വീരചാമുണ്ടി
പ്രധാന ആരൂഢം കുഞ്ഞിമംഗലം വീരചാമുണ്ഡി കാവ്.
ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗാഭഗവതിയുടെ കണ്ണിൽ നിന്നും അവതരിച്ച കാളികയാണ് ചാമുണ്ഡി. ഇതേ ദേവി രക്തബീജനേയും നിഗ്രഹിക്കയാൽ രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. ഇതേ രൂപത്തിൽ മറ്റൊരു സാഹചര്യത്തിലും ശക്തിമാതാവ് ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. രുരുവിന്റെ ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി കാളിയായ ദേവി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത കാളി ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഈ ഭാവത്തിലുള്ളതാണ്.
പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്തചാമുണ്ടി. മൂവാരിമാരുടെ പ്രധാന കുലദേവതയാണ് ഈ ദേവി. ഈ ദേവി ആയിരം തെങ്ങില്‍ ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. മലവെള്ളം പ്രളയം വിതച്ച നാട്ടില്‍ പട്ടിണി നടമാടിയപ്പോള്‍ നാടും നാട്ടു കൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാന്‍ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോള്‍ അമ്മ ദേവിയും ആറില്ലത്തമ്മമാരും കപ്പലില്‍ ആണ്ടാര്‍ വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലെക്ക് വരികയും ആയിരം തെങ്ങില്‍ കടവടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ കരയില്‍ പൂജിചിരുത്തി. ദാഹം തീര്‍ക്കാന്‍ കൊടുത്ത ഇളനീര്‍ പാനം ചെയ്ത ശേഷം തൊണ്ട് വലിച്ചെറിഞ്ഞു പിന്നെ ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാല്‍ വട്ടം തനിക്കു കുടി കൊള്ളാന്‍ വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരിക്ക് അങ്ങിനെ ചെറുകുന്നില്‍ ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരില്‍ രക്തചാമുണ്ടി പൂജാപൂക്കള്‍ വാരുന്ന മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അവരുടെ കുലദേവതയായി മാറി എന്നാണു വിശ്വാസം.
ത്രിലോക വിക്രമനായ ശംഭാസുരന്റെ ചിതയില്‍ നിന്ന് ഉത്ഭവിച്ച രണ്ടു മഹാ പരാക്രമികളായിരുന്നു മഹിശാസുരനും രക്തബീജാസുരനും. പടക്കളത്തില്‍ ശത്രുവിന്റെ ശരങ്ങള്‍ ഏറ്റ് ഉണ്ടാകുന്ന മുറിവില്‍ നിന്നും വീഴുന്ന ഓരോ രക്ത തുള്ളിയില്‍ നിന്നും അനേകം രണശൂരന്മാര്‍ ജനിച്ചു അവനു വേണ്ടി പോരാടുമെന്ന ഒരു വരം തപസ്സു ചെയ്തു പരമശിവനില്‍ നിന്നും രക്തബീജാസുരന്‍ നേടിയിരുന്നു. ദേവാസുര യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പാര്‍വതി സംഭവയായ മഹാകാളി രക്തബീജാസുരന്റെ തലവെട്ടി വേതാളത്തിന്റെ മുന്നിലിട്ടു. ഒരു തുള്ളി രക്തം പോലും താഴെ വീഴാതെ കോരിക്കുടിച്ചു. നീണ്ട നാവിലും മേലാസകലവും രക്തമണിഞ്ഞ ചാമുണ്ഡി രക്തചാമുണ്ടിയായി അറിയപ്പെട്ടു.
ഉതിരത്തിനു (രക്തത്തിനു) മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവി യായതിനാല്‍ ഉതിരചാമുണ്ടി എന്നും ദേവത അറിയപ്പെടുന്നു.
നീലംകൈചാമുണ്ഡി, രക്ത്വേശരി, കുപ്പോള്‍ ചാമുണ്ഡി, ആയിരം തെങ്ങില്‍ ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കുതിരകാളി, പെരിയാട്ട് ചാമുണ്ഡി, കാരേല്‍ ചാമുണ്ടി, ചാലയില്‍ ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, എടപ്പാറ ചാമുണ്ഡി, വീരചാമുണ്ടി എന്നിങ്ങനെ ഈ ദേവതക്ക് നാമ ഭേദങ്ങള്‍ ഉണ്ട്.