Uchakkutti Sasthappan Theyyam

Uchakkutti Sasthappan Theyyam

Description

Uchakkutti Sasthappan Theyyam

ഉച്ചക്കുട്ടി ശാസ്തപ്പൻ 

കളിയാട്ടത്തിൽ കുട്ടിച്ചാത്തന്മാരുടെ കൂട്ടത്തിൽ ആദ്യം അരങ്ങിൽ എത്തുന്നത് ഉച്ചക്കുട്ടി ശാസ്തപ്പൻ ആണ്. ചാത്തന്മാരുടെ  കൂട്ടത്തിൽ പ്രധാനിയായ ഈ തെയ്യം കെട്ടുന്നത് മലയ സമുദായത്തിൽ പെട്ടവരാണ്. 

കുട്ടിച്ചാത്തൻ അഥവാ കുട്ടിശാസ്തന്‍ 

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ കുടുംബമാണ് കാളകാട്ടു ഇല്ലം. കാളകാട്ടു തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ വൈഷ്ണവംശമുള്ള കുട്ടിച്ചാത്തന്‍. അതിനാല്‍ തന്നെ കാളകാട്ടു കുട്ടിച്ചാത്തന്‍ എന്നും ഈ തെയ്യത്തെ വിളിക്കാറുണ്ട്. ബ്രാഹ്മണര്‍ (നമ്പൂതിരിമാര്‍) കെട്ടിയാടുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര  കുടുംബങ്ങളും ആരാധിച്ചു വരുന്നു.

മന്ഥര പർവതത്തിന്റെ ഉയർച്ച തുലനപ്പെടുത്തതിന് മഹാവിഷ്ണു ഗൃദ്ധ്രരാജനായി അവതരിച്ചുവെന്നും അതാണ്‌ കുട്ടിച്ചാത്തനെന്നുമാണ്‌ തെയ്യക്കോലങ്ങള്‍ കെട്ടുന്ന മലയരുടെ വിശ്വാസം.  അത് കൊണ്ടാണ് തെയ്യത്തിനു  വൈഷ്ണവംശം ഉണ്ടെന്നു  നേരത്തെ പറഞ്ഞത്.പതിനെട്ട് ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന  മന്ത്രമൂര്‍ത്തിയാണ്  കുട്ടിച്ചാത്തന്‍. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ഈ തെയ്യം. 108 ലധികം ശാസ്തന്‍മാരുള്ളതില്‍ മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്.

കേരളത്തിലെങ്ങും വിശ്വാസമുള്ള  ബ്രാഹ്മണരുടെ തെയ്യമായാണ് കുട്ടിശാസ്തനെ പലരും കാണുന്നത്. ശിവന് വിഷ്ണുമായയില്‍ ഉണ്ടായ പുത്രനാണ് കുട്ടിച്ചാത്തന്‍ എന്നും വിശ്വസിക്കുന്നു.  കുട്ടിശാസ്തന്റെ മൂന്നു രൂപങ്ങള്‍ ആണ് പ്രശസ്തമായവ. കരിങ്കുട്ടി ചാത്തന്‍, പൂക്കുട്ടി ചാത്തന്‍, തീക്കുട്ടി ചാത്തന്‍ എന്നിവയാണവ. കുട്ടിച്ചാത്തനെ വര്ഷം മുഴുവന്‍ നീണ്ട  തുടര്‍ച്ചയായ പ്രാര്‍ത്ഥനയിലൂടെ  സംതൃപ്തനാക്കിയാല്‍ തങ്ങളുടെ ഏത് ആഗ്രഹങ്ങളും സാധിക്കും  എന്നാണു പൊതുവേയുള്ള  വിശ്വാസം. ഇതിനായി ചാത്തന്‍ സേവ ചെയ്യുന്നവരുമുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് വിത്യസ്തമായി മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും വള്ളുവനും വള്ളുവത്തിയുമായി  വേഷം മാറിയപ്പോള്‍ അവര്‍ക്ക് രണ്ടു മക്കളുണ്ടായി കരുവാള്‍ എന്ന പേരിലും കുട്ടിച്ചാത്തന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടു. ഇതില്‍ കുട്ടിച്ചാത്തന്‍ കറുത്ത ശരീരവുമായി നെറ്റിയില്‍ പൂവ്, തൃക്കണ്ണ്‍ എന്നിവയുമായാണ് ജനിച്ചത്.   ഇതില്‍ നിന്ന് ശിവ  പാര്‍വതി ദമ്പതിമാര്‍ മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് തങ്ങളുടെ കുട്ടിച്ചാത്തനെ നല്‍കിയെന്നും  അതോടെ  കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തുവത്രേ.

അസാമാന്യ ബുദ്ധിയുള്ള കുട്ടിച്ചാത്തന്‍ പഠിപ്പില്‍ ഒന്നാമനായിരുന്നുവെങ്കിലും ഗുരുവിനെ (ശങ്കര പൂ വാര്യരെ) അനുസരിക്കാന്‍ തീരെ തയ്യാറായില്ല. അത് കൊണ്ട് തന്നെ ഗുരുനാഥന്റെ പക്കല്‍ നിന്ന് ശാസനയും പലപ്പോഴും അടിയും കുട്ടിച്ചാത്തന് ലഭിച്ചു. പലപ്പോഴും ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ചു തുടങ്ങി. കുട്ടിയുടെ നിരവധി ചോദ്യങ്ങള്‍ക്ക്  ഗുരുവിനു ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കല്‍ കുളിച്ചു വരികയായിരുന്ന  ഗുരു കുട്ടി തന്റെ  പുസ്തകം എടുത്ത് വായിക്കുന്നത് കണ്ടു തന്റെ പുസ്തകം എടുത്ത് വായിച്ചിട്ടാണ്  തന്നെ ഉത്തരം  മുട്ടിക്കുന്ന ചോദ്യങ്ങള്‍  കുട്ടി ചോദിക്കുന്നതെന്ന്  കരുതി കോപാകുലനായി കുട്ടിയെ ചൂരല്‍ കൊണ്ട് പ്രഹരിക്കാന്‍ ആരംഭിച്ചു. ആദ്യം ഒന്നും  പ്രതികരിക്കാതിരുന്ന കുട്ടി പെട്ടെന്ന് ഭാവം  മാറ്റുകയും ഗുരുവിന്റെ തല അറുക്കുകയും  പഠിപ്പ് മതിയാക്കി സ്ഥലം വിടുകയും  ചെയ്തുവത്രേ.

ഇതറിഞ്ഞ കാളകാടര്‍ കോപാകുലനാകുകയും വിശന്നു വലഞ്ഞു വരുന്ന  കുട്ടിച്ചാത്തന് ഭക്ഷണം കൊടുക്കരുത്  എന്ന്  ആത്തോലമ്മയോട്  പറയുകയും ചെയ്തു. ദ്വേഷ്യം പൂണ്ട ചാത്തന്‍ ആത്തോലമ്മയുടെ ഇടത് മാറില്‍ കല്ലെറിയുകയും ഇതില്‍ കുപിതനായ കാളകാടര്‍ കുട്ടിയെ കന്നുകാലികളെ മേയ്ക്കാന്‍ വിടുകയും ചെയ്തു.  കാലി മേയ്ച് തളര്‍ന്നു വന്ന ചാത്തന്‍ ആത്തോലമ്മയോട് പാല് ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല. ഇതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി  കാണുന്ന കാള കൂട്ടത്തെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു.

വിവരമറിഞ്ഞ കാള കാടര്‍ കുട്ടിച്ചാത്തനെ വെട്ടിക്കൊന്നു. എന്നാല്‍ വീണ്ടും ജനിച്ച് പ്രതികാര ദാഹിയായി ചാത്തന്‍ കാളകാട്ടില്ലം ചുട്ടു ചാമ്പലാക്കി. കുപിതനായ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത് വീണ്ടും ചാത്തനെ  390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാര്‍ ഉണ്ടായി. അവര്‍ സമീപ പ്രദേശത്തെ ബ്രഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. അങ്ങിനെ ഉപദ്രവകാരിയായി നാട്ടില്‍ നടന്ന ചാത്തനെ അടക്കാന്‍ കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു.  പ്രതികാര ദാഹിയായി നടക്കുന്ന ചാത്തന്‍ ചാലയില്‍ പെരുമലയന്റെ ഭക്തിയില്‍ സംപ്രീതനാവുകയും പൂജയും നേര്‍ച്ചയും നല്‍കി അങ്ങിനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി. ആദ്യമായി കുട്ടിച്ചാത്തന്റെ കോലസ്വരൂപം കെട്ടിയാടിയതും ചാലയില്‍ പെരുമലയന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർതഥിച്ചു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി. ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ  ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല  ഗണേശനെ ശ്രീപാർവ്വതി  അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത  ജന്മത്തിൽ ചണ്ഡാളകുലത്തിൽ  ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട്  ശ്രീപാർവ്വതിയെ കാൽ പിടിച്ച്  ക്ഷമ ചോദിക്കുകയുണ്ടായി.  കോപം മാറിയ ശ്രീപാർവ്വതി  കൂളിവാകയോട് പറഞ്ഞു  അടുത്ത ജന്മത്തിൽ  നിനക്ക് ശ്രീ പരമേശ്വരന്റെ  പുത്രനെ മുലയൂട്ടി  വളർത്താൻ  ഭാഗ്യമുണ്ടാകും എന്ന് വരം നൽകി. മുജ്ജ്നമ കഥ പറഞ്ഞ്  ശേഷം കൂളിവാകയോട്  വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ  അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 316 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരികുട്ടി ഈ കുട്ടിയെ  കരികുട്ടി ചാത്തൻ എന്നു വിളിക്കുകയും  ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവുംഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ  ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെ നൽക്കുകയും ചെയ്തു.കരികുട്ടി ചാത്തന് ഒരു കാളയും കൊടുത്തു ശ്രീ  പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.

ഇവർക് പല അദ്ഭുത ശക്തി ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള  സഹായങ്ങളും അത്ഭുതങ്ങളൂം കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തന്റെ വാഹനമായ  പോത്ത്, കാള എന്നിവയുടെ പുറത്ത് ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ  വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ  ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു. 

വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ  ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തെക്ക് പോകുവാനായി  മഹാവിഷ്ണുവിന്റെ വേഷം മായയാൽ  ധരിക്കുകയുണ്ടായി. എന്നിട്ട് ശിവ പാർവ്വതിമാരെ  കാണൂകയും ആശിർവാദം  വാങ്ങുകയും ചെയ്തു. പരമശിവൻ ഏറെ  സന്തോഷം തോന്നുകയും  വിഷ്ണൂവിന്റെ രൂപം മായയാൽ  സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ  എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല  ചാത്തന്മാര്കു എല്ലാതരത്തിലുള്ള  അയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ  കൊല്ലുവാനുള്ള സൂത്രവും ഉപദേശിച്ചു.

പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ  യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണൂവിന്റെ ആയുധമായ സുദർശന ചക്രത്തിനെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി  പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ  വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ  ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ ചാത്തന്  താമസിക്കൻ താല്പര്യം പഴയ ഗോത്രവർഗ്ഗക്കാരാണ് എന്നു പറഞ്ഞ് കൊണ്ട് തിരിച്ച് പോവുകയും ചെയ്തു.

കുട്ടിച്ചാത്തന്മാർ

ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും ചാത്തൻ തന്റെ സഹായിയായ കരിംകുട്ടിയേയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും ഭഗവൻചാത്തൻസ്വാമി കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ  വധിക്കുകയും ചെയ്തു.

കേരളത്തിൽ മന്ത്രവാദികൾ കുട്ടിച്ചാത്തൻ എന്ന ദ്രാവിഡ ദേവതയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ ശിവന്റെ  മകൻ ആണെന്നും ചില കഥകളിൽ കാണുന്നുണ്ട്. ശിവന്റെയും വിഷ്ണുമായയുടെയും  മകനാണ്  കുട്ടിച്ചാത്തൻ എന്ന്  ചില ഐതിഹ്യങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ  മകനായ കുട്ടിച്ചാത്തനെ  ആരാധിച്ച് കുട്ടിച്ചാത്തൻ  തെയ്യം കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ധനായ  ഒരു മൂർത്തി ആയിട്ടാണ്  കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.

അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ  വിഷ്ണുമായയിൽ മോഹിതനായ  ശിവനിൽ ജനിച്ച  പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.

Kavu where this Theyyam is performed

Theyyam on Meenam 08-10 (March 22-24, 2024)

Theyyam on Makaram 10-11 (January 24-25, 2024)

Theyyam on Vrischikam 15-16 (December 01-02, 2022)

Theyyam on (February 15-16, 2025)

Scroll to Top