Theyyam Details

  • Home
  • Theyyam Details

Raktheswari Theyyam I Kavadiyanganath Raktheswari Theyyam

May 31, 2024

Description

രക്തേശ്വരി തെയ്യം / കവടിയങ്ങാനത്ത് രക്തേശ്വരി തെയ്യം 

കാളി എന്ന പേര്‍ ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ്‌ ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാിരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ‘ചാമുണ്ഡി’. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ ‘രക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നും’ വിളിക്കുന്നത്‌.

ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗാഭഗവതിയുടെ കണ്ണിൽ നിന്നും അവതരിച്ച കാളികയാണ് ചാമുണ്ഡി. ഇതേ ദേവി രക്തബീജനേയും നിഗ്രഹിക്കയാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. ഇതേ രൂപത്തിൽ മറ്റൊരു സാഹചര്യത്തിലും ശക്തിമാതാവ് ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. രുരുവിന്റെ ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി കാളിയായ ദേവി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത കാളി ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഈ ഭാവത്തിലുള്ളതാണ്.

പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്തചാമുണ്ടി. മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ഈ ദേവി. ഈ ദേവി ആയിരം തെങ്ങില്‍ ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. മലവെള്ളം പ്രളയം വിതച്ച നാട്ടില്‍ പട്ടിണി നടമാടിയപ്പോള്‍ നാടും നാട്ടു കൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാന്‍ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോള്‍ അമ്മ ദേവിയും ആറില്ലത്തമ്മമാരും കപ്പലില്‍ ആണ്ടാര്‍ വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലെക്ക് വരികയും ആയിരം തെങ്ങില്‍ കടവടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ കരയില്‍ പൂജിചിരുത്തി. ദാഹം തീര്‍ക്കാന്‍ കൊടുത്ത ഇളനീര്‍ പാനം ചെയ്ത ശേഷം തൊണ്ട് വലിച്ചെറിഞ്ഞു പിന്നെ ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാല്‍ വട്ടം തനിക്കു കുടി കൊള്ളാന്‍ വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരിക്ക് അങ്ങിനെ ചെറുകുന്നില്‍ ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരില്‍ രക്തചാമുണ്ടി പൂജാപൂക്കള്‍ വാരുന്ന മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അവരുടെ കുലദേവതയായി മാറി എന്നാണു വിശ്വാസം.

ത്രിലോക വിക്രമനായ ശംഭാസുരന്റെ ചിതയില്‍ നിന്ന് ഉത്ഭവിച്ച രണ്ടു മഹാ പരാക്രമികളായിരുന്നു മഹിശാസുരനും രക്തബീജാസുരനും. പടക്കളത്തില്‍ ശത്രുവിന്റെ ശരങ്ങള്‍ ഏറ്റ് ഉണ്ടാകുന്ന മുറിവില്‍ നിന്നും വീഴുന്ന ഓരോ രക്ത തുള്ളിയില്‍ നിന്നും അനേകം രണശൂരന്മാര്‍ ജനിച്ചു അവനു വേണ്ടി പോരാടുമെന്ന ഒരു വരം തപസ്സു ചെയ്തു പരമശിവനില്‍ നിന്നും രക്തബീജാസുരന്‍ നേടിയിരുന്നു. ദേവാസുര യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പാര്‍വതി സംഭവയായ മഹാകാളി രക്തബീജാസുരന്റെ തലവെട്ടി വേതാളത്തിന്റെ മുന്നിലിട്ടു. ഒരു തുള്ളി രക്തം പോലും താഴെ വീഴാതെ കോരിക്കുടിച്ചു. നീണ്ട നാവിലും മേലാസകലവും രക്തമണിഞ്ഞ ചാമുണ്ഡി രക്തചാമുണ്ടിയായി അറിയപ്പെട്ടു.

ഉതിരത്തിനു (രക്തത്തിനു) മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവിയായതിനാല്‍  ഉതിരചാമുണ്ടി  എന്നും ദേവത അറിയപ്പെടുന്നു. നീലംകൈചാമുണ്ഡി,  രക്ത്വേശരി, കുപ്പോള്‍ ചാമുണ്ഡി, ആയിരം തെങ്ങില്‍ ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കുതിരകാളി, പെരിയാട്ട് ചാമുണ്ഡി, കാരേല്‍ ചാമുണ്ടി, ചാലയില്‍ ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, എടപ്പാറ ചാമുണ്ഡി, വീരചാമുണ്ടി എന്നിങ്ങനെ ഈ ദേവതക്ക് നാമ ഭേദങ്ങള്‍ ഉണ്ട്.

-------------------------------------------------------------------------

രക്തേശ്വരി തെയ്യം.

പ്രധാനമായും ഇല്ലങ്ങളിൽ കുടികൊള്ളുന്ന മന്ത്രമൂർത്തിയായ രക്തേശ്വരി, പല തന്ത്രി കുടുംബങ്ങളിലെയും ഉപാസന മൂർത്തിയാണ്. ആദിപരാ ശക്തിയായിരിക്കുന്ന ചണ്ഡികാ ദേവി കൗശികി ആയി അവതരിച്ചു ശ്രീപാർവതിയിൽ വിലയം പ്രാപിച്ച് അസുരന്മാരെ നിഗ്രഹിക്കാനായി ശ്രീ കൈലാസത്തിൽ വസിക്കുന്ന കാലം.

ചണ്ഡമുണ്ഡ വധത്തിനു ശേഷം പ്രബലനായ രക്ത ബീജാസുരനെ ചാമുണ്ഡിയുടെ സഹായത്തോടെ നിഗ്രഹിച്ച് രക്തേശ്വരി എന്ന പേര് കൈക്കൊണ്ടു. അതിനു ശേഷം ഇടവി ലോകത്തു ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ട രക്ഷക്കായി ഉലകിഴിഞ്ഞു കവടിങ്ങാനം എന്ന ഘോര വനത്തിൽ ശിലാ രൂപത്തിൽ സ്വയംഭൂവായി പൊടിച്ചുയർന്നു. അങ്ങനെയുള്ള കാലത്തു രക്തേശ്വരിക്ക് പൂവും നീരും നൽകി നിഗൂഢ കർമ്മങ്ങൾ നടത്താനായി ഒറ്റയ്ക്ക് എത്തിയ തന്ത്രിയെ പരീക്ഷിക്കണം എന്ന് വിചാരിച്ചു.

പൂജ കഴിഞ്ഞു മടങ്ങുമ്പോൾ തന്ത്രിക്ക് മറവിയെ കൊടുത്തു, പാതിവഴിയിൽ വച്ച് കൈവട്ട വെച്ച് മറന്ന കാര്യം ഓർത്ത് തിരിച്ചു കാവിലേക്ക് വീണ്ടും വന്നു. കാവിൽ പ്രവേശിച്ചപ്പോൾ തന്ത്രി ശൃംഗാര നടനമാടിക്കൊണ്ടിരിക്കുന്ന അതിമനോഹരിയായ ദേവിയെ ആണ് ദർശിച്ചത്. തന്നെ ദർശിച്ച കാര്യം ആരോടും പറയരുത് എന്നു പറഞ്ഞു തന്ത്രിയെ യാത്രയാക്കി.

ഭവനത്തിലെത്തിയ തന്ത്രി ശയന മുറിയിൽ വിശ്രമിക്കവേ സ്വന്തം പത്നിയോട് ദേവിയെ കണ്ട കാര്യം പറയുകയുണ്ടായി. ഉടനേ കോപാകുലയായ ദേവി ഉഗ്രരൂപം പൂണ്ട് തന്ത്രിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഭയാനക രൂപം കണ്ട തന്ത്രി പേടിച്ചുവിറച്ചു പ്രാണ രക്ഷാർത്ഥം അടൂർദേവന്റെ സന്നിധിയിലേക്ക് ഓടി. പിന്നാലെ ദേവിയും.

എന്തിനാലേ പോന്നുവന്നു ഇരുവരും എന്ന് അന്വേഷിച്ചു അടൂർദേവൻ. വാക്ക് ലംഘിച്ച തന്ത്രിയെ വെറുതെ വിടില്ല എന്ന മറുമൊഴി ദേവിയും നൽകി. അത്രയും ശക്തി ഉണ്ടെങ്കിൽ ഒത്തു നിക്കുന്ന അടയാളത്തെ കാട്ടിക്കൊടുക്കണമെന്നു അടൂർ ദേവൻ. നിമിഷമാത്രയിൽ അടൂർദേവന്റെ ഇടവും വലവും മുത്തും പവിഴവും വിളയിച്ചു കൊടുത്തു ദേവി.

എന്തിനും പോരുന്ന മാതാവ് തന്നെയാണ് കയ്യെടുത്തിരിക്കുന്ന പെണ്ണുമ്പിള്ള എന്ന് കണ്ടുകരുതി അടൂർ ദേവൻ രക്തേശ്വരിക്ക് വസിപ്പാനിടവും ഇരിപ്പാൻ പീഠവും കൊടുത്തു. അടൂർ ദേവന്റെ പെട്ടിയും പ്രമാണവും നാഴിയും താക്കോലും രക്തേശ്വരിക്ക് സമ്മതിച്ചു കൊടുത്തു. തൃത്തടിപുഴ പിടിച്ചു കുതിരക്കല്ലു വരേയും, നെച്ചിപ്പടപ്പു പിടിച് ഓടക്കടവ് വരെയും നാല്പത്തീരടി സ്ഥലം അടക്കി വാഴാനുള്ള അവകാശത്തെയും കൊടുത്തു.

അങ്ങനെ അടൂർ ദേവന്റെ മാതാവ് എന്ന അധികാരത്തെ പൊഴിയിച്ചെടുത്തു അടൂർ ദേവന്റെ ഉച്ചശീവേലിക്കും അന്തിപൂജക്കും ആധാരമായി നിലനിന്നു പരിപാലിച്ചു എന്ന് ഐതിഹ്യം.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

To watch out:

https://youtu.be/Y8e4MBl2Ndg?si=DLTm_KBrZWtWIyy_

 

Kavu where this Theyyam is performed