
Theyyapperuma-02
തെയ്യപ്പെരുമ – 2
ബന്ത്രക്കോലപ്പന്‍ (പെരും തൃക്കോവിലപ്പന്): തളിപ്പറമ്പത്തപ്പനായ രാജ രാജേശ്വരനെ തെയ്യങ്ങളെല്ലാം ‘എന്റെ ബന്ത്രുക്കോലപ്പാ’ എന്ന് സംബോധന ചെയ്ത് വന്ദിക്കുന്ന പതിവ് നിലവിലുണ്ട്. ഈ തെയ്യത്തിനു കെട്ടിക്കോലം നിലവിലില്ല.
തായിപ്പരദേവത: കോല സ്വരൂപത്തിന്റെ കുല ദേവത. മാടായി തിരുവര്‍ക്കാട്ട് ഭഗവതി. ദാരികാന്തകിയായ മഹാകാളിയാണ്.
കളരിയാല്‍ ഭഗവതി: വളപട്ടണത്തെ കളരി വാതില്ക്കല് കാവില്‍ കെട്ടിയാടുന്ന കാളീ സങ്കല്‍പ്പത്തിലുള്ള ദേവത. ഇവരെ കളരിവാതില്‍ക്കലമ്മ എന്നും വിളിക്കുന്നു.
സോമേശ്വരി ദേവി: പാര്‍വതീ ദേവി സങ്കല്‍പ്പത്തിലുള്ള മാതൃദേവത. നേരിയോട്ടു സ്വരൂപത്തിന്റെ കുലദേവത. സോമേശ്വരിക്ക് പടികാവല്‍ക്കാരായി കരിഞ്ചാമുണ്ടിയും കൂടെയുണ്ടാകും.
ചുഴലി ഭഗവതി: ചെറുകുന്ന് അന്നപൂര്‍ണ്ണശ്വരി ദേവിയുടെ സഹോദരി സങ്കല്‍പ്പത്തിലുള്ള ദേവത, ചുഴലി ക്ഷേത്രത്തില്‍ കെട്ടിക്കോലമുണ്ട്. ചുഴലി സ്വരൂപത്തിന്റെ കുലദേവത.
പാടിക്കുറ്റിയമ്മ: മുത്തപ്പന്റെ മാതാവ് എന്ന സങ്കല്‍പ്പം. മൂലംപെറ്റ ഭാഗവതിയായും കൊട്ടിയൂരമ്മയായും ഈ ദേവത ആരാധിക്കപ്പെടുന്നു.
വയത്തൂര് കാല്യാരീശ്വരന്‍: കിരാതമൂര്‍ത്തിയായ പരമേശ്വര സങ്കല്‍പ്പം. വയത്തൂര് ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഈ മഹാദേവന് കെട്ടിക്കോലമില്ല.
കീഴൂര്‍ ശാസ്താവ്: ശൌര്യ വീര്യ പരാക്രമമുള്ള ദേവന്. തുളുനാട്ടിലെ കീഴൂരില്‍ കുടികൊള്ളുന്ന ദേവന് മറ്റ് ദേവതമാര്‍ക്കൊക്കെ ആരാധ്യ ദേവനെന്നു കരുതപ്പെടുന്നു. കുണ്ടോറ ചാമുണ്ഡി മലനാട്ടിലേക്കിറങ്ങാന്‍ ശാസ്താവിനു മുന്നില്‍ മണല്‍ വിരിച്ചു കമ്പക്കയര്‍ തീരത്ത് കാണിച്ച കഥയുണ്ട്. ഈ ദേവതക്കു കോലമില്ല.
പുതിയ ഭഗവതി: തീയരുടെയും നായന്മാരുടെയും ആരാധ്യദേവത. ശ്രീ കുറുമ്പ ഭഗവതി കടലരികെ കൂടി വന്നു വസൂരി വിതച്ചപ്പോള്‍ അത് ശമിപ്പിക്കാന്‍ വേണ്ടി ഹോമകുണ്ടത്തിലൂടെ പൊടിച്ചു വന്ന് മലയരികിലൂടെ വന്ന ദേവത.
ക്ഷേത്രപാലന്: ശിവസംഭവനായ ഒരു വീരനാണ് ദേവന്, കേരള വര്‍മ്മക്കും ഭാഗീരഥി തമ്പുരാട്ടിക്കും വേണ്ടി അള്ളോന്‍, മന്നോന്‍ തുടങ്ങിയ നാട്ടു പ്രഭുക്കന്മാരെ പരാജയപ്പെടുത്തി അള്ളട സ്വരൂപം പിടിച്ചടക്കികൊടുക്കാന്‍ കോഴിക്കോട്ടു നിന്നും വന്ന ദേവന്. ക്ഷേത്രപരിപാലകന്‍.
വൈരജാതന്: വീരഭദ്രന് എന്ന് കൂടി വിളിക്കപ്പെടുന്ന ക്ഷേത്രപാലകന്റെ ചങ്ങാതി. ചെറുവത്തൂര്‍ കമ്പിക്കാനം, മാടത്തിന് കീഴ്, പറമ്പത്തറ എന്നീ ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്നു.
വേട്ടയ്ക്കൊരു മകന്: ക്ഷേത്രപാലന്റെ മറ്റൊരു ചങ്ങാതിയാണ് ബാലുശ്ശേരി വേട്ടയ്ക്കൊരു മകന്. കുറുമ്പ്രാന്തിരി മന്നനെ കൊമ്പ് കുത്തിച്ച വീരന്.
ഊര്പ്പഴച്ചി: വേട്ടയ്ക്കൊരു മകന്റെ ഉറ്റചങ്ങാതി. മറ്റ് തെയ്യങ്ങള്‍ ആദരസൂചകമായി ഐശ്വര്യപ്രഭു എന്ന് സംബോധന ചെയ്യാറുണ്ട്. വേട്ടയ്ക്കൊരു മകനെ ‘നടന്നു വാഴ്ച’ എന്നും ഊര്പ്പഴച്ചിയെ ‘ഇരുന്നു വാഴ്ച’ എന്നും പറയാറുണ്ട്.
ഇളം കരുമകന്: വീര ശൌര്യങ്ങള്‍ കാട്ടി നാടിനും നഗരത്തിനും ആശ്രിതവത്സനായി മാറി ആരാധന നേടിയ വൈഷ്ണവാംശമായ ദേവത. കന്നിക്കൊരു മകന് എന്നും അറിയപ്പെടുന്നു. വണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്. കമ്മാള വിഭാഗക്കാര്‍ അവരുടെ പ്രധാനദേവതയായി ആരാധിച്ചു വരുന്നു.
ബമ്മുരിക്കനും കരിമുരിക്കനും: ബമ്മുരിക്കന്‍ ബലഭദ്ര സങ്കല്പ്പത്തിലും കരിമുരിക്കന്‍ കൃഷ്ണ സങ്കല്‍പ്പത്തിലുമാണ്. (ലവകുശ സങ്കല്‍പ്പം ഉണ്ടെന്നു പറയപ്പെടുന്നവരുണ്ട്). ഇളവില്ലി, കരിവില്ലി എന്നീ പേരുകളിലും കെട്ടിയാടുന്ന ഇവരെ നായാട്ടു മൂര്ത്തികളായും വനദേവതകളായും ആരാധിക്കാറുണ്ട്.
തെക്കന്‍ കരിയാത്തന്‍: മത്സ്യാവതാര സങ്കല്‍പ്പം. കരിഞ്ചിലാടന്‍ കല്ച്ചിറയിലും മേരൂര്‍കോട്ട കിണറ്റിലും ദര്‍ശനം കാട്ടിയ രണ്ടു മീനുകളാണ് തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും.
പൂതാടി: പുതൃവാടി എന്ന് കൂടി വിളിച്ചു വരുന്ന വേടരാജ സങ്കല്‍പ്പത്തിലുള്ള ദേവത. പുള്ളിക്കാളിയുടെ പൊന്മകനായി പിറന്നു പൂതാടി വനത്തില്‍ പ്രത്യക്ഷപ്പെട്ട ദേവതയാണ്.
തോട്ടുങ്കര ഭഗവതി: രാമായാണം ചൊല്ലിയ ഒരു തീയത്തി പെണ്ണ് നാടുവാഴിയുടെ കഠിന ശിക്ഷക്ക് പാത്രമാവുകയും മരണാനന്തരം കാളീസങ്കല്‍പ്പത്തിലുള്ള മൂര്‍ത്തിയാവുകയും ചെയ്ത ഭഗവതി.
കുട്ടിച്ചാത്തന്: വിഷ്ണു സങ്കല്‍പ്പം. മന്ത്രമൂര്ത്തികളില് പെടുന്ന ദേവത. കാലിയക്കിടാവായ ചാത്തന് ഇല്ലത്ത് അതിക്രമങ്ങള്‍ കാട്ടിയപ്പോള്‍ കാളകാട്ടു തന്ത്രിയാല് വധിക്കപ്പെടുകയും ഉഗ്രസ്വരൂപനായ ദൈവമായി മാറുകയും ചെയ്തു.
ഭൈരവന്: മന്ത്രമൂര്‍ത്തികളായ പഞ്ചമൂര്ത്തികളില് പെട്ട ദേവന്. ബ്രഹ്മഹത്യാ പാപമകറ്റാന്‍ ശിവന് ഭിക്ഷ തെണ്ടിയ രൂപമാണ് ഭൈരവന് തെയ്യം. തെയ്യക്കോലം കയ്യില്‍ ഭിക്ഷാപാത്രവും മണിയും പൊയ്ക്കണ്ണ് അണിയുന്നു.
രക്തചാമുണ്ടി : രക്തബീജാസുരനെ വധിച്ച മഹാകാളി, രക്തചാമുണ്ടിക്ക് നീലങ്കൈചാമുണ്ഡിഎന്നും വീരചാമുണ്ടിയെന്നും അഞ്ചുതെങ്ങിലമ്മഎന്നും പേരുകളുണ്ട്.
പഞ്ചുരുളി: പന്നിയായവതരിച്ചു അസുരനിഗ്രഹം ചെയ്തതിനാല്‍ പഞ്ചുരുകാളി-പഞ്ചുരുളി എന്ന് വിളിക്കുന്നു.
വിഷ്ണുമൂര്‍ത്തി: നീലേശ്വരം കോട്ടപ്പുറത്ത് കുടികൊള്ളുന്ന നരസിംഹമൂര്‍ത്തി സങ്കല്പം. കുറവാട്ട് കുറുപ്പ് വധിച്ചു കളഞ്ഞ പാലന്തായി കണ്ണനില്‍ ഉത്ഭവിച്ച മൂര്‍ത്തി. വിഷ്ണുമൂര്ത്തിക്ക് ഒറ്റക്കോലമെന്ന തീച്ചാമുണ്ഡി രൂപമുണ്ട്.
വീരന്: പാടാര്‍ കുളങ്ങരയില്‍ കണ്ടുമുട്ടിയ ബ്രാഹ്മണനെ പുതിയ ഭഗവതി കൊന്നു രക്തം കുടിച്ചപ്പോള്‍ ബ്രാഹ്മണന് ബ്രഹ്മരക്ഷസായി മാറി. ആ സങ്കല്‍പ്പത്തിലുള്ള തെയ്യമാണ് വീരന് തെയ്യം.
മുച്ചിലോട്ട് ഭഗവതി: വാണിയ സമുദായത്തിന്റെ തമ്പുരാട്ടി. കുലടയെന്നു അപരാധം ചൊല്ലി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ബ്രാഹ്മണ കന്യക ആത്മാഹുതിക്ക് ശേഷം ശിവപുത്രിയായി അവതരിച്ചു. അന്നപൂര്‍ണ്ണശ്വരിയായി ദേവി ആരാധിക്കപ്പെടുന്നു. ദേവിയുടെ കാവുകള്‍ മുച്ചിലോടുകളെന്നു അറിയപ്പെടുന്നു.
കരുവാള്: വനമൂര്ത്തിയായും മന്ത്രമൂര്‍ത്തിയായും ആരാധിക്കപ്പെടുന്ന ദേവത. പാര്‍വതി പരമേശ്വരന്മാര് പുള്ളുവ വേഷം പൂണ്ടപ്പോള്‍ പിറന്ന ദേവതയാണ് കരുവാള്. അടിയേരി, പുല്ലഞ്ചേരി, കാളകാട് എന്നീ മന്ത്ര ഗൃഹങ്ങളില്‍ കരുവാള് ചെന്നു കേറി ആരാധന നേടി.
ഉച്ചിട്ട: മന്ത്രമൂര്‍ത്തിയാണ് ഉച്ചിട്ട. വടക്കിനിഭഗവതി എന്ന് കൂടി പേരുള്ള ഈ ദേവത മാന്ത്രികഭവനങ്ങളിളെല്ലാം പരിലസിക്കുന്നു. സുഖപ്രസവം ആശീര്‍വദിക്കുന്ന ഈ തെയ്യം സ്ത്രീ ശബ്ദത്തിലാണ് മൊഴിയുക.
വീരകാളി: കാളീ ദേവത. വീര്‍പാല്‍കുളത്തില്‍ വീരകാളിയുടെ നിഴല്‍ കാണാന്‍ പള്ളിമഞ്ചല്‍ കേറി വന്ന പെരിങ്ങായി കൈമള്‍ക്ക് ആദ്യം ദര്‍ശനം കൊടുത്ത ദേവത.
മഹാഗണപതി: കെട്ടിക്കോലമില്ല. മഹാഗണപതിക്ക് ചിറക്കല്‍ കോവിലകത്ത് ‘കെട്ടിക്കോലം ഉണ്ടായിരുന്നു’ എന്ന് ശ്രീ വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെടുന്നു.
യക്ഷി: കെട്ടിക്കോലമില്ല. ആരാധനയില്‍ പിന്തുടരുന്ന ശൈവ വൈഷ്ണവ ഭേദങ്ങളാണ് ഈ കോലങ്ങള്‍ക്ക് കെട്ടിക്കോലമില്ലാത്തതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
കുറത്തി: മന്ത്രമൂര്ത്തികളില് പെടുന്ന ദേവത. ഉര്‍വരദേവത എന്ന നിലയില്‍ പ്രാചീന കാലം മുതല്‍ വിശ്വാസ പ്രബലത നേടിയ ദേവതയാണ് കുറത്തി. വേലന്മാര് ആണ് പാര്‍വതി ദേവി സങ്കല്‍പ്പത്തിലുള്ള ഈ കോലത്തെ കെട്ടുന്നത്.
വയനാട്ടുകുലവന്‍: തീയ്യരുടെ തൊണ്ടച്ചന് തെയ്യം, ശിവപുത്രനായി അവതരിച്ച ദിവ്യന്. നായാട്ടും സമൂഹ ഭോജനവും തെയ്യാട്ടത്തോടൊപ്പം അരങ്ങേറുന്നു.
വീരചാമുണ്ടി: കോലത്തിരി രാജാക്കന്മാരുടെ വിളിപ്പുറത്തോടി വന്ന ദേവത. പ്രധാന ആരൂഡമാണ് കുഞ്ഞിമംഗലം വീരചാമുണ്ടികാവ്.
കണ്ടാകര്‍ണ്ണന്‍: പരമേശ്വരന്റെ കണ്ടത്തില്‍ പിറന്നു കര്‍ണ്ണത്തിലൂടെ അവതരിച്ച ഉഗ്രമൂര്‍ത്തി. പിതാവിന് ബാധിച്ച കുരുപ്പ് തടകി സുഖപ്പെടുത്താന്‍ പിറന്നു.
കോലസ്വരൂപമെന്ന കോലത്ത് നാട്ടിലെ കോലത്തിരിരാജാവിന്റെ കുല ദേവത തിരുവര്‍ക്കാട്ട് ഭഗവതിയാണ് (മാടായിക്കാവ്). (സ്വരൂപമെന്നാല്‍ രാജവംശമെന്നും നാട് എന്നും അര്‍ത്ഥമുണ്ട്).അള്ളട സ്വരൂപത്തെ പ്രധാന ദേവതമാര്‍ ക്ഷേത്രപാലകനും, കാളരാത്രിയുമാണ്. കുമ്പള സ്വരൂപത്തില്‍ കുറത്തിയും, കുണ്ടോറ ചാമുണ്ഡിയുമാണ് പ്രധാന തെയ്യങ്ങള്‍. നെടിയിരുപ്പ് സ്വരൂപമെന്ന സാമൂതിരി കോവിലകത്തെ പ്രധാന ഭര ദേവത വളയനാട്ടു കാവിലമ്മയാണ്. എന്നാല്‍ ക്ഷേത്രപാലകന്, വേട്ടയ്ക്കൊരു മകന്, കാളരാത്രിയമ്മ എന്നീ തെയ്യങ്ങള്‍ നെടിയിരിപ്പ് സ്വരൂപത്തില്‍ നിന്നാണ് വടക്ക് അള്ളട സ്വരൂപത്തിലെക്ക് എഴുന്നെള്ളിയത്.
നടുവനാട് കീഴൂരില്‍ ഉത്ഭവിച്ച വീരഭദ്രനുംതെക്ക് നിന്ന് വടക്കോട്ട് വന്ന തെയ്യമാണ്. കുറുമ്പ്രാന്തിരിയുമായി ബന്ധപ്പെട്ട കഥ പറയുന്ന ബാലുശ്ശേരി വേട്ടയ്ക്കൊരു മകന് തന്റെ സാന്നിധ്യമറിയച്ച സ്ഥലമാണ് കോഴിക്കോട്-കൊയിലാണ്ടി ഭാഗം ഉള്‍പ്പെടുന്ന കുറുമ്പ്രനാട് സ്വരൂപവും. തച്ചോളി ഒതേനന്, ചന്തു എന്നീ തിറകള്‍ (തെയ്യങ്ങള്‍) കടത്തനാട്ട് സ്വരൂപത്തിലാണ് ഉദയം ചെയ്തത്. പ്രയാട്ട് കര (പ്രാട്ടറ) സ്വരൂപമെന്നറിയപ്പെടുന്ന വടക്കന്‍ കോട്ടയം മുത്തപ്പന് തെയ്യത്തിന്റെ ഉദയ ഭൂമിയാണ്.
(തുടരും…)