നെല്ലിയാറ്റ് ഭഗവതി
പോറ്റിപ്പോരുന്നോരച്ചി’ എന്ന നിലയില്‍ മാടായിക്കാവിലച്ചി എന്ന് ഗ്രാമീണര്‍ ഭക്തിപുരസ്സരം വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയാണ് തായിപ്പരദേവത എന്നറിയപ്പെടുന്നത്. ഈ ഭഗവതി തന്നെ ഭദ്രകാളിയെന്നും, കോലസ്വരൂപത്തിങ്കല്‍ തായി എന്നും കളരിയാല്‍ ഭഗവതി എന്നും അറിയപ്പെടുന്നു. കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ജനിച്ച ആറു തെയ്യങ്ങളില്‍ ഒന്നായ ഈ തായി ഉഗ്രസ്വരൂപിണിയായ ദാരികാന്തകിയാണ്. ശിവപത്നിയായ പാര്‍വതി ദാരികാസുരനെ കൊല്ലാന്‍ വേണ്ടി രൂപമെടുത്തതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. മറ്റൊരു ഭാഷ്യം ഇങ്ങിനെയാണ്;
ശ്രീ മഹാദേവന്റെ (ശിവന്റെ) ആജ്ഞ ധിക്കരിച്ച് തന്റെ പിതാവായ ദക്ഷന്റെ രാജധാനിയില്‍ സതീ ദേവി യാഗത്തിന് ചെന്നു. ദക്ഷനാല്‍ അപമാനിതയായ സതീ ദേവി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന്‍ കോപം കൊണ്ട് വിറച്ച് താണ്ഡവമാടുകയും ഒടുവില്‍ തന്റെ ജട പറിച്ച് നിലത്തടിക്കുകയും ചെയ്തു. അതില്‍ നിന്ന്‍ അപ്പോള്‍ ഭദ്രകാളിയും വീരഭദ്രനും ജന്മം പൂണ്ടു. ഇങ്ങിനെ ജന്മമെടുത്ത ഭദ്രകാളി ശിവാജ്ഞ പ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗസ്ഥലത്ത് ചെല്ലുകയും അവിടം മുഴുവന്‍ നശിപ്പിക്കുകയും ദക്ഷന്റെ തലയറുത്ത് യാഗശാലയിലെ അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിച്ചു വന്ന ഓമന മകള്‍ക്ക് ശിവന്‍ കൈലാസ പര്‍വതത്തിന് വടക്ക് രാജതാജലത്തി നടുത്തായി വസിക്കാന്‍ ഇടം നല്‍കുകയും ചെയ്തുവത്രേ.
ദേവി പിന്നീട് ദേവാസുര യുദ്ധസമയത്താണ് വീണ്ടും അവതരിക്കുന്നത്. അന്ന് ദേവി എഴാനകളുടെ ശക്തിയുള്ള ദാരികനെ ഏഴു പിടിയാല്‍ പിടിച്ചു തലയറുത്ത് ചോര കുടിച്ചുവത്രെ. ഏഴു ദിവസം തുടര്‍ച്ചയായി ദാരികനുമായി യുദ്ദം നടത്തിയ കാളി എട്ടാം ദിവസമാണ് ദാരികനെ കൊന്നു ചോര കുടിക്കുന്നത്. അങ്ങിനെ തന്റെ അവതാര ലക്‌ഷ്യം പൂര്‍ത്തിയാക്കിയ ദേവിയെ ശിഷ്ടജന പരിപാലനാര്‍ത്ഥം ശിവന്‍ ഭൂമിയിലേക്കയച്ചു. ഭൂമിയിലെത്തിയ ദേവി ഭദ്രകാളിക്ക് ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് നല്‍കി എന്നും അങ്ങിനെ കോലത്ത് നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറിയെന്നുമാണ് ഐതിഹ്യം.
ഭദ്രകാളി എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ദേവി രക്തം ദാഹിച്ചു വരുന്ന രൌദ്ര രൂപിണിയാണ്. പുതിയ ഭഗവതിയുടെ ഉറ്റ തോഴിയുമാണ്. പുതിയ ഭഗവതിയുള്ള കാവുകളില്‍ ഭദ്രകാളി എന്ന പേരില്‍ ഈ ദേവിയെ ആരാധിക്കുന്നു. മറ്റിടങ്ങളില്‍ കോലസ്വരൂപത്തിങ്കല്‍ തായ എന്ന പേരില്‍ തന്നെയാണ് ആരാധിക്കുന്നത്.
പുതിയ ഭഗവതിയുടെ കോലത്തിന്‍മേല്‍ കോലമായി ഈ തെയ്യത്തെ കെട്ടിയാടാറുണ്ട്. അല്‍പ്പം ചില മിനുക്ക് പണികളോട് കൂടി വലിയ മുടി വെച്ചാണ് ഭദ്രകാളിതെയ്യം നൃത്തമാടി വരുന്നത്. പൊതുവേ തെയ്യങ്ങളുടെ രൌദ്രത വെളിപ്പെടുത്താന്‍ മുടിയുടെ മുന്നോട്ടുള്ള തള്ളിച്ച ഉദാഹരണമായി പറയാറുണ്ട്. ഈ തെയ്യത്തിന്റെ രൌദ്രത അതിനാല്‍ തന്നെ മുടിയില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം നൃത്തമാടുന്നതിനിടയില്‍ വാദ്യഘോഷങ്ങള്‍ നിര്‍ത്തിച്ചു കൊണ്ട് പറയുന്ന വാമൊഴി പ്രസിദ്ധമാണ്:
“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവന്‍ തിരുവടി നല്ലച്ചന്‍ എനിക്ക് നാല് ദേശങ്ങള്‍ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം മുന്‍ ഹേതുവായിട്ടു ഈ കാല്‍ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാല്‍ എന്റെ നല്ലച്ചന്‍ എനിക്ക് കല്‍പ്പിച്ചു തന്ന ഈ തിരുവര്‍ക്കാട്ട് വടക്ക് ഭാഗം ഞാന്‍ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ”…
ഈ വാമൊഴി മാടായിക്കാവില്‍ വെച്ചുള്ളതാണ്. മഹാദേവന്‍ തിരുവടി നല്ലച്ചന്‍ എന്നത് കൊണ്ട് മുകളില്‍ ഉദ്ദേശിക്കുന്നത് പരമശിവന്‍ ആണെന്നും നാല് ദേശങ്ങള്‍ കല്‍പ്പിച്ചു തന്നിട്ടുണ്ട് എന്ന് പറയുന്നത് വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്), തെക്ക് (കളരിവാതില്‍ക്കല്‍), കിഴക്ക് (മാമാനികുന്ന്‍), പടിഞ്ഞാറ് (ചെറുകുന്ന് അന്ന പൂര്‍ണ്ണശ്വരി ക്ഷേത്രം) എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് നല്‍കി എന്നാണെന്നും ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ?
അത് കൊണ്ട് തന്നെ വാ മൊഴിയില്‍ ‘ദേശാന്തരങ്ങള്‍ക്ക് അനുസൃതമായി’ വടക്ക് എന്നത് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മാറും അതിനനുസരിച്ച അര്‍ത്ഥഭേദവും വരും.
നീളമുടിയും, പ്രാക്കെഴുത്ത് മുഖത്തെഴുത്തും, വെള്ളി എകിറും (തേറ്റ),വിതാനത്തറ അരച്ചമയവുമുള്ള ഈ തെയ്യത്തെ ഓരോ കാവിലും അതതു ഗ്രാമപ്പേര്‍ ചേര്‍ത്താണ് പേര് വിളിച്ചു കെട്ടിയാടുന്നത്.
തിരുവര്‍ക്കാട്ട് ഭഗവതിയുടെ കൂടെ മക്കളായ ക്ഷേത്രപാലകന്‍, സോമേശ്വരി, പഴശ്ശി ഭഗവതി, ശ്രീ പോര്‍ക്കലി ഭഗവതി, കാളരാത്രി അമ്മ, ചുഴലി ഭഗവതി എന്നീ തെയ്യങ്ങളും പെരും കലശത്തില്‍ അണിനിരക്കും. തിരുവര്‍ക്കാട്ട് ഭഗവതിയുടെ മുടിയാണ് പ്രധാന ആകര്‍ഷണം, അമ്പത് മീറ്റര്‍ ഉയരത്തിലും പതിനാലു മീറ്റര്‍ വീതിയിലും വരുന്ന മുളങ്കോലുകള്‍ കൊണ്ട് കെട്ടിയ ചുവപ്പും കറുപ്പും തുണിയാല്‍ അലങ്കരിച്ചതാണ് ഈ തിരുമുടി. ദേവതമാരില്‍ ഏറ്റവും ഉയരം കൂടിയ തിരുമുടി ഉള്ളത് ഈ ഭഗവതിക്ക് മാത്രമാണ്. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
അഷ്ടമച്ചാല്‍ ഭഗവതി, പോര്‍ക്കലി ഭഗവതി, അറത്തില്‍ ഭഗവതി, എട്ടിക്കുളം ഭഗവതി, ഇളമ്പച്ചി ഭഗവതി, വല്ലാര്‍ക്കുളങ്ങര ഭഗവതി, മഞ്ഞച്ചേരി ഭഗവതി, വീരഞ്ചിറ ഭഗവതി, മണത്തണ പ്പോതി, കണ്ണാംഗലം ഭഗവതി, കൊതോളിയമ്മ, ചെമ്പിലോട്ടു ഭഗവതി, എരിഞ്ഞിക്കീല്‍ ഭഗവതി, കരയാപ്പിലമ്മ, എടച്ചിറപ്പോതി, കാപ്പാട്ട് ഭഗവതി, കമ്മാടത്ത് ഭഗവതി, കുറ്റിക്കോല്‍ ഭഗവതി, നെല്ലിയാറ്റ് ഭഗവതി, കല്ലേരിയമ്മ, കളരിയാല്‍ ഭഗവതി, കൂളന്താട്ട് ഭഗവതി, തുളുവാനത്തു ഭഗവതി, നിലമംഗലത്ത് ഭഗവതി, ചാമക്കാവിലമ്മ, പാച്ചേനി ഭഗവതി, പാറക്കടവ് ഭഗവതി, പുതിയാര്‍മ്പത്തമ്മ, വരീക്കര ഭഗവതി, എരമത്ത് ഭഗവതി, മടത്തില്‍ പോതി തുടങ്ങി എഴുപതോളം പേരുകളില്‍ അറിയപ്പെടുന്ന ദേവതമാരെല്ലാം തായിപ്പരദേവതയുടെ നാമാന്തരങ്ങള്‍ ആണ്. അമ്മ, അച്ചി, പോതി, തമ്പുരാട്ടി എന്നൊക്കെ ഭഗവതിയെ നാട്ടു വാമൊഴിയില്‍ വിളിക്കും.