
Theyyapperuma-08
കാവിലെ അധികാരികള്‍ :
കോയ്മമാര്‍: കാവിന്റെ രക്ഷാധികാരിയാണ് കോയ്മ. കാവിന്റെ നട തുറക്കുന്ന ദിവസങ്ങളിലൊക്കെ ഇയാള്‍ പടിപ്പുരയില്‍ ഉണ്ടാകണമെന്നാണ് ചിട്ട. തെയ്യം കെട്ടിപ്പുറപ്പെട്ടാലും പൂരക്കളിപ്പണിക്കര്‍ കാവിലെത്തിയാലും കോയ്മ ഇരിക്കുന്ന കോയ്മ പടിപ്പുരയുടെ മുന്നില്‍ വന്നു നിന്ന് അഭിവാദ്യം ചെയ്യണമെന്നാണ് വിധി. മുന്‍കാലങ്ങളില്‍ കാവ് സ്ഥാപിച്ചു കൊടുത്തവരോ കാവിനുള്ള സ്ഥലം നീക്കിക്കൊടുത്തവരോ ഭംഗിയായി കളിയാട്ടാദി കാര്യങ്ങള്‍ ആദ്യം നടത്തിക്കൊടുത്തവരും ഒക്കെയാണത്രെ പാരമ്പര്യമായി കോയ്മ സ്ഥാനം വഹിക്കുന്നത്. അത് കൊണ്ട് തന്നെ ഏതു അവര്‍ണ്ണന്റെ കാവായാലും അവിടെ ഒരു സവര്‍ണ്ണ സമുദായ മേല്കോയ്മയെ അവിടെ കാണാം. കാവിലെ സവര്‍ണ്ണ മേല്‍ കോയ്മമാര്‍ ഇവരാണ്: പെരിയാടന്‍, കുപ്പാടക്കന്‍, മനിയേരി, കല്ലത്ത്, കരിമ്പന്‍ വീട്, പോത്തേര തുടങ്ങിയ നമ്പ്യാര്‍–നായര്‍ തറവാട്ടുകാരും ചൂവാട്ട, കല്ലിടല്‍, കരിപ്പത്ത്, ഇടച്ചേരി, ഉത്തമാന്തില്‍ തുടങ്ങിയ പൊതുവാള് തറവാട്ടുകാരുമാണ് അവര്‍.
കോയ്മപ്പടിപ്പുരയില്‍ വെത്തില, അടക്ക, ഇളനീര് തുടങ്ങിയ ദ്രവ്യങ്ങള്‍ വെച്ച് കാവധികാരികള്‍ കൊയ്മക്കാരെ പ്രീതിപ്പെടുത്തും. ഓരോ തെയ്യവും കൊടിനാക്കിലയില്‍ നുള്ളിയിട്ട മണല പ്രസാദം കോയ്മക്ക് പ്രത്യേകമായി നല്കുന്ന പതുവുണ്ട്. ചില കാവുകളില്‍നിന്ന് കോയ്മ തറവാട്ടിലേക്ക് അവില്, മലര്, ഇളനീര്, വാഴപ്പഴക്കുല, കോഴി തുടങ്ങിയവ കാഴ്ചവെക്കുന്ന പതിവുമുണ്ടത്രേ. ഏളത്ത് കഴിഞ്ഞെത്തിയാല്‍ പണം എണ്ണിതിട്ടപ്പെടുത്തി കോയ്മയെ കണക്ക് ബോധ്യപ്പെടുത്തുന്നതും പതിവുണ്ട്. മുച്ചിലോട്ട് കാവുകളില്‍ ഭഗവതി കോമരം ഭണ്ടാരം ഏല്‍പ്പിക്കുന്ന ചടങ്ങും നടത്താറുണ്ട്.
അന്തിത്തിരിയന്: ഓരോ തെയ്യക്കാവിലും വ്രതശുദ്ധിയോടെ ഈശ്വാര്‍പ്പിത ജീവിതം നയിക്കുന്ന പ്രധാന കാവധികാരിയാണ് അന്തിത്തിരിയന്. അന്തിനേരത്ത് (സന്ധ്യാ സമയത്ത്) കാവില്‍ തിരിവെക്കുന്നതിനാലാണ് അന്തിത്തിരിയന് എന്ന പേര് വന്നത്. മുന്‍ഗാമിയില്‍ നിന്ന് കൈവട്ടകയും ചങ്ങലവട്ടയും പൂജാവിധികളും അനുഷ്ഠാന ക്രമങ്ങളും പഠിച്ചു കൊണ്ടാണ് ഇവര്‍ ആചാരമേല്‍ക്കുന്നത്.
കാരണവര്‍: മരുമക്കത്തായ സമ്പ്രദായത്തില്‍ കാരണവര്‍ക്ക് സമൂഹം കല്‍പ്പിച്ച ബഹുമാന്യ സ്ഥാനം ഇവര്‍ക്ക് കാവിലും ലഭിക്കുന്നു. തിരുവായുധം എഴുന്നെള്ളിക്കല്‍, പാട്ടയറിയിച്ചു പോകല്‍, പൂരക്കളി പണിക്കരെ കണ്ടു വെക്കല്‍, ഉത്സവത്തിനാവശ്യമായ ദീപവും തിരിയും കൊണ്ട് വരിക, പണിക്കരെ കൊണ്ട് വരികയും കൊണ്ട് പോകുകയും ചെയ്യുക അവര്‍ക്കുള്ള വീട്ട്യപ്പണം വെക്കുക, കലശമെഴുന്നെള്ളിപ്പ്, ഉത്സവ നാളില്‍ വെറ്റില കൊടുക്കല്‍, തേങ്ങയെറിനു തുടക്കം കുരിക്കള്‍ തുടങ്ങി അനേകം ചടങ്ങുകള്‍ നിര്‍വഹിക്കുന്നത് കാരണവരാണ്.
കൊടക്കാര്‍: ദേവീ ചൈതന്യമുള്ള വിഗ്രഹങ്ങള്‍ എഴുന്നെള്ളിക്കുമ്പോള്‍ കാവുകളില്‍ ആ ദേവിയെ ചൂടി നില്‍ക്കേണ്ട നീളന്‍ കുട പിടിക്കുന്ന ആചാരക്കാരെയാണ് കൊടക്കാര്‍ എന്ന് പറയുന്നത്. പാരമ്പര്യമായി ലഭിക്കുന്നതാണ് ഈ സ്ഥാനം.
വെളിച്ചപ്പാടനും ഏളത്തും: കാവുകളില്‍ കുടികൊള്ളുന്ന തെയ്യങ്ങളുടെ പ്രതി പുരുഷന്മാരാണ് യഥാര്‍ത്ഥത്തില്‍ ‘വെളിച്ചപ്പാടുകള്‍’. ജാതിഭേദമനുസരിച്ച് ഇവര്‍ ‘കോമരങ്ങള്‍, എമ്പ്രോന്മാര്, ആയത്താര്‍’ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. തീയ, മുകയ, തട്ടാന്‍, ആശാരി തുടങ്ങിയവരുടെ കാവുകളില്‍ ഇവര്‍ വെളിച്ചപ്പാടാണെങ്കില്‍ വാണിയ, യാദവ, ശാലിയ സമുദായങ്ങളില്‍ ഇവര്‍ കോമരങ്ങള്‍ എന്നാണു അറിയപ്പെടുന്നത്. സമൂഹത്തില്‍ ഇവര്‍ സര്‍വാദരണീയരാണ്. നരബലി നിര്‍ബന്ധമായതിനാല്‍ കെട്ടികോലമില്ലാത്ത കൂര്‍മ്പ ഭഗവതിയുടെ പ്രതിപുരുഷനെ ആയത്താര്‍ എന്നാണു വിളിക്കുന്നത്. വെളിച്ചപ്പാടന്‍ മരണപ്പെട്ടാല്‍ മറ്റുള്ളവരെ പോലെ പുല ആചാരമോ ശേഷക്രിയകളോ നടത്താറ് പതിവില്ല. അത് പോലെ തന്നെ ബന്ധുക്കളുടെ മരണത്തിലോ, ജനനത്തിലോ വെളിച്ചപ്പാടന്‍ പുലയോ വാലായ്മയോ പതിവില്ല.
കാവുകളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കാരണം ഇന്നത്തെ കാലത്ത് വെളിച്ചപ്പാടന്‍ ആകാന്‍ ആളെക്കിട്ടാത്ത അവസ്ഥ പലയിടത്തും ഉണ്ട്. ചിലയിടങ്ങളിലൊക്കെ വെളിച്ചപ്പാടന്‍ ആകാന്‍ പോകുന്ന ആളുകളുടെ പേരില്‍ ഭീമമായ തുക ഡിപ്പോസിറ്റ് ചെയ്യുന്ന പതിവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
ദൈവം ഉടല് പൂണ്ട കോമരങ്ങള്‍ ചുവപ്പും അര ചുറ്റു മണികളും കയ്യിലും കാലിലും അരയിലും ആടയാഭരണങ്ങള്‍ അണിഞ്ഞ് ദൈവികമായ പരിവേഷത്തോടെ ആളും ആരവങ്ങളും വാദ്യഘോഷങ്ങളുമായി ഗ്രാമീണ ഗൃഹങ്ങള്‍തോറും എഴുന്നെള്ളുന്ന ചടങ്ങാണ് ഏളത്ത്. ദൈവങ്ങളുടെ വരവ് തറവാട്ടിന്റെ ഭാഗ്യോദയമായി കരുതിയാണ് ഗ്രാമീണ ഗൃഹങ്ങള്‍ ഭക്തിപൂര്‍വ്വം ഏളത്തിനെ സ്വീകരിക്കുന്നത്. അത് കൊണ്ട് നിറ ദീപം വെച്ച് അരിയെറിഞ്ഞു ആണ് ഇവരെ എതിരേല്ക്കുന്നത്. ഗുണം വരണം ഗുണം വരണം എന്നശീര്‍വദിക്കുന്ന വേളയില്‍ വീട്ടുകാര്‍ ഇവര്‍ക്ക് ധന ധാന്യാദികള്‍ കാണിക്ക വെക്കുന്നു. ചിലര്‍ കോമരത്തെ തമ്പാച്ചി (തമ്പുരാട്ടി) എന്നും വിളിക്കുന്നു. ഭഗവതിക്കോമരം പോതി എന്ന പേരിലും അറിയപ്പെടുന്നു.
ഇന്നത്തെ കലവറ നിറക്കുന്ന ചടങ്ങ് ഇല്ലാതിരുന്ന കാലത്ത് കളിയാട്ടത്തിനും മറ്റും കാവിന് ചിലവിടാനുള്ള ഭീമമായ ചെലവുകള്‍ക്കുള്ള സാമ്പത്തിക സമാഹരണമായിരുന്നു ഏളത്തിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ ഗ്രാമത്തിലെ ഓരോ വീടിനെയും കളിയാട്ടവുമായി ബന്ധപ്പെടുത്താന്‍ ഈ ഗൃഹസന്ദര്‍ശനം ഉപകാരപ്പെടുന്നു. സവര്‍ണ്ണരുടെ കാവുകളില്‍ സ്വന്തമായി കോമരമോ, വെളിച്ചപ്പാടോ ഇല്ലത്തതിനാല്‍ സമ്പത്ത് സമാഹരണോദ്ധേശ്യമുള്ള ഏളത്തും നടത്താറില്ല. പുലയും വാലായ്മയും ഉള്ള ഗൃഹങ്ങളില്‍ ഏളത്ത് സന്ദര്‍ശനം നടത്താറില്ല.
സമുദായികള്‍: തീയ്യന്മാരുടെ കാവുകളില്‍ ഭരണ കാര്യ നിര്‍വഹണം നടത്തുന്ന ഉയര്‍ന്ന സ്ഥാനക്കാരാണ് സമുദായികള്‍. ഒരു വര്‍ഷമാണ് ഇവരുടെ കാലയളവ്. പഴയവര്‍ സ്ഥാനം കൈ ഒഴിയുമ്പോള്‍ പുതിയവരുടെ പേര് പ്രഖ്യാപിക്കുന്നതാണ് രീതി. കളിയാട്ട സമാപന ദിവസമാണ് പൊതുവെ ഇതുണ്ടാകുക.
കൂട്ടുവാഴിക്കാര്‍: കാവിലെ നിത്യ നിദാന കാര്യങ്ങള്‍ കണിശമായി നോക്കി നടത്തി കൊണ്ട് പോകാന്‍ ചുമതലട്ടവരാണിവര്‍. സ്ഥാനാരോഹണം നടന്ന നാള് മുതല്‍ മേല്‍കുപ്പായമോ ഷര്‍ട്ടോ ധരിക്കാന്‍ പാടില്ല.
അടിച്ചു തളി, പൂവിടല്‍: കാവാചാരം പാലിക്കാന്‍ നിയോഗിക്കപ്പെട്ട ഭക്തിയും അര്‍പ്പണ ബോധവുമുള്ള ആര്‍ത്തവ വിരാമം വന്ന സ്ത്രീകളായിരിക്കും മിക്ക കാവുകളിലെയും അടിച്ചു തളിക്കാര്‍. നിവേദ്യമൊരുക്കുന്നതില്‍ സഹകരിക്കുക, കാവു വട്ടങ്ങള്‍ക്കും ആരൂഡങ്ങള്‍ക്ക് പുറത്തും അടിച്ചു വൃത്തിയാക്കി പൂവിടുക ഇതൊക്കെയാണ് ഇവരുടെ ചുമതല.
ദേവിയുടെ എഴുന്നെള്ളത്ത് നേരത്ത് കൂടെ നിന്ന് തളിക പിടിക്കുന്ന ആചാരക്കാരനെ തളികക്കാരനെന്നും ഊരില്‍ തന്നെയുള്ള മറ്റു തെയ്യക്കാവുകളിലടക്കം കലശം വെക്കാന്‍ അര്‍ഹത നേടുന്ന ആചാരക്കാരന് കലയക്കാരന് എന്നും അറിയപ്പെടുന്നു. കാവിലെ കളിയാട്ട വേളകളിളും മറ്റ് നേരങ്ങളിലും വിറക് ഒരുക്കി വെക്കേണ്ട ചുമതലയുള്ള ആള് വിറകന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ചെറു ജന്മാവകാശികള്: ഓരോ കാവിലും തെയ്യം കെട്ടിയാടുവാന്‍ പണ്ടേ തന്നെ അവകാശം നേടിയ കുടുംബ തറവാടുകളുണ്ട്. വണ്ണാന്മാര് മരുമക്കത്തായവും, മലയര്‍, വേലര്‍, അഞ്ഞൂറ്റാന്‍ തുടങ്ങിയവര്‍ മക്കത്തായവും പിന്തുടരുന്നവരാണ്. ഓരോ തെയ്യതറവാടിനും തെയ്യാവകാശമുള്ള ഗ്രാമാതിര്‍ത്തിയുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് തെയ്യാട്ടാവകാശമില്ല. തിരുത്തപ്പെടാത്ത ഈ അവകാശത്തെ ചെറുജന്മാവകാശം എന്ന് പറയുന്നു. അവകാശി ജ്ന്മാരി എന്നും അറിയപ്പെടുന്നു. താഴെപ്പറയുന്ന കൂട്ടരെല്ലാം അവരവരുടെ ജോലിയില്‍ ജന്മാരിമാര്‍ തന്നെ. കാവില്‍ പ്ലാവിറക് ഏല്പ്പിക്കേണ്ടതും കാവിന്റെ കുറ്റിയിടലും അറ്റകുറ്റപ്പണിയും ചെയ്യേണ്ടത് ആശാരിയുടെ ചുമതല ക്കാരനാണെങ്കില്‍ വിതാന ചരട് കാണിക്ക വെക്കേണ്ടത് മുകയനാണ്.
കാവിന്റെ കിംപുരുഷ രൂപവും ചിത്ര തൂണും മറ്റും വര്‍ഷം തോറും ചായമിട്ട് കമനീയമാക്കുന്ന ജോലി ക്ടാരന്‍ സമുദായക്കാരനും, കാവിലേക്കാവശ്യമായ പുതിയ മണ്‍പാത്രങ്ങള്‍ നല്‍കേണ്ടത് കുശവനും തിരുവായുധങ്ങള്‍ തുടങ്ങിയവ മിനുക്കേണ്ടത് കൊല്ലനും തിരുവാഭരണങ്ങള്‍ ശുദ്ധി വരുത്തേണ്ടത് തട്ടാനുമാണ്. കണിശന്‍ പ്രധാന മുഹൂര്‍ത്തം കുറിക്കുകയും പാട്ടുത്സവം, കളത്തിലരി ചടങ്ങുകള്‍, കുട സമര്‍പ്പണം എന്നിവ നടത്തുകയും ചെയ്യേണ്ട ജ്ന്മാരിയാണ്. ആചാര്‍ക്കാര്‍ക്ക് ധരിക്കാനുള്ള അലക്കി ശുദ്ധമാക്കിയ മാറ്റ് (വസ്ത്രം) എത്തിക്കേണ്ടത് വണ്ണാത്തിയാണ്.
എന്നാല്‍ പുതിയ കൈതോലപ്പായകള്‍ എത്തിക്കേണ്ടത് പുലയരാണ്. കാവിലെ ഗണപതി പൂജാദികള്‍ ചെയ്യുന്നത് യോഗീ ഗുരുക്കന്മാരാണ്. ഇവര്‍ക്കെല്ലാം കാവില്‍ നിന്ന് നിശ്ചിത അളവില്‍ അരിയും മറ്റും നല്കണമെന്നുള്ള ചിട്ടയുമുണ്ട്. തീയ കാവുകളില്‍ പൌരോഹിത്യ കര്‍മ്മങ്ങളും ക്ഷൌരകര്‍മ്മങ്ങളും ഒക്കെ നിര്‍വഹിക്കാന്‍ പ്രത്യേക അവകാശിയായി കാവുതീയന്‍ ഉണ്ടാകും.
(തുടരും…)