം എന്ന അനുഗ്രഹ വചസുകളോടെ ഭക്തരെ കുറി നൽകി അനുഗ്രഹിക്കുമ്പോൾ മുതലാളർ തെയ്യം ഭക്തരെ നേരിട്ട് അനുഗ്രഹിക്കാറില്ല. എന്റെ അച്ഛൻ പയ്യന്നൂർ പെരുമാൾ ഗുണം വരുത്തി രക്ഷിക്കും എന്നതാണ് ഈ തെയ്യത്തിൻ്റെ അനുഗ്രഹ വചനം. കാണിക്ക അർപ്പിക്കാൻ വേണ്ടി തെയ്യത്തിൻ്റെ അടുത്തേക്ക് പോകാനും ഭക്തർക്ക് അനുവാദമില്ല. മഞ്ഞൾകുറിയുമായി നിൽക്കുന്ന സമുദായക്കാരനിൽ നിന്നാണ് കാണിക്ക നൽകി കുറി വാങ്ങേണ്ടത്. 

തെയ്യം കാണാൻ പോയാൽ തിരുമുറ്റത്തേക്ക് പ്രവേശനമില്ല, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഒരു തരത്തിലും എടുക്കാൻ വിടില്ല. കാവിൻ്റെ ഫോട്ടോ പോലും എടുക്കാൻ വിടില്ല. രാത്രിയിലാണ് തെയ്യം ഉണ്ടാകുക. വൈദ്യുതി വിളക്കോ മറ്റു അലങ്കാര വിലക്കോ ഉണ്ടാകില്ല. വൃശ്ചിക സംക്രമം കഴിഞ്ഞാൽ ഉച്ചക്കും തെയ്യം ഉണ്ടാകും. ഏകദേശം ഒരു മാസത്തോളം തെയ്യം ഉണ്ടാകും. സംക്രമ ദിവസമാണ് തെയ്യം അവസാനിക്കുന്ന ദിവസം കൃത്യമായി അറിയുക. എന്നാലും  ഡിസംബർ അവസാനം വരെ  തെയ്യം ഉണ്ടാകും. 

Kavu where this Theyyam is performed